സാമൂഹിക സമുദ്ധാരണവും ഗസ്സാലിയന്‍ രീതിശാസ്ത്രവും

3222

ശുഐബ് ഹുദവി പുത്തൂര്‍

വൈജ്ഞാനിക ചിന്താകര്‍മമണ്ഡലങ്ങളില്‍ അസാധാരണ പ്രതിഭാശേഷി പ്രദര്‍ശിപ്പിക്കുകയും ശാശ്വതമായ ജ്ഞാനമുദ്രകള്‍ അടയാളപ്പെടുത്തി കടന്നുപോകുകയും ചെയ്ത ജീനിയസ്സുകളില്‍ പ്രധാനിയാണ് ഇമാം ഗസ്സാലി(റ). താന്‍ ജീവിച്ച കാല,ദേശ,സമൂഹങ്ങള്‍ക്കതീതമായി തന്റെ ചിന്താബന്ധുരമായ കാഴ്ചപാടുകള്‍കൊണ്ടും സിദ്ധാന്തങ്ങള്‍ കൊണ്ടും ഉയര്‍ന്ന് നില്‍ക്കാന്‍ അദ്ധേഹത്തിന് സാധ്യമായി. തത്വചിന്ത, വിശ്വാസശാസ്ത്രം, കര്‍മശാസ്ത്രം, അര്‍ഥ ശാസ്ത്രം, മനശാസ്ത്രം, ധര്‍മശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അദ്ധേഹം ആവിഷ്‌കരിച്ച ചിന്താധാരയുടെ ചുവട്പിടിച്ച് പുതിയ ചര്‍ച്ചകളും സംവാദങ്ങളും ലോകത്ത് അരങ്ങേറി.
ആധുനികരും പൗരാണികരുമായ മുസ്ലിം, മുസ്ലിമേതര പണ്ഡിതരില്‍ വിവിധ രൂപത്തിലും ഭാവത്തിലുമാണ് ഇമാം ഗസ്സാലി (റ) സ്വധീനിച്ചത്. പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ച ഗണിതജ്ഞനും ദൈവശാസ്ത്രജ്ഞനുമായ ബ്ലൈസ് പാസ്‌കലിനെ പരലോക വീക്ഷണങ്ങളിലാണ് ഗസ്സാലിയന്‍ ചിന്തകള്‍ സ്വാധീനിച്ചത്. തത്വചിന്തയെ കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച അസിന്‍ പലാഷിയോസ് (Asin palacios) 1920ലാണ് ഇതു സംബന്ധമായ പഠനം പ്രസിദ്ധീകരിച്ചത്. ഗസ്സാലി(റ)യെ പോലെ തന്നെ ജീവിത ലക്ഷ്യം തേടി വിവിധ തത്വശാസ്ത്രങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ആത്മീയതയില്‍ അഭയം തേടുന്ന ചിത്രമാണ് പാസ്‌കലിലും നാം ദര്‍ശിക്കുന്നത്. ഗസ്സാലിയുടെ ‘ഹൃദയത്തിന്റെ കണ്ണും’ (ഐനുല്‍ ഖല്‍ബ്) പാസ്‌കലിന്റെ ‘ഹൃദയത്തിന്റെ ന്യായവും’ (Logique do cocur) തമ്മില്‍ വലിയ സമാനത ദൃശ്യമാക്കുന്നുണ്ട്.
അനുമാനങ്ങള്‍ക്ക് പകരം അതീന്ദ്രീയമായ അനുഭവത്തിലൂടെ ദൈവത്തെ കണ്ടെത്താനുള്ള ഗസ്സാലിയന്‍ ശ്രമങ്ങളാണ് റെനെ ദേകാര്‍ത്തിനെ (Rene Decartes) സ്വാധീനിച്ചത്. ‘സന്ദേഹാവസ്ഥയാണ് ഉറപ്പിലേക്കുള്ള ആദ്യ ചുവട്’ (അശ്ശക്കു അവ്വലു മറാത്തിബില്‍ യഖീന്‍) എന്ന ഇമാം ഗസ്സാലിയുടെ കാഴ്ചപ്പാട് ചെറിയ വ്യത്യാസങ്ങളോടെ ദേക്കാര്‍ത്തിലും നമുക്ക് ദര്‍ശിക്കാം. ഗസ്സാലിയുടെ ‘അല്‍മുന്‍ഖിദു മിനദ്ദലാലും’ ദേക്കാര്‍ത്തിന്റെ ഡിസ്‌കോഴ്‌സും(Discourse de methode) ഒരേ രീതിയിലുള്ള ആത്മകഥാ കൃതികളാണ്. അഗസ്റ്റ് കോംറ്റെ, ഇമ്മാനുവല്‍ ക്ലാന്റ്, തോമസ് അക്വിനാസ് ഉള്‍പ്പെടെ ഗസ്സാലിയന്‍ ചിന്തകളെ പുണര്‍ന്ന നിരവധി ആധുനിക അമുസ്ലിം പണ്ഡിതരെ നമുക്ക് കാണാനാകും.
ഇസ്ലാമിക ലോകത്ത് ഇമാം ഗസ്സാലി(റ)ക്കുളള ബൗദ്ധിക സ്വാധീനം ചെറുതല്ല. കര്‍മശാസ്ത്രം, വിശ്വാസശാസ്ത്രം, തര്‍ക്കശാസ്ത്രം, തത്വചിന്ത തുടങ്ങിയ ജ്ഞാന ശാഖകളില്‍ ഇമാം ഗസ്സാലി(റ) കാണിച്ച വഴികളിലൂടെയാണ് മുസ്ലിംലോകം സഞ്ചരിച്ചത്. യുക്തിവാദം, അജ്ഞേയവാദം, നാസ്തിക വാദം പോലോത്ത നവീന ദര്‍ശനങ്ങള്‍ക്ക് മൂമ്പേ മുസ്ലിം സമുദായം അന്തിച്ച് നിന്നപ്പോള്‍ യവന ജ്ഞാന പാരമ്പര്യത്തെ ചോദ്യം ചെയ്ത് തത്വചിന്ത, തര്‍ക്കശാസ്ത്രം, ദൈവശാസ്ത്രം എന്നീ മേഖലകളില്‍ ഇമാം ഗസ്സാലി രൂപപ്പെടുത്തിയ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് മുസ്ലിം ലോകത്തിന് കരുത്ത് നല്‍കിയത്. അഗ്രേസരായ തന്റെ ശിഷ്യഗണങ്ങളിലൂടെയും ഗഹനവും പഠനാര്‍ഹവുമായ ഗ്രന്ഥങ്ങളിലൂടെയും ഗസ്സാലിയന്‍ ചിന്താധാര കാലദേശ സമൂഹങ്ങള്‍ ഭേദിച്ചു മുന്നേറി.
ഇമാം ഗസ്സാലിയെ മുസ്ലിം സമുദായം സ്വാംശീകരിച്ചത് വിവിധ രൂപത്തിലും ഭാവത്തിലുമായിരുന്നു. ശിഷ്യരായ അബുല്‍ കരീം ബിന്‍ അലി ‘ഇഹ്‌യാ’യും മുഹമ്മദ് ബിന്‍ ഹൂസൈന്‍ ‘മുസ്തസ്വഫ’യും മന:പാഠമാക്കാറുണ്ടായിരുന്നുവെന്ന് ഇമാം സൂബ്ക്കി (റ) തന്റെ ത്വബഖാത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജ്ഞാന മേഖലകളില്‍ മികവ് പുലര്‍ത്തിയ മുഹമ്മദ് യഹ്‌യ എന്ന ശിഷ്യനെ ഇമാം ഗസ്സാലി അഭിസംബോധനം ചെയ്തത് ‘രണ്ടാം ശാഫിഈ’ എന്നായിരുന്നു.
സാമൂഹിക സമുദ്ധാരണ പ്രക്രിയയില്‍ ഇമാം പിന്തുടര്‍ന്ന ‘മന്‍ഹജുല്‍ ഇന്‍സിഹാബീ വല്‍ ഔദ’ (വിപ്രവാസത്തിലൂടെ വിപ്ലവത്തിന് ആവശ്യമായ ഊര്‍ജ്ജം സംഭരിച്ച് സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്) രീതിശാസ്ത്രം മുസ്ലിം സമൂഹത്തില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തിയതായി കാണാം. ആത്മശുദ്ധീകരണത്തിന് പ്രാമുഖ്യം നല്‍കുന്ന ഈ രീതിശാസ്ത്രമാണ് സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ മുസ്ലിംകള്‍ക്ക് വിജയം നല്‍കിയത്. ഇമാം ഗസ്സാലിയില്‍ നിന്നും രൂപപ്പെട്ട് ശൈഖ് ജീലാനിയിലൂടെ വികസിച്ച ഈ രീതിശാസ്ത്രം പ്രായോഗ വല്‍ക്കരിച്ചപ്പോഴാണ് വിശ്വാസ ദൈര്‍ഢ്യമുള്ള പോരാളികളും ചിന്തകരും രാഷ്ട്രീയക്കാരും രൂപപ്പെട്ടത്. സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയും നൂറുദ്ദീന്‍ സങ്കിയും നേടിയ വിജയ ഗാഥകള്‍ ഈ പ്രത്യയ ശാസ്ത്രത്തിന്റെ ഉല്‍പന്നങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മുസ്ലിം പണ്ഡിതനായ ഇബ്‌റാഹീം മൂസയുടെ Ghzali and poetics of imagination എന്ന കൃതിയും ചിന്തകനും മികച്ച ചരിത്രകാരനുമായ ജോര്‍ദാന്‍ സ്വദേശി മാജിദ് ഇന്‍സാന്‍ കൈലാനിയുടെ ‘ഹാകദാ ളഹറ ജീലു സ്വലാഹിദ്ധീന്‍’ എന്ന കൃതിയും മുന്‍നിര്‍ത്തി ഇമാ ഗസ്സാലിയടെ ‘അല്‍ ഇന്‍സിഹാബു വല്‍ഔദ’ രീതി ശാസ്ത്രത്തെയും കാലാന്തരങ്ങളില്‍ അതു നിര്‍വ്വഹിച്ച സമുദ്ധാരണ പ്രക്രിയകളെയും വിശകലനം ചെയ്യുകയാണ് ഈ പഠനം.

മന്‍ഹജുല്‍ ഇന്‍സിഹാബി വല്‍ ഔദ

വിപ്രവാസ ജീവിതത്തിലൂടെ വിപ്ലവത്തിനാവിശ്യമായ ഊര്‍ജ്ജം സംഭരിച്ച് സമൂഹത്തിലേക്ക് തിരിച്ചു വരുന്നതിനെയാണ് മാജിദ് ഇര്‍സാന്‍ ‘മന്‍്ഹജുല്‍ ഇന്‍സിഹാബി വല്‍ ഔദ’ എന്ന് വിളിക്കുന്നത്. ഇബ്രാഹിം മുസ ഇപ്രകാരം പേര് വിളിക്കുന്നില്ലങ്കിലും ഇമാം ഗസ്സാലിയുടെ ജീവതത്തെ രണ്ടായി അദ്ദേഹം ഭാഗിക്കുന്നുണ്ട്. ഒന്ന്, പതിനഞ്ചാം വയസ്സില്‍ ആരംഭിച്ച് ഇരുപത്തിയെട്ടാം വയസ്സുവരെ ത്വൂസ്, നൈസാപൂര്‍, ബഗ്ദാദ് തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാസമ്പാദനം, കര്‍മശാസ്ത്രം, ദൈവശാസ്ത്രം, തത്വചിന്ത തുടങ്ങിയവയില്‍ സ്വതന്ത്ര പഠനങ്ങള്‍, പ്രബല ഇസ്ലാമിക പണ്ഡിതരുമായുളള സംവാദങ്ങള്‍ എന്നിവയൊക്കെ ഈ കാലത്താണ്. 28 വയസ്സാകുന്നതോട് കൂടി ഇമാമില്‍ ചില മാറ്റങ്ങള്‍ രൂപപ്പെട്ടതായി കാണുന്നുണ്ട്. ഗസ്സാലി(റ)യുടെ സ്വത്വത്തിന്റെ ഇരുപുറങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിച്ച് തുടങ്ങുന്നു. ഒരേ സമയം ലോകമറിയുന്ന പണ്ഡിതനായും ആരുമറിയാത്ത ഫഖീറായും ഇമാമിന്റെ ജീവിതം വിഭജിക്കപ്പെടുന്നു.
ആത്മ ശുദ്ധീകരണമാണ് ഈ രീതിശാസ്ത്രത്തിന്റെ കാമ്പും കാതലും. അഹങ്കാരം, അഹമ്പാവം, പ്രശസ്തി തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന് മുക്തനായി ആത്മശുദ്ധിയും ദൈവീക പ്രീതിയും കരസ്ഥമാക്കി സര്‍വ്വതും ത്യജിക്കലാണ് വിജയമാര്‍ഗമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ബലപ്രയോഗം കൊണ്ടോ ജ്ഞാനത്തിന്റെ പ്രകടന പരതകൊണ്ടോ സാമൂഹിക സമുദ്ധാരണം സാധ്യമാകില്ലെന്നും മറിച്ച് സുഹ്ദിന്റെ വഴികളില്‍ നിന്ന് ആര്‍ജിച്ചെടുക്കുന്ന ആത്മീയ ഊര്‍ജ്ജത്തിലൂടെ മാത്രമേ അത് സാധിമാകൂ എന്നും ഇമാം സമര്‍ത്ഥിച്ചു. സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ സര്‍വ്വ മേഖലകളിലെ ഉയര്‍ത്തെഴുനേല്‍പ്പിനും ഈ മാര്‍ഗം അനിവാര്യമാണെന്ന് ഇമാം ഊന്നി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും ജീര്‍ണ്ണത ബാധിച്ച, സ്ഥാന ലബ്ധിക്കു വേണ്ടി കിട മത്സരം നടത്തിയിരുന്ന, നിഷ്‌ക്രിയരായ ഒരു സമുദായത്തെയായിരുന്നു ഇമാം അഭിമുഖീകരിച്ചത്. പണ്ഡിത പാമര വ്യത്യാസമില്ലാതെ സര്‍വ്വരെയും ബാധിച്ച ജീര്‍ണതയുടെ കാരണങ്ങള്‍ കണ്ടെത്തി രോഗ നിര്‍ണ്ണയം നടത്തലായിരുന്നു ഇമാമിന്റെ ആദ്യ യജ്ഞം.
തസ്‌കിയത്തിന്റെയും തര്‍ബിയത്തിന്റെയും വഴികള്‍ അടഞ്ഞു പോയതാണ് സര്‍വ്വ പ്രതിസന്ധിക്കും കാരണമെന്ന് ഇമാം തിരിച്ചറിഞ്ഞു. സ്വശരീരത്തില്‍ നിന്ന് തന്നെ ശുദ്ധീകരണ പ്രക്രിയ അദ്ധേഹം ആരംഭിച്ചു. അങ്ങനെയാണ് വിശ്വപ്രസിദ്ധമായ ബഗ്ദാദിലെ നിളാമിയ്യ സര്‍വ്വകലാശാലയില്‍ നിന്ന് രാജിവെച്ച് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പുറപ്പെടുന്നത്. ഹജ്ജ് കഴിഞ്ഞ് ഫഖീറിന്റെ വേഷം ധരിച്ച് നേരെ പോയത് ഡമസ്‌കസിലേക്കായിരുന്നു. ആരും തിരിച്ചറിയാത്ത വിധം വിദ്വല്‍ സദസ്സുകളില്‍ നിന്ന് മാറി ധ്യാനനിമഗ്നനായി. ചില രാത്രികളില്‍ മാത്രം പുറത്തിറങ്ങി. ഒരിക്കല്‍ പുറത്തിറങ്ങിയപ്പോള്‍ ഒരു ഗ്രാമീണനെയാണ് കണ്ടത്. ഫത്‌വ ചോദിക്കാന്‍ വന്നതായിരുന്നു അദ്ധേഹം. ഡമസ്‌കസിലെ പല പണ്ഡിതരെയും മതവിധി തേടി സമീപിച്ചെങ്കിലും ആ വിഷയത്തില്‍ വിധി പറയാന്‍ ആര്‍ക്കും സാധിച്ചില്ല. ഒടുവില്‍ സങ്കീര്‍ണ്ണമായ ആ മസ്അല ഇമാം ഗസ്സാലി കുരുക്കഴിച്ച് വിശദീകരിച്ച് കൊടുത്തു. ഗ്രാമീണന് അതിനോട് പുച്ഛമായിരുന്നു. ഡമസ്‌കസിലെ പ്രതിഭാധനരായ പണ്ഡിന്മാര്‍ക്ക് സാധിക്കാത്തത് ഒരു ഫഖീറിന് എങ്ങനെ സാധിക്കും. ഇമാം നല്‍കിയ ഫത്‌വയുമായി അദ്ധേഹം പണ്ഡിതരെ സമീപിച്ചു. ഫത്‌വ വായിച്ച് അത്ഭുതപ്പെട്ട ഡമസ്‌കസിലെ പണ്ഡിതന്മാര്‍ ആ ഫഖീറിനെയാണ് അന്വേഷിച്ചത്. വിശ്വവിഖ്യാതനായ ഇമാം ഗസ്സാലിയാണ് ആ ഫഖീറന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇമാമിന്റെ ക്ലാസ് വേണമെന്ന് അവര്‍ ആവിശ്യപ്പെട്ടു. അന്ന് രാത്രി ഇമാം ഡമസ്‌കസില്‍ നിന്ന് ഈജിപ്തിലേക്ക് യാത്ര തിരിച്ചു. യാത്രാ മധ്യേ വിശ്രമത്തിനായി മദ്‌റസത്തുല്‍ അമീനിയ്യയില്‍ കയറിയതായിരുന്നു. അപ്പോള്‍ അവിടെ വലിയ ദര്‍സ് നടന്ന് കൊണ്ടിയിരിക്കുന്നു. ഇമാം അവസാന വരിയില്‍ ചെന്നിരുന്നു. ക്ലാസിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍ ഓരോ വിഷയം ചര്‍ച്ച ചെയ്യുമ്പോഴും ‘ഇതില്‍ ഗസ്സാലി ഇങ്ങനെ പറഞ്ഞു’ എന്ന് ഉദ്ധരിക്കുന്നുണ്ടായിരുന്നു. ഇമാം വേഗം അവിടെനിന്നഴുന്നേറ്റു അലക്‌സാണ്ട്രിയയിലേക്ക് പിന്നീട് ഫലസ്തീനിലേക്കും സഞ്ചരിച്ചു. നീണ്ട പതിനൊന്നു വര്‍ഷത്തെ ഏകാന്ത യാത്രയില്‍ ആത്മീയ ഊര്‍ജ്ജം ആവോളം സംഭരിച്ചു. സുദീര്‍ഘമായ ഈ യാത്രയിലാണ് തന്റെ മാസ്റ്റര്‍ പീസ് ഇഹ്‌യാ ഉലൂമുദ്ധീന്‍ രചിക്കപ്പെടുന്നത്. നിഷ്‌കളങ്കവും നിര്‍മലവുമായ ഹൃദയത്തോടെ ജനങ്ങളിലേക്കു തന്നെ ഇമാം മടങ്ങി വരുകയും തന്റെ സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തു.

ഗസ്സാലിയത്തും ഖാദിരിയ്യത്തും


ഇഹ്‌യാഉല്‍ ഉലൂമിദ്ധീനില്‍ ഇമാം ഗസ്സാലി കുറിച്ച് വെച്ച ആദ്ധ്യാത്മിക ദാര്‍ശനിക തത്വങ്ങള്‍ക്ക് പ്രായോഗികതയുടെ ആവിഷ്‌കാരം നല്‍കുകയായിരുന്നു ഖാദിരിയ്യത്തിലൂടെ ശൈഖ് ജീലാനി (റ). ഇമാം ഗസ്സാലിയുടെ സമുദ്ധാരണ രീതി ശാസ്ത്രം ശൈഖ് ജീലാനിയെയും സ്വാധീനിച്ചിരുന്നു ഇമാം ഗസ്സാലി തന്റെ ജ്ഞാന വിപ്ലവുമായി സജീവമാകുമ്പോള്‍ ശൈഖ് ജീലാനി യുവാവായിരുന്നു. ഇമാം മരണപ്പെടുമ്പോള്‍ 35 വയസ്സായിരുന്നു ശൈഖിന്റെ പ്രായം. ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങള്‍ ശൈഖ് പലവുരു വായിച്ചിട്ടുണ്ട്. തന്റെ രചനകളില്‍ അതിന്റെ സ്വാധീനം വ്യക്തമായി കാണാം. ശൈഖിന്റെ ‘ഗുന്‍യ’ ഇമാമിന്റെ ‘ഇഹ്‌യ’യുടെ നേര്‍പതിപ്പാണ്. ‘ഫുതൂഹുല്‍ ഗൈബി’ല്‍ വിനയത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ഇമാം ഗസ്സാലിയുടെ ‘ബിദായതുല്‍ ഹിദായ’യിലെ വരികള്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ശൈഖ് സുഹ്ദിന്റെ മാര്‍ഗത്തിന് മാതൃക സ്വീകരിച്ചത് ഇമാം ഗസ്സാലിയില്‍ നിന്നായിരുന്നു.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനമധ്യത്തിലേക്കിറങ്ങും മുമ്പ് പത്ത് വര്‍ഷത്തെ പ്രത്യേക ആത്മീയ പരിശീലനത്തിലായിരുന്നു ശൈഖ്. ‘സിയാഹ’ എന്നാണ് ചരിത്ര ഗ്രന്ഥങ്ങള്‍ ഈ കാലഘട്ടത്തെ വിളിച്ചത്. ഇമാം ഗസ്സാലിയുടെ മന്‍ഹജുല്‍ ഇന്‍സിഹാബി വല്‍ ഔദ യുടെ തുടര്‍ച്ചയായിരുന്നു ‘സിയാഹ’. അബു സഈദ് മഖ്‌റമി, ശൈഖ് ദബ്ബാസ് എന്നിവരില്‍ നിന്നും ആത്മീയ ജ്ഞാനം നേടിയ ശൈഖ് കര്‍മ്മശാസ്ത്രവും ധര്‍മ്മശാസ്ത്രവും സമന്വയിപ്പിച്ച രീതി ശാസ്ത്രമായിരുന്നു പിന്തുടര്‍ന്നത്. ഈ രീതി തന്നെയായിരുന്നു ഇമാം ഗസ്സാലിയും സ്വീകരിച്ചത്. ബാഗ്ദാദിലെ അസദ് ഗ്രാമത്തില്‍ ഗുരുനാഥന്‍ മഖ്‌റമി സ്ഥാപിച്ച പാഠശാലയായിരുന്നു ശൈഖിന്റെ പ്രവര്‍ത്തന കേന്ദ്രം. അധ്യാപനം, ആത്മീയ ശിക്ഷണം, സാമൂഹ്യ നിരൂപണം, മത പ്രബോധനം, അവാന്തര വിഭാഗങ്ങള്‍ക്കെതിരെയുള്ള പടയോട്ടം, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രസ്തുത വിജ്ഞാന സൗധം കേന്ദ്രീകരിച്ചാണ് ശൈഖ് ജീലാനി നിര്‍വ്വഹിച്ചത്. ഇമാം ഗസ്സാലി സഞ്ചരിച്ച വഴികൡൂടെ ശൈഖ് ജീലാനിയും സഞ്ചരിച്ചു. ഗസ്സാലിയത്ത് എന്ന മാര്‍ഗരേഖ ഖാദിരിയ്യത്ത് എന്നായി രൂപാന്തരം പ്രാപിച്ചു. ഈ രണ്ട് ധാരകളുടെ ഉല്‍പന്നങ്ങളായിരുന്നു പില്‍കാലത്ത് ലോകം ദര്‍ശിച്ച മികച്ച പണ്ഡിതരും രാഷ്ട്രീയ പോരാളികളും.

മറ്റു ആത്മീയ സരണികള്‍


ഗസ്സാലിയത്തില്‍ നിന്നും ഖാദിരിയ്യത്തില്‍ നിന്നും വെളിച്ചം സ്വീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ആത്മശുദ്ദീകരണ പ്രക്രിയ നിര്‍വ്വഹിച്ച് പോന്നിരുന്ന അനേകം ആത്മീയ സരണികള്‍ ബഗാദാദിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നു. ഈ ആത്മീയ സരണികളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയവരായിരുന്നു രാഷ്ട്രീയ, നയതന്ത്ര, ഭരണ പദവികളില്‍ നിയമിതരായിരുന്നത്. അത് കൊണ്ട് തന്നെ നീതിപൂര്‍ണ്ണമായ ഭരണത്തിലൂടെ രാഷ്ട്രത്തെ പുരോഗതിയിലെക്ക് നയിക്കാന്‍ അവര്‍ക്ക് സാധ്യമായി.
പണ്ഡിതനും സൂഫിവര്യനുമായിരുന്ന അദിയ്യു ബിന്‍ മുസാഫിര്‍ (റ) നേതൃത്വം നല്‍കിയിരുന്ന അദവിയ്യ സരണി അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സൂഹ്ദിലൂടെ പ്രവാചക്ത്വം ലഭിക്കുമായിരുന്നുവെങ്കില്‍ അദിയ്യ് പ്രവാചകനാകുമെന്ന് ശൈഖ് ജീലാനി പറഞ്ഞതായി കാണാം. സങ്കി ഭരണകൂടത്തില്‍ വിവിധ പങ്ക് വഹിച്ചവരില്‍ അധികപേരും അദവികളായിരുന്നു. അബു നജീബ് അബ്ദുല്‍ ഖാദിര്‍ (റ) നേതൃത്വം നല്‍കിയ സൂഹറവര്‍ദി സരണിയായിരുന്നു മറ്റൊരു മാര്‍ഗം. ഇമാം ഗസ്സാലിയുടെ സഹോദരന്‍ അഹമദ് ഗസ്സാലിയില്‍ നിന്നും ആത്മീയ ജ്ഞാനം നേടിയവരാണ് ഇമാം സുഹറവര്‍ദി (റ). അബുല്‍ ബയാന്‍ മുഹമ്മദ് ബിന്‍ നബഅ് ബിന്‍ മുഹമ്മദ്(റ)ന്റെ നേതൃത്വത്തില്‍ ഡമസ്‌കസില്‍ രൂപപ്പെട്ട ബയാനിയ്യ സരണിയും ശൈഖ് റസ്‌ലാന്‍ ജഅ്ബരിയുടെ ജഅ്ബരി സരണിയും അതിന് പുറമെ ഹയാത് ബിന്‍ ഖൈസില്‍ ഹറാനി (റ), അലി ബിന്‍ ഹൈതമി(റ), ഹസന്‍ ബിന്‍ മുസ്ലിം(റ), അബുല്‍ ഹസന്‍ അല്‍ജൗസഖി(റ), അബ്ദുറഹ്മാന്‍ അത്വഫ്‌സൂന്‍ജി(റ) തുടങ്ങിയ മഹാമനീഷികള്‍ നേതൃത്വം നല്‍കിയ സരണികളുമുണ്ടായിരുന്നു.
മഹിളാ രത്‌നങ്ങള്‍ പോലും ഈ സമുദ്ധാരണ പ്രക്രിയയില്‍ ഭാഗവാക്കായിരുന്നു. ശൈഖ് ജീലാനിയില്‍ നിന്ന് ഇജാസത്ത് സീകരിച്ച ആയിശ ബിന്‍ത് മുഹമ്മദില്‍ ബഗ്ദാദി, താജുന്നിസാഅ് ബിന്‍ത് ഫളാഇല്‍ ബ്ന്‍ അലി, ശംസുള്ളഹാ ബിന്‍ത് മുഹമ്മദ്, ഇമാം സൂഹ്‌റവര്‍ദിയുടെ സഹധര്‍മ്മിണി ജൗഹറ ബിന്‍ത് ഹസന്‍, ഫാത്തിമ ബിന്‍ത് മുഹമ്മദ്, സൈനബ് ബിന്‍ത് അബില്‍ ബറകാത്ത്, ജലീല ബിന്‍ത് അലി തുടങ്ങിയവര്‍ സ്ത്രീ സമൂഹത്തില്‍ സമുദ്ധാരണ പ്രക്രിയ നിര്‍വ്വഹിച്ചവരില്‍ ചിലരാണ്. സുഹ്ദിന്റെ മാര്‍ഗത്തിലൂടെ ആത്മശുദ്ധി നേടിയതിന് ശേഷമായിരുന്നു അവരെല്ലാം സമൂഹത്തെ അഭിസംബേ ാധനം ചെയ്തത്. ഇമാം ഗസ്സാലി ആവിഷ്‌കരിച്ച ഇന്‍സിഹാബി വല്‍ ഔദയുടെ പ്രായോഗിക വിജയങ്ങളായിരുന്നു അവയെല്ലാം.
പ്രഷുബ്ധമായ രാഷ്ട്രീയ സാഹചര്യവും കുരിശ് ഭീകരരുടെ ഭീഷണിയും ചര്‍ച്ചചെയ്യാന്‍ പലപ്പോഴും ആത്മീയ സഖ്യങ്ങള്‍ രൂപീകരിച്ചിരുന്നു. ബഗ്ദാദിലെ അലപ്പോയില്‍ വെച്ചായിരുന്നു ആദ്യ ഉച്ചക്കോടി നടന്നത് ശൈഖ് ജീലാനി (ഇറാഖ)്, ഉസ്മാന്‍ ബിന്‍ മര്‍സൂഖ് (ഈജിപ്ത്) അബൂ മദ്‌യന്‍ അല്‍ മഗ്‌രിബി (മൊറോകോ) ശൈഖ് റസ്‌ലാന്‍ ദിമശ്ഖി (സിറിയ) എന്നിവരുള്‍പ്പെടെ 50 ലധികം ആത്മീയ നേതാക്കള്‍ പ്രസ്തുത ഉച്ചക്കോടിയില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് മുസ്ലിം സമുദായത്തിന്റെ സമുദ്ധാരണ പ്രക്രിയക്ക് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടു.
സുഹ്ദ് എന്നാല്‍ സാമൂഹിക ദൗത്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലെന്നും മറിച്ച് മുസ്ലിം ലോകത്ത് രാഷ്ട്രീയ പരിശുദ്ധിയും സുരക്ഷിതത്വവും ഉണ്ടാക്കേണ്ട ബാധ്യത കുടി പര്‍ണ്ണശാലയിലെ സൂഫിക്കുണ്ടെന്ന് ശൈഖ് ജീലാനി അവരെ തെര്യപ്പെടുത്തി. കുരിശു ഭീകരരെ പ്രതിരോധിക്കാന്‍ സന്നദ്ധരായ ഒരു പറ്റം വിശുദ്ധ പോരാളികളെ സൃഷ്ടിക്കാനും ഈ കൂട്ടായ്മ വഴിയൊരുക്കി.
സന്‍ങ്കി ഭരണകൂടവും സൂഫീ സരണികളും
ഗസ്സാലിയത്തിലൂടെയും, ഖാദിരിയ്യത്തിലൂടെയും ആത്മീയശുദ്ധി കരസ്ഥമാക്കിയിരുന്ന പോരാളികളായിരുന്നു കുരിശുഭീകരരെ പ്രതിരോധിക്കാന്‍ സങ്കിഭരണകൂടത്തെ സഹായിച്ചത്. മുഖാദസ(ഖുദ്‌സ് കാവല്‍ക്കാര്‍)എന്നാണ് ചരിത്രം അവരെ വിളിച്ചത്. ആദ്ധ്യാത്മിക ഗുരുനാഥന്മാരുമായി ഗാഢമായ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു സുല്‍ത്താന്‍ നൂറുദ്ധീന്‍ സങ്കി. ഹയാത്ത് ബിന്‍ ഖൈസില്‍ ഹര്‍റാനിയാണ് ഫ്രഞ്ച് സൈന്യത്തിനെതിരെ പട നയിക്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്.പര്‍ണ്ണശാലയിലിരുന്ന് സുല്‍ത്താന്‍ നൂറുദ്ധീന് യുദ്ധതന്ത്രങ്ങള്‍ പ@ിപ്പിച്ചത് സൂഫിവര്യനായ അബുല്‍ ഹുസൈന്‍ അല്‍ മഖ്ദിസിയായിരുന്നു. ഡമസ്‌കസിലെ പ്രമുഖ സൂഫിവര്യന്‍ ശൈഖ് റസ്‌ലാനുദ്ധിമശ്ഖി ഖാന്‍ഖാഹില്‍ സൈനിക പരിശീലനം നല്‍കാറുണ്ടായിരുന്നു. സിറിയയിലെ മാലികി സൂഫി പണ്ഡിതന്‍ യൂസുഫുല്‍ ഫന്ദലാവിയും ഹദീസ് വിശാരദനായ അബ്ദുറഹ്മാന്‍ ഹല്‍ഗൂലിയും റോം സൈന്യത്തിനെതിരെ യുദ്ധത്തില്‍ പങ്കെടുത്തവരാണ്.
ശൈഖ് ജീലാനി(റ) യുടെ മുരീദായിരുന്ന ഇബ്ന്‍ ഖുദാമയുടെ വന്ദ്യപിതാവ് കുരിശ് ഭീകരരെ പ്രതിരോധിക്കാനുള്ള ആവേശം ജനങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ പ്രത്യേകം ക്ലാസുകള്‍ നടത്തിയിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ അവിടെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്നു. സുല്‍ത്താന്‍ നൂറുദ്ദീനും സലാഹുദ്ധീനും സ്ഥാപിച്ച പള്ളികളും വിദ്യാകേന്ദ്രങ്ങളും നിയന്ത്രിച്ചിരുന്നത് സൂഫി ബിരുദധാരികളായിരുന്നു. ശൈഖ് ജീലാനിയുടെ പുത്രന്‍ മൂസ ഡമസ്‌കസിലേക്ക് താമസം മാറ്റി അവിടെ അധ്യാപനത്തിലേര്‍പ്പെട്ടു. ഹര്‍റാന്‍ പ്രദേശത്തെ മദ്‌റസയുടെ കാര്‍മികത്വം അസദ് ബിന്‍ മിന്‍ജ ഏറ്റെടുത്തു. സമീപത്തെ മറ്റൊരു മദ്‌റസയില്‍ സൂഫിവര്യനായിരുന്ന ഹാമിദ് ബിന്‍ മുഹമ്മദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രമുഖനായിരുന്നു ഖാദിരികളായ അലിയ്യ് ബിന്‍ ബര്‍ദാന്‍, ഇബ്ന്‍ നജാ, ഇബ്ന്‍ ഖുദാമ എന്നിവര്‍.
സങ്കി ഭരണകൂടത്തിലെ രാഷ്ട്രീയ നേതാക്കള്‍, സൈന്യാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയ മുഴുവന്‍ ജോലിക്കാരും മതബോധവും നീതി ബോധവും കാത്ത്‌സൂക്ഷിക്കുന്നവരായിരുന്നു. അവര്‍ ആര്‍ജിച്ചെടുത്ത ആത്മീയ ജ്ഞാനം അതിനവരെ പ്രാപ്തരാക്കുകയായിരുന്നു. പ്രമുഖ ചരിത്രകാരനായ ഡോ ഹുസൈന്‍ മുഅ്‌നിസ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ധേഹം പറയുന്നു: ‘സങ്കി ഭരണകൂടത്തിന്റെ വക്താക്കളുടെ പേരുകള്‍ മതം എന്നര്‍ഥമുള്ള ദീന്‍ എന്ന് ചേര്‍ത്തി വിളിച്ചത് തന്നെ അവരിലെ മതബോധത്തെ വിളിച്ചറിയിക്കുന്നുണ്ട്. (ഇമാമുദ്ധീന്‍, നൂറുദീന്‍, സ്വലാഹുദീന്‍, അസദുദ്ദീന്‍) എന്നാല്‍ ബുവൈഹി ഭരണകൂടം രാഷ്ട്രം എന്നര്‍ഥമുള്ള ദൗല എന്ന പദം ചേര്‍ത്തിയിട്ടായിരുന്നു നേതാക്കളെ വിളിച്ചത്’.
ചുരുക്കത്തില്‍, സദാചാര നിഷ്ഠ നഷ്ടപ്പെട്ട് അനീതിയുടെ വക്താക്കളായി കഴിഞ്ഞുകൂടിയ രാഷ്ട്രീയ നേതൃത്വത്തെയും ലൗകിക ചിന്തകളുടെ പിടിയിലമര്‍ന്ന പണ്ഡിതരെയും ഭൗതിക ഭ്രമം ബാധിച്ച കപട സൂഫികളെയും ആഢംബര പ്രിയരായ ഭരണാധികാരികളെയും മതപരമായും സാമൂഹികപരമായും സമുദ്ധരിരിച്ചതില്‍ ഇമാം ഗസ്സാലിക്കുള്ള പങ്ക് അനിഷേധ്യമാണ്.

അവലംബം
ഹാകദാ ളഹറ ജീലു സ്വലാഹുധദ്ധീന്‍, മാജിദ് ഇര്‍സാന്‍
Gazali ,the poetic of imagination, ഇബ്‌റാഹീം മൂസ
ശൈഖ് ജീലാനി , സ്വാലിഹ് പുതുപൊന്നാനി
ഇഹ്‌യാഉല്‍ ഉലൂമിദ്ധീന്‍ , ഇമാം ഗസ്സാലി (റ)
അന്നവാദിറു സ്വുല്‍ത്താനിയ്യ വല്‍ മഹാസിനുല്‍ യൂസുഫിയ്യ, ഇബ്ന്‍ ശദ്ദാദ്(റ)
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60ാം വാര്‍ഷിക സുവനീര്‍