1921 ലെ പ്രമാദമായ മലബാര്‍ കലാപ കാലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട് താലൂക്കിന്റെ കിഴക്കന്‍ മേഖലയിലുമാണ് പ്രധാനമായും കലാപം കത്തിപ്പടര്‍ന്നത്. പാലക്കാംതൊടി അബൂബക്ര്‍ മുസ്‌ലിയാരെ പോലെ കോഴിക്കോട് താലൂക്കില്‍ സമരത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു വെണ്ണക്കോട് സ്വദേശി എരഞ്ഞിക്കോത്ത് മാഹിന്‍ മുസ്‌ലിയാര്‍. ധീരനും സാഹിസികനുമായിരുന്ന മാഹിന്‍ മുസ്‌ലിയാര്‍, നിരവധി ബ്രിട്ടീഷുകാരെ വകവരുത്തി. പിടിയിലായ അദ്ദേഹം തടവിലാക്കപ്പെട്ടു. സാഹസികനായ മുസ്‌ലിയാര്‍ തടങ്കലിന്റെ ജനല്‍പാളികള്‍ പൊളിച്ചു നാടുവിട്ടു. ഖിലാഫത്ത് നിസഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിന് അന്ന് പ്രായം മുപ്പത്തഞ്ചായിരുന്നു. വേഷപ്രച്ഛന്നനായി ഉള്‍നാട്ടിലൂടെ അദ്ദേഹം കോഴിക്കോട് കടലുണ്ടിയിലെത്തി. അവിടെ നിന്ന് കുറ്റിപ്പുറം വഴി പൊന്നാനിയിലെത്തി. അവിടെനിന്ന് തീരപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനമ്പത്തെത്തി. അവിടെ നിന്ന് പെരിയാര്‍ കടന്ന് വൈപ്പിന്‍-എടവനക്കാടെത്തി. അവിടെ നിന്ന് ആലുവക്കടുത്ത പുറയാറിലെത്തി. പള്ളിയില്‍ സേവനം തുടങ്ങി. പിന്നീട് കുട്ടമശ്ശേരിയില്‍ സ്ഥിരതാമസമാക്കി. പുറയാറില്‍ സേവനം ചെയ്തിരുന്ന കാലത്ത് മോയിന്‍ കുട്ടി മുസ്‌ലിയാര്‍ എന്നറിയപ്പെട്ടു. പൊന്നാനി വഴിയിലൂടെ കടന്നു വന്നതിനാല്‍ നാട് പൊന്നാനിയാണെന്നും പരിചയപ്പെടുത്തപ്പെട്ടു. ഒളിഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ യഥാര്‍ത്ഥ പേരില്‍ അറിയപ്പെട്ടാല്‍ പിടിക്കപ്പെടുമെന്നതിനാല്‍ തന്ത്രപൂര്‍വമാണ് അദ്ദേഹം അവിടെ കഴിച്ചു കൂട്ടിയിരുന്നത്. കുട്ടമശ്ശേരിയിലെ ചെറോടത്ത് തറവാട്ടില്‍ നിന്ന് വിവാഹം ചെയ്തതിനാല്‍ ചെറോടത്ത് എന്ന വീട്ടുപേരിലേക്കു ചേര്‍ത്താണ് അദ്ദേഹം സ്വന്തം പരിചയപ്പെടുത്തിയത്. ഇ. മൊയ്തു മൗലവിയുടെ സഹതടവുകാരനായിരുന്ന അദ്ദേഹം 1981 ല്‍ വിടപറയുന്നതു വരെ സ്വതന്ത്ര്യ സമര സേനാനിക്കുള്ള പെന്‍ഷന്‍ കൈപറ്റിയിരുന്നു. അദ്ദേഹം വിടവാങ്ങിയപ്പോള്‍ ഡല്‍ഹി ആകാശവാണിയില്‍ ”പ്രമുഖ സ്വതന്ത്ര്യ സമര സേനാനി എരഞ്ഞിക്കോത്ത് മാഹിന്‍ മുസ്‌ലിയാര്‍ വിടപറഞ്ഞു” എന്ന് ആകാശവാണി റിലേ ചെയ്തു. പില്‍കാലത്ത് പൊന്നാണി മുസ്‌ലിയാരെന്ന് അറിയപ്പെട്ട മാഹിന്‍ മുസ്‌ലിയാരുടെ പൂര്‍വ കാല ചരിത്രമാണിത്. സമസ്തയുടെ സ്ഥാപക നേതാവും പ്രമുഖ പണ്ഡിതനുമായിരുന്ന പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അദ്ദേഹത്തിനായി ആലുവ കുട്ടമശ്ശേരി മഹല്ല് ഖബര്‍സ്ഥാനിലൊരുക്കിയ ഖബറിലാണ് പൊന്നാണി മുസ്‌ലിയാരെ ഖബറടക്കിയത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനാണ് അടുത്തിടെ വിടപറഞ്ഞ ഉസ്താദ് സി.എം അലിക്കുഞ്ഞ് മൗലവി ആലുവ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പേരും പെരുമയും പ്രവാസ ലോകത്തെത്തിക്കുകയും പ്രചരിപ്പിക്കുകയും സംഘശക്തിക്ക് അസ്തിത്വം പണിയുകയും ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു എന്നും അലിക്കുഞ്ഞ് മൗലവി. 20/12/1940 ലായിരുന്നു അദ്ദേഹം ജനിച്ചത്. മാതാവ് ചെറോടത്ത് ഖദീജ എന്നവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍ കുഞ്ഞമ്മദ് മൊല്ലയില്‍ നിന്നായിരുന്നു. പിന്നീട് പിതാവ് മാഹിന്‍ മുസ്‌ലിയാരില്‍ നിന്ന് കിതാബോതിത്തുടങ്ങി. അന്നദ്ദേഹം കടൂപ്പാടം പള്ളിയില്‍ മുദരിസായിരുന്നു. ശേഷം 1954 ല്‍ ആലുവ കുഞ്ഞുണ്ണിക്കര പള്ളിയില്‍ നിന്ന് മുസ്തഫ ആലിം സ്ാഹിബില്‍ നിന്ന് പഠനം തുടര്‍ന്നു. അദ്ദേഹം പ്രമുഖ പണ്ഡിതനും വെല്ലൂര്‍ ബാഖിയാത്തിലെ മുദരിസുമായിരുന്നു. ശേഷം പുന്നയൂര്‍ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ കീഴില്‍ കളമശ്ശേരി പള്ളി ദര്‍സില്‍ കിതാബോതി. വിവിധ ജ്ഞാനശാഖകളില്‍ വ്യുല്‍പത്തി നേടിയ അദ്ദേഹം മൗലവി ഫാളില്‍ നശ്‌രി എന്ന ബിരുദം കരസ്ഥമാക്കി. അറബി വ്യാകരണത്തില്‍ അഗ്രഗണ്യനായ പുന്നയൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ലക്ഷണമൊത്ത ശിഷ്യന്‍ തന്നെയായിരുന്നു അലിക്കുഞ്ഞ് മൗലവി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മഹാപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളായിരുന്ന നിരവധി ഉസ്താദുമാരുടെ ഗുരുവുമായിരുന്ന ഇടപള്ളി അബൂബക്ര്‍ മുസ്‌ലിയാരുടെ പ്രഖുഖ ശിഷ്യനായിരുന്നു. ഇടപ്പള്ളി ഉസ്താദ് ഇടപ്പള്ളിയില്‍ ദര്‍സ് നടത്തുന്ന കാലത്ത് ഇന്ന് ഇടപ്പള്ളിയില്‍ അമൃത ഹോസ്പിറ്റല്‍ നില്‍ക്കുന്നതിനു സമീപം ഒരു ചെറിയ നിസ്‌കാര പള്ളിയില്‍ അസറിനു ശേഷം സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മിക്ക ദിവസവും അസറിനു ശേഷം തന്റെ ഗുരുവിനെ കാണാനായി ഇടപ്പള്ളിയില്‍ പോകാറുണ്ടായിരുന്ന ഓര്‍മ അലിക്കുഞ്ഞ് മൗലവി പങ്കുവക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ അസറിനു ശേഷം ഈ നിസ്‌കാരപ്പള്ളിയിലേക്കായിരുന്നു വന്നിരുന്നത്. അങ്ങനെ ഇ.കെ ഹസന്‍ മുസ്‌ലിയാരും വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരും ഇടപ്പള്ളിയില്‍ വന്ന കാഴ്ച അലിക്കുഞ്ഞ് മൗലവി ഓര്‍ത്തെടുത്തു.
പഠനാനന്തരം അലിക്കുഞ്ഞ് മൗലവി തൃശൂര്‍ ജില്ലയിലെ അതിര്‍ഥി പ്രദേശമായ മാരേക്കാട് പള്ളിയില്‍ മുദരിസും ഖത്തീബുമായി സേവനം തുടങ്ങി. ഹിജ്‌റ 1291 ല്‍ തലശ്ശേരിയില്‍ ജനിച്ച പ്രമുഖ സൂഫീ സഞ്ചാരിയും മക്കയിലെ സൂഫീഗുരു ജമാലുദ്ദീന്‍ അബ്ദുല്‍ ഹമീദ് റശീദിയുടെ ശിഷ്യനുമായ ശൈഖ് മുഹമ്മദ് ഹമദാനി സ്ഥാപിച്ച പള്ളിയായിരുന്നു മാരേക്കാട് ജുമാമസ്ജിദ്. അദ്ദേഹം കൈപമംഗലം മഹഌറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. 1966 ലായിരുന്നു അദ്ദേഹം മാരേക്കാട് സേവനം തുടങ്ങിയത്. 1972 ല്‍ മരുഭൂമിയിലേക്കു തന്റെ സേവനം പറിച്ചു നടുന്നതു വരെ അദ്ദേഹം മാരേക്കാട്ടുകാരുടെ ഉസ്താദായി ജീവിച്ചു. പിരിയുമ്പോള്‍ 90 രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. അതിനിടെ മാരേക്കാട്ടു നിന്നു തന്നെ അദ്ദേഹം വിവാഹവും ചെയ്തു.
1972 ല്‍ ഗള്‍ഫ് യാത്രക്കുള്ള വിസയും പേപ്പറുകളും ശരിയായ ഉടനെ അദ്ദേഹം പ്രമുഖ സൂഫീ പണ്ഡിതനും ആത്മീയ ഗുരുവുമായിരുന്ന ആലുവായി അബൂബക്ര്‍ മുസ്‌ലിയാരെ സമീപിച്ചു. പൊന്നാണി മുസ്‌ലിയാരുടെ മകനെന്ന മേല്‍വിലാസത്തില്‍ അലിക്കുഞ്ഞ് മൗലവിയോട് വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഗള്‍ഫില്‍ പോകുന്ന വിവരം ആലുവായിയോടു പറഞ്ഞപ്പോള്‍ ”പോ… അതാണ് നിങ്ങള്‍ക്ക് ഖൈറ്” എന്ന് പ്രതികരിച്ചു. ബറകത്തിനായി പ്രാര്‍ഥിക്കുകയും ചെറിയൊരു തുകയും മന്ത്രിച്ചു നല്‍കി.
1972 ല്‍ അബൂദാബിയിലെത്തിയ മൗലവി 74 ല്‍ ഔദ്യോഗിക ജോലി ശരിപ്പെടുന്നതു വരെ മാരേക്കാട്ടുകാരനായ എന്‍.എം അബു സാഹിബിന്റെ ഹോട്ടലില്‍ സേവനം ചെയ്തു. 1974 ല്‍ അബൂദാബി സര്‍ക്കാറിനു കീഴിലെ മില്‍ട്രി ഓഫീസിലും മുത്വവ്വയുമായി ജോലി ചെയ്തു. 1992 ല്‍ പ്രവാസം അവസാനിക്കുന്നതു വരെ അദ്ദേഹം അതേ ജോലിയില്‍ തുടര്‍ന്നു.
സൈനിക പോലീസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കലും ഇമാമത്ത് നില്‍ക്കലുമായിരുന്നു പ്രധാന ജോലി. ഈ ജോലി നേടാനായി പ്രവേശന പരീക്ഷയെഴുതി വിവിധ രാജ്യക്കാര്‍ക്കിടയില്‍ നിന്ന് നാലാം സ്ഥാനത്തോടെ പാസ്സായത് അലിക്കുഞ്ഞ് മൗലവി വലിയ അഭിമാനത്തോടെ ഓര്‍ക്കാറുണ്ടായിരുന്നു. ഇക്കാലത്താണ് സൈനിക സേവനത്തിനായി കരാറടിസ്ഥാനത്തില്‍ അബൂദാബിയിലെത്തി, പില്‍കാലത്ത് സുഡാന്റെ പ്രസിഡന്റായി വന്ന ഉമറുല്‍ ബഷീര്‍ അലിക്കുഞ്ഞ് മൗലവിയുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. അവര്‍ തമ്മില്‍ പിന്നീട് ദീര്‍ഘകാലം കത്തിടപാടിലൂടെ ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തിരുന്നു. ശൈഖ് അലി അല്‍ഹിന്ദി എന്ന പേരിലായിരുന്നു അലിക്കുഞ്ഞ് മൗലവി കാമ്പില്‍ അറിയപ്പെട്ടിരുന്നത്.
മൗലവി അബൂദാബിയിലെത്തുന്നതിന്റെ തൊട്ടുമുമ്പ് 1970-71 കാലത്താണ് അബൂദാബി കേരള മുസ്‌ലിം ജമാഅത്ത് രൂപപ്പെടുന്നത്. അതാണ് പിന്നീട് അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററായി വികസിച്ചത്. കൈപമംഗലം പി.എ സൈദ് മുഹമ്മദ് ഹാജി, കെ.ബി മുഹമ്മദ് നാട്ടിക, കെ.എം ഇബ്രാഹിം മൗലവി, തച്ചറക്കല്‍ ഇബ്രാഹിം ഹാജി, ചിത്താരി ഹുസൈന്‍ ഹാജി, ചിത്താരി അബ്ദുറഹ്മാന്‍ ഹാജി തുടങ്ങിയവരാണ് അതിന്റെ തുടക്കക്കാര്‍. അന്ന് ഇസ്‌ലാമിക് സെന്ററിന് സ്വന്തമായി കെട്ടിടമോ മറ്റോ ഉണ്ടായിരുന്നില്ല. സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്തെന്ന കൂട്ടായ്മയുടെ കോമ്പൗണ്ടില്‍ ചെറിയൊരു ഭാഗം വാടകക്കെടുത്തായിരുന്നു സെന്ററിന്റെ പ്രവര്‍ത്തനം. ഈ കൂട്ടായ്മയില്‍ വിവിധ ആശയക്കാരുണ്ടായിരുന്നതിനാല്‍ സുന്നികള്‍ക്ക് അവരുടെ ആചാരങ്ങളോ ചടങ്ങുകളോ നടത്തിപ്പോരാന്‍ ചില തടസ്സങ്ങള്‍ നേരിട്ടു. എല്ലാ വെള്ളിയാഴ്ച രാവിലും മലയാളികളായ ആളുകള്‍ ചിത്താരി മഹല്ല് ജമാഅത്തിനു കീഴിലെ കോമ്പൗണ്ടില്‍ ഒരുമിച്ചു കൂടി മരണപ്പെട്ടവര്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കിരിക്കുകയും പിരിയുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലേക്കാണ് അലിക്കുഞ്ഞ് മൗലവി അബൂദാബിയിലെത്തുന്നത്. തികഞ്ഞ പാണ്ഡിത്യവും അളന്നുമുറിച്ചുള്ള പ്രഭാഷണ വൈഭവവും ഭാഷാപ്രാവീണ്യവും അദ്ദേഹത്തെ പെട്ടെന്ന് സ്വീകാര്യനാക്കി. ഇസ്‌ലാമിക് സെന്ററിനു വാടക കൊടുക്കാനില്ലാതെ പ്രയാസപ്പെട്ട ഒരു ഘട്ടത്തില്‍ വാടകത്തുകയായ ഇരുപതിനായിരം ദിര്‍ഹം മൂന്നു ദിവസത്തെ വഅഌകൊണ്ട് ഒരു പ്രതിഫലവും പറ്റാതെ പിരിച്ചെടുത്ത ഓര്‍മ മൗലവി ഓര്‍ത്തെടുത്തിരുന്നു.
ഇസ്‌ലാമിക് സെന്ററിന്റെ കമ്മിറ്റിയിലും നടത്തിപ്പിലും വിവിധ ആശയക്കാരുണ്ടായതിനാല്‍ സുന്നികള്‍ മാത്രമായി സംഘടിക്കണമെന്ന ആശയം ആദ്യമായി പി.എ സൈദ് മുഹമ്മദ് ഹാജി മുന്നോട്ടുവച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തച്ചറക്കല്‍ ഇബ്രാഹിം ഹാജിയടക്കമുള്ള പ്രമുഖരുടെ നേതൃത്വത്തിലാണ് അല്‍ ഐനില്‍ സുന്നി പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടി കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ പേരില്‍ ‘സുന്നി’ എന്ന പദം ചേര്‍ക്കണോ വേണ്ടയോ എന്ന തര്‍ക്കം ഏറേ നീണ്ടു പോയി. ‘സുന്നി’ എന്നു ചേര്‍ക്കാതെ സംഘടന വേണ്ടെന്ന് അലിക്കുഞ്ഞ് മൗലവിയും സൈദ് മുഹമ്മദ് ഹാജിയും വാദിച്ചു. അവസാനം അല്‍ഐന്‍ സുന്നി യൂത്ത് സെന്റര്‍ എന്ന പേരില്‍ സംഘടന രൂപപ്പെട്ടു. 197374 കാലത്തായിരുന്നു ഇത്. അപ്പോഴേക്കും മൗലവി ജോലിയില്‍ പ്രവേശിച്ചിരുന്നു. സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി പി.എ സൈദ് മുഹമ്മദ് ഹാജി തെരഞ്ഞെടുക്കപ്പെട്ടു. മൗലവി വൈസ് പ്രസിഡന്റും. ആദ്യ കാലത്ത് സുന്നികളുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി തടയാനും തടസ്സം നില്‍ക്കാനും പുത്തന്‍വാദികളായ പലരും ശ്രമിച്ചിരുന്നുവെന്ന് മൗലവി ഓര്‍ക്കുന്നു. അതിന്റെ അനന്തര ഫലമായിട്ടാണ് പിന്നീട് അബൂദാബി സുന്നി സ്റ്റുഡന്റ്‌സ് സെന്ററടക്കം രൂപപ്പെടുന്നതും സുന്നികള്‍ ശക്തരാകുന്നതും.
പ്രവാസത്തിന്റെ ആദ്യകാലത്ത് പണ്ഡിതരായ വ്യക്തികള്‍ കുറവായതിനാല്‍ സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കാന്‍ പുത്തനാശയക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പണ്ഡിതനായി പ്രവാസ ജീവിതം തെരഞ്ഞെടുത്തവരില്‍ അലിക്കുഞ്ഞ് മൗലവി പ്രഥമ ഗണത്തിലുണ്ട്. അതിനാല്‍, പണ്ഡിതനും വലിയ വീക്ഷണങ്ങള്‍ക്കുടമയുമായിരുന്ന സൈദ് മുഹമ്മദ് ഹാജി അലിക്കുഞ്ഞ് മൗലവിയെ പ്രവാസ ലോകത്ത് മുഖ്യധാരയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ചു. അവര്‍ ആദ്യം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്തിന്റെ കോമ്പൗണ്ടില്‍ വച്ചായിരുന്നു.
അല്‍ ഐന്‍ സുന്നി സെന്ററിനു കീഴില്‍ പില്‍കാലത്തു നടന്ന വിപ്ലവകരമായ നിരവധി സംരംഭങ്ങള്‍ക്ക് മുന്നില്‍ നടക്കാനും കൂടെ നടക്കാനും അലിക്കുഞ്ഞ് മൗലവിക്കു കഴിഞ്ഞു. സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, മജിലിസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമി, മുഅല്ലിം ക്ഷേമനിധി ബില്‍ഡിംഗ് ചേളാരി, കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ തുടങ്ങിയ വലിയ പദ്ധതികളിലെല്ലാം അലിക്കുഞ്ഞ് മൗലവിയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ഉസ്താദ് കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ ഖുര്‍ആന്‍ വ്യാഖ്യാനം പുറത്തിറക്കാന്‍ സുന്നി സെന്റര്‍ തീരുമാനിച്ചപ്പോള്‍ അതിനു വേണ്ടി പിരിവു നടത്താനും നാട്ടിലെത്തി കെ.വി ഉസ്താദുമായി കരാറിലൊപ്പിടാനും സെന്റര്‍ ചുമതലപ്പെടുത്തിയത് മൗലവിയെയായിരുന്നു. ആലുവ വല്ലത്ത് മദ്രസയില്‍ ജോലി ചെയ്യുന്ന കാലത്തു തന്നെ അത്തിപ്പറ്റ ഉസ്താദുമായി വ്യക്തിബന്ധമുണ്ടായിരുന്ന മൗലവി ഉസ്താദ് അല്‍ഐനിലെത്തിയതോടെ ബന്ധം കൂടുതല്‍ ദൃഢമാക്കി. പള്ളിയില്‍ ഒതുങ്ങിക്കൂടിയിരുന്ന അത്തിപ്പറ്റ ഉസ്താദിനെ സെന്ററിന്റെ മുന്‍നിരയില്‍ കൊണ്ടുവരാനും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കാനും സൈദ് മുഹമ്മദ് ഹാജിയുടെ കൂടെ ആദ്യമായി ക്ഷണിക്കാന്‍ പോയത് മൗലവിയായിരുന്നു. യു.എ.ഇയില്‍ കാളാവ് സൈദലവി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നുവെന്ന് മൗലവി ഓര്‍ത്തിരുന്നു.
1970 കളുടെ അവസാനത്തില്‍ യു.എ.ഇയിലെത്തിയ വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ ഹസ്രത്ത് എന്നിവരെക്കുറിച്ചുള്ള ഓര്‍മകള്‍ ഓര്‍ത്തെടുത്തപ്പോള്‍ വലിയ ആവേശം കൊണ്ടു അലിക്കുഞ്ഞ് മൗലവി. സുന്നികളുട മുതിര്‍ന്ന പണ്ഡിതരില്‍ നിന്ന് ആദ്യമായി യു.എ.ഇയിലെത്തിയത് അവരായിരുന്നു എന്നാണ് മൗലവിയുടെ ഓര്‍മ. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന അവര്‍ സംഘാടകര്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തിരുന്നു. ഒരിക്കല്‍ വാണിയമ്പലം ഉസ്താദ് സമസ്തയുടെ നാട്ടിലെ സംഘടനാ വിഷയങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ ഇങ്ങനെ പറഞ്ഞു: ”എ.പി ഈ നിലക്കു പോയാല്‍ സമസ്തയെ പിളര്‍ത്തും.” അത് പിന്നീട് ചരിത്രത്തിന്റെ കറുത്ത അധ്യായമായി പുലര്‍ന്നുവെന്നത് ചരിത്രം. 1989 ല്‍ സമസ്തയുലുണ്ടായ മാറ്റിനിര്‍ത്തലുകള്‍ക്കു മുമ്പു തന്നെ പ്രവാസ ലോകത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അകല്‍ച്ചകള്‍ സംഭവിച്ചിരുന്നു. അത് കൂടുതലും ചിലരുടെ ഇടപാടുകളിലെ സൂക്ഷമതക്കുറവുമൂലം സംഭവിച്ചതായിരുന്നുവെന്നാണ് മൗലവി ഊന്നിപ്പറയുന്നത്.
1989 ലെ നടപടികള്‍ക്കു കാരണമായ മുശാവറ നടക്കുന്ന ദിവസം കോഴിക്കോട്ട് നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പ്രവാസ ലോകത്ത് വാര്‍ത്തകള്‍ കിട്ടികൊണ്ടിരുന്നു. മുശാവറ നടക്കുന്ന സമയത്ത് അലിക്കുഞ്ഞ് മൗലവിയും സംഘവും തച്ചറക്കല്‍ ഇബ്രാഹീം ഹാജിയുടെ റൂമില്‍ നിന്ന് കോഴിക്കോട് സമസ്ത ഓഫീസിലേക്കു ഫോണ്‍ ചെയ്തു. സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളറിയാനായിരുന്നു വിളി. ഇപ്പുറത്ത് ഫോണെടുത്തത് സാക്ഷാല്‍ തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍. ഇടതുപക്ഷ എം.എല്‍.എയും ഗുണ്ടകളും അന്നേരം ഉസ്താദുമാരെ ഘരാവോ ചെയ്ത് പോലീസ് സഹായത്തോടെ അവര്‍ രക്ഷപ്പെട്ട സമയമായിരുന്നു. തൊഴിയൂരിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു. ”ഇവിടെ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നു. നേതാക്കള്‍ രക്ഷപ്പെട്ടു. അവര്‍ രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ നമുക്ക് അവരുടെ മയ്യിത്ത് നിസ്‌ക്കരിക്കേണ്ടി വരുമായിരുന്നു.” ഈ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് സുന്നി സെന്ററുകളുടെ നേതൃത്വത്തില്‍ യു.എ.ഇയിലുടനീളം സമസ്ത വിശദീകരണങ്ങള്‍ നടന്നു. ശംസുല്‍ ഉലമ ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ തന്നെയായിരുന്നു വിശദീകരണ യോഗത്തിനായി യു.എ.ഇയിലെത്തിയത്.
സമസ്തയുടെ നിരവധി സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഔഖാഫിന്റെ അനുമതിയോടെ വിവിധ സഹായങ്ങള്‍ ലഭിക്കാന്‍ കാരണക്കാരായ അറബ് പ്രമുഖരായ ശൈഖ് ഹിശാം ബുര്‍ഹാനി, ശൈഖ് ബശീര്‍ ശഖഫ തുടങ്ങിയവരെ സമീപിക്കാനും അവരെ സ്വാധീനിക്കാനും മുന്നില്‍ നിന്നത് അലിക്കുഞ്ഞ് മൗലവിയായിരുന്നു. അദ്ദേഹം തന്റെ ബന്ധങ്ങളും സ്വാധീനങ്ങളും വ്യക്തിപരമായി ഉപയോഗിക്കാതെ സംഘടനക്കും സമുദായത്തിനുമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
സംസാരത്തിനിടയില്‍ അലിക്കുഞ്ഞ് മൗലവിയുടെ ഓര്‍മകള്‍ വീണ്ടും പിന്നോട്ടു പോയി. പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അവസാന കാലത്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് അനന്തരാവകാശ നിയമത്തെ സംബന്ധിച്ച് ആരെങ്കിലും സംശയം ചോദിച്ചു വന്നാല്‍, നിങ്ങള്‍ പൊന്നിണിയുടെ അടുത്തു പോവുക. അദ്ദേഹം പറഞ്ഞു തരും. അവര്‍ നേരെ ഉപ്പയുടെ അടുത്തു വരും. ഉപ്പ മസ്അല കടലാസില്‍ എഴുതിക്കൊടുക്കും. അതുനേരെ പുതിയാപ്പിളയെ കാണിക്കാന്‍ നിര്‍ദേശിക്കും. അദ്ദേഹമതു വായിച്ച് ശരിവക്കും. പുതിയാപ്പിളയില്‍ നിന്ന് ഫാത്തിഹയുടേയും നാരിയ്യ സ്വലാത്തിന്റെയും അലംനശ്‌റഹിന്റെയും ഇജാസത്ത് കിട്ടിയിരുന്നു അലിക്കുഞ്ഞ് മൗലവിക്ക്.
അബൂദാബിയില്‍ സി.എച്ച് മുഹമ്മദ് കോയ തന്റെ അവസാന കാലത്ത് ചന്ദ്രികയുടെ കടംവീട്ടാനായി പിരിവിനു വന്നു. മദ്രസത്തുല്‍ കിന്ദിയിലായിരുന്നു സ്വീകരണം ഒരുക്കിയത്. കൂടെ സീതി ഹാജിയുമുണ്ടായിരുന്നു. അന്ന് സി.എച്ച് പറഞ്ഞു: ”ഞാന്‍ എന്റെ ജീവനുള്ള മയ്യിത്തുമായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്. ഇനി ഞാന്‍ ഇങ്ങോട്ടു വന്നേക്കില്ല. എന്റെ കൂടെ സീതി ഹാജിയുമുണ്ട്. ചന്ദ്രികക്ക് വലിയ സംഖ്യ കടബാധ്യതയുണ്ട്. നിങ്ങള്‍ സഹായിക്കണം.” ഇതു പറഞ്ഞാണ് സി.എച്ച് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് വിപുലമായി വളര്‍ന്നു പന്തലിച്ച മാലിക് ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ തുടക്കം മുതല്‍ പി.എ സൈദ് മുഹമ്മദ് ഹാജിയുടെ നിഴലായി അലിക്കുഞ്ഞ് മൗലവിയുണ്ടായിരുന്നു. കൂടെ എന്നും ഓര്‍മിക്കേണ്ട ഹൈദര്‍ സാഹിബ് മാരേക്കാട്, തിരുവത്ര കരീം ഹാജി തുടങ്ങിയ പ്രമുഖരും. എം.ഐ.സിയുടെ ആസ്ഥാനം തൃശൂരില്‍ സ്ഥാപിക്കപ്പെട്ട തുടക്കത്തില്‍ മസ്ജിദില്‍ ഖത്തീബായി സേവനം ചെയ്യാന്‍ മുന്നിട്ടു വന്ന അദ്ദേഹം, ഉസ്താദ് ഓണംപിള്ളി മുഹമ്മദ് ഫൈസി എം.ഐ.സിയില്‍ ചാര്‍ജെടുക്കുന്നതു വരെ ആ സേവനം തുടര്‍ന്നു. കൂടാതെ കളമശ്ശേരി മര്‍ക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ തന്നെ മൗലവിയുണ്ടായിരുന്നു. സുന്നി യുവജന സംഘം എറണാകുളം ജില്ല പ്രസിഡന്റായി സംഘടനാ രംഗത്ത് അദ്ദേഹം തന്റെ മുദ്ര ചാര്‍ത്തി. ചെമ്മാട് ദാറുല്‍ ഹുദ, വളാഞ്ചേരി മര്‍ക്കസ്, കരുവാരകുണ്ട് ദാറുന്നജാത്ത് തുടങ്ങി വിവിധ വൈജ്ഞാനിക സംരംഭങ്ങളുടെ നിര്‍മാണ ഘട്ടത്തില്‍ അലിക്കുഞ്ഞ് മൗലവിയുടെ വാക് വൈഭവം ഏറെ സഹായകമായിട്ടുണ്ട്. കൂടാതെ സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും സമ്മേളനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സേവനങ്ങളും സഹായങ്ങളും വളരെ വലുതായിരുന്നു. പുതിയ തലമുറയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് വലിയ പ്രചോദനമായിരുന്ന അദ്ദേഹം, തന്റെ വീടിനോരു ചാരിത്തന്നെ സമസ്തയുടെ ജില്ലാ കാര്യാലയം ഒരുക്കുന്നതിലും മുന്നില്‍ നിന്നു. 2021 മെയ് 31 ന് ആ സംഭവബഹുലമായ ജീവിതത്തെ അല്ലാഹു തിരിച്ചു വിളിച്ചു.
അബ്ദുസ്സമദ് ടി കരുവാരകുണ്ട്