arrow_back സത്യധാര ഹോം Sathyadhara
ലീഡ് check_circle FREE

കലിപ്പിന്റെ കലയല്ല സൂഫിസം

ശ
ശുഐബുൽ ഹൈതമി arrow_forward
28 October 2026 · 5 വായനകൾ

സൂഫിസം എന്ന തലക്കെട്ടിന് ചുവട്ടിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ചർച്ചകളെയും പ്രതികരണങ്ങളെയും അഞ്ച് തലങ്ങളിലേക്കൊതുക്കാം. ഒന്ന്: സൂഫിസം എന്ന ഇസ്ലാമികപദം സെക്യുലററൈസ് ചെയ്യപ്പെട്ട് പൊതുപദമായി രൂപപ്പെട്ട സാഹചര്യവും അവ തമ്മിലുള്ള വ്യത്യാസവും ഈ ചർച്ചയിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. രണ്ട്: ചില മതേതര സൂഫികളിപ്പോൾ മാർഗദർശകരായി വാഴ്ത്തുന്ന ജലാലുദ്ദീൻ റൂമി, ഉമർ ഖയ്യാം തുടങ്ങിയവർ ഇസ്ലാമിക വിശ്വാസശാസ്ത്രത്തിന്റെ നിർണയങ്ങൾ ആത്യന്തികമായി ലംഘിക്കാതെ വിധിവിലക്കുകളെ ഉൾക്കൊണ്ടവരായിരുന്നു. മൂന്ന്: പ്രച്ഛന്ന യുക്തിവാദികളായ ലിബറൽ സൂഫികളുടെ പുറപ്പാടുകൾ അവസരമാക്കി ഇസ്ലാമിന്റെ ആത്മസൗന്ദര്യമായ ആത്മീയ ദർശനത്തെ നിരാകരിക്കണമെന്ന പ്യൂരിറ്റാനിസ്റ്റ് വായന അവസരവാദപരമായ വെടക്കാക്കി തനിക്കാക്കലാണ്. നാല്: ട്രഡീഷണൽ കേരള മുസ്ലിംകൾ ലോക മുസ്ലിംകളിലേക്ക് ചേർന്ന് വിശ്വസിക്കുന്ന നിർവചിക്കപ്പെട്ട അല്ലാഹുവിലും മുഹമ്മദ്(സ്വ)എന്ന വ്യക്തിയുടെ രിസാലത്തിലും വിശ്വസിക്കാതെ അവ്യക്തമായ ജൽപനങ്ങൾ പറയുന്ന, പ്രസ്തുത വിശ്വാസ ഗാത്രത്തിന്റെ സാംസ്‌കാരിക ശീലങ്ങളെ പ്രശ്നവത്കരിക്കുന്നവവർക്ക് സ്വന്തം വിശ്വാസം മൗലികമായി നിർവചിച്ച് വിശദീകരിക്കാൻ ബാധ്യതയുണ്ട്. അഞ്ച്: കാർണിവൽ മോഡിലുള്ള സെമി ലിബറലിസം കൊണ്ടുണ്ടാക്കിയ ഇസ്ലാമിനെ വെച്ച് തനി ലിബറലിസത്തെ മറികടക്കാൻ ശ്രമിക്കേണ്ട ആന്തരിക ദാരിദ്ര്യം ഇസ്ലാമിനില്ല.

 

എന്തല്ല സൂഫിസം ?

 

തസവ്വുഫ് എന്നാൽ ആത്മവും ആത്മീകവുമായ സംസ്‌കരണ പ്രക്രിയയെ സൂചിപ്പിക്കുന്ന സാങ്കേതിക സംജ്ഞയാണ്. മനുഷ്യാസ്തിത്വത്തിന് ശാരീരികത, ബൗദ്ധിതകത, ആത്മീയത എന്നിങ്ങനെ പരസ്പരപൂരകങ്ങളായ മൂന്ന് തലങ്ങളുണ്ട്. ചരിത്രപരമായി ഇസ്ലാമിക ലോകത്ത് തസവ്വുഫീ ആക്ടീവിസം എന്ന അർഥത്തിലും ആ പ്രകിയയുടെ നാമരൂപമായും സൂഫിസം എന്നപദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എങ്കിലുമിപ്പോൾ ആധുനിക അക്കാദമിക പഠനങ്ങളിലും സാമൂഹിക വ്യവഹാരങ്ങളിലും ആ പദത്തിന് ബാഹ്യ വ്യാഖ്യാനങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, കൊളോണിയൽ ഓറിയന്റലിസ്റ്റ് സമീപനങ്ങളിലൂടെ രൂപപ്പെട്ട മതേതര വ്യാഖ്യാനമാണ്. Carl W. Ernst തന്റെ The Shambhala Guide to Sufism എന്ന കൃതിയിൽ വ്യക്തമാക്കുന്നതു പോലെ, വില്യം ജോൺസ് അടക്കമുള്ള പാശ്ചാത്യ ഓറിയന്റലിസ്റ്റുകൾ ഇസ്ലാമിനെ കേവലം നിയമ കേന്ദ്രീകൃതവും യാഥാസ്ഥിതികവുമായ മതമായി മുൻവിധിയോടെ സമീപിച്ചപ്പോൾ വെല്ലുവിളിയായി വന്ന പൗരസ്ത്യ ഇസ്ലാമിലെ ഉന്നതമായ ആത്മീയ സൗന്ദര്യങ്ങളെയും കവന ഭാവനാശങ്ങളെയും ഇസ്ലാമിന്റെ യഥാർഥ അടിത്തറയിൽ നിന്ന് അടർത്തിമാറ്റി (DeIslamization) 'സൂഫിസം' എന്ന പേരിൽ വേർതിരിച്ച് അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് പ്രസ്തുത സെക്യുലറൈസ്ഡ് സൂഫിസം മതേതരമായ സാർവലൗകിക സത്യാന്വേഷണമെന്ന ട്രാൻസെൻഡന്റലിസവുമായും സർവമത സത്യവാദപരമായ പെരിനിയൽ ഫിലോസഫിയുമായും ലയിപ്പിക്കപ്പെട്ടു. പാശ്ചാത്യരിൽ റെനെ ഗെനോൻ, ഫ്രിത്‌ജോഫ് ഷുഓൻ, മാർട്ടിൻ ലിങ്‌സ് തുടങ്ങിയവർ ഇതിന് അടിത്തറയിട്ടപ്പോൾ ആഗോളതലത്തിൽ ബൗദ്ധിക പ്രചാരം നൽകിയത് സയ്യിദ് ഹുസൈൻ നസ്ർ അടക്കമുള്ള മുസ്ലിം നാമധാരികളായ അക്കാദമീഷ്യന്മാരാണ്. ഹുസൈൻ നസ്ർ, തന്റെ Ideals and Realities of Islam ,Knowledge and the Sacred ,Sufi Essays തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ സൂഫിസത്തെ അദ്വൈത വേദാന്തവുമായും പാശ്ചാത്യ എസൊട്ടറിസിസവുമായും കൂട്ടിയിണക്കി ഒരു സാർവലൗകിക ആത്മീയതയായി അവതരിപ്പിച്ചു. അതുപോലെ, ഇനായത്ത് ഖാൻ സ്ഥാപിച്ച 'സൂഫി ഓർഡർ ഇൻ ദ വെസ്റ്റ്' പോലുള്ള മൂവ്‌മെന്റുകൾ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് പൂർണമായും വേർപെട്ട, എല്ലാ മതഗ്രന്ഥങ്ങളും വിശ്വസിക്കുന്ന ഒരു സർവമത സൂഫിസത്തെയാണ് പ്രചരിപ്പിച്ചത്. ആധുനിക ഇറാനിയൻ ചിന്തകനായ അബ്ദുൽ കരീം സോറൂഷ് ബഹുസ്വരതയും സാംസ്‌കാരിക വിനിമയവും അസ്ഥാനത്ത് ഉയർത്തിക്കാണിച്ച് മതേതര സൂഫിസത്തിന് താത്വിക രൂപംനൽകി. ചുരുക്കത്തിൽ, ഇന്ന് നമ്മുടെ നാട്ടിൽ കാണപ്പെടുന്ന സർവവേദാന്ത സൂഫീ ചർച്ചകൾ നടേപ്പറയപ്പെട്ട ആഗോള ധാരകളുടെ പ്രാദേശിക വകഭേദങ്ങളും ഇസ്ലാമിന്റെ തനതായ അടിസ്ഥാനങ്ങളിൽ നിന്ന് സൂഫിസത്തെ സെക്കുലറൈസ് ചെയ്ത വേദാന്തപൗരോഹിത്യവും വ്യക്തികേന്ദ്രീകൃത വ്യാഖ്യാന ലീലകളും മാത്രമാണ്. സെക്കുലർ സൂഫിസത്തിന്റെ മറ്റൊരുധാര, ക്ലാസിക്കൽ ഗ്രീക്ക് ചിന്തയിലെ പോസ്റ്റ്-സോക്രട്ടിക് പ്രവണതകളുമായി സൂഫിസത്തെ സാദൃശ്യപ്പെടുത്തുന്ന വായനയാണ്. ഗ്രീക്ക് തത്വചിന്തയിൽ ആന്റിസ്തനീസ്, ഡയോജനിസ് തുടങ്ങിയവർ മുന്നോട്ടുവെച്ച സിനിസിസം, മിനിമലിസം തുടങ്ങിയ തത്വങ്ങൾ സാമൂഹിക ദുർനടപ്പുകൾക്കും ജീർണതകൾക്കും എതിരെയുള്ള പരിത്യാഗബോധമായിരുന്നു. സമാനമായ രീതിയിൽ, ഇസ്ലാമിക ചരിത്രത്തിലെ സൂഫിസത്തെ സാമൂഹിക വ്യവസ്ഥകളോടുള്ള കലാപമായി വ്യാഖ്യാനിച്ച് ജനറലൈസ് ചെയ്യപ്പെടുകയുണ്ടായി. പിൽകാലത്ത് ഈ ധാര സംഗീതം, നൃത്തം തുടങ്ങിയ ബാഹ്യാവിഷ്‌കാരങ്ങളിലേക്ക് മാത്രമായി ഒതുങ്ങുകയും, സാമൂഹിക ബാധ്യതകളിൽ നിന്ന് മാറിനിൽക്കുന്ന ഒരു ഗൂഢരഹസ്യവാദമായി (Esotericism) സാമൂഹികമായ അദൃശ്യത വരിക്കുകയും ചെയ്തു. എന്നാൽ, ശുദ്ധമായ ഇസ്ലാമിക തസവ്വുഫ് ഇത്തരം വേദാന്ത-സിൻക്രെറ്റിക് സമന്വയങ്ങളിലോ പാശ്ചാത്യ സെക്കുലർ നിർമിതികളിലോ രൂപപ്പെട്ട ഒന്നല്ല; മറിച്ച് അത് വിശുദ്ധ ഖുർആനിലും 'ഹദീസു ജിബ്രീലിലും' നിർവചിക്കപ്പെട്ട 'ഇഹ്‌സാൻ' എന്ന പ്രമാണബദ്ധമായ അടിത്തറയിൽ വേരൂന്നിയതാണ്. അഗോചരനും പ്രപഞ്ചാതീതനുമായ അല്ലാഹുവിനെ ഭൗതികലോകത്ത് വെച്ച് കണ്ണുകൾ കൊണ്ട് നേരിൽ കാണാൻ സാധ്യമല്ലെങ്കിലും-അല്ലാഹുവിനെ കാണുന്നുവെന്ന പോലെ നീ ജീവിക്കുക; കാരണം അവനെ നീ കാണുന്നില്ലെങ്കിലും അവൻ സദാ കണ്ടുകൊണ്ടിരിക്കുന്നുണ്ട്-എന്ന പ്രവാചക പാഠമാണ് ഇതിന്റെ കാതൽ. സ്രഷ്ടാവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഈ നിരന്തരമായ ആന്തരിക ജാഗ്രത(മുറാഖബ)വഴി വ്യക്തിയുടെ കർമങ്ങളെയും ചിന്തകളെയും ലോകവീക്ഷണത്തെയും കൂടുതൽ ലളിതവും, സത്യസന്ധവും, നൈതികവുമാക്കി മാറ്റുന്ന പ്രായോഗികവും സാമൂഹിക പ്രതിബദ്ധവുമായ ആത്മീയ സംസ്‌കരണമാണ് യഥാർഥ ഇസ്ലാമിക സൂഫിസം.

 

റൂമിക്കറിയാത്ത മഥ്‌നവി!

 

പതിമൂന്നാം നൂറ്റാണ്ടിലെ ഹനഫീ പണ്ഡിതനും ആത്മീയാചാര്യനുമായ ജലാലുദ്ദീൻ റൂമിയെപ്പോലുള്ള ക്ലാസിക്കൽ പ്രതിഭകളെ അവരുടെ യഥാർഥ ദർശനങ്ങളിൽ നിന്നടർത്തിമാറ്റി പുനർനിർമിക്കുന്ന പ്രവണത ഇവിടെ വ്യാപകമാണ്. ഭാവനാസ്‌ക്യതയും മതവിരുദ്ധ ബോധവും ഒന്നിക്കുന്നവർ ഇവരെ വ്യവസ്ഥാപിത ഇസ്ലാമിക ചട്ടക്കൂടിന് പുറത്തുനിർത്തി, നിയമങ്ങളോ അതിരുകളോ ഇല്ലാത്ത ആത്മഭ്രമങ്ങളുടെ പ്രതീകങ്ങളായി ആഘോഷിക്കുന്നത് ചരിത്രപരമായി ശരിയാവുന്നില്ല എന്നതാണ് പരാതി. റൂമി വിശ്വസിക്കുകയും പാടുകയും ചെയ്തത് വിശുദ്ധ ഖുർആനും തിരുനബി(സ്വ)യും നിർവചിച്ച തൗഹീദിലും രിസാലത്തിലുമാണ്. പ്രപഞ്ച സ്രഷ്ടാവും സർവഗുണസമ്പൂർണനും കർമങ്ങൾക്ക് പ്രതിഫലം നൽകുന്ന പരലോകനാഥനുമായ അല്ലാഹുവിലായിരുന്നു അവരുടെ വിശ്വാസം. സമകാലീന സമൂഹത്തിൽ രൂക്ഷമായി എതിർക്കപ്പെട്ട ഉമർ ഖയ്യാമിനെപ്പോലും കേവലം ഭൗതികവാദിയോ അവിശ്വാസിയോ ആയി ചിത്രീകരിക്കുന്നവർക്ക് മുന്നിൽ അദ്ദേഹം തന്റെ ഗണിതശാസ്ത്ര ഗ്രന്ഥങ്ങളുടെ ആമുഖങ്ങളിലും കവിതകളിലും പ്രഖ്യാപിച്ച പ്രമാണബദ്ധമായ പ്രാർഥനകൾ മറുപടിയാണ്: 'അല്ലാഹുവേ, എന്റെ കഴിവിന്റെ പരമാവധി നിന്നെ തിരിച്ചറിയാൻ ഞാൻ ശ്രമിച്ചിട്ടുണ്ടെന്ന് നീ അറിയുന്നുവല്ലോ; അതുകൊണ്ട് ആ അറിവിന്റെ മാഹാത്മ്യത്താൽ എനിക്ക് നീ പൊറുത്തുതരേണമേ.' റുബാഇയ്യാത്തിൽ തന്നെ ഖയ്യാം മറ്റൊരിടത്ത് പറയുന്നു: 'ഭൗതിക മോഹങ്ങളുടെ ചങ്ങലകളിൽ നിന്ന് മനസ്സിനെ മോചിപ്പിക്കുക; പരലോകത്ത് നാഥന്റെ കോടതിയിൽ കണക്കുബോധിപ്പിക്കേണ്ടി വരുന്ന ആ വിചാരണ ദിവസത്തെ ഭയപ്പെടുക.' റൂമിയാകട്ടെ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പാരമ്പര്യത്തിൽ ഉറച്ചുനിന്ന ഹനഫീ ഫഖീഹും മുഫ്തിയുമായിരുന്നു. അദ്ദേഹത്തിന്റെ വിഖ്യാത മാസ്റ്റർപീസായ 'മസ്‌നവി' പേർഷ്യൻ ഭാഷയിലെ ഖുർആൻ എന്നാണ് പാരമ്പര്യമായി വിശേഷിപ്പിക്കപ്പെടുന്നത്. ഖുർആൻ ആയത്തുകളുടെയും തിരുഹദീസുകളുടെയും ആന്തരിക തലങ്ങളാണ് അതിലെ ഓരോ വരിയും. പ്രവാചകത്വത്തെയും ഖുർആനെയും മുൻനിർത്തി ദിവാനെ ശംസ് തബ്രീസിയിൽ റൂമി അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു: 'ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആന്റെ ദാസനാണ്, അല്ലാഹുവിന്റെ തിരുദൂതരായ മുഹമ്മദ് നബി(സ്വ)തങ്ങളുടെ പാദധൂളിയാണ് ഞാൻ. ഇതല്ലാതെ മറ്റാരെങ്കിലും എന്റെ വരികളെ വ്യാഖ്യാനിച്ചാൽ, അവരിൽ നിന്നും അവരുടെ വാക്കുകളിൽ നിന്നും ഞാൻ ഒഴിഞ്ഞുമാറുന്നു; എനിക്ക് അതിൽ യാതൊരു ബന്ധവുമില്ല.' മസ്‌നവിയിൽ പ്രവാചകാനുധാവനത്തെപ്പറ്റി അദ്ദേഹം അടിവരയിടുന്നു: 'ബുദ്ധിയും യുക്തിവാദവും കേവലം അഹങ്കാരമാണ്; മുസ്തഫയായ തിരുനബി(സ്വ)യുടെ പാതയിൽ സ്വയം സമർപ്പിക്കുക എന്നതാണ് യഥാർഥ രക്ഷ.' എന്നാൽ, ഇവരെ ആഘോഷിക്കുന്ന ആധുനിക ലിബറലുകൾക്ക് റൂമിയുടെ അല്ലാഹുവിലും പ്രവാചകനിലും വിശ്വാസമില്ല. അല്ലാഹുവിനെ കേവലം പ്രകൃതിഭാവമായോ, മുഹമ്മദ് നബി(സ്വ)യെ വെറുമൊരു അവധൂതനായോ കാണുന്നവർ, റൂമിയെയും ഖയ്യാമിനെയും സ്വന്തം അജണ്ടകൾക്ക് മറയാക്കുന്നത് വൈരുദ്ധ്യമാണ്. എഡ്വേർഡ് ഫിറ്റ്സ്ജെറാൾഡ് ഉമർ ഖയ്യാമിന്റെ വരികളെ മദ്യത്തെയും ലൗകിക സുഖങ്ങളെയും പ്രകീർത്തിക്കുന്ന ഭൗതികാസ്വാദന കാവ്യമായി മാറ്റിയെഴുതിയതുപോലെ, കോൾമാൻ ബാർക്‌സ് അടക്കമുള്ള ആധുനിക വിവർത്തകർ റൂമിയുടെ കവിതകളിൽ നിന്നും ഖുർആനിക സംജ്ഞകളെയും പ്രവാചക പരാമർശങ്ങളെയും മനഃപൂർവം മാറ്റിനിർത്തി 'ഡി-ഇസ്ലാമൈസ്ഡ്' ചെയ്ത് അവയെ കേവലം സെക്കുലർ ഫീൽ-ഗുഡ് റൊമാന്റിക് കവിതകളാക്കി ചുരുക്കി. ശരീഅത്ത്, തരീഖത്ത്, ഹഖീഖത്ത് എന്നിവയെ പരസ്പരപൂരകമായാണ് റൂമി പഠിപ്പിച്ചത്. മസ്‌നവി അഞ്ചാം പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു: ശരീഅത്ത് രോഗം മാറ്റാനുള്ള മരുന്നും നിർദ്ദേശവുമാണ്. ത്വരീഖത്ത് ആ മരുന്ന് കഴിച്ച് കൃത്യമായി പഥ്യം പാലിക്കലാണ്. ഹഖീഖത്ത് രോഗത്തിൽ നിന്നുള്ള ആത്യന്തികമായ പൂർണ സൗഖ്യമാണ്. വഴികാണിക്കുന്ന വിളക്കായാണ് റൂമി ശരീഅത്തിനെ മറ്റൊരിടത്ത് ഉപമിക്കുന്നത്. ശരീഅത്ത് നിയമങ്ങൾ പാലിക്കാൻ തോന്നാത്തവർക്ക് അതിന്റെ ന്യായങ്ങൾ ചമയ്ക്കാൻ വേറെ ന്യായങ്ങൾ ഉണ്ടെന്നിരിക്കെ 'മരണപ്പെട്ടവർ ചൂരലുമായി എഴുന്നേറ്റ് വരാറില്ല ' എന്ന ഒറ്റ ധൈര്യത്തിൽ തോന്നിയത് പറയരുത്. അസ്തിത്വപരമായ ജീവൽ ചോദ്യങ്ങൾ ദാർശനികർക്കുള്ളിൽ ഉയരാം. സ്വന്തം വിശ്വാസത്തിന്റെ അടിത്തറ പരിശോധിച്ചുറപ്പു വരുത്തുകയോ അന്വേഷണ വഴിയിൽ പ്രവേശിക്കുകയോ ആവാം. എന്നാൽ, സത്യാന്വേഷണമെന്നാൽ പരാക്ഷേപമോ താൻപോരിമാ വിഭ്രാന്തിയോ അല്ല. വിനയാന്വിതമായ മൗനവും ജീവിതമെന്ന മറുപടിയുമാവും അത്തരം സന്ദർഭങ്ങളിലെ സൂഫീഭാവം. 'അനൽഹഖ്' പോലുള്ള ആത്മജ്ഞാനികളുടെ ഗുപ്താർഥ വാചകങ്ങൾ ജ്ഞാനപക്വതയില്ലാതെ പൊതുവിടത്തിൽ പറയുന്നവർക്ക് അലി ബിൻ ഉസ്മാൻ അൽ-ഹുജ്വീരിയുടെ കശ്ഫുൽ മഹ്ജൂബ് പോലുള്ള ക്ലാസിക് ഗ്രന്ഥങ്ങൾ മരുന്നാണ്. അത്തരം വാക്യങ്ങൾ(ശതഹാത്ത്)ആത്മീയ വിലയനത്തിന്റെ പരകോടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തുവരുന്ന അസാധാരണ വചനങ്ങളാണ്. സാധാരണക്കാരോ അർദ്ധജ്ഞാനികളോ അത്തരം ഉന്നതാവസ്ഥകളിലെ ആത്മീയ വാഗ്പ്രയോഗങ്ങളെ അനുകരിക്കുന്നതും പൊതുവിടങ്ങളിൽ ചർച്ചയാക്കുന്നതും കടുത്ത അവിവേകവും ധാർമിക വ്യതിചലനവുമായാണ് പണ്ഡിതന്മാർ വിലയിരുത്തുന്നത്. ആഴങ്ങളിൽ അലിഞ്ഞുചേർന്ന ആത്മജ്ഞാനികളുടെ വചനങ്ങളെ ബൗദ്ധിക ചർച്ചയാക്കിമാറ്റി സ്വയം ഔന്നത്യം അവകാശപ്പെടുന്നത് വ്യവസ്ഥാപിതമായ ജ്ഞാനശാഖാ മര്യാദകളുടെ ലംഘനമാണ്. മുഹ്‌യിദ്ദീൻ പള്ളികളുടെ പാഠം വെള്ളം വീണ്ടും കലക്കി, സൂഫിസത്തെ ചിലർ ഇസ്ലാമിക പ്രമാണങ്ങളിൽ നിന്ന് വേർപെടുത്തി ദുർവ്യാഖ്യാനം ചെയ്യുന്നുവെന്ന യാഥാർഥ്യം ചൂണ്ടിക്കാട്ടി, ഇസ്ലാമിന്റെ ആത്മാവായ തസവ്വുഫിനെയും ആത്മീയ പാരമ്പര്യത്തെയും പൂർണമായി തള്ളിപ്പറയുന്ന പ്രവണത ഇസ്ലാമിക് പ്യൂരിറ്റാനിസ്റ്റുകൾ നടത്തുന്നത് അവസരവാദപരമാണ്. ദുരുപയോഗങ്ങളെ മുൻനിർത്തി ഒരു ദർശനത്തിന്റെ കാതലിനെത്തന്നെ നിരാകരിക്കുകയാണവർ.

 

ആത്മസംസ്‌കരണത്തിന്റെ വഴികാട്ടികളായ ത്വരീഖത്തുകളും, അവയിലൂടെ രൂപപ്പെട്ട സാത്വിക മുന്നേറ്റങ്ങളും ഇസ്ലാമിക ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിന്റെ വെളിച്ചം പടർന്നത് തങ്ങളുടെ ഉദാത്തമായ ജീവിതം മുന്നിർത്തി സാമൂഹിക സേവനം നിർവഹിച്ച സൂഫികളുടെ സഞ്ചാരങ്ങളിലൂടെയായിരുന്നുവെന്ന് ചരിത്രകാരനായ തോമസ് ആർനോൾഡ് തന്റെ ദ പ്രീച്ചിംഗ് ഓഫ് ഇസ്ലാം എന്ന വിഖ്യാത പഠനത്തിലും, റിച്ചാർഡ് എം. ഈറ്റൺ തന്റെ സൂഫീസ് ഓഫ് ബിജാപൂർ, ദ റൈസ് ഓഫ് ഇസ്ലാം ആൻഡ് ദ ബംഗാൾ ഫ്രോണ്ടിയർ തുടങ്ങിയ ഗ്രന്ഥങ്ങളിലും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ദക്ഷിണേഷ്യൻ സമൂഹങ്ങളിലും ഇസ്ലാം ജനകീയമായത് അവിടങ്ങളിലെത്തിയ സൂഫികളുടെ സാമൂഹിക വീക്ഷണങ്ങൾ അനുഭവിച്ചാണ്. കേരളത്തിലും ജാതിവ്യവസ്ഥ കൊടികുത്തിവാണ കാലത്ത് അധഃസ്ഥിത ജനവിഭാഗങ്ങളെ ഇസ്ലാമിലേക്ക് ആകർഷിച്ചത് ഈ സൂഫി മാനവികതയാണ്. മനുഷ്യരെല്ലാം വിജാതീയരായി ആത്മാവിന്റെ(റൂഹ്)തലത്തിൽ തുല്യരാണെന്നും, സ്രഷ്ടാവായ ഏകദൈവത്തിന്റെ മുന്നിൽ ഏവരുടെയും ജീവനും അന്തസ്സിനും ഏകമൂല്യമാണെന്നുമുള്ള ദർശനമാണ് അവർ പങ്കിട്ടത്. മമ്പുറം സയ്യിദ് അലവി തങ്ങൾ അടക്കമുള്ളവരുടെ അടുക്കലേക്ക് ജാതി പീഡിതർ ഓടിയെത്തിയതും ഇസ്ലാമാശ്ലേഷം നടത്തിയതും രാഷ്ട്രീയ ഇസ്ലാം കണ്ടിട്ടല്ല, സൂഫീ ഇസ്ലാം അനുഭവിച്ചാണ്. കേരളത്തിന്റെ ഗ്രാമന്തരങ്ങളിൽ ഇന്നും തലയുയർത്തിനിൽക്കുന്ന പള്ളികളിൽ സിംഹഭാഗവും 'മുഹ്യിദ്ദീൻ ജുമുഅ മസ്ജിദ്' ആയത് സൂഫീ പാരമ്പര്യവും ഖാദിരിയ്യ ധാരയും ഈ നാടിന്റെ ഇസ്ലാമിക രൂപീകരണത്തിൽ എത്രമാത്രം വേരൂന്നിയിരുന്നുവെന്നതിന്റെ അനിഷേധ്യമായ അടയാളമാണ്. സൂഫികൾ എന്നാൽ കേവലം 'എൻലൈറ്റൻമെന്റ് ഓഫ് സോൾ' മാത്രം ലക്ഷ്യമാക്കി ഖാൻഖാഹുകളിൽ ഒതുങ്ങിക്കൂടിയവരായിരുന്നു എന്ന ചിത്രീകരണവും വസ്തുതാ വിരുദ്ധമാണ്. ലൗകിക വിരക്തിയോടെ കഴിഞ്ഞ സാത്വികർക്കൊപ്പം തന്നെ, ജീവകാരുണ്യത്തിലും സാമൂഹിക നീതിയിലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലും മുൻനിരയിൽ നിന്നവരുമുണ്ട്. ഇന്ത്യയിൽ ദരിദ്രർക്ക് അന്നമൂട്ടാൻ 'ലങ്കറു'കൾ തുറന്ന ഖാജാ മുഈനുദ്ദീൻ ചിശ്തിയും, ഭരണാധികാരികളുടെ തിന്മകൾക്കെതിരെ നിലകൊണ്ട നിസാമുദ്ദീൻ ഔലിയയും ഇതിന്റെ തെളിവാണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ആത്മീയത പകർന്നുനൽകിയ ഊർജം ചെറുതല്ല; അൾജീരിയയിൽ ഫ്രഞ്ചുകാർക്കെതിരെ പൊരുതിയ അമീർ അബ്ദുൽ ഖാദിർ അൽ-ജസാഇരിയും, കോക്കസസിൽ പോരാടിയ ശൈഖ് ശാമിലും സൂഫി സരണിയുടെ നായകന്മാരായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും മലബാർ വിപ്ലവത്തിലും ഈ ആത്മീയ സായൂജ്യം ജ്വലിച്ചുനിന്നു. ബ്രിട്ടീഷ് രേഖകൾ തന്നെ ഇതിന് സാക്ഷ്യം നൽകുന്നുണ്ട്; 1921-ലെ മലബാർ സമര ചരിത്രം രേഖപ്പെടുത്തുന്ന കൊളോണിയൽ കോടതി രേഖകളിൽ തിരൂരങ്ങാടിയിൽ ആലി മുസ്ലിയാരെ അനുഗമിക്കാൻ പുറപ്പെട്ട മാപ്പിള പോരാളികൾ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മലയിൽ മമ്മുവിന്റെ വീട്ടിൽ ഒത്തുകൂടി ഖുതുബിയ്യത്ത് ചൊല്ലി മുഹ്യിദ്ദീൻ ശൈഖിനെ ഇടയാക്കി പ്രാർഥിച്ച് ആത്മവീര്യം സംഭരിച്ചാണ് യാത്ര തിരിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. (മലബാർ റെബല്ലിയൻ സ്‌പെഷ്യൽ ട്രിബ്യൂണൽ കേസ് രേഖകൾ-Case No. 7/1921)

 

ലിബറൽ സൂഫികളും വേദാന്ത ആത്മീയവാദികളുമാണ് സമൂഹത്തിൽ സൗഹാർദ്ദം ഉണ്ടാക്കുന്നത് എന്നൊരു പൊതുധാരണയുണ്ടെങ്കിൽ അത് തികച്ചും ചരിത്ര വിരുദ്ധമാണ്. വ്യവസ്ഥാപിത ശരീഅത്തിൽ ജീവിച്ച യഥാർഥ സൂഫികൾക്കൊപ്പമായിരുന്നു ചരിത്രത്തിലുടനീളം സർവ ജനവിഭാഗങ്ങളും അണിനിരന്നത്. മുസ്ലിംകളെക്കാളുപരി അമുസ്ലിം സഹോദരങ്ങൾ ചിലപ്പോൾ സൂഫികളെ സ്‌നേഹിക്കുകയും പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആത്മജ്ഞാനികൾ സ്വന്തം പേരുകളേക്കാൾ, അവർ ജീവിച്ച് ജനസേവനം നടത്തിയ നാടുകളുടെ പേരിലാണ് അറിയപ്പെടുന്നത് എന്നതുതന്നെ ഈ സാർവത്രിക ജനസ്വീകാര്യതയുടെ ഏറ്റവും വലിയ തെളിവാണ്. ഓത്തും ബൈത്തും മൗലിദ്-റാത്തീബുകളും, നാടൻ താള-ലയങ്ങളും പ്രാദേശിക സംസ്‌കാരങ്ങളിലേക്ക് ഇണക്കിച്ചേർത്താണ് സൂഫികളിവിടെ ഇസ്ലാമിന് ജനകീയവും സാംസ്‌കാരികവുമായ സൗന്ദര്യം പകർന്നത്. സൂഫീ ആധ്യാത്മിക രചനകളില്ലാതെ മലയാള സാഹിത്യം സമ്പൂർണമാവില്ല. ചുരുക്കത്തിൽ, ലിബറലുകൾ തങ്ങളുടെ അജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്നു എന്ന ന്യായമുയർത്തി തസവ്വുഫിനെ ഒന്നടങ്കം തള്ളിപ്പറയുന്ന പ്യൂരിറ്റൻ സമീപനം ശരിയല്ല. ബാഹ്യമായ ശരീഅത്ത് നിയമങ്ങളും ആന്തരികമായ ഹൃദയവിശുദ്ധിയും ഒത്തുചേരുമ്പോഴാണ് ഇസ്ലാം പൂർണമാകുന്നത്. പുകയല്ല, പ്രകാശമാവണം വഴി. അവ്യകതകളുടെ പുകപടലങ്ങൾ നീക്കി തങ്ങളുടെ വിശ്വാസവീക്ഷണങ്ങൾ മറ്റുള്ളവരെ പഴിചാരാതെ മൗലികമായി സമർപ്പിക്കാൻ സെക്യൂലർ സൂഫികൾക്ക് പറ്റാത്ത കാലത്തോളം അതൊരു ജ്ഞാനമലിനീകരണം മാത്രമാണ്. ഇവിടെ ഉയരുന്ന കാതലായ ചോദ്യം സെക്യുലർ സൂഫികളുടെ വിശ്വാസപരമായ ഫ്രൈം ഏതാണെന്നതാണ്. ഇത്തരക്കാർ യഥാർഥത്തിൽ ട്രഡീഷണൽ മുസ്ലിം സമൂഹത്തെ നവോഥാനം ചെയ്യുകയാണോ, അതോ ഇസ്ലാമിക പ്രമാണങ്ങൾക്ക് പുറത്ത് തികച്ചും സമാന്തരമായ മറ്റൊരു വിശ്വാസഗാത്രത്തെ സ്ഥാപിക്കുകയാണോ എന്നവർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. കാരണം, അവരെ കേൾക്കുകയും വായിക്കുകയും ചെയ്യുന്നവർക്ക് അവരുടെ വിശ്വാസം എന്താണെന്ന് അറിയില്ല. പൊതുവായി ഇസ്ലാമിൽ വിശ്വസിക്കപ്പെടുന്ന തത്വങ്ങളെ അവർ നിരാകരിക്കുന്നുവെന്നേ അറിയൂ. സെക്യൂലർ സൂഫികൾ വിഭാവനം ചെയ്യുന്ന 'ദൈവം' വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ പ്രപഞ്ചനാഥനല്ല; അവരുടെ പ്രവാചകൻ ഇസ്ലാമിലെ അന്ത്യദൂതനുമല്ല. ദൈവസങ്കൽപത്തിലും രിസാലത്തിലും പരലോകചിന്തയിലുമൊക്കെ ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ പരിഹാസപൂർവം നിരാകരിച്ച് സ്വന്തമായ ചില സാങ്കൽപിക ഭാവങ്ങളിൽ ജീവിക്കുന്നവർ പരമ്പരാഗത വിശ്വാസികളുടെ പരിഷ്‌കരണവാദികളായി സ്വയം അവരോധിക്കുന്നതിന്റെ സാംഗത്യമെന്താണ്? മറ്റൊരു ദൈവബോധവും ജീവിതരീതിയുമാണ് തങ്ങളുടേതെങ്കിൽ അവർക്ക് തികച്ചും സ്വതന്ത്രമായൊരു സാമൂഹികവൃത്തം നിർമിക്കാമല്ലോ; മറിച്ച്, പരമ്പരാഗത വിശ്വാസികൾക്കിടയിൽ കടന്നുവന്ന് ഇസ്ലാമിക സംജ്ഞകളെ ദുർവ്യാഖ്യാനം ചെയ്ത് ആത്മീയ അരാജകത്വം വിതറുന്നത് ബൗദ്ധികമായ സത്യസന്ധതയില്ലായ്മയല്ലാതെ മറ്റെന്താണ് ? മറ്റുള്ളവരുടെ മതവായനകളെ പൗരോഹിത്യം എന്ന് നൃശംസിച്ച് കവിക്ക് പോലുമറിയാത്ത കവിതാനിരൂപണം നടത്തുകയും മറ്റൊരു മതവിശ്വാസം നിർമിക്കുകയും ചെയ്യുന്നവരല്ലേ യഥാർഥ പുരോഹിതർ ?

 

സെക്കുലർ വൃത്തങ്ങളിൽ സ്വീകാര്യത നേടുന്നതിനായി ആത്മചരിത്രങ്ങളെയും പാരമ്പര്യങ്ങളെയും നേതൃത്വത്തെയും അപഹസിക്കുകയും വ്യവസ്ഥാപിത സാമൂഹിക മുന്നേറ്റങ്ങളെ റദ്ദ് ചെയ്യുകയും ചെയ്യുന്ന ശൈലി സൂഫീഭാവങ്ങളുടെ നേർവിപരീതമാണ്. ഇത്തരക്കാർക്ക് മാതൃകയാക്കാൻ ഒരുദാഹരണം പറയാം. കഴിഞ്ഞദിവസം, ഡൽഹിയിലെ സമരവേദിയിൽ വെച്ച് ഒരു ദളിത് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് ഭാഷാശുദ്ധി കണ്ട് 'ദളിതയായിട്ടും എങ്ങനെയിത്ര സ്വാഭാവികമായി ഇംഗ്ലീഷ് സംസാരിക്കുന്നു?' എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, 'ദളിതർക്ക് ഇംഗ്ലീഷ് സംസാരിക്കാൻ എന്താണ് തടസ്സം? അത് ഞങ്ങളുടെ കഠിനാധ്വാനവും ആർജവവുമാണ്' എന്നായിരുന്നു ആത്മാഭിമാനത്തോടെയുള്ള അവളുടെ മറുപടി. എന്നാൽ, സമാനമായ സാഹചര്യങ്ങളിൽ, പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന ഈ സൂഫീലിബറലുകൾ തങ്ങളുടെ സമുദായ ചരിത്രത്തെ ബോധപൂർവം ഇകഴ്ത്തിക്കെട്ടാനാണ് ശ്രമിക്കുന്നത്. സമുദായ നേതൃത്വവും യാഥാസ്ഥിതികതയും ഞങ്ങളെ ഇരുട്ടിൽ തളച്ചിടുകയായിരുന്നു; എല്ലാറ്റിനെയും ധിക്കരിച്ച് തനിച്ചു പൊരുതിയാണ് ഞങ്ങൾ മുന്നേറിയത് എന്ന ആഖ്യാനത്തിലൂടെ മുസ്ലിം ധൈഷണിക യജ്ഞങ്ങളെയും വികാസങ്ങളെയും അവർ അദൃശ്യവത്കരിക്കുന്നു. ഫ്രാൻസ് ഫാനോൺ തന്റെ Black Skin, White Masks എന്ന കൃതിയിൽ വിശകലനം ചെയ്യുന്ന ആന്തരികവത്കരിക്കപ്പെട്ട അപകർഷതാ ബോധവും അധീശവർഗ പ്രീതിക്കായുള്ള സ്വത്വബലിയും തന്നെയാണ് ഇവിടെയും ദൃശ്യമാകുന്നത്.

 

താത്വികമായി, നിരുപാധികമായ സമഭാവന, ആരോടും ശത്രുതയില്ലായ്മ, അധികാരങ്ങളോടുള്ള വിരക്തി തുടങ്ങിയ മിസ്റ്റിക് പദാവലികൾ ഭംഗിക്ക് പറയുന്ന ഇത്തരക്കാർ കാര്യത്തോടടുക്കുമ്പോൾ തനി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും സ്വന്തത്തെ കുറിച്ച് മൗനം പാലിച്ച് ശത്രുക്കളെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നതുമൊക്കെ എന്തുമാത്രം ദയനീയമാണ്. സ്വന്തം കാഴ്ചപ്പാടുകൾ മാത്രമാണ് അന്തിമ സത്യമെന്നും, പരമ്പരാഗത വിശ്വാസിസമൂഹം വെറും അന്ധവിശ്വാസികളാണെന്നും വരുത്തിത്തീർക്കാനുള്ള തികഞ്ഞ അസഹിഷ്ണുതയാണ് ഇവർ പ്രകടിപ്പിക്കുന്നത്. നിർമിത ശത്രുക്കളെ പറഞ്ഞുണ്ടാക്കിയും അവർക്കെതിരെ നിഴൽ യുദ്ധം നടത്തി മാത്രം പിടിച്ചുനിൽക്കേണ്ടി വരികയും സ്വന്തം കാഴ്ച്ചപ്പാട് പറയാൻ അപരവീക്ഷണങ്ങളെ റദ്ദുചെയ്യാതെ വഴിയില്ലെന്നാവുകയും ചെയ്യുന്നത്ര ദയനീയമല്ല സൂഫിസം. വൃണപ്പെടാൻ ക്യൂ നിൽക്കുന്ന കുറേ വികാരങ്ങളും ചോദ്യങ്ങളില്ലാത്ത റെഡിമെയ്ഡ് ഉത്തരങ്ങളുമല്ല സൂഫിസം. 'മതപണ്ഡിതന്മാർ സമുദായത്തെ വിജ്ഞാനത്തിൽ നിന്നും നവോഥാനത്തിൽ നിന്നും പിന്നോട്ടടിച്ചു' എന്ന ഇവരുടെ വാദം ചരിത്രപരമായ അസംബന്ധമാണ്. വാസ്തവത്തിൽ കേരള മുസ്ലിംകൾക്കിടയിൽ സ്‌കൂളുകളും ഉന്നത കലാലയങ്ങളും സമന്വയ വൈജ്ഞാനിക സ്ഥാപനങ്ങളും പടുത്തുയർത്തി പെൺകുട്ടികളടക്കമുള്ള വലിയൊരു തലമുറയെ ആധുനിക അക്കാദമിക രംഗത്തേക്ക് കൈപിടിച്ചുയർത്തിയത് പരമ്പരാഗത പണ്ഡിത നേതൃത്വമാണ്. ഈ ലിബറൽ ആവാസവ്യവസ്ഥയേക്കാൾ സർഗാത്മകവും ജൈവികവുമായ വിദ്യാഭ്യാസ വിപ്ലവമാണ് പാരമ്പര്യ സമൂഹത്തിനകത്ത് ഇതിനകം സംഭവിച്ചിട്ടുള്ളത്. അതിനകത്ത് ജീവിക്കുന്നവരുടെ സൗമ്യതയോ അവധാനതയോ കൃത്യമായ കാഴ്ച്ചപ്പാടുകളോ അവർ സോകോൾഡ് സൂഫികൾ അല്ലാതിരുന്നിട്ടും ഈ ഒച്ചപ്പാടുകൾ ഉണ്ടാക്കുന്ന അഭിനവ സൂഫികൾക്കില്ലെന്നതാണ് അവസ്ഥ ! നിഗൂഢ ആത്മീയവാദം ആധുനിക കാലത്ത് മതതത്വങ്ങളെയും ആത്മീയതയെയും ആത്മനിഷ്ഠമായ(Subjective)ഭാവനകൾക്കും മിസ്റ്റിക് നിഗൂഢവാദങ്ങൾക്കും അനുസൃതമായി പുനർനിർവചിക്കാനുള്ള പ്രവണതകൾ വർദ്ധിച്ചുവരുന്നുണ്ട്. പാരമ്പര്യ പണ്ഡിതന്മാർ മുന്നോട്ടുവെക്കുന്ന തിയോളജിക്കൽ ഘടന 'പൗരോഹിത്യം' മാത്രമാണെന്ന് മുദ്രകുത്തി, എല്ലാറ്റിനെയും ഏകീകൃതമായി ലയിപ്പിക്കുന്ന വേദാന്ത-എസൊട്ടറിക് വാദങ്ങളെ പുരോഗമനാത്മക ആത്മീയതയായി അവതരിപ്പിക്കുന്നത് ഗൗരവമേറിയ തിയോഉജിക്കൽ വ്യതിയാനങ്ങൾക്ക് വഴിവെക്കുന്നു. ഈ പശ്ചാത്തലത്തിൽ, ഇസ്ലാമിക വിശ്വാസശാസ്ത്രത്തിന്റെ(ഇൽമുൽ കലാം)അടിസ്ഥാന തത്വങ്ങളും ഇത്തരം നിഗൂഢവാദങ്ങളും തമ്മിലുള്ള കാതലായ വൈരുദ്ധ്യങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്.

 

ഇസ്ലാമിക തിയോളജിയുടെ കേന്ദ്രബിന്ദുണ്. സൂറത്തുൽ ഇഖ്ലാസ് വ്യക്തമാക്കുന്ന തൗഹീദ് ആണ്. പറയുക: അല്ലാഹു ഏകനാണ്. അവൻ സർവാശ്രയനാണ്. അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, ആരുടെയും ജന്മമായിട്ടുമില്ല. അവന് തുല്യനായി ആരുമില്ല. സ്രഷ്ടാവിനെക്കുറിച്ച് 'നമ്മുടെ മിനിമം യോഗ്യതയെങ്കിലും ഉണ്ടാകേണ്ടേ' എന്ന് വാദിക്കുന്നത് ദൈവശാസ്ത്രപരമായി ഗുരുതരമായ പാളിച്ചയാണ് (Anthropomorphic fallacy). പരിമിതി, പരിവർത്തനം, പരസ്പരാശ്രയത്വം, സോപാധികത്വം, ആപേക്ഷികത്വം എന്നീ 'പഞ്ചന്യൂനതകൾ' സൃഷ്ടികളുടെ (ഹവാദിഥ്) ഭൗതിക ലക്ഷണങ്ങളാണ്. ഈ പരിമിതികൾക്ക് അതീതമായ സ്വയംപര്യാപ്തവും ശാശ്വതവുമായ പരമസത്യമാണ് (വാജിബുൽ വുജൂദ്) അല്ലാഹു. സ്രഷ്ടാവ് സൃഷ്ടിയുടെ മാനദണ്ഡങ്ങളിലേക്ക് ചുരുങ്ങുന്നിടത്ത് ദൈവസങ്കൽപം തന്നെ റദ്ദാക്കപ്പെടുന്നു. പലനിഗൂഢ ആത്മീയ വാദങ്ങളും താഴെ പറയുന്ന അനിസ്ലാമിക ദാർശനിക മിശ്രണങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇൻഡ്വെല്ലിംഗ്(Indwelling): ഒരു വ്യക്തിയുടെ ഉള്ളിൽ ദൈവിക സാന്നിധ്യമോ ആത്മാവോ കുടികൊള്ളുന്നുവെന്ന വാദം. പന്തീയിസം (Pantheism) & പനന്തീയിസം (Panentheism): പ്രപഞ്ചം തന്നെയാണ് ദൈവം എന്നതോ, പ്രപഞ്ചത്തിലെ സമസ്ത ചരാചരങ്ങളിലും ദൈവിക സത്ത അന്തർലീനമായി വ്യാപിച്ചിരിക്കുന്നു എന്നതോ ആയ കാഴ്ചപ്പാട്. ഹൈലോസോയിസം (Hylozoism): അചേതനമായ ദ്രവ്യത്തിൽ പോലും ജീവനോ ദിവ്യചൈതന്യമോ കുടികൊള്ളുന്നുവെന്ന സങ്കൽപം. ഇമാനേഷൻ (Emanation / സ്രവണം): നവപ്ലേറ്റോണിക് തത്വങ്ങളിലേതു പോലെ പരമമായ ഒന്നിൽ നിന്ന് പ്രപഞ്ച പദാർഥങ്ങളിലേക്ക് ദിവ്യകിരണങ്ങൾ പ്രവഹിക്കുന്നുവെന്ന വാദം. ഇസ്ലാമിൽ അല്ലാഹു ഒരു ജാതി/വർഗ നാമമല്ല; അവൻ 'അഖണ്ഡമായ സത്തയും' (Essential Being) തനതായ വിശേഷണങ്ങളുമുള്ള(സിഫാത്ത്)ഏകനായ രക്ഷിതാവാണ്. ബഹുദൈവങ്ങളിലെ പരമോന്നത ബിന്ദുവോ പ്രകൃതിശക്തിയോ അല്ല അല്ലാഹു. ആത്മിക നിഗൂഢവാദികൾ പലപ്പോഴും 'റസൂൽ' എന്ന സങ്കൽപത്തെ ചരിത്രപരമായ യാഥാർഥ്യത്തിൽ നിന്ന് അടർത്തിമാറ്റി, കേവലമായ 'ആന്തരിക ബോധം' (Inner Consciounsess) മാത്രമായി വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ, ഇസ്ലാമിൽ രിസാലത്ത് എന്നത് ചരിത്രപരമായി നിയോഗിക്കപ്പെട്ട, ദിവ്യവെളിപാട് (വഹ്യ്) ലഭിച്ച മുഹമ്മദ് മുസ്ത്വഫാ(സ്വ)എന്ന അന്ത്യപ്രവാചകനിലും അവിടുത്തെ അധ്യാപനങ്ങളിലും അടിയുറച്ചതാണ്. ചരിത്രപുരുഷനായ പ്രവാചകനെയോ അവിടുത്തെ ശരീഅത്തിനെയോ ലഘൂകരിച്ച്, ആത്മബോധത്തെത്തന്നെ പ്രവാചകത്വമായി കാണുന്നത് ഇസ്ലാമിക വിശ്വാസത്തിന്റെ നട്ടെല്ല് തകർക്കുന്ന സമീപനമാണ്. ഇസ്ലാം നിർണയിക്കപ്പെടേണ്ടത് സബ്ജക്ടീവ് (ആത്മനിഷ്ഠ) ആയിട്ടാണെന്ന വാദം ധാർമിക അരാജകത്വത്തിലേക്കാണ് നയിക്കുക. നിയമങ്ങളും മൂല്യങ്ങളും ഒബ്ജക്ടീവാണ്: ഹലാലും ഹറാമും നിർണയിക്കാനുള്ള അവകാശം അല്ലാഹുവിനും റസൂലിനും മാത്രമാണ്. വസ്തുനിഷ്ഠമായ ഈ പ്രമാണങ്ങളെ മറികടന്ന് 'ഉൾവെളിച്ചം' കൊണ്ട് ധാർമികത നിശ്ചയിക്കാനാവില്ല. ആത്മീയ അനുഭവങ്ങൾ സബ്ജക്ടീവാണ്. ഈമാനിക മാധുര്യവും ദിവ്യപ്രണയവും (ഇശ്ഖ്) വ്യക്തിഗത അനുഭവങ്ങളാവാം; എന്നാൽ, അവയൊന്നും ശരീഅത്തിന്റെ സാർവലൗകിക അതിരുകളെ ഭേദിക്കാനുള്ള ലൈസൻസല്ല. ആത്മാവിന്റെ ശുദ്ധീകരണ പടവുകൾ (അന്നഫ്‌സുൽ അമ്മാറ മുതൽ അൽ-മർളിയ്യ വരെ) ഖുർആൻ വിശദീകരിക്കുന്നത് തന്നെ ശരീഅത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ്. വിശപ്പും ദാഹവും ദാമ്പത്യവും അടങ്ങുന്ന മനുഷ്യസഹജമായ ജൈവിക ആവശ്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ആത്മീയ സാക്ഷാത്കാരം സാധ്യമാകുന്നത്. സന്യാസപരമോ പദാർഥവിരുദ്ധമോ ആയ നിഷേധം ഇസ്ലാമിക ആത്മീയതയുടെ രീതിയല്ല. പാരമ്പര്യ പണ്ഡിതന്മാർ ജനങ്ങളെ ശിക്ഷയെ മാത്രം ഭയപ്പെടുത്തി 'ക്രൂരനായ അല്ലാഹുവിനെ' അവതരിപ്പിച്ചു എന്ന പ്രചാരണം അവാസ്തവമാണ് (tSrawman fallacy). അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരും സൂഫിയാക്കളും കാരുണ്യവും (റഹ്‌മത്ത്) നീതിയും രക്ഷണ-ശിക്ഷണങ്ങളും സന്തുലിതമായാണ് എക്കാലത്തും പ്രബോധനം ചെയ്തിട്ടുള്ളത്. മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് സ്വയം ആത്മീയ ഔന്നത്യം നടിക്കുന്നതല്ല. മറിച്ച്, സ്വന്തം അപൂർണതകളെ തിരിച്ചറിയുന്നതാണ് ആത്മീയതയുടെ ആദ്യപടി. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിൽ മുഴുകിയ ഹൃദയത്തിന് സാങ്കൽപിക ശത്രുക്കളെയുണ്ടാക്കി വംശീയമായോ വൈജ്ഞാനികമായോ പോരടിക്കാൻ നേരമുണ്ടാകില്ല. ഏതൊരു ആത്മീയ ധാരയുടെയും വിശ്വാസ്യത അളക്കേണ്ടത് അത് പ്രവാചകാധ്യാപനങ്ങളോടും വിശുദ്ധ ഖുർആന്റെ വചനങ്ങളോടും എത്രത്തോളം താദാത്മ്യം പുലർത്തുന്നു എന്നതിലാണ്.

 

പ്രമാണബദ്ധമായ അതിർവരമ്പുകൾ മായ്ച്ചുകളയുന്ന അവ്യക്ത നിഗൂഢവാദങ്ങൾക്ക് പകരം, തൗഹീദിന്റെ സ്പഷ്ടമായ വെളിച്ചത്തിലും ആധികാരികമായ ജ്ഞാനപാരമ്പര്യത്തിലും ഉറച്ചുനിൽക്കുകയാണ് മതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അനിവാര്യം. അത്ഭുതം കാണിക്കലല്ല ആത്യന്തികത ആത്മീയതയുടെ പേരിൽ നടക്കുന്ന വഞ്ചനകളെ തിരിച്ചറിയാൻ ശരീഅത്ത് എന്ന ഒരൊറ്റ മാനദണ്ഡം മാത്രം മതിയാകും. ഭക്തിയുടെ ബാഹ്യപ്രകടനങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന അത്ഭുതപ്രവർത്തികളോ അല്ല ഒരാളുടെ ആത്മീയ ഔന്നത്യത്തിന്റെ അളവുകോൽ. എന്നാൽ, നിർഭാഗ്യവശാൽ, സാമാന്യബുദ്ധിയും വകതിരിവുമുള്ളവർ പോലും കപട ആത്മീയതയുടെ തടവറകളിൽ എളുപ്പം വീണുപോകുന്നുണ്ട്. തങ്ങളുടെ മുന്നിൽ അരങ്ങേറുന്ന ചില അസാധാരണ അനുഭവങ്ങളാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. ആ ബാഹ്യവിസ്മയങ്ങളിൽ കണ്ണുചിമ്മി വിശ്വസിക്കുന്നതുകൊണ്ടുതന്നെ, യുക്തിസഹവും പ്രമാണബദ്ധവുമായ തിരുത്തലുകളൊന്നും അവരുടെ ഉള്ളിലേക്ക് കടന്നുചെല്ലാറുമില്ല. യഥാർഥത്തിൽ, ഒരാളിൽനിന്ന് പ്രകൃതിനിയമങ്ങൾക്ക് നിരക്കാത്ത എന്തെങ്കിലും പ്രകടമായി എന്നതുകൊണ്ടുമാത്രം അയാൾ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ച സദ്വൃത്തനാണെന്ന് അർഥമില്ല. ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി തന്റെ ഫത്ഹുൽ ബാരിയിൽ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്: പ്രകൃത്യതീത സംഭവങ്ങൾ കണ്ടയുടൻ ഒരാളെ പുണ്യപുരുഷനായി വാഴ്ത്തുന്നത് സാധാരണക്കാരുടെ അബദ്ധധാരണയാണ്. മറിച്ച്, ഇത്തരം വിസ്മയങ്ങൾ മാരണക്കാരനിൽ നിന്നും ജോത്സ്യന്മാരിൽനിന്നും സന്യാസിമാരിൽനിന്നും വരെ സംഭവിച്ചേക്കാം. ഇവിടെ കറാമത്തുകൾ എന്ന യാഥാർഥ്യത്തെ ആരും നിരാകരിക്കുന്നില്ല; കേവല അത്ഭുതങ്ങളെ ദൈവസാമീപ്യത്തിന്റെ അടയാളമായി തെറ്റിദ്ധരിക്കുന്നതിലെ അപകടമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാഹ്യപ്രകടനങ്ങളല്ല, ദൈവകൽപനകളും വിലക്കുകളും ജീവിതത്തിൽ എത്രത്തോളം കൃത്യമായി പാലിക്കപ്പെടുന്നു എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. പലപ്പോഴും നിഗൂഢവിദ്യകളിലൂടെയും ഭയം ജനിപ്പിക്കുന്ന പ്രകടനങ്ങളിലൂടെയുമാണ് വ്യാജന്മാർ ആളുകളെ വശീകരിക്കുന്നത്. ജിന്ന് സേവയും നിരോധിത മന്ത്രവാദങ്ങളും സിഹ്റുമൊക്കെയാണ് ഇവരുടെ പ്രധാന ആയുധങ്ങൾ. ഇതിനേക്കാൾ ഭയാനകമായ വസ്തുത, തങ്ങൾ തെറ്റായ വഴിയിലാണെന്ന ബോധം പോലും പല വ്യാജന്മാർക്കുമുണ്ടാകില്ല എന്നതാണ്. മനസ്സിലുണ്ടാകുന്ന പൈശാചിക ദുഷ്‌പ്രേരണകളെ ദൈവികമായ വെളിപാടുകളായി തെറ്റിദ്ധരിച്ച് സ്വന്തം വ്യാമോഹങ്ങളിൽ അഭിരമിക്കുന്ന ഇവർ, ഒടുവിൽ ദൈവികത തന്നിലൂടെ സംസാരിക്കുന്നുവെന്ന വികല ചിന്തയിലേക്കും അവതാരവാദത്തിലേക്കും വരെ എത്തിപ്പെടുന്നു. ഇത്തരം വ്യാജന്മാരുടെ മറ്റൊരു മുഖം ഇമാം അഹ്‌മദ് കോയ ശാലിയാത്തി തന്റെ അൽ ഫതാവൽ അസ്ഹരിയ്യയിൽ തുറന്നുകാട്ടുന്നുണ്ട്. മതത്തിന്റെ അടിസ്ഥാന നിയമങ്ങളോ പ്രാഥമിക അറിവുകളോ പോലുമില്ലാത്ത വിവരദോഷികൾ ആത്മീയ ഗുരുവായി ചമയുന്നതിനെ അദ്ദേഹം വിചാരണ ചെയ്യുന്നു. ചില നിഗൂഢ ഗ്രന്ഥങ്ങളിൽനിന്നും നാട്ടുമരുന്നുകളുടെ കുറിപ്പുകളിൽനിന്നും അടർത്തിയെടുത്ത അറിവുകൾ വെച്ച്, സൂഫികളുടെ വേഷംകെട്ടി ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണ് ഇവരുടെ രീതി. ഒടുവിൽ മറ്റ് തൊഴിലുകളെല്ലാം ഉപേക്ഷിച്ച്, ഈ ശൈഖ് വേഷത്തെ തന്നെ തങ്ങളുടെ പ്രധാന ഉപജീവനമാർഗമാക്കി മാറ്റുന്നു. സാധാരണക്കാർക്ക് സത്യവും അസത്യവും തിരിച്ചറിയാനുള്ള ഏറ്റവും സുരക്ഷിതമായ അളവുകോൽ ശരീഅത്ത് മാത്രമാണ്. ഒരാൾ എത്ര വലിയ വിസ്മയം കാണിച്ചാലും, അയാൾ മതനിയമങ്ങളെ പരസ്യമായി ലംഘിക്കുന്നവനാണെങ്കിൽ അയാളുടെ ആത്മീയ അവകാശവാദങ്ങൾക്ക് യാതൊരു വിലയുമില്ല. മാത്രമല്ല, ആധികാരിക പണ്ഡിതന്മാരെയും കർമശാസ്ത്ര പാരമ്പര്യങ്ങളെയും തള്ളിപ്പറയുക എന്നത് ഇവരുടെ സ്ഥിരം ശൈലിയാണ്. പ്രവാചകരിൽനിന്ന് ആരംഭിച്ച് തലമുറകളിലൂടെ കൈമാറിവന്ന മതനിയമങ്ങളെ ചെറുതാക്കിക്കാണിക്കുന്നവരിൽനിന്ന് എന്ത് അത്ഭുതങ്ങൾ കണ്ടാലും, അവർ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് വിശ്വാസികൾക്ക് ഉണ്ടാകേണ്ടത്.

verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
ശ
എഴുത്തുകാരൻ

ശുഐബുൽ ഹൈതമി

എല്ലാ രചനകളും arrow_forward

കൂടുതൽ വായനകൾ Related Reads

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899