arrow_back സത്യധാര ഹോം Sathyadhara
ലീഡ് check_circle FREE

ജെന്‍സി സമരങ്ങള്‍; ചരിത്രം വീണ്ടും തെരുവിലിറങ്ങുമ്പോള്‍

A Sajeevan
A Sajeevan arrow_forward
Writer · 27 October 2026 · 6 വായനകൾ
അനിവാര്യമായ ഘട്ടത്തിലെ അന്തിമപ്പോരാട്ടങ്ങള്‍ക്കും അവയുടെ വിജയത്തിനും ഉദാഹരണങ്ങള്‍ ഇന്ത്യയുടെ ഏറെയൊന്നും അകലെയല്ലാത്ത ചരിത്രത്തിലുണ്ട്. അതില്‍ പരമപ്രധാനം ക്വിറ്റ് ഇന്ത്യാ സമരമാണ്. രണ്ടാമത്തേത് അടിയന്തരാവസ്ഥയിലേയ്ക്കും അതിഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിലേയ്ക്കും നയിച്ച ഏകാധിപത്യവിരുദ്ധ പോരാട്ടമാണ്. വൈദേശികാധിപത്യത്തിനെതിരായ ശക്തമായ പോരാട്ടം ആദ്യമായി നടന്നത് 1857-ലാണ്. ശിപായി ലഹള എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതും ഒന്നാം സ്വാതന്ത്ര്യസമരം എന്നു നാം വിളിക്കുന്നതുമായ പോരാട്ടം. അതിനു പക്ഷേ രാജ്യമാകെ കത്തിപ്പടരുന്ന ജനകീയപ്രക്ഷോഭമാകാന്‍ കഴിഞ്ഞില്ല. പരാജയകാരണങ്ങളില്‍ പ്രധാനം അതുതന്നെയായിരുന്നു. പില്‍കാലത്ത് രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈറ്റ് കോളര്‍ ഇന്ത്യക്കാരുടെ നിവേദന-പരിദേവന- പ്രമേയാവതരണ പ്രസ്ഥാനം മാത്രമായിരുന്നു ഏറെക്കാലം. അതിന് ജനകീയമുഖം കിട്ടുന്നത് മഹാത്മജിയുടെ രംഗപ്രവേശത്തോടെയാണ്. രാജ്യത്തെ ഗ്രാമഗ്രാമന്തരങ്ങളിലൂടെ സഞ്ചരിച്ച് ജനമനസ്സറിഞ്ഞും ചമ്പാരന്‍ പോലുള്ള തൊഴിലാളി സമരങ്ങള്‍ നയിച്ച് ജനഹൃദയത്തില്‍ ഇരിപ്പിടം നേടിയും കഴിഞ്ഞ ശേഷമാണ് ഗാന്ധി കോണ്‍ഗ്രസ്സിനെ ജനകീയ സമരപ്രസ്ഥാനമാക്കി മാറ്റാന്‍ തുനിഞ്ഞത്. ഇന്ത്യയിലുടനീളം സ്വാതന്ത്ര്യസമരവീര്യം കത്തിപ്പടരാന്‍ ഗാന്ധിയുടെ ആഹ്വാനങ്ങളും മാതൃകാപരമായ സമരപരിപാടികളും വഴിയൊരുക്കി. അതിന്റെ പാരമ്യമായിരുന്നു ക്വിറ്റിന്ത്യാ ആഹ്വാനവും പ്രക്ഷോഭവും. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന മഹാത്മജിയുടെ ആഹ്വാനത്തിന് മാസ്മരികശക്തിയുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ഓഫീസുകളും വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളും കലാലയങ്ങളും വക്കീലന്മാര്‍ കോടതികളും വിട്ടിറങ്ങി വൈദേശികാധിപത്യത്തിനെതിരായ പ്രക്ഷോഭത്തീയിലേയ്ക്ക് എടുത്തുചാടി. അതിന്റെ ആത്യന്തികഫലമായിരുന്നു സ്വാതന്ത്ര്യലബ്ധി. അനിവാര്യമായ അന്തിമപ്പോരാട്ടത്തിന്റെ വിജയം. അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീതിതമായ കാലമായിരുന്നു. 'നാവടക്കൂ പണിയെടുക്കൂ' എന്ന ഉഗ്രശാസന ഏകാധിപത്യ ഭരണകൂടം പുറപ്പെടുവിച്ച കാലം. മനുഷ്യാവകാശങ്ങളെല്ലാം കവര്‍ന്നെടുത്ത കാലം. സ്വാതന്ത്ര്യസമരകാലത്തിനു ശേഷം രാജ്യത്തെ തടവറകളെല്ലാം കുത്തിനിറയ്ക്കപ്പെട്ട കാലം. തടവിലാക്കപ്പെട്ടത് കുറ്റവാളികളായിരുന്നില്ല, ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തവരും ഭരണകൂടത്തിന്റെ നീരസത്തിനു പാത്രമായവരുമായ സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. അതിഭീകരമായ ദുര്‍ദ്ദിനങ്ങളായിരുന്നു അത്. ഇതിനെതിരെയും അനിവാര്യമായ പോരാട്ടമുണ്ടായി. ബിഹാറില്‍ വിദ്യാര്‍ഥി പ്രക്ഷോഭമായി കത്തിപ്പിടിച്ച ആ പോരാട്ടം ജയപ്രകാശ് നാരായണ്‍ നേതൃത്വം കൊടുത്തതോടെ ജനകീയപ്രക്ഷോഭമായി നാടെങ്ങും പടര്‍ന്നു. ഇന്ദിരാഭരണത്തകര്‍ച്ചയ്ക്ക് അതുവഴിയൊരുക്കി. ഏകാധിപത്യത്തെ അടിയറവു പറയിച്ച അനിവാര്യപ്പോരാട്ടമായിരുന്നു അത്. ഇന്നിപ്പോള്‍ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നേരിടുകയാണ്. ഏകാധിപത്യവും വര്‍ഗീയാധിപത്യവുമെല്ലാം ജനാധിപത്യ-മതേതര മൂല്യങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. വാജ്പേയി ഭരണത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ക്കലിലൂടെയും ശക്തിപ്രാപിച്ച ഹിന്ദുത്വ വര്‍ഗീയത 2014-ല്‍ നരേന്ദ്രമോദി ഭരണത്തിന് അടിത്തറ പാകി. ഒന്നും രണ്ടും മോദി ഭരണത്തിലൂടെ മതവെറി അതിന്റെ പാരമ്യത്തിലെത്തി. ഇസ്ലാമോഫോബിയ ലഹരിയായി. പശുക്കടത്തിന്റെ പേരിലും മറ്റും ആള്‍ക്കൂട്ടക്കൊലകള്‍ നിത്യസംഭവമായി. എതിര്‍ത്തു സംസാരിക്കുന്നവരോടെല്ലാം 'പാകിസ്ഥാനിലേയ്ക്കു പോ' എന്ന് ആക്രോശിക്കാന്‍ തുടങ്ങി. അനഭിമതരെ ആട്ടിയോടിക്കാന്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കലും വോട്ടര്‍പട്ടികയില്‍ നിന്നു പേരുവെട്ടലുമെല്ലാം തുടങ്ങി. വോട്ടവകാശം ഇന്ത്യയില്‍ പൗരത്വത്തിന്റെ അടയാളം കൂടിയാണ്. ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ സത്യത്തില്‍ രേഖകളൊന്നുമില്ല. പാസ്പോര്‍ട്ട് യാത്രാരേഖ മാത്രമാണ്. ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡുമെല്ലാം പൗരത്വത്തിന്റെ കാര്യത്തില്‍ അസാധു. ഇന്ത്യന്‍ പൗരനു മാത്രമേ വോട്ടവകാശം സിദ്ധിക്കൂ എന്നതിനാല്‍ 'ഞാന്‍ ഇന്നാട്ടിലെ പൗരനാണ്' എന്ന് ആശ്വസിക്കാനെങ്കിലും വോട്ടര്‍പട്ടികയിലെ പേര് ഉപകരിക്കും. നിയമപരമായി അര്‍ഹതപ്പെട്ടവര്‍ക്കാര്‍ക്കും വോട്ടവകാശം നിഷേധിക്കരുതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍, ഇവിടെ എസ്.ഐ.ആറിലൂടെ പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ നിന്നു തുത്തുകളയാനാണ് ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പു കമ്മീഷന്‍ ശ്രമിക്കുന്നത്. 13 കോടി പേരെയാണ് ഇതുവരെ തൂത്തെറിഞ്ഞത്. 13 കോടിയെന്നാല്‍ ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ 10 ശതമാനം. മൊത്തം ജനസംഖ്യയില്‍ മൂന്നില്‍ രണ്ടു പേര്‍ക്കേ വോട്ടവകാശമുള്ളൂ എന്നു കണക്കാക്കിയാല്‍ 15 ശതമാനം. നടന്നത് സെലക്ഷന്‍ ഫെല്ലിങ്. ഈ കൂട്ടത്തുരത്തല്‍ നടന്നു കഴിഞ്ഞാല്‍ പിന്നെ എന്തും സംഭവിക്കാം. ബി.ജെ.പി മാത്രമായിരിക്കും പില്‍കാലത്ത് അധികാരത്തില്‍. ഇപ്പോള്‍ ഒപ്പമുള്ള ഘടകകക്ഷികള്‍ പോലും അപ്രസക്തരാകും. ബി.ജെ.പി ആഗ്രഹിക്കുന്ന നിയമങ്ങള്‍ നടപ്പാകും. രാജ്യം ഏകാധിപത്യത്തിലേയ്ക്കോ മതാധിപത്യത്തിലേയ്ക്കോ എളുപ്പം വഴുതിവീഴാം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുതല്‍ മോദി ഭരണത്തെ താഴെയിറക്കാനുള്ള മഹാഗഡ്ബന്ധനുകള്‍ക്കു പ്രതിപക്ഷം ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്കിടയിലെ തൊഴുത്തില്‍ക്കുത്ത് ബി.ജെ.പിക്ക് അനുഗ്രഹമാകുകയായിരുന്നു. 2014-നെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ കൂടുതല്‍ ശക്തരായി. ഇപ്പോള്‍ മൂന്നാം ഭരണവും കിട്ടി. ഇനി സര്‍വശക്തരാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വോട്ടര്‍പട്ടികയിലെ ശുദ്ധികലശം. പക്ഷേ, ജനാധിപത്യവും മതേതരത്വവും അത്രയെളുപ്പം കീഴടങ്ങില്ല. അനിവാര്യഘട്ടത്തില്‍ അത് ജാതി,മത,വര്‍ണ,വര്‍ഗ,രാഷ്ട്രീയ,പ്രത്യയശാസ്ത്ര ഭേദമില്ലാതെ ഒറ്റക്കെട്ടായി സടകുടഞ്ഞെഴുന്നേല്‍ക്കും. പാറ്റകള്‍ക്കും ഗരുഡന്റെ ശക്തിലഭിക്കും. അതാണിപ്പോള്‍ രാജ്യതലസ്ഥാനത്തു കാണുന്നത്. അതാണിപ്പോള്‍ രാജ്യതലസ്ഥാനത്തു നിന്നു നാനാദിക്കുകളിലേയ്ക്കു കത്തിപ്പടരുന്നത്. അനിവാര്യമായ അന്തിമപ്പോരാട്ടമാണിത്. അത് വിജയത്തിലേ അവസാനിക്കൂ.
verified സത്യധാര ആധികാരിക ഡിജിറ്റൽ പതിപ്പിൽ നിന്നുള്ള വായന.
A Sajeevan
എഴുത്തുകാരൻ

A Sajeevan

Writer

എല്ലാ രചനകളും arrow_forward

കൂടുതൽ വായനകൾ Related Reads

സത്യധാര ലോഗിൻ

+91

സത്യധാര വാർഷിക വരിസംഖ്യ

1 YEAR SUBSCRIPTION

1 വർഷ വരിസംഖ്യ

ഈ വർഷത്തെ എല്ലാ 24 മാഗസിൻ PDF-കളും + മുഴുവൻ പ്രീമിയം ലേഖനങ്ങളും
₹499
₹600
2 YEAR BEST VALUE

2 വർഷ വരിസംഖ്യ

2 വർഷത്തെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പുകൾ
₹899