schedule
27 Oct 2026
A Sajeevan
അനിവാര്യമായ ഘട്ടത്തിലെ അന്തിമപ്പോരാട്ടങ്ങള്‍ക്കും അവയുടെ വിജയത്തിനും ഉദാഹരണങ്ങള്‍ ഇന്ത്യയുടെ ഏറെയൊന്നും അകലെയല്ലാത്ത ചരിത്രത്തിലുണ്ട്. അതില്‍ പരമപ്രധാനം ക്വിറ്റ് ഇന്ത്യാ സമരമാണ്. രണ്ടാമത്തേത് അടിയന്തരാവസ്ഥയിലേയ്ക്കും അതിഭീകരമായ മനുഷ്യാവകാശ ധ്വംസനത്തിലേയ്ക്കും നയിച്ച ഏകാധിപത്യവിരുദ്ധ പോരാട്ടമാണ്. വൈദേശികാധിപത്യത്തിനെതിരായ ശക്തമായ പോരാട്ടം ആദ്യമായി നടന്നത് 1857-ലാണ്. ശിപായി ലഹള എന്നു ബ്രിട്ടീഷുകാര്‍ വിളിച്ചതും ഒന്നാം സ്വാതന്ത്ര്യസമരം എന്നു നാം വിളിക്കുന്നതുമായ പോരാട്ടം. അതിനു പക്ഷേ രാജ്യമാകെ കത്തിപ്പടരുന്ന ജനകീയപ്രക്ഷോഭമാകാന്‍ കഴിഞ്ഞില്ല. പരാജയകാരണങ്ങളില്‍ പ്രധാനം അതുതന്നെയായിരുന്നു.