വായനയിലെ വൈവിധ്യ രുചികൾ

2029

ഇസ്‌ലാമിക ജ്ഞാന പൈതൃകത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ഒന്നാണ് വായന. ദിവ്യബോധനത്തിന്റെ തുടക്കം തന്നെ വായിക്കാനുള്ള കല്‍പനയാണ്. ‘ഇഖ്‌റഅ് ബിസ്മി റബ്ബിക’ എന്നതിലെ ‘ബാഅ്’ അറബി വ്യാകരണ പ്രകാരം ഹേതുകമാണ്. നാഥന്റെ നാമം മുഖേനയാണ് വായന നടത്തേണ്ടത് എന്നര്‍ത്ഥം. വിശുദ്ധ ഖുര്‍ആനിന്റെ ഈയൊരു അധ്യാപനം വായനക്ക് ആത്മീയമായൊരു പരിവേഷം നല്‍കുന്നുണ്ട്. ”ഞാന്‍ ഒരു വായനക്കാരനല്ല” (മാ അന ബി ഖാരിഅ്) എന്ന മറുവചനം കൊണ്ട് പ്രവാചകര്‍(സ്വ) ഉദ്ദേശിച്ച കേവല വാനയക്കപ്പുറമുള്ള ഒന്നാണത്. മോര്‍ട്ടിമര്‍ ജെ. അഡ്‌ലറും ചാള്‍സ് വാന്‍ ഡോറനും ചേര്‍ന്ന് രചിച്ച ‘ഹൗ ടു റീഡ് എ ബുക്ക്; ദി ഗൈഡ് ടു റീഡിങ് റി ഗ്രൈറ്റ് ബുക്‌സ്’ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി വായനയെ എങ്ങനെ സമീപിക്കണമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.
വായന പല വിധമുണ്ട്. അക്ഷര വായന (അയരലറമൃമശേീി ൃലമറശിഴ), പ്രാഥമിക വായന (ഉലാലിമേൃ്യ ൃലമറശിഴ) വിവരാത്മക വായന (കിളീൃാമശേീിമഹ ൃലമറശിഴ) എന്നിങ്ങനെ വായനയെ തരംതിരിക്കുന്നുണ്ട് അഡ്‌ലര്‍.

സമഗ്ര വായന (Comprehensive reading)

യഥാവിധി മനസ്സിലാക്കുവാനും അനുവാചകന് ഉള്‍ക്കാഴ്ച നല്‍കുന്നതുമായ സമഗ്ര വായനയാണ് ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നത്. വായന അധികരിപ്പിക്കും തോറും അനുവാചകന് പുതിയ അറിവനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ് നല്ല പുസ്തകങ്ങള്‍. ഇത്തരം വായനയര്‍ഹിക്കുന്ന പുസ്തകങ്ങള്‍ മൂന്നു പ്രാവശ്യം വായിക്കണമെന്നാണ് അഡ്‌ലര്‍ വാദിക്കുന്നത്. എന്നാല്‍, വായനയില്‍ പ്രാഗല്‍ഭ്യം നേടിയ ഒരാള്‍ക്ക് മൂന്നു വായനകളും ഒരുമിച്ചു നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. അതേസമയം, തനിക്ക് മനസ്സിലാകാത്തവ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാമെന്ന് ധരിക്കുന്നത് ഒരു തരം ബൗദ്ധിക അലസതയാണ്. കാരണം, നമുക്ക് മനസ്സിലാകാത്തതിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങളുണ്ടാകാം. ഒന്ന്, അത് നമ്മുടെ ഗ്രഹണശേഷിക്കതീതമായിരിക്കും. അപ്പോള്‍ അതിന് മൂന്നുപാധികള്‍ വേണ്ടിവരും. ഫിസിക്‌സ് പഠിക്കാന്‍ മാത്തമാറ്റിക്‌സ് ആവശ്യമാകുന്നതുപോലെ. രണ്ട്- നമ്മള്‍ അതിനാവശ്യമായ ചിന്തകൊടുത്തിരിക്കില്ല. ഉദാഹരണത്തിന് അമ്പത് തവണ വായിച്ചിട്ടും അരിസ്റ്റോട്ടലിന്റെ മെറ്റാഫിസിക്‌സ് ഗ്രഹിക്കാത്ത ഇബ്‌നുസീനക്ക് ഒരു പുസ്തക വില്‍പനക്കാരന്‍ സമ്മാനിച്ച അതിലെ സാങ്കേതികത്വങ്ങളെ കെട്ടഴിക്കുന്ന ഒരു പുസ്തകമാണ് പിന്നീട് അതിലേക്കുള്ള വഴിതെളിയിച്ചത്.
ഹദീസ് വായനക്ക് ഏഴാം നൂറ്റാണ്ടിലെ അറബിഭാഷാ പരിജ്ഞാനം വേണമെന്നത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. പതിനാറാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഷെക്‌സ്പിയര്‍, കിങ് ജെയിംസിന്റെ ബൈബിള്‍ വിവര്‍ത്തനം ചെയ്ത ജോണ്‍ഡണ്‍ മിള്‍ട്ടണ്‍ തുടങ്ങിയവരിലൂടെ ഇംഗ്ലീഷ് ഭാഷ അതിന്റെ അഗ്രമസ്ഥാനത്തിലെത്തിയ പോലെ, ജാഹിലിയ്യാ കവികളിലൂടെ അറബി സാഹിത്യം അതിന്റെ വളര്‍ച്ചയുടെ ഉച്ചിയിലെത്തിയ ഘട്ടത്തിലാണ് ഖുര്‍ആനും ഹദീസുമൊക്കെ അവതീര്‍ണമാകുന്നത്. ഒരു ഭാഷയുടെ കാവ്യസാഹിത്യം വശമാക്കിയാല്‍, ആ ഭാഷ സ്വായത്തമാക്കി എന്നു പറയുന്നതിലെ യുക്തി ഇതാണ്.
വായനക്ക് പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണുള്ളത്. ആനന്ദം (Amazment), h‑n-h-c‑w (Information), അറിവ് (ഡിറലൃേെമശേിഴ) എന്നിവകളാണവ. കേവല നേരംപോക്കാണ് ഒന്നാമത്തേതെങ്കില്‍, അഭ്യസ്തവിദ്യരായ ഏതൊരാള്‍ക്കും അനായാസം നടത്താവുന്ന വിവരശേഖരണമാണ് രണ്ടാമത്തേത്. എന്നാല്‍ ആദ്യത്തില്‍ കഠിനമായി അനുഭവപ്പെടുന്നതും അധിക ശ്രമങ്ങളിലൂടെ നേടിയെടുക്കാനാവുന്നതുമായ സമഗ്ര വായന കൊണ്ടുദ്ദേശിക്കുന്ന ഉള്‍കാഴ്ചയാണ് മൂന്നാമത്തേത്.
ക്രൈസ്തവ പ്രമാണമനുസരിച്ച് സെന്റ് അഗസ്റ്റിന്‍ എഴുതിയ ഒരു പ്രബന്ധത്തില്‍, ബൈബിള്‍ മനസ്സിലാക്കുന്നതിനു ഭാഷാ കലകള്‍ അഭ്യസിക്കണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇങ്ങനെ, ഭാഷാ കലകള്‍ സിദ്ധിക്കുന്നതിലൂടെ ഒരാള്‍ ചിന്താപരമായി സ്വതന്ത്ര്യനാവുകയാണ്. ഒരാള്‍ക്ക് അവന്‍ വായിക്കുന്നതെന്തും മനസ്സിലാക്കുവാനും ചിന്തിക്കുന്നതെന്തും ആവിഷ്‌കരിക്കുവാനും സാധിക്കുന്ന ഒരവസ്ഥയാണത്. സമകാലിക ചിന്തകളിലധികവും ഇടുങ്ങിയതാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വലിയൊരു പരാജയം കൂടിയാണത്. സ്വതന്ത്രകലകളായ വ്യാകരണ ശാസ്ത്രം, തര്‍ക്കശാസ്ത്രം, അലങ്കാര ശാസ്ത്രം എന്നിവകളുടെ പുനരുദ്ധാരണമാണ് ഈ ചിന്താ പ്രതിസന്ധിയില്‍നിന്നും കരകയറാനുള്ള ഏക മാര്‍ഗം.
‘റീഡ്’ എന്ന ഇംഗ്ലീഷ് പദത്തിന് വായന എന്ന അടിസ്ഥാനാര്‍ത്ഥത്തിനു പുറമേ, അയവിറക്കുന്ന മൃഗങ്ങളുടെ നാലാം ഉദരം (ളീൗൃവേ േെീാമരവ) എന്ന പഴയൊരര്‍ത്ഥം കൂടിയുണ്ട്. റൂമിനന്റ്‌സ് പൊതുവേ ഭക്ഷണങ്ങള്‍ ചവക്കുകയും അതിനെ വിഴുങ്ങിയതതിനുശേഷം പുറത്തേക്ക് തള്ളി വീണ്ടും ചവക്കുകയും വിഴുങ്ങുകയും ചെയ്യുന്നപോലെ വായിച്ചതിനെ വീണ്ടും വീണ്ടും വായിക്കണമെന്ന അര്‍ത്ഥം, വായന എന്ന വാക്കില്‍തന്നെ അടങ്ങിയിട്ടുണ്ട്. ഈയൊരാശയത്തെ ഫ്രാന്‍സിസ് ബേക്കണ്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്:” ചില പുസ്തകങ്ങള്‍ രുചിക്കണം, ചിലതിനെ വിഴുങ്ങണം, മറ്റു ചിലതിനെ ചവച്ചരച്ച് ദഹിപ്പിക്കണം.”
വലിയ എഴുത്തുകാര്‍ അവരുടെ രചനകളില്‍ വളരെ കൃത്യവും സൂക്ഷ്മവും നിശ്ചിതവുമായ വാക്കുകളാണുപയോഗിക്കുക. പ്രത്യേകിച്ച് കവികള്‍- അവര്‍ വാക്കുകളെ അര്‍ത്ഥം മാത്രമല്ല, അവയുടെ ശബ്ദംകൂടി പരിഗണിച്ചാണ് തെരഞ്ഞെടുക്കുക. മറ്റു രചയിതാക്കളില്‍നിന്നും അവരെ വ്യതിരിക്തമാക്കുന്ന ഘടകവും മറ്റൊന്നല്ല. ആധുനിക-പൂര്‍വാധുനിക രചനകളുടെ വ്യത്യാസത്തെക്കുറിച്ച് ഒരു മൗറിത്താനിയന്‍ പണ്ഡിതന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ”പഴയ ആളുകള്‍ ഒരു പുസ്തകം കണക്കെ വ്യാഖ്യാനങ്ങളെഴുതാന്‍ പാകത്തില്‍ ഒരു വാക്യമെഴുതി. ആധുനികര്‍ ഒരു വാക്യത്തിലൊതുക്കാന്‍ പോന്ന പുസ്തകങ്ങളെഴുതുന്നു. ഇത്തരം സൂക്ഷ്മമായ വാക്കുകളുടെ കൃത്യമായ അര്‍ത്ഥങ്ങളെ വായനക്കാരന്‍ അറിയേണ്ടതുണ്ട്. അതിനു നല്ലൊരു പദോല്‍പത്തി വീക്ഷത്വകമായ നിഘണ്ടു അവലംബമായി ഉപയോഗിക്കേണ്ടിവരും. നമ്മുടെ ഭാഷയുടെ ഒരു പരിമിതി തന്നെ നമ്മള്‍ വളര്‍ന്ന ഭാഷാ പരിസ്ഥിതിക്കൊപ്പിച്ച് നാം വാക്കുകളുടെ അര്‍ത്ഥങ്ങളെ ഊഹിക്കുന്നു എന്നതാണ്.
അഡ്‌ലറുടെ മധ്യകാലഘട്ടത്തിലെ വായനാ പൈതൃകത്തെക്കുറിച്ച് നിരീക്ഷണം ശ്രദ്ധേയമാണ്. പുസ്തകങ്ങളുടെയും വായനക്കാരുടെയും ആധിക്യമില്ലായിരുന്നെങ്കിലും മധ്യകാലത്തിന്റെ അവസാനഘട്ടത്തില്‍ ഇന്നത്തെ ഏറ്റവും നല്ല വായനക്കാരനേക്കാള്‍ മികച്ച വായനക്കാരുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. അവര്‍ മൂല്യം കല്‍പിച്ച പുസ്തകങ്ങളില്‍ അവര്‍ അതിവൈദഗ്ധ്യം നേടിയിരുന്നു. ബൈബിളിനും ഖുര്‍ആനിനും തല്‍മൂദിനും അവര്‍ കല്‍പിച്ചത്ര മൂല്യം നാമൊരു പുസ്തകത്തിനും കല്‍പിച്ചിട്ടുണ്ടാവില്ല. വായനയുടെ ഉദാത്തമായ മാതൃകക്ക് മധ്യകാലഘട്ടത്തിന്റെ മഹാത്മാക്കള്‍ വേദഗ്രന്ഥങ്ങള്‍ രചിച്ച് വ്യാഖ്യാനങ്ങളിലേക്ക് നോക്കാനാവശ്യപ്പെടുന്ന അഡ്‌ലര്‍ താന്‍ നിര്‍ദ്ദേശിക്കുന്ന വായനാ നിയമങ്ങള്‍ മധ്യകാലത്തെ ഒരു ഗുരു തന്റെ ശിഷ്യര്‍ക്ക് പുസ്തകം വായിച്ചു കൊടുക്കുന്ന രീതിയുടെ രൂപവല്‍കരണം മാത്രമാണെന്ന് സമ്മാനിക്കുന്നുണ്ട്. ഇന്നും കണ്ണിമുറിയാതെ ഈ രീതിശാസ്ത്രം നിലനില്‍ക്കുന്നുണ്ട്. സ്ഥിരതയുടെ ശൃംഖല എന്ന ഈയൊരംശം നമ്മുടെ ജ്ഞാനശാസ്ത്രത്തിന്റെ വലിയൊരു സവിശേഷതയാണ്. 
വായനക്ക് മൂന്ന്, അടിസ്ഥാന രീതികളുണ്ട്. ഘടനാപരമായ രീതിയാണ് (ടൃtuരൗേൃമഹ ൃലമറശിഴ). ഒന്ന്- മഹത് ഗ്രന്ഥങ്ങള്‍ക്കെല്ലാം അവകളുടേതായ സവിശേഷ ഘടകളുണ്ടാകും. ഉദാഹരണത്തിന് ഇമാം ഗസ്സാലി(റ)വിന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ പ്രത്യേകമായ ഒരു ഘടനയുണ്ട്. നാല്‍പത് അധ്യായങ്ങളുള്ള ഇഹ്‌യായുടെ ഇരുപതാമത്തെ അധ്യായം (ഹൃദയഭാഗം) പ്രവാചകന്‍ (സ്വ)യുടെ സ്വഭാവത്തെക്കുറിച്ചാണെന്നതും ഗ്രന്ഥത്തിന്റെ നാല് ഭാഗങ്ങള്‍ നാല് കാലഭേദങ്ങളെ കുറിക്കുന്നു എന്നതും ഒന്നാമത്തെ അധ്യായം സാങ്കേതിത്വങ്ങളെ നിര്‍വഹിക്കുന്ന വിജ്ഞാനത്തെ പറ്റിയുള്ളതാണെന്നും അതിന്റെ ഘടനാപരമായ സവിശേഷതകളാണ്.
രണ്ടാമത്തേത്, വിശകലനാത്മക രീതിയാണ് (അിമഹ്യശേരമഹ ൃലമറശിഴ) ഉള്ളടങ്ങിയ കാര്യങ്ങളെ വ്യാഖ്യാന വിധേയമാക്കുന്നതാണത്. വിമര്‍ശനാത്മക രീതിയാണ് മൂന്നാമത്തേത്.
വായനയുടെ വിവിധ ഘട്ടങ്ങളെയാണ് ഈ മൂന്ന് രീതികള്‍ സൂചിപ്പിക്കുന്നത്. ആദ്യം പുസ്തകത്തിന്റെ ഘടനയെ വായിക്കണം. ശേഷം പുസ്തകത്തിന്റെ അന്തസത്ത ഗ്രഹിച്ചതിനു പിറകെ, പുസ്തകവുമായി സംഭാഷണത്തിലേര്‍പ്പെടണം. എന്നാല്‍, പലരും ആദ്യ രണ്ടു ഘട്ടങ്ങളെ അവഗണിച്ച് നേരിട്ട് മൂന്നാം ഘട്ടത്തിലേക്ക് ചാടിക്കടക്കുന്നു. ഈ പ്രവണത ശരിയല്ല. സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് ഗൗരവ വായന. മണിക്കൂറില്‍ ഇരുപത് പേജിലധികം വായിക്കരുതെന്നാണ് അഡ്‌ലര്‍ അഭിപ്രായപ്പെടുന്നത്.
പ്രകൃതിയെ വായിക്കുന്നതിനു തുല്യമാണ് പുസ്തക വായന. നാം തന്നെ സ്വയം ചോദ്യങ്ങളുന്നയിച്ച് അതിനുള്ള മറുപടി കണ്ടെത്തണം. വായന പഠനമാണെന്നാണ് അഡ്‌ലറുടെ പക്ഷം, ഒരു നല്ല വായനക്കാരന്‍ സജീവ പഠിതാവാണ്. നിഷ്‌ക്രിയ വായന എന്ന ഒന്നില്ല. മറിച്ച് കൂടുതല്‍ സജീവമായ വായന എന്ന ഒന്നേ ഉള്ളൂ. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരു അധ്യാപകന് കീഴില്‍ പഠിക്കുന്നവനാണ് കൂടുതല്‍ സജീവ പഠിതാവ് എന്ന് അഡ്‌ലര്‍ വാദിക്കുന്നുണ്ട്. ഇവിടെ, മരിച്ച അധ്യാപകനെന്നതുകൊണ്ട് മഹത് ഗ്രന്ഥങ്ങളെയാണദ്ദേഹം വിവക്ഷിക്കുന്നത്. ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഒരു അധ്യാപകന്റെ സഹായം ആവശ്യമായി വരും. അബൂ ഹയ്യാന്‍ അത്തൗഹീദി(റ) പറയുന്നു: അനുഭവസ്ഥര്‍ വിചാരിക്കുന്നത് പുസ്തകങ്ങള്‍ ബുദ്ധിയുള്ളവരെ അത് മനസ്സിലാക്കുന്നതിലെത്തിക്കുമെന്നാണ്. എന്നാല്‍, ഏറ്റവും ബുദ്ധിശാലികളായവരെപോലും കുഴക്കുന്ന അവ്യക്തതകല്‍ ചേര്‍ന്നതാണ് അവകളെന്ന് അവര്‍ അറിയാതെ പോകുന്നു.’
സമഗ്ര വായന പ്രയാസകരം തന്നെയാണ്. പ്രവാചകര്‍(സ്വ) പറഞ്ഞു: വിദ്യ അഭ്യസിക്കുന്നതിലൂടെയാണ് അറിവ് ലഭിക്കുക. ഇവിടെ ‘ഇന്നമല്‍ ഇല്‍ ബി തഅല്ലും’ എന്ന പ്രവാചക വചനത്തിലെ ‘തഅല്ലും’ എന്നതിന്റെ രൂപകമായ ‘തഅല്ല’ അറബി വ്യാക്യരചനാ ശാസ്ത്ര പ്രകാരം പ്രയാസത്തെ ധ്വനിപ്പിക്കുന്നതാണ്. അഥവാ, അറിവ് ലഭിക്കണമെങ്കില്‍ പ്രയാസങ്ങള്‍ സഹിക്കണം എന്നര്‍ത്ഥം. എന്നാല്‍ മേല്‍ പറയപ്പെട്ട രീതികളവലംബിച്ച് വായന ഒരു പതിവ് ശീലം ആക്കുന്നതിലൂടെ അത് അനായാസം അത്യാനന്ദകരവുമായ ഒരു അനുഭവമായി മാറുന്നു എന്ന് അഡ്‌ലര്‍ നിരീക്ഷിക്കുന്നുണ്ട്. ഇമാം അബൂ ഹനീഫ(റ)ന്റെ വാക്കുകള്‍ ഈയൊരാശയത്തെ വ്യക്തമാക്കുന്നതാണ്. അറിവന്വേഷണത്തിന്റെ വഴിയില്‍ നാം അനുഭവിക്കുന്ന അനുഭൂതികളെങ്ങാനും ഇവിടുത്തെ രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍, അവര്‍ അവരുടെ പരിവാരങ്ങളെ ഉപയോഗിച്ച് അത് കവര്‍ന്നെടുക്കുമായിരുന്നു.’ കാര്യങ്ങളെ ഗ്രഹിക്കുക എന്നതിനെ കുറിക്കുന്ന ‘വജദ’ എന്ന അറബി പദത്തിന് ആനന്ദിക്കുക എന്നര്‍ത്ഥം കൂടിയുണ്ട് എന്നത് ഇതിനോട് ചേര്‍ത്തു വെക്കേണ്ടതാണ്.