ഭയത്തിന്റെ രാഷ്ട്രീയവും ഇസ്‌ലാ മോഫോബിയയും

2347

Since love and fear can hardly exist together, if we must choose between them , it is far safer to be feared than loved.നിക്കോളോ മാക്യവല്ലി. ദി പ്രിന്‍സ്.
ജൈവികമായ വികാരം എന്നതില്‍ കവിഞ്ഞ് വലിയ രാഷ്ട്രീയ സാധ്യതകളുണ്ട് ഭയത്തിന്. അധികാരത്തിനായുള്ള മനുഷ്യരുടെ പരിശ്രമങ്ങള്‍ ആരംഭിച്ചതു മുതലേ ഭയമുപയോഗിച്ചുകൊണ്ടതിനെ നിലനിര്‍ത്താനാവുമെന്ന തിരിച്ചറിവ് രൂപപ്പെട്ടിട്ടുണ്ട്. പൊതുജനാഭിപ്രായങ്ങളുടെ മുകളിലാണ് ഭരണകൂടങ്ങളുടെ നിലനില്‍പ്പെന്ന് ഡേവിഡ് ഹ്യൂം പറയുന്നുണ്ട്. എന്നാല്‍, ഈ അഭിപ്രായരൂപീകരണത്തില്‍ പോലും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഭയമാണ്. അക്രമങ്ങളിലൂടെയും കീഴടക്കലുകളിലൂടെയും ഭരണകൂടങ്ങള്‍ രൂപീകൃതമായിരുന്ന പൂര്‍വാധുനിക കാലത്ത് ഭയം ഒരു ദൃശ്യമായ സാന്നിധ്യമായിരുന്നു. സാമ്രാജ്യങ്ങള്‍ ദേശരാഷ്ട്രങ്ങള്‍ക്കും സ്വേച്ഛാധിപത്യം ജനാധിപത്യത്തിനും വഴിമാറിയ ആധുനിക ലോകത്തുമുണ്ട് ഭയത്തിന്റെ പരോക്ഷമെങ്കിലും സജീവമായ സാന്നിധ്യം. രാജാവും പ്രജകളും, ഭരണകൂടങ്ങളും പൗരന്മാരും, അധികാരത്തിന്റെ ഈ ഭിന്നമായ സങ്കല്‍പനങ്ങള്‍ ഉടലെടുക്കുക ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരുമെന്ന വിഭജനം രൂപപ്പെടുന്നതില്‍ പിന്നെയാണ്. കീഴൊതുങ്ങാന്‍ മനസ്ഥിതിയുള്ള അനേകംപേരും കീഴടക്കാന്‍ പ്രാപ്തിയുള്ള ചുരുക്കം ചിലരും എന്നതാണ് എല്ലാ അധികാരങ്ങളുടെയും അടിസ്ഥാനഭാവമെന്നും പറയാം. മറ്റൊരര്‍ഥത്തില്‍, കീഴടങ്ങാനുള്ള ജനങ്ങളുടെ മനസ്ഥിതി രൂപപ്പെടുത്തുകയാണ് അധികാരാരോഹണത്തിനുവേണ്ട ആദ്യപടി. സ്നേഹമോ ഭയമോ കൊണ്ടേ അത് സാധ്യമാവുകയുള്ളൂ. സ്നേഹവും ഭയവും കൂടെ ഒരുമിച്ച് നിലനില്‍ക്കുന്നില്ലെന്നതിനാല്‍ ഭയപ്പെടുത്തി കാര്യം നേടുകയാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് ഉപര്യുക്ത വചനത്തില്‍ മാക്യവല്ലി പറയുന്നത്.
എന്നാല്‍, ജനാധിപത്യ സംവിധാനങ്ങളില്‍ അധികാരം ഊട്ടിയുറപ്പിക്കാനുള്ള വഴി ഭൂരിപക്ഷത്തെ കൂടെ നിര്‍ത്തുകയാണ്. 2019-ല്‍ പുറത്തുവന്നൊരു പഠനത്തില്‍ ലോകത്താകമാനം നാനൂറ് കോടിയിലേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാഷ്ട്രീയ പാര്‍ട്ടികളോരോന്നും പൊതുജനാഭിപ്രായത്തെ കൂടെ നിര്‍ത്താനും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാവാനും യത്നിക്കുന്നവരാണ്. വികസന സങ്കല്‍പങ്ങള്‍, മോഹന വാഗ്ധാനങ്ങള്‍, തത്വശാസ്ത്രങ്ങള്‍, വംശീയത, അപരവിദ്വേഷം, മതവര്‍ഗീയത, ജാതീയത തുടങ്ങിയ ഭിന്നമായ രാഷ്ട്രീയ പദ്ധതികളിലൂടെയാണ് പൊതുജനാഭിപ്രായം അനുകൂലമാക്കി മാറ്റിയെടുക്കുന്നത്. കൂട്ടത്തില്‍ വിനാശകരമെങ്കിലും വലിയ പ്രതിഫലനശേഷിയുള്ളതാണ് അപരവിദ്വേഷവും വംശീയതയും വര്‍ഗീയതയും. സവിശേഷമായൊരു ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മാത്രം പ്രവര്‍ത്തനക്ഷമമാണ് ജാതീയതയെങ്കിലും സമാനമായ സ്വാധീനമാണതിനും. മതവും വംശവും ജാതിയും മനുഷ്യര്‍ പൊതുവെ തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി മനസ്സിലാക്കുന്നുവെന്നതാണ് കാരണം.
സ്വന്തത്തോടും സ്വത്വത്തോടുമുള്ള അഭിനിവേശം പൊതുജനങ്ങളില്‍ ഭ്രാന്തമായൊരു വിവേകരാഹിത്യം സൃഷ്ടിക്കുകയും അങ്ങേയറ്റത്തെ അധികാരപ്രയോഗത്തിന് കളമൊരുക്കുകയും ചെയ്യും. ഉദാരണത്തിന്, ജര്‍മന്‍ നാസിസത്തിലേക്കും ഫാഷിസ്റ്റ് ഇറ്റലിയിലേക്കും തന്നെ പോവണമെന്നില്ല. അവ രാഷ്ട്രീയമീമാംസകരുടെയും ഗവേഷകപടുക്കളുടെയും ചര്‍വിതചര്‍വണത്തിന് വിധേയമായ ചരിത്രത്തിലെ രണ്ടു ദശാസന്ധികള്‍ മാത്രം. അപരവിദ്വേഷത്തിന്റെയും മതവിഭാഗീയതയുടെയും പ്രയോഗസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് നിലവിലെ ഇന്ത്യ. തദ്ഫലമായി, വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ദാരിദ്ര്യം, അരക്ഷിതാവസ്ഥ തുടങ്ങിയവ അഭിപ്രായരൂപീകരണത്തില്‍ സ്വാധീനശേഷിയില്ലാത്ത നിര്‍ജീവഘടകങ്ങളായി മാറിയിരിക്കുന്നു. പുറത്തുവരുന്ന വിവരസൂചികകളിലെല്ലാം ഇന്ത്യയുടെ വളര്‍ച്ചാരാശി അവരോഹക്രമത്തിലാണെന്ന വസ്തുതക്കൊപ്പം, ശക്തമായൊരു ഭരണകൂടവിരുദ്ധ വികാരത്തിന് ഇനിയുമിവിടെ കളമൊരുങ്ങിയിട്ടില്ല എന്ന യാഥാര്‍ഥ്യം കൂടി ചേര്‍ത്തുവക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാവും.
ഇസ്്ലാമിനോടും മുസ്്ലിംകളോടുമുള്ള അകാരണമായ ഭയത്തെയും വെറുപ്പിനെയും സൂചിപ്പിക്കുവാന്‍ ഉപയോഗത്തിലുള്ള സംജ്ഞയാണ് ഇസ്്ലാമോഫോബിയ എന്നത്. ഇസ്്ലാം ഭീതി/ഭയം എന്നൊക്കെ പൊതുവെ മലയാളീകരിക്കാം എങ്കിലും ‘phobia’ എന്ന പദത്തിലടങ്ങിയ ചില അര്‍ഥവൈപുല്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാനതിന് സാധിക്കുമെന്ന് തോന്നുന്നില്ല. അകാരണവും യുക്തിരഹിതവുമായ രീതിയില്‍ രൂപപ്പെടുന്ന അപരവിദ്വേഷത്തിന്റെ ഒരു സാമൂഹിക തലമാണത്. യൂറോ-കേന്ദ്രീകൃതമായ സാമൂഹികാന്തരീക്ഷത്തില്‍ രൂപപ്പെട്ട പ്രസ്തുത പദവും അതിന്റെ പ്രയോഗവും, ആഗോളീകരണത്തിന് വിധേയമായ ആധുനിക ലോകത്ത് ഭൂഖണ്ഡാന്തരമായ (trans-continental) സാധ്യതകള്‍ കൈവരിച്ചിട്ടുണ്ട്.
ഇസ്്ലാമോഫോബിയയെക്കുറിച്ച് പാശ്ചാത്യലോകത്ത് നടന്നുവരുന്ന അക്കാദമിക് സംവാദങ്ങളില്‍ ഭിന്നമായ സമീപനരീതികള്‍ പ്രത്യക്ഷപ്പെട്ടതായി കാണാം. കൂട്ടത്തില്‍, ഇസ്്ലാമോഫോബിയയെ ഒരു സാമൂഹിക പ്രതിഭാസമായി(Social Process) കണ്ടുകൊണ്ടുള്ള അന്വേഷണങ്ങളുടെ പരിമിതി, പലപ്പോഴുമത് മുസ്്ലിംകളുടെ മത-സാമൂഹിക-രാഷ്ട്രീയ സ്വത്വങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളായി പരിണമിക്കുന്നുവെന്നതാണ്. അകാരണവും യുക്തിരഹിതവുമായി രൂപപ്പെടുന്നത് എന്ന ഫോബിയയുടെ സാമാന്യര്‍ഥത്തിന് തന്നെ വിരുദ്ധമായൊരു ഇടപെടലാണത്. അകാരണമായൊരു ഭീതി പ്രത്യക്ഷപ്പെടുന്നുവെങ്കിലതിന് കാരണം അതൊരു സാമൂഹിക നിര്‍മിതി(Social Construct) ആയത് കൊണ്ടാണ്. കൃത്യമായ രാഷ്ട്രീയലക്ഷ്യങ്ങളോടു കൂടെയുള്ള, സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പദ്ധതികളിലൂടെ രൂപപ്പെട്ട, തികച്ചും ‘വംശീയ’മായൊരു ഭരണകൂട പദ്ധതിയാണ് ഇസ്്ലാമോഫോബിയ. വംശീയതയുടെ(Racism) സാമൂഹിക പാഠാവലികള്‍ ഉപയോഗിച്ചുകൊണ്ട് ഇസ്്ലാമോഫോബിയയെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് അക്കാദമിക ലോകത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. സവിശേഷമായ യൂറോപ്യന്‍ സാഹചര്യത്തില്‍ ഇസ്്ലാമോഫോബിയയുടെ പ്രയോഗവും പ്രതിഫലനവും വംശീയമായ അനുരണനങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന അര്‍ഥത്തില്‍ മാത്രമല്ല അത്തരമൊരു സമീപനം. മറിച്ച്, വംശം എന്നത് ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന ചരിത്രപരമായ സാമൂഹിക നിര്‍മിതിയാണ് എന്ന അര്‍ഥത്തില്‍ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് ആഗോളവത്കൃതമായൊരു പരിപ്രേക്ഷ്യത്തിലും പ്രസ്തുത സമീപനരീതി പ്രസക്തമായിത്തീരുന്നത്.

ഇസ്്ലാമോഫോബിയ: ഒരു ഭരണകൂട പദ്ധതി

കുരിശുയുദ്ധത്തെ കുറിച്ചുള്ള യൂറോപ്യന്‍ വായനകളെ അട്ടിമറിച്ച ചരിത്രഗ്രന്ഥമാണ് 2010-ല്‍ പുറത്തിറങ്ങിയ തോമസ് ആസ്ബ്രിഡ്ജിന്റെ The Crusades: The Authoritative History of the War for the Holy Land എന്ന ഗ്രന്ഥം. ഈ പുസ്തകത്തെ ആസ്പദിച്ച് 2018-ല്‍ ബി.ബി.സി Holy Land എന്ന പേരില്‍ മൂന്ന് എപ്പിസോഡുകളുള്ള ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ട്. ഈ പുസ്തകത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കുരിശുയുദ്ധത്തിനനുകൂലമായ രാഷ്ട്രീയാന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ പോപ് അര്‍ബന്‍ രണ്ടാമന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചുള്ള സവിശദ വിവരങ്ങള്‍ കാണാം. ഗ്രീക്ക് ചര്‍ച്ചും ലാറ്റിന്‍ ചര്‍ച്ചുമായി ക്രിസ്ത്യാനിറ്റി വിഭജിതമായ ചരിത്രഘട്ടത്തില്‍ ചര്‍ച്ചിന്റെ അധികാരം പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടി നടത്തിയ ബോധപൂര്‍വമായ നീക്കമായിരുന്നു കുരിശുയുദ്ധങ്ങളിലേക്ക് നയിച്ചതെന്ന് ആസ്ബ്രിഡ്ജ് പറയുന്നു. മുസ്്ലിംകള്‍ക്ക് കീഴിലുള്ള ജറുസലേം പിടിച്ചെടുക്കുകയായിരുന്നല്ലോ കുരിശുയുദ്ധങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം. അതാവട്ടെ, 1095-ല്‍ ആദ്യ കുരിശുയുദ്ധം നടക്കുമ്പോള്‍ മുസ്്ലിം അധീനതയിലായിട്ട് നാനൂറ് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. പിന്നെ, യൂറോപ്പിലെ ക്രിസ്ത്യന്‍ പൊതുവികാരങ്ങളെ ഇളക്കിവിടാന്‍ അര്‍ബന്‍ രണ്ടാമന്‍ പ്രയോഗിച്ച തന്ത്രം അപരവിദ്വേഷത്തിന്റെ അനിയന്ത്രിതമായ പ്രക്ഷേപണമായിരുന്നു. ക്രൂരരും അപരരും നിഷേധികളുമായ ഒരു അപരവംശമായി മുസ്്ലിംകള്‍ ചിത്രീകരിക്കപ്പെട്ടു. ക്രൈസ്തവര്‍ക്കെതിരെ മുസ്്ലിംകള്‍ നടത്തുന്ന മൃഗീയമായ അതിക്രമങ്ങളുടെ നിറംപിടിപ്പിച്ച വാര്‍ത്തകള്‍ യൂറോപ്പിലാകമാനം ഒഴുകിനടന്നു. ഫലമോ, പല സാമ്രാജ്യങ്ങളിലായി വിഭജിതമായിരുന്ന ക്രൈസ്തവര്‍ ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിച്ചു. മുസ്്ലിംകളോടുള്ള അപരവിദ്വേഷം ചര്‍ച്ചിന്റെ അധികാരം കൂടുതല്‍ സുദൃഢമാക്കി. നവോഥാനകാലം വരെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായി തുടരാനുള്ള സാംസ്‌കാരിക മൂലധനം ചര്‍ച്ച് നേടിയെടുക്കുന്നത് ഈ മുസ്്ലിം വിദ്വേഷത്തില്‍ നിന്നാണ്.
ഇതിവിടെ സ്മരിച്ചത് യൂറോപ്പിലെ ഇസ്്ലാമോഫോബിയയുടെ അടിവേരുകളിലേക്ക് ചികഞ്ഞുചെല്ലുക എന്ന അര്‍ഥത്തിലല്ല. കാരണം, അത്തരത്തിലുള്ള അന്വേഷണങ്ങളോരോന്നും മുസ്്ലിം ഭീതിയെ അമൂര്‍ത്തമായൊരു ഐഡിയോളജിയായി ചിത്രീകരിക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. ചരിത്രത്തിലെവിടെയോ പല കാരണങ്ങളാല്‍ ഉടലെടുത്ത ഒരു പ്രക്രിയയോ പ്രതിഭാസമോ ആയി ഇസ്്ലാമോഫോബിയ മാറുന്നു. യഥാര്‍ഥത്തില്‍, മൂര്‍ത്തമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളും കൃത്യമായ അധികാര താല്‍പര്യങ്ങളുമുള്ള ശീതയുദ്ധാനന്തര രാഷ്ട്രീയ പദ്ധതിയാണ് നിലവില്‍ ഇസ്്ലാമോഫോബിയ. ചരിത്രത്തിലെ അര്‍ബന്‍ രണ്ടാമന്റെ മുസ്്ലിം വിദ്വേഷ പ്രചാരണങ്ങളുമായി അതിനുള്ള സമാനത തികച്ചും യാദൃശ്ചികമാണെന്നോ ഒരു ബന്ധവുമില്ലാത്തതാണെന്നോ പറയാനാവില്ല. രണ്ടും അധികാര രാഷ്ട്രീയത്തില്‍ അപരവിദ്വേഷത്തിന്റെ അപാരമായ സാധ്യതകളുടെ ഉപയോഗപ്പെടുത്തലുകളാണെന്ന് മാത്രം. എന്നാല്‍, മുസ്്ലിം ഭീതിയുടെ ഭൂതകാലത്തിന്റെ തുടര്‍ച്ചയില്‍ നിന്നും സമീപചരിത്രത്തിലെ ‘ഇസ്്ലാമോഫോബിയ’യെ അടര്‍ത്തിമാറ്റിക്കൊണ്ടുള്ള സമീപനരീതിക്ക് മാത്രമേ കാര്യങ്ങളെ കൂടുതല്‍ മൂര്‍ത്തവും ഫലപ്രദവുമായി അവതരിപ്പിക്കുക സാധ്യമാവുകയുള്ളൂ.
ശീതയുദ്ധാനന്തര കാലഘട്ടത്തിലെ സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനാണ് മുസ്്ലിംകളെ അപരസ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു സാമൂഹിക ഭീതി നിര്‍മിച്ചെടുക്കുന്നത്. ഭരണകൂടങ്ങള്‍ക്ക് കീഴടങ്ങുന്നവരെ സൃഷ്ടിക്കുവാനുള്ള ഭയത്തിന്റെ രാഷ്ട്രീയ പ്രയോഗമായിരുന്നു അത്. ഭൂരിപക്ഷത്തെ കൂടെ നിര്‍ത്തുകയെന്ന അധികാരസംരക്ഷണത്തിനുള്ള ജനാധിപത്യ പ്രക്രിയയില്‍ വലതുപക്ഷ പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങളും അതിനെ സമര്‍ത്ഥമായി ഉപയോഗിച്ചു. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും രൂപീകരിക്കുകയും ചെയ്യുന്ന അധികാരസ്ഥാപനങ്ങള്‍ എന്ന നിലയില്‍ മീഡിയ ശക്തമായ ഇടപെടലുകള്‍ നടത്തി. സംസ്‌കാരങ്ങളുടെ ആസന്നമായൊരു സംഘട്ടനം എന്ന പ്രമേയത്തില്‍ രാഷ്ട്രീയ നയരേഖകള്‍ തയ്യാര്‍ ചെയ്യപ്പെട്ടു. 1993-ല്‍ ഫോറിന്‍ അഫേഴ്സ് എന്ന മാഗസിനിലാണ് Clash of Civilization? എന്ന ടൈറ്റിലില്‍ സാമുവല്‍ ഹണ്ടിംഗ്ടന്റെ ലേഖനം പ്രത്യക്ഷപ്പെടുന്നത്. ശീതയുദ്ധാനന്തര ലോകത്തെ കുറിച്ചുള്ള വലിയ വിചാരപ്പെടലുകള്‍ അക്കാദമിക് ലോകത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നവസാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് അസ്തമിച്ച യു.എസ്.എസ്.ആറിന്റെ സ്ഥാനത്തേക്ക് പുതിയൊരു എതിരാളി ആവശ്യമായിരുന്നു. സംസ്‌കാരങ്ങളെ ഏകശിലാത്മകമായോ എന്തോ ആയി ഗണിച്ചുകൊണ്ടുള്ള അങ്ങേയറ്റം ചരിത്രവിരുദ്ധവും ദുര്‍ബലവുമായിരുന്ന തിയറൈസേഷനായിരുന്നു ഹണ്ടിംഗ്ടണ്‍ നടത്തിയതെങ്കിലും അധികാരിവര്‍ഗത്തിന്റെ താല്‍പര്യങ്ങളോട് യോജിച്ചുപോവുന്നതായിരുന്നു. 1996-ല്‍ പ്രസ്തുത പേരില്‍ തന്നെ (ചോദ്യചിഹ്നം ഒഴിവാക്കി) ഹണ്ടിംഗ്ടണിന്റെ പുസ്തകം പുറത്തിറങ്ങുകയും War on Terror അടക്കമുള്ള ഹിംസാത്മകമായ അധികാരപ്രയോഗങ്ങള്‍ക്ക് താത്വിക അടിത്തറയായി മാറുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്‌കൃതിക്കെതിരെ പോരാടുന്ന, ആധുനികതയുടെ ശത്രുവായ, തീവ്രവാദിയായ, അപരനായ മുസ്്ലിം എന്ന ചിത്രം രൂപപ്പെട്ടു.

ഇസ്്ലാമോഫോബിയ ഇന്ത്യയില്‍

നിലവില്‍ ഇസ്്ലാമോഫോബിയയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ പരീക്ഷണശാല എന്ന നിലക്ക് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന രാജ്യമാണ് ഇന്ത്യ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ മൂലധനമായി ഇസ്്ലാമോഫോബിയ മാറിക്കഴിഞ്ഞു. മീഡിയ, ബ്യൂറോക്രസി, ജ്യുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നു തുടങ്ങി വിവിധ ഗവണ്‍മെന്റ്, നണ്‍-ഗവണ്‍മെന്റ് സംവിധാനങ്ങളും ഈയൊരു രാഷ്ട്രീയ പദ്ധതിയില്‍ തങ്ങളുടെ ഭാഗദേയം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. 2014-ല്‍ കേന്ദ്രത്തില്‍ സംഘപരിവാര്‍ അധികാരമുറപ്പിച്ചതില്‍ പിന്നെ മാത്രം മുസ്്ലിം അപരനെ സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാവേണ്ടതുണ്ട്. ഇന്ത്യയിലെ ഇസ്്ലാമോഫോബിയയെ ഒരു സാമൂഹിക നിര്‍മിതി എന്ന അര്‍ഥത്തില്‍ നോക്കിക്കാണുമ്പോള്‍ മുസ്്ലിം ഭീതിയുടെ ആഗോളസ്വഭാവവും ഒപ്പം സവിശേഷമായ ഇന്ത്യന്‍ പശ്ചാത്തലവും ചര്‍ച്ചാവിധേയമാവണം. ഭീകരതക്കെതിരായ യുദ്ധം എന്ന ശീതയുദ്ധാനന്തര ഇസ്്ലാമോഫോബിക് പദ്ധതി പല ഭരണകൂടങ്ങളുടെ കാലത്തും ഇന്ത്യയില്‍ ഫലപ്രദമായതായി കാണാം.
ആധുനിക ദേശരാഷ്ട്രത്തിന്റെ ഉത്ഭവത്തിനും വികസനത്തിനും പരിണാമങ്ങള്‍ക്കും ഒരു വംശം (Race) അനിവാര്യമാണെന്ന് The Racial State എന്ന ഗ്രന്ഥത്തില്‍ ഗോള്‍ഡ്ബെര്‍ഗ് വാദിക്കുന്നുണ്ട്. യൂറോപ്യന്‍ ദേശരാഷ്ട്രങ്ങളുടെ സഹജമായ സ്വഭാവത്തെ വിലയിരുത്തിക്കൊണ്ടുള്ള ഈ പരാമര്‍ശം ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തിലും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഭൂരിപക്ഷത്തെ സൃഷ്ടിക്കാനുള്ള ഫലപ്രദമായ മാര്‍ഗം എന്ന രൂപത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇസ്്ലാമോഫോബിയ ഒരു രാഷ്ട്രീയായുധമായി മാറുന്നത്. വിഭജിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഭാഗമായിത്തന്നെ മുസ്്ലിം അപരനെ സൃഷ്ടിക്കുക സാധ്യമായൊരു ധൈഷണിക വ്യവഹാരം ഇവിടെ രൂപംകൊണ്ടിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള ബ്രിട്ടീഷ് ചരിത്രാഖ്യാനങ്ങളില്‍ മുസ്്ലിമിന് നല്‍കിയ വിദേശിയായ കടന്നുകയറ്റക്കാരന്റെ പരിവേഷം, ഹണ്ടിംഗ്ടണിന്റെ സംസ്‌കാരങ്ങളുടെ സംഘട്ടനം പോലെ, ഇസ്്ലാമോഫോബിക് ആഖ്യാനങ്ങള്‍ക്ക് താത്വിക പിന്‍ബലമായിത്തീര്‍ന്നു.
ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയമായ പരിമിതി അതൊരു മതമല്ല എന്നതുതന്നെയായിരുന്നു. ഹിന്ദുമതമെന്നാല്‍ ജാതികളുടെ കൂട്ടം മാത്രമാണെന്നും മുസ്്ലിം വിരുദ്ധമായൊരു വംശീയചേരിയില്‍ മാത്രമേ അവര്‍ക്ക് ഒന്നിപ്പ് സാധ്യമാവുകയുള്ളൂ എന്നും ഡോ. ബി. ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. ദേശത്തിന്റെ പ്രതിയോഗിസ്ഥാനത്ത് നില്‍ക്കുന്ന, എല്ലാ അര്‍ഥത്തിലും അപരവംശജനായ ഒരു മുസ്്ലിമിന്റെ ചിത്രീകരണം നടക്കുന്നത് ഈ രാഷ്ട്രീയമായ പരിമിതിയെ മറികടക്കുകയെന്ന ലക്ഷ്യത്തിലാണ്. Inscribing the Other, Inscribing the Self: Hindu-Muslim Identities in Pre-colonial India എന്ന പഠനത്തില്‍ സിന്ധ്യ താല്‍ബോട്ട് ഹിന്ദു എന്ന രാഷ്ട്രീയസ്വത്വം രൂപപ്പെട്ടവന്നത് മുസ്്ലിം എന്ന അപരനെ സ്ഥാപിച്ചുകൊണ്ടാണെന്ന് പറയുന്നുണ്ട്. മതത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള കൊളോണിയല്‍ ആഖ്യാനങ്ങളാണ് ഹിന്ദു സ്വത്വനിര്‍മിതിക്ക് കാരണമായതെന്ന് താല്‍ബോട്ട് നിരീക്ഷിക്കുന്നു. ഹൈന്ദവ ഐക്യത്തില്‍ ഒരു മെജോറിറ്റേറിയന്‍ ഭരണസംവിധാനത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സംഘപരിവാര്‍ ഇസ്്ലാമോഫോബിയയെ ഒരു രാഷ്ട്രീയ പദ്ധതിയായി ഏറ്റെടുക്കുകയായിരുന്നു.

സംഘപരിവാരവും ക്രൈസ്തവരും

ഇന്ത്യയിലെ ബുദ്ധ, ജൈന, സിഖ് മതസ്ഥരെയും ദലിത്, ആദിവാസി വിഭാഗങ്ങളെയുമെല്ലാം ഹിന്ദു എന്ന വിശാല സ്വത്വത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ് ഹൈന്ദവ ദേശീയ ഭാവനകള്‍ നിലനില്‍ക്കുന്നത്. എന്നാല്‍, വിദേശികള്‍, അപരസംസ്‌കൃതിയുടെ വക്താക്കള്‍, മതപരിവര്‍ത്തിതര്‍ തുടങ്ങി മുസ്്ലിം അപരനെ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ഉപയോഗിക്കുന്ന മിക്ക ചേരുവകളും ഒത്തിണങ്ങിയവരാണ് ഇന്ത്യയിലെ ക്രൈസ്തവര്‍. പക്ഷേ, ഇന്ത്യന്‍ മുസ്്ലിമിന്റെ അപരസ്ഥാനം നല്‍കപ്പെട്ടവരല്ല ഇന്ത്യയിലെ ക്രൈസ്തവര്‍. ക്രിസ്ത്യാനികള്‍ ജനസംഖ്യാപരമായ കുറവായതു കൊണ്ടും ഹൈന്ദവവത്കരണത്തിലൂടെ മെരുക്കപ്പെട്ടവരായതുകൊണ്ടുമാണ് ഇതെന്ന് കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമം പോലെയുള്ള സംഘപരിവാറിന്റെ സ്വപ്ന പദ്ധതികളില്‍ ക്രൈസ്തവര്‍ക്ക് നല്‍കപ്പെട്ട ഇളവ് ഇതിനോടു ചേര്‍ത്തുവക്കാവുന്നതാണ്. സംഘപരിവാരത്തെ നാണിപ്പിക്കുന്ന വിധത്തില്‍ അടുത്തിടെ കേരളത്തിലെ ചില ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ നടത്തിയ ഇസ്്ലാമോഫോബിക് പരാമര്‍ശങ്ങള്‍ ഓര്‍ക്കുക. സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അധികാരവുമായി നടത്തുന്ന നീക്കുപോക്കുകള്‍ എന്നര്‍ഥത്തില്‍ മാത്രം കാണേണ്ടതല്ല അത്. ഇന്ത്യയിലെ മുസ്്ലിം അപരനിര്‍മിതി ആഗോളീകൃതമായൊരു ഇസ്്ലാമോഫോബിക് രാഷ്ട്രീയത്തോടു കൂടെ താദാത്മ്യപ്പെടുന്നത് കൂടെ ഒരു കാരണമായി മനസ്സിലാക്കേണ്ടതുണ്ട്.

അനീസ് ടി.എ കമ്പളക്കാട്‌