കരയാന്‍ വിധിക്കപ്പെട്ട സമുദായമല്ല മുസ്‌ലിംകള്‍

1836

അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍

സി.ഇ 1099. പോപ്പ് അര്‍ബര്‍ രണ്ടാമന്റെ നേതൃത്വത്തിലുള്ള കുരിശുപട മുസ്‌ലിം ലോകത്തേക്ക് ഇരച്ചുകയറിയിരിക്കുന്നു. ഫലസ്തീനും പരിസരങ്ങളുമെല്ലാം ചോരക്കളമാക്കി മാറ്റിയിരിയിരിക്കുകയാണവര്‍. അനേകായിരം സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കശാപ്പിനിരയാക്കി. മസ്ജിദുല്‍ അഖ്‌സ കീഴടക്കി. അവിടെ ‘ജറൂസലേം സാമ്രാജ്യം’ എന്ന പേരില്‍ മാര്‍പാപ്പയുടെ വിശുദ്ധ രാജ്യം സ്ഥാപിച്ചു. ആ വിജയത്തെ ‘ഒന്നാം കുരിശ് യുദ്ധം’ എന്ന പേരില്‍ സഭ ആഘോഷിച്ചു. മുസ്‌ലിം ലോകത്തിനേറ്റ വല്ലാത്ത ഷോക്കായിരുന്നു അത്. എല്ലാവരും കടുത്ത നിരാശയിലായി. സി.ഇ 638 ല്‍ മുസ്‌ലിംകള്‍ കീഴടക്കിയ ഫലസ്തീനില്‍ ഖലീഫ ഉമര്‍(റ) നേരിട്ടുവന്നാണ് മസ്ജിദുല്‍ അഖ്‌സ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തത്. മുസ്‌ലിംകളുടെ ആദ്യകാല ഖിബ്‌ലയും പുണ്യഗേഹവുമാണത്. ഇസ്‌റാഇന്റെ ഭൂമിക. നാലര നൂറ്റാണ്ടുകാലം മുസ്‌ലിംകളാണ് ഖുദ്‌സും പരിസര പ്രദേശങ്ങളുമെല്ലാം അടക്കിവാണത്. അവിടേക്കാണിപ്പോള്‍ കുരിശ് യുദ്ധക്കാര്‍ ഇരച്ചുകയറി ചോരക്കളം തീര്‍ത്തതും കൂട്ടക്കൊല നടത്തി കുരിശ് സാമ്രാജ്യം സ്ഥാപിച്ചതും. മാര്‍പാപ്പയുടെ അധീനതയുള്ള ഫലസ്തീനും മസ്ജിദുല്‍ അഖ്‌സയും ഇനിയൊരിക്കലും മുസ്‌ലിംകള്‍ക്ക് തിരിച്ചു കിട്ടാന്‍ സാധ്യതയില്ല. അത്രയും ബലഹീനമാണ് മുസ്‌ലിംകളും അവരുടെ ഭരണാധികാരികളും. എല്ലായിടത്തും നിരാശയും കണ്ണീരും മാത്രം.
വര്‍ഷങ്ങള്‍ കടന്നു പോയി. സി.ഇ 1146 ല്‍ സിറിയയിലെ അലപ്പോ കേന്ദ്രീകരിച്ചു ചെറിയ ഒരു മുസ്‌ലിം ഭരണകൂടം വന്നു. നൂറുദ്ദീന്‍ സങ്കിയാണ് ഭരണാധികരി. ഭക്തനും ധീരനുമായ പോരാളി. നിരാശയില്‍ തളര്‍ന്നു കിടക്കുന്ന മുസ്‌ലിം സമുദായത്തെ അദ്ദേഹം വിളിച്ചുണര്‍ത്തി. ഫലസ്തീനും മസ്ജിദുല്‍ അഖ്‌സയും നഷ്ടപ്പെട്ടതില്‍ ഇനിയും നിരാശപ്പെട്ടിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് സമാശ്വസിപ്പിച്ചു. ഒട്ടും വൈകാതെ നാം അത് കീഴടക്കുകയും അവിടെ വച്ച് ജുമുഅ: നിസ്‌കാരം നടത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ ജുമുഅ: നടക്കുമ്പോള്‍ ഖുത്വുബ നിര്‍വഹിക്കാന്‍ നല്ലൊരു മിമ്പര്‍ വേണമെന്നു പറഞ്ഞു അലപ്പോ നഗരത്തില്‍ 1169 ല്‍ ഒരു മിമ്പറിന്റെ നിര്‍മാണവും ആരംഭിച്ചു. ഒരിക്കലും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലാത്ത മസ്ജിദുല്‍ അഖ്‌സയില്‍ ഖുത്വുബ നടത്താന്‍ മിമ്പറുണ്ടാക്കുന്ന നൂറുദ്ദീന്‍ സങ്കിയുടെ ചെയ്തികണ്ടു ജനം അത്ഭുതപ്പെട്ടു. ചിലര്‍ പരിഹസിച്ചു. പക്ഷേ, അദ്ദേഹം കുലുങ്ങിയില്ല. പ്രതീക്ഷയോടെ മിമ്പറിന്റെ നിര്‍മാണം തുടങ്ങി. വിദഗ്ദരായ ആശാരിമാര്‍ മനോഹരമായ ശില്‍പ ചാരുതയോടെ അതു നിര്‍മിച്ചു. പൈന്‍ മരത്തിന്റെ 6500 കഷ്ണങ്ങള്‍ കരകൗശല മേന്മയോടെ ചേര്‍ത്തുവച്ച മിമ്പര്‍. ഒരു ആണിയോ പശയോ ഉപയോഗിക്കാതെ വിദഗ്ദമായി നിര്‍മിച്ച മനോഹരമായ മിമ്പര്‍. പ്രതീക്ഷയുടെ സിമ്പലായി നില്‍ക്കുന്ന മിമ്പര്‍.
പക്ഷേ, ഫലസ്തീനില്‍ കൊണ്ടുപോയി ഖുത്വുബ നിര്‍വഹിക്കുക എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നൂറുദ്ദീന്‍ സങ്കിക്ക് സാധിച്ചില്ല. 1174ല്‍ ആ മഹാത്മാവ് പരലോകം പ്രാപിച്ചു. എന്നാലും ആ മിമ്പര്‍ വിശ്വാസികളെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് നൂറുദ്ദീന്‍ സങ്കിയുടെ ശിഷ്യനും കമാന്ററുമായ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അധികാരത്തിലെത്തുന്നത്. അതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് വച്ചു. അങ്ങനെ, നൂറുദ്ദീന്‍ സങ്കി മരണപ്പെട്ടു പതിമൂന്നു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേക്ക് അയ്യൂബിയുടെ നേതൃത്വത്തില്‍ 1187 സപ്തംബര്‍ 29 ന് മുസ്‌ലിംകള്‍ ജറുസലേമിലേക്ക് മാര്‍ച്ചു നടത്തി. ആ നാടും നഗരവും സ്വന്തമാക്കി. നഷ്ടങ്ങള്‍ക്ക് തൊണ്ണൂറാണ്ട് തികയും മുമ്പേ വീണ്ടെടുപ്പിന്റെ വിളകൊയ്‌തെടുത്തു. മസ്ജിദുല്‍ അഖ്‌സ വീണ്ടെടുത്തു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സിറിയയിലെ ഹലബില്‍ നിന്ന് ചരിത്ര പ്രസിദ്ധമായ ആ മിമ്പര്‍ കൊണ്ടുവന്നു. മസ്ജിദുല്‍ അഖ്‌സയില്‍ സ്ഥാപിച്ചു. മഹാപണ്ഡിതനായ ഖാള്വി മുഹ്‌യുദ്ദീന്‍ ബിന്‍ സകിയുടെ കാര്‍മികത്വത്തില്‍ അഖ്‌സാ പള്ളിയില്‍ മുസ്‌ലിംകള്‍ ഖുത്വുബയും ജുമുഅ:യും നടത്തി. അങ്ങനെ നൂറുദ്ദീന്‍ സങ്കിയുടെ സ്വപ്‌നം സാക്ഷാത്കൃതമായി. മുസ്‌ലിം ലോകം ശുക്‌റിന്റെ ആനന്ദക്കണ്ണീരൊഴുക്കി. ചരിത്രം അതിനെ ‘രണ്ടാം കുരിശ് യുദ്ധം’ എന്നു വിളിച്ചു. മുസ്‌ലിംകള്‍ ജറൂസലേം കീഴടക്കിയ വാര്‍ത്ത അന്നത്തെ സഭാ മേധാവി പോപ്പ് അര്‍ബന്‍ മൂന്നാമന്‍ അറിയുന്നത് 1187 ഒക്ടോബര്‍ 19 ന്. ആ വാര്‍ത്ത അദ്ദേഹത്തിനു താങ്ങാനായില്ല. ഹൃദയാഘാതത്താല്‍ അദ്ദേഹം അന്നുതന്നെ മരണപ്പെട്ടു.
സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയും സ്വലാഹുദ്ദീന്‍ അയ്യൂബി ഒരു ഐക്കണ്‍ ആണ്. ഇരവാദമുയര്‍ത്തി നിലവിളിച്ചു നടക്കുന്നവരുടെ മുന്നില്‍ നെഞ്ചുയര്‍ത്തി കഠിനാധ്വാനം ചെയ്തു ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്നവരുടെ ഐക്കണ്‍. മുസ്‌ലിം സമുദായത്തിന്റെ അപചയവും അശാഭംഗവും പറഞ്ഞു വിലപിക്കുന്നവര്‍ക്കു മുന്നില്‍ തിരുത്തും തീര്‍പ്പുമാകുന്ന ഐക്കണ്‍.
ഒരു മത സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ക്ക് പലപ്പോഴും പ്രതിസന്ധികളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. തിരമാലകളടങ്ങിയ ശാന്തസമുദ്രമായിരുന്നില്ല എപ്പോഴും ഈ സമുദായ നൗകയുടെ മുന്നിലുണ്ടായിരുന്നത്. മക്കാ മുശ്‌രിക്കുകള്‍, മദീനാ യഹൂദികള്‍, റോം-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍, ഗ്രീക്ക് -യവന ഫിലോസഫികള്‍, പോപ്പിന്റെ കുരിശുപട, താര്‍ത്താരികളുടെ തേര്‍വാഴ്ച, മംഗോളിയരുടെ മിന്നിലാക്രമണങ്ങള്‍, യൂറോപ്യന്‍ അധിനിവേശം, സാമ്രാജ്യത്വ ശക്തിയുടെ കുതന്ത്രങ്ങള്‍… ഇതിനെയെല്ലാം അതിജീവിച്ചാണ് ഇസ് ലാമും മുസ്‌ലിംകളും ഇന്ന് ഇവിടെ എത്തിയത്. ലോക ജനസംഖ്യയുടെ നാലിലൊന്നിനെ സ്വന്തമാക്കി മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്.
പരീക്ഷണങ്ങളെ മതം നിരീക്ഷിക്കുന്ന വിധം
പ്രതിസന്ധികള്‍ക്കു മുന്നില്‍ മൂന്നു വഴികളാണ് ഇസ്‌ലാം വിശ്വാസികകള്‍ക്കു മുന്നില്‍ തുറന്നുവക്കുന്നത്. ഒന്ന്, ഈ ദുനിയാവ് പരീക്ഷണങ്ങളുടേതാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുക. രണ്ട്, ആ പരീക്ഷങ്ങളെ നേരിടാനും അതിജയിക്കാനും വിശ്വാസിയെ പ്രാപ്തമാക്കുക. മൂന്ന്, പരീക്ഷണ-പ്രതിസന്ധി ഘട്ടങ്ങളില്‍ വേദനകളുണ്ടായാലും പരാജയപ്പെട്ടാലും നിരാശപ്പെടാതെ പരലോകത്ത് ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുക.
ഭൗതികലോകം പരീക്ഷണങ്ങളുടേതാണ് എന്ന് ഉറപ്പിച്ചു പറയുകയാണ് ഇസ്‌ലാം. മനുഷ്യന് സ്രഷ്ടാവ് സുഖവും സന്തോഷവും നല്‍കുന്നതും, ദു:ഖവും ദുരിതവും നല്‍കുന്നതും അവനെ പരീക്ഷിച്ചറിയാനാണ്. ‘നന്മ കൊണ്ടും തിന്മകൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്’ (ഖുര്‍ആന്‍ 21:35). ഇവിടെ സുഖങ്ങളില്‍ മതിമറന്നാറാടാനോ, ദു:ഖങ്ങളില്‍ എല്ലാം മറന്നു വേദനിക്കാനോ കഴിയില്ല. കാരണം, രണ്ടും പരീക്ഷണമാണ്. വേദനയും സങ്കടവും നല്‍കി പരീക്ഷിക്കുന്നതിനെക്കാള്‍ കടുപ്പവും കാഠിന്യവുമേറിയതാണ് സുഖ സന്തോഷങ്ങള്‍ നല്‍കിയുള്ള പരീക്ഷണം. കാരണം, ദു:ഖവും വേദനയും പരീക്ഷണമായി ലഭിക്കുന്നവന് സദാസമയം സ്രഷ്ടാവിനെ ഓര്‍മവരും. അവനോട് സങ്കടങ്ങള്‍ പറയാന്‍ മനസ്സ് വെമ്പല്‍ കൊള്ളും. അവിടെ ക്ഷമിക്കുന്നതും സഹിക്കുന്നതും പടച്ചവനോട് സങ്കടപ്പെടുന്നതും ദുരിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വഴികള്‍ ആരായുന്നതുമെല്ലാം സുകൃതങ്ങളുടെ ഗണത്തില്‍പ്പെടുത്തി പരലോകത്ത് കൂടുതല്‍ പ്രതിഫലം കിട്ടുന്നതാക്കി അല്ലാഹു പരിഗണിക്കുന്നു. ‘ഏതെങ്കിലുമൊരു മുസ്‌ലിമിന് ക്ഷീണം, രോഗം, സങ്കടം, ദുഃഖം, പ്രയാസം, അസ്വസ്ഥത എന്നിങ്ങനെ വല്ലതും പിടികൂടി കൂടുകയോ, കാലില്‍ ഒരു മുള്ളു തറയ്ക്കുകയോ ചെയ്തു. എന്നാലും, അതു കാരണം അല്ലാഹു അയാളുടെ തെറ്റുകുറ്റങ്ങളെ പൊറുത്തു കൊടുക്കുന്നതാണ്’ (ബുഖാരി:5641, മുസ്‌ലിം: 2573) എന്ന പ്രവാചക വചനത്തിന്റെ പൊരുളിതാണ്. അപ്പോള്‍ ഈ പരീക്ഷണങ്ങളാണ് പരോക്ഷമായി വിശ്വാസിക്കു ഗുണകരം. അതു കൊണ്ടാണ് ദൈവദൂതന്മാരായ പ്രവാചകന്മാരെ ഇത്തരം പരീക്ഷണങ്ങള്‍ക്കായി അവന്‍ കൂടുതല്‍ തെരഞ്ഞെടുത്തത്. പ്രവാചകന്മാരാണ് ഏറ്റവും കൂടുതല്‍ ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റെടുക്കേണ്ടിവന്നവര്‍(ഇബ്‌നുമാജ: 4023) മുഹമ്മദ് നബി(സ്വ) പറഞ്ഞതു കാണാം. ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും വരുമ്പോള്‍ പ്രവാചകന്മാരുടെ മാതൃക ഉള്‍ക്കൊണ്ട് ക്ഷമിച്ചു നില്‍ക്കണമെന്നാണ് വിശ്വാസികളോടുള്ള അല്ലാഹുവിന്റെ ആഹ്വാനം (അഹ്ഖാഫ്:
35). പ്രയാസ ഘട്ടങ്ങളില്‍ അങ്ങനെ ക്ഷമിച്ചവര്‍ക്ക് അറ്റവും അളവുമില്ലാത്ത അനന്തമായ പ്രതിഫലം നല്‍കുമെന്നും (ഖുര്‍ആന്‍ 39:10) അവരോടൊപ്പം സ്രഷ്ടാവിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും (ഖുര്‍ആന്‍ 2: 153) അവന്‍ ഉറപ്പു നല്‍കുന്നു.
എന്നാല്‍, സുഖ സൗകര്യങ്ങളാല്‍ പരീക്ഷപ്പെടുന്നവരുടെ അവസ്ഥ ഇങ്ങനെയല്ല. താന്‍ പരീക്ഷണത്തിലാണെന്ന അവസ്ഥ തന്നെ അവന്‍ മിക്കവാറും മറന്നുപോകും. അനുഭവിക്കുന്നതും ആസ്വദിക്കുന്നതുമെല്ലാം തന്റെ കഴിവുകൊണ്ടും മിടുക്കുകൊണ്ടും നേടിയെടുത്തതാണെന്നും ഭാഗ്യം കടാക്ഷിച്ചതാണെന്നുമൊക്കെയാകും അവന്റെ വിചാരം. അതുകൊണ്ട് സ്രഷ്ടാവിനെ മറന്നു ജീവിക്കാനാണ് ഇവിടെ സാധ്യത കൂടുതല്‍. പരലോക ജീവിതത്തിലാകട്ടെ, ഇവിടെ കിട്ടിയതും അനുഭവിച്ചതുമായ ഓരോ അനുഗ്രഹങ്ങളും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അതിന്റെ കണക്ക് നിരത്താനും ഓഡിറ്റിംഗിനു വിധേയമാകാനും നിര്‍ബന്ധിതനാവുകയും ചെയ്യും. ”പണക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനും അഞ്ഞൂറാണ്ടുകള്‍ക്കു മുമ്പ് പാവങ്ങള്‍ പ്രവേശിക്കും”എന്നും ”ഞാന്‍ സ്വര്‍ഗകവാടത്തില്‍ നോക്കിയപ്പോള്‍ പാവങ്ങളാണ് അവിടെ ആദ്യം പ്രവേശിക്കുന്നത് കണ്ടത്. നരകക്കാര്‍ നരകത്തില്‍ പ്രവേശിച്ച ശേഷവും സ്വര്‍ഗാവകാശികളായ പണക്കാര്‍ സ്വര്‍ഗകവാടത്തില്‍ തഴയപ്പെട്ടതാണ് കണ്ടത്’ എന്നും പ്രവാചകന്‍ മുഹമ്മദ്(സ്വ) പറഞ്ഞതു കാണാം.(തിര്‍മിദി) ദുനിയാവില്‍ നിന്ന് അനുഭവിച്ചതിന്റെ കണക്കും കാര്യവും സ്രഷ്ടാവിന്റെ മുന്നില്‍ അവതരിപ്പിക്കാതെ സുകൃതം ചെയ്ത സമ്പന്നനു പോലും സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നു സാരം. ഇതുകൊണ്ടൊക്കെയാണ് വേദനയും സങ്കടവും നല്‍കി പരീക്ഷിക്കുന്നതിനേക്കാള്‍ കടുപ്പവും കാഠിന്യവുമേറിയതാണ്, സുഖ സന്തോഷങ്ങള്‍ നല്‍കിയുള്ള പരീക്ഷണം എന്ന് പറയുന്നത്.
സുഖദു:ഖങ്ങളിലൂടെ മാറിമാറിയുള്ള ഈ പരീക്ഷണങ്ങളുടെ പൊരുള്‍ മനസ്സിലാക്കാതെയാണ് ചിലര്‍ ദൈവമെന്തിനാണ് ഭൂമിയില്‍ പാവപ്പെട്ടവരെയും നിത്യരോഗികളെയും വികലാംഗകരെയുമെല്ലാം പടച്ചതെന്ന് ചോദിക്കുന്നത്. ചിലര്‍ക്കെന്തിനാണ് എപ്പോഴും ദുഃഖവും സങ്കടങ്ങളും പ്രയാസങ്ങളും മാത്രം നല്‍കുന്നതെന്ന് ചോദിക്കുന്നത്. അവന്‍ ഇഷ്ടപ്പെടുന്ന രീതിയിലും രൂപത്തിലും ഓരോ പടപ്പുകളെയും പരീക്ഷിക്കാന്‍ തന്നെയാണിങ്ങനെ ചെയ്യുന്നത് എന്നാണ് പടച്ചവന്റെ മറുപടി. അതില്‍ ആര്‍ക്കെല്ലാം സന്തോഷം നല്‍കിയും ദു:ഖം നല്‍കിയും പരീക്ഷിക്കണമെന്നത് അവന്റെ തീരുമാനമാണ്. ശില്‍പം ഏതു വിധത്തിലാകണമെന്നതും എപ്പോള്‍ എങ്ങനെ പ്രതിഷ്ഠിക്കുകയോ നശിപ്പിക്കുകകയോ ചെയ്യണമെന്നതും സര്‍വസ്വതന്ത്രനായ ശില്‍പിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ കൈകടത്താന്‍ സൃഷ്ടി അര്‍ഹനല്ല. അങ്ങനെ ഒരു അര്‍ഹത പടപ്പുകള്‍ നേടിയാല്‍ ദൈവം യഥാര്‍ഥ ദൈവമാകുകയുമില്ല. ദൈവം എങ്ങനെയാകണമെന്നത് പടപ്പുകള്‍ തീരുമാനിക്കുകയും പടപ്പുകള്‍ ആഗ്രഹിക്കുന്നതു മാത്രം ചെയ്യാന്‍ വിധിക്കപ്പെട്ടവരും ദൈവമാകുന്നതിനു പകരം പടപ്പുകളുടെ അടിമയാവുകയാണ് ചെയ്യുന്നത്.
പരീക്ഷണങ്ങളില്‍ ചെയ്യാനുള്ളത്
ശത്രുക്കളാല്‍ സത്യവിശ്വാസികളെ പരീക്ഷിക്കുമെന്നത് ഖുര്‍ആനിന്റെ മുന്നറിയിപ്പാണ്. അവിടെ ഇരവാദമുയര്‍ത്തി വാവിട്ടു കരയാനോ, എല്ലാം ദൈവ വിധിയെന്നു പറഞ്ഞു എതിരാളിക്കു മുന്നിലേക്കു കഴുത്തു നീട്ടിക്കൊടുക്കാനോ അല്ല ഇസ്‌ലാം വിശ്വാസികളോടു പറയുന്നത്. പ്രതീക്ഷയോടെ പുതിയൊരു പ്രഭാതത്തെ മുന്നില്‍ കണ്ടു പണിയെടുക്കാനും പ്രയത്‌നിക്കാനുമാണ്. സൗര്‍ ഗുഹയുടെ പൊത്തില്‍ പതുങ്ങിയിരിക്കുന്ന നേരത്ത്, ശത്രുക്കള്‍ തൊട്ടു മുകളില്‍ വന്നു നിന്നപ്പോള്‍ സതീര്‍ഥനായ അബൂബക്ര്‍ സ്വിദ്ദീഖ്(റ) ന് പ്രവാചകന്‍ നല്‍കിയത് ആ ഒരു പ്രതീക്ഷയാണ്. ആ പ്രതീക്ഷയുടെ തേരിലേറിയാണവര്‍ മദീനയിലേക്ക് പലായനം ചെയ്യുന്നത്. വഴിയില്‍ തങ്ങളെ പിടികൂടാന്‍ വന്ന സുറാഖ എന്ന ശത്രുവിനെ ചേര്‍ത്തുപിടിച്ച് ലോകമഹാശക്തിയായ കിസ്‌റയുടെ വളകള്‍ താങ്കളുടെ കൈയ്യില്‍ അണിയുന്ന ഒരു നാള്‍ വരുമെന്ന് പ്രവാചകന്‍(സ്വ) പ്രവചിക്കുന്ന സമയത്ത് ആ പ്രതീക്ഷ വലിയൊരു ഉറപ്പായി മാറുകയാണ്. അത്തരം പ്രതീക്ഷകളിലും ഉറപ്പിലും കെട്ടിപ്പടുത്തതാണ് മദീന ഉള്‍പ്പടെയുള്ള ഇസ്‌ലാമിന്റെ നാടും നഗരവും നാഗരികതയുമെല്ലാം. അതിന്റെ മനോഹരമായ ശൃംഖലയിലെ ശ്രദ്ധേയമായ കണ്ണിയാണ് തുടക്കത്തില്‍ എടുത്തു പറഞ്ഞ നൂറുദീന്‍ സങ്കിയും സ്വലാഹുദ്ദീന്‍ അയ്യൂബിയും.
നേരിന്റെ വഴിയില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ ശത്രുവിനാല്‍ പരീക്ഷപ്പെട്ടവരുടെ ചരിത്രം എമ്പാടുമുണ്ട്. അതുപോലെ തന്നെയാണ് ട്രാക്ക് തെറ്റിയോടുന്ന വിശ്വാസിയെ ഉണര്‍ത്താനും ചിലപ്പോള്‍ ശത്രുവിനാല്‍ പരീക്ഷിക്കപ്പെടും. ഇതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുകയാണ് വിശ്വാസികളുടെ ദൗത്യം. ഒരു ഖുദ്‌സിയായ ഹദീസിലൂടെ അല്ലാഹു പറയുന്നു: ”ഞാനാണ് അല്ലാഹു. രാജാധിരാജന്‍ ഞാനാണ്. എന്റെ കരങ്ങളിലാണ് സര്‍വ അധികാരികളുടെയും ഹൃദയമിരിക്കുന്നത്. എന്റെ അടിമകള്‍ എനിക്ക് വഴിപ്പെട്ടാല്‍, എല്ലാ അധികാരിവര്‍ഗത്തിന്റെയും ഹൃദയങ്ങളെ ഞാന്‍ സ്‌നേഹത്താലും കരുണയാലും അവരിലേക്ക് തിരിച്ചുവിടും. എന്റെ അടിമകള്‍ എനിക്ക് എതിരുപ്രവര്‍ത്തിച്ചാല്‍ അധികാരികളുടെ ഹൃദയങ്ങളെ വെറുപ്പിനാലും പ്രതികാരദാഹത്താലും ഞാന്‍ അവരിലേക്ക് തിരിച്ചു വിടും. അപ്പോള്‍ മോശകരമായ ദുരിതങ്ങള്‍ അധികാരികള്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ട് അധികാരികള്‍ക്ക് എതിരെയുള്ള പ്രാര്‍ഥനയിലല്ല നിങ്ങള്‍ മുഴുകേണ്ടത്. ദൈവിക ചിന്തയിലും അവനിലേക്ക് പൂര്‍ണമായും ഒരുങ്ങിയിറങ്ങലിലുമാണ് നിങ്ങള്‍ മുഴുകേണ്ടത്. അപ്പോള്‍, അധികാരികളെ നിങ്ങള്‍ക്കൊത്ത വിധം അവന്‍ പാകപ്പെടുത്തും.”(ത്വബ്‌റാനി: 8962, അബൂനുഐം 2/388).
ഈ ഹദീസിന്റെ സാക്ഷാത്കാരം ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി തവണ ആവര്‍ത്തിച്ചതു കാണാം. സുവര്‍ണ പ്രതാപത്തില്‍ ജ്വലിച്ചു നിന്നിരുന്ന ഇസ്‌ലാമിക നാഗരികതയെ ചെങ്കിസ്ഖന്റെ താര്‍ത്താരിപ്പട തകര്‍ത്തു തരിപ്പണമാക്കിയത് ഉദാഹരണം. പച്ച മനുഷ്യരുടെ തലയോട്ടികള്‍ കൊണ്ട് പിരമിഡ് ഉണ്ടാക്കിയ, ക്രൂരനാണ് ചെങ്കിസ്ഖാന്‍. ചുടുചോരയില്‍ നീന്തിത്തുടിച്ച ക്രൂരന്‍. മനുഷ്യത്വം എന്തെന്നറിയാത്ത കാട്ടാളന്‍. ഏതു ക്രൂര ഫിര്‍ഔനാണെങ്കിലും അയാളോട് സൗമ്യ സമീപനം വേണമെന്നാണ് ഇസ്‌ലാം. വികാരം മൂത്ത ഖുവാരസം ഷാ ആ സൗമ്യത മറന്നു. ഖുവാറസമില്‍ വസ്ത്രം വാങ്ങാന്‍ വന്ന ചെങ്കിസ്ഖാന്റെ സംഘത്തെ ഷാ പിടികൂടി അക്രമിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞ് ചെങ്കിസ്ഖാന്‍ മറ്റൊരു സംഘത്തെ അയച്ചു. ദൂതുമായി അംബാസിഡര്‍മാരെയും ഷാ മുടി വടിച്ചു അപമാനിച്ചു വിട്ടു.
അതോടെ ആ കാട്ടുക്രൂരന്‍ മഹാക്രൂരനായി മാറി. ഷായുടെ കീഴിയിലുള്ള ബുഖാറയിലും സമര്‍ഖന്ദിലും അയാള്‍ കയറി മേഞ്ഞു. കരിമ്പിന്‍ തോട്ടത്തിലെ കാട്ടാനക്കൂട്ടമായി ചെങ്കിസ്ഖാന്റെ താര്‍ത്താരിപ്പട മാറി. 1.2 ദശലക്ഷം മനുഷ്യരെയാണത്രെ അവര്‍ കൊന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും തലയോട്ടികള്‍ കൊണ്ട് വ്യത്യസ്ത പിരമിഡുകള്‍ പണിതു ആക്രൂരന്മാര്‍. ബുഖാറയില്‍ പ്രവേശിച്ച ചെങ്കിസ്ഖാന്‍ തന്റെ മുന്നില്‍ കീഴടങ്ങിയ മുസ്‌ലിംകളെ കൂട്ടക്കൊല നടത്തുന്നതിനു മുമ്പ് പറഞ്ഞ ഒരു വാക്കുണ്ട്; നിങ്ങള്‍ എങ്കില്‍ വലിയ പാപങ്ങള്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ ദൈവം എന്നെപ്പോലെ ഒരു ശിക്ഷ നിങ്ങളുടെ മേല്‍ അയക്കുമായിരുന്നില്ല…’ ചെങ്കിസ്ഖാനും പിന്മുറക്കാരും അവിടം കൊണ്ട് അവസാനിപ്പിച്ചില്ല. ഒരു വര്‍ഷം കൊണ്ട് അവര്‍ തുര്‍ക്കിസ്ഥാന്‍, ഖവാറസം, ഖുറാസാന്‍, ഗസ്‌നി, ഹമദാന്‍, ഇന്ത്യന്‍ അതിര്‍ത്തികള്‍… എല്ലാം പിടിച്ചടക്കുകയോ അക്രമിച്ചു നശിപ്പിക്കുകയോ ചെയ്തു. എന്നിട്ടും ആ കാട്ടാളന്മാരോട് ഞങ്ങള്‍ യുദ്ധത്തിന് ഒരുക്കമാണെന്ന് പറഞ്ഞ് ബഗ്ദാദിലെ അബ്ബാസിയ ഖലീഫ കത്തെഴുതി. താമസിയാതെ താര്‍ത്താരിപ്പട ബഗ്ദാദിലെത്തി. പിന്നെ നടന്നത് പറയാതിരിക്കയാണ് ഭേദം. ചരിത്രകാരന്മാരുടെ പേനകള്‍ പോലും ശരിക്കും വിറച്ചു പോയ രംഗങ്ങള്‍. പച്ചമനുഷ്യരുടെ കബന്ധങ്ങള്‍ നീന്തിപ്പോകുന്ന ചോരപ്പുഴ തന്നെയായി ബഗ്ദാദ് മാറി. 18 ലക്ഷം മനുഷ്യരെയാണ് അവര്‍ അവിടെ കൊന്നു തള്ളിയത് എന്ന് ഇബ്‌നു കസീര്‍. അഞ്ചു നൂറ്റാണ്ട് കാലം മുസ്‌ലിം ലോകത്തിന്റെ തങ്കത്തിങ്കളായി ജ്വലിച്ചു നിന്ന അബ്ബാസി ഖിലാഫത്തിനെ അവര്‍ അവിടെ അറുത്തു കൊന്നു.
ബഗ്ദാദ് വിജയത്തോടെ ചെങ്കിസ്ഖാന്റെ പിന്മുറക്കാരായ താര്‍ത്താരികളുടെ ആവേശം വാനോളമുയര്‍ന്നു. ക്രൂരത അലതല്ലി. ബഗ്ദാദിനു ശേഷം സിറിയലേക്ക് അവര്‍ ഇരച്ചു കയറി. അലപ്പോ നഗരത്തില്‍ മാത്രം 50,000 പേരെ വധിച്ചു. പിന്നെ ഫലസ്തീനിലെ ഗാസ കൈവശപ്പെടുത്തി. ‘നിങ്ങള്‍ വലിയ പാപങ്ങള്‍ ചെയ്തിട്ടില്ലായിരുന്നെങ്കില്‍ ദൈവം എന്നെപ്പോലെ ഒരു ശിക്ഷ നിങ്ങളുടെ മേല്‍ അയക്കുമായിരുന്നില്ല…’ എന്ന ചെങ്കിസ്ഖാന്റെ വാക്കുകകളില്‍ എന്തുകൊണ്ട് മുസ്‌ലിം സമുദായവും ഇസ്‌ലാമിക നാഗരികതയും തകര്‍ന്നു തരിപ്പണമായി എന്നതിന്റെ മതപരമായ മറുപടിയുണ്ട്. ‘എന്റെ അടിമകള്‍ എനിക്ക് എതിരു പ്രവര്‍ത്തിച്ചാല്‍ അധികാരികളുടെ ഹൃദയങ്ങളെ വെറുപ്പിനാലും പ്രതികാരദാഹത്താലും ഞാന്‍ അവരിലേക്ക് തിരിച്ചു വിടും’ എന്ന നബി വചനത്തിന്റെ വിശദീകരണമുണ്ട്.
എന്നാല്‍, ഇതേ ചെങ്കിസ്ഖാന്റെ പിന്മുറക്കാരെ വേരോടെ പിഴുതെടുത്തു ഇസ്‌ലാമിന്റെ മുറ്റത്തു കൊണ്ടുവന്ന് പ്രതിഷ്ഠിക്കാനും മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടുണ്ട്. ലോകമാകെ കീഴടക്കുന്നതിന്റെ ഹുങ്കില്‍ അവര്‍ മംമൂക്കീ രാജ്യമായ ഈജിപ്തിനെ ലക്ഷ്യംവച്ചു. ചെങ്കിസ്ഖാന്റെ പൗത്രനായിരുന്ന ഹലാഖുഖാന്‍, എ.സി 1260 ല്‍ ഈജിപ്ഷ്യന്‍ ഭരണാധികാരിയായ സൈഫുദീന്‍ ഖുത്സിന് തങ്ങളുടെ മുന്നില്‍കീഴടങ്ങണമെന്നു പറഞ്ഞു കത്തയച്ചു. ആ കത്തിലെ തീക്ഷണ വരികള്‍ മംഗോളിയരുടെ ധിക്കാരവും ഗര്‍വും കഴിവുമെല്ലാം എടുത്തുകാണിക്കുന്നുണ്ട്.
അതിങ്ങനെ: From the King of Kings of the East and West, the Great Khan. To Qutuz the Mamluk, who fled to escape our swords. You should think of what happened to other coutnries and submit to us. You have heard how we have conquered a vast empire and have purified the earth of the disorders that tainted it. We have conquered vast areas, massacring all the people. You cannot escape from the terror of our armies. Where can you flee? What road will you use to escape us? Our horses are swift, our arrows sharp, our swords like thunderbolts, our hearts as hard as the mountains, our soldiers as numerous as the sand.Fotrresses will not detain us, nor armies stop us. Your prayers to God will not avail against us. We are not moved by tears nor touched by lamentations. Only those who beg our protection will be safe. Hasten your reply before the fire of war is kindled. Resist and you will suffer the most terrible catatsrophes. We will shatter your mosques and reveal the weakness of your God and then will kill your children and your old men together. At present you are the only enemy against whom we have to march.
ഭീഷണിയുടെ തീ തുപ്പുന്ന ഹലാഖുവിന്റെ വാക്കുകള്‍ക്കു മുന്നില്‍ സുല്‍ത്താന്‍ ഖുത്സ് പതറിയില്ല. അദ്ദേഹം തന്റെ സേനാധിപന്‍ റുക്‌നുദ്ദീന്‍ ബൈബറസിനോടും മറ്റു വിശ്വാസികളോടും കൂടിയാലോചിച്ചു. ഉലമാക്കളെയും ഖാള്വിമാരെയും സൂഫിളെയും വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്തു. അവര്‍ സുല്‍ത്താന്‍ ഖുത്സിനു ധൈര്യവും പിന്തുണയും പ്രഖ്യാപിച്ചു. സുല്‍ത്വാനുല്‍ ഉലമാ എന്ന പേരില്‍ മുസ്‌ലിം ലോകത്താകെ കീര്‍ത്തിപെറ്റ ഇമാം ഇസ്സു ബിന്‍ അബ്ദിസ്സലാം അവര്‍ക്ക് നേതൃത്വം നല്‍കി. ജിഹാദിന് ഒരുങ്ങിയിറങ്ങാന്‍ അകമഴിഞ്ഞു ആളും അര്‍ഥവും വിനിയോഗിക്കണമെന്ന് ആ മഹാ പണ്ഡിതന്‍ ഫത്‌വ ഇറക്കി. അങ്ങനെ, ലോകത്തെ കിടുകിടാ വിറപ്പിച്ച താര്‍ത്താരിപ്പടയെ നേരിടാന്‍ അവര്‍ ഒരുങ്ങി. എ.ഡി 1260 റമള്വാന്‍ 25 ന് വെള്ളിയാഴ്ച ഫലസ്തീനിലെ ഐന്‍ ജാലൂത്തില്‍ വച്ചു അവര്‍ മംഗോളിയരോട് ഏറ്റുമുട്ടി. തന്ത്രപരമായ ഏറ്റുമുട്ടല്‍. വാ…. ഇസ്‌ലാമാഹ്… എന്ന മന്ത്രം ചൊല്ലി ഈമാനിന്റെ ബലത്തില്‍ മതത്തിനു വേണ്ടിയുള്ള പോരാട്ടം! വിശ്വാസികളുടെ ആത്മബലത്തിനും ആര്‍ജവത്തിനും മുമ്പില്‍ എതിരാളികള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. താര്‍ത്താരിപ്പട തോറ്റോടി. ഒരിക്കലും തോല്‍ക്കാത്തവരെ വിശ്വാസികള്‍ തോല്‍പ്പിച്ചു. മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം തിരിച്ചു കിട്ടി. താര്‍ത്താരികളെ ആ പരാജയം ഇരുത്തി ചിന്തിപ്പിച്ചു. തങ്ങളെ തോല്‍പ്പിച്ച ആദര്‍ശത്തിന്റെ കരുത്ത് അവര്‍ അന്വേഷിച്ചു. അവസാനം അവര്‍ കൂട്ടത്തോടെ ഇസ്‌ലാം സ്വീകരിച്ചു. അവരുടെ പിന്മുറക്കാര്‍ മുഗളന്മാരെന്ന പേരില്‍ വീണ്ടും പ്രഭ പരത്തി!
ഇത്തരം സംഭവങ്ങള്‍ ചരിത്രത്തില്‍ പലവട്ടം ആവര്‍ത്തിച്ചതുകൊണ്ടാണ് ഇസ്‌ലാം ഒരു സൂര്യനാണെന്നും ഒരിടത്ത് അത് അസ്തമിച്ചാല്‍, മറ്റൊരിടത്ത് അതിന്റെ പ്രഭാകിരണം ഉദിച്ചുയരുന്നത് നിങ്ങള്‍ക്ക് കാണാനാകുമെന്നും പല ചരിത്രകാരന്മാരും പറയുന്നത്. പുതിയ ലോകത്തിന്റെ അവസ്ഥയും ഇങ്ങനെ തന്നെ. പ്രചണ്ഡമായ കുപ്രചരണങ്ങളിലൂടെ ഈ മതത്തെയും അതിന്റെ വിശ്വാസികളെയും താറടിക്കാന്‍ തമസ്സിന്റെ ഉപാസകര്‍ ഒരു ഭാഗത്ത് ശ്രമിക്കുമ്പോഴും, മറു ഭാഗത്ത് അതിനെയെല്ലാം വകഞ്ഞു മാറ്റി സത്യം കണ്ടെത്താനും അതിനെ സ്വീകരിക്കാനും അനേകായിരങ്ങള്‍ തയ്യാറായി വരുന്നു എന്നത് ഉദാഹരണം.
ഇരവാദം പരിഹാരമല്ല
ഞങ്ങള്‍ മുസ്‌ലിംകളായതു കൊണ്ടു മാത്രം പീഡിപ്പിക്കപ്പെടുന്നു, അക്രമിക്കപ്പെടുന്നു, വിവേചനം നേരിടേണ്ടി വരുന്നു എന്നിങ്ങനെയുള്ള പരിഭവങ്ങളും പരാതി പറച്ചിലുകളുമാണ് പലയിടത്തും വിശ്വാസികളില്‍ നിന്നുയരുന്നത്. ഇതില്‍ വസ്തുതകള്‍ ഉണ്ടെന്നത് ശരിയാണ്, സത്യമാണ്. നൂറായിരം ഉദാഹരങ്ങള്‍ അതിനായി എടുത്തു കാണിക്കാനും കഴിയും. പക്ഷേ, വിശുദ്ധമായ ഒരു ആദര്‍ശത്തിന്റെ വക്താക്കളെന്ന നിലയില്‍ മുസ്‌ലിംകളുടെ പ്രഥമവും പ്രധാനവുമായ പരിഗണന ഇത്തരം വിലാപങ്ങള്‍ക്ക് കൂടുതല്‍ ഉച്ചത്തിലാക്കലും അതിന്റെ കണക്കുകള്‍ നിരന്തരം ആവര്‍ത്തിച്ചു പേപഥു പൂണ്ടു നില്‍ക്കലുമല്ല. മനുഷ്യാവകാശങ്ങളുടെ പ്രശ്‌നങ്ങായി ഇത് ഒരു ഭാഗത്ത് അവതരിപ്പിക്കപ്പെടുമ്പോഴും, അതിലേറെ പ്രാധാന്യത്തോടെ ഉമ്മത്തിലെ താനടക്കമുള്ള ഓരോ വ്യക്തിയുടെയും ആത്മീയമായ ക്ഷതം കാരണമാണോ ഇത്തരം തിരിച്ചടികള്‍ എന്ന് ഓരോ വിശ്വാസിയും ആലോചിക്കണം.
ഇസ്‌ലാം എന്നത് കേവലമായ ഒരു ഭൗതിക ജീവിത പദ്ധതിയല്ല. ആത്മീയതയാണ് അതിന്റെ കാതല്‍. കാര്യ-കാരണ ബന്ധങ്ങളുടെ അപ്പുറവും ഇപ്പുറവും അതിന് വേരുകളുണ്ട്. സമുദായം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആത്മീയവും ഭൗതികവുമായ കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണം മാത്രം അന്വേഷിക്കുന്നതും അതിന്റെ മാത്രം പിന്നാലെ പോകുന്നതും ശരിയല്ല. ഭൗതിക കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പോലും പരിഹാരം പറയാതെ കുറേ പീഡനകഥകള്‍ പറഞ്ഞു വിലപിക്കുന്നതാണ് മറ്റൊരു ദുരന്തമാണ്.
ദുരന്തങ്ങള്‍ വരുമ്പോള്‍ വിലപിക്കാന്‍ ആര്‍ക്കും സാധിക്കും. അതിനെ നെഞ്ചുറപ്പോടെ നേരിടാനുള്ള ആത്മബലമാണവശ്യം. വന്നുഭവിച്ച ദുരിതങ്ങളില്‍ കരഞ്ഞു നടക്കുന്നവരോട് ഈ സമുദായത്തിലെ സ്ത്രീകള്‍ക്ക് പോലും പണ്ടേ പുച്ഛമാണ്. 700 വര്‍ഷക്കാലം മുസ്‌ലിംകള്‍ ഭൂമിയിലെ സ്വര്‍ഗം പോലെ വളര്‍ത്തി കൊണ്ടുവന്ന സ്‌പെയിന്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്ന ഒരു രംഗമുണ്ട്. 1493 ആഗസ്റ്റ് 7ന് ചരിത്രപ്രസിദ്ധമായ ഗ്രാനഡ നഗരം കൂടി ഫെര്‍ഡിനന്റിന്റെയും ഇസ്സബെല്ലയുടെയും നേതൃത്വത്തിലുള്ള ക്രൈസ്തവ പോരാളികളുടെ മുന്നില്‍ വീണുപോകുന്ന സമയം. മുസ്‌ലിംകളുടെ അവസാനത്തെ മണ്ണും ഒലിച്ചു പോകുന്ന സന്ദര്‍ഭം. സങ്കടം സഹിക്കാന്‍ വയ്യാതെ രാജാവ് അബൂ അബ്ദില്ലാഹിസ്സഗീര്‍ ഓടി വന്നു കൊട്ടാരത്തില്‍ ഇരുന്നു മുഖം പൊത്തി കരയുകയാണ്. ഇതു കണ്ടു അദ്ദേഹത്തിന്റെ ഉമ്മ ആയിശ അടുത്തേക്ക് വന്നു. കോപം കൊണ്ട് വിറച്ച ആ വനിത മകന്റെ മുഖത്ത് നോക്കി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ; ആണുങ്ങളെ പോലെ പോരാടി രാജ്യം സംരക്ഷിക്കാന്‍ അറിയില്ലെങ്കില്‍, പെണ്ണുങ്ങളെ പോലെ ഇരുന്നു കരഞ്ഞോളൂ..’ കരയാന്‍ വിധിക്കപ്പെട്ടവരുടെ സമുദായമല്ല മുസ്‌ലിംകള്‍ എന്നു പറയാന്‍ ധൈര്യപ്പെട്ട ആയിശമാരാണ് മുമ്പേ കടന്നതു പോയവര്‍. അതുകൊണ്ട് ഇരവാദവും വിലാപങ്ങളുമല്ല, ആത്മീയവും ഭൗതികവുമായ നിര്‍മിതികളാണ് നമുക്കാവശ്യം. അതത്ര എളുപ്പമല്ലെങ്കിലും, സാധ്യമാണ്.