ഇരവാദവും ആദ്ധ്യാത്മിക വായനയും

1837

ശുഐബുല്‍ ഹൈതമി

ഇതെഴുന്നതിനു തൊട്ടുമുമ്പുണ്ടായ ഒരനുഭവത്തില്‍ നിന്നും തുടങ്ങാം. ഒരു തുളളി രക്തമോ ഒരുതരി അപരവിദ്വേഷ്യമോ ചുരത്താതെ പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി പ്രവിശ്യകളിലെ 92 ലക്ഷത്തിലേറെ ആളുകളെ അല്ലാഹുവിലേക്കാനയിച്ച് വിശ്വാസികളാക്കിയ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (ന:മ )യുടെ 810-ാം ഉറൂസ് ദിനമാണിന്ന്(08-02-2022). ഭാരതീയ ബഹുസ്വരത വര്‍ണബഹുത്വം കൊളുത്തിയ ദീപാലങ്കാരവും ആധ്യാത്മിക ഇസ്‌ലാമിന്റെ രാഷ്ട്രീയ വഴികള്‍ നിര്‍ണയിച്ചു തന്ന യുഗാന്തപഥികനായ മാര്‍ഗദര്‍ശിയുമായ മഹാത്മാവിനെ സംബന്ധിച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയിലിട്ടപ്പോള്‍ ചതുര്‍ഥി തോന്നിയ ഒരു സഹോദരന്‍, ‘ഇന്നാട്ടില്‍ മുസ്‌ലിംകളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോഴാണോ നിങ്ങള്‍ക്ക് അജ്മീരില്‍ പോവാന്‍ തോന്നുന്നത്’ എന്നൊരു മറുവാദം ഉന്നയിക്കുകയുണ്ടായി. സത്യത്തില്‍ ആ ചിന്താഗതിയാണ് ഇത്തരമൊരു വിഷയത്തിന് സര്‍വമാന പ്രാധാന്യമേകുന്നത്.
അതിന്റെ ഉത്തരത്തിലേക്ക് ക്രമാനുഗതമായി എത്തിച്ചേരാം. ഓരോ തത്വശാസ്ത്രവും മനുഷ്യന്റെ ഓരോ തരം സ്വത്വങ്ങളെ മുന്‍നിര്‍ത്തിയാണ് സംസാരിക്കുന്നത്. ചിലത് ശിരഹൗശെ്‌ല ഉം ചിലത് ഋഃരഹൗശെ്‌ല ഉം ആയിരിക്കും. ഉദാഹരണത്തിന്, അംബേദ്കറൈറ്റുകള്‍ ദളിത് സ്വത്വത്തെയും മാര്‍ക്‌സിസ്റ്റുകള്‍ തൊഴിലാളി സ്വത്വത്തെയും രാഷ്ട്രവാദികള്‍ ദേശീയ സ്വത്വത്തെയുമാണ് അവരുടെ പ്രാപഞ്ചിക, സാമൂഹിക വ്യവഹാരങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ അടിസ്ഥാനമാക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍, ഇസ്‌ലാം അടിസ്ഥാനമാക്കുന്ന സ്വത്വം ആത്മീകതയാണ്. പ്രപഞ്ചത്തെ മനസ്സിലാക്കാനും മനുഷ്യനെ നിര്‍വചിക്കാനും അതിഭൗതികമായ (ങലമേുവശശെരമഹ) അര്‍ഥതലങ്ങളെ മുന്‍നിര്‍ത്തുന്ന ഇസ്‌ലാം ഭൗതികമായ കാര്യത്തെ പോലും അഭൗതികതയോട് ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കുന്നത്.
ആ അന്വേഷണത്തിന്റെ ഉത്തരമാണ് അല്ലാഹു എന്ന സത്യാരാധ്യന്‍. മുസ്‌ലിംകളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന രാഷ്ട്രീയ സാഹചര്യം ഇവിടെ ഉണ്ടാക്കിയത് ഏതെങ്കിലും സങ്കുചിത രാഷ്ട്രീയ തത്വശാസ്ത്രമല്ല. മറിച്ച്, അല്ലാഹുവാണ്. അവന്‍ ചിലരെ ചിലര്‍ക്ക് മേല്‍ അധികാരികളാക്കുന്നു. ഇന്നത്തെ അധികൃതരെ നാളെ അധ:കൃതരാക്കുന്നു. ‘നബിയേ പ്രാര്‍ഥിക്കുക: രാജാധിരാജയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ അധികാരമേകുന്നു, നീ വിചാരിക്കുന്നവരെ നീ തന്നെ സ്ഥാനഭൃഷ്ടരാക്കുകയും ചെയ്യുന്നു, നിന്റെ പക്കലല്ലോ ഉത്തമമുള്ളത്, നീ സര്‍വതിനും പോന്നവന്‍ തന്നെ’ എന്ന വിശുദ്ധ ഖുര്‍ആന്‍ വചനമാണതിനാധാരം. അക്കാര്യം മറ്റൊര്‍ഥത്തില്‍ പൂന്താനം ജ്ഞാനപ്പാനയുടെ കാലലീലയില്‍ കോര്‍ത്തതും നല്ലെഴുത്താണ്.
‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍,
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍!’.
ഈ മെറ്റാഫിസിക്കല്‍ വായനയാണ് മുസ്‌ലിമിന്റെ അടിസ്ഥാന തത്വശാസ്ത്രം. നബി (സ്വ) യുടെ പതിവ് പ്രാര്‍ഥനകളിലൊന്നിന്റെ ഹൃദയഭാഗം, ‘വലാ തുസ്വല്ലിത്വ് അലൈനാ മന്‍ലാ യഖാഫുക വലാ യര്‍ഹമുനാ’ എന്നായിരുന്നു. നിന്റെ നേരെ പേടിയോ ഞങ്ങളുടെ നേരെ കരുണയോ തോന്നാത്തവന്മാരെ ഞങ്ങളുടെ ഭരണാധികാരികളാക്കരുതേ എന്ന് നബി (സ്വ) പ്രാര്‍ഥിക്കുമ്പോള്‍ ചുറ്റുവട്ടങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊത്തായിരുന്നു പ്രതിഷേധങ്ങള്‍ക്ക് രൂപഭേദങ്ങള്‍ സംഭവിച്ചത്. ഭൗതിക സ്വത്വത്തെയൂന്നി ആദര്‍ശ രൂപീകരണം നടത്തണമെങ്കില്‍ ഒന്നുകില്‍ ജാതീയതയാലോ വര്‍ഗത്വത്തിലോ ഇസ്‌ലാമിനെയും തളക്കേണ്ടി വരും. ഇസ്‌ലാം ഒരു ജാതിയോ മുസ്‌ലിംകള്‍ ഒരു വര്‍ഗമോ അല്ല. നബി(സ്വ)നിര്‍വഹിച്ച സാമൂഹിക പുന:വ്യാഖ്യാനം ഗോത്രീയതയിലും (Tribelism) ജാതീയതയിലും (Castism) ബന്ധിതമായിരുന്ന അറേബ്യയെ അനാദൃക്കും അഗോചരവുമായ അസ്തിത്വ ബോധത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു കൊണ്ടായിരുന്നു. ഇസ്‌ലാം ഭൗതികമായ വര്‍ഗബോധത്തിന്മേല്‍ രാഷ്ട്രീയം കെട്ടിപ്പൊക്കിയാലുണ്ടാവുന്ന അനര്‍ഥങ്ങളെ കുറിച്ച് ആംഗലേയ സൂഫി പണ്ഡിതന്‍ അബ്ദുല്‍ ഹകീം മുറാദ് ദീര്‍ഘമായി സംസാരിച്ചിട്ടുണ്ട്. ഇസ്‌ലാം മനുഷ്യവര്‍ഗത്തില്‍ പോലും പരിമിതമായ സ്വത്വത്തെ ഭാഷാപരമായ സൗകര്യത്തിനപ്പുറം താത്വികമായി അംഗീകരിക്കുന്നില്ല. പ്രാപഞ്ചികതയുടെ അടിസ്ഥാന ഭാവം ഇസ്‌ലാമാണെന്ന ദര്‍ശനപ്രകാരം ആത്യന്തികമായ ഒരു മനുഷ്യ വര്‍ഗസങ്കല്‍പം സാധ്യമല്ല, ആപേക്ഷിക വര്‍ഗീകരണങ്ങള്‍ ആവാമെങ്കിലും. വിശ്വാസ ഗാത്രത്തിലെ ഒരംഗം മാത്രമാണ് മുസ്‌ലിംകള്‍ എന്ന ബഹുസമൂഹം. അവര്‍ വ്യക്തിപരമായി അല്ലാഹുവിനോട് അവരുടെ അസ്തിത്വം ബന്ധപ്പെടുത്തുകയും മനുഷ്യരെ ഒന്നടങ്കം സമഭാവനയോടെ വീക്ഷിക്കുന്നവരുമാണ്. മനുഷ്യരെ മനുഷ്യര്‍ എന്ന നിരുപാധികത്വത്തോടെ വീക്ഷിക്കുന്ന കാര്യത്തിലെ ഒരുമയില്‍ നിന്നാണ് മുസ്‌ലിംകളുടെ സാഹോദര്യം ആരംഭിക്കുന്നത്. അതായത്, മുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ജീവിക്കേണ്ടവരല്ല. മറിച്ച്, മനുഷ്യര്‍ക്ക് വേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിക്കേണ്ടവരാണ്. ആധ്യാത്മികതയുടെ പശ്ചാത്തലവും അല്ലാഹു എന്ന ലക്ഷ്യബോധവും മനുഷ്യന്‍ എന്ന പരിഗണനയും നിശ്ചയിക്കുന്ന രാഷ്ട്രീയമായിരുന്നു സൂഫികളുടേത്. മുസ്‌ലിംകള്‍ അങ്ങനെയൊരു ജനവിഭാഗമായി മാറിയാല്‍ അസ്തിത്വം നിഷേധിക്കുന്നവര്‍ക്ക് പടരാനുള്ള വായു കിട്ടാതെ തീ കെട്ടണഞ്ഞു കൊള്ളും.
ഉത്തരത്തിലേക്കു വന്നാല്‍, പ്രതിലോമപരമായ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ മുസ്‌ലിംകള്‍ ഏതിടത്തും സ്വീകരിക്കേണ്ടത് സൂഫികളുടെ രാഷ്ട്രീയവും അല്ലാഹു എന്ന അഭയവുമാണ്. മറിച്ച്, ഭൗതികമായ പ്രശ്‌നങ്ങള്‍ക്ക് ഭൗതികതയില്‍ നിന്ന് തന്നെ പരിഹാരം തേടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ രൂപപ്പെടുകയും മുസ്‌ലിംകള്‍ സ്വയം പ്രശ്‌നങ്ങളായി ഭവിക്കുകയുമാണ് ചെയ്യുക. അഭൗതികമായ പരിഹാരം എന്നര്‍ഥത്തിലല്ല സൂഫികളുടെ രാഷ്ട്രീയം പ്രസക്തമാവുന്നത്. രാജ്യത്ത് നടക്കുന്ന നീതികേടുകള്‍ക്കു പകരം സ്വര്‍ഗത്തില്‍ പ്രതിഫലമെന്നോ ആകാശത്ത് നിന്നിറങ്ങുന്ന മെറ്റാഫിസിക്കല്‍ സഹായങ്ങളെന്നോ ആണ് ഇപ്പറഞ്ഞതിന്റെ വിവക്ഷ എന്നുമല്ല. വിക്ഷുബ്ദതകളുടെ കോളിളക്കങ്ങളില്‍ പെട്ട് മുസ്‌ലിംകളുടെ വേരും ശിഖരവുമിളകി നില്‍ക്കുമ്പോഴും അവധാനതയോടെ ഭാവിയിലേക്കു നോക്കാനും ഭൂതകാലത്തോടു ചേര്‍ന്നു നില്‍ക്കാനും അവരെ പാകപ്പെടുത്തുന്ന രാഷ്ട്രീയ ബോധ്യം ഫിലോസഫിക്കലും തിയോളജിക്കലുമായ ശുഭപ്രതീക്ഷയാവണം എന്നാണതിനര്‍ഥം. ആ പ്രതീക്ഷയുടെ സാക്ഷാത്കാരം മറ്റേതെങ്കിലും മനുഷ്യരുടെ കൈകളില്ല. അതിനപ്പുറം, മുസ്‌ലിംകളോട് അകാരണമായി ശാത്രവം പുലര്‍ത്തുന്ന മനുഷ്യര്‍ ഇരകളേക്കാള്‍ ദുര്‍ബല മനസ്‌ക്കരും വീക്ഷണ ദരിദ്രരുമായിരിക്കും. നാം അവര്‍ക്കാണപ്പോള്‍ അവരകപ്പെട്ട പിഴവുകളില്‍ നിന്നും പുറത്തുകടക്കാനുള്ള വഴികള്‍ കാണിച്ചു കൊടുക്കേണ്ടത്. ഇതു കേവലം ഭാവനയോ ഭ്രമമോ അല്ല, നടേപ്പറഞ്ഞ അജ്മീര്‍ ഖാജ ഉത്തരേന്ത്യ കീഴടക്കിയ ചരിത്രമാണ് പാഠപുസ്തകം.
ഇരവാദവും പീഡിത ബോധവും
മാനസികകമായി പീഡിപിക്കപ്പെട്ട നൂഹ് (അ) ഒടുവില്‍ സഹികെട്ട് അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയായിരുന്നു. എന്നാല്‍, താന്‍ നേരിട്ട പീഡനങ്ങള്‍ പീഡകരോടു പങ്കുവക്കുന്നത് ആത്മപതനമാണ്. ഉലുല്‍ അസ്മുകളില്‍ പെട്ട അഥവാ, ദൃഢവിശ്വാസചിത്തരായ പ്രവാചകന്മാരുടെ രീതി ജനങ്ങളില്‍ നിന്നും തിരിച്ചു കിട്ടുന്നതിനൊത്ത് സ്വന്തം അജണ്ട രൂപപ്പെടുത്തുന്നതായിരുന്നില്ല. ദൃഢനിശ്ചയം, ജീവിതവിശുദ്ധി, കാരുണ്യബോധം, സത്യസന്ധത തുടങ്ങിയ അടിസ്ഥാന ഗുണങ്ങള്‍ ജീവിതത്തിലൂടെ സാക്ഷാത്കരിച്ച് കൊടിയ ശത്രുക്കളെ ഇച്ഛാഭംഗിതരാക്കുകയോ ആകര്‍ഷിച്ച് കീഴ്‌പ്പെടുത്തുകയോ ചെയ്യുകയായിരുന്നു അവര്‍. നിരോധിക്കപ്പെടുന്ന നീതി മുസ്‌ലിം സമൂഹത്തിന്റെ ധൈഷണിക സന്ധാരണങ്ങളുടെ ഊര്‍ജവും സമയവും അപഹരിച്ചിരുന്നുവെങ്കില്‍ ഇസ്‌ലാം വായിക്കപ്പെടാനുള്ള ചരിത്രം മാത്രമാകുമായിരുന്നു. മുറ്റത്ത് ശത്രുക്കള്‍ ആക്രോശം മുഴക്കി നിരന്നു നില്‍ക്കുമ്പോള്‍ തന്ത്രപൂര്‍വം ശത്രുക്കളില്ലാത്ത മദീനയിലേക്ക് ഹിജ്‌റ പോയ നബി (സ്വ) കാണിച്ച ശുഷ്‌കാന്തിയിലാണ് വെളിച്ചം തിരിതാഴാതെ ബാക്കിയായത്. മക്കക്കാര്‍ക്ക് മദീനയില്‍ വച്ച് ഇസ്‌ലാമിനെ കാണാനായതിനാലാണ് മക്ക മുസ്‌ലിംകളുടേതായത്.
പീഡിതബോധം മുസ്‌ലിംകളെ സതംഭനാവസ്ഥയിലേക്കു തള്ളിയിടുന്നത് ശത്രുക്കളെ മാത്രം നോക്കിയിരിക്കുന്നതു കൊണ്ടാണ്. തിരിച്ചടി ഏല്‍ക്കാനും വരിക്കാനും ശത്രുക്കളിലേക്ക് ചെന്നുകൊടുക്കുന്ന പീഡിതബോധത്തില്‍ നിന്നാണ് ഇരവാദം ജനിക്കുന്നത്. നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. രാഷ്ട്രീയ ശാക്തീകരണം ആവശ്യവുമാണ്. അവകാശ സംരക്ഷണം ജീവല്‍പ്രശ്‌നവുമാണ്. പിന്നെ എന്താണ് മാറ്റം പറഞ്ഞതെന്നാല്‍, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ നേരം കിട്ടാത്ത വിധം വിരോധികള്‍ക്ക് വിഷയങ്ങളില്‍ നിന്നും വിഷയങ്ങളിലേക്ക് പന്തടിക്കാനുള്ള കളിപ്പാട്ടമായി നാം മാറുന്നത് മനോഘടനാപരമായ ചില രാഷ്ട്രീയ തിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ്. മനുഷ്യരെ മുസ്‌ലിമാക്കിയ ഇസ്‌ലാമിന് അക്കാരണത്താല്‍ മുസ്‌ലിംകള്‍ നേരിടേണ്ടി വരുന്ന ജിവിത വൈഷമ്യങ്ങളെ മറികടന്നു കൊടുക്കാനുള്ള ആന്തരിക ബലം തീര്‍ച്ചയായും ഉണ്ട്. ചോദ്യോത്തര പംക്തിയോ നിലപാട് രൂപീകരണമോ അല്ല ഇസ്‌ലാമിന്റെ ഉള്ളടക്കങ്ങള്‍. പൂര്‍ണ ജീവിതമാണത്. അതിനാല്‍, വാഗ്വിലാസത്താലോ മുദ്രാവാക്യങ്ങളാലോ നിലനില്‍ക്കാത്തതും ജീവിതം കൊണ്ട് ബാക്കിയാവുന്നതുമായ സ്വത്വത്തിന്റെ ആന്തരിക ബലത്തിലേക്ക് പ്രവേശിക്കുകയാണ് നാം വേണ്ടത്.
നീതിയുടെ പരമമായ സംസ്ഥാപനം ഇഹലോകത്ത് സാധ്യമല്ല എന്നുമാത്രമല്ല, പരലോകത്തെ യുക്തിസഹമാക്കുന്ന ആവശ്യം അതാണെന്ന വസ്തുത ഇവിടെ പ്രധാനപ്പെട്ടതാണ്. കനേഡിയന്‍ സൂഫീ പണ്ഡിതനും ശൈഖ് ഉമര്‍ ഹഫീളിന്റെ ശിഷ്യനുമായ ശൈഖ് ഹംദ് ബിന്‍ ഈസ മുന്നോട്ടുവക്കുന്ന ചില നിരീക്ഷണങ്ങളുണ്ട്. മുസ്‌ലിംകളോട് നീതി നിഷേധിക്കുന്നവരോട് പ്രതിഷേധിച്ചു തീരുന്ന ആയുസ്സ് ശത്രുക്കളുടെ ലാഭകോളത്തിലെ മികച്ച വരവുകളിലൊന്നായിരിക്കും. അത്തരം പ്രതികാര പ്രതികരണങ്ങള്‍ പോലും ശത്രുവിന്റെ ക്രിയ തന്നെയാണെന്നാണ് ഹംദ് ബിന്‍ ഈസയുടെ ശ്രദ്ധേയമായ നിരീക്ഷണം. മതം ഫാക്ടറാവുന്ന ഏതു രാഷ്ട്രീയവും മുസ്‌ലിം വിരുദ്ധതക്ക് മൈലേജ് വര്‍ദ്ധിപ്പിക്കുന്ന കാലാവസ്ഥയില്‍ ആ നിരീക്ഷണം വളരെ പ്രസക്തമാണ്. ഇളകിമറിയുന്ന മുസ്‌ലിംകളുടെ പ്രതിരാഷ്ട്രീയം എതിരാളികള്‍ ആദ്യം ചുവരിലേക്കടിച്ച പന്ത് തിരികെ അവരിലേക്കു തന്നെ മടങ്ങുന്നതാണ്. പന്തിന്റെ മടക്കം അത് തട്ടിയ ചുവരിന്റെ പ്രവര്‍ത്തനമല്ല, ആദ്യം തൊഴിച്ച കാല്‍ക്രിയ തന്നെയാണ്.
ഇംഗ്ലീഷ് ഭാഷയിലെ രണ്ട് പദങ്ങള്‍ അവിടെ പ്രസക്തമാണ്. Schaden Erude / Epicaricsay എന്ന പ്രയോഗത്തിന് അറബിയിലെ ശമാതതുല്‍ അഅ്ദാഅ് എന്നാണര്‍ഥം. അല്ലാഹുവിനോട് പ്രത്യേകം കാവലിനപേക്ഷിക്കാന്‍ നബി (സ്വ) നിര്‍ദ്ദേശിച്ച ശത്രുവിന്റെ ക്ഷുദ്രസന്തോഷം എന്നാണവയുടെ സാരം. ഒരു വിഭാഗത്തിന്റെ ദുരന്തത്തില്‍ വിരോധികള്‍ കണ്ടെത്തുന്ന ആനന്ദത്തോളം അശ്ലീലം മറ്റൊന്നില്ല. ഇരവാദത്തിന്റെ ഉപോല്‍പ്പന്നം വേട്ടക്കാരുടെ ഭക്ഷണമാണ്. അതിനുപരിഹാരം, യഥാര്‍ഥ മുസ്‌ലിമായി ജീവിക്കല്‍ തന്നെയാണ്. അല്ലാതെ, യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് യഥാര്‍ഥ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനായി നിരന്തരം ഭൗതികമായ സമര രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കലല്ല എന്നുമദ്ദേഹം ഉപദേശിക്കുന്നു. ഇസ്‌ലാമിക ജീവിതം ആചരിച്ചും ആചരിപ്പിച്ചും അതിന് പൊതുവിടത്തില്‍ നേരിടേണ്ടിവരുന്ന അപരിചിതത്വം നീക്കേണ്ടവര്‍ തന്നെയാണ് അതിനെ ആചരിക്കാതെ ഐക്യദാര്‍ഢ്യപ്പെട്ട് പ്രതിഷേധ രാഷ്ട്രീയവുമായി പ്രദര്‍ശിതരാവുന്നത്. നടേപറഞ്ഞ മെറ്റാഫിസിക്കല്‍ കോഗ്‌നിഷന്റെ അഭാവം മൂലമാണത്. കാറ്റടങ്ങിയതിനു പിറകെ ഓടാനുള്ള കപ്പലല്ല ഇസ്‌ലാം. കാറ്റിനെ വകഞ്ഞോടാനും കാറ്റില്ലാത്ത കടലുകള്‍ തേടിയോടാനും ഉള്ളതാണ്. വിശ്വാസികളുടെ മാനുഷികമായ ആഗ്രഹങ്ങളുടെ കണ്ണുകളിലൂടെയല്ല, അല്ലാഹുവിന്റെ നിയമത്തിന്റെ കാഴ്ചകളിലൂടെയാണ് മുസ്‌ലിം രാഷ്ട്രീയം വികസിക്കേണ്ടത്. മുസ്‌ലിം അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഒരുപകരണം മാത്രമാണ്. കാറ്റും കടലും കരയും എങ്ങനെയാവണമെന്ന് അണ്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട യാനമാണ് മുസ്‌ലിം എന്ന ജീവിതസഞ്ചാരി. നീതിക്കു വേണ്ടിയുള്ള യുദ്ധത്തിനു മുമ്പ് സ്വന്തം താല്‍പര്യങ്ങള്‍ക്കെതിരായ യുദ്ധം അവന്റെ ഹൃദയത്തില്‍ നടക്കേണ്ടതുണ്ട്. ദേഷ്യത്തിനു മുമ്പില്‍ കരുണ ഇടംപിടിക്കേണ്ടതുണ്ട്. സ്വന്തം വികാരങ്ങള്‍ അല്ലാഹുവിനു ബലിനല്‍കലാണ് ഏറ്റവും കഠിനമായ ആരാധന. ആരോഗ്യമോ സമ്പത്തോ രക്തം തന്നെയോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ സാധിച്ചാലും ദുര്‍ബലമായ മനോവികാരങ്ങള്‍ മാറ്റിവക്കാന്‍ സാധിക്കണമെന്നില്ല. ചില ഘട്ടങ്ങളില്‍, പ്രത്യേകിച്ച് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒന്നും പ്രത്യക്ഷത്തില്‍ ചെയ്യാതിരിക്കലാവും അല്ലാഹുവിന്റെ മാര്‍ഗത്തിലെ ഏറ്റവും പ്രത്യേകമായ ചെയ്യല്‍. മറ്റുള്ളവരുടെ തിന്മകളെ വിധിനിര്‍ണയം നടത്തല്‍, സ്വന്തം അഭീഷ്ടങ്ങള്‍ക്കു മതത്വം ചാര്‍ത്താന്‍ മതനവീകരണത്തിലേക്ക് ചാല് മറിയല്‍, അനുകൂലിക്കാത്ത മുസ്‌ലിംകളെ അപരവത്കരിക്കല്‍, ചിലപ്പോള്‍ രക്തരൂക്ഷിത കലാപങ്ങളിലേക്ക് തത്വദീക്ഷയില്ലാതെ എടുത്തുചാടല്‍ തുടങ്ങിയ ഘട്ടങ്ങളിലേക്ക് ഇരവാദം ചെന്നെത്താറുണ്ട്.
സൂഫീ രാഷ്ട്രീയം അരാഷ്ട്രീയമല്ല
തല്‍ക്കാലമല്ല പില്‍ക്കാലമാണ് പ്രധാനം എന്നതാണ് മതത്തിലെ മിതത്വബോധം. ഭരണാധികാരികളോട് സാധിക്കുന്നത്ര സംയമന-സഹവര്‍തിത്വമാണതിന്റെ സ്വാഭാവിക രീതി. മധ്യകാലഘട്ടങ്ങളില്‍ ജീവിച്ച ഉലമാക്കള്‍ അവരുടെ ഗ്രന്ഥരചനകള്‍ പ്രസിദ്ധം ചെയ്യപ്പെടാന്‍ വേണ്ടി, മാനസികമായി വിയോജിപ്പുള്ള രാജാക്കന്മാരുടെ മുഖസ്തുതികള്‍ ചേര്‍ക്കുക പതിവായിരുന്നു. ആരാധനയും പ്രബോധനവും സാധ്യമാവാന്‍ ഒരുക്കപ്പെടേണ്ട പ്രതലം ഭയമുക്തവും സുഭിക്ഷവുമാവേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ചെല്ലാനും സ്മിത ഭാഷണം നടത്താനുമാണ് കലീമുല്ലാഹി മൂസ(അ)കല്‍പ്പിക്കപ്പെട്ടത്. ഭൗതിക സ്വത്വത്തിനു മേല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഡെമോക്രാറ്റിക് രാഷ്ട്രീയ മീമാംസയെ അനുസരിക്കാത്ത സൂഫീ രാഷ്ട്രീയത്തെ കൂട്ടിക്കൊടുപ്പായി വ്യാഖ്യാനിക്കാന്‍ ചില്ലറ വിവരദോശം മതിയാവില്ല. സഹവര്‍തിത്വം സന്ദേശാത്മകമാണ് എവിടെയും, എല്ലാ കാലത്തും. ഉദാഹരണത്തിന്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇയ്യിടെ ആഷസ് പരമ്പര നേടിയതിനെത്തുടര്‍ന്ന് നടത്തിയ ആഘോഷക്കൊണ്ടാട്ടത്തില്‍ നിന്നും ലഹരിനുര മാറ്റിവച്ചത് ഉസ്മാന്‍ ഖാജ എന്ന ജീവനുള്ള മുസ്‌ലിമിനെ പരിഗണിച്ചു കൊണ്ടാണ്. കര്‍മശാസ്ത്രങ്ങള്‍ക്കപ്പുറം, ഫുട്‌ബോള്‍ മൈതാനത്തു വച്ച് വിജയാഘോഷത്തില്‍ സാഷ്ടാംഗം ചെയ്യുന്ന മുഹമ്മദ് സ്വലായുടെ മെറ്റാഫിസിക്കല്‍ അണ്ടര്‍സ്റ്റാന്റിംഗ് കാരണം ഇസ്‌ലാമോഫോബിയക്ക് ശ്വാസം മുട്ടുന്നുവെന്ന യൂറോപ്യന്‍ വാര്‍ത്തകള്‍ക്കും മറ്റൊന്നല്ല പറയാനുള്ളത്. മതാചരണം കലാബോധം കൂടിയാണ്. യുക്തി കൗശലം നഷ്ടപ്പെട്ടാലാണ് അക്ഷരാര്‍ഥങ്ങളുടെ പ്യൂരിറ്റാനിസം ആധിപത്യം സ്ഥാപിക്കുക.
എന്നാല്‍, രാജാക്കന്മാരോട് സമരോല്‍സുക്യം പ്രകടിപ്പിച്ച് രക്തസാക്ഷിത്വം വരിച്ച സൂഫികള്‍ ധാരാളമുണ്ട്. നിലപാടുകള്‍ രൂപപ്പെടുത്തേണ്ടത് സാമൂഹികമായ ക്രിറ്റിക്കല്‍ തിങ്കിംഗ് അല്ല. മറിച്ച്, അല്ലാഹുവിലേക്കുള്ള വഴിയുടെ തേട്ടമായിരിക്കണം എന്നാണ് രത്‌നസാരം. ആ മനോഭാവത്തെ മറികടന്ന് പാരതന്ത്ര്യം അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ചാട്ടവാറടിയേറ്റു കൊണ്ടിരുന്ന ബിലാല്‍(റ)വിന് സ്വാതന്ത്ര്യം അനുഭവിക്കാനായത് ഭൗതികമായ വര്‍ഗസ്വത്വ രാഷ്ട്രീയ ബോധത്തില്‍ നിന്നല്ല. നിശ്വസിക്കപ്പെടുന്ന ജീവല്‍സ്പന്ദനത്തെ അല്ലാഹുവിനോടുള്ള പ്രാര്‍ഥനയാക്കിയതുകൊണ്ടാണ്. പോരാട്ടത്തിനു സര്‍ഗാത്മക-സാക്ഷരമുദ്ര ചാര്‍ത്താന്‍ സൂഫികളോളം മറ്റാര്‍ക്കാര്‍ക്കാണ് സാധിച്ച
ത് ?. കുരിശുയുദ്ധകാലത്ത് തന്നെയാണ് ഇമാം ഗസ്സാലി (റ) യവന നിരീശ്വരത്വത്തെ മറികടക്കുന്ന ബൗദ്ധിക രചനകളും ഹൃദയശാസ്ത്രവും രചിച്ചത്. കുരിശുയുദ്ധങ്ങളുടെ ഫലം കാലാതിവര്‍തിത്വം നേടിയില്ല. ഇമാമിന്റെ രചന അതു നേടി. സാമ്പ്രദായിക ഇസ്‌ലാമിനെതിരെ ആധുനിക കുരിശുയുദ്ധം നടത്തിയ അത്താതുര്‍ക്കിന്റെ ഹിംസോന്മാദങ്ങള്‍ക്കെതിരെ തുര്‍ക്കിയിലെ ആധ്യാത്മികാചാര്യന്‍ സഈദ് നൂര്‍സി ജയില്‍ ഗ്രന്ഥരചന നടത്തിയാണ് പ്രതിരോധം തീര്‍ത്തത്. ജയിലില്‍വച്ച് പതുങ്ങിയെഴുതി തനിക്ക് ഭക്ഷണം കൊണ്ടുതരുന്ന വ്യക്തിവശം കൊടുത്തേല്‍പ്പിച്ച സന്ദേശങ്ങളാണ്
നിരവധി പുറങ്ങളുള്ള റസാഇലുന്നൂര്‍ ആയി മാറിയത്. വാളു കൊണ്ടല്ല, വാക്കു കൊണ്ടാണ് ഇസ്‌ലാം പുഷ്‌ക്കലമായതെന്ന ചരിത്ര നിരീക്ഷണം പോലുമല്ല യഥാര്‍ഥ ശരി. ആ വാക്കുകള്‍ ജീവിതങ്ങളായി പുലര്‍ന്ന നിശബ്ദതകളാണ് ഇസ്‌ലാമിന് ശബ്ദം നല്‍കിയത് എന്നുകൂടി കൂട്ടിച്ചേര്‍ക്കണം. അതാവട്ടെ ഭൂതകാലത്തെ കുറിച്ചുള്ള ഒരു പ്രസ്താവന. മാത്രമല്ല, വര്‍ത്തമാനത്തെ നേരെ നടത്താനുള്ള പാഠം കൂടിയാണത്.