അജ്മീറില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് പഠിക്കാനുണ്ട്; ഇസ്‌ലാമിസ്റ്റുകള്‍ക്ക് തിരുത്താനും

2864

അതിമഹത്തായ ഇസ്‌ലാമിക പാമ്പര്യമുള്ള ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക,് ആ പാരമ്പര്യത്തിന്റെ ചൈതന്യവും പ്രതാപവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ത്യയിലായാലും ലോകത്തിന്റെ മറ്റേതു ദിക്കിലായാലും, പൂര്‍വകാലത്ത് വളരെ പ്രതാപത്തോടെ നിലകൊണ്ട മുസ്‌ലിംകള്‍, ഇന്ന് പിന്നാക്കാവസ്ഥയിലാണ് അവശേഷിക്കുന്നത്. ഇങ്ങനെ പിന്തള്ളപ്പെടാന്‍ പല കാരണങ്ങളും ഉണ്ടാകാമെങ്കിലും, അതിലൊരു പ്രധാന കാരണമാണം സ്വന്തം പൂര്‍വികരെ സംബന്ധിച്ച ശരിയായ അറിവില്ലായ്മയും പാരമ്പര്യത്തോടുള്ള ബന്ധമില്ലായിമയുമാണ്.
പാരമ്പര്യത്തിന്റെ കണ്ണിയില്‍ അണിചേരുക എന്നത് വിശുദ്ധ ഖുര്‍ആന്‍ കാണിച്ചുതന്ന മാതൃകയാണ്. അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ്വ) തങ്ങള്‍ക്ക് മുന്‍ഗാമികളായ പ്രവാചകന്മാരെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനിലൂടെ വിവരിച്ചുകൊടുത്തു. പ്രവാചകന്മാരുടെയെല്ലാം ചരിത്രം വിവരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ നബി(സ്വ)യോട് കല്‍പ്പിച്ചത്
‘ഇവരാണ് അല്ലാഹു സന്മാര്‍ഗം കനിഞ്ഞരുളിയവര്‍. അവരുടെ മാര്‍ഗത്തെ തങ്ങള്‍ അനുധാവനം ചെയ്യുക'(അന്‍ആം:90)എന്നാണ്. സ്വന്തമായി വഹ്‌യ് ലഭിക്കുന്ന ഒരു പ്രവാചകരോടാണ് തന്റെ മുന്‍ഗാമികളെ അനുധാവനം ചെയ്യേണ്ടതിന്റെ ആവശ്യകത പറയുന്നത്. അപ്പോള്‍ വഹ്‌യ് ലഭിക്കാത്ത പൂര്‍വികരില്‍ നിന്നുള്ള ദിറായാത്തുകളെ(നിവേദനങ്ങളെ) അവലംബിച്ചു ജീവിക്കേണ്ട നാം എന്ത് ചെയ്യണം? ആ പൂര്‍വികരെ അനുധാവനം ചെയ്യാതെ വേറെ മാര്‍ഗങ്ങളുണ്ടോ?! മുന്‍ കഴിഞ്ഞ പ്രവാചകന്മാരുടെ ശരീഅത്തുകളെ ദുര്‍ബലപ്പെടുത്തുകയും, പുതിയ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പുതയി ശരീഅത്ത് സംസ്ഥാപിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി(സ്വ)യോടാണ് വിശുദ്ധ ഖുര്‍ആന്‍ അവരുടെ സന്മാര്‍ഗ പാതയെ അനുധാനവനം ചെയ്യാന്‍ കല്‍പ്പിച്ചിരിക്കുന്നത്. ശരീഅത്തുകള്‍ വ്യത്യസ്തമാകുമെങ്കിലും, അടിത്തറയായ ഈമാനിക സ്വഭാവങ്ങള്‍ ഒന്നുതന്നെയാണല്ലോ. അതിലാണ് ഇവിടുത്തെ പറഞ്ഞിരിക്കുന്ന അനുധാവനം. സ്വതന്ത്രമായ രിസാലത്തിന്റെ സനദുണ്ടെങ്കിലും, ചരിത്രപരമായി പൂര്‍വിക പ്രവാചകന്മാരുടെ പാതയിലും പാരമ്പര്യത്തിലും തന്നെയാണ് പ്രവാചകര്‍(സ്വ) ഉള്ളതെന്ന് കാണിക്കാനാണ് അല്ലാഹു ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഹിക ലോകത്ത് ഇത് അനിവാര്യമായ ഘടകമാണെന്ന് സ്രഷ്ടാവായ അല്ലാഹുവിന് അറിയാമല്ലോ. ഇതില്‍നിന്നും നാം പഠിക്കേണ്ട പാഠമെന്താണെന്ന് ശരിക്കും ആലോചിച്ചാല്‍ ഹഖിന്റെ പാരമ്പര്യത്തോട്,പൂരവ്വീകരായ ഹഖിന്റെ ആളുകളോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. അവരുടെ പിന്തുടര്‍ച്ചക്കാരായും അനന്തരഗാമികളായും നാം നിലകൊള്ളണം. പൂരവികരില്‍ നിന്നുള്ള സനദ് മുഖേനയല്ലാതെ നമുക്ക് സന്മാര്‍ഗത്തിന്റെ വാചനങ്ങളും ദര്‍ശനങ്ങളും ലഭിക്കുന്നതല്ല. അതിനാല്‍ വഹ്‌യ് പോലെ ശ്രേഷ്ഠമായി വഹ്‌യിന്റെ പാരമ്പര്യത്തേയും പരിഗണേക്കേണ്ടതുണ്ട്. 
സ്വന്തം പാരമ്പര്യത്തിലേക്ക് ആദരപൂര്‍വം തിരിഞ്ഞു നോക്കാത്ത ഒരു തെറ്റായ പ്രവണതയാണ് ആധുനിക കാലത്ത് കടന്നുവന്ന നവോത്ഥാനവാദികള്‍ പ്രകടിപ്പിച്ചത്. ജീവിതം അടിമുടി ആധീനീകരിക്കപ്പെടുമ്പോള്‍, പരമ്പരാഗതമായതെല്ലാം യാഥാസ്ഥികമാണെന്ന ആധുനിക-ഭൗതികവാദം നല്‍കിയ ആശയസ്വാധീനമാണ് ഇവരെ സ്വാധീനിച്ചത്. അതോടൊപ്പം, ആധ്യാത്മികമായ തത്വദര്‍ശനങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാത്ത യുക്തി കേന്ദ്രീകൃമായ ചിന്താഗതി കൂടിയായപ്പോള്‍ ഈ പ്രവണതക്ക് കൂടുതല്‍ ദൃഢത കൈവന്നു. സത്യത്തില്‍ ഇസ്‌ലാം വിരുദ്ധ ശക്തികള്‍ മുസ്‌ലിംകളെ അവരുടെ നായകരില്‍ നിന്ന് അടര്‍ത്തി എടുക്കാനുള്ള ഗൂഢപദ്ധതിയുടെ വിജയമാണ് സംഭവിച്ചത്. നായകരോടുള്ള അനുയായികളുടെ വിശ്വാസ്യത തകര്‍ക്കാതെ ഒരു ജനതയേയും തകര്‍ക്കാന്‍ കഴിയില്ലെന്നതാണല്ലോ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാഥമിക പാഠം. ഇസ്‌ലാമിന്റെ കാര്യത്തിലാകട്ടെ നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായ നായക-താരകങ്ങളോടുള്ള അനുയായികളുടെ ബന്ധം വളരെ ദൃഢവും ഒരിക്കലും ഭേദിക്കാന്‍ സാധിക്കാത്തതുമായിരുന്നു. അതിനെ തകര്‍ക്കുവാന്‍ ആധുനികതയുടെ യുഗത്തില്‍ സാധിച്ചുവെന്നതാണ് പ്രതിയോഗികളുടെ ഏറ്റവും വലിയ നേട്ടവും നമ്മുടെ വമ്പിച്ച പരാജയവുമായി സംഭവിച്ചത്. ഖബറുകള്‍ കെട്ടി ഉയര്‍ത്തുന്നതിനെതിരില്‍ രംഗത്ത് വന്നവര്‍ സത്യത്തില്‍ ചരിത്രനിരാസത്തിലേക്ക് കാടുകയറുവാന്‍ ഇത് അവസരമായി. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അല്ലാത്ത യാതൊന്നിനും വിലയും നിലയുമില്ല എന്ന അതിരുകടന്ന വാദത്തിലേക്ക് വന്നതോടെ പ്രമാണങ്ങളുടെ അക്ഷരങ്ങളില്‍ ഈ ഉമ്മത്തിനെ തഴച്ചിടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെട്ടത്. ചുരുക്കത്തില്‍, ദീനുല്‍ ഇസ്‌ലാമിനെ പുതിയ കാലത്തേക്ക് കൈമാറിയ പൂര്‍വസൂരികളായ നായകന്മാരോടുള്ള സ്‌നേഹാദരവുകളും അവരുടെ ചരിത്രത്തോടുള്ള ബന്ധവുമെല്ലാം തമസ്‌കരിച്ചു കളയുക വഴി, പാരമ്പര്യത്തിന്റെ ശക്തിയും ചൈതന്യവും വര്‍ത്തമാന തലമുറക്ക് അപ്രാപ്യമായി തീര്‍ന്നു. 
ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഈ നാളുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രബോധകനും പണ്ഡിതനുമാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയെ ശീഇയാക്കി വ്യക്തിഹത്യ ചെയ്യുന്ന ചരിത്ര നിരാസക്കാര്‍ ഈ സമുദയത്തെ പ്രതിലോമകതയിലേക്കാണ് നയിച്ചത്. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു സര്‍വാദരണീയരായ നായക വ്യക്തിത്വത്തെ, സ്വന്തം സമുദായത്തിനകത്തു നിന്നുള്ളവര്‍ ഇകഴ്ത്തുന്ന രംഗം എത്ര ധാരുണമാണ്. ദീനി പ്രബോധന രംഗത്ത് അത്യുന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വത്തെ തരംതാഴ്ത്തുന്നവരുടെ സാന്നിധ്യമുണ്ടായിരിക്കെ, ഈ സമുദായത്തിന് അല്ലാഹു നിന്ദ്യതയല്ലാതെ മറ്റെന്ത് നല്‍കാനാണ്? ഇന്ത്യയിലെ ആധികാരിക മുസ്‌ലിം പണ്ഡിത ധാരകളെല്ലാം തന്നെ തങ്ങളുടെ ഗുരുപരമ്പരയുടെ തലപ്പത്ത് കാണുന്ന ഗുരുവര്യന്മാരുടെ ഗുരുവായ ഖാജയെ സംബന്ധിച്ചാണ് ചില അഭിനവ ഇസ്‌ലാമികര്‍ക്ക് സംശയം! ശീഇകള്‍ പല നായക പരിവേശമുള്ളവരേയും തങ്ങളുടെ ആളായി ചിത്രീകരിക്കുന്ന പതിവുണ്ട്. അക്കൂട്ടത്തില്‍ ശ്രേഷ്ഠരായ ഒരുപാട് അഹ്‌ലുബൈത്തുകാരുണ്ട്. അലി സൈനുല്‍ ആബിദീനും അവിടുത്തെ മക്കളായവരും മൂസല്‍ ഖാസിമും അഹ്മദ് മുഹാജിറും അടക്കമുള്ളവര്‍ ശീഈ ഭാഷയില്‍ ശീഇകളാണ്. ഇതേപ്രകാരം, അവര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയേയും ശീഇയാക്കിയതിനെ പകര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്ന വഹാബികള്‍ക്ക് കഥയെന്തറിയാം. 
ഖാജ മുഈനുദ്ദീന്‍ ചിശ്ത്തി(റ) അന്ത്യവിശ്രമം കൊള്ളുന്ന അജ്മീര്‍ ശരീഫിലെ ദര്‍ഗയും പരിസരങ്ങളും ആരുടെ കൈകളിലാണെന്നതും അവിടെ നടമാടുന്നതെന്തെല്ലാമാണെന്നതും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈഹലോകത്തോട് വിടപറഞ്ഞ ഖാജയുടെ ചരിത്രവുമായി ബന്ധപ്പെടുത്തി വായിക്കുന്നത് വലിയ വിഢിത്തരമായിരിക്കും. പ്രത്യേകിച്ച് ഇന്ത്യാ വിഭജനത്തോടെ ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടേയും, അവരുടെ പല കേന്ദ്രങ്ങളുടേയും അവസ്ഥ വല്ലാത്ത അട്ടിമറിക്ക് വിധേയമായിട്ടുണ്ട്. ഏതൊരു ജനതയുടേയും അസ്ഥിത്വവും നിലനില്‍പ്പിനും അല്ലാഹു കരുത്തു പകരുന്ന സാമൂഹിക ഘടകമാണ് അവരിലെ കരുതുറ്റ നായകന്മാര്‍. ആ നിലയില്‍ വലിയ കരുത്തുറ്റ നായകന്മാരാല്‍ സമ്പന്നമായ മുസ്‌ലിം ഉമ്മത്തിന് അല്ലാഹു നേതാക്കന്മാര്‍ മുഖേന വലിയ അനുഗ്രഹങ്ങളും വെച്ചിട്ടുണ്ട്. ഇല്‍മ് കൊണ്ടും അമലുകള്‍ കൊണ്ടും വലിയ മുന്നേറ്റം നടത്തിയ നേതാക്കന്മാരെ പോലെ, പ്രവര്‍ത്തന രംഗത്ത് മികവുറ്റ മുന്നേറ്റം സാധ്യമാകാതെ വന്നാല്‍ ആ നായകന്മാരോടുള്ള മഹബ്ബത്ത് തന്നെ അവരോടൊപ്പം ചേരാന്‍ അല്ലാഹു കാരണമായി സ്വീകരിക്കുമെന്ന് സ്വഹീഹായ ഹദീസുകള്‍ മുഖേന സ്ഥിരപ്പെട്ട കാര്യമാണ്. സ്വന്തം പ്രദേശത്തേയും സമൂഹത്തിലേയും മുന്‍ഗാമിയായ നേതാവിനോട് പെട്ടെന്ന് മാനസിക അടുപ്പവും സ്‌നേഹവും ഉണ്ടാവുക എന്നത് അല്ലാഹു സൃഷ്ടിച്ചിട്ടുള്ള സാമൂഹിക-മനഃശാസ്ത്രവുമാണ്. തദടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുണ്ടായിട്ടുള്ള ഉമ്മത്തിന്റെ നായകന്മാരായ മുത്തഖീങ്ങളില്‍, ഇമാമത്തിന്റെ വിധാനത്തില്‍ നില്‍ക്കുന്ന ഖാജയെ ആ രൂപത്തില്‍ ഇഹ്‌സാനോടെ സമീപിക്കാനും പിന്തുടരുവാനും ശ്രമിക്കുന്നതിന് പകരം ശീഇകള്‍ക്ക് വിട്ടു കൊടുക്കുന്ന നടപടി തീര്‍ത്തും ആത്മഹത്യാപരമാണ്. ഖാജാ തങ്ങള്‍ മുത്തബിഉ സുന്നയായ നേതാവാണെന്ന് സമര്‍ത്ഥിക്കുന്നത് മുഖേന അവിടുത്തെ അനുയായികളെ സുന്നത്തിലേക്ക് നയിക്കാന്‍ സാധിക്കും. എന്നാല്‍, ശീഇയാണെന്ന പ്രചാരണത്തിന് വിട്ടു കൊടുത്താല്‍ ശീഇസത്തിന് വളര്‍ച്ചയായി മാറുകയും ചെയ്യുന്നതാണ്. 
ഇസ്‌ലാം സമാധാനമാണെന്നോ സത്യമാണെന്നോ ഉള്ള ഏതെങ്കിലും മനോഹരമായ പ്രമേയങ്ങളെ പ്രബോധനം ചെയ്യുന്നത് മുഖേനയല്ല ഖാജയെ പോലുള്ള മുന്‍ഗാമികളായ പ്രബോധകര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചത്. അവര്‍ ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവിടെ സാഹസികമായ-അത്ഭുതകരമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുകയായിരുന്നു. ഖാജയെ സംബന്ധിച്ച് സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി സാഹിബ് കുറിക്കുന്നു. ഇന്ത്യയില്‍ ഇസ്‌ലാമിക നിര്‍മിതിയില്‍ എല്ലാവര്‍ക്കും അനിഷേധ്യമായ പങ്കുണ്ട്. അല്ലാഹു എല്ലാവര്‍ക്കും സമുന്നത പ്രതിഫലം നല്‍കട്ടെ.! എന്നാല്‍, ഈ രാജ്യത്ത് ഇസ്‌ലാമിക വൃക്ഷം നട്ടുപിടിപ്പിക്കുന്നതിലും വെള്ളവും വളവും നല്‍കി വളര്‍ത്തുന്നതിലും ഏറ്റവും കൂടുതല്‍ സേവനം അനുഷ്ഠിച്ചത് ചിശ്തി ത്വരീഖത്താണ്. ‘അല്ലാഹു അവന്‍ ഉദ്ദേശിച്ചത് സൃഷ്ടിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു’.
ചിശ്തി ത്വരീഖത്തില്‍ നിന്നും ഏറ്റവും ആദ്യമായി ഇന്ത്യയിലേക്കു വന്ന വ്യക്തിത്വം ഖാജാ അബൂമുഹമ്മദ് ചിശ്തി (ഹി: 411) ആണ്. സുല്‍ത്താന്‍ മഹ്മൂദ് ഗസ്‌നവിയുടെ വിജയ മുന്നേറ്റങ്ങളുടെ പ്രധാന കാരണം, ഖാജാ അബൂ മുഹമ്മദിന്റെ ദുആയും സഹകരണവും ആയിരുന്നുവെന്ന് മൗലാനാ ജാമി കുറിക്കുന്നു. (നഫഹാത്ത്: 223)
എന്നാല്‍, ഈ പ്രവര്‍ത്തനത്തിന്റെ പൂര്‍ത്തീകരണവും ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പൊതുവായ പ്രചരണവും നടന്നത് മഹാനായ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയിലൂടെയാണ്. ഇന്നത്തെ ഇറാനിലെ ഒരു നാടായ സിജിസ്ഥാനില്‍ ജനിച്ച ഖാജാ, ഇന്ത്യയിലേക്കു വരികയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഹസ്‌റത്ത് ഖാജാ അജ്മീര്‍ കേന്ദ്രമാക്കിക്കൊണ്ട് സംസ്‌കരണ-പ്രബോധന പ്രവര്‍ത്തനങ്ങള്‍ നന്നായി നടത്തി. കൂട്ടത്തില്‍, ഇന്ത്യയില്‍ മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ ഗോറിയുടെ സൈന്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. അന്നത്തെ ഒരു വലിയ ശക്തിയായ പൃഥിരാജിനെ പരാജയപ്പെടുത്തിയ ഗോറിയുടെ വിജയത്തിനു പിന്നില്‍ ഹസ്‌റത്ത് ഖാജയുടെ പ്രാര്‍ത്ഥനയും ശ്രദ്ധയും ആത്മീയ ശക്തിയും പ്രത്യേകം പ്രവര്‍ത്തിച്ചിട്ടുണ്ട്. (തബഖാത്തെ നാസിരി)
ഈ വിഷയത്തില്‍ ഒരു സംഭവം പ്രത്യേകം സ്മരണീയമാണ്. പൃഥിരാജ് ഒരു സാധു മുസ്‌ലിമിനെ ഉപദ്രവിച്ചു. ഇതിനെ ഹസ്‌റത്ത് ഖാജാ ഉണര്‍ത്തുകയും നീതിയും ന്യായവും പുലര്‍ത്താന്‍ ഉപദേശിക്കുകയും ചെയ്തു. പൃഥിരാജ് അഹന്തയോടെ പ്രതികരിച്ചു: ‘വേറെ ആരും പറയാത്തതും കേള്‍ക്കാത്തതുമായ ഇത്തരം വലിയ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റഹ്) കാര്യങ്ങള്‍ പറയാന്‍ വരുത്തനായ നിങ്ങള്‍ ആരാണ്?’ ഉടനെ ഹസ്‌റത്ത് ഖാജാ പ്രസ്താവിച്ചു: ‘പൃഥിരാജിനെ നാം തടവില്‍ പിടിച്ച് ഗോറിക്കു നല്‍കിയിരിക്കുന്നു’. ഏതാനും നാളുകള്‍ക്കകം സുല്‍ത്താന്‍ ഗോറി അജ്മീറിലേക്കു പടയോട്ടം നടത്തുകയും പൃഥിരാജിനെ ജയിക്കുകയും ചെയ്തു. (സിയറുല്‍ ഔലിയാ) ചുരുക്കത്തില്‍, അന്നത്തെ ഇന്ത്യയുടെ ആത്മീയ-രാഷ്ട്രീയ സിരാകേന്ദ്രമായിരുന്ന അജ്മീറിനെ ഹസ്‌റത്ത് ഖാജാ പ്രവര്‍ത്തന കേന്ദ്രമായി തെരഞ്ഞെടുത്തു. ലോക ജേതാക്കളുടെ ചരിത്രങ്ങളില്‍ മാത്രം കാണാന്‍ കഴിയുന്ന ദൃഢചിത്തതയുടെയും ത്യാഗ-മനസ്ഥിതിയുടെയും ഒരു മാതൃകയാണിത്. ആത്മാര്‍ത്ഥത, ത്യാഗ-മനസ്ഥിതി, വിശ്വാസദാര്‍ഢ്യത, ഹൃദയ വേദന, സ്‌നേഹ സന്നദ്ധത എന്നിവ ഹസ്‌റത്ത് ഖാജയുടെ വിശിഷ്ട ഗുണങ്ങളായിരുന്നു. ഈ ഗുണങ്ങള്‍ ശരിയായ ഫലം കാണുകയും ചെയ്തു. അതെ, ഈ മഹല്‍ഗുണങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ത്യാഗപരിശ്രമങ്ങള്‍ കാരണമായി, സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും ശരിയായ വിജ്ഞാനവും വിശ്വാസവും അന്യമായിരുന്ന ഇന്ത്യയില്‍, ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിപ്പറന്നു. ഉലമാ-ഔലിയാക്കളുടെ നാട്, ഇസ്‌ലാമിക വിജ്ഞാനങ്ങളുടെയും സംരക്ഷണ കേന്ദ്രം, ദീനീ പ്രവര്‍ത്തനങ്ങളുടെ പ്രഭവസ്ഥാനം എന്നിവയായി മാറി. ഇന്ത്യയുടെ അന്തരീക്ഷത്തില്‍ ബാങ്കിന്റെ ശബ്ദ തരംഗങ്ങളും, മണലുകളില്‍ തക്ബീര്‍ ധ്വനികളും, പട്ടണങ്ങളിലും ഗ്രാമങ്ങളിലും ‘ഖാലല്ലാഹു, ഖാലര്‍റസൂലി’ ന്റെ മണിനാദങ്ങളും മുഴങ്ങാന്‍ ആരംഭിച്ചു.
ഇന്ത്യയുടേയും മറ്റു ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്ന മറ്റു പ്രദേശങ്ങളുടേയും ചരിത്രം അറിയാതിരിക്കുകയോ അവയെ ഉള്‍കൊള്ളുകയോ ചെയ്യാത്ത കുറെ ഇസ് ലാമിസ്റ്റുകളുണ്ട്. അവരുടെ മനോഭാവത്തില്‍ ആധുനിക കാലത്ത് ഇവര്‍ നടത്തുന്ന ഏതാനും പ്രവര്‍ത്തനങ്ങളാണ് ഇസ്‌ലാമിക ദഅവത്തിന്റെ കാതല്‍ എന്നാണ്. ഒരു ടി.വി പരിപാടിയിലെ അവതാരകനും കൂടിയായ ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്‍ എമ്പതുകളില്‍ ഇസ്‌ലാം സ്വീകരിച്ച ഒരു ഡോക്ടറോട് ചോദിക്കുന്ന ചോദ്യത്തിലെ വരികള്‍ ഇങ്ങിനെയാണ്. ‘മതതാരതമ്യ പഠനങ്ങളോ ആ നിലയിലുള്ള മറ്റു സംരംഭങ്ങളോ നിലനില്‍ക്കാത്ത 1980കളില്‍ നിങ്ങള്‍ക്ക് ഇസ്‌ലാമിനെ സംബന്ധിച്ച് മനസ്സിലാക്കാന്‍ എങ്ങിനെ സാധിച്ചു?!’ പ്രബോധനത്തിന്റെ ആധുനിക മാതൃകക്ക് മുമ്പ് ഇസ്‌ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ യാതൊരു ഉപാധികളും നിലനിന്നിരുന്നില്ല എന്ന് ഈ ചോദ്യകര്‍ത്താവിന്റെ അബോധ മനസ്സില്‍ ആരോ ഫീഡ് ചെയ്തുവെച്ചിരിക്കുന്നു. ചരിത്രനിരാസ ബോധമാണ് അത്തരത്തിലുള്ള ഒരു മൈന്‍ഡ്‌സെറ്റിങ്ങിന് ഇടയാക്കിയിരിക്കുന്നത്. ആധുനിക പ്രബോധന രീതികള്‍ കടന്നു വരുന്നതിന് മുമ്പുതന്നെ, ഇന്ത്യയില്‍ മുസ്‌ലിംകള്‍ 15 ശതമാനത്തിലേറെയുണ്ട് എന്ന സത്യം ഇത്തരം ആളുകള്‍ ചിന്തിക്കാതെ പോവുകയാണോ? ഇസ്‌ലാമിനെ ഒരു നവജാത ശിശുവിനെ പോലെ യാതൊരു പാരമ്പര്യവുമില്ലാത്ത വിധത്തിലാണ് ഇവര്‍ ഉള്‍കൊണ്ടിരിക്കുന്നത്. മക്കയില്‍ നിന്ന് ഇങ്ങോട്ട് ഇവര്‍ മുഖേന പുതുതായി കൊണ്ടുവന്ന ഒരു പുത്തന്‍ ആശയമായിട്ടാണ് ഇവര്‍ ദീനിനെ പ്രബോധനം ചെയ്യുന്നത്. എന്നാല്‍, നാനൂറ് വര്‍ഷമായിട്ട്, അറബ് ലോകത്തും മറ്റും ദീനി വിജ്ഞാനത്തിന്റെ ചലനങ്ങള്‍ മന്ദീഭവിച്ച ഘട്ടത്തില്‍ അതിനെ സജ്ജീവതയോടെ മുന്നോട്ട് നയിച്ച ഇസ്‌ലാമിക വൈജ്ഞാനികതയുടെ കേന്ദ്രമാണ് നമ്മുടെ ഈ നാട് എന്നതാണ് ചരിത്ര സത്യം. ആധുനിക ഇസ്‌ലാമികതയുടെ വക്താവായിരുന്ന ജമാലുദ്ദീന്‍ അഫഗാനി ആ വിഷയം എടുത്ത് പറഞ്ഞ് ഇന്ത്യന്‍ മുസ്‌ലിംകളെ ശ്ലാഖിച്ചത് അലീമിയാന്‍ അവിടുത്തെ അല്‍മുസ്‌ലിമൂന്‍ ഫില്‍ ഹിന്ദ് എന്ന കൃതിയില്‍ അനുസ്മരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ജനിച്ച ഒരു ഇന്ത്യന്‍ മുസ്‌ലിം ആദ്യം മനസ്സിലാക്കേണ്ടത് തന്റെ നാടിന്റെ ദീനി പാരമ്പര്യമാണല്ലോ. അതിന്റെ അഭാവത്തില്‍ അവന് ചിന്താവൈകല്യം സംഭവിക്കുക സ്വാഭാവികമാണ്. 
ഒരു കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ പരിഷ്‌കാരങ്ങള്‍ക്കും പ്രബോധനത്തിനും എല്ലാം വേദിയായിരുന്ന സൂഫി സരണികളുടെ പേരില്‍ പില്‍ക്കാലത്ത് വന്ന ചില ആചാര വൈകൃതമായ രൂപങ്ങളും ചൂഷണങ്ങളും കാരണമായി സൂഫി പാരമ്പര്യമുള്ള ചരിത്രത്തേയും സംസ്‌കാരങ്ങളേയും ആപാദചൂഢം തിരസ്‌കരിച്ച അതിരുകവിഞ്ഞ നടപടി ശരിക്കും ഇസ്‌ലാമിക സമൂഹത്തെ പുറകോട്ടു നയിക്കാനാണ് ഇടയാക്കിയത്. ചരിത്രവും സാംസ്‌കാരിക അടിത്തറയുമില്ലാത്ത ഒരു നവജാതശിശുവായി ഇസ്‌ലാമിനെ സങ്കല്‍പ്പിക്കുന്നതിലേക്ക് ഇത് നയിച്ചു. നവജാത ശിശുവിന്റെ അവസ്ഥയിലുള്ള ഒരു ആശയത്തിന് തീര്‍ച്ചയായും എമ്പാടും പ്രതിസന്ധികളായിരിക്കുമല്ലോ. മദ്ഹബ് നിഷേധവും ഇമാമുകളോടുള്ള വിമുഖതയും കൂടി ചേര്‍ന്നുണ്ടായതാണീ ചരിത്രനിരാസ സമീപനം. 
ഖാജയെ പോലെ നിരവധി സൂഫി പ്രബോധകരുടെ നീണ്ടനിര തന്നെ ഇന്ത്യയുടെ ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഈ സൂഫി പ്രബോധകരെല്ലാം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യയിലെ നാനാജാതി മതസ്ഥര്‍ക്കിടയില്‍ തന്നെ ബഹുമാന്യ വ്യക്തിത്വമായി മാറിയതാണ് ചരിത്രം. സ്ഥാപിത താല്‍പ്പര്യങ്ങളുള്ളവരും അധികാര കേന്ദ്രങ്ങളുമാണ് എക്കാലത്തും സൂഫി പ്രബോധകര്‍ക്കെതിരെ വന്നിട്ടുള്ളത്. മഹാനായ പ്രവാചകര്‍(സ്വ)ക്കും സ്വഹാബാക്കള്‍ക്കും എതിരെ വന്നതും അധികാര താല്‍പ്പര്യം ഉള്ളില്‍ ഒളിപ്പിച്ച ഖുറൈശി പ്രമുഖരും മദീനയില്‍ രാജാവാകേണ്ടിയിരുന്ന അബ്ദുല്ലാഹി സുലൂലുമാണല്ലോ. ഇത് എക്കാലത്തേയും ചരിത്രമാണ്. ഭരണ രംഗത്തുള്ളത് മുസ്‌ലിം ഭരണാധികാരികളായിരുന്നിട്ടും സൂഫി പ്രബോധകര്‍ക്ക് അവരില്‍ നിന്ന് പൂര്‍ണ സുരക്ഷിതത്വം ലഭ്യമായിരുന്നില്ല. സയ്യിദ് ആദം ബിന്നൂരിയുടെ ചരിത്രം ഉദാഹരണമായി എടുക്കാം. അദ്ദേഹത്തിന്റെ സദ്യയില്‍ ദിവസവും ആയിരം പേരാണ് പങ്കെടുക്കാറുണ്ടായിരുന്നത്. അദ്ദേഹത്തെ അനുഗമിച്ച് നടക്കുന്നവരില്‍ ആയിരകണക്കിന് സാധാരണക്കാരും നൂറുരണക്കിന് പണ്ഡിതന്മാരുമുണ്ടായിരുന്നു. കൂടാതെ പൗരപ്രമുഖന്മാരും ശൈഖന്മാരും അനുഗമിച്ചിരുന്നു. ഇത് ഷാജഹാന്‍ ചക്രവര്‍ത്തിയെ ഭയപ്പെടുത്തി. അദ്ദേഹം ഒരു തുക ആദംബിന്നൂരിക്ക് അയച്ചു കൊടുത്തിട്ട് താങ്കള്‍ക്ക് അല്ലാഹു ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതുകൊണ്ട് ഹിജാസിലേക്ക് പോകണം എന്ന് കല്‍പ്പിച്ചു. നാട് വിടണം എന്നതാണ് ചക്രവര്‍ത്തിയുടെ താല്‍പ്പര്യമെന്ന് മനസ്സിലാക്കി അദ്ദേഹം അറേബ്യയിലേക്ക് പോവുകയും അവിടെ തന്നെ ശിഷ്ഠ കാലം ജീവിച്ച് ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കപ്പെടുകയും ചെയ്തു. 
ഖാജക്ക് ശേഷം പിന്നീട് വന്നിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ മുജദ്ദിദാണ് മുജദ്ദിദ് അല്‍ഫസാനി അഹ്മദ് സര്‍ഹിന്ദി. പഞ്ചാബിലെ പാട്യാലയിലാണ് സര്‍ഹിന്ദ് എന്ന അദ്ദേഹത്തിന്റെ നാട്. അക്ബര്‍ ചക്രവര്‍ത്തിയുടെ ദീനെ ഇലാഹി മുഖേന ഇസ്‌ലാമിക ശരീഅത്തിന്റെ ചിിഹ്നങ്ങള്‍ക്ക് പോലും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ നിന്ന് ഇന്ത്യയില്‍ ഇസ്‌ലാമിക സംസ്‌കാരവും വൈജ്ഞാനികതയും തിരിച്ചു വരികയും ഇസ്‌ലാമിക വൈജ്ഞാനികതയുടെ നെറുകയിലേക്ക് ഇന്ത്യ തിരിച്ച് കുതിക്കുകയും ചെയ്യാന്‍ നിമിത്തമായത് ഇമാം അഹ്മദ് അല്‍ഫാറൂഖ് മുജദിദ് അല്‍ഫസാനിയാണ്. മൂവായിരത്തോളം പ്രബോധനത്തിന് പക്വതയാര്‍ന്ന ശിഷ്യന്മാരെയാണ് അദ്ദേഹം വിവിധ നാടുകളിലേക്ക് നിയോഗിച്ചയച്ചത്. ഇന്നും യൂറോപ്യന്‍ ലോകത്ത് ഇസ്‌ലാമിക പ്രബോധനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ധാരയാണ് അദ്ദേഹത്തിന്റെ മുജദ്ദിദിയ സൂഫി സരണി. സര്‍ഹിന്ദിയുടെ മകന്‍ മഅസൂം ബില്ലാഹിയുടെ കൈപിടിച്ച് ബൈഅത്ത് ചെയ്യുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജീവിതം തീരിക്കുകയും ചെയ്തത് ഒമ്പത് ലക്ഷം ആളുകളായിരുന്നു. മനുഷ്യരെ അല്ലാഹുവിലേക്ക് ക്ഷണിച്ചും മാര്‍ഗനിര്‍ദേശം നല്‍കിയും മതശിക്ഷണങ്ങള്‍ കൊടുത്തും അദ്ദേഹത്തിന്റെ അനുയായികളായി പ്രവര്‍ത്തിച്ചത് ഏഴായിരത്തോളം ശിഷ്യഗണങ്ങളാണ്. സയ്യിദ് അഹ്മദ് ശഹീദ് രണ്ടു മാസം കല്‍ക്കത്തയില്‍ താമസിച്ചപ്പോള്‍ ദിവസവും ആയിരത്തില്‍ കുറയാത്ത ആളുകളാണ് അദ്ദേഹത്തിന്റെ കൈപിടിച്ച് ബൈഅത്ത് ചെയ്യുകയും അല്ലാഹുവിലേക്ക് തൗബ ചെയ്ത് ജീവിക്കാന്‍ പ്രതിജ്ഞ എടുത്തവരാവുകയും ചെയ്തത്. ഈ സൂഫികളുടെ വ്യക്തിത്വത്തില്‍ അല്ലാഹു സന്നിവേശിപ്പിച്ച അസാധാരണമായ ആകര്‍ഷണീയത തന്നെയാണ് അവരുടെ പ്രബോധനത്തിന്റെ ചാലക ശക്തിയായിരുന്നത്. ഇസ്‌ലാമിലെ അടിസ്ഥാന ഘടകങ്ങളായ തൗഹീദ്, ഇഖ്‌ലാസ്, സുന്നത്തിനെ പിന്‍പറ്റല്‍, പാപകൃത്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍, അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കല്‍ എന്നീ കാര്യങ്ങളിലായിരുന്നു ഈ സൂഫികള്‍ ബൈഅത്ത് വാങ്ങിയിരുന്നത്. 
പ്രസിദ്ധ ഇന്ത്യന്‍ ചരിത്രകാരന്‍ ഖാള്വി ള്വിയാഉദ്ദീന്‍ അല്‍ബര്‍നി സുല്‍ത്താന്‍ അലാഉദ്ദീന്‍ ഖില്‍ജിയുടെ കാലഘട്ടത്തെ വര്‍ണിക്കുന്നത് അലീമിയാന്‍ ഉദ്ധരിക്കുന്നുണ്ട്. ‘സുല്‍ത്താന്റെ കാലത്ത് ശൈഖുല്‍ ഇസ്‌ലാം നിസാമുദ്ദീന്‍, ശൈഖുല്‍ ഇസ്‌ലാം അലാഉദ്ദീന്‍, ശൈഖുല്‍ ഇസ്‌ലാം റുക്‌നുദ്ദീന്‍ തുടങ്ങിയ ആത്മീയ ശിക്ഷണ നേതാക്കളെകൊണ്ട് ലോകം പ്രകാശിതമായിരുന്നു. എണ്ണി കണക്കാക്കാനാവാത്ത അത്രയും ആളുകള്‍ അവര്‍ക്ക് ബൈഅത്ത് ചെയ്തു. ദുര്‍നടപ്പുകാരും തെമ്മാടികളും അവരുടെ കൈക്ക് പാശ്ചാത്തപിച്ചു. ഇബാദത്തുകളെല്ലാം അവര്‍ മുറപോലെ നിര്‍വഹിച്ചു. മനസ്സില്‍ ഭൗതിക ജീവിതത്തോടുള്ള മോഹം ദുര്‍ബലമായി. ഉന്നത സ്വഭാവങ്ങളുടെ സ്വാധീനം കൊണ്ട,് ദേഹേഛകളും ശീലങ്ങളും വര്‍ജ്ജിച്ചതിനാലുമാണിത്. ജീവിതത്തില്‍ അവരുടെ ഇബാദത്തുകളുടെയും സ്വഭാവങ്ങളുടേയും പുണ്യം കാരണമായി ജനങ്ങള്‍ക്കിടയില്‍ സത്യസന്ധത പ്രചരിച്ചു. അവരുടെ സ്വഭാവ മഹിമയുടേയും തിന്മക്കെതിരിലുള്ള മനാസിക സമരത്തിന്റെയും സ്വാധീനം മൂലം സ്വഭാവ സംസ്‌കരത്തില്‍ താല്‍പ്പര്യം ജനിച്ചു. (അല്‍ മുസ്‌ലിമൂന ഫില്‍ഹിന്ദ്)
കടലാസ് പ്രബോധനത്തിന്റെ ഇന്നത്തെ യുഗത്തില്‍ സമ്പാദിക്കാനാകാത്ത പ്രതാപവും അന്തസ്സുമാണ് സൂഫി പ്രബോധന യുഗത്തില്‍ മുസ്‌ലിം ഉമ്മത്ത് സമ്പാദിച്ചത്. എട്ട് നൂറ്റാണ്ടോളം ഇന്ത്യയുടെ ഭരണ ചക്രം പോലും മുസ്‌ലിംകളുടെ കൈകളില്‍ അല്ലാഹു ഏല്‍പ്പിക്കപ്പെട്ട കാലത്തെ ദീനി നായകരെ ഇന്ന് ശരിയാം വണ്ണം മഹബ്ബത്ത് വെക്കാനെങ്കിലും ഉമ്മത്ത് തയ്യാറാണെങ്കില്‍, പഴയ പ്രതാപത്തിന്റെ ഒരു ഭാഗമെങ്കിലും തിരിച്ചു പിടിക്കാമായിരുന്നു. പാശ്ചാത്യന്റെ അമ്മിക്കടിയില്‍ വാല് കുടുങ്ങിയ സുഖിയാന്മാരായ ഭരണാധികാരികളാണ് ഇന്ന് പേരിനെങ്കിലും ഇസ്‌ലാമിക പക്ഷത്തുള്ളത്. ഈ ദുരവസ്ഥയില്‍ പോലും പൂര്‍വസൂരികളുടെ ചരിത്രത്തെ വികൃതമാക്കാനും മണ്ണിട്ടു മൂടാനുമാണ് ശ്രമമെങ്കിലും, ഒരിക്കലും ഒരു തിരിച്ചുവരവ് നമുക്ക് സാധ്യമാകാതാകുന്നതാണ്. ശരിയായ ദീനി പാതയില്‍ നിലയുറപ്പിച്ചവരിലേക്ക് കണ്ണിച്ചേരാനും അവരുടെ മഹത്തായ പാതേയത്തെ പിന്തുടരാനും നാം പ്രയത്‌നിക്കണം. ‘ഞങ്ങളെ സൂക്ഷ്മതയുള്ളവര്‍ക്ക് (മുത്തഖീങ്ങള്‍ക്ക് മാതൃകയാക്കണേ’ എന്ന് ദുആ ചെയ്യാനാണല്ലോ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചത്. മുത്തഖീങ്ങള്‍ക്ക് മാതൃകയായി കഴിഞ്ഞു പോയവരിലേക്ക് നമുക്ക് ആവശ്യമുണ്ടെന്ന് ഈ ആയത്ത് സൂചിപ്പിക്കുന്നുണ്ട്. നബി(സ്വ)യും സലഫുസ്വാലീഹീങ്ങളും കഴിഞ്ഞാല്‍ പിന്നെ മുഴുവന്‍ ഇരുട്ടാണെന്നും അതിന് ശേഷം വെളിച്ചം തെളിയിക്കുന്നത് ഞാനോ എന്റെ പ്രസ്ഥാനമോ ആണെന്നുമുള്ള ആ അഹന്തയുടെ ധാരണകളുണ്ടല്ലോ അത് ഒഴിവാക്കിയേ പറ്റൂ. നാം ഓരോരുത്തരും മുത്തഖീങ്ങള്‍ക്ക് ഇമാമാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 
ചരിത്ര-പാരമ്പര്യ നിരാസം ഇവിടെ പ്രചരിച്ചിരിക്കുന്നത് വഹാബിസത്തിന്റെ വിലാസത്തിലായതിനാല്‍, വഹാബി രാഷ്ട്രത്തിന്റെ സഹയാത്രികനായിരുന്ന മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത എന്ന കൃതിയില്‍ നിന്നുള്ള രണ്ട് വരികള്‍ ഉദ്ധരണികള്‍ കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. വഹാബി നജ്ദിന്റെ ചരിത്രം, ഒരു മത ചിന്ത ഉത്സാഹത്തിന്റെയും അഭിലാഷത്തിന്റെയും ചിറകുകളില്‍ ഉയരുകയും അതു കഴിഞ്ഞ് ആചാരപരതയുടേയും അവനവന്‍മാത്രം ശരി വാദത്തിന്റെയും ചതുപ്പു നിലങ്ങളില്‍ മുങ്ങിത്താഴുകയും ചെയ്തതിന്റെ ചരിത്രമാണ്. അഭിലാഷവും വിനയവും കൈവിടുന്നതോടെ എല്ലാ ധാര്‍മികതയും സ്വയം നശിപ്പിക്കുന്നു. ഹാറൂത്തിന്റെയും മാറൂത്തിന്റെയും കഥ ആവര്‍ത്തിക്കപ്പെടുന്നു.