അടുത്ത കടയില്‍ കഫന്‍പുടവ എത്തി…

2714

കലീമുല്ലാവേ, അങ്ങ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒന്നു ദുആ ചെയ്യണം. അവര്‍ കൊച്ചു പ്രായത്തില്‍ മരണപ്പെടുകയാണ്.’ മൂസാ പ്രവാചകനോട് അനുയായികള്‍ പറഞ്ഞു. (അതായത് 300,400 വയസ്സില്‍, കാരണം മുന്‍ കഴിഞ്ഞ സമൂഹങ്ങള്‍ ആയിരം കൊല്ലംവരെ ആയുസ്സുള്ളവരായിരുന്നു)
മൂസ നബി അവരുടെ അപേക്ഷ കേട്ടു ചിരിച്ചു. നബിയേ.. ദുആ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ചിരിക്കുകയാണോ..!? മൂസ നബി പറഞ്ഞു: അതേ; എങ്ങിനെ ചിരിക്കാതിരിക്കും. നിങ്ങള്‍ 400ലും 300ലും മരിക്കുന്ന കുട്ടികള്‍ക്ക് ദീര്‍ഗായുസ്സിനു വേണ്ടി ദുആ ചെയ്യാന്‍ പറയുന്നു. എന്നാല്‍, എനിക്കു ശേഷം ഒരു പ്രവാചകന്‍ വരാനുണ്ട്. അല്ലാഹുവിന്റെ ഹബീബായ മുഹമ്മദ് നബി. ആ പ്രവാചകന്റെ അനുയായികള്‍ക്ക് 100ല്‍ താഴെ മാത്രമേ ആയുസുണ്ടാകൂ..അതോര്‍ക്കുമ്പോള്‍ നിങ്ങളുടെ ആവശ്യം കേട്ടു ചിരിച്ചതാണ്..’
അത്ഭുതം കൊണ്ട് അവര്‍ ചോദിച്ചു.: നബിയേ… അവര്‍ ക്ക് താമസിക്കാന്‍ വീടുണ്ടാക്കുമോ..?. വീടുണ്ടാക്കുമോ എന്നോ? രമ്യ ഹര്‍മ്യങ്ങളാണ് അവരുണ്ടാക്കുക’. ഇപ്പോള്‍ ചിരിച്ചത് മൂസാ നബിയുടെ അനുയായികളാണ്. അവര്‍ പറഞ്ഞു: നബിയേ.. എന്തൊരു വിഢികളാണ് ആ ജനത.! ഒരു മരത്തണലില്‍ ഇത്തിരി നേരം ഇരിക്കാനുള്ള സമയമല്ലേ അവര്‍ക്കുള്ളൂ.. അതെ.., ആയുസ്സ് അള്ളാഹുവിന്റെ കണക്കു പുസ്തകത്തിലെ രേഖയാണ്. മാതാവിന്റെ ഗര്‍ഭാശയത്തില്‍ അള്ളാഹു ഏല്‍പ്പിച്ച മലക്ക്, നാലാം മാസത്തില്‍ ആത്മാവിനെ ഊതുമ്പോള്‍ ചോദിക്കും: അല്ലാഹുവേ, ഇയാളുടെ ആയുസ്സ് എത്രയാണ്..? അന്ന് അള്ളാഹു പറഞ്ഞ തിയ്യതി രേഖപ്പെട്ടു കഴിഞ്ഞു.
കവി പാടി:
‘ഫ കൈഫ തഫ്‌റഹു ബിദുന്‍യാ വ ലദ്ദത്തിഹാ
യാമന്‍ യഉദ്ദ് അലൈഹി ലഫ്‌ളു വന്നഫസു’
(യാത്രയുടെ തിയ്യതി ഉറപ്പാക്കുകയും, വാക്കുകളും ശ്വാസങ്ങളും എണ്ണി ക്ലിപ്തമാവുകയും ചെയ്ത മനുഷ്യാ..ദുനിയാവിലും അതിന്റെ സുഖങ്ങളിലും നീയെങ്ങിനെ ആഹ്ലാദിക്കും..)
മുത്ത് നബി പറഞ്ഞു: ‘ഞാന്‍ ഒരു യാത്രക്കാരന്‍ മാത്രമാണ്. ഇത്തിരി നേരത്തെ വിശ്രമത്തിനായി ഒരു മരത്തണലില്‍ ഇരിക്കുന്നു. വാഹനം വന്നാല്‍ യാത്ര തുടരും..
ഭൂമിയില്‍ നീയൊരു യാത്രക്കാരനെ പോലെ, അല്ലങ്കില്‍ ഒരു പ്രവാസിയെ പോലെ ജീവിക്കണം..’ ലക്ഷ്യത്തിലെത്താന്‍ തുടികൊട്ടുന്ന മനസ്സുമായി യാത്ര പോകുന്ന പഥികന്‍ ഇടവേളയിലേ അലങ്കാരങ്ങളില്‍ അഭിരമിക്കില്ല.
‘യമുര്‍റു അഖാരിബീ ജനബാത്തി ഖബരീ..
ക അന്ന അഖാരിബീ ലം യഉരിഫൂനീ..’
എന്റെ ഖബറിന്റെ അരികിലൂടെ കുടുംബക്കാര്‍ നടന്നു പോകുന്നു. അവര്‍ എന്നെ അറിയാത്ത പോലെ, ഓരോ ഖബറാളിയും ഇതു പറയും. ദുനിയാവിന്റെ തിരക്കില്‍ നിന്നും, ഖബറിന്റെ ഏകാന്തതയിലേക്കുള്ള യാത്ര അടുത്തിരിക്കുന്നു. അടുത്ത കടയില്‍ കഫന്‍പുടവ എത്തിയിരിക്കുന്നു എന്നു നാം അറിയുന്നുണ്ടോ.? മരണത്തിന്റെ ചിന്ത പോലും നമുക്കനിഷ്ടകരമാണ്. മനുഷ്യന്‍ ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത, എന്നാല്‍, അനിശ്ചിതത്വം കൂര്‍ത്തമുനകളില്‍ തുടിച്ചു നില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ് മരണം.
മതരഹിതരും,സ്വന്തം ‘യുക്തി’യില്‍ കാര്യങ്ങളെ നോക്കിക്കാണുന്നവരും മരണമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, അതിനപ്പുറമുള്ള ഒരു ലോകത്തെ തീര്‍ത്തും നിഷേധിക്കുന്നുണ്ട് അവര്‍. ജനന-മരണങ്ങളെ യാദൃശ്ചികതയിലും, പ്രകൃതിയിലും മാത്രം തളച്ചിടുന്ന അത്തരം സുഹൃത്തുക്കള്‍ മരണത്തെ ശാസ്ത്രത്തിന്റെ മികവില്‍ അതിജയിക്കാന്‍ ഇതുവരെ ഒന്നും കണ്ടുപിടിച്ചില്ല.

പക്ഷേ, വിശ്വാസിയായ ഒരു മനുഷ്യനെ സംബന്ധിച്ച്, അവന്ന് മരണത്തെയും, അതിനപ്പുറമള്ള ലോകത്തെയും കുറിച്ചുള്ള ബോധ്യമുണ്ട്. ആ ബോധ്യം കാഴ്ചയുടെയോ, ബുദ്ധിയുടെയോ കണ്ടെത്തലല്ല. അതു ‘അന്ധമായ’ വിശ്വാസമാണ്. (അന്ധവിശ്വാസം അല്ല). ഖുര്‍ആനിലും,പ്രവാചക വചനത്തിലും വിശ്വസിക്കുന്നവര്‍ അവ രണ്ടും പ്രദാനം ചെയ്യുന്ന വിവരങ്ങളെ അന്ധമായി വിശ്വസിച്ചേ പറ്റൂ. ഖുര്‍ആന്‍ രണ്ടാം അധ്യായം മൂന്നാം വചനം പറയുന്നുണ്ട്; ‘സത്യ വിശ്വാസികള്‍ അഗോചരമായവയില്‍ വിശ്വസിക്കുന്നവരാണ്’. മരണത്തിനപ്പുറമുള്ള ലോകം ആഗോചരമാണ്. കണ്ടു മനസ്സിലാക്കാന്‍ കഴിയുന്നവയല്ല, ബുദ്ധികൊണ്ടോ യുക്തികൊണ്ടോ അളക്കാന്‍ കഴിയുന്നതുമല്ല. അവന്‍ വിശ്വസിക്കുന്ന അല്ലാഹുവും, പ്രവാചകനും പറയുന്നത് സത്യമാണ് എന്നു ഉറപ്പിക്കുകയേ തരമുള്ളൂ. അല്ലാത്തവരെ കുറിച്ചാണല്ലോ നിഷേധികള്‍ എന്നു പറയുന്നത്. കാരണം മനുഷ്യന്റെ പഞ്ചേന്ത്രിയങ്ങള്‍ക്കും യുക്തിക്കും പരിമിതികളുണ്ട്. മനുഷ്യ മസ്തിഷ്‌ക്കത്തിന് പദാര്‍ത്ഥ ലോകത്തെ കുറിച്ചു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. സ്ഥല-കാലങ്ങളുടെ ബന്ധനത്തിലുള്ള മനുഷ്യന്, അതിനതീതമായ ലോകം യുക്തിക്കുമപ്പുറമാണ്. ചുരുക്കത്തില്‍ മരണവും, മരണാനന്തര ലോകവും ‘അന്ധമായി’ വിശ്വസിക്കാനെ തരമുള്ളൂ. മരണത്തിനുശേഷം തിരിച്ചു വന്നവര്‍ ആരുമില്ലല്ലോ. അത്തരമൊരു ലോകത്തേക്കുറിച്ചുള്ള ആത്മാവിന്റെ സംസാരമാണ് ചിന്തകള്‍.
ജീവിച്ചു തീര്‍ത്ത കാലത്തെ കുറിച്ചുള്ള, പിടക്കുന്ന നിലവിളികള്‍ മനസ്സില്‍ പേര്‍ത്തും പേര്‍ത്തും കടന്നു വരണം. സമൂഹഗാത്രത്തില്‍, ദൈവ ധിക്കാരത്തിന്റെ വൈറസുകളുഴറുമ്പോള്‍, ആസുരമായ ഒരു കാലത്തിന്റെ കനവുകള്‍ കരളു നോവിക്കും കനലുകളയി തീയെറിയണം ഖല്‍ബില്‍. ലോക പ്രശസ്ത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്വിയ മാര്‍ക്കേസ് പോലും മരണമപ്പുറത്തുള്ള ലോകത്തെ കുറിച്ച്, എഴുതാന്‍ ഇരുന്നു പിന്‍വാങ്ങുകയായിരുന്നു. കാരണം വിശ്വാസം സൃഷ്ടിച്ചു തരുന്ന ഒരു പ്രതലത്തിരുന്നല്ലാതെ അഭൗമിക ലോകത്തെ സങ്കല്‍പ്പിച്ചെഴുതാന്‍ ഏറെയൊന്നുമാവില്ല. ‘ഉട്ടോപ്യ’എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പരലോകം വിശ്വസിക്കുന്ന ഒരു ജനതയോട് നീതി പാലിച്ചു എഴുതുക ദുഷ്‌കരമാണ്. ആത്മാവ് നമ്മോട് കഥ പറയുകയാണ്. ആത്മാവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും പാതിവഴിയില്‍ നിന്നു പോയിട്ടേയുള്ളൂ. അരിസ്റ്റോട്ടില്‍ ആത്മാവിനെ ‘സര്‍ഗാത്മക യുക്തി’ (ഇൃലമശേ്‌ല ൃലമീെി)
എന്നാണ് വിളിച്ചത്.
ജോണ്‍ലാക് പറഞ്ഞത്, ആത്മാവ് അഭൗതികവും,അനശ്വരവുമാണ്. മുസ്‌ലിം ദാര്‍ശനികനായ അല്‍കിന്ദി ഉണ്‍മയായാണ് പരിചയപ്പെടുത്തുന്നത്. (അഹസശിറശ:ഏലീൃഴല ച അേേശ്യലവ) വിശ്രുതനായ ദാര്‍ശനികന്‍ ഇമാം ഗസ്സാലി, ആത്മാവ് ശരീരത്തിന്റെ അധികാരി ആയാണ് പരിചയപ്പെടുത്തിയത്. എന്നാല്‍, ശാഹ് വലിയുല്ലാഹി ദഹ്‌ലവി തന്റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗ’ എന്ന ലോക പ്രശസ്ത കൃതിയില്‍ ആത്മാവിന്റെ സ്ഥല-കാല ബന്ധങ്ങള്‍ക്കതീതമായ കഴിവിനെ ധാരാളമായി പറഞ്ഞു വെക്കുന്നുണ്ട്.
അഭൗമികമായ ഒരു ലോകത്ത്, മരണാനന്തരം മനുഷ്യാസ്തിത്വത്തിനു ഒരസ്തിത്വാനുബന്ധം ഉണ്ട് എന്നുതന്നെയാണ് ആത്മാവിന്റെ സാന്നിധ്യം പ്രകടമാകുന്നത്.
നാം പലപ്പോഴും സങ്കല്‍പ്പിച്ചു നോക്കാറില്ലേ നാം മരണപ്പെട്ടാല്‍ ഖബറില്‍,മഹ്ശറയില്‍, പരലോകത്ത് മുഴുവന്‍ നാം ആത്മാവ് തിരിച്ചു കിട്ടി ജീവിക്കുന്നത്.
പോയ ലോകത്തെ കുറിച്ചു മടങ്ങാന്‍ ഒരവസരം ഉണ്ടായെങ്കില്‍ എന്തൊക്കെയാണ് നാം ലോകത്തോട് വിളിച്ചു പറയുക..!? ഈ ചിന്തയിലൂടെ നാം കടന്നു പോകുമ്പോള്‍ മരണവും, പരലോകവും നേര്‍ത്ത ഒരു തണുപ്പുപോലെ നമ്മെ പുണരാന്‍ തുടങ്ങുന്നത് നാം അറിയും. പക്ഷേ, ജീവിതത്തിന്റെ നൈമിഷികതയും, വ്യര്‍ത്ഥതയും, നീണ്ടുനീണ്ടു പോകുന്ന പരലോകത്തിന്റെ വിശാലതയും ഓര്‍ക്കാന്‍ നമുക്ക് സമയം എവിടെ..? ഇത്തിരിയുള്ള ഈ ജീവിതത്തില്‍ പകയും,വെറുപ്പും, വിദ്വേഷവും വെച്ചുനടന്ന്, മതത്തിന്റെയും,ജാതിയുടെയും പേരില്‍ തല കീറി ജീവിച്ചു തീര്‍ക്കുന്നവര്‍ ഓര്‍ക്കുക.! മരണത്തോടെ എല്ലാം അവസാനിക്കുകയല്ല. ആരംഭിക്കുകയാണ്.
ഭൗതികാഢംബരങ്ങളുടെ പശ്ചാത്തല ഭംഗികള്‍ക്കപ്പുറം, അശാന്തവും അസ്വസ്ഥതാ ജന്യവുമായ മനുഷ്യന്റെ അകാരണ വ്യസനങ്ങളില്‍ ജ്വലിക്കുന്നത് മര്‍ത്യതയുടെ മരണമില്ലാത്ത ഉണ്‍മകളാണ്. ജീവിതം… എന്തുമാത്രം മനോഹരമാണാ പദം! പക്ഷേ, ചിലപ്പോഴൊക്കെ ഒരുത്തരവും കിട്ടാത്ത ഒരു പ്രഹേളിക പോലെ അനുഭവപ്പെടും.
അതിന്റെ മതപരമോ,താത്വികമോ ആയ വിശകലനങ്ങള്‍ക്കപ്പുറം, ഒരു സാധാരണ മനുഷ്യന് ജീവിതം എന്താണ്.? ഇരുണ്ട ഗര്‍ഭയറയില്‍ മൂന്നു ഇരുളുകള്‍ക്കിടയില്‍ എന്നോ പിറവി കൊള്ളുന്നു. തീര്‍ത്തും നിസ്സഹമായ ശൈശവം. കുഞ്ഞിളം ചുണ്ടുകള്‍ പിളര്‍ത്തി വാവിട്ടു കരയാന്‍ മാത്രമറിയുന്ന കാലം. പിന്നെ പതുക്കെ പിച്ചവച്ച്, മാതാവിന്റെ മാറിടം ലോകമാക്കിയ പൈതല്‍. പിന്നെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കുഞ്ഞുടുപ്പിട്ടു സ്‌കൂളില്‍ പോകുന്ന ബാല്യം. സ്വപ്നങ്ങളുടെ കൗമാരം, തീഷ്ണമായ യവ്വനം..
പിന്നെ ഭാരങ്ങള്‍ ചുമക്കുന്ന വിവാഹം. പിന്നെ മധ്യവയസ്‌ക്കന്‍, വാര്‍ദ്ധക്യം. ഒടുവിലെപ്പോഴോ മരണം നമ്മെ കൂട്ടികൊണ്ടു പോകുന്നു. ഇത് വായിക്കുന്ന വിവിധ പ്രായക്കാര്‍ അവരവരുടെ ഭൂതകാലത്തേക്ക് ഒന്നു തിരിഞ്ഞു നോക്കൂ.. എന്തൊക്കെ വിസ്മയങ്ങളാണല്ലേ. കളിക്കൂട്ടുകാര്‍, ബന്ധങ്ങള്‍, പ്രണയങ്ങള്‍, കണ്ണീരുകള്‍, കിനാവുകള്‍, സന്തോഷങ്ങള്‍, സന്താപങ്ങള്‍…അങ്ങിനെയങ്ങിനെ…
ഒരിക്കലും പിരിയില്ലന്നുറച്ച സ്‌കൂള്‍ ജീവിതത്തിലെ കൂട്ടുകാര്‍ വഴി പിരിഞ്ഞില്ലേ, ഇപ്പോള്‍ അവരെവിടെയാകും? ഭൂമിയുടെ ഏതൊക്കെയോ കോണുകളില്‍ ജീവിതത്തിന്റെ ഓട്ടത്തില്‍, തിരക്കില്‍, ഓട്ടോഗ്രാഫിലെ ജീവനറ്റ വരികള്‍ ഇപ്പോള്‍ നമ്മെ നോക്കി ചിരിക്കുന്നുണ്ടാകും.
അതെ ജീവിതത്തിനെപ്പോഴും സ്ഥായിഭാവമല്ലേയുള്ളത്. അതെപ്പോഴും നേര്‍രേഖ പോലെയല്ല. ഈ യാത്രയില്‍ ഏതൊക്കെയോ വേഷങ്ങളാണ് നാം കെട്ടിയാടേണ്ടി വരുന്നത്. മകന്റെ, പിതാവിന്റെ, വല്ല്യുപ്പയുടെ, സഹോദരന്റെ, മരുമകന്റെ, മകളുടെ, ഭാര്യയുടെ, മാതാവിന്റെ, മരുമകളുടെ, പിന്നെയും പിന്നെയും…ആരെല്ലാമോ നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നു. പിന്നെ പിരിയുന്നു. മനസ്സ് മുറിഞ്ഞു നീറുന്ന വേദനയില്‍ നാം പിടയും. പക്ഷേ, കാലം മറവിയുടെ ലേപനം പുരട്ടി ആ മുറിവുണക്കും.
ചിലര്‍ ജീവിതത്തില്‍ നിന്നുപോലും ഇറങ്ങിപ്പോകുന്നു. അതെ; ജീവിതം അതിന്റെ ചാക്രിക പ്രവാഹം തുടരുകയാണ്.. വസന്തവും, ഹേമന്തവും, ഗ്രീഷ്മവും, ആഷാഢവും മാറി മാറി ഭൂമിയെ പ്രണയിക്കാനെത്തുന്നു. മഞ്ഞും മഴയും വെയിലും വന്നു പോകുന്നു. രാവിരുളുന്നു, പകല്‍ ഉണരുന്നു.. അങ്ങിനെ കാലം ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാതെ കഥ പറഞ്ഞ് കടന്നു പോകുകയാണ്…
ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങള്‍ സ്ഫടികജാലകം പോലെ തകര്‍ന്നു വീഴുന്നത് നാം കാണുന്നു. മറ്റു ചിലപ്പോള്‍ നാം പോലുമറിയാതെ വിജയങ്ങളുടെ ആകാശം തൊടുന്നു. എന്തുമാത്രം വിസ്മയകരമാണ് ജീവിതം. യാദൃശ്ചികതയുടെ ഒരു ഘോഷയാത്രയാണ് ജീവിതം. നിങ്ങള്‍ പുലരിയിലേക്കുണരുന്ന ഒരു ഗ്രാമത്തിലോ പട്ടണത്തിലോ ആളുകളെ നിരീക്ഷിച്ചു നോക്കൂ. ആളുകള്‍ എത്ര തിരക്കിട്ടാണ് നടക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓരോ ജോലികളിലേക്ക് പോകുന്നവര്‍, പല തരക്കാര്‍, പല ജോലിക്കാര്‍. എല്ലാവരുടെയും ഈ പരക്കം പാച്ചിലിനു കാരണം ജീവിതമാണ്.. അതിന്റെ വേദനകള്‍, സ്വപ്നങ്ങള്‍. എന്നിട്ടോ…, ഒടുവില്‍ ഒരു ഘട്ടം വരുമ്പോള്‍, മരണം അവരെ പിടിച്ചുവലിച്ചു കൊണ്ടുപോകുന്നു. ഇന്ത്യയില്‍ നമുക്ക് പരിചയമുള്ള, സമൂഹത്തില്‍ പ്രശസ്തരായിരുന്ന വിട വാങ്ങിയവരെ ഓര്‍ത്തു നോക്കൂ.. പ്രശസ്തിയുടെയും അധികാരത്തിന്റെയും നടുവില്‍ ജീവിച്ചവര്‍. പക്ഷേ, അതിനൊന്നും അനസ്യൂതത ഇല്ല. എല്ലാം ഉപേക്ഷിച്ച് അവര്‍ പോയി..
സമ്പാദിച്ചതെല്ലാം തലമുറയ്ക്കായി ഉപേക്ഷിച്ചു. എത്ര പുരുഷാന്തരങ്ങള്‍ കഴിഞ്ഞു പോയി മനുഷ്യ വംശത്തില്‍. ലോകത്തെ പിടിച്ചു കുലുക്കിയ സാമ്രാജ്യങ്ങള്‍,
വന്‍ശക്തികള്‍, അതിനു ചുക്കാന്‍ പിടിച്ചവര്‍. എത്രയോ തലമുറകള്‍! എല്ലാവരും ഭൂമിയിലെ ഭാഗധേയം നിര്‍വഹിച്ചു വിടവാങ്ങി. ഇപ്പോള്‍ നമ്മുടെ ഊഴമാണ്. നമ്മളും ജീവിക്കാനുള്ള പരക്കം പാച്ചിലിലാണ്. ആരൊക്കെയോ നമ്മുടെ ജീവിതത്തെ ആശ്രയിക്കുന്നു. നമ്മള്‍ ആരെയൊക്കെയോ ആശ്രയിക്കുന്നു. ഈ ജീവിത നാടക വേദിയില്‍ നാം ജീവിതം അഭിനയിച്ചു തീര്‍ക്കുകയാണ്. എല്ലാവരും ഓരോരോ കഥാപാത്രങ്ങള്‍. ഒടുവില്‍ സ്‌ക്രിപ്റ്റ് എഴുതിയവന്റെ വരികള്‍ തീര്‍ന്നാല്‍ കര്‍ട്ടന്‍ വീഴും. കയ്യടിയും കണ്ണീരും പൊട്ടിച്ചിരിയും രംഗവേദിക്കു പുറത്തു നിറയുമ്പോഴേക്കും നാം അടുത്ത തട്ടകം നോക്കി യാത്രയായിട്ടുണ്ടാകും.