ആക്ടിവിസ്റ്റ് വേട്ടയുടെ കുടില രാഷ്ട്രീയം

2796

ഫര്‍സീന്‍ അഹ് മദ്

‘We fear Citizenship Amendment Act more than COVID19’
Delhi Shaheenbagh protesters
(കൊറോണ വൈറസിനേക്കാള്‍ ഞങ്ങള്‍ ഭയപ്പെടുന്നത് പൗരത്വ ബില്ലിനെയാണ്). ഷഹീന്‍ ബാഗിലെ പോരാളികളുടെ വാക്കുകളാണിത്. അക്ഷരാര്‍ഥത്തില്‍ അത് ശരിവക്കുന്ന സംഭവ വികാസങ്ങളാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്നത്. ലോകം മുഴുവന്‍ അസാധാരണമായ ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ രാഷ്ട്രീയ അടിയന്തരാവസ്ഥ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദേശീയ തലത്തില്‍ വലിയ രീതിയില്‍ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളില്‍ സജീവമായി ഇടപെടുകയും അതിനു നേതൃപരമായ പങ്കു വഹിക്കുകയും ചെയ്ത മുസ്‌ലിം ആക്ടിവിസ്റ്റുകളെ വ്യാജ കേസുകള്‍ ചുമത്തി വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. പൗരത്വ പ്രക്ഷോഭാനന്തരം വികസിച്ചു വന്ന മുസ്‌ലിം ആക്ടിവിസ്റ്റ് ബ്ലോക്കുകളെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തി കൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന വ്യാപകമായ അറസ്റ്റുകള്‍.

സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയായ മുസ്‌ലിം ന്യൂനപക്ഷത്തെ നിഷ്‌കാസനം ചെയ്യാനും അവരില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഏതൊരു ചെറുത്ത് നില്‍പ്പിനെയും തച്ചുതകര്‍ക്കാനും വേണ്ടി, അധികാരവും നിയമങ്ങളും ദുര്‍വ്യാഖ്യാനം ചെയ്ത് ഉപയോഗിക്കുകയാണ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനുമുള്ള പ്രാഥമിക അവകാശം പോലും ഇവിടെ നിഷേധിക്കപ്പെടുകയാണ്. പൗരത്വ ബില്ലിനെതിരെയുള്ള സമര പരിപാടികളെ തകര്‍ക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഡല്‍ഹി കലാപത്തിന്റെ പേരിലാണ് ഇപ്പോഴുള്ള ഈ അറസ്റ്റുകള്‍ നടക്കുന്നത്. കലാപത്തിന്റെ തീക്കാറ്റില്‍ കത്തി ചാമ്പലായ പാവപ്പെട്ട മുസ്‌ലിംകളുടെ വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും തീയും പുകയും ഇനിയും അണഞ്ഞിട്ടില്ല.അതിനിടയിലുണ്ടായ കോവിഡ്19 ന്റെ വ്യാപനവും അതിനെ തുടര്‍ന്ന് രാജ്യത്ത് നടപ്പിലാക്കിയ ലോക്ഡൗണും സമര പരിപാടികളൊക്കൊ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ ഒരു അവസരം മുതലെടുത്ത് ലോക്ഡൗണിന് ശേഷവും കോവിഡാനന്തരം ഉയര്‍ന്നു വരാനുള്ള പ്രക്ഷോഭ പരിപാടികള്‍ തടയാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പൗരത്വ ബില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭാവിയെ എത്രമേല്‍ വേട്ടയാടും എന്ന് ഇതിലൂടെ ഹിന്ദുത്വ ശക്തികള്‍ കൃത്യമായി പറഞ്ഞുവക്കുന്നു.

വിമത സ്വരങ്ങളെ അടിച്ചമര്‍ത്തി ജനാധിപത്യ വിരുദ്ധ ശക്തികളും സ്വേച്ഛാധിപത്യ ശക്തികളും ആരോഗ്യ അടിയന്തരാവസ്ഥയെ അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന ഭീതി/ വസ്തുത യാഥാര്‍ത്ഥ്യമായിരിക്കുന്നു. ജനങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ ആരോഗ്യ/ ജീവ സംരക്ഷണത്തിന്റെ പേരില്‍ ഒരു ഫാസിസ്റ്റ് ഭരണ കൂടം നിയന്ത്രിക്കുമ്പോള്‍ പ്രാഥമികമായി തന്നെ പൗരാവകാശത്തെ അത് റദ്ദ് ചെയ്യുന്നു എന്ന വസ്തുത കൂടുതല്‍ തെളിഞ്ഞു കാണുന്ന സംഭവ വികാസങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം ഭരണ കൂടത്തിനകത്തെ വംശീയ ശക്തികള്‍ രാഷ്ട്രീയമായ അടിച്ചമര്‍ത്തലിന് ഇത് ഉപയോഗപ്പെടുത്തുന്നു എന്നതും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരമൊരു വസ്തുതയെ മുന്‍നിര്‍ത്തി വേണം ഇപ്പോള്‍ നടക്കുന്ന അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളെയും പൊതുബോധത്തിന്റെ മൗനത്തെ കുറിച്ചും മനസ്സിലാക്കാന്‍.

പൗരത്വ ബില്ലിലൂടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ പൗര രഹിതരാക്കിയും രാഷ്ട്ര രഹിതരാക്കിയും സംഘപരിവാര്‍ നടത്തുന്ന വംശീയ ആക്രമണം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. പൗരത്വ ബില്ലിനെതിരെയുള്ള അതിശക്തമായ പ്രക്ഷോഭത്തിലൂടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഈ വിഷയത്തില്‍ കൊണ്ടുവന്ന സമര പോരാളികളെ അറസ്റ്റ് ചെയ്യുന്നതിലൂടെ, കോവിഡാനന്തരം ഉയര്‍ന്നു വരാനിരിക്കുന്ന സമരങ്ങളുടെ മുനയൊടിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. കോവിഡ്19 ലോകമാകെ വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് പൊതു താല്‍പര്യവും രാഷ്ട്രീയ നൈതികതയും കണക്കിലെടുത്ത് സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചത്. സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ എന്‍.പി.ആര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വക്കുകയും ചെയ്തിരിന്നു. എന്നാല്‍, ഇത്തരമൊരു ഭീഷണമായ സാഹചര്യത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്‌ലിം ആക്ടിവിസ്റ്റുകളെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ് മോദി സര്‍ക്കാര്‍. അസാധാരണമായ സാഹചര്യമോ സാമൂഹിക സമ്പര്‍ക്ക ഭീഷണിയോ വകവയ്ക്കാതെയാണ് ഈ നീക്കം. ന്യൂനപക്ഷത്തെ അമര്‍ച്ച ചെയ്യാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഏതു ഭീതിതമായ സാഹചര്യത്തിലും ഹിന്ദുത്വ പരിവാര്‍ ഉപയോഗപ്പെടുത്തുമെന്ന് വളരെ വ്യക്തമാവുകയാണ്.

ഭീകര നിയമങ്ങള്‍ ചുമത്തി
രാജ്യ വ്യാപകമായി മുസ്‌ലിം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുമ്പോഴും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നതാണ് വാസ്തവം. പൗരത്വം ബില്‍ രാജ്യത്തെ മുസ്‌ലിംകളുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അവര്‍ക്ക് അവകാശവുമുണ്ട്. കോവിഡ്19ന്റെ അസാധാരണമായ സാഹചര്യത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യ സാമൂഹിക സുരക്ഷയെ സംബന്ധിച്ച് വാചലരായ സര്‍ക്കാറും അവരുടെ വിമര്‍ശകരായ പ്രതിപക്ഷവും മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ നിശബ്ദത പാലിക്കുകയോ കേവലം ഔപചാരിക പ്രതിഷേധങ്ങളില്‍ ഒതുക്കുകയോ ചെയ്യുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉത്തരേന്ത്യയില്‍ നടക്കുന്ന മുസ്‌ലിം ആക്ടിവിസ്റ്റുകള്‍ക്കെതിരെയുള്ള അറസ്റ്റിന് കാരണമായി ഉയര്‍ത്തി കാട്ടുന്നത്. ഒന്ന്, പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ ആളുകളെ തെരുവിലിറക്കാന്‍ ഗൂഢാലോചന നടത്തിയെന്നും രണ്ടാമതായി സംഘപരിവാര്‍ ഡല്‍ഹിയില്‍ ആസൂത്രിതമായി നടപ്പിലാക്കിയ മുസ്‌ലിം വംശഹത്യ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ചുമായിരുന്നു. ഡല്‍ഹി കലാപത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട ഇരകളായ സമുദായത്തിന്റെ നേതൃത്വത്തെയാണ്, കലാപം ആസൂത്രണം ചെയ്തു എന്ന പേരില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നത്. ഈ അറസ്റ്റുകളിലൂടെ എല്ലാം തന്നെ പൗരത്വ പ്രക്ഷോഭങ്ങളില്‍ നേരിട്ടിടപെട്ട യുവ മുസ്‌ലിം ആക്ടിവിസ്റ്റുകളെ നിശബ്ദമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 800 ഓളം അറസ്റ്റ് നടന്നുവെന്ന് TOI റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്ര,അനുരാഗ് താക്കൂര്‍,പര്‍വേശ് വര്‍മ്മ എന്നീ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്ന് മാത്രമല്ല കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷയും പിന്നീട് ഒരുക്കിക്കൊടുത്തു. നടപടികള്‍ എടുത്തതായി പറയുമ്പോഴും യഥാര്‍ത്ഥ കലാപകാരികള്‍ക്കെതിരില്‍ ഒരു നടപടിയും എടുത്തിരുന്നില്ല എന്നു the guardian അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തില്‍ പങ്കെടുത്തവരില്‍ പോലീസ് ഉള്‍പ്പെടുന്നുവെന്നു വീഡിയോ തെളിവുകളും,ദൃക്‌സാക്ഷി തെളിവുകളും പറഞ്ഞിട്ടും നടപടി ഉണ്ടായില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെയാണ് ജാമിഅ മില്ലിയയില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാണ് പൊലിസ് ഉന്നയിക്കുന്ന ആരോപണം . താഹിര്‍! ഹുസൈന്‍, ശര്‍ജീല്‍ ഇമാം, മൗലാനാ താഹിര്‍ മദനി, മീരാന്‍ ഹൈദര്‍, ആമിര്‍ മിന്റോ, ചെങ്കിസ് ഖാന്‍, ഉമര്‍ ഖാലിദ് ( ലഖ്‌നൗ ), കഫീല്‍ ഖാന്‍, സഫൂറ സര്‍ഗാര്‍, ഖാലിദ് സെയ്ഫി (ഡല്‍ഹി) തുടങ്ങിയ നിരവധി മുസ്‌ലിം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും അവരുടെ മേല്‍ യു.എ.പി.എ രാജ്യദ്രോഹം അടക്കമുള്ള കനത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. ശര്‍ജില്‍ ഉസ്മാനി അടക്കമുള്ള ആക്ടിവിസ്റ്റുകളുടെ പേരില്‍ ഡസന്‍ കണക്കിന് കേസുകള്‍ യോഗി ആദിത്യനാഥ് ചാര്‍ജ് ചെയ്തിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പൗരാവകാശ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖയെയും മാവോയിസ്റ്റ് ബന്ധമാരോപിച്ച് കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയെയും കാണേണ്ടത്. അംബേദ്കറുടെ പൗത്രനായ ആനന്ദ് തെല്‍തുംബ്ദെയെ അംബേദ്കര്‍ ജയന്തിയുടെ അന്ന് തന്നെ അറസ്സ് ചെയ്ത് ജയിലിലടക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം സംഘ്പരിവാറിനുണ്ട്. ഇതൊക്കെ ഇന്ത്യയിലെ ദലിത് ബഹുജന്‍ പിന്നാക്ക ന്യൂനപക്ഷ മുന്നേറ്റത്തിനും നവജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം വളരെ ജാഗ്രതയോടെ കാണേണ്ടിയിരിക്കുന്നു .
ഫോട്ടോഗ്രാഫര്‍മാര്‍, പത്രപവര്‍ത്തകര്‍ അടക്കമുള്ള കശ്മിരീ ആക്ടിവിസ്റ്റുകളെയും വേട്ടയാടാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് , മസ്രത് സഹ്‌റ, പീര്‍സാദ ആഷിഖ്, ഗൗഹര്‍ ഗീലാനി തുടങ്ങിയവരുടെ അറസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ ഇസ് ലാമോഫോബിയക്കെതിരെ നിലപാടെടുത്ത അറബ് രാജ്യങ്ങളെ പിന്തുണച്ചതിന്റെ പേരില്‍ ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ് ലാം ഖാനെയും അറസ്റ്റ് ചെയ്തിരിക്കുന്നു. ഇതില്‍ തന്നെ മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന്റെ അറസ്റ്റിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ബാധ്യത നിറവേറ്റുന്നില്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കുന്നതിനുമുള്ള അവകാശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നുമാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. സ്ത്രീ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെ കുറിച്ചും ഘോര ഘോരം ശബ്ദിക്കാറുള്ള ലിബറലിസ്റ്റുകളോ ഫെമിനിസ്റ്റുകളോ ഇതിനെതിരെ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കശ്മീരിയും മുസ് ലിമും എന്ന ഐഡന്റിറ്റി മാത്രം മതി എല്ലാ പൗരവകാശങ്ങളും റദ്ദ് ചെയ്യാന്‍ എന്നാണ് ഇവരുടെ മൗനം വിളിച്ചു പറയുന്നത്.

സി.എ.എ എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പോലും ക്രിട്ടിസൈസ് ചെയ്ത് അതിന്റെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ കുറിച്ച് ക്ലാസെടുത്തു തന്ത ചമഞ്ഞവരൊന്നും ഈ അറസ്റ്റുകള്‍ നടക്കുന്നത് അറിഞ്ഞ ഭാവമേ കാണുന്നില്ല. മുസ്‌ലിം സ്ത്രീ അനുഭവിക്കുന്ന പീഢന പര്‍വങ്ങളെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നവര്‍ സഫൂറയുടെ വിഷയം വന്നപ്പോള്‍ മാളത്തിലൊളിച്ചു. ചുരുക്കത്തില്‍ മുസ്‌ലിം രാഷ്ട്രീയത്തെയും വ്യവഹാരങ്ങളെയും ഒരു സുരക്ഷാ പ്രശ്‌നമാക്കി ഉയര്‍ത്തി കൊണ്ടുവരികയും, ദേശീയതയെ ആക്രമിക്കുന്ന ബാഹ്യ ശത്രുവായി അവരെ ചിത്രീകരിക്കുകയും ചെയ്യുകയാണ് സംഘപരിവാറും, അതിന് മൗനം കൊണ്ട് പിന്തുണ നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെയ്യുന്നത്.