ആസൂത്രണം പ്രധാനമാണ്

2314
team building events

ഒരേ ലക്ഷ്യത്തിന് വേണ്ടി ഒന്നിലധികം ആളുകള്‍ ഒരുമിക്കുമ്പോള്‍ അത് സംഘടനയായി. പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ സ്വഭാവം. നിഷ്‌ക്രിയമായ ഒരു സംവിധാനം ഫലം ചെയ്യുകയില്ല. അതിനാല്‍, സംഘടനയുടെ ആരോഗ്യകരമായ വളര്‍ച്ചയില്‍ യോഗങ്ങളും സംഗമങ്ങളും വലിയ പങ്കു വഹിക്കുന്നുണ്ട്. 
എന്നാല്‍, ഓരോ സംഘടനക്കും ഓരോ ലക്ഷ്യങ്ങളുണ്ടാവും. ആ ലക്ഷ്യത്തില്‍ നിന്ന് മാറിയ പരിപാടികള്‍ നടത്തുന്നത് സംഘടനക്ക് ക്ഷീണം ചെയ്യും. അപ്പോള്‍ ഇടക്കിടക്ക് പരിപാടികള്‍ ഉണ്ടാവുക എന്നതല്ല, നിലവാരമുള്ള പരിപാടികള്‍ ഉണ്ടാവുക എന്നതാണ് പ്രധാനം. ഈ ലക്ഷ്യത്തിനായി ഏകാഗ്രതയോടെയും കൂട്ടായും പ്രവര്‍ത്തിക്കുക. അതാണ് നല്ല സംഘാടനം. വലിയ പ്രതീക്ഷയോടെ നടത്തിയ സംഘടനയുടെ ഒരു പദ്ധതി പാളിപ്പോയാല്‍ അത് സംഘടനയുടെയും സംഘാടകരുടെയും ആത്മവിശ്വാസം ഇല്ലാതാക്കും. പിന്നീട് തിരിച്ച് വരാന്‍ നല്ല പ്രയാസമുണ്ടാവും. അതിനാല്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പ് ധാരാളം കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. കാരണം ഏത് സംഗമവും ആദ്യം വിജയിക്കേണ്ടത് സംഘാടകരുടെ മനസ്സിലാണ്. അതിന് കൃത്യമായ പ്ലാനിങ്ങ് നടക്കേണ്ടതുണ്ട്. മടുപ്പുണ്ടായാല്‍ പിന്നെ കാര്യങ്ങളൊന്നും വിചാരിച്ചത് പോലെ മുന്നോട്ട് പോവുകയില്ല. അതോടെ സംഘടന തണുക്കുകയും പരിപാടികളെല്ലാം ചടങ്ങിന് വേണ്ടിയുള്ളതാവുകയും ചെയ്യും. 
വളരെ ജാഗ്രതയോടെ നിര്‍വഹിക്കേണ്ടതാണ് സംഘാടനം. ചെറിയ അശ്രദ്ധ മതി സംഭവം പാളിപ്പോകാന്‍. സംഘാടനത്തെ വാഹനം ഓടിക്കുന്നതുമായി താരതമ്യം ചെയ്യാം. ചിലര്‍ അമിതവേഗതയിലും അശ്രദ്ധയിലും വണ്ടി ഓടിച്ച് അപകടത്തില്‍ പെടാറുണ്ട്. ആവശ്യമായ രേഖകളില്ലാത്തതിന് പിടിക്കപ്പെടുകയും ചെയ്യാറുണ്ട്. ഗട്ടറും കുണ്ടും കുഴിയും നോക്കാതെ തല്ലിയലച്ച് ടയര്‍ പഞ്ചറാകാറുണ്ട്. ചിലര്‍ കൃത്യമായ റൂട്ട് മനസ്സിലാക്കാതെ ആവശ്യമായതിലും വളരെ ഏറെ സമയമെടുത്താണ് ഡ്രൈവ് ചെയ്ത് എത്താറുള്ളത്. ചിലപ്പോഴെങ്കിലും വഴി തെറ്റി എവിടെയെങ്കിലും ചെന്ന് പെടാറുമുണ്ട്. അപകടം സംഭവിച്ചതിന് ശേഷം ആരുടെ പക്ഷത്തായിരുന്നു ശരി എന്ന് തര്‍ക്കിക്കുന്നത് പോലെയാണ് മോശം സംഘാടനത്തെ തുടര്‍ന്ന് ഒരു യോഗമോ പരിപാടിയോ നിലവാരമില്ലാതായ ശേഷം അതിനെ പ്രതി തര്‍ക്കിക്കുന്നത്. ഒന്നാം വിഭാഗം ഇങ്ങനെയാണ്. 
എന്നാല്‍, ചിലര്‍ ശ്രദ്ധയോടെയും അവധാനതയോടെയും വാഹനമോടിക്കുന്നു. അവരുടെ കണ്ണുകള്‍ മുന്നിലേക്കും രണ്ട് വശങ്ങളിലെ കണ്ണാടികളിലേക്കും കൃത്യമായി പതിയുന്നു. പിന്നിലേക്ക് കാണാനുള്ള കണ്ണാടിയും അവര്‍ അവഗണിക്കില്ല. ക്ലച്ച് ഇടത് കാലു കൊണ്ട് നിയന്ത്രിക്കുന്നു. അതേ സമയം ബ്രേക്കും ആക്‌സിലേറ്ററും വലത് കാല് കൊണ്ട് കൃത്യമായ അളവില്‍ നല്‍കി ഒരേ വേഗതയില്‍ പ്രയാസമില്ലാതെ വാഹനം ഓടിക്കുന്നു. വശങ്ങളില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരാവുന്ന വാഹനങ്ങളെയും വ്യക്തികളെയും ജീവികളെയും കുറിച്ച് ജാഗ്രതയോടെ ഇരിക്കുന്നു. ഗട്ടറുകളും ഹമ്പുകളും ഉണ്ടാകാമെന്ന ബോധ്യമുള്ളതിനാല്‍ അവയില്‍ ചെന്ന് ചാടാതെ വണ്ടിയോടിക്കാനാവുന്നു. 
ഒന്നാം വിഭാഗം ഡ്രൈവിങ് പോലെയാണ് ചീത്ത സംഘാടനം. പരിപാടികള്‍ ലക്ഷ്യബോധമില്ലാതെയും ജാഗ്രത ഇല്ലാതെയും സംഘടിപ്പിച്ച് കെണിയില്‍ പോയി പെടുന്നു. ജാഗ്രതക്കുറവ് കൊണ്ട് വിവാദങ്ങളില്‍ പെടുന്നു. പരിപാടിയുടെ തുടക്കം തൊട്ട് തന്നെ സജീവശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. ധനകാര്യം, പ്രചരണം, ആശയവിനിമയം തുടങ്ങിയവയെല്ലാം മികച്ച സംഘാടനത്തിന് അത്യന്താപേക്ഷിതമാണ്. ഒന്നാം വിഭാഗം ആവേശം കൊണ്ട് ഇവയെല്ലാം മറന്നു കളയാം. എന്നിട്ട് പരിപാടി കഴിഞ്ഞ ശേഷം സ്വയം പഴിക്കുകയും ചെയ്യും. വീഴ്ച സംഭവിച്ചിട്ട് പറഞ്ഞിട്ട് ഫലമില്ലല്ലോ. 
രണ്ടാം വിഭാഗമാകട്ടെ എല്ലാ വശങ്ങളും ചിന്തിച്ച് ജാഗരൂകരായി പരിപാടി സംഘടിപ്പിക്കുന്നു. സ്വാഭാവികമായും അവര്‍ വിജയിക്കുന്നു. ഇവിടെ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഘാടനം എന്നത് ഒരു സംഘകലയാണ് എന്നതാണ്. ഒരാളൊറ്റക്ക് എല്ലാം ചെയ്യുക എന്നത് അസാധ്യമാണ്. അതിനാല്‍ തുടക്കം തൊട്ട് തന്നെ മികച്ച ആസൂത്രണം ഉണ്ടായിരിക്കണം. ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം:
എന്തിനാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് സംഘാടകര്‍ക്ക് നല്ല ധാരണ ഉണ്ടായിരിക്കണം. അപ്പോള്‍ മാത്രമേ ആ ആവശ്യത്തിനുള്ള സദസ്സിനെ ഒരുക്കാന്‍ സാധിക്കൂ.ഉദ്ദേശിക്കുന്ന പരിപാടി ആ സമയത്ത് ആവശ്യമുണ്ടോ എന്ന് ആലോചിക്കണം. അതിനനുസൃതമായാണ് ബാക്കിയുള്ളതെല്ലാം ഒരുക്കേണ്ടത്. പിരിവോ ബോധവത്കരണമോ ഒക്കെ ആവാം ലക്ഷ്യം. പരിപാടി തീരുമ്പോള്‍ എന്തായിരിക്കും ഉണ്ടാവുക എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട സംഘാടനകലയാണ്. അത് സാധ്യമാവണമെങ്കില്‍ എന്തിനാണ് പരിപാടി എന്ന് നിര്‍വ്വചിക്കപ്പെടണം. 
സമയം പ്രധാനമാണ്. പത്താം ക്ലാസ്സ് പരീക്ഷാ കാലത്തും മദ്രസ്സയിലെ പൊതുപരീക്ഷാ കാലത്തുമൊക്കെ പൊതുപരിപാടി സംഘടിപ്പിക്കുന്നത് അനുചിതമല്ലേ? നല്ല മഴക്കാലത്തും പരിപാടികള്‍ വിജയിക്കാന്‍ സാധ്യത കുറവാണ്. ഉച്ചസമയത്ത് ആരംഭിക്കുന്നതും ശരിയല്ല. ഉച്ചക്ക് ശേഷമാണ് തുടങ്ങുന്നത് എങ്കില്‍ അസ്വര്‍ നിസ്‌കാരം ഖളാഅ് ആകാതെ നോക്കണം. മഗ്‌രിബിന് ശേഷം പലപ്പോഴും നല്ല സമയമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രയാസമുണ്ടാകാം. അപ്പോള്‍ പരിപാടിയുടെ സ്വഭാവത്തിനനുസരിച്ച് വേണം സമയം നിശ്ചയിക്കാന്‍. വഅളിന് നല്ലത് രാത്രിയാണ്. ബോധവത്കരണക്ലാസുകള്‍ പകലായാലും കുഴപ്പമില്ല. ഒരു നാട്ടില്‍ പരിപാടി സംഘടിപ്പിച്ചു. പറഞ്ഞ തിയ്യതി അവിടെ ഒരു മരണമുണ്ടായി എന്ന് വെക്കുക. അപ്പോള്‍ അന്ന് ആ പരിപാടി നടത്തുന്നത് ഉചിതമാവാന്‍ സാധ്യത കുറവാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരിപാടിയുടെ ശ്രോദ്ധാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണ് സമയം നിശ്ചയിക്കേണ്ടത്.
സദസ്സിനെ നിശ്ചയിക്കുന്നിടത്ത് ശ്രദ്ധ വേണം. പലപ്പോഴും ആളെ കൂട്ടുക എന്ന ഉദ്ദേശ്യത്തോടെ കുട്ടികളെയും വലിയവരെയും ഒക്കെ വിളിക്കും. സംഘാടകര്‍ക്ക് ബംഗാളി ഭാഷ അറിയാമായിരുന്നുവെങ്കില്‍ അവരെ കൂടി പരിപാടിക്ക് ക്ഷണിച്ചേനെ എന്നതാണ് സ്ഥിതി. കൗമാരക്കാര്‍ക്കുള്ള പരിപാടിയില്‍ അതിലും താഴെ വയസ്സുള്ളവരും യൗവ്വനത്തിലേക്കെത്തിയവരും പങ്കെടുക്കുന്നത് ഗുണത്തേക്കാള്‍ ദോഷകരമാണ് എന്നതാണ് അനുഭവം. സദസ്സ് ഒരുക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. 
വിഷയം അവതരിപ്പിക്കുന്ന ആളുടെ കാര്യത്തിലും ശ്രദ്ധ വേണം. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ഒരു വാഇളിനെ അല്ല വിളിക്കേണ്ടത്. വഅള് പറയാന്‍ ഒരു ട്രെയിനറെ വിളിക്കുന്നതും അബദ്ധമാണല്ലോ. 
പരിപാടിയുടെ നടത്തിപ്പിനാവശ്യമായ പണം എത്ര എന്ന് മുന്‍കൂട്ടി തീരുമാനിക്കണം. അത് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലും തീരുമാനമുണ്ടായിരിക്കണം. അതിന് പ്രത്യേക സമിതിയെയും നിശ്ചയിക്കാം. എന്നാല്‍ മറ്റുള്ളവര്‍ സഹായിക്കണം. പണം ഹലാലായിരിക്കണം. ഇസ്‌ലാമികപരിപാടികള്‍ നടത്തുന്ന സ്ഥലവും ദീനിനോട് മാന്യത പുലര്‍ത്തുന്ന തരത്തിലുള്ളതാവണം.
ചുരുക്കത്തില്‍ പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഓരോ കാര്യവും എഴുതി വെക്കുകയും അത് നിര്‍വ്വഹിക്കാന്‍ ഓരോന്നിനും യോജിച്ച ആളുകളെ കമ്മിറ്റിയില്‍ നിന്ന് കണ്ടെത്തുകയും വേണം. തുടര്‍ന്ന് അത് എല്ലാവരും ശരിയായും സമയബന്ധിതമായും ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. പരിപാടി കഴിഞ്ഞാല്‍ എന്തായിരിക്കും എന്നത് പോലും തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്ത് വെക്കാന്‍ സാധിക്കണം. ശബ്ദം, വെളിച്ചം, ഇരിപ്പിടം, വേദി, സദസ്സിലും വേദിയിലും ഇരിക്കുന്നവര്‍, സ്വാഗതം തൊട്ട് നന്ദി വരെയുള്ളവ അവതരിപ്പിക്കേണ്ടവര്‍, ആകെ സമയം, പിരിവ്, ലേലം വിളി തുടങ്ങിയവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ സാധിക്കണം.