ഇടത് ഫാക്ടറികളിലെ കാപ്‌സ്യൂളുകളും കേരളത്തിന്റെ പൊതുബോധവും

1809

കേരളത്തിലെ ഒരു കോളജ് അധ്യാപകന്‍ കോളജിനു പുറത്തു നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു പരമാര്‍ശം നടത്തി. പിന്നീട് ഏതോ സമയത്ത് ഈ പ്രസംഗ ശകലം സോഷ്യല്‍ മീഡിയയിലെത്തുകയും വലിയ കോലാഹലങ്ങള്‍ക്കു വഴിതുറക്കുകയും ചെയ്തു. കോഴിക്കോട്ടെ കോളജിനും അധ്യാപകനും എതിരെ അതിശക്തമായ പ്രതിഷേധങ്ങളുയര്‍ന്നു. കേരളത്തിലെ സി.പി.എം അനുകൂല വിദ്യാര്‍ഥി-യുവജന-വനിതാ സംഘടനകളാണ് ഈ സമരത്തിനു തുടക്കമിട്ടതും മുന്നോട്ടു നയിച്ചതും. ഇടതുസംഘടനകളുടെ സുസംഘടിത പ്രതിഷേധം മറ്റു വിദ്യാര്‍ഥി-യുവജന സംഘടനകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള സമരസമ്മര്‍ദം സൃഷ്ടിച്ചു. കഴിഞ്ഞയാഴ്ച ഇതേ കോളജുള്‍കൊള്ളുന്ന കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ഒരധ്യാപകന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നുവെന്ന പരാതി ഉയര്‍ന്നു. ആഭ്യന്തര സംവിധാനങ്ങളില്‍ പരാതികളുന്നയിച്ചിട്ടും കാര്യമായ അനക്കമുണ്ടായില്ല. ഒടുവില്‍ പരാതി, പോലീസിലെത്തിയ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ, ഈ അധ്യാപകനെതിരെ കാര്യമായ ഒരു പ്രതിഷേധവും ഇടതു സംഘടനകളില്‍നിന്നുണ്ടായില്ല. കോഴിക്കോട്ടെ കോളജിലെ അധ്യാപകനെതിരായ പരാതിയുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍വകലാശാലയിലെ അധ്യാപകന്റെ പരാതിയുടെ വ്യാപ്തിയും ഗൗരവവും പലമടങ്ങ് ഇരട്ടിയാണ്. ഈ അധ്യാപകന്‍ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രവര്‍ത്തകനായിരുന്നുവെന്നതാണ് സമരകോലാഹലങ്ങളില്ലാത്ത പീഡന പരാതിയായി അതവസാനിക്കാന്‍ കാരണമായത്.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഒരിക്കല്‍ ഭരണപക്ഷം തന്നെ നിയമസഭാ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയ അത്യപൂര്‍വ സംഭവം കേരളത്തിലുണ്ടായിട്ടുണ്ട്. കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തെ മഹിളാ നേതാക്കളായിരുന്നു അന്ന് ആ ചരിത്രം രചിച്ചത്. അതിനു കാരണമായി അവര്‍ ആരോപിച്ചത് കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍ നടത്തിയ പ്രസംഗം സ്ത്രീ വിരുദ്ധമാണെന്നതാണ്. ലോകോത്തര കഥാകൃത്തായ സാദത്ത് ഹസന്‍ മണ്‍റോയുടെ അതി പ്രശസ്തമായ ‘ദി റിട്ടേണ്‍’ എന്ന കഥയാണ് ശിവദാസന്‍ നായര്‍ അന്നുദ്ദരിച്ചത്. സഭക്കകത്തെ ഇടത് വനിതാ അംഗങ്ങള്‍ സഭ സ്തംഭിപ്പിച്ചപ്പോള്‍ പുറത്ത് മഹിളാ സംഘടനാ പ്രവര്‍ത്തകര്‍ കോലം കത്തിച്ചും വഴിതടഞ്ഞും രംഗം കൊഴുപ്പിച്ചു. കഥയുടെ സാംരാശമോ പറയാനുദ്ദേശിച്ച ആശയമോ പോലും പരിഗണിക്കാതെ പ്രതിഷേധമായി ആളിക്കത്തിയവര്‍ കഴിഞ്ഞ ദിവസം അതേ സഭയില്‍ മൗനമാചരിച്ച് ചിരിച്ചുല്ലസിച്ച് ഇരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടു, എ.കെ ശശീന്ദ്രന്‍ വിഷയത്തില്‍ കെ.കെ ശൈലജയടക്കം!
കേരളത്തിലെ ഏറ്റവും പുതിയ രാഷ്ട്രീയ വിവാദമാണ് അടുത്തിടെ മന്ത്രി എ കെ ശശീന്ദ്രന്റെ ഒരു ടെലഫോണ്‍ സംഭാഷണം. അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് പ്രതിയായ സ്ത്രീയെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ പരാതിക്കാരിയുടെ അച്ഛനെ വിളിച്ച് സമ്മര്‍ദം ചെലുത്തുന്നതാണ് ശബ്ദരേഖ. ഇതിനെതിരായ പ്രതികരണത്തിനു വേണ്ടി കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന-വനിതാ സംഘടനാ നേതാക്കളെയെല്ലാം മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ ആര്‍ക്കും ഒരുശിരുമുണ്ടായിരുന്നില്ല. പലരും ഒഴിഞ്ഞുമാറി. സ്ത്രീ സുരക്ഷക്ക് പ്രത്യേക കാമ്പയിന്‍ നടത്തുന്ന സമയമായിട്ടുപോലും സി.പി.എം സംസ്ഥാന സെക്രട്ടറി അഴകൊഴമ്പന്‍ പ്രതികരണം നടത്തി തലയൂരി. അസാധാരണമായ സംയമനവും ക്ഷമയും ‘വിശദമായി പഠിക്കാനുള്ള’ തീവ്രാഭിലാഷവുമക്കെയാണ് അവരുടെ വാക്കുകളില്‍ പ്രടകമായത്. ഇടത് രാഷ്ട്രീയാഭിമുഖ്യമുള്ളവര്‍ക്ക് മേധാവിത്തമുള്ള കേരളത്തിലെ സാം
സ്്കാരിക ലോകത്തും മന്ത്രിയുടെ ഈ സ്ത്രീ വിരുദ്ധ നിയമ ലംഘനത്തിനെതിരെ കാര്യമായ ശബ്ദമുയര്‍ന്നിട്ടില്ല. പ്രതികരണ ശേഷിയില്ലാഞ്ഞിട്ടോ പ്രതികരിക്കേണ്ട വിഷയത്തിന്റെ ഗൗരവം മനസ്സിലാകാഞ്ഞിട്ടോ ആയിരിക്കില്ല ഈ മൗനമെന്നത് പകല്‍പോലെ വ്യക്തമാണ്. സമരം ചെയ്യാനോ അതിനു വേണ്ട ആശയാടിത്തറയും സൈദ്ധാന്തി വിശദീകരണവുമൊരുക്കാനോ കേരളത്തിലെ ഇടതുസംഘനടകളെ ആരും പഠിപ്പിക്കേണ്ടതില്ല. എന്നിട്ടും ശശീന്ദ്രനെതിരെ ഒരനക്കവുമില്ല. ഹസന്‍ മണ്‍റോയുടെ കഥയേക്കാള്‍ എത്രയോ ആഘാതശേഷിയുളള ജീവിക്കുന്ന തെളിവാണ് ശശീന്ദ്രന്റെ ശബ്ദരേഖ. പക്ഷേ, ഇടതു വനിതകളോ ‘സാംസ്‌കാരിക പ്രമുഖരോ’ അത് കണ്ട മട്ടില്ല.
സംഘടിത ശക്തിയുപോഗയോഗിച്ച് സമരമോ പുതിയ ആശയധാരയോ സൃഷ്ടിക്കാനും അധീശത്വത്തിന്റെ ആനുകൂല്യമുപയോഗിച്ച് ന്യായമായ ശബ്ദങ്ങളെ അട്ടിമറിക്കാനും പുതിയ നരേറ്റീവുകള്‍ പ്രചരിപ്പിക്കാനും കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അനായാസം കഴിയുന്നുവെന്നതാണ് ഈ പ്രശ്‌നങ്ങളിലെല്ലാമുള്ള പൊതുഘടകം. സോഷ്യല്‍ മീഡിയ കാലത്ത് ‘രാഷ്ട്രീയ കാപ്‌സ്യൂള്‍’ എന്നൊരു പുതിയ പദ്ധതിതന്നെ ഇടതുപക്ഷം വിജയകരമായി നടപ്പാക്കി. തങ്ങളുടെ രാഷ്ട്രീയാശയത്തെ ശാക്തീകരിക്കാനാവശ്യമായ ചരിത്ര നിര്‍മിതികള്‍ നടത്താന്‍ ഏതുകാലത്തും ഇടതുപക്ഷം ശ്രമിക്കുകയും ഒട്ടൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളും പദവികളും മുതല്‍ സംഘടിത ശേഷി വരെ അതിനായി അവരുപയോഗപ്പെടുത്തും. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം കേരള വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച വിവാദ കോലാഹലങ്ങളുടെ അലയൊലി ഇനിയും കെട്ടടങ്ങിയിട്ടില്ല. മത വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗം ഒഴിവാക്കുന്നതുപോലെ മതനിരാസം പഠിപ്പുക്കുന്ന പാഠഭാഗവും ഒഴിവാക്കപ്പെടണം എന്ന വാദത്തിന് ഇനിയും കേരളത്തില്‍ സ്വീകാര്യത ലഭച്ചിട്ടില്ല. അടിമുടി തകിടം മറിഞ്ഞിട്ടും ശബരിമല നിലപാടിലെ അവസരവാദത്തിന് സി.പി.എമ്മോ ഇടതുപക്ഷമോ കേരളീയ പൊതുസമൂഹത്തോട് മറുപടി പറയേണ്ടി വന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ഏതാനും പ്രതിപക്ഷ പ്രതികരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ ‘പുരോഗമന സം
സ്‌കാരിക’ ലോകവും ഇതിനോട് മൗനംപാലിച്ചു.
ഇത്തരത്തില്‍ നടത്തുന്ന പലതരം സാംസ്‌കാരിക അട്ടിമറികള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കാനാകുന്ന ഒരു ഇടം സിനിമയാണന്ന് ഇടതു രാഷ്ട്രീയം നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന് അമാനുഷിക പരിവേഷം നല്‍കുന്ന സിനിമ പുറത്തുവന്നിരുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ് മാലിക് എന്ന സിനിമ. 12 കൊല്ലം മുമ്പ് നടന്ന ബീമാപള്ളി വെടിവപ്പും അനുബന്ധ സംഭവങ്ങളും ആധാരമാക്കിയാണ് സിനിമാക്കഥ വികസിക്കുന്നത്. താനൊരു ഇടതുപക്ഷ അനുഭാവിയാണെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ സിനിമാ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. എന്നിട്ടും ആ വെടിവപ്പിന് ഉത്തരവാദികളായ അക്കാലത്തെ ഇടതുസര്‍ക്കാറിനെ ചിത്രത്തില്‍ അപ്രത്യക്ഷമാക്കാന്‍ പറയുന്ന ന്യായം സംശയലേശമന്യേ മുഖ്യധാരാ കേരളം മുഖവിലക്കെടുക്കുന്നു. ഈ സിനിമക്ക് ബീമാപള്ളിയുമായി ബന്ധമില്ലെന്ന വാദവും സംവിധായകന്‍ പലപ്പോഴും ഉയര്‍ത്തുന്നുണ്ട്. ഇത്ര അനായാസം ഒരു വ്യാജ പ്രചാരണം നടത്താമെന്ന ആത്മവിശ്വാസം ആ സംവിധായകനു ലഭിക്കുന്നത് തന്നെ കേരളത്തില്‍ നിലനില്‍ക്കുന്ന ഇടത് അധീശത്വവും അതുനല്‍കുന്ന സാംസ്‌കാരിക പിന്‍ബലവുമാണ്.
കേരള രാഷ്ട്രീയ-ജനാധിപത്യ പ്രയോഗത്തില്‍ പൊലീസ് ഒരിക്കലും ഒരു സ്വതന്ത്ര സംവിധാനമായിട്ടില്ല എന്നത് ഇതുവരെയുള്ള അനുഭവമാണ്. ഏതെങ്കിലും കാലത്ത് അങ്ങിനെയാകാന്‍ കഴിയുമായിരുന്നെങ്കില്‍ അത് അടിയന്തരാവസ്ഥാ കാലമാണ്. എന്നാല്‍, അക്കാലത്തെ പൊലീസിനെ ‘കരുണാകരപ്പൊലീസ്’ എന്നാണ് ഇടതുപക്ഷം തന്നെ വിളിച്ചിരുന്നത്. അന്ന് സംസ്ഥാനത്തുണ്ടായിരുന്ന ആഭ്യന്തര മന്ത്രിക്കാണ് പൊലീസ് ചെയ്തികളുടെ ഉത്തരവാദിത്തമെന്ന രാഷ്ട്രീയ മുദ്രാവാക്യമാണ് ആ പ്രയോഗത്തിന്റെ അന്തസ്സത്ത. എന്നാല്‍ മാലിക് എന്ന സിനിമയില്‍ അത്തരമൊരു രാഷ്ട്രീയത്തെ ‘ഇടതുപക്ഷക്കാരന്‍’ എന്ന് സ്വയം വിളിക്കുന്ന സംവിധായകന്‍ അപ്രത്യക്ഷമാക്കുകയാണ് ചെയ്തത്. ബീമാപള്ളി വെടിവപ്പിന് ഉത്തരവാദികളായ അന്നത്തെ ആഭ്യന്തര മന്ത്രിയെയും അദ്ദേഹം അംഗമായ ഇടത് മന്ത്രിസഭയെയും സിനിമ അദൃശ്യമാക്കി. പകരം ആ സ്ഥാനത്ത് പൊലീസ് മാത്രമായി മാറുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഏറ്റവുമധികം വിമര്‍ശനങ്ങളേറ്റുവങ്ങായി വകുപ്പാണ് ആഭ്യന്തരം. പൊലീസിന്റെ മൃതുഹിന്ദുത്വ സമീപനങ്ങളും മുസ്‌ലിം വിരുദ്ധതയും പലവട്ടം വിവാദങ്ങളുയര്‍ത്തി. സമീപകാല കേരള ചരിത്രത്തിലൊന്നുമില്ലാത്ത വിധത്തില്‍ പൊലീസിന്റെ ഏറ്റുമുട്ടല്‍-കസ്റ്റഡി കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായി. ഈ സമയത്തെല്ലാം ഇടതുപക്ഷവും അതിന്റെ സഹയാത്രികരും സ്വീകരിച്ച സമീപനം പൊലീസ് വേറെ-പിണറായി വേറെ എന്നതാണ്. പൊലീസ് നടപടികളുടെ പേരില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാനേ പറ്റില്ലെന്ന സൈദ്ധാന്തിക ന്യായങ്ങളും നേതാക്കളുന്നയിച്ചു. ഇതേ ന്യായവാദങ്ങളുടെ സ്വഭാവമാണ് മാലിക് സിനമയിലും പ്രകടമാകുന്നത്. ഒരു തരം കാപ്‌സ്യൂള്‍ നിലവാരം. സിനിമ വിവാദമായപ്പോള്‍, സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ വ്യാപകമായി പങ്കുവച്ച ഒരു ടെക്സ്റ്റില്‍ സംഭവ ദിവസം അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കേരളത്തില്‍ ഇല്ലായിരുന്നുവെന്നും വിവരം അറിഞ്ഞയുടന്‍ ഡല്‍ഹി യാത്ര റദ്ദാക്കി അദ്ദേഹം കേരളത്തിലെത്തി എന്നും പ്രത്യേകം എടുത്തു പറയുന്നുണ്ട്. ആഭ്യന്തര മന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി പൊലീസുകാരെന്തോ ചെയ്തു എന്ന മട്ടിലൊരു വാദം. വെടിവപ്പിന് കാര്‍മികത്വം വഹിച്ച ഇടത് ഭരണകൂടത്തെ അപ്രത്യക്ഷമാക്കുകയും പകരം മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണ് സിനിമ. യഥാര്‍ഥ സംഭവം നടന്ന് ഒന്നരപതിറ്റാണ്ട് തികയും മുമ്പ് അതിന്റെ പിന്നിലെ ചരിത്ര വസ്തുതകളെ സിനിമ അട്ടിമറിക്കുന്നു.
സാങ്കല്‍പിക കഥയാണെന്ന് അവകാശപ്പെടുമ്പോഴും സിനിമയിലെ ഓരോ ദൃശ്യത്തിലും ബീമാപള്ളി വെടിവപ്പിലേക്ക് നയിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ബീമാപള്ളിയിലെ ഹോട്ടലില്‍ ഭക്ഷണ ശേഷം സംഘര്‍ഷമുണ്ടാക്കുന്നത്, പിറ്റേന്ന് നടന്ന ബസ് തടയല്‍, കലക്ടറുടെയോ സബ്കലക്ടറുടെയോ ഉത്തരവില്ലാതെ വെടിവച്ചത്, വെടിയേറ്റയാളെ വലിച്ചുകൊണ്ടുപോയത്, മരിച്ചവരില്‍ കൊച്ചുകുഞ്ഞും ഉള്‍പെട്ടത്, ഉദ്യോഗസ്ഥന്‍ പിന്നീട് ശരീരം തളര്‍ന്ന് കിടപ്പായത്. ഇങ്ങിനെ ഒട്ടേറെ രംഗങ്ങള്‍ യഥാര്‍ഥ ബീമാപള്ളി സംഭവത്തില്‍ നിന്ന് അതേപടി പകര്‍ത്തിയതാണ്. എന്നിട്ടും ഇത് താന്‍ മെനഞ്ഞെടുത്ത സങ്കല്‍പ കഥയാണ് എന്ന് പരസ്യമായി അവകാശപ്പെടുന്നതില്‍ ഒരു വിമുഖതയും സംവിധായകനില്ല. അങ്ങനെ പറയാമെന്നത് വ്യക്തിപരമായ അവകാശമാണ് എന്ന് സാങ്കേതികമായി വാദിക്കാം. ആ വാദത്തെ നിരാകരിക്കാന്‍ മറ്റൊരാള്‍ക്ക് അവകാശവുമില്ല. പക്ഷേ, ചരിത്രബോധമുള്ളവര്‍ക്ക് അതിന്റെ യാഥാര്‍ഥ്യം ഒറ്റനോട്ടത്തില്‍ മനസ്സിലാകും. എന്നിട്ടും ഇങ്ങിനെ ചരിത്രത്തെ നിഷേധിക്കാന്‍ കഴിയുന്നത് ‘ഞാനൊരു ഇടതുപക്ഷ പ്രവര്‍ത്തകനാണ്’ എന്ന് പറയാമെന്ന അയാളുടെ ആത്മവിശ്വാസം കാരണമാണ്. കേരളത്തിലെ ഇടത് സാംസ്‌കാരിക ലോകത്തിനാകട്ടെ ഇസ്‌ലാമോഫോബിയ എന്നത് എളുപ്പം വിറ്റഴിക്കാവുന്നതും അനായാസം ജനപ്രീതി ആര്‍ജിക്കാവുന്നതുമായ സാംസ്‌കാരിക ഇന്ധനണമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുരോഗമന കലാ സാഹിത്യ സംഘം പുറത്തിറക്കിയ വീഡിയോകളില്‍ മുസ്‌ലിംകളുടെ രാജ്യദ്രോഹവും സവര്‍ണ മലയാളികളുടെ ദാരിദ്ര്യവുമായിരുന്നു മുഖ്യ വിഷയങ്ങള്‍. വീഡിയോ വിവാദമായത് തെരഞ്ഞെടുപ്പ് കാലത്തായതിനാല്‍ അത് പിന്‍വലിക്കേണ്ടിവന്നു. അല്ലായിരുന്നെങ്കില്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചേനേ!
ബീമാപള്ളിയില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പായിട്ടും അതിനെതിരായ പ്രതിഷേധങ്ങളെ അനായാസം മറികടക്കാന്‍ അന്ന് സംസ്ഥാന ഭരണകൂടത്തിനു കഴിഞ്ഞിരുന്നു. ബീമാപള്ളിക്കാരെ കുറിച്ച് മുന്‍വിധികളും അവരെ പൈശാചികവത്കരിച്ച് കാലങ്ങളായി നടക്കുന്ന മുഖ്യധാരാ പ്രചാരണങ്ങളുമാണ് വെടിവപ്പിനെ ന്യായീകരിക്കാന്‍ സര്‍ക്കാറിനു സഹായകരമായത്. സിനിമയിലെ റമദാപള്ളിക്കാര്‍ക്കും അതേ സ്വഭാവ സവിശേഷതകളാണ്. അവര്‍ തീരവാസികളാണ്, മല്‍സ്യത്തൊഴിലാളകിളാണ്, വിദ്യാഹീനരാണ്്, നിയമ സംവിധാനത്തിന് വിധേയരാകാത്തവരാണ്, വ്യാജ സി.ഡി കച്ചവടക്കാരാണ്, ക്രിമിനലുകളാണ്്, കള്ളക്കടത്തുകാരാണ്്, കഞ്ചാവ് വില്‍പനക്കാരാണ്, വര്‍ഗീയവാദികളാണ്്, എല്ലാത്തിനുമുപരി മുസ്ലിംകളുമാണ്. അത്യന്തം അപകടകാരികളായ റമദാപള്ളിക്കാരെ മെരുക്കാനും നിയമത്തിന്റെ വരുതിയിലാക്കാനും നടത്തുന്ന സ്വാഭാവികവും സദുദ്ദേശപരവുമായ പരിശ്രമങ്ങളാണ് പൊലീസ് ഗൂഡാലോചന എന്ന ന്യായവാദമാണ് സിനിമ മുന്നോട്ടുവക്കുന്നത്. തീരദേശവാസികളെക്കുറിച്ച്, മുസ്‌ലിംകളെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച്, മുന്‍വിധികളെ അത് അടിവരയിട്ടുറപ്പിക്കുന്നു. പുറംലോകത്ത് ബീമാപള്ളിക്കാരെ കുറിച്ച് നിലനില്‍ക്കുന്നതും ഇതേ മുന്‍വിധികള്‍ തന്നെയാണ്. ഒരു സമൂഹത്തെ അപരവത്കരിക്കുന്നതിന് ഇതില്‍പരം അപകടകരമായ പ്രതിച്ഛായാ നിര്‍മിതി ആവശ്യമില്ല. ഇങ്ങനെ അപരവത്കരിക്കപ്പെട്ട, മുഖ്യധാരാ കേരളം സംശയക്കണ്ണോടെയും ഭയാശങ്കകളോടെയും കാണുന്ന ഒരു ജനതയാണ് യഥാര്‍ഥ ജീവിതത്തില്‍ വെടിയേറ്റുവീണത്. അതിനാല്‍ ‘മുഖ്യധാരാ മലയാളി’കളുടെ വേവലാതികളില്‍ കൊല്ലപ്പെട്ടവര്‍ക്ക് കാര്യമായ ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിച്ചിരുന്നുവെന്ന മനോഭാവമാണ് കേരളീയ പൊതുസമൂഹത്തില്‍ പൊതുവെ പ്രകടമായിരുന്നത്. 12 വര്‍ഷത്തിനു ശേഷം ഇന്നും ആ വെടിവപ്പ്, ഭരണകൂടം അവരുടെ അധികാരപരിധിയിലെ ഏറ്റവും ദുര്‍ബലമായ ഒരു പ്രദേശത്ത് അധിവസിക്കുന്ന സ്വന്തം പൗരന്മാര്‍ക്കെതിരെ നടത്തിയ കൂട്ടക്കൊലയായി പരിഗണിക്കപ്പെട്ടിട്ടില്ല. പൊതു സമൂഹത്തിന്റെ ഈ മുന്‍വിധികള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമാണ്, ചരിത്രത്തെ വിലമാക്കി ഒരു വ്യാജ കഥ നിര്‍മിക്കാന്‍ മുഖ്യധാരാ സിനിമക്കാര്‍ക്കും ധൈര്യം പകരുന്നത്.
സമീപകാല രാഷ്ട്രീയത്തില്‍ വലിയ വിവാദത്തിന് തിരികൊളുത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിവാദത്തില്‍ ഇടത് സര്‍ക്കാരും അതിന്റെ പ്രചാകരും സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മുസ്‌ലിംകള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതിയാക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് അധികവും മറ്റു പിന്നാക്ക ന്യൂനക്ഷങ്ങള്‍ക്ക് അതിന്റെ ആനുപാതികവുമെന്ന നിലയിലേക്കു മാറ്റി. അടുത്ത ഘട്ടത്തില്‍ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഈ മാറ്റം നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കാന്‍ കേരളത്തില്‍ നടന്ന അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് പിണറായി സര്‍ക്കാര്‍ തന്നെ കാര്‍മികത്വം വഹിച്ചു. മുസ്‌ലിംകള്‍ ആനുകൂല്യങ്ങള്‍ കവരുന്നു എന്ന ക്രിസ്ത്യന്‍ പക്ഷ ആരോപണത്തിന് അന്നത്തെ സര്‍ക്കാര്‍ മറുപടിയേ പറഞ്ഞില്ല. ആ മറുപടി പറയേണ്ടിയിരുന്ന അന്നത്തെ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീല്‍, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ആരോപണത്തെ ഫലപ്രദമായി പ്രതിരോധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒടുവില്‍ മുസ്‌ലിം ക്ഷേമം മുന്നില്‍ കണ്ട് ആരംഭിച്ച പദ്ധതി തന്നെ ഫലത്തില്‍ ഇല്ലാതായി. ഇതിലെല്ലാം ആധിപത്യം ലഭിച്ചത് ഇടത് നരേറ്റിവുകള്‍ക്കാണ്. ഇതിനിടെ അധികാരം കൈയ്യാളിയ ജനാധിപത്യ മുന്നണിക്കോ അതില്‍ അംഗമായ മുസ്‌ലിം രാഷ്ട്രീയ കക്ഷിക്കോ ഈ വ്യാഖ്യാനങ്ങളെ മറികടക്കാനുള്ള ശേഷിയോ ഇച്ഛാശക്തിയോ ഉണ്ടായുമില്ല. അഥവാ, അവരതിന് ശ്രമിച്ചിരുന്നെങ്കില്‍ തന്നെ കടുത്ത വര്‍ഗീയ ആരോപണവുമായി ഇടതുപക്ഷം തന്നെ രംഗത്തുവരുമായിരുന്നു. എ.ഐ.പി പദ്ധതിയില്‍പെട്ട സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കത്തെ ഈ രീതിയില്‍ വര്‍ഗീയ കാമ്പയിന്‍ നടത്തി അട്ടിമറിച്ചത് ഉദാഹരണം. വി.എസ് സര്‍ക്കാറിന്റെ കാലത്ത് എയിഡഡ് പദവിക്ക് വേണ്ടി ശ്രമം തുടങ്ങിയതും സര്‍ക്കാര്‍ മാറിയപ്പോള്‍ അത് മുസ്‌ലിം പ്രീണനമാണെന്ന വര്‍ഗീയ പ്രചാരണം നടത്തി അട്ടിമറിക്കാന്‍ തുടക്കമിട്ടതും ഇടതുപക്ഷം തന്നെ.
ഇങ്ങനെ എതിരാളികളെപ്പോലും നിരായുധരാക്കുന്ന തരത്തില്‍ സ്വന്തം വ്യാഖ്യാനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന അസാധാരണമായ സാമൂഹിക ശേഷി കേരളത്തിലെ ഇടതുപക്ഷ മെഷിനറിക്കുണ്ട്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന സാമൂഹികാക്രമണത്തിന് ഏറ്റവുമധികം ഇരയാകുന്നത് മുസ്‌ലിം സമുദായമാണ്. രാഷ്ട്രീയമെന്നോ ചരിത്രമെന്നോ ഭരണമെന്നോ വ്യത്യാസമില്ലാതെ ഈ ആക്രണമണം നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് ‘മാലിക്’ വെറുമൊരു സാങ്കല്‍പിക കഥമാത്രമല്ല, കേരളത്തിലെ ഇടത് സാംസ്‌കാരിക ഫാക്ടറിയില്‍നിന്ന് പുറത്തുവരേണ്ട അനിവാര്യ ഉത്പന്നമാണ് എന്നും പറയേണ്ടിവരുന്നത്. ചരിത്ര സംഭവങ്ങള്‍ സിനിമയിലേക്ക് കടമെടുക്കുമ്പോള്‍ അതില്‍ മിനിമം സത്യസന്ധത പുലര്‍ത്തണമെന്നത് സാമാന്യമര്യാദയാണ്. അല്ലെങ്കില്‍ അത് പലതലമുറകളെ വഴിതെറ്റിക്കുന്ന ഗുരുതര കുറ്റകൃത്യമായി മാറും. എന്നാല്‍, ഒരു സിനിമാക്കഥ യഥാര്‍ഥ സംഭവമാണോ അല്ലയോ എന്നത് അത്ര പ്രസക്തമായ കാര്യമല്ല. കഥയാണെങ്കിലും അതിലൂടെ മുന്നോട്ടുവക്കുന്ന ആശയം സംവിധായകന്റെ നിലപാടാണ്. ചരിത്രത്തെ വികലമാക്കി എന്നതിനപ്പുറം ‘ഇടത് സംവിധായകന്റെ’ മാലിക് പ്രസക്തമാകുന്നത് ഇവിടെയാണ്. അത് ഇസ്‌ലാമോഫോബിയയും അപരവത്കരണവുമാണ് അരക്കിട്ടുറപ്പിക്കുന്നത്. ഇതാകട്ടെ ഏതെങ്കിലും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല. കേരളത്തിന്റെ ഇടത് മൂല്യബോധം കാലങ്ങളായി പിന്തുടരുകയും ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരിക ആശയമാണ്. അതിനെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശേഷി മുസ്‌ലിം സമുദായം ആര്‍ജിച്ചിരിക്കുന്നുവെന്നതാണ് മാലിക് വിവാദം കേരളത്തിന് നല്‍കിയ തിരിച്ചറിവ്.

എന്‍.പി ജിഷാര്‍