ഇന്ത്യക്കാർ വോട്ടു ചെയ്തതാർക്കാണ്?

2664

ഇതെഴുതാനിരിക്കുമ്പോൾ മോദി 2.0 മന്ത്രിസഭ ആദ്യ യോഗം ചേർന്നു കഴിഞ്ഞു. ഗുജറാത്തിൽ മോദിയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി. രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയും മുൻ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ധനകാര്യമന്ത്രിയും. മറ്റ് മന്ത്രിമാരൊക്കെ എന്നുള്ളത് പ്രസക്തമല്ലെന്ന് മോദി 1.0 തെളിയിച്ചു കഴിഞ്ഞതാണ്. അതിന് മുമ്പ് മോദി 2.0 എങ്ങനെ സംഭവിച്ചുവെന്ന് നോക്കണം. ചില മാർക്കറ്റ് റിസർച്ച് ഏജൻസികളുടെ കണക്ക് പ്രകാരം ഇന്ത്യയിലെ 62.7 കോടി ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യതയുണ്ട്. ഇന്ത്യയിലെ ആകെ വോട്ടർമാരുടെ ഏകദേശം 90 കോടിയിലേറെ വരും. അതിൽ തന്നെ ഒന്നരക്കോടിയിലേറെ വോട്ടർമാർ പുതിയ വോട്ടർമാരാണ്. അതായത്, 2014ലേതിനേക്കാൾ സാമൂഹ്യമാധ്യമങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. 2015ലെ കണക്കനുസരിച്ച് കേവലം 27 കോടി മാത്രമായിരുന്നു ഇന്ത്യക്കാർക്കിടയിലെ ഇന്റർനെറ്റ് ലഭ്യത. ഇൗ കണക്ക് മുന്നിൽ വെച്ചു മാത്രമേ ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ വിലയിരുത്താൻ കഴിയൂ..

മോദി 1.0
നരേന്ദ്ര മോദി എന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ വിവാദ പുരുഷനെ ദേശീയ നേതാവാക്കി മാറ്റിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. ചെറുപ്പത്തിൽ ഭാര്യയെ ഉപേക്ഷിച്ച് വീടു വിട്ടിറങ്ങി, സംഘ്പരിവാർ പ്രവർത്തകനായി മാറിയ ഒരാൾ, അദ്വാനിയുടെ മാനസപുത്രനായി മാറി, കേശുഭായ് പട്ടേൽ എന്ന ഗുജാത്ത് മുഖ്യമന്ത്രിക്ക് പകരം മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചതോടെ മാത്രം ജനാധിപത്യ പ്രക്രിയയിൽ ഇടപെട്ടു തുടങ്ങിയ രാഷ്ട്രീയക്കാരൻ. അധികാരമേറ്റ് മാസങ്ങൾക്കകം, ഗുജറാത്ത് കലാപം. കാലപത്തിന് ശേഷം ഇരകളെ അപഹസിച്ച് വിഷം വമിക്കുന്ന പ്രസംഗങ്ങൾ. ഗുജറാത്ത് കലാപം മുഖ്യമന്ത്രിയുടെ തന്നെ മനസറിവോടെയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. ഇക്കാര്യം തുറന്ന് പറഞ്ഞ അന്നത്തെ ആഭ്യന്തര മന്ത്രി ഹാരേൻ പാൺഡ്യയുടെ ദുരൂഹമായ കൊലപാതകം, ആ കൊലപാതകം നടത്തിയയാളും അയാളുടെ സുഹൃത്തും ഭാര്യയും പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു. കോടതയിലും വസ്തുതാന്വേഷണ കമ്മീഷനിലും ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ വേട്ടയാടപ്പെടുന്നു. ഇൗ ഏറ്റുമുട്ടൽ കൊലകൾ ആസൂത്രണം ചെയ്തത് ഹാരേൻ പാണ്ഡ്യയുടെ പിൻഗാമിയായെത്തിയ അമിത് ഷാ എന്ന മോദിയുടെ ആഭ്യന്തരമന്ത്രിയാണെന്ന് അന്വേഷണത്തിൽ തെളിയുന്നു. ഏറ്റമുട്ടൽ കൊല നടത്തിയ ഉദ്യോഗസ്ഥർ തന്നെ ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് കോടതിക്ക് കത്തെഴുതുന്നു. കേസിൽ അമിത് ഷാ അറസ്്റ്റിലാവുന്നു. ഇതിനിടെയിൽ മോദി എന്ന വിവാദ പ്രതിച്ഛായയെ ദേശീയ രാഷ്ട്രീയ നേതൃത്വമാക്കുന്നതിനുള്ള പിആർ ഏജൻസികളുടെ പണി തുടരുന്നു. വൈബ്രന്റ് ഗുജറാത്ത് എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച് ഗുജറാത്ത് ഒരു നിക്ഷേപക സൗഹൃദ വികസനോന്മുഖ സംസ്ഥാനമാണെന്ന പ്രചാരണം നടക്കുന്നു. രണ്ടാം യുപിഎ സർക്കാരിനെതിരെ അന്നാ ഹസാരെയും ആം ആദ്മി പാർട്ടിയും തുടങ്ങി വെച്ച അഴിമതി വിരുദ്ധ കാംപെയിനിന്റെ സഹായത്തോടെ മോദിയുടെ നേതൃത്വത്തിൽ ബിജെപി കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുന്നു. അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്റാവുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് പൊതുജനങ്ങളെ ലക്ഷ്യം വെച്ച് നടന്നു വന്നിരുന്ന ഭീകരാക്രമണങ്ങൾ പൊടുന്നനെ സ്വിച്ചിട്ടത് പോലെ നിൽക്കുന്നു. ആ ഭീകരാക്രമണങ്ങളുടെ പേരിൽ അറസ്്റ്റിലായ ഹിന്ദുത്വ ഭീകരസംഘടനകളുടെ ആളുകളെ അന്വേഷണ ഏജൻസികൾ ക്ലീൻ ചിറ്റ് നൽകി പുറത്തു വിടുന്നു. രാജ്യത്തെമ്പാടും പശുക്കടത്തിന്റെ പേരിൽ മുസ്ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്നു. രാജ്യത്ത് നോട്ടു നിരോധനം നടപ്പിലാക്കി മോദി ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും ചെറുകിടവാണിജ്യത്തെയും തകർക്കുന്നു. ഇന്ധന വില വർധന സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്നു. എന്നിട്ടും മാസങ്ങൾക്കകം നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറുന്നു. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ താഴോട്ട് പോകുന്നു. രാജ്യത്തെമ്പാടും കർഷക രോഷം വ്യാപകമാവുന്നു. ഇതിനിടെ മോദിയുടെ നാലാം വർഷം നടന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അധികാരം നഷ്്ടമാവുന്നു.

രാജ്യം മുഴുവൻ മോദി വിരുദ്ധ തരംഗം അലയടിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് വരാൻ പോകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ഭീകരാക്രമണമുണ്ടാവുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. ഏതാനും ദിവസങ്ങൾക്കകം പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാൽപത്തിരണ്ട് ജവാന്മാർ കൊല്ലപ്പെടുന്നു. ഇതിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തി ഭീകരകേന്ദ്രം തകർത്ത് ഭീകരവാദികളെ കൊന്നൊടുക്കിയെന്ന് പ്രഖ്യാപിക്കുന്നു. ഇതെ കുറിച്ച ആഗോള മാധ്യമങ്ങൾ ചോദ്യമുയർത്തുന്നു. ഏതാനും മാസങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി മൂന്നൂറിലേറെ സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ആർഎസ്എസിന് നൽകിയ വാഗ്ദാനമായിരുന്നു ഇത്.

പ്രതിപക്ഷം, രാഹുൽ, കോൺഗ്രസ്

മോദി സർക്കാർ അധികാരത്തിലേറിയ ആദ്യ നാളുകളിൽ രാജ്യം മൊത്തം മരവിപ്പിലായിരുന്നു. പശുക്കൊലകൾ വർധിച്ചതോടെ മോദി ഭരണകൂടത്തെ ചോദ്യം ചെയ്യാനാരുണ്ട് എന്നതായിരുന്നു ഭീതി. രോഹിത് വെമുലയുടെ ആത്മഹത്യയോടെ , അന്നത്തെ മാനവിഭവ ശേഷി വകുപ്പിനെതിരെ സർവകലാശാലകളിൽ രൂപം കൊണ്ട വിദ്യാർത്ഥി പ്രതിഷേധമാണ് മോദിക്കെതിരെ രൂപം കൊണ്ട ആദ്യ ജനകീയ ചെറുത്തു നിൽപ്. ഇത് ഹൈദ്രാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ജെഎൻയു, ദൽഹി യൂനിവേഴ്സിറ്റി എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. ആ സമയം വരെ വളരെ ലോലചിത്തനും ദുർബലനുമായി അറിയപ്പെട്ടിരുന്ന രാഹുൽ ഗാന്ധി മോദിക്കെതിരെ ഒരു വെല്ലുവിളിയും ഉയർത്താൻ പ്രാപ്തനായിരുന്നില്ല. 2017ൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ മോദിക്കെതിരെ മാത്രമല്ല, ആർഎസ്എസിനെതിരെ ആശയപരമായ സമരമുഖമുയർത്തി. ആർഎസ്എസ് ഇന്ത്യയുടെ ആത്്മാവായ ബഹുസ്വരതയുടെ അന്തകനാണെന്ന് രാഹുൽ പ്രഖ്യാപിച്ചു. ഒരുപക്ഷേ ആർഎസ്എസിനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ കോൺഗ്രസ് അധ്യക്ഷനാവും രാഹുൽ ഗാന്ധി. നെഹ്രു പോലും ഇത്രയും ആർഎസ്എസിനെ കടന്നാക്രമിച്ചിട്ടില്ല. എന്നാൽ, രാഹുലിന്റെ ഇൗ നിലപാട് രാജ്യത്തെ മധ്യവർഗ ലിബറൽ സമൂഹത്തിൽ മാത്രമേ സ്വാധീനം ചെലുത്തിയുള്ളൂ. അതിന് പ്രധാനകാരണം, മോദി ഭരണകൂടം മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടിയതു കൊണ്ടായിരുന്നു. മോദിയുടെ കാലത്ത് ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ 99.99 ശതമാനവും മോദിയുടെ പക്ഷം ചേരുകയും ഭരണകൂടവിമർശനം അവസാനിപ്പിക്കുകയും ചെയ്തു. അവരുടെ പ്രധാന പണി മോദിക്കായി പിആർ വർക്ക് ചെയ്യുകയും പ്രതിപക്ഷ സ്വരങ്ങള തമസ്കരിക്കുകയുമായിരുന്നു. ആ തന്ത്രത്തിലൂടെ രാഹുലിന്റെ വിമർശനങ്ങൾ ജനങ്ങളിലേക്കെത്താതെ പോയി. റഫാൽ അഴിമതിയായിരുന്നു രാഹുലിന്റെ മോദിക്കെതിരായ തുറുപ്പു ചീട്ട്. കർഷകരോഷവും ജിഎസ്ടി നടപ്പാക്കിയത് വഴി രാജ്യത്തിന്റെ വാണിജ്യത്തിനേറ്റ ക്ഷതവും അസഹിഷ്ണുതയും അക്കാദമിക ലോകത്തിന് നേരെ മോദി നടത്തിയ കടന്നാക്രമണവും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടിയതുമെല്ലാം രാഹുൽ റാലികളിൽ എടുത്തു വീശി. വൻ ജനക്കൂട്ടം രാഹുലിന്റെ ഉത്തരേന്ത്യൻ റാലികളിൽ തടിച്ചു കൂടി. റഫാൽ വിഷയത്തിൽ മോദി ഭരണകൂടം അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായി മാറിയ സന്ദർഭത്തിലായിരുന്നു പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും. ഇതോടെ, അതു വരെയുണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറി മറിഞ്ഞു. തെരഞ്ഞടെുപ്പു ചർച്ച മുഴുവൻ മോദിയുടെ കൃത്രിമ ദേശീയതയിലേക്ക് കേന്ദ്രീകരിച്ചു. ബിജെപിയുടെ അജൻഡക്കനുസരിച്ച് സംസാരിക്കേണ്ട ഗതികേടിലായി രാഹുലും പ്രതിപക്ഷവും.

ഇന്ത്യക്കാർ വോട്ടു ചെയ്തതാർക്കാണ്?

മാധ്യമങ്ങൾ തമസ്കരിച്ചെങ്കിലും രാഹുലിന്റെ ശബ്ദം ഇന്ത്യ ശ്രവിച്ചുവെന്നുള്ളത് വാസ്തവാണ്. എന്നാൽ ഇൗ ആശയ പോരാട്ടം യഥാർത്ഥത്തിൽ വോട്ടാക്കി മാറ്റാനുള്ള സംഘടനാ സംവിധാനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിനുണ്ടായിരുന്നില്ല. ഇന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും ഉറച്ച കോട്ടയായ ആന്ധ്ര സംസ്ഥാന വിഭജനത്തോടെ കോൺഗ്രസിനെ പൂർണായും കയ്യൊഴിഞ്ഞു. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും ബൂത്ത് തലത്തിലുളള പ്രവർത്തനമില്ലാത്ത കോൺഗ്രസ് കേവലം ആശയമായോ വികാരമായോ പാരമ്പര്യമായോ മാത്രം അവശേഷിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകയിലുമെല്ലാം കോൺഗ്രസ് അധികാരത്തിലെത്തിയത് തലമുടിനാരിഴക്കാണ്. ഇൗ തെരഞ്ഞെടുപ്പിലാകട്ടെ, ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പോലും പ്രതിപക്ഷ കക്ഷികൾക്കടിയിൽ ഒരു സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഫലം വന്നപ്പോൾ മധ്യപ്രദേശ്,രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ബിജെപി തൂത്തുവാരി. അവർ ഇത് വരെ നേട്ടമുണ്ടാക്കാതിരുന്ന ബംഗാളിൽ പത്തൊമ്പത് സീറ്റുമായി അവർ മമതാ ബാനർജിയെ ഞെട്ടിച്ചു. ബംഗാളിൽ ഇടതുപക്ഷം പൂർണമായും ബിജെപി പക്ഷത്തേക്ക് ഒലിച്ചു പോയി. കേരളവും തമിഴ് നാടും ആന്ധ്രയും ബിജെപിയെ പൂർണമായും തിരസ്കരിച്ചു.

ഇവിഎമ്മും ഇന്ത്യൻ തെരഞ്ഞെടുപ്പും

ഇവിഎം അട്ടിമറിയാണ് ബിജെപിക്ക് ഇൗ വിജയം നേടിക്കൊടുത്തതെന്ന ആരോപണം വ്യാപകമാണ്. ആരോപണമുന്നയിക്കുന്നവർ ഇത് സംബന്ധിച്ച നിരവധി തെളിവുകളും ഉയർത്തുന്നുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്ത്യയുടെ ചരിത്രത്തിലൊരിക്കലുമുണ്ടാവാത്ത തരത്തിൽ പക്ഷപാതപരമായി പെരുമാറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. ഇവിഎം സംബന്ധിച്ച് നേരത്തെ ഉയർന്ന് വന്ന ആക്ഷേപങ്ങളോടുള്ള പതിവ് സമീപനമാണ് കമ്മീഷൻ ഇക്കുറിയും സ്വീകരിച്ചത്. ഇവിഎമ്മിൽ ഇന്ത്യൻ ജനതക്കുള്ള അവിശ്വാസം വർധിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ് പോയത്. ഇക്കാര്യത്തിൽ ഇനിയും ഒരു തീർപ്പെത്താൻ സാധിച്ചിട്ടില്ല.

ഇവിഎമ്മല്ലെങ്കിൽ മറ്റെന്ത്?

സാമൂഹ്യമാധ്യമങ്ങളുടെ പ്രഹരശേഷിയാണ് ഇൗ തെരഞ്ഞെടുപ്പിൽ നാം കാണുന്നത്. ഇത് ഇന്ത്യയിൽ മാത്രമുണ്ടാവുന്ന പ്രതിഭാസമല്ല. 2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത് അന്വേഷണത്തിലൂടെ തെളിഞ്ഞതാണ്. അതേ വർഷം നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയിൽ സമാനമായ സാമൂഹ്യ മാധ്യമ ഇടപെടലുണ്ടായിയെന്ന ആരോപണം അവിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിച്ചു. രണ്ട് സംഭവങ്ങളിലും ബാഹ്യശക്തിയായ റഷ്യയാണ് ഇടപെട്ടതെന്നാണ് ആരോപണം. റഷ്യയുടെ ഇടപെടൽ അമേരിക്കൻ കോടതി കണ്ടെത്തുകയും പതിമൂന്ന് റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു കഴിഞ്ഞു. സമാനമായ ഇടപെടൽ ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്തതാണ്.

റഷ്യൻ ഇടപെടലുണ്ടായാലും ഇല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള നുണപ്രചാരണങ്ങൾക്ക് ഏറ്റവും സാധ്യതയുള്ള ഒരു രാജ്യമാണ് ഇന്ത്യ എന്ന് 2014 തെരഞ്ഞെടുപ്പിലും അതിന് ശേഷവും തെളിഞ്ഞതാണ്. മുൻ കാലങ്ങളിൽ വലിയ തോതിലുള്ള വർഗീയ കലാപങ്ങൾക്ക് വേണ്ടി നുണപ്രചാരണങ്ങൾക്ക് പരിമിതമായ സൗകര്യങ്ങളേയുണ്ടായിരുന്നുള്ളൂ. ഇക്കാലത്താകട്ടെ, വർഗീയ കലാപങ്ങൾ കുറവാണെങ്കിലും വിദ്വേഷാക്രമണങ്ങൾ രാജ്യമൊട്ടുക്കും വ്യാപകമാകുന്നു. വർധിച്ച തോതിലുള്ള ഇന്റർനെറ്റ് വ്യാപനം, സംഘ്പരിവാർ പ്രചാരണങ്ങൾക്ക് വലിയ പ്രഹരശേഷി നൽകുന്നു. ബിജെപിക്കാകട്ടെ, അവരുടെ പ്രോപഗൻഡക്ക് വേണ്ടി ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ വിഭാഗമുണ്ട്. സാമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് വഴിയും സത്യവും അസത്യവും അർധസത്യവും പ്രചരിപ്പിക്കുന്ന ഒരു മെഷിനറി തന്നെ പ്രവർത്തിക്കുന്നു. രാഹുൽ ഗാന്ധിയോ പ്രതിപക്ഷമോ പ്രചരിപ്പിക്കുന്ന റഫാൽ സംബന്ധിച്ച ആരോപണങ്ങളെ മിനിറ്റുകൾക്കുള്ളിൽ വക്രീകരിച്ച് കോൺഗ്രസിനും പ്രതിപക്ഷത്തിനും നേരെ തന്നെ പ്രയോഗിക്കാൻ ശക്തിയുള്ളതാണ് ആ പ്രചാരണ സംവിധാനം. മാത്രമല്ല, സോഷ്യൽ മീഡിയയുടെ കാലത്ത്, പാർട്ടി സംവിധാനം വരെ വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാകുന്നു. ഇതിന് മികച്ച ഉദാഹരണമാണ് ബംഗാളിൽ ബിജെപി നടത്തിയ മുന്നേറ്റം. ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത ബംഗാളിൽ പുറത്ത് നിന്നെത്തിയ ബിജെപി പ്രവർത്തകർ വാട്സാപ്പ് വഴിയാണ് അവിടെ ബിജെപിക്ക് വേണ്ടി സംഘാടനം നടത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റം സംബന്ധിച്ച വ്യാജപ്രചാരണങ്ങളാൽ ധ്രുവീകരണം സൃഷ്ടിക്കുകയായിരുന്നു അവരാദ്യം ചെയ്തത്. ഇൗ ധ്രുവീകരണം ഫലവത്തായിയെന്നതിനുള്ള തെളിവാണ് ഇക്കുറി ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം.

ബംഗാളിൽ ഇത് നടന്നെങ്കിൽ യുപി, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്ന ധ്രുവീകരണം എന്തായിരിക്കുമെന്ന് ഉൗഹിക്കാവുന്നതാണ്. യഥാർത്ഥ ജീവിതപ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയും താൽകാലികമായ വൈകാരിക വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരികയും ചെയ്യുകയാണ് ഇൗ വാട്സാപ്പ് സംവിധാനങ്ങൾ ചെയ്യുന്നത്.

രാജ്യത്തിന്റെ ഭാവി

ഇവിഎം തട്ടിപ്പ് നടന്നാലുമില്ലെങ്കിലും രാജ്യം ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന്റെ പ്രഹരശേഷിയാണ് നാം സാമൂഹ്യമാധ്യമങ്ങളിൽ കാണുന്ന വിദ്വേഷ പ്രചാരണം. അതിന്റെ ബഹിർസ്ഫുരണമാണ് രാജ്യം ഒരുകാലത്തും കാണാത്ത വിദ്വേഷാക്രമണങ്ങളുടെ വർധന. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരായ വിദ്വേഷം അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. അവരോടൊപ്പം തന്നെ രാജ്യത്തെ ലിബറൽ സമൂഹവും ഇൗ ആക്രമണത്തിനിരയാവുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പു കമ്മീഷൻ, സുപ്രീം കോടതി, സിഎെജി തുടങ്ങിയവയിൽ ജനങ്ങൾ്ക്ക് വിശ്വാസം നഷ്ടമാകുന്ന തരത്തിലുള്ള ഇടപെടലുകളുണ്ടാകുന്നു. വിദ്യാഭ്യാസവും സാക്ഷരതയും വർധിക്കുന്തോറും വിദ്വേഷ പ്രചാരണത്തിനും ധ്രുവീകരണത്തിനുമുള്ള സാധ്യത വർധിക്കുന്നു. ഇനി ഒരു തെരഞ്ഞെടുപ്പുണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ഇവിഎമ്മുകൾക്കെതിരായ ആശങ്ക വേറെ. പൊതുതെരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയ കർണാടകയിൽ ദിവസങ്ങൾക്കകം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുന്നത് കണ്ട് രാജ്യം അന്തം വിട്ട് നിൽക്കുന്നു.

ഇൗ ഘട്ടത്തിൽ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് തോൽവിയൽ അന്തം വിട്ടു നിൽക്കുകയാണ്. നിലവിലെ സംഘടനാ സംവിധാനവുമായി രാജ്യത്ത് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ആ പാർട്ടിയെ സമ്പൂർണമായ അഴിച്ചു പണിക്ക് വിധേയമാക്കാൻ ഒരുങ്ങുന്നു. കോൺഗ്രസ് രാജ്യത്ത് സമീപഭാവിയിൽ ഒറു തിരിച്ചു വരവ് നടത്തുമോയെന്ന് ഒരു ഉറപ്പുമില്ലാത്ത സാഹചര്യം.

അതിലുപരിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ ഉത്തരേന്ത്യയിൽ സമർത്ഥമായി തടഞ്ഞു നിർത്തിയ ബഹുജൻ -ദലിത് രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. ഇൗ തിരിച്ചടി, ജാതി രാഷ്ട്രീയത്തെ സമർത്ഥമായി ഉപയോഗിച്ചു പോന്ന എസ്പി, ബിഎസ്പി എന്നീ പാർട്ടികൾക്ക് മാത്രമേറ്റ തിരിച്ചടിയല്ല. മറിച്ച്, ഉത്തർപ്രദേശിലെ എങ്കിലും ജാതി സമവാക്യങ്ങളിൽ മാറ്റമുണ്ടാവുന്നു എന്ന അപകടകരമായ സൂചന കൂടിയാണ്. പിന്നാക്ക വോട്ടുബാങ്ക് എസ്പിക്കും ദലിത് വോട്ടു ബാങ്ക് ബിഎസ്പിക്കുമെന്ന ഫിക്സഡ് ഡെപ്പോസിറ്റ് ബിജെപി തകർത്തിരിക്കുന്നു വേണം മനസിലാക്കാൻ. ഇൗ ജാതി വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ പ്രചാരണം ഫലം കാണുകയും പോസ്റ്റ് മണ്ഡൽ രാഷ്ട്രീയ സമവാക്യങ്ങൾ തകർന്നുവെന്നും മനസിലാക്കേണ്ടി വരും.

മുസ്ലിം രാഷ്ട്രീയമാണ് നിർണായക ദശാസന്ധിയിലെത്തിയിരിക്കുന്നത്. മുസ്ലിം വോട്ടുകൾ നിർണായകമായ എഴുപത്തിരണ്ടിൽ നാൽപതോളം സീറ്റുകളിൽ ബിജെപി വിജയിച്ചതെങ്ങനെയെന്ന ആഴത്തിലുള്ള വിശകലനവും ആവശ്യമാണ്. ആർക്ക് വോട്ടു ചെയ്താൽ സംഘ്പരിവാറിനെ തോൽപിക്കാമെന്ന മുസ്ലിംകളുടെ ചോദ്യത്തിന് ഇന്ന് കൃത്യമായ ഉത്തരം എവിടെയുമില്ലെന്ന ഉത്തരമാണ് ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പു ഫലം ചൂണ്ടിക്കാട്ടുന്നത്. കേരളം ഒരു അപവാദമാണെങ്കിലും.

ഇന്ത്യ മെല്ലെ മെല്ലെ ഒരു മാനേജ്ഡ് ഡെമോക്രസിയായി മാറുകയാണ്. കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു, ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും പേരിന് മാത്രം പ്രവർത്തിക്കുന്ന, പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുന്ന, മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഒരു അർധ ജനാധിപത്യ സംവിധാനം. ഇത്തരം രാജ്യങ്ങളിലുള്ളതിനേക്കാൾ ഭീതിദമായ മറ്റൊരു സാഹചര്യം ഇന്ത്യയിലുണ്ട്. അതിന്റെ ഗുണഭോക്താക്കൾ, ഏതെങ്കിലും വ്യക്തിയോ കോർപ്പറേറ്റുകളോ ജാതിവിഭാഗമോ അല്ല. അത് സംഘ്പരിവാർ എന്ന ഫാഷിസ്റ്റ് സംഘടനയാണ്. അത് ഭീഷണിയാവുക രാജ്യത്തെ ന്യൂനപക്ഷത്തിന് മാത്രമല്ല, ഭൂരിഭാഗം ജനങ്ങൾക്കും ജനാധിപത്യത്തിന് തന്നെയുമാണ്.

എസ്.എ അജിംസ്