ഇപ്പോൾ മുസ്ലിം ലീഗും ഒരു സാധാരണ രാഷ്ട്രീയപാർട്ടിയായി മാറി

2830

ഇന്ത്യ ഒരു നിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. ഒരു ഭാഗത്ത് ബി.ജെ.പിയും മറു ഭാഗത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമാണ്. പ്രതിപക്ഷ നേതൃനിരയിലുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കാവുന്നത്?
അക്കാര്യം കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ബഹുസ്വരത നിലനിര്‍ത്തുകയാണ് ഏറ്റവും പ്രധാനം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുകയാണ് മറ്റൊന്ന്. അതിനു പുറമെ, ഇന്ത്യയിലെ ഓരോ പൗരനും ഒരു നിശ്ചിത വരുമാനം ഉണ്ടാവണം. അതിനുള്ള പദ്ധതി ഞങ്ങളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വരും. നമ്മുടെ ഭരണഘടന വിഭാവനം സെക്യുലറിസം എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നു. ആര്‍ക്കും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കുകയും പ്രാക്ടീസ് ചെയ്യുകയുമാവാം. സ്റ്റേറ്റിനു ഒരു പ്രത്യേക മതമില്ല. ഇതാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. ഒന്നാം യു.പി.എ സര്‍ക്കാറിന്റെ ഏറ്റവും ജനകീയമായ നീക്കമായിരുന്നു തൊഴിലുറപ്പു പദ്ധതി. അതു വിജയിക്കാന്‍ കാണമായി പറയപ്പെടാറുള്ളത് അന്നത്തെ ഇടതുപക്ഷത്തിന്റെ പിന്തുണയും കോമണ്‍ മിനിമം പ്രോഗ്രാമിനെ അടിസ്ഥാനപ്പെടുത്തിയുള്ള നീക്കങ്ങളുമാണ്. രണ്ടാം യു.പി.എ സര്‍ക്കാറില്‍ ഇടതു പിന്തുണ ഉണ്ടായില്ല. അതുകൊണ്ട് കോമണ്‍വെല്‍ത്ത് മുതല്‍ റ്റു.ജി സ്‌പെക്ട്രം വരെയുള്ള അഴിമതിയില്‍ മുങ്ങികുളിച്ചു. ഇത്തവണ അങ്ങനെയൊരു പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ?

തൊഴിലുറപ്പ് പദ്ധതി ഇടതുപപക്ഷത്തിന്റേതല്ല. കോണ്‍ഗ്രസിന്റെ 2004 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയും കോമണ്‍ മിനിമം പ്രോഗ്രാമുമൊക്കെ വരുന്നത് ഇലക്ഷന്‍ കഴിഞ്ഞിട്ടാണ്. കോണ്‍ഗ്രസ് അല്ലാതെ വേറൊരു രാഷ്ട്രീയ പാര്‍ട്ടിയും അതുവരെ തൊഴിലുറപ്പ് പദ്ധതിയെ പോലെ ഒന്നു പറഞ്ഞിട്ടുമില്ല. ഒന്നാം യു.പി.എയുടെ അവസാന ഘട്ടത്തില്‍ ഇടതുപക്ഷം ഞങ്ങളെ ശക്തിയായി എതിര്‍ത്തു. എന്നിട്ടും കൂടൂതല്‍ മികവോടെ ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തി. രണ്ടാം ഘട്ടത്തില്‍ അഴിമതി നടന്നപ്പോള്‍, അതില്‍ പ്രതികളായിരുന്ന രാജ മുതല്‍ കനിമൊഴിവരെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാനുമാണ് ഭരണകൂടം തയാറായത്. പിന്നെ ഇലക്ഷനില്‍ തോറ്റത്, ബിജെപിയുടെ വര്‍ഗീയ പ്രചരണം കൊണ്ടുമാത്രമായിരുന്നു. നോര്‍ത്തിന്ത്യയിലെ ഒരു വൈകാരിക വിഷയമാണ് രാമജന്മഭൂമി. ഗുജ്‌റാത്തില്‍ മുവായിരത്തോളം മുസ്‌ലിംകളെ കശാപ്പ് ചെയ്ത മോദിക്ക്, ബാബരിയുടെ സ്ഥാനത്ത് ക്ഷേത്രമുണ്ടാക്കാനും ആവുമെന്ന വിശ്വാസം അവിടെ ഉണ്ടായി. അതുകൊണ്ടാണ് മോദി അധികാരത്തില്‍ വന്നത്. അല്ലാതെ, ഇടതുപക്ഷക്കാര്‍ വന്നതും പോയതും കൊണ്ടല്ല. 2009-ല്‍ ഞങ്ങള്‍ക്കെതിരെ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നവരാണ് ഇടതുപക്ഷം. ആ അവിശ്വാസ പ്രമേയം അന്ന് പാസായിരുന്നെങ്കില്‍ എല്‍.കെ അദ്വാനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമായിരുന്നു. മന്‍മോഹന്‍ സിംഗ് വീണാല്‍ പിന്നെ വരുന്ന ഇടക്കാല ഗവണ്‍മെന്റിനു നേതൃത്വം നല്‍കേണ്ടത് പ്രതിപക്ഷ നേതാവാകുമല്ലോ. അത് അദ്വാനിയാണ്. അതിനു വേണ്ടി അദ്വാനിയുടെ കൂടെ നിന്നവരാണ് ഇടതുപക്ഷം. ഇടതു പക്ഷം ബിജെപിയോടൊപ്പം ചേരുന്ന ഈ പ്രവണത ഒരു ഘട്ടത്തില്‍ മാത്രമല്ല, നരസിംഹറാവുവിന്റെ കാലത്തുണ്ടായ അവിശ്വാസപ്രമേയത്തിലും അവര്‍ ബിജെപ്പിക്കൊപ്പമായിരുന്നു.

മീഡിയകള്‍ ഇപ്പോള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സര്‍വെകളെല്ലാം സൂചിപ്പിക്കുന്നത് അടുത്ത ഇലക്ഷനില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ലെന്നാണ്. അതിനര്‍ത്ഥം കോണ്‍ഗ്രസിനു പ്രതീക്ഷക്കു വകയില്ലെന്നാണ്?
=ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവില്ലെന്നാണ് സര്‍വെകള്‍ പറയുന്നതെങ്കില്‍, അതിനര്‍ത്ഥം ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയുണ്ടാവുമെന്നു തന്നെയാണല്ലോ. കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു തന്നെയാണ് ഞങ്ങള്‍ പറയുന്നത്. ഇനി അതുണ്ടായില്ലെങ്കില്‍ ആ സന്ദര്‍ഭത്തിനനുസരിച്ച് ബിജെപി വരാതിരിക്കാനുള്ള നിലപാട് ഞങ്ങള്‍ സ്വീകരിക്കും. ഏതു ഘട്ടത്തിലും ബിജെപിയുടെ വരവിനെ തടുത്തു നനിര്‍ത്തിയത് ഞങ്ങളാണ്. ബിജെപിയോടൊപ്പം ചേര്‍ന്നു വി.പി സിംങിനെ പ്രധാനമന്ത്രിയാക്കി കൊണ്ടു നടന്നത് ഇടതുപക്ഷമാണ്. എല്ലാ ബുധനാഴ്ചയും ഇഎംഎസ്, സുര്‍ജിത്ത്, അദ്വാനി, വി.പിസിംങ് എന്നിവര്‍ ഡിന്നര്‍ മീറ്റിംഗ് നടത്തിയിരുന്ന കാലമായിരുന്നല്ലോ അത്. ആ മന്ത്രിസഭ പൊളിഞ്ഞത് മറ്റൊരു കഥയാണ്. ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിനു പ്രധാനമന്ത്രിയാവാന്‍ കൊതിയായി. അയാള്‍ ജാട്ട് വിഭാഗക്കാരനാണ്. അഞ്ചുലക്ഷം വരുന്ന ജാട്ടുകളെ പിടിച്ചു ഡല്‍ഹിയില്‍ അയാള്‍ പ്രകടനം നടത്തിച്ചു. അതിനെ പ്രതിരോധിക്കാന്‍ വി.പി സിംങ് കണ്ടെത്തിയ വഴിയാണ് ജാട്ടുകളെയും യാദവരെയും തമ്മില്‍ തല്ലിക്കുക എന്നത്. അതിനു വേണ്ടി മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ട് എടുത്തു പുറത്തിട്ടു. അങ്ങനെ മുന്നാക്കകാരായ ജാട്ടുകള്‍ക്കെതിരെ യാദവര്‍ വി.പിസിംങിനോടൊപ്പം നിന്നു. ഇങ്ങനെ ഹിന്ദുക്കള്‍ ചേരിതിരിഞ്ഞപ്പോള്‍ അദ്വാനിക്ക് പേടിയായി. വോട്ടു ചോര്‍ച്ച ഭയന്ന അദ്വാനി ഉടനെ രാമജന്മഭൂമി പ്രഷ്‌നവും മറ്റും ഉയര്‍ത്തിക്കാട്ടി ഒരു രഥയാത്ര നടത്തി. ബീഹാറില്‍ വെച്ച് ലാലുപ്രസാദ് യാദവ് രഥയാത്ര തടഞ്ഞു. അതോടൊ വി.പി സിംങ് മന്ത്രിസഭ ആടിയുലയാന്‍ തുടങ്ങി. അവസാനം മധ്യസ്ഥാനായി അദ്വാനിയെ കാണാന്‍ പോയത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു ആയിരുന്നു. ബിജെപിയോട് ഇടതുപക്ഷത്തിനു യാതൊരു വിരോധവുമുണ്ടായിരുന്നില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ആ സമയത്ത് ‘മാധ്യമം’ ദിനപത്രത്തില്‍ ഒരു എഡിറ്റോറിയല്‍ വന്നിരുന്നു. ‘നമസ്‌ക്കരിക്കാന്‍ പള്ളിവേണ്ട, മണ്ണു മതി’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അന്ന് ജമാഅത്തെ ഇസ്‌ലാമി കൊണ്ടുവന്ന ഈ ആശയമാണ് ഇപ്പോള്‍ സുപ്രീംകോടതി ‘മുസ്‌ലിംകള്‍ക്കു നമസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമില്ല’ എന്ന് ബാബറി മസ്ജിദ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. ‘ഇസ്‌ലാം വിട്ടുവീഴ്ചയുടെ മതമാണ്. വിട്ടു വീഴ്ച വേണം. ഹുദൈബിയ സന്ധിയില്‍ മക്കാ-മുശ്‌രിക്കുകളോട് കരാറുണ്ടാക്കുമ്പോള്‍, അതില്‍ അല്ലാഹുവിന്റെ റസൂലായ മുഹമ്മദ് എന്ന് എഴുതിയിരുന്നു. അങ്ങനെ എഴുതാന്‍ സമ്മതിക്കില്ലെന്നും അബ്ദദുല്ലയുടെ മകന്‍ മുഹമ്മദ് എന്നേ എഴുതാവൂ എന്നും മുശ്‌രിക്കുകള്‍ വാശി പിടിച്ചു. നബി അതംഗീകരിച്ചു. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നാക്കി. ഇങ്ങനെ വിട്ടുവീഴ്ച ചെയ്ത ഇസ്‌ലാമിന്റെ അനുയായികള്‍ ബാബരി മസ്ജിദിനു വേണ്ടി തര്‍ക്കിക്കുന്നത് ശരിയല്ല. നമസ്‌കരിക്കാന്‍ പള്ളി വേണ്ട, മണ്ണു മതി’ എന്നൊക്കെയായിരുന്നു ആ എഡിറ്ററിയലില്‍ ഉണ്ടായിരുന്നത്. ജമാഅത്തിന്റെ ലക്ഷ്യം ബിജെപി വന്നാലും വേണ്ടില്ല, കോണ്‍ഗ്രസ് പോയിക്കിട്ടിയാല്‍ മതി എന്നായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിലും ജമാഅത്ത് ഈ രാഷ്ട്രീയത്തോടൊപ്പമായിരുന്നു. ബിജെപിയുടെ മാതൃസംഘടനയായിരുന്ന ജനസംഘത്തി
ന്അദ്വാനിയും വാജിപേയിയും ഉള്‍പ്പെടെ ആറുമന്ത്രിമാരുണ്ടായത് മൊറാര്‍ജി ദേശായിയുടെ കാലത്താണല്ലോ. അന്ന് ഈ ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയുമെല്ലാം അവരോടൊപ്പമായിരുന്നു.
ഇപ്പോള്‍ മുസ്‌ലിംകളിലെ ശിയാക്കളെ ഏതാണ്ടു പൂര്‍ണമായും ബിജെപി സ്വന്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ‘ബാബരി മസ്ജിദ് വാശിപിടിക്കുന്നത് ശരിയല്ല’ എന്ന പ്രമേയം തന്നെ അഖിലേന്ത്യാ തലത്തില്‍ ശിയാക്കള്‍ പാസാക്കിയത്. ബിജെപി മുത്വലാഖ് ഓര്‍ഡിനന്‍സുമായി രംഗത്ത് വന്നത് ഈ ശിയാക്കളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ്. കാരണം ശിയാക്കള്‍ അടിസ്ഥാനപരമായി തന്നെ മുത്വലാഖിനെ എതിര്‍ക്കുന്നവരാണ്. അപ്പോള്‍ ബിജെപി മുത്വലാഖ് ഓര്‍ഡിനെന്‍സ് കൊണ്ടുവന്നതിനു പിന്നില്‍ സുന്നി-ശിയാ വേര്‍തിരിവ് ശക്തമാക്കി മുസ്‌ലിംകളെ ഭിന്നിപ്പിക്കുകയാണ്. അല്ലാതെ മുസ്‌ലിം സ്ത്രീകളോടുള്ള താല്‍പര്യമല്ല.

ഒരു അമ്മയും രണ്ടുമക്കളും കുടുംബ സ്വത്തുപോലെ കൊണ്ടുനടക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്മാറിക്കഴിഞ്ഞു എന്ന വിമര്‍ശം ശക്തമാണ്?
= രാജീവ്ഗാന്ധി മരണപ്പെട്ടപ്പോള്‍ നരസിംഹറാവുവാണ് കോണ്‍ഗ്രസ് പ്രസിഡണ്ടായത്. അതിനു ശേഷം സിതാറാം കേസരിയാണ്. ഇതാണ് കോണ്‍ഗ്രസിന്റെ പൊതു അവസ്ഥ. നെഹ്‌റു കുടുംബത്തെ പോലെ രാജ്യത്തിന്റെ മതേതരത്വത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ഏതു കുടുംബമാണുളളത്? പിന്നെ മക്കള്‍ രാഷ്ട്രീയ ഇവിടെ പലരും അതിനു ശ്രമിക്കാറുണ്ട്. നടക്കാറില്ലെന്നേ ഉള്ളൂ. ഇ.എം.എസ് മകന്‍ ശ്രീധരനെ വിശ്വനാഥമേനോന്‍ ധനകാര്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി. പിന്നെ അടുത്ത ലക്ഷ്യം മകനെ ധനകാര്യമന്ത്രിയാക്കുകയായിരുന്നു. അങ്ങനെയാണ് അടുത്ത ഇലക്ഷനില്‍ മകനെ നിര്‍ത്തിയത്. പക്ഷേ, പി.ബാലനോടു തോറ്റു. കമ്മ്യൂണിസ്റ്റ് നേതാവ് ഡാങ്കേ സ്വന്തം മകളെയല്ലേ എം.പിയാക്കി വളര്‍ത്തികൊണ്ടുന്നവത്. നോര്‍ത്ത് കൊറിയ മുതല്‍ ക്യൂബ വരെയുള്ള രാജ്യങ്ങളില്‍ ഉണ്ടായ കമ്മ്യൂണിസ്റ്റ് കുടുംബാധിപത്യം എല്ലാവര്‍ക്കും അറിയുന്നതാണല്ലോ.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനു ശേഷം ഒരു മുസ്‌ലിമിനു കെപിസിസി പ്രസിഡണ്ട് സ്ഥാനം കിട്ടിയതായി നാം കണ്ടില്ല. എന്തുകൊണ്ടാണത്?
= കോണ്‍ഗ്രസ് ജാതിയും മതവും നോക്കാറില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ എല്ലാവരെയും പരിഗണിച്ചത് കോണ്‍ഗ്രസാണു താനും. ഇവിടെത്തെ ഏറ്റവും വലിയ സമുദായമാണ് ഈഴവര്‍. അവരില്‍ നിന്ന് ഒരു മുഖ്യമന്ത്രിയെ ഇടതുപക്ഷത്തിനു കിട്ടുന്നത് വി.എസ് അച്യുതാനന്ദനും പിന്നെ പിണറായി വിജയനുമാണ്. അതിനു എത്രയോ മുമ്പ് തന്നെ ആര്‍. ശങ്കറെയും സി.കേശവനെയും മുഖ്യമന്ത്രിയാക്കിവരാണ് കോണ്‍ഗ്രസ്. കേരളത്തില്‍ എത്ര മുസ്‌ലിംകളെ സിപിഐഎം പാര്‍ട്ടിസെക്രട്ടറിയാക്കിയിട്ടുണ്ട്? എന്തുകൊണ്ട് നിങ്ങള്‍ അതൊന്നും ചോദിക്കുന്നില്ല? പല മുസ്‌ലിംകളെയും രാഷ്ട്രപതിമാരായും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായും ഞങ്ങള്‍ വെച്ചിട്ടുണ്ട്. അത് മതം നോക്കിയല്ല. സാഹചര്യങ്ങളാണ്. ജാതിയും മതവും നോക്കുന്ന ഏര്‍പ്പാട് മുഹമ്മദലി ജിന്നയുടേതാണ്. അതാണ് ഇന്ത്യയെ വെട്ടിമുറിച്ചത്. ജിന്ന ആ അപകടവാദം ഉയര്‍ത്തിയിരുന്നില്ലെങ്കില്‍ ഏറ്റവും പവര്‍ഫുളായ ജനതയായി ഇന്ത്യന്‍ മുസ്‌ലിംകള്‍ മാറുമായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ളത് ഇന്തോനേഷ്യയിലാണ്. അതിലേറെ മുസ്‌ലിംകളാണ് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍പ്പെടുന്ന പ്രദേശത്തുള്ളത്. അതിനെയാണ് ജിന്നകൊണ്ടുപോയി തകര്‍ത്തത്. ജിന്നയുടെ അധികാരമോഹം മാത്രമായിരുന്നു അതിനു പിന്നില്‍.
മതവിശ്വാസമില്ലാത്ത തനിയൊരു പാശ്ചാ്യനായിരുന്നു ജിന്ന. വിവാഹം കഴിച്ചത് ഒരു പാഴ്‌സിമതക്കാരിയെ. അങ്ങനെയുള്ള ആളാണ് മതരാഷ്ട്രവാദം ഉന്നയിച്ചത്. ഗോപാലകൃഷ്ണഗോഗലെയുടെ ആരാധകനായിരുന്നു ഒരു കാലത്ത് ജിന്ന. 1906 ലെ ബോംബെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗോഗലെയോടൊപ്പം ജിന്നയുണ്ട്. ആ സമ്മേളനത്തിലാണ് ആസ്‌ത്രേലിയ മോഡല്‍ സ്വയം ഭരണം വേണമെന്ന പ്രമേയം ബാലഗംഗാതരതിലക് അവതരിപ്പിക്കുന്നതും തുടര്‍ന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നതും. അന്ന് തിലകനെ മോചിപ്പിക്കാന്‍ കോടതി കയറിയ ബാരിസ്റ്ററാണ് ജിന്ന. അന്ന് ഉറച്ച കോണ്‍ഗ്രസ്‌കാരനായിരുന്നു ജിന്ന. പിന്നെ കുറേ കഴിഞ്ഞപ്പോള്‍, സ്വാതന്ത്ര്യാനന്തരം വരുന്ന ഭരണസംവിധാനത്തില്‍ നെഹ്‌റുവിനെയും പട്ടേലിനെയും പോലുള്ള വലിയ നേതാക്കളുള്ളപ്പോള്‍ തനിക്ക് യാതൊന്നും കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് ലീഗിലേക്ക് പോയതും പാകിസ്ഥാന്‍ വാദം ഉന്നയിച്ചതും. പാകിസ്ഥാന്‍ രൂപീകൃതമായപ്പോള്‍ അതിന്റെ കോണ്‍സ്റ്റുവന്റ് അസംബ്ലിയില്‍വെച്ച് ജിന്ന പാക് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗം ബിജെപി നേതാവായിരുന്ന ജസ്വന്ത്‌സിംങ് തന്റെ ‘ജിന്ന: ഇന്ത്യ, പാര്‍ട്ടീഷന്‍, ഇന്‍ഡിപെന്റന്‍സ്’ എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്: ”ബ്രിട്ടനില്‍ കാത്തലിക്കരും പ്രോട്ടസ്റ്റന്‍ഡ് വിഭാഗവും മതത്തിന്റെ പേരില്‍ തമ്മിലടിച്ചപ്പോള്‍ ആ രാഷ്ട്രം തകര്‍ച്ചയുടെ വക്കോളമെത്തി. അവസാനം അവര്‍ കണ്ടെത്തിയ പോംവഴിയാണ് സ്റ്റേറ്റിനു മതം വേണ്ടെന്നും ഒരു മതത്തോടും സ്റ്റേറ്റിനു പ്രത്യേക കടപ്പാട് വേണ്ടെന്നുമുള്ള നിലപാട്. അതുകൊണ്ട് ഒരു ഭരണഘടന പോലും അവരുണ്ടാക്കിയില്ല. അങ്ങനെ മതവിമുക്തമായി ഭരണകൂടം നിലകൊണ്ടതിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യമായി ബ്രിട്ടന്‍ വളര്‍ന്നു. അതുപോലെ നമ്മുടെ പാകിസ്ഥാനും മതം നോക്കാതെ എല്ലാവരെയും തുല്യരായി കണക്കാക്കി ഒരു ഭരണവ്യവസ്ഥിതിയാവണം.” ജിന്നയുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. 1940 ല്‍ മുസ്‌ലിംലീഗിന്റെ ലാഹോര്‍ സമ്മേളനത്തില്‍ ‘ശിറശമ ശ െിീ േീില യൗ േംേീ ിമശേീി.െ ീില കിറശമ ശ െവശിറൗ കിറശമ.മിീവേലൃ കിറശമ ശ ൊൗഹെശാ കിറശമ’ എന്ന് പ്രസംഗിച്ചയാളാണ് അധികാരം കിട്ടിയപ്പോള്‍ ഇങ്ങനെ മാറ്റി പറയുന്നത്. ജിന്ന വളരെ ജീനിയസായ രാഷ്ട്രീയക്കാരന്‍ തന്നെയാണ്. പക്ഷേ, ലക്ഷ്യം ഇതായിരുന്നു.

ജിന്ന മാത്രമല്ല, ചില കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ഇന്ത്യ വിഭജനത്തിന്റെ ഉത്തരവാദിയാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാന അബുല്‍ കലാം ആസാദ് പോലും തന്റെ ശിറശമ ംശി െളൃലലറീാ ല്‍ പറയുന്നു?
= ആസാദ് അത് പറയാന്‍ ചില കാരണങ്ങള്‍ ഉണ്ട്. ഉത്തര്‍ പ്രദേശില്‍ ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ ലീഗിനെ കൂടി കോണ്‍ഗ്രസ് കൂടെ കൂട്ടണമെന്ന അഭിപ്രായക്കാരനായിരുന്നു ആസാദ്. പക്ഷേ, അത് അംഗീകരിക്കപ്പെട്ടില്ല. കോണ്‍ഗ്രസ് വെറുമൊരു ഹിന്ദുപാര്‍ട്ടിയാണെന്ന വാദക്കാരനായിരുന്നു ജിന്ന. അതുകൊണ്ട്, ഹിന്ദു കോണ്‍ഗ്രസ് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. വിഭജനത്തിന്റെ ചൂടും പുകയും നിറഞ്ഞ സമയത്ത് ആസാദായിരുന്നു കോണ്‍ഗ്രസ് പ്രസിഡണ്ട്. അന്നൊരു പ്രധാന ചര്‍ച്ചക്കായി അദ്ദേഹം ജിന്നയെ വിളിച്ചപ്പോള്‍ ്യീൗ മൃല ിീ േമ രീിഴൃല ൈുൃലശെറലി.േ ്യീൗ മൃല ീിഹ്യ മ വെീം യീ്യ ീള ശിറശമി ിമശേീിമഹ രീിഴൃല.ൈ ശ റീി’ േംമി േീേ റശരൌ ൈുീഹശശേര െംശവേ ്യീൗ എന്നായിരുന്നു ജിന്നയുടെ മറുപടി. ഈ ജിന്നയാണ് അധികാരം കിട്ടിയപ്പോള്‍ മാറിമറിഞ്ഞത്.

?
= ഒരിക്കലുമില്ല. അച്യുതാന്ദന്‍ സര്‍ക്കാര്‍ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഒരു അഫ്ഡവിറ്റ് കൊടുത്തിരുന്നു. പ്രായ വ്യത്യാസത്തിനതീതമായി എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്നായിരുന്നു അത്. ഞങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ അതു ശരിയല്ലെന്നും നൂറ്റാണ്ടുകളായി അവിടെ നടക്കുന്ന ആചാരം തുടരാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും അത് വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള നമ്മുടെ ഭരണഘടനയുടെ ആര്‍ടിക്ള്‍ 25-ന്റെ ഭാഗമാണെന്നും, അതുകൊണ്ട് നിലവിലെ ആചാരം സംരക്ഷിക്കപ്പെടണമെന്നും പറഞ്ഞ് ഞങ്ങള്‍ അഫ്ഡവിററ് കൊടുത്തു. അതിനെ മറികടന്നാണ് പിണറായി വിജയന്‍ വേറൊന്ന് കൊടുത്തത്. ഞങ്ങള്‍ ഉമ്മന്‍ചാണ്ടി മന്ത്രി സഭകൊടുത്തതില്‍ ഉറച്ചു നില്‍ക്കുന്നു. പിന്നെ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. വ്യത്യസ്ത വീക്ഷണക്കാര്‍ അതിലുണ്ടാവും. മുമ്പ് ഞാന്‍ സൂചിപ്പിച്ചല്ലോ, തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്‍, പണ്ടു നിലക്കല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള അവകാശ തര്‍ക്കത്തിനിടെ ക്ഷേത്രത്തിന് ആരോ തീ കൊടുത്തു. ഇക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ‘ഒരു ക്ഷേത്രം കത്തി നശിച്ചാല്‍, അത്രയും അന്ധവിശ്വാസം നാട്ടില്‍ നിന്ന് നഷ്ടപ്പെട്ടുകിട്ടും’ എന്ന മറുപടിയാണ് കേശവന്‍ പറഞ്ഞത്. അപ്പോള്‍ ഈ നിലപാടുകാരും കോണ്‍ഗ്രസിലുണ്ട്.

ശബരിമല പ്രശ്‌നം വന്നപ്പോള്‍, ഭരണഘടനയുടെ ആര്‍ടിക്ള്‍ 25 ചൂണ്ടിക്കാട്ടി വിശ്വാസികളുടെ വികാരങ്ങള്‍ മാനിക്കണമെന്നും ആചാരങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും പറയുന്ന താങ്കള്‍ മുത്വലാഖ് പ്രശ്‌നത്തില്‍ വിശ്വാസികളുടെ വികാരങ്ങളെ അവഗണിക്കുന്നതും മത നിയമങ്ങളെ തള്ളികളയണമെന്നു പറയുന്നതും വൈരുദ്ധ്യമല്ലേ?
= മുത്വലാഖിന് ഞാന്‍ എതിരാണ്. അത് ശരീഅത്താണെന്നു പറയുന്നതിനോടും യോജിപ്പില്ല. 1930ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ മുഹമ്മദന്‍സ് ലോ ആണത്. ഇന്നത്തെ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ ഈ രാജ്യങ്ങള്‍ക്കെല്ലാം അന്ന് ഈ നിയമം ബാധകമാണ്. ഈ നിയമം 1961 ല്‍ പാകിസ്ഥാന്‍ മാറ്റി. ഇങ്ങനെ പല രാജ്യങ്ങളും പല പരിഷ്‌കരണങ്ങളും വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ മുത്വലാഖിനെ അപരിഷ്‌കൃതമായിട്ടാണ് ഞാന്‍ കാണുന്നത്. പക്ഷേ, ഇന്ത്യന്‍ നിയമമനുസരിച്ച് ഹിന്ദു സ്‌പെഷ്യല്‍ മാരേജ് ആക്ട് പോലെ ഇതും ഒരു സിവില്‍ മാറ്റര്‍ ആണ്. പക്ഷേ, അതിനെ ക്രിമിനലാക്കാണ് മോദി ശ്രമിക്കുന്നത്. ഹിന്ദുവിനു വരുമ്പോള്‍ സിവില്‍ നിയമവും മുസ്‌ലിമിനു വരുമ്പോള്‍ ക്രിമിനലുമാവുന്നതിനോടു യോജിക്കാനാവില്ല. അതുകൊണ്ടാണ് ബിജെപിയുടെ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തത്. ഞാന്‍ മുത്വലാഖ് നിരോധന ബില്ലിന് അനുകൂലമാണ്. പക്ഷേ, അതിനു ക്രിമിനല്‍ ആക്ഷന്‍കൊണ്ടുവരുന്നതിനോടു യോജിപ്പില്ല. അത് അനീതിയാണ്.

ഒരാള്‍ തന്റെ ഭാര്യയെ മുത്വലാഖ് ചൊല്ലിയാല്‍, വിവാഹ ബന്ധം വേര്‍പിരിയുമെന്നും, അതേ സമയം മതത്തില്‍ നിഷിദ്ധമായ മുത്വലാഖ് ചൊല്ലിയതിന് ഭര്‍ത്താവിനെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമമാണ് വേണ്ടത്. അതാവുമ്പോള്‍ ശരീഅത്ത് നിയമം സംരക്ഷിക്കപ്പെടുകയും മുത്വലാഖ് ദുരുപയോഗം തടയുകയും ചെയ്യാം?
= ഇങ്ങനെയൊരു നിര്‍ദേശം മത സംഘടനകള്‍ ഉയര്‍ത്തിയിട്ടില്ല.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുഡിഎഫിലെ മുസ്‌ലിം പ്രാതിനിധ്യം ലീഗ് കൊണ്ടുപോവുകയും കോണ്‍ഗ്രസിലെ മുസ്‌ലിംകള്‍ നിരാശരാവുകയും ചെയ്യുന്ന പ്രവണതയുണ്ട്?
= കേരളത്തില്‍ ലീഗിനു കുറച്ച് കൂടുതല്‍ സീറ്റുകള്‍ കൊടുക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഇവിടെ അവര്‍ ഒരു ഫോഴ്‌സ് ആണ്. മാര്‍കിസ്റ്റ് പാര്‍ട്ടിയാണ് ലീഗിനെ ആദ്യം മന്ത്രിസഭയില്‍ എടുത്തതും രണ്ടു മന്ത്രിമാരെ കൊടുത്തതും. ലീഗും മാര്‍കിസ്റ്റും ചേര്‍ന്നാണ് ഞങ്ങളെ വെറും ഒമ്പത് അംഗങ്ങളാക്കി മാറ്റിയത്. അതിന്റെ കൗണ്ടര്‍പൊളിറ്റിക്‌സാണ് ലീഗിനെ മുന്നണിയിലെടുത്ത് ഞങ്ങള്‍ കളിച്ചത്.

മറ്റു കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി മുസ്‌ലിം ലീഗുമായി താങ്കള്‍ ഇടക്കിടക്ക് ഏറ്റുമുട്ടാറുണ്ടല്ലോ. മലപ്പുറംജില്ലയിലെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പാണോ ഈ ലീഗ് വിരുദ്ധതക്കു പിന്നില്‍?
= നിലനില്‍പ്പും കപ്പാസിറ്റിയും കോണ്‍ഗ്രസിനുള്ളതുകൊണ്ടാണ് ഏറ്റുമുട്ടുന്നത്. ലീഗും കോണ്‍ഗ്രസും അടിസ്ഥാനപരമായി തന്നെ അഭിപ്രായ വ്യത്യാസം ഉള്ളവയാണ്. അവരും ഞങ്ങളും തമ്മില്‍ വളരെ അന്തരമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗവും ഉയര്‍ത്തുന്നത് യുഎഡിഎഫിന്റെ മാനിഫെസ്റ്റോ ആയിരിക്കും. അതില്‍ മാത്രമാണ് ഞങ്ങളുടെ യോജിപ്പ്. അതില്‍ വിയോജിപ്പില്ല. ലീഗിന്റേത് ഒരു മുസ്‌ലിം കള്‍ച്ചറാണ്. ഞങ്ങളുടേത് എല്ലാ മതങ്ങളും ഉള്ള ഒരു കള്‍ച്ചറാണ്. അവര്‍ക്ക് മറ്റു മതങ്ങളോട് എതിര്‍പ്പില്ലെങ്കിലും, മുസ്‌ലിംകളുടെ കാര്യം വന്നാല്‍ അവരുടെ പക്ഷത്ത് നിവര്‍ത്തിയില്ലാതെ നില്‍ക്കേണ്ടി വരുന്നു. ഞങ്ങള്‍ ന്യായത്തിന്റെ ഭാഗത്തായിരിക്കും. ചിലപ്പോള്‍ അത് ഹിന്ദുവിന്റെയും മറ്റു ചിലപ്പോ മുസ്‌ലിമിന്റെയും വേറെ ചിലപ്പോ രണ്ടിനെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുമാവാം. ഇപ്പോള്‍ അവരും ഒരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. പണ്ടത്തെ അല്ലാഹുഅക്ബറും ഹമാരേ തക്ബീറും പറയുന്ന പാര്‍ട്ടിയല്ല. അവരുടെ കാഴ്ചപാടുകളില്‍ വളരെ വ്യത്യാസം വന്നു. തൊഴിലാളി സംഘടനകളും മഹിള സംഘടനകളും അധ്യാപക സംഘടനകളുമൊക്കെയായി. നിങ്ങളുടെ, സുന്നികളുടെ സ്ത്രീരംഗപ്രവേശ കാഴ്ചപ്പാടിനെ മാറ്റിനിര്‍ത്തിയല്ലേ അവര്‍ വനിത സംഘടനയൊക്കെ ഉണ്ടാക്കി മുന്നോട്ടു വന്നത്. പണ്ടത്തെ ലീഗ് അതല്ല. യൂത്ത് ലീഗിന്റെ ഭാഗത്തു നിന്നെല്ലാം വലിയ മാറ്റങ്ങള്‍ കാണുന്നു. അവര്‍ക്ക് ഇനിയൊരു സാധാരണ രാഷ്ട്രീയ പാര്‍ട്ടിയാവാനാകും.

ലീഗിമായുള്ള കൊമ്പുകോര്‍ക്കലിന്റെ ഭാഗമായിരുന്നോ ശിഹാബ് തങ്ങള്‍ ആത്മീയ നേതാവല്ലെന്നും മറ്റുമുള്ള താങ്കളുടെ പ്രസ്താവനകള്‍?
= എല്ലാ മതങ്ങളുടെയും ആത്മീയ നേതാക്കളെ, എനിക്കതില്‍ വിശ്വാസമില്ലെങ്കില്‍ പോലും, ഞാന്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. പക്ഷേ, അവര്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടി വരും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു മത പുരോഹിതനാണ്. അയാളെ വിമര്‍ശിക്കാന്‍ പാടില്ലേ? ബിജെപിയുടെ പല നേതാക്കളും സ്വാമിമാരാണ്. അവരെ രാഷ്ട്രീയമായി വിമര്‍ശിക്കാതിരിക്കാനാവില്ലല്ലോ. മുഹമ്മദലി ശിഹാബ് തങ്ങളെ വ്യക്തിപരമായി ഞാനൊന്നും പറഞ്ഞിട്ടില്ല. ചില നയങ്ങളെയാണ് എതിര്‍ത്തത്. കറകളഞ്ഞ വ്യക്തിത്വവും വിദ്യാസമ്പന്നനും ഏറ്റവും യോഗ്യനുമായിരുന്നു ശിഹാബ് തങ്ങള്‍. എന്റെ കാഴ്ചപ്പാടില്‍ മതവും രാഷ്ട്രീയവും രണ്ടാണ്. അതിനെ രണ്ടായിതന്നെ കാണാന്‍ സാധിക്കണം. മറ്റേത് ജമാഅത്തെ ഇസ്‌ലാമിയുടെ കാഴ്ചപ്പാടാണ്. മൗദൂദിയാണ് ജനാധിപത്യത്തെ പരിഹസിക്കുകയും, മുസ്‌ലിംകള്‍ക്ക് മാത്രം വോട്ടവകാശമുള്ള ഒരു സംവിധാനത്തെ കുറിച്ച് പറയുകയും ഖുര്‍ആന്‍ മാത്രമായിരിക്കണം ഭരണഘട എന്നു വാദിക്കുകയും ചെയ്തത്. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പോലും അത് അംഗീകരിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയെ ഒരു രാഷ്ട്രീയ സംഘടനയായിട്ടാണ് ഞാന്‍ കാണുന്നത്. ആദ്യം അവര്‍ അനിസ്‌ലാമികമെന്നു പറഞ്ഞു ഇലക്ഷന്‍ ബഹിഷ്‌കരിച്ചു. പിന്നെ വോട്ടുചെയ്യാന്‍ തുടങ്ങി. അതിനു ശേഷം മൂല്യം നോക്കിയുള്ള വോട്ടായി.

ജമാഅത്തെ ഇസ്‌ലാമി കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ വലിയൊരു സംഘശക്തിയൊന്നുമല്ല. എന്നിട്ടും എന്തിനാണ് അവരെ ഇങ്ങനെ വിമര്‍ശിച്ചു വിമര്‍ശിച്ചു വലുതാക്കുന്നത്?
= വലുതാക്കുകയല്ല. വിമര്‍ശനങ്ങളേറ്റ് അവര്‍ ചെറുതാവുകയാണ്. അവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. കാപട്യത്തിന്റെ കുത്തകകളാണവര്‍. അതുപോലെ തന്നെ പി.ഡി.പിയും. കളമശ്ശേരി ബസ് കത്തിച്ച സംഭവമൊക്കെ എനിക്ക് നല്ലപോലെ അറിയാം. ഞാനന്നു മന്ത്രിയാണ്. അതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി മാറാതിരിക്കാന്‍ വലിയ ജാഗ്രതയാണ് അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. മഅ്ദനിയുടെ ഭാര്യയൊക്കെ ആ കേസില്‍ പ്രതിയാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് ലക്ഷ്യം രാഷ്ട്രീയമാണെങ്കില്‍, പിഡിപിയുടേത് കാശിന്റെ ഏര്‍പ്പാടാണ്.

മഅ്ദനിയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ ഇപ്പോഴും താങ്കള്‍ തിരിച്ചറിയുന്നില്ല. ജോസഫ് മാഷിന്റെ കൈപത്തിയെ കുറിച്ചു വാചാലമാവുമ്പോള്‍, മഅ്ദനിയുടെ കാലിനെ കുറിച്ച് മിണ്ടാട്ടമില്ല?
= മഅ്ദനിയെ ഇപ്പോള്‍ പടച്ചവന്‍ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ നിന്ന് മൂത്രിക്കുന്നവനാണെന്ന് പ്രസംഗിച്ചു നടന്നിരുന്നയാള്‍ ഇപ്പോ നിന്നാണ് മൂത്രിക്കുന്നത്. പടച്ചോന്‍ കൊടുക്കുന്നതാണിതൊക്ക. കോയമ്പത്തൂര്‍ സ്‌ഫോടനകേസിലെ അദ്ദേഹത്തിന്റെ പങ്കെന്താ? എങ്ങനെയാണയാള്‍ അതില്‍ നിന്ന് ഊരിപ്പോന്നത്? അതിനെയൊക്കെ അപേക്ഷിച്ച് ലീഗ് പതിനായിരം മടങ്ങ് മെച്ചമാണ്. ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് ശിഹാബ് തങ്ങളൊക്കെ എടുത്ത നിലപാട് എത്ര മനോഹരമാണ്. സ്വന്തം അണികളുടെ വികാരങ്ങളെ പോലും അവര്‍ക്ക് അവഗണിക്കേണ്ടി വന്നു. കാറില്‍ ബോംബുമായി വരുമ്പോള്‍ അത് കുഴിയില്‍ ചാടി ബോംബ് പൊട്ടിയാണ് മഅ്ദനിയുടെ കാല് പോവുന്നത്. അത് ആര്‍എസ്എസാണെന്ന് ആദ്യം പറഞ്ഞു നോക്കി. പക്ഷേ, അത് വിജയിച്ചില്ല. വോട്ടു തരാം എന്നു പറഞ്ഞു പലരില്‍ നിന്നും ഇവര്‍ കാശ് വാങ്ങിയത് എനിക്കറിയാം. ഒരു ഇലക്ഷനില്‍ പി.വി തങ്കച്ചനില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ട്. അതുപോലെ പലരില്‍ നിന്നും. അതുകൊണ്ട് എറണാകുളത്തവര്‍ ഒരു കെട്ടിടം വാങ്ങി.

സഖാവ് കുഞ്ഞാലിയുടെ വധത്തിലെ പ്രതിയാണല്ലോ താങ്കള്‍. എന്തിനാണ് കുഞ്ഞാലിയെ കൊന്നത്?
= ചുള്ളിയോട് എസ്റ്റേറ്റില്‍ ഒരു തൊഴിലാളി യൂണിയന്‍ ഉണ്ടായിരുന്നു. അവിടെ കൂലി പ്രശ്‌നം വന്നപ്പോള്‍ ഞങ്ങളും മുതലാളിയും തമ്മില്‍ തര്‍ക്കം വന്നു. അതില്‍ മുതലാളിയുടെ സംരക്ഷകാനായി കുഞ്ഞാലി വന്നു. തൊഴിലാളികളുടെ ജോലി തടഞ്ഞു. അങ്ങനെ അവിടെ കുഞ്ഞാലി വേറെ ആളുകളെ കൊണ്ടുവന്നു ജോലിക്കു വെച്ചു. പണി നിഷേധിച്ചതിനു ഞങ്ങള്‍ കോഴിക്കോട് ലേബര്‍ കോര്‍ട്ടില്‍ കേസ് കൊടുത്തു. കുഞ്ഞാലി കൊണ്ടുവന്നവരും അതിനിടെ കൂലി പ്രശ്‌നം പറഞ്ഞു സിഐടിയുവില്‍ നിന്ന് രാജിവെച്ച് ഞങ്ങളുടെ കൂടെ ചേര്‍ന്നു. അതിനിടെ ചെലവ് കാശ് വാങ്ങാന്‍ പോവുന്നവരെ കുഞ്ഞാലിയുടെ നേതൃത്വത്തില്‍ തടഞ്ഞു. അതോടെ രംഗം വഷളായി. അതിനിടെ ഞങ്ങള്‍ നിന്നിരുന്ന കെട്ടിടം ആക്രമിക്കാന്‍ കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം വന്നു. ഞങ്ങള്‍ മുകളിലായിരുന്നു. താഴെ ആളുകളുള്ളത് ഞാന്‍ അറിയില്ല. ഞങ്ങളെ അക്രമിക്കാന്‍ വരുന്ന വരവില്‍ താഴെയുള്ളവരാണ് വെടിവെച്ചത്. അപ്പോഴും എന്റെ വിചാരം വെടിവെച്ചത് അക്രമിക്കാന്‍ വന്നവരാണെന്നാണ്. അപ്പോഴാണ് ആരോ പറയുന്നത് കേട്ടത്, സഖാവിനെയാണല്ലോ വെടിവെച്ചത്. അപ്പോഴേകും പോലീസ് എത്തി ഞങ്ങളെ അറസ്റ്റ് ചെയ്തു. യഥാര്‍ത്ഥത്തില്‍ തൊഴിലാളികളുടെ കൂടെ ഞങ്ങള്‍ നിന്നു എന്നതാണ് ഞങ്ങളുടെ തെറ്റ്. പിന്നെ മരിച്ചുപോയ ഒരാളെ കുറിച്ച് കൂടുതല്‍ പറയേണ്ടന്നു കരുതി മിണ്ടാതിരിക്കുകയാണ്. അതുകൊണ്ടാണ് 1980ല്‍ ഞാന്‍ നിലമ്പൂരില്‍ തെരഞ്ഞെടുപ്പില്‍ നിന്നപ്പോ, ആര്യാടന്‍ കൊലയാളിയല്ലെന്നു മാര്‍കിസ്റ്റുകാര്‍ പറഞ്ഞു രംഗത്തിറങ്ങിയതും എന്നെ ജയിപ്പിച്ചതും. വേണമെങ്കില്‍ എന്റെ രാഷ്ട്രീയം അന്നവര്‍ക്ക് അവസാനിപ്പിക്കാമായിരുന്നു.

 മലപ്പുറം ജില്ലയുടെ രൂപീകരണത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത ഒരാളാണ് താങ്കള്‍. പക്ഷേ, ജില്ല വന്നപ്പോ ആ ആനുകൂല്യം ഉപയോഗപ്പെടുത്തി ആദ്യത്തെ ഡി.സി.സി പ്രസിഡണ്ടാവുകയും ചെയ്തു. കാലം കുറേ കഴിഞ്ഞു. മലപ്പുറം ജില്ല തന്നെ വിഭജിച്ചു തിരൂര്‍ ജില്ല ഉണ്ടാക്കണമെന്ന ചര്‍ച്ചകളിലേക്ക് നമ്മുടെ നാട് എത്തിയിരിക്കുന്നു. എന്തു തോന്നുന്നു? 

= മലപ്പുറം ജില്ല രൂപീകരണത്തെ എതിര്‍ത്തവരാണ് ഞാനും മൊയ്തു മൗലവിയും. ജില്ലകൊണ്ട് വികസനം വരില്ല എന്നതു തന്നെ കാരണം. വികസനം വേണമെങ്കില്‍ ജില്ലയല്ല, ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് വേണ്ടത്. പക്ഷേ, ജില്ലകൊണ്ട് ഇപ്പോള്‍ കുറച്ച് കിട്ടി. മലപ്പുറം ജില്ല വന്നിട്ടും ഇരുപതുകൊല്ലകാലം ഇവിടെ മാറ്റങ്ങളുണ്ടായില്ല. പഞ്ചായത്തീരാജും നഗരപാലിക ആക്ടുമാണ് വികസനത്തിനു വഴി തുറന്നത്. എന്റെ അഭിപ്രായത്തില്‍ ഇവിടെ ഇനി മറ്റൊരു ജില്ലക്ക് പ്രസക്തിയില്ല. ഇപ്പോള്‍ ആനുകൂല്യങ്ങളെല്ലാം വിതരണം ചെയ്യപ്പെടുന്നത് ജനസംഖ്യാനുപാതികമായിട്ടാണ്. അതുകൊണ്ട് പുതിയ ജില്ല വന്നാലും ഇപ്പോള്‍ കിട്ടുന്നതേ കിട്ടൂ.
താങ്കളുടെ മതപരമായ വിശ്വാസ അനുഷ്ഠാനങ്ങളുടെ അവസ്ഥ
=എനിക്ക് ഒരു മതങ്ങളോടും എതിര്‍പ്പില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. മുസ്‌ലിംകള്‍ മാത്രമേ സ്വര്‍ഗത്തില്‍ കടക്കൂ എന്ന വാദം ഖുര്‍ആനിലില്ല. ഇസ്‌ലാമില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സകാത്താണ്. അതു ഞാന്‍ കൊടുക്കാറുണ്ട്. നിസ്‌കാരം പിന്നെ വല്ലപ്പോഴുമേ ഉള്ളൂ.