ഇറാനും ഹിജാബും; പ്രതിനിധാനത്തിന്റെ പൊരുത്തക്കേടുകള്‍

946
muslim woman with flag

ഹിജാബ് എന്ന മുസ്ലിം ശിരോവസ്ത്രം വിപ്ലവങ്ങള്‍ക്കും അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കുമെല്ലാം ഹേതുവായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്ഥിതിവിശേഷമാണിന്ന്. ആഴ്ചകളായി ഏകാധിപത്യത്തിന്റെ അടയാളമായി ഹിജാബിനെ ഉയര്‍ത്തിക്കാട്ടി ഇറാനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ട് വയസ്സുള്ള മെഹസ അമീനി എന്ന പെണ്‍കുട്ടിയെ ഹിജാബ് ശരിയായ വിധം ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയില്‍ വച്ചെന്നും അതിനെ തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹിജാബ് കത്തിക്കല്‍,മുടി മുറിക്കല്‍ തുടങ്ങിയ സമര മുറകളുമായി സ്ത്രീകള്‍ മുന്‍നിരയില്‍ അണിനിരക്കുന്ന ഈ സമരത്തില്‍ ഇനി ഒരു മെഹസ അമിനി ആവര്‍ത്തിക്കരുത് എന്ന മുദ്രാവാക്യം എല്ലാ നഗരങ്ങളിലും പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, വസ്ത്ര സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ആരംഭിച്ച പ്രസ്തുത സമരം ഇറാനിലെ ഭരണകൂടത്തിനെതിരെയുള്ള വന്‍ വിപ്ലവമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇനാമിലെ സ്ത്രീ അധ:സ്ഥിതിയുടെയും അക്രമത്തിന്റെയും അനീതിയുടെയും ജയിലിനുള്ളിലാണെന്ന പാശ്ചാത്യന്‍ താല്‍പര്യം വീണ്ടും പുതിയ രീതിയില്‍ പരിഷ്‌കരിച്ചു വരുന്നതായി അനുഭവപ്പെടുന്നുണ്ട്. എന്നുമാത്രമല്ല, മൂടുപടത്തിനുള്ളില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട സ്ത്രീ എന്ന ആസ്വസ്ഥ്യം മതവിമര്‍ശകരുടെ ചാനലുകളില്‍ പെരുകിത്തുടങ്ങി എന്നുള്ളതും ഒരു യാഥാര്‍ഥ്യം തന്നെയാണ്. ‘മുഹമ്മദ് പഠിപ്പീരില്‍ ലോകം കണ്ടത്’ തുടങ്ങിയ തലക്കെട്ടുകളുടെ അവസ്ഥകളെ വിശകലനം ചെയ്യുന്നതിന് മുമ്പ് വിപ്ലവത്തിന്റെ പശ്ചാത്തലങ്ങളും ശിരോവസ്ത്രത്തെ പറ്റിയുള്ള ഇസ്ലാമിന്റെ സംസാരങ്ങളും ഭരണകൂടവുമായുള്ള പൊരുത്തക്കേടുകളുമെല്ലാം അനാവരണം ചെയ്യല്‍ ഇവിടെ അനുപേക്ഷിണീയമാണ്.


ഇറാനെ വിലയിരുത്തേണ്ടത്
മതവംശീയ വിഭാഗങ്ങള്‍ക്കതീതമായി ശിരസ്സ് മൂടുന്ന ഹിജാബ് ധരിക്കുക, ശരീരത്തോട് ചേര്‍ന്നുകിടക്കാത്ത വസ്ത്രം ആയിരിക്കുക, മാറുമുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കുക തുടങ്ങിയ നിബന്ധനകളില്‍ 1979 ഇറാനിലെ വിപ്ലവാനന്തര ഭരണത്തില്‍ വന്ന ശിഈ നേതാവ് റൂഹുള്ള ആയത്തുള്ള ഖുമൈനിയാണ് ഈ നിയമം പ്രഖ്യാപിക്കുന്നത്. 1983 നു ശേഷം ഈ നിയമം നിലവില്‍ വന്നു ചട്ടം ലംഘിക്കുന്നത് 74 ചാട്ടയടിക്ക് വിധേയമായേക്കാവുന്ന കുറ്റകരമായി ഗണിക്കപ്പെടുന്നു. പിന്നീട് അതിന്റെ പേരില്‍ അറസ്റ്റും നിലവില്‍ വരുന്നു. നിയമം പാലിക്കാതെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ വയ്യെന്നായി. അന്നു മുതല്‍ തുടങ്ങിയ അതൃപ്തികളാണ് ഇറാനില്‍ ഇന്ന് കൂടുതുറന്ന് ഗര്‍ജ്ജിക്കുന്ന പ്രക്ഷോഭമായി അനുഭവപ്പെടുന്നത്. ഭൂശാസ്ത്രപരമായ ഇറാന്റെ കിടപ്പിനും ഈ വിപ്ലവത്തിന്റെ വ്യാപനത്തില്‍ വ്യക്തമായ പങ്കുണ്ട്. ഇതിന് മുമ്പ് തന്നെയും ഭരണകൂടത്തിനെതിരെയുള്ള യുവതയുടെ ചോദ്യങ്ങള്‍ എന്നും അടിച്ചമര്‍ത്തിയ ചരിത്രം മാത്രമാണ് ഇറാനിനുള്ളത്. 2007ല്‍, പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ചൂണ്ടിക്കാട്ടിയുണ്ടായ സമരത്തില്‍ വെടിയേറ്റ സുല്‍ത്താന എന്ന സംഗീതജ്ഞയുടെ മരണമായിരുന്നു സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നാല്‍ ഇന്നത് മെഹ്സ അമീനിയാണ്.
ആദ്യകാലങ്ങളില്‍ ഇറാനെ കെട്ടിയിട്ടിരുന്ന ചങ്ങലകള്‍ പലതും വിപ്ലവാനന്തരവും കെട്ടഴിയാതെ കിടന്നത് പുതിയ തലമുറയെ സ്വാധീനിക്കുകയും ആത്യന്തികമായി അവരുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുകയും ചെയ്തു എന്നുള്ളത് തീര്‍ച്ചയാണ്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഭരണകൂടത്തിന്റെ ചിട്ടകള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതരാണ്. മുടി നീട്ടിവളര്‍ത്തല്‍, ഷോട്ട്സ്,ജീന്‍സ്,ഷര്‍ട്ട് തുടങ്ങിയവ ധരിക്കല്‍ ഇറാനിലെ സദാചാര നിയമങ്ങള്‍ക്ക് എതിരാണ്. ഗഷ്തയെ ഇര്‍ഷാദ് എന്ന പേരില്‍ അറിയപ്പെടുന്ന സദാചാര പൊലീസുകാര്‍ക്കാണ് ഇത്തരക്കാരെ നേര്‍വഴിയിലാക്കാനും അറസ്റ്റ് ചെയ്യാനുമുള്ള അവകാശം. യഥാര്‍ഥത്തില്‍ ഇത്തരം ഹിജാബ് സംഘര്‍ഷങ്ങള്‍ക്ക് ഇറാന്‍ മുമ്പും വേദിയായിട്ടുണ്ട്. എന്നാല്‍, പുരുഷ സ്ത്രീ പങ്കാളിത്തത്തോടെ ഇത്ര ജനസാന്ദ്രതയേറിയതും പതിവിലും ക്ഷോഭ്യവുമായ പ്രതികരണ സ്വഭാവം ഇത് ആദ്യമായാണ്. ഇറാനില്‍ നടക്കുന്ന ഈ വിപ്ലവത്തില്‍ പല രാജ്യങ്ങളും അപലപിച്ചെങ്കിലും നഗരങ്ങളിലെ വിപ്ലവത്തിന്റെ തീവ്രത സമാനനിലയില്‍ തന്നെ തുടരുകയാണ്.


ഹിജാബ് പീഡന പര്യായമാണെന്ന വ്യവഹാരം
ശിരോവസ്ത്രമഴിക്കല്‍ പുരോഗതിയുടെ ആദ്യത്തെ സൂചകമാണ് എന്ന പാശ്ചാത്യന്‍ ചുവ ഇസ്ലാമിനെതിരെ സദാപ്രയോഗിക്കുന്ന മുറകളിലെ പ്രഥമ ആയുധമാണ്. എന്നാല്‍, ഇസ്ലാമിന്റെ ഈ കരുതല്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെയും സമാധാനത്തിന്റെയും അളവ് താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഈ ആയുധം വെറും മൂര്‍ച്ചയില്ലാത്ത ഫലകപ്രയോഗം മാത്രമാണെന്നതാണ് സത്യം. ഇസ്ലാമില്‍ സ്ത്രീ അഴിക്കുള്ളിലാണെന്ന് വരഞ്ഞു തീര്‍ക്കാന്‍ സ്ത്രീ വാദികളും യൂറോപ്പും എന്നും മിടുക്കുള്ളവരാണ്. ഓസ്ട്രേലിയയില്‍ പ്രസിദ്ധീകരിച്ച ബ്രൂക്കിന്റെ നയന്‍ പാര്‍ട്സ് ഓഫ് ഡിസയര്‍ (മോഹത്തിന്റെ ഒന്‍പത് ഭാഗങ്ങള്‍), ഫാത്തിമ മെര്‍നീസിയുടെ മുഖപടത്തിനുമപ്പുറം എന്നീ കൃതികളെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
പുറമേയുള്ള പ്രതീകങ്ങള്‍ക്കുള്ളിലുള്ള ശരികള്‍ പലപ്പോഴും മറക്കപ്പെടുകയാണ്. യു.എസ്സിലേക്ക് പലായനം ചെയ്ത ഇറാനിയന്‍ പത്രപ്രവര്‍ത്തക മാസിഹ് അലി നജാദ് ഹിജാബ് മൂവ്മെന്റ് ബര്‍ലിന്‍ വാള്‍ മൂവ്മെന്റ് സമാനമാണെന്ന് വിശേഷിപ്പിച്ചപ്പോള്‍, ഇവര്‍ അമേരിക്കന്‍ ഏജന്റ് ആണെന്നാണ് ആയതുല്ലാഹ് ഖുമൈനി പറഞ്ഞത്. സമൂഹത്തിന്റെ ജനാധിപത്യ ആശകളെ പര്‍വതീകരിച്ച് കശാപ്പ് ചെയ്യുന്ന ഒരുതരം സയണിസ്റ്റ് ചുവ ഇവിടെയെല്ലാം പ്രകടമാകുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതാണ്. അതേസമയം ഹാംബര്‍ഗിലെ ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ആന്‍ഡ് ഏരിയ സ്റ്റഡീസില്‍ മേരി ക്യൂറി ഫെല്ലോയായ ഇറാനി വനിത സാറ ബസൂബന്ദി ഈ വിപ്ലവത്തെ നോക്കിക്കണ്ടത് ഇറാനിലെ സ്ത്രീകള്‍ അവരുടെ കാലങ്ങളായുള്ള ആവലാതികളെ തുറന്നു കാട്ടി എന്ന രീതിയിലാണ്. ഇതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇറാനില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. അടിസ്ഥാനപരമായി ഈ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വസ്ത്രധാരണ നിയമങ്ങള്‍ക്കെതിരെയുള്ള കേവലം കലാപം അഴിച്ചു വിടല്‍ എന്നു മാത്രമല്ല, അടിസ്ഥാന രാഷ്ട്രീയ, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കായുള്ള ആവശ്യങ്ങളെ പ്രതീകവത്കരിക്കുക കൂടിയാണ്. അതിനൊക്കെയപ്പുറം വിമര്‍ശനങ്ങള്‍ക്കെല്ലാം വിപരീതമായി ഈ ശിരോവസ്ത്രം നിരാകരണം ഇസ്ലാമിനെയോ ഇസ്ലാമിക മൂല്യങ്ങളെയോ നിരാകരിക്കണം എന്നല്ല അര്‍ഥമാക്കുന്നത് എന്ന് ബസൂബന്ദി വാദിക്കുന്നുണ്ട്.


ഹിജാബെന്ന നിലപാട്
അല്ലാഹു ഖുര്‍ആനില്‍ കല്‍പ്പിക്കുന്നു: ‘അവര്‍ അവരുടെ മക്കനകള്‍(ഖിമാര്‍)അവരുടെ വസ്ത്രത്തിന്റെ മാറുകള്‍ക്ക് മീതെ താഴ്ത്തിയിട്ടുകൊള്ളട്ടെ ‘(അന്നൂര്‍ 31)ഇതല്ലാതെയും ഹിജാബിനെ കല്‍പ്പിക്കുന്ന ആയത്തുകളും ഹദീസുകളും ധാരാളമാണ്. ശിരോവസ്ത്രം ഇസ്ലാമില്‍ സ്ത്രീയ്ക്ക് നിര്‍ബന്ധമാണ് എന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളോ ഭിന്നതകളോ നിലനില്‍ക്കുന്നില്ല.
മുസ്ലിം സ്ത്രീ ജീവിതത്തെ പറ്റിയുള്ള അജ്ഞത മതത്തിന്റെ സങ്കീര്‍ണതയും സങ്കുചിതത്വവുമായി കാണാനാണ് ലോകം എപ്പോഴും പഠിച്ചത്. ഇസ്ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നില്ല, ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുന്നില്ല, അത് സന്തോഷവും ആനന്ദവും നല്‍കുന്ന ഇടമാണ് എന്ന് കനേഡിയന്‍ പണ്ഡിതയും ഇസ്ലാം മത പരിവര്‍ത്തിതയുമായ കാതറിന്‍ ബുള്ളോക്ക് മുസ്ലിം പെണ്ണും മുഖപടവും എന്ന തന്റെ പഠനത്തില്‍ സംഗ്രഹിക്കുന്നുണ്ടെന്ന് വായനക്കാര്‍ക്ക് കാണാം. ഒരു മനുഷ്യ വ്യക്തിയെ സംബന്ധിച്ചിടത്തോളം വസ്ത്രമെന്നുള്ളത് നഗ്നത മറക്കലാണ് എന്നതിനുമപ്പുറം അതൊരു ഭാഷയാണ്, സംസ്‌കാരമാണ്, സന്ദേശവുമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയുടെ തെരഞ്ഞെടുപ്പിന്റെ അശാന്തതയാണ് ഇറാനിലും അതേ സമയം തന്നെ ഇന്ത്യയിലും അരങ്ങേറുന്നത്. ഹിജാബ് കേസില്‍ ജസ്റ്റിസ് സുധാം ഷൂ ധൂലിയയുടെ നിലപാട് ‘ഹിജാബ് ധരിക്കുക എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്, അവിടെ മതത്തില്‍ അനിവാര്യമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല’എന്നതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടത്തിനെതിരെയുള്ള അസഹിഷ്ണുതകള്‍ മതത്തിന്റെ അനീതിയായി കണ്ട് ആഹരിക്കുന്നതിനു മുമ്പ് അടിത്തറകള്‍ അറിയാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. അതിനെല്ലാമുപരി തല മറക്കുന്നവളുടെ തെരഞ്ഞെടുപ്പുകള്‍ തലമുറകള്‍ക്ക് തേജസ് ആവേണ്ടതുണ്ട്.

ഫൗസിയ വഫിയ്യ കൈപ്പുറം