ഈ വിഷമഘട്ടത്തിലും മുസ്ലിംകൾ ഇന്ത്യയിൽ തന്നെ വിശ്വസിക്കും

2589

സഫർ ആഗ
വിവ: അബൂറജബ്

മുന്നൂറിലധികം എം.പിമാരുടെ പിന്തുണയോടെ നരേന്ദ്ര മോദി അധികാരം നിലനിർത്തിയതിന്റെ പിറ്റേന്ന്, മെയ് 24-ന് രാവിലെ എന്റെ ഫോൺ ബെല്ലടിച്ചു. പാകിസ്താനിലെ ലാഹോറിൽ നിന്നുള്ള പത്രപ്രവർത്തക സുഹൃത്ത് മുസമ്മൽ സുഹ്റവർദിയാണ് വിളിച്ചത്. ഞാനത് അവഗണിച്ചു. ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ എതിർപ്പുകളെല്ലാം തകർന്നുവീഴുകയും, താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും എന്റെ ചില സഹപ്രവർത്തകരുടെ കണക്കുകൂട്ടലുകളും വരെ തെറ്റുകയും ചെയ്തുവെന്ന് ബോധ്യമായതോടെ എന്നെപ്പോലുള്ള ലിബറലുകൾ തലേദിവസം വൈകുന്നേരമായതോടെ വിഷാദത്തിന് അടിമകളായിക്കഴിഞ്ഞിരുന്നു. എന്താണ്, എന്തുകൊണ്ടാണ് സംഭവിച്ചത് എന്ന് മറ്റൊരാൾക്കുകൂടി വിശദീകരിച്ചു കൊടുക്കാനുള്ള മനോനിലയില്ലാത്തതു കൊണ്ടാണ് ഞാൻ കോൾ എടുക്കാതിരുന്നത്.
മുസമ്മൽ പക്ഷേ, അവിടെ നിർത്തിയില്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയാൾ വീണ്ടും വിളിച്ചു. ഇത്തവണയും ഞാൻ ഫോണെടുത്തില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെപ്പറ്റി സംസാരിക്കാനാണ് ആ വിളിയെന്ന് എനിക്കറിയാം. പക്ഷേ, പാകിസ്താനിലേതു പോലെ ഇന്ത്യയിലും വലതുപക്ഷം സമഗ്രവിജയം നേടിയതിനെപ്പറ്റി ഒരു പാകിസ്താനി മാധ്യമപ്രവർത്തകനോട് സംസാരിക്കാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്ത്യയിലെ ലിബറലുകൾ, ആധുനിക കാലത്തും “ഇസ്ലാമിക’ രാജ്യത്ത് ജീവിക്കുന്ന അവരെ അത്ര നല്ല നിലക്കല്ല കണ്ടിരുന്നത്. അപ്പോൾ പിന്നെ “ഹിന്ദു പാകിസ്താനെ’ പറ്റി ഞാനെന്തു പറയാൻ? പക്ഷേ, ഒരു മണിയോടെ മുസമ്മൽ വീണ്ടും വിളിച്ചു. ഇത്തവണ എടുക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഒരു താൽപര്യവുമില്ലാതെ, സത്യം പറഞ്ഞാൽ ഒരൽപം ഭയത്തോടെയാണ് ഞാൻ കോൾ അറ്റൻഡ് ചെയ്തത്.
എന്റെ ഏറ്റവും വലിയ പേടിസ്വപ്നം പുലരാൻ തുടങ്ങി. എന്നെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്:”ആഗാ സാഹിബ്, എന്താണ് ഇന്ന് നിങ്ങൾ എന്നെ ഒഴിവാക്കുന്നത്?’ ഞാനെന്തെങ്കിലും തിരിച്ചുപറയും മുമ്പ് അദ്ദേഹം തുടർന്നു: “പേടിക്കേണ്ട കെട്ടോ. ഞങ്ങൾ നിങ്ങൾക്ക് പാകിസ്താനിൽ രാഷ്ട്രീയ അഭയം നൽകാം.’ ഞാൻ കുപിതനായി, ഇതുവരെ ഒരിക്കൽപോലും പോയിട്ടില്ലാത്ത പാകിസ്താനിലേക്ക് ഞാൻ കുടിയേറുമെന്ന് താങ്കളെങ്ങനെ തീരുമാനിച്ചുവെന്ന് പരുക്കനായി ചോദിച്ചു.
മുസമ്മൽ പരിഹാസപൂർവം തടുർന്നു: “ഞങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക് ഒാഫ് പാകിസ്താൻ സ്ഥാപിച്ച് 1947-ൽ തന്നെ അത് പ്രഖ്യാപിച്ചു. നിങ്ങൾ മതേതര രാജ്യമാണെന്ന് നടിക്കുകയും അതേപ്പറ്റി മിഥ്യാഭിമാനം കൊള്ളുകയും ചെയ്തു. പക്ഷേ, ഇപ്പോഴിതാ നിങ്ങൾ ഹിന്ദു റിപ്പബ്ലിക് ഒാഫ് ഇന്ത്യ ആയിക്കഴിഞ്ഞിരിക്കുന്നു.’ അവിടെയും നിർത്താതെ തലേന്ന് താൻ നടത്തിയ ഒരു ടി.വി പരിപാടിയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. “ജിന്നയുടെ ദ്വിരാഷ്ട്ര വാദം ശരിയായിരുന്നു എന്ന മോദി തെളിയിച്ചു’ എന്നായിരുന്നു പരിപാടിയുടെ കാതൽ. ആരോ പിന്നിൽനിന്നു കുത്തിയതു പോലെ എനിക്കുതോന്നി. ഞാൻ മരവിച്ചിരുന്നുപോയി. നിമിഷങ്ങൾക്കകം ഞങ്ങളുടെ സംഭാഷണം അവസാനിച്ചു. ഫോൺ വെക്കുമ്പോൾ എന്റെ കവിളിലൂടെ കണ്ണീരൊലിക്കുന്നുണ്ടായിരുന്നു.
മെയ് 23 ഉച്ച തിരിഞ്ഞതുമുതൽ, ഇന്ത്യയിലെ ഒാരോ മുസ്ലിമിനെയും വേദനിപ്പിക്കുന്ന കാര്യമാണ് മുസമ്മൽ പറഞ്ഞത്. മുസമ്മിലിനെ പോലെ മയമില്ലാതെയും ക്രൂരമായും അത് സമ്മതിക്കാൻ ആരും തയ്യാറായിരുന്നില്ലെന്നു മാത്രം. തെരഞ്ഞെടുപ്പുഫലം ഇന്ത്യയിലെ ഒാരോ മുസ്ലിമിനെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന യാഥാർത്ഥ്യം സമ്മതിക്കാതിരിക്കുന്നത് സ്വയം പൊട്ടൻ കളിക്കുന്നതിനു തുല്യമാണെന്ന് എനിക്കറിയാം.
എന്റെ പിതാവ് മറ്റനേകം മുസ്ലിംകളെപ്പോലെ 1947-ൽ പാകിസ്താനിലേക്ക് കുടിയേറാൻ വിസമ്മതിച്ചയാളായിരുന്നു. കിടപ്പുമുറിയുടെ ചുവരുകൾ നിറയെ മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ തൂക്കിയ ഗാന്ധിയനായിരുന്നു അദ്ദേഹം. ഗാന്ധിയും നെഹ്റും എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന “ഗംഗ യമുന തസ്ഹീബ്’ (ഇന്ത്യൻ സംസ്കാരം) ആണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്. മതേതര, ലിബറൽ ഇന്ത്യയിൽ ജീവിതത്തിന്റെ മുക്കാൽ പതിറ്റാണ്ടോളം ചെലവഴിച്ച എന്നോട് ഒരു പാകിസ്താനി പറയുകയാണ്, ഒരു മുസ്ലിം എന്നനിലയിൽ എനിക്ക് “ഹിന്ദു റിപ്പബ്ലിക് ഒാഫ് ഇന്ത്യ’യിൽ സ്ഥാനമില്ലെന്ന്. ഞാൻ തകരുകയും മരവിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ മുസ്ലിംകളുടെ വഴിയുടെ അവസാനമാണോ ഇതെന്ന് ഞാൻ ഭയന്നു.
ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും മെയ് 23-ന് ശേഷം ഒാരോ ഇന്ത്യൻ മുസ്ലിമിന്റെയും വികാരം ഇതാണ്. എന്തിന് മുസ്ലിംകൾ മാത്രം? എല്ലാ ലിബറൽ ഹിന്ദുക്കളിലും അതേവികാരത്തിന്റെ ഭാരമുണ്ട്. മുസ്ലിംകൾക്കിത് വെറും ഞെട്ടലല്ല; എന്നപ്പോലെ, ഇൗ രാജ്യത്ത് തങ്ങളുടെ വഴി അടഞ്ഞുപോയോ എന്ന് കരുതാൻ അവർ നിർബന്ധിതരായിരിക്കുകയാണ്.
ഏതായാലും, അടൽ ബിഹാരി വാജ്പേയിയെ പോലെ സമർത്ഥനായ ഒരു നേതാവല്ല നരേന്ദ്ര മോദി. ഇന്ത്യൻ മുസ്ലിംകൾ “രണ്ടാംകിട പൗരന്മാർ’ (മധ്യകാലത്ത് അടിമത്തത്തെ സൂചിപ്പിക്കാനുപയോഗിച്ചിരുന്ന പദം) ആയിരിക്കണമെന്ന ഗോൾവാൾക്കരുടെയും സവർക്കറുടെയും ആശയം പിന്തുടർന്ന് “പുതിയ ഭാരതം’ സൃഷ്ടിക്കാൻ കച്ചകെട്ടിയിറങ്ങിയ സ്വയംപ്രഖ്യാപിത ഹിന്ദുത്വ ഭടനാണയാൾ. ഹിന്ദുക്കൾ ചെയ്യേണ്ടതില്ലാത്തത് മുസ്ലിംകൾ ചെയ്യേണ്ടിവരും, ഘെട്ടോകളിൽ ജീവിക്കേണ്ടിവരും, തുല്യഅവസരവും വിവേചനത്തിനെതിരായ സംരക്ഷണവും നിയമത്തിനു മുന്നിലെ തുല്യതയുമെല്ലാം മറക്കേണ്ടിവരും. എല്ലാത്തിനുമുപരി നിശ്ശബ്ദരായിരിക്കാനും അനീതിക്കെതിരെ ശബ്ദമുയർത്താതിരിക്കാനും നിയമാനുസൃത അവകാശങ്ങളെപ്പറ്റി സംസാരിക്കാതിരിക്കാനും അവർ പഠിക്കേണ്ടിവരും.
ചരിത്രപരമായി നോക്കുമ്പോൾ, 1857-ൾ മുഗൾ സാമ്രാജ്യത്വത്തെ തകർത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ മുസ്ലിംകളെ സാംസ്കാരിക പ്രതിസന്ധിയിലേക്കു തള്ളിയിട്ടതിനു സമാനമായ സാഹചര്യമാണ് 2019-ലെ മോദിയുടെ രണ്ടാം വരവ്. മോദിയുടെ ഏകപക്ഷീയമായ വിജയത്തോടെ ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യാ സങ്കൽപങ്ങൾ തകർന്നു തരിപ്പണമായിരിക്കുന്നു. ഭരണഘടനയിൽ “മതേതരത്വം’ എന്നപദം ഉൾപ്പെടുത്തിയതിന് ഇന്ദിര ഗാന്ധിയെ കാലങ്ങളായി കുറ്റപ്പെടുത്തുന്ന പാർട്ടിയാണ് ബി.ജെ.പി. ഇന്നല്ലെങ്കിൽ നാളെ ആ പദം എടുത്തുകളയുമെന്ന് എൽ.കെ അദ്വാനി പലതവണ പറഞ്ഞിട്ടുള്ളതാണ്. ആർ.എസ്.എസിന്റെ “ഹിന്ദുരാഷ്ട്ര’ സങ്കൽപം ഒൗപചാരികമായിത്തന്നെ യാഥാർത്ഥ്യമാവുകയാണ് ചെയ്യുന്നത്. ഒരു ഹിന്ദുരാഷ്ട്രത്തിൽ ജീവിക്കുകയെന്നാൽ എന്താണെന്ന് മുസ്ലിംകൾ ഇപ്പോൾ തിരിച്ചറിയുകയും ചെയ്യുന്നു. പാകിസ്താനിൽ അവിടുത്ത ഹിന്ദുക്കൾ നേരിട്ടതിനു സമാനമായ സാഹചര്യമാണിത്. അതായത്, ഇനിയിവിടെ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും മുസ്ലിംകൾക്കും അവകാശങ്ങൾ ഉണ്ടായിരിക്കുകയില്ല എന്നർത്ഥം.
കഴിഞ്ഞ എഴുപത് വർഷങ്ങൾ ഇന്ത്യയിൽ മുസ്ലിംകൾക്ക് ഒന്നും കിട്ടിയിട്ടില്ലെന്ന് കരുതുന്ന മുസ്ലിംകളുണ്ട്. കൂട്ടക്കൊലകൾ അരങ്ങേറുന്ന കലാപങ്ങളും 2002-ലെ ഗുജറാത്ത് വംശഹത്യയും ഇവിടെ നടന്നു. സർക്കാർ തലത്തിലെ രണ്ടാംകിട ജോലികളും “മുസ്ലിം ക്വോട്ട’ തികയ്ക്കേണ്ടതുണ്ടെന്നതിനാൽ കിട്ടുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളുമാണ് ഇൗ കാലയളവിന്റെ ബാക്കിപത്രങ്ങൾ. എന്നാലും, വിഭജനത്തിന്റെ ഭ്രാന്തൻകാലത്തു പോലും ഇന്ത്യൻ മുസ്ലിംകൾ ഇത്രത്തോളം അരക്ഷിതരായിട്ടില്ല. നമ്മെപ്പോലുള്ള വിദ്യാസമ്പന്നരായ മുസ്ലിംകൾ നെഹ്റുവിന്റെ ഇന്ത്യാ സങ്കൽപത്തെ മുറുകെ പിടിക്കുകയാണ് ചെയ്തത്; 1992 ഡിസംബർ ആറിലെ ഹീനമായ ബാബരി മസ്ജിദ് ധ്വംസനമുണ്ടായിട്ടുപോലും. മോദിയുടെ രണ്ടാംവരവിൽ പക്ഷേ, എല്ലാം നഷ്ടമാവുകയാണ്. മോദിയുടെ “നയാ ഭാരതി’ൽ മുസ്ലിംകൾക്കു മുന്നിലെ തുരങ്കത്തിനപ്പുറവും ഇരുട്ടാണ്. ആൾക്കൂട്ട അക്രമങ്ങളുടെയും പൊതുജനമധ്യത്തിലെ പരിഹാസത്തിന്റെയും സാമൂഹ്യമാധ്യമങ്ങളിലെ വിദ്വേഷ പ്രചരണത്തിന്റെയും കൊലപാതകങ്ങളുടെയും അനുഭവങ്ങൾ മതി ഇന്ത്യൻ മുസ്ലിംകളെ എന്നെന്നേക്കുമായി അരക്ഷിതരാക്കാൻ.
ഇന്ത്യൻ മുസ്ലിംകളുടെ ചരിത്രമെന്നാൽ ഇൗ സമുദായത്തിന്റെ തകർച്ചയുടെയും ജീർണതയുടെയും ദുഃഖകഥയാണ്. പക്ഷേ, മുസ്ലിംകൾ ഇന്ന് ഉത്കണ്ഠയോടെ ഉറ്റുനോക്കുന്ന ഇൗ ദുരവസ്ഥക്ക് രാഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. അധികാരസ്ഥാപനങ്ങളുടെ സഹായം കൊണ്ടുമാത്രം സമുദായങ്ങൾക്കു മുന്നേറാനാവില്ല. സർക്കാറല്ല സമുദായങ്ങളുടെ വിധിയെഴുതുന്നത്. മറിച്ച്, ബുദ്ധിയുള്ള സമൂഹങ്ങൾ സർക്കാറുകളെ സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുകയും സ്വന്തം വിധി എഴുതുകയുമാണ് ചെയ്യുക.
ഒാരോ സമുദായത്തിനും തങ്ങൾ ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ചു മുന്നോട്ടുപോകാനുള്ള കാഴ്ചപ്പാട് ആവശ്യമാണ്. പക്ഷേ, ദൗർഭാഗ്യവശാൽ ഇന്ത്യൻ മുസ്ലിംകൾ തങ്ങളുടെ മഹോന്നതമായ ഭൂതകാലത്തിലാണ് ജീവിക്കുന്നത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപിച്ച സർ സയ്യിദ് അഹ്മദ് ഖാനെപ്പോലെയുള്ള ചില പരിഷ്കർത്താക്കൾ മാത്രമാണ് സമുദായത്തെ ആധുനികകാലവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ മുസ്ലിംകൾ തങ്ങളുടെ വിധി മതേതര പാർട്ടികൾക്ക് വിട്ടുനൽകുകയാണ് ചെയ്തത്. അവയാകട്ടെ, സാമൂഹ്യ-ബിസിനസ് ലോബികൾക്ക് കീഴടങ്ങുകയും ചെയ്തു. ഭൂരിപക്ഷം ഹിന്ദുക്കളുള്ള ഇൗ രാജ്യത്ത് തുടർച്ചയായി വന്ന സർക്കാറുകൾ ന്യൂനപക്ഷ ക്ഷേമം അവഗണിച്ചു. ന്യൂനപക്ഷങ്ങൾക്കു വേണ്ടി വലിയ പദ്ധതികൾ നടപ്പിലാക്കാൻ അവർ തയ്യാറായ ഘട്ടങ്ങളിലൊക്കെ അത് ന്യൂനപക്ഷ പ്രീണനമായി വിമർശിക്കപ്പെട്ടു.

വിവിധ സർക്കാറുകൾ മുൻകൈയെടുത്തു നടത്തിയ പദ്ധതികൾ പോലും ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറിക്കപ്പെട്ടു. ഉദാഹരണത്തിന്, മൻമോഹൻ സിങ് സർക്കാർ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള ക്ഷേമപദ്ധതികളുൾക്കൊള്ളുന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടുമായി മുന്നോട്ടുവന്നു. പക്ഷേ, അർഹിച്ചവരിലേക്ക് അതിന്റെ ആനുകൂല്യങ്ങൾ അപൂർവമായേ എത്തിയുള്ളൂ. രാഷ്ട്രീയ വിഷയങ്ങളിൽ യാഥാസ്ഥിതിക പണ്ഡിതനേതൃത്വത്തിന്റെ ആഹ്വാനത്തിനൊപ്പം നിൽക്കാൻ പലപ്പോഴും മുസ്ലിം സമൂഹം വിസമ്മതിച്ചു. എന്നിട്ടും ബാബരി മസ്ജിദ്, മുസ്ലിം വ്യക്തിനിയമം തുടങ്ങിയ വിഷയങ്ങളിൽ വലിയ ചലനങ്ങളുണ്ടായി. സമുദായത്തിനകത്തു പക്ഷേ, അതിന് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചില്ല. അതാകട്ടെ, വലതുപക്ഷ ഹിന്ദുത്വത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തതും. എന്നിട്ടും മതേതര പാർട്ടികൾ യാഥാസ്ഥിതിക മുസ്ലിം നേതൃത്വത്തെ തങ്ങളുടെ വക്താക്കളായി പ്രോത്സാഹിപ്പിച്ചു. അത് ലിബറലുകളെയും വലത് ഹിന്ദുക്കളെയും ഒരേപോലെ അസ്വസ്ഥരാക്കി.
കഴിഞ്ഞ അഞ്ചുവർഷത്തിൽ മുസ്ലിംകൾ, പ്രകോപനങ്ങൾക്കിടയിലും താഴ്ന്നുകിടക്കുകയാണ് ചെയ്തത്. വിരലുകൾ പിണച്ച്, തലകൾ താഴ്ത്തി കൊടുങ്കാറ്റ് കടന്നുപോകുമെന്ന പ്രത്യാശയിൽ അവർ കാത്തിരുന്നു. മുസ്ലിം വ്യക്തിനിയമം ഇല്ലാതാക്കാനുള്ള മോദി സർക്കാറിന്റെ നീക്കംപോലും മുസ്ലിംകളെ പ്രകോപിപ്പിച്ചില്ല. മുമ്പ് പലപ്പോഴും ഉണ്ടായിരുന്നതു പോലെ അവർ വലിയതോതിൽ തെരുവിലിറങ്ങിയില്ല. അവർ വീണ്ടും വീണ്ടും കാത്തിരുന്നു. ഹിന്ദുക്കളുടെ പ്രതികരണം ഉണ്ടാകാതിരിക്കാൻ വേണ്ടി അവർ നിശ്ശബ്ദതയും സംയമനവും പാലിച്ചു. പക്ഷേ, തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം ഇന്ത്യൻ മുസ്ലിംകൾ വിഷണ്ണതയിലും ആശയക്കുഴപ്പത്തിലുമാണ്. ഒരുകോടി എഴുപതുലക്ഷം വരുന്ന, രാജ്യത്തെ രണ്ടാമത്തെ വലിയ സമുദായം എണ്ണത്തിൽ പാകിസ്താനിലെ ജനസംഖ്യയുടെ തൊട്ടടുത്തും ബംഗ്ലാദേശ് ജനസംഖ്യയേക്കാളുമുണ്ട്. പക്ഷേ, അവർ അന്ധരാണ്. ഇൗ ദുർഘടാവസ്ഥ മറികടക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് തിരിച്ചറിയാൻ അവർക്കാകുന്നില്ല. പക്ഷേ, ചരിത്രം വഴികാട്ടിയാണങ്കിൽ ഇൗ ഭയാനകമായ കാലവും കടന്നുപോകും. 1857-ലെ ദുഃസ്വപ്നവും വിഭജനത്തിന്റെ ഭയാനകതയുമെല്ലാം ഇപ്പോൾ വിദൂര സ്മൃതികൾ മാത്രമാണ്. മോശം അവസ്ഥ ഏറെനാൾ നിലനിൽക്കുകയില്ല.
പാകിസ്താനിലേക്ക് പലായനം ചെയ്യാനുള്ള മുസമ്മലിന്റെ വാഗ്ദാനം (അവിടെ അദ്ദേഹം എനിക്കൊരു വീട് പോലും കണ്ടെത്തിക്കഴിഞ്ഞു) എന്റെ കുടുംബത്തിന് പുത്തരിയല്ല. അലഹാബാദിൽ ഞങ്ങളുടെ ചെറുപ്പകാലത്ത്, ഒരു സിഖുകാരൻ വീട്ടിൽ വന്നതിനെപ്പറ്റി പിതാവ് പറയാറുണ്ടായിരുന്നു. സിഖുകാർ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കും, മുസ്ലിംകൾ ഇവിടെ നിന്ന് തിരിച്ചും പലായനം ചെയ്യുന്ന കാലം. സിഖുകാരൻ ലാഹോറിൽ തന്റെ പേരിലുള്ള രണ്ട് ബംഗ്ലാവുകളുടെ ചിത്രം പതാവിനെ കാണിച്ച് അലഹാബാദിലുള്ള ഞങ്ങളുടെ രണ്ട് ബംഗ്ലാവുകൾ കൈമാറാമോ എന്ന് ചോദിച്ചു. പിതാവ് അത് നിരസിക്കുകയാണുണ്ടായത്. എന്തുകൊണ്ടാണ് ആ ഒാഫർ വേണ്ടെന്നുവെച്ചത് എന്നു ചോദിച്ചപ്പോൾ പിതാവ് ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്: “നമ്മുടെ പ്രപിതാക്കൾ മറമാടപ്പെട്ടത് ഇവിടെയാണ്. അതിലുപരി, ഇന്ത്യ നമ്മുടെ ജന്മനാടാണ്. എങ്ങനെയാണ് ഞാൻ ജന്മനാട് ഉപേക്ഷിച്ചുപോവുക? നല്ലതും കെട്ടതുമായ കാലങ്ങൾ വരികയും പോവുകയും ചെയ്യും. ബുദ്ധിമുട്ടുള്ള സമയത്ത് ജന്മനാടിനെ ഉപേക്ഷിക്കാൻ പാടില്ല. ജന്മനാട് നഷ്ടപ്പെട്ടാൽ അതൊരിക്കലും തിരിച്ചുകിട്ടില്ല.’
1947-ൽ ഇന്ത്യൻ മുസ്ലിംകളിലെ ഭൂരിഭാഗവും എന്റെ പിതാവിനെ പോലെ തന്നെയാണ് ചിന്തിച്ചത്. അവർ ഇവിടെ തന്നെ നിന്നു. പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നക്ക് ദശലക്ഷക്കണക്കിന് ഇന്ത്യൻ മുസ്ലിംകളെ “ഇസ്ലാമിക് റിപ്പബ്ലിക് ഒാഫ് പാകിസ്താനി’ലേക്ക് പലായനം ചെയ്യിക്കാൻ കഴിഞ്ഞില്ലെങ്കിൽ എങ്ങനെയാണ് എന്റെ സുഹൃത്ത് മുസമ്മലിന് കഴിയുക? ഇന്ത്യ നമ്മുടെ മാതൃഭൂമിയാണ്. എന്തിനാണ് നമ്മൾ ഹിന്ദുത്വക്കു വേണ്ടി അതിനെ ഉപേക്ഷിക്കുന്നത്? “സാരേ ജഹാൻ സേ അച്ഛാ… ഹിന്ദുസ്ഥാൻ ഹമാരാ…’ എന്നെഴുതിയ മുഹമ്മദ് ഇഖ്ബാലിനെ നമുക്ക് വിശ്വാസമാണ്. ഇൗ രാജ്യത്തിലും അതിന്റെ ഭാവിയിലുമുള്ള നമ്മുടെ വിശ്വാസത്തിന് കേടുപറ്റുകയില്ല.

കടപ്പാട്: നാഷണൽ ഹെറാൾഡ്