ഒരു ജൂതപണ്ഡിതന്‍ ഇസ്‌ലാമിനെ വായിക്കുന്നു

2053

(പ്രമുഖ അമേരിക്കന്‍ ഇന്റര്‍ഫെയ്ത്ത് ആക്ടിവിസ്റ്റും ജൂതപണ്ഡിതനുമായ ലീ വെയ്‌സ്മാന്‍ 25 വര്‍ഷമായി ജൂതമത പ്രബോധന രംഗത്തുണ്ട്. തമിഴ്‌നാടില്‍ നിന്ന് സൗത്തേഷ്യന്‍ സ്റ്റഡീസില്‍ പി.എച്ച്.ഡി ചെയ്ത അദ്ദേഹം ഗവേഷണ കാലയളവില്‍ കേരളം സന്ദര്‍ശിക്കുകയും കേരളത്തെ അടുത്തറിയുകയും ചെയ്ത ആളുകൂടിയാണ്. മുജീബ് ജൈഹൂന്‍ അദ്ദേഹവുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഇസ്‌ലാം- ജൂതമതം സഹകരണ സാധ്യതകള്‍, ഇസ്‌ലാമിലെ ആത്മീയത, മലബാറിലെ മുസ്‌ലിംകള്‍ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു)

ജൈഹൂന്‍: ലോകത്തെ രണ്ടു മഹത്തായ വിശ്വാസധാരകളായ ഇസ്‌ലാമും ജൂതായിസവും തമ്മിലുള്ള ചരിത്രപരവും ആത്മീയപരവുമായ ബന്ധങ്ങളാണ് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നത്. ഉദാഹരണത്തിന് വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ടത് പ്രവാചകന്‍ മൂസാ നബിയുടെ നാമമാണ്. മുഹമ്മദ് നബിയുടെ മദീനയിലെ ജീവിതം ജൂതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതു കൂടിയായിരുന്നല്ലോ?

വെയ്‌സ്മാന്‍: സത്യത്തില്‍ ഈ വിഷയത്തിലുള്ള താത്പര്യം എന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അവധി ദിനത്തില്‍ കൊച്ചിയിലെ ഒരു ജൂതകുടുംബത്തില്‍ താമസിക്കുന്ന കാലത്ത് ക്രിസ്ത്യന്‍, ഹിന്ദു, മുസ്‌ലിം കുടുംബങ്ങളായിരുന്നു മധുരപലഹാരങ്ങളുമായി ഞങ്ങളെ സ്വീകരിച്ചത്. അമേരിക്കയിലൊക്കെയുള്ളതുപോലെ ഒരുമിച്ചു ജീവിക്കുക എന്നതിനപ്പുറത്തുള്ള ചില ഏകോപനങ്ങളുടെ സാധ്യത ഞാന്‍ മനസ്സിലാക്കിയത് അന്നായിരുന്നു. എന്റെ ജീവിതത്തില്‍ ഇരുമതക്കാര്‍ക്കിടയിലും അര്‍ഥപൂര്‍ണമായ പല സംയോജനശ്രമങ്ങളും നടത്തിയിട്ടുണ്ട്. നമുക്കിടയില്‍ പൊതുവായ പല കാര്യങ്ങളും കാണാം. പ്രധാനമായി ലോകം അറിഞ്ഞിരിക്കേണ്ട പല ധാര്‍മിക സദാചാര മൂല്യങ്ങള്‍ നമുക്കിടയിലുണ്ട്. നിലവില്‍ ജൂതന്മാരും മുസ്‌ലിംകളും അനാവശ്യ വിദ്വേഷം പുലര്‍ത്തി നിരന്തര സംഘട്ടനങ്ങളിലേര്‍പ്പെടുമ്പോള്‍ മുഴുവന്‍ ലോകത്തോടും ധാര്‍മികതയെ കുറിച്ച് സംസാരിക്കാനുള്ള നമ്മുടെ യോഗ്യതയെ ഇല്ലായ്മ ചെയ്യുകയാണത്.

ജൈഹൂന്‍: ക്രിസ്ത്യാനികള്‍ സ്‌പെയിന്‍ കീഴടക്കിയപ്പോള്‍ അവിടുത്തെ ന്യൂനപക്ഷമായ ജൂതന്മാര്‍ തുടര്‍ജീവിതം നയിക്കാന്‍ തെരഞ്ഞെടുത്തത് മുസ്‌ലിം രാഷ്ട്രങ്ങളായിരുന്നു. അതിനുപുറമേ, അവര്‍ തമ്മില്‍ സാമ്പത്തികമായും ചിലപ്പോള്‍ രാഷ്ട്രീയമായിപ്പോലുമുള്ള സഹകരണങ്ങള്‍ ഉണ്ടായിരുന്നു. പുതിയകാലത്ത് ജൂത മുസ്‌ലിം സഹകരണങ്ങള്‍ ഏതൊക്കെ മേഖലകളില്‍ സാധ്യമാവുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

വെയ്‌സ്മാന്‍: ക്രിസ്ത്യന്‍ ലോകത്തുവെച്ച് ലഭിക്കാത്ത നിയമ സംരക്ഷണങ്ങള്‍ ജൂതസമൂഹത്തിന് ലഭിച്ചത് ആദ്യമായി മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നായിരുന്നുവെന്നത് ഒരു ചരിത്രസത്യമാണ്. അതിന്നര്‍ഥം അവിടെ തീരെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നല്ല. സ്വാഭാവികമായും ചില അധികാരികളുടെ ചില നയങ്ങളുടെ ഭാഗമായി നികുതിയുടെ വിഷയത്തിലും മറ്റും ഭിന്നസ്വരങ്ങളായിരുന്നു ചിലപ്പോള്‍. ഒരുപാടു വിഷയങ്ങള്‍ ഇവിടെ സംസാരിക്കേണ്ടതായി ഉണ്ടെന്നു തോന്നുന്നു. അമേരിക്ക പോലെയുള്ള, നമ്മള്‍ രണ്ടു വിഭാഗക്കാരും ന്യൂനപക്ഷമായ സ്ഥലങ്ങളില്‍ എന്തു കടമയാണ് നമുക്കുള്ളത്, എന്തൊക്കെ നമുക്ക് ചെയ്യാന്‍ കഴിയും, അമേരിക്കക്ക് നമ്മില്‍ നിന്നും നമുക്ക് അമേരിക്കയില്‍ നിന്നും എന്തൊക്കെ പഠിക്കാനുണ്ട് എന്നതാണ് ഒരു വിഷയം. മറ്റൊന്ന്, ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ ഒരു ജൂതനായി ജീവിക്കുക എന്ന വിഷയമാണ്. ലോകത്ത് ഇന്നും ഒത്തിരി ജൂത സമൂഹങ്ങള്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ അധിവസിക്കുന്നവരായുണ്ട്. മൊറോക്കോയില്‍ വലിയൊരു വിഭാഗവും തുര്‍ക്കിയില്‍ ചെറിയ രീതിയിലും ഇറാനില്‍ രണ്ടാമത് വലിയ വിഭാഗമായും ഇന്ന് ജൂത സമൂഹമുണ്ട്. ഇന്ന് യു.എ.ഇയിലും വളര്‍ന്നു വരുന്ന ഒരു ജൂതസമൂഹത്തെ കാണാം. ഏതുരീതിയിലുള്ള പാരസ്പര്യം ഇതിലൂടെ വളര്‍ത്തിയെടുക്കാമെന്നാണ് നാം ആലോചിക്കേണ്ടത്. മൊറോക്കോയുടെ ഉദാഹരണം തന്നെ വളരെ അത്ഭുതകരമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനവിടെ ഉണ്ടായിരുന്ന സമയത്ത് കണ്ട കാഴ്ചകള്‍ അമ്പരപ്പിക്കുന്നതായിരുന്നു. എല്ലാ വിധ ജൂതസമൂഹങ്ങളും തീര്‍ഥയാത്ര നടത്തുന്ന അവിടുത്തെ ജൂതന്മാര്‍ മൊറോക്കോ രാജാവിനു വേണ്ടി പ്രാര്‍ഥന നടത്തുന്ന മനോഹരമായ കാഴ്ചയായിരുന്നു എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്.
മറ്റൊന്ന് വിശുദ്ധ നഗരമായ ജറൂസലമിന്റെ കാര്യത്തിലെ മുസ്‌ലിം ജൂത പ്രാതിനിധ്യമാണ്. ഏറെ സങ്കീര്‍ണവും പ്രശ്‌നകലുഷിതവുമായ ഒരു വിഷയം കൂടിയാണത്. എങ്കിലും, ഏതെങ്കിലുമൊരു നാള്‍ നമ്മള്‍ പരസ്പരം ബന്ധം സ്ഥാപിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സാധിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. നമ്മളിപ്പോഴും പരസ്പര ബന്ധമില്ലാതെ ചര്‍ച്ച ചെയ്യുക മാത്രമാണ്. ഇത്രയും സെന്‍സിറ്റീവായ ഒരു വിഷയം ചര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യം പരസ്പരം അറിയാനും മനസ്സിലാക്കാനും സാധിക്കണം. പ്രതിപക്ഷത്തെ മനസ്സിലാക്കാതെയും സഹാനുഭൂതിയില്ലാതെയുമുള്ള ചര്‍ച്ചകളും സംസാരങ്ങളും വ്യഥാവിലായി മാത്രമേ പര്യവസാനിക്കൂ എന്നതാണ് സത്യം.

ജൈഹൂന്‍: മുസ്‌ലിം-ജൂത ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആദ്യമായി മനസ്സില്‍ കടന്നുവരുന്നത് ഇരുപതാം നൂറ്റാണ്ടിനു മുമ്പും ശേഷവുമുള്ള അതിന്റെ അവസ്ഥാന്തരങ്ങളാണ്. ഇരുപതാം നൂറ്റാണ്ടില്‍, എല്ലാ സമുദായങ്ങളിലും ദേശീയതയെന്ന വികാരത്തിന്റെ ഭീകരമായ ഒരു വളര്‍ച്ച നമ്മളൊക്കെ കണ്ടതായിരുന്നു. അതിന് ലോകവ്യാപകമായുള്ള അന്തര്‍സമുദായ ബന്ധത്തില്‍ വ്യക്തമായ സ്വാധീനവുമുണ്ട്. മൂന്നുതരം ദേശീയതകള്‍ ഒരേസമയം, അല്ലെങ്കില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇക്കാലത്ത് രൂപപ്പെട്ടതായി കാണാം. ജൂതന്മാര്‍ക്ക് ഒരു സ്വതന്ത്ര ഭൂമിയെന്ന ആവശ്യമുന്നയിച്ച് യൂറോപ്പില്‍ നിന്ന് ഉദയംചെയ്ത സയണിസ്റ്റ് പ്രസ്ഥാനവും, ജൂതവിമുക്തമായ ജര്‍മന്‍ ആശയം വിഭാവനം ചെയ്ത ഹിറ്റ്‌ലറുടെ ജര്‍മന്‍ ദേശീയതയും ഇസ്‌ലാമിക ഖിലാഫത്തിന്റെ അവസാനകാലത്ത് രൂപംകൊണ്ട അറബ് ദേശീയതയുമാണ് അവ. സത്യത്തില്‍ ഇത്തരം ദേശീയ സങ്കല്‍പങ്ങള്‍ നമ്മുടെ മതകീയ മൂല്യങ്ങളെപ്പോലും ഹൈജാക്ക് ചെയ്യുകയായിരുന്നില്ലേ? അല്ലാമാ ഇഖ്ബാലൊക്കെ ദേശീയതയെ പരിചയപ്പെടുത്തിയത് മനുഷ്യകുലത്തിന് ശാപമെന്നായിരുന്നു.

വെയ്‌സ്മാന്‍: ഒരു മതാനുയായി എന്ന നിലയ്ക്കും ഒരു മുന്‍ ഹൈസ്‌കൂള്‍ ഹിസ്റ്ററി അധ്യാപകന്‍ എന്ന നിലയ്ക്കും ഞാനൊരിക്കലും ദേശീയതയെ പിന്തുണക്കുന്നില്ല. യൂറോപ്യന്‍ ചരിത്രം വായിക്കുമ്പോള്‍ ദേശീയത എന്തൊക്കെ ദുരന്തങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് മനസ്സിലാകും. ഒരു പ്രത്യേക ചെറുസംഘം രൂപീകരിച്ച് അതിന് വിശുദ്ധ രൂപം നല്‍കുകയെന്നതാണ് ദേശീയതയുടെ ലോജിക്. ആ സംഘത്തിനകത്തു തന്നെ ഒരു പാര്‍ശ്വവത്കൃതസമൂഹത്തെ ഉണ്ടാക്കുകയും അങ്ങനെ ദേശീയത അടിച്ചമര്‍ത്തലിനുള്ള ഒരംഗീകാരമായി മാറ്റുകയും ചെയ്യുന്നു. സയണിസവും നാസിസവും അറബിസവുമെല്ലാം നിങ്ങള്‍ സൂചിപ്പിച്ചപോലെ മതത്തെ മാറ്റിനിര്‍ത്തുകയാണ് ചെയ്തത് എന്നിടത്താണ് അപകടം പതിയിരിക്കുന്നത്. ജനങ്ങളും വര്‍ഗവും ഭാഷയുമൊക്കെ ദൈവിക ബന്ധത്തിനുപകരം കടന്നുവരിക എന്ന ഈ പ്രതിഭാസം മതത്തിന്റെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ വിഗ്രഹാരാധന( ശിര്‍ക്ക്) എന്ന പരിധിയില്‍ വരെ വരാനിടയുണ്ട്.

ജൈഹൂന്‍: നിങ്ങളുടെ എഴുത്തുകളില്‍ പലപ്പോഴും ആത്മീയതയുടെ അംശം നിറഞ്ഞുകാണാറുണ്ട്. സത്യത്തില്‍ ആത്മീയതയില്ലാതെ മതം എന്ന സംജ്ഞപോലും ഇല്ലതന്നെ. മതത്തെ ആത്മീയതയില്‍ നിന്ന് ഹൈജാക്ക് ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇന്ന് നടക്കുകയും മുസ്‌ലിംകളടക്കമുള്ള എല്ലാ സമൂഹങ്ങളെയും അത് ബാധിക്കുകയും ചെയ്തു എന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

വെയ്‌സ്മാന്‍: തീര്‍ച്ചയായും. ഇന്ന് ലോകവ്യാപകമായി, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മതത്തെ കൂട്ടുപിടിക്കുന്ന ഒരുപാട് മൂവ്‌മെന്റുകള്‍ നമുക്കു കാണാം. പക്ഷേ, അത് വെറുമൊരു വര്‍ത്തമാനകാല അസുഖം മാത്രമല്ല, മറിച്ച്, മതത്തിന്റെ ദൗര്‍ഭാഗ്യകരമായ ഒരനന്തരഫലം കൂടിയാണ്. ചിലര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കിടയില്‍ എത്ര തന്ത്രപൂര്‍വമാണ് ദൈവത്തെ തിരുകിക്കയറ്റാറുള്ളത്. രാഷ്ട്രീയ നേതാക്കളെല്ലാം അല്‍പനേരമെങ്കിലും സ്വന്തം ആത്മാവിനൊപ്പം ചെലവഴിക്കാന്‍ തയ്യാറാണെങ്കില്‍ വ്യത്യസ്തമായ ഫലങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്, പക്ഷേ, അവരത് ചെയ്യില്ല എന്നതാണ് സത്യം. ഒരു ധാര്‍മിക രാഷ്ട്രീയം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ സ്വന്തം മുന്‍വിധികളും വൈകല്യങ്ങളും കഴിവുകളും തിരിച്ചറിയാനാവുന്ന വിധത്തില്‍ ആഴത്തിലുള്ള ഒരാത്മപരിശോധന നടത്തുക അനിവാര്യമാണ്. ആത്മീയത എന്നതിലപ്പുറം വ്യക്തമായ സൈക്കോളജി കൂടിയാണത്. നമ്മളാരാണെന്നും എന്തിനാണെന്നുമുള്ള തിരിച്ചറിവ് വരുന്നതോടെ നമ്മുടെ കവിതകളിലും കലകളിലും സകലപ്രവൃത്തികളിലും, വിശേഷിച്ച് മറ്റുള്ളവരുമായുള്ള സംവേദനങ്ങളിലും ആത്മീയതയുടെ അംശം നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നതാണ്.

ജൈഹൂന്‍: നിങ്ങളുടെ ട്വിറ്റര്‍ ടൈംലൈനില്‍ പലപ്പോഴും ഇസ്‌ലാമിന്റെ ബൗദ്ധികതയുടെ രണ്ടു പ്രതീകങ്ങളായ ഇമാം ശാഫി(റ), ഇമാം ഗസ്സാലി(റ) എന്നിവരുടെ ഉദ്ധരണികള്‍ കാണാറുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്രം,തസ്വവ്വുഫ് എന്നീ രണ്ട് ധാരകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഈ രണ്ടു പേരില്‍ നിങ്ങളെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്?

വെയ്‌സ്മാന്‍: വളരെ നല്ലൊരു ചോദ്യം. ജൂതമത ട്രെയിനിംഗുകളുടെ ഭാഗമായി മതനിയമങ്ങള്‍ പലപ്പോഴും ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇമാം ശാഫിയില്‍ തര്‍ക്കശാസ്ത്രത്തിന്റെയും നിയമത്തിന്റെയും ആഴങ്ങളറിഞ്ഞ ഒരാളെ കാണാവുന്നതാണ്. എനിക്കു വല്ലതും നേടാനില്ലെന്ന് തോന്നുന്ന ഒരാളോടും ഞാന്‍ സംവാദത്തിന് മുതിരാറില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രസിദ്ധമാണ്. തസ്വവ്വുഫിലെ എന്റെ താത്പര്യമാണ് ഇമാം ഗസ്സാലിയെ എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടവരാക്കിയത്. മതത്തിന്റെ ആന്തരികാര്‍ഥങ്ങളായ ആത്മീയ ചിന്തകളെ അദ്ദേഹം യുക്തിപൂര്‍വം അവതരിപ്പിക്കുകയുണ്ടായി. മതത്തിന് ആന്തരികാര്‍ഥവും ബാഹ്യാര്‍ഥവുമുണ്ട്. ഇമാം ശാഫി ബാഹ്യാര്‍ഥമായ കര്‍മശാസ്ത്രത്തെയും ഇമാം ഗസ്സാലി ആന്തരികാര്‍ഥമായ തസ്വവ്വുഫിനെയും ജീവിപ്പിച്ചവരാണ്. ഇമാം ഗസ്സാലിയെപ്പോലെ ജൂതമതത്തിനകത്തു നിന്ന് സംവദിച്ച മഹാത്മാവായിരുന്നു റാബി മോശെ (Rabbi Moshe).

ജൈഹൂന്‍: തമിഴ്‌നാട്ടിലെ പി.എച്ച്.ഡി കാലത്ത് പലപ്പോഴും കേരളം സന്ദര്‍ശിച്ചുവെന്ന് പറഞ്ഞല്ലോ. വലിയ ജൂതപാരമ്പര്യമുള്ള കൊച്ചിയിലെ ജൂതത്തെരുവും ജൂതമലയാളമെന്ന ഭാഷാരൂപവുമടക്കമുള്ള ഓര്‍മകള്‍, ഒരുപാട് ലോക സംസ്‌കാരങ്ങളുടെ കേന്ദ്രമായ കൊച്ചിയിലെ മതസൗഹാര്‍ദാനുഭവങ്ങള്‍?

വെയ്‌സ്മാന്‍: ഒരു ജൂതനെന്ന നിലയ്ക്ക് ജൂതത്തെരുവെന്ന പേരിലുള്ള ഒരു തെരുവ് തന്നെ വലിയ അത്ഭുതമായിരുന്നു എനിക്ക്. എന്നെ കണ്ടപ്പോള്‍ തന്നെ നിങ്ങളുടെ സിനഗോഗ് അവിടെയാണെന്ന് ആവേശപൂര്‍വം ചൂണ്ടിക്കാണിച്ചു തന്ന അവിടുത്തെ ജനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. നിങ്ങള്‍ സൂചിപ്പിച്ച ജൂതമലയാളമെന്ന ഭാഷ പാടിക്കേള്‍ക്കുമ്പോള്‍ അതിമനോഹരമായിരുന്നു. കേരളത്തിലെ ജൂതരാജാവായിരുന്ന ജോസഫ് റബാനെ കുറിച്ചുള്ളതായിരുന്നു ആ ഗാനങ്ങളില്‍ ചിലത്. സൗത്തിന്ത്യയില്‍ ഒരു ജൂതഭരണം ഉണ്ടായിരുന്നു എന്നതുപോലും പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. തമിഴും സംസ്‌കൃതവും കൂടിച്ചേര്‍ന്ന ‘മണിപ്രവാളം’ പോലെ ജൂതപശ്ചാത്തലത്തിലുള്ള ഹീബ്രു, അരാമിക് ഭാഷകള്‍ ചേര്‍ന്നുള്ള ഗാനങ്ങളാണവ. ഇന്ന് ഇസ്‌റായേലില്‍ പോലും കൊച്ചിയിലെ ആചാരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള കൊച്ചിനി സിനഗോഗുകള്‍ പ്രവര്‍ത്തിക്കുന്നതു കാണാം. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കേരളം സന്ദര്‍ശിച്ച സമയത്ത് അനുഭവിച്ച ഇന്റലക്ച്വല്‍ കള്‍ച്ചറും, രാഷ്ട്രീയവും മതവും മറ്റെല്ലാം ഒരുപോലെ സംസാരിച്ചിരുന്ന അവിടുത്തെ വിദ്യാര്‍ഥികളും അത്ഭുതമായിരുന്നു. സിനഗോഗില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മറ്റെല്ലാ മതക്കാരും ചേര്‍ന്ന് ആശീര്‍വദിക്കുന്ന കാഴ്ച ലോകത്ത് വേറെയെവിടെയും ഉണ്ടാകാനിടയില്ലാത്തതും ഞാന്‍ അനുഭവിച്ചിട്ടില്ലാത്തതുമാണ്.

ജൈഹൂന്‍: യൂറോപ്പിലെ ജൂതസമൂഹം ഹിറ്റ്‌ലര്‍ക്കു കീഴില്‍ അനുഭവിച്ച ഹോളോകോസ്റ്റ് മാനുഷിക ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമാണല്ലോ. ഇന്ത്യയിലെ നിലവിലെ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥയും സമാനമാണ്. നിങ്ങളുടെ ട്വീറ്റുകളില്‍ പലപ്പോഴും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ കണ്ടതുമാണ്. എന്തു പറയുന്നു?

വെയ്‌സ്മാന്‍: ഇന്ത്യയിലെ മുസ്‌ലിംകള്‍ മറ്റെല്ലാവരെയും പോലെത്തന്നെ ആ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഒരു വൃത്തികെട്ട പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ അവരെ അപരവത്കരിക്കുന്നത് എത്രമാത്രം ഭീകരമാണ്. 30 വര്‍ഷം മുമ്പ് ഞാന്‍ അനുഭവിച്ച ഇന്ത്യ ഇത്തരത്തില്‍ ആയിത്തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇന്ത്യയിലെ എന്റെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നന്മ ആശംസിക്കട്ടെ. ഇയ്യിടെ ചിലര്‍ മഹാത്മാഗാന്ധിയുടെ ഘാതകന് വേണ്ടി ഇന്ത്യയില്‍ ആശ്രമം നിര്‍മിച്ചുവെന്ന വാര്‍ത്ത കണ്ടിരുന്നു. ഒരിക്കലും ആ വാര്‍ത്ത സത്യമാണെന്ന് വിശ്വസിക്കാന്‍ എനിക്കാകുമായിരുന്നില്ല. അഹിംസയെന്ന വലിയ ഒരാശയത്തിലൂടെ മാതൃകയാവുംവിധം പല സമരങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഒരാളുടെ ഓര്‍മകളെ ഇത്തരുണത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നത് എത്ര മോശമാണ്. ഇന്ത്യയിലെ മുസ്‌ലിംകളുടെ മനോഹരമായ ഒരുദാഹരണം മാപ്പിള മുസ്‌ലിംകള്‍ തന്നെയാണ്. മറ്റെല്ലാ ആള്‍ക്കാരെക്കാളുപരി മാപ്പിള മുസ്‌ലിംകളെ കേരളത്തിന് ആവശ്യമാണെന്നത് ഒരു വസ്തുതയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം വിശാലമായ വേള്‍ഡ് വ്യൂ വച്ചുപുലര്‍ത്തിയ, ധാര്‍മിക നേതൃത്വം വഹിച്ച സയ്യിദ് മുഹമ്മദലി ശിഹാബിനെ പോലുള്ളവരെ ‘സ്ലോഗണ്‍സ് ഓഫി ദി സേജ്’ എന്ന ഗ്രന്ഥത്തിലൂടെ അടുത്തറിഞ്ഞപ്പോഴും ഞാന്‍ മനസ്സിലാക്കിയ കാര്യമതാണ്.

ജൈഹൂന്‍: ഇന്റര്‍ഫെയ്ത്ത് ആക്റ്റിവിസം ഒരിക്കലും ഒരു എളുപ്പ ജോലിയല്ല. മറ്റൊരാളെ സ്‌നേഹിക്കാനും സ്‌നേഹം പ്രബോധനം ചെയ്യാനും നല്ല മനോധൈര്യവും കരുത്തും ആവശ്യമാണല്ലോ. മറ്റൊരാളെ വെറുക്കുക എന്നതാണെങ്കില്‍ ഏറെ ലളിതമായ ജോലിയുമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ സഹിഷ്ണുത, സ്‌നേഹം, കഠിനാധ്വാനം എന്നിവയെ പ്രശംസിക്കുന്നവരെന്ന പോലെതന്നെ നിങ്ങളുടെ മതത്തിനകത്തു നിന്നും മറ്റുള്ളവരില്‍ നിന്നും നിങ്ങളുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നവരും ഉണ്ടാകുമെന്നതു തീര്‍ച്ചയാണ്. അപ്പോള്‍ ഒരു ഇന്റര്‍ഫെയ്ത്ത് ആക്റ്റിവിസ്റ്റ് ആവുകയെന്നാല്‍ എന്താണെന്ന് ഒന്ന് ചുരുക്കി വിവരിക്കാമോ?

വെയ്‌സ്മാന്‍: എതിര്‍സ്വരങ്ങള്‍ സ്വാഭാവികമാണ്, രണ്ടു ഭാഗത്തുനിന്നും. പക്ഷേ, അപ്പോഴൊക്കെ എനിക്കു ലഭിച്ച നന്മയോട് അവയെ താരതമ്യം ചെയ്യാറാണ് പതിവ്. അപ്പോഴൊക്കെ നഷ്ടങ്ങളെക്കാളേറെ ലാഭങ്ങളാവും. എനിക്കറിയാവുന്ന മറ്റു ആളുകളെക്കാളേറെ അതിമനോഹരമായ ലോകത്താണ് ഞാന്‍ ജീവിക്കുന്നത്. കാരണം, സൗഹൃദങ്ങള്‍ മാത്രമുള്ള ലോകത്താണ് ഞാന്‍, ഇപ്പോഴല്ലെങ്കില്‍ വഴിയെ അവരൊക്കെ എന്റെ സൗഹൃദവലയത്തിലേക്ക് കടന്നുവരും. ഹൃദയംകൊണ്ട് സംവേദനം ചെയ്യുക എന്നതാണ് പ്രധാനം. ‘തോറ’യില്‍ മനുഷ്യന്‍ ദൈവത്തിന്റെ രൂപത്തിലാണെന്നു കാണാം. മുസ്‌ലിം വിശ്വാസപ്രകാരം വിവാദപരമായ ഒരു പ്രസ്താവനയാണത്. അതിന്റെ ശരിതെറ്റുകള്‍ക്കപ്പുറത്ത് മനുഷ്യന്‍ ആദരിക്കപ്പെടേണ്ടവനാണ് എന്ന പോയിന്റാണ് ഇവിടെ ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. ആയതിനാല്‍ ജനങ്ങള്‍ക്കു ചുറ്റും ആവുമ്പോഴൊക്കെ കൂടുതല്‍ ആനന്ദം എനിക്കു ലഭിക്കുന്നു. എതിര്‍ശബ്ദങ്ങള്‍ ഉണ്ടാവുകയെന്നത് ശരിയാണ്. ജീവിതം ഒരു പോരാട്ടമാണല്ലോ, അതും നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടം.

ലീ വെയ്‌സ്മാന്‍ /മുജീബ് ജൈഹൂന്‍
വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ