ഓണ്‍ലൈന്‍ ജുമുഅ: ജമാഅത്തും സാധുതയും

2687

ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനയാണ് വെള്ളിയാഴ്ചകളിലെ ജുമുഅയും ഖുതുബയും. നബി (സ്വ) മദീനയിലേക്ക് ഹിജ്‌റ പോകുന്നതിനു മുമ്പുതന്നെ അത് ഈ ഉമ്മത്തിന് നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ആ സമയത്ത് മക്കയില്‍ നടപ്പിലാക്കാന്‍ സാഹചര്യങ്ങള്‍ ഒത്തുവന്നില്ല. നബി (സ്വ) മദീനയിലേക്ക് വരുന്നതിനു മുമ്പുതന്നെ മദീനയില്‍ നാല്‍പത് മുസ്ലിംകളെ കൊണ്ട് അസ്അദ് ബിനു സുറാറ (റ) എന്ന സ്വഹാബിക്ക് അത് നടപ്പിലാക്കാന്‍ സാധിച്ചു. അതാണ് ഈ ഉമ്മത്തിലെ ആദ്യത്തെ ജുമുഅ. മറ്റു നിസ്‌കാരങ്ങള്‍ പോലെ ജുമുഅ എല്ലാ സ്ഥലത്തും നടത്താന്‍ ശറഇല്‍ അനുവാദമില്ല. അത് അനുവദിക്കപ്പെടാന്‍ കുറെ നിബന്ധനകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അത് കര്‍മശാസ്ത്ര വിഷയമായതുകൊണ്ട് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ സവിസ്തരം വിശദീകരിച്ചിട്ടുണ്ട്. കേരളീയരായ നാം ശാഫിഈ പണ്ഡിതന്മാരായ മഖ്ദൂമുമാരുടെ പിന്തുടര്‍ച്ചക്കാര്‍ ആയതിനാല്‍ ശാഫിഈ കര്‍മശാസ്ത്ര സരണി ആണ് പിന്തുടരാറുള്ളത്.
ശാഫിഈ സരണി പ്രകാരം ജുമുഅ നിസ്‌കാരത്തിന് മറ്റു നിസ്‌കാരങ്ങള്‍ക്ക് ഉള്ള നിബന്ധനകള്‍ക്ക് പുറമേ 6 നിബന്ധനകളുണ്ട്.
1: ജമാഅത്തായി നിസ്‌കരിക്കുക.
2: ജുമുഅ നിര്‍ബന്ധം ആയ 40 സ്വദേശികളെ കൊണ്ടാവുക.
3: ജുമുഅ നിര്‍ബന്ധമായ മഹല്ലിന്റെ പരിധിക്കുള്ളില്‍ നിര്‍വഹിക്കുക.
4: ളുഹ്‌റിന്റെ സമയത്ത് ആവുക.
5: ഒന്നിലധികം ജുമുഅ നിയമപ്രകാരം അനുവദനീയമല്ലാത്തിടത്ത് മറ്റൊരു ജുമുഅ മുന്‍കടക്കുകയോ അന്വരിക്കുകയോ ചെയ്യാതിരിക്കുക.
6: രണ്ടു ഖുതുബക്ക് ശേഷം ആയിരിക്കുക. ഇവയാണ് ആ നിബന്ധനകള്‍. ഈ രണ്ട് ഖുതുബക്കും സഹീഹ് ആവാന്‍ 7 നിബന്ധനകളുണ്ട്.
1: നാല്പത് ആളുകള്‍ കേള്‍ക്കുന്ന രീതിയില്‍ ശബ്ദത്തില്‍ ഖുതുബ നിര്‍വഹിക്കുക.
2: അറബി ഭാഷയില്‍ ആവുക
3: നില്‍ക്കാന്‍ സാധിക്കുന്നവന്‍ നിന്നുകൊണ്ട് ഖുതുബ നിര്‍വഹിക്കുക
4: ശുദ്ധി ഉണ്ടാവുക
5: ഔറത്ത് മറക്കുക
6: രണ്ട് ഖുതുബകള്‍ക്കിടയില്‍ ഇരിക്കുക
7: തുടര്‍ച്ചയായി നിര്‍വഹിക്കുക

ഇനി മറ്റ് മദ്ഹബുകള്‍ പരിശോധിച്ചാല്‍ അവയിലില്ലാം ഇത്രയോ ഇതിലേറയോ നിബന്ധനകള്‍ കാണാം. ഉദാഹരണമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ പിന്‍പറ്റുന്ന സരണിയാണല്ലോ ഹനഫി മദ്ഹബ്. അതില്‍ 6 നിബന്ധനകളുണ്ട്
1: ജുമുഅ നടക്കുന്ന സ്ഥലം പട്ടണത്തില്‍ ആവുക.
2: ഭരണാധികാരികളുടെ സമ്മതം ഉണ്ടാവുക
3: ളുഹ്‌റിന്റെ സമയത്ത് നിര്‍വഹിക്കുക.
4: ജമാഅത്തായി നടത്തുക
5: ഇമാമിനെ കൂടാതെ മൂന്ന് ആളുകളെങ്കിലും ഉണ്ടാവുക
6: ജുമുഅ നടക്കുന്ന സ്ഥലം ഏവര്‍ക്കും കടന്നു വരാന്‍ ഇമാമില്‍ നിന്ന് പൊതു സമ്മതമുള്ള സ്ഥലത്താവുക( സ്വകാര്യ സ്ഥലത്ത് ആവാതിരിക്കുക ).
ഇതുപോലെ മറ്റ് രണ്ട് മദ്ഹബുകളിലും കാണാം.
ഇവയില്‍ ഓരോന്നിനും ധാരാളം വിശദീകരണങ്ങള്‍ മദ്ഹബ് ഗ്രന്ഥങ്ങളിലുണ്ട്. മാത്രമല്ല മറ്റു നിസ്‌കാരങ്ങള്‍ക്കുള്ള നിബന്ധനകള്‍ക്ക് പുറമേയാണ് ഇത്. അതില്‍ ഏറെ വിശദീകരിക്കപ്പെടുന്ന ഒന്നാണ് ജമാഅത്ത് (സംഘടിത നിസ്‌കാരം). ഇമാമും മഅ്മൂമും നിസ്‌കരിക്കുന്ന ഈ രൂപത്തിന് ധാരാളം നിയമങ്ങള്‍ ഉണ്ട്. ഇമാമും മഅ്മൂമും ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുക, ഇമാമിനെയോ മുന്‍ സ്വഫോ കണ്ടുകൊണ്ടോ ഇമാമിന്റെതോ മുബല്ലിഇന്റെതോ ശബ്ദം കേള്‍ക്കല്‍ മുഖേനയോ ഇമാമിന്റെ നീക്കു പോക്കുകള്‍ അറിയുക, ഇമാമിനേക്കാള്‍ മഅ്മൂമ് സ്ഥലം കൊണ്ടു മുന്‍കടക്കാതിരിക്കുക, ഒരാള്‍ പള്ളിയിലും മറ്റേ ആള്‍ പള്ളിക്ക് പുറത്തും ആണെങ്കില്‍ അവര്‍ തമ്മിലുള്ള അകലം കൂടരുത്. എന്നതിനു പുറമേ, ഇമാമിനെ കാണലിനേയോ ഇമാമിലേക്ക് ചെന്ന് ചേരുന്നതിനേയോ തടയുന്ന മറ ഇല്ലാതിരിക്കുക, എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഇവ ശാഫിഈ മദ്ഹബില്‍ ഉള്ളതാണ്. മറ്റു മദ്ഹബുകളിലും സമാനമായ കുറേ നിബന്ധനകള്‍ കാണാം. എന്നാല്‍, ഇത്തരം നിബന്ധനകളെല്ലാം നടക്കാത്തതാണ് ഓണ്‍ലൈന്‍ ജുമുഅ വാദം.

എന്താണ് ഓണ്‍ലൈന്‍ ജുമുഅഃ

ഒരാള്‍ ഒരിടത്തുനിന്ന് ഖുതുബ നിര്‍വഹിക്കുകയും നിസ്‌കാരം നടത്തുകയും അത് നാട്ടിലുള്ള ജനങ്ങള്‍ വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് ഓണ്‍ലൈനില്‍ കാണുകയും കേള്‍ക്കുകയും ആ ഇമാമിനെ ഓണ്‍ലൈനില്‍ തുടര്‍ന്ന് നിസ്‌കരിക്കുകയും ചെയ്യുക ഇതാണ് ഓണ്‍ലൈന്‍ ജുമുഅ.
മേല്‍പറയപ്പെട്ട നിബന്ധനകള്‍ ഒന്നുംതന്നെ ഇതില്‍ നടക്കാത്തതു കൊണ്ട് ഓണ്‍ലൈന്‍ ജുമുഅ അസ്വീകാര്യവും നിഷിദ്ധവുമാണ്. എന്നാല്‍, ഈ ലക്കം ‘പ്രബോധനം വാരിക’ ഓണ്‍ലൈന്‍ ജുമുഅ അനുവദനീയമാക്കിയുള്ള ലേഖനം പ്രസിദ്ധീകരിച്ച് സാധാരണ ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുകയാണ്.
പ്രബോധനം എഴുതുന്നു : വെര്‍ച്ചല്‍ / ഓണ്‍ലൈന്‍ ജുമുഅ സംഘടിപ്പിക്കേണ്ടത് ഒരു താല്‍ക്കാലിക സംവിധാനം എന്ന നിലയ്ക്ക് മാത്രമാണ്. ഓരോ മഹല്ല് പള്ളിയും അതത് മഹല്ല് നിവാസികള്‍ക്ക് വേണ്ടി മാത്രമേ ഇത് നടത്തല്‍ പാടുള്ളൂ. വീട്ടിലോ ജോലിസ്ഥലത്തോ ഇരുന്ന് ഖുതുബ ശ്രവിക്കാനും ഇമാമിനെ നമസ്‌കാരത്തില്‍ പിന്തുടരാനുമുള്ള സൗകര്യം മഹല്ല് നിവാസികള്‍ക്ക് ലഭ്യമായിരിക്കണം. ലോക്ഡൗണ്‍ പിന്‍വലിക്കുകയും പള്ളിയില്‍ ജുമുഅ ജമാഅത്തുകളില്‍ ഉള്ള വിലക്ക് നീങ്ങുകയും ചെയ്യലോടുകൂടി ഈ സംവിധാനം നിര്‍ത്തലാക്കുകയും വേണം (പ്രബോധനം ജ: 35 ,മെയ് 1 2020) പ്രബോധനം വീണ്ടും എഴുതുന്നു: ജുമുഅയുടെ ലക്ഷ്യവും ചൈതന്യവും നമ്മെ ഓര്‍മപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു പ്രവര്‍ത്തി എന്ന നിലയില്‍ ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ നാം ഓണ്‍ലൈനായി ഖുതുബ ശ്രവിക്കുന്നതും നമസ്‌കാരത്തില്‍ പങ്കാളികളാകുന്നതും പൂര്‍വസ്ഥിതി പുനസ്ഥാപിക്കും വരെ ജുമുഅ ശീലങ്ങള്‍ നിലനിര്‍ത്താനുള്ള ക്രിയാത്മകമായ താല്‍ക്കാലിക സംവിധാനം ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം (പ്രബോധനം ജ: 36 ,മെയ് 1 ,2020) സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനാജനകമാണ് പ്രബോധനത്തിന്റെ ഈ കരുനീക്കം. ഇത്തരം മുറി മുജ്തഹിദുകള്‍ ആണ് പരിശുദ്ധ ദീനിന് ഏറ്റവും ആപല്‍ക്കരം. ജുമുഅയും ജമാഅത്തും പള്ളിയില്‍നിന്ന് നടത്താന്‍ പ്രയാസമുള്ളപ്പോഴുള്ള ഒരു പരിഹാരം ആയിട്ടാണ് അദ്ദേഹം ഇത് നിര്‍ദേശിക്കുന്നത്. യഥാര്‍ത്ഥത്തില്‍, പള്ളികളില്‍ നിന്നും മറ്റും ജുമുഅയും ജമാഅത്തും നടത്താന്‍ പറ്റാത്ത ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുവേണം എന്ന് കൃത്യമായി പരിശുദ്ധ ഇസ്‌ലാമില്‍ രേഖപ്പെട്ടു കിടപ്പുണ്ട്. ചൈനയിലെ വുഹാനില്‍ നിന്ന് പുറപ്പെട്ട് ചുരുങ്ങിയ സമയംകൊണ്ട് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊറോണ എന്ന വൈറസ് വ്യാപനം മൂലമാണല്ലോ ലോകം മുഴുവന്‍ നിശ്ചലമായി കിടക്കുന്നത്. കൊറോണ വൈറസിന്റെ പ്രത്യേകത തന്നെ അതിശീഘ്രം ഉള്ള വ്യാപനമാണ്. ഇന്ത്യപോലുള്ള ജനസാന്ദ്രത കൂടുതലുള്ള രാജ്യത്ത് രോഗ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ അല്ലാതെ വഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഗവണ്മെന്റ് ലോക്ക്ഡൗണ്‍ നിര്‍ദേശിച്ചത്. ആയതിനാല്‍ ഭരണകൂടത്തെ അംഗീകരിക്കലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാനിക്കലും അനിവാര്യമാണ്. അപ്പോള്‍ ജുമുഅ ജമാഅത്തുകള്‍ക്ക് നാം പള്ളിയില്‍ സംഘടിക്കാന്‍ പാടില്ലാതായി.
വീട്ടില്‍ നിന്ന് പുറപ്പെടാനോ പള്ളിയില്‍ സംഘടിക്കാനോ പറ്റാത്ത ഈ സാഹചര്യത്തില്‍ നാം കൈക്കൊള്ളേണ്ട രീതി നമ്മുടെ പണ്ഡിതന്മാര്‍ ഈ സമൂഹത്തെ കൃത്യസമയത്ത് അറിയിച്ചിട്ടുണ്ട്. അത് എല്ലാവരും വീട്ടില്‍ നിന്ന് ജമാഅത്തായി നിസ്‌കരിക്കുകയും ജുമുഅക്ക് പകരം ളുഹ്‌റ് നിസ്‌കരിക്കുകയും ചെയ്യുക എന്നതാണ്. അതോടൊപ്പം ഈ ആപല്‍ക്കരമായ ഘട്ടത്തില്‍ നാം മനംനൊന്തു അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും പഴയതുപോലെ പള്ളികള്‍ എല്ലാം തുറന്നു ജുമുഅയും ജമാഅത്തും പുനഃസംഘടിപ്പിക്കാന്‍ സാധിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കലുമാണ്.

കേരളത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ള പണ്ഡിത സംഘടനകള്‍ പഠിപ്പിച്ച അതേ രീതിയാണ് ലോകത്ത് എല്ലാ ഭാഗത്തും സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അത് പ്രബോധനം തന്നെ തുറന്നു പറയുന്നത് മാത്രം ഉദ്ദരിക്കാം: ”ഡോ: യൂസഫുല്‍ ഖറദാവിയുടെ നേതൃത്വത്തില്‍ 1997ല്‍ അയര്‍ലന്‍ഡിലെ ഡബ്ബില്‍ ആസ്ഥാനമായി സ്ഥാപിതമായ പണ്ഡിത സമിതിയാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് (EFCR). ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സമകാലിക പ്രശ്‌നങ്ങളെ സമീപിക്കുകയാണ് കൗണ്‍സിലിന്റെ രീതി. അതിന്റെ നിര്‍വാഹക സമിതി അംഗങ്ങളില്‍ മൂന്നില്‍ രണ്ടും വടക്കന്‍ അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ളവരാണ്. ബാക്കിയുള്ളവര്‍ വിവിധ മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരും. ഓണ്‍ലൈനില്‍ ജുമുഅയും തറാവീഹും അനുവദനീയമാണോ എന്ന ചോദ്യത്തിന് കൗണ്‍സില്‍ നല്‍കിയ ഫത്‌വയാണ് ഇവിടെ ചേര്‍ക്കുന്നത്. ജുമുഅ ജമാഅത്തുകള്‍ സാമൂഹികമായി നിര്‍വഹിക്കാന്‍ കഴിയാതെ വരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ ബദല്‍ രീതികള്‍ പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നും അതിനാല്‍ പുതിയ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കേണ്ടതില്ല എന്നുമാണ് കൗണ്‍സിലിന്റെ അഭിപ്രായം’ (പ്രബോധനം ,28 മൈ 1 2020). തികച്ചും പരിഷ്‌കാരിയായ മുസ്‌ലിം ആയതിനാല്‍ ഈജിപ്ത് പോലുള്ള മുസ്‌ലിം രാജ്യങ്ങള്‍ പുറംതള്ളിയ യൂസുഫുല്‍ ഖറദാവി പോലും ഈ ഓണ്‍ലൈന്‍ ജുമുഅ പാടില്ല എന്ന് പറയുമ്പോഴാണ് കേരളത്തിലെ പ്രബോധനം വാരിക ഓണ്‍ലൈന്‍ ജുമുഅ എന്ന വാദം ചര്‍ദ്ദിക്കുന്നത്. അതിന് ഇവര്‍ നിരത്തുന്ന ന്യായങ്ങളും തെളിവുകളുമാണ് ഏറ്റവും ദുഃഖകരം. ഇമാമിനേക്കാള്‍ മഅ്മൂം മുന്താന്‍ പാടില്ല എന്ന ലളിതമായ കാര്യം പോലും അദ്ദേഹം തള്ളുന്നത് നോക്കൂ. ‘ ഹറമിലെ ഇമാമിനെ ഹോട്ടല്‍ മുറികളില്‍ വച്ച് നമസ്‌കാരത്തില്‍ പിന്തുടരാം എന്ന് അനുവാദം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ ഉള്ളവര്‍ക്ക് പള്ളിയിലെ നമസ്‌കാരക്കാരുടെ അണി കാണണമെന്ന വ്യവസ്ഥയോട് കൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇമാം എപ്പോഴും അദ്ദേഹത്തെ പിന്തുടരുന്നവരുടെ മുമ്പില്‍ ആയിരിക്കണമെന്ന വ്യവസ്ഥക്കും ഇളവ് നല്‍കിയതായി കാണാം” (പ്രബോധനം 36 , മെയ്-1,2020) .
മക്കയിലെ ഇമാമിനേക്കാള്‍ മഅമൂം ഒരു നിലക്കും മുന്തുന്ന രൂപം വരില്ല എന്ന ഏറ്റവും ലളിതമായ കാര്യം പോലും തിരിച്ചറിവില്ലാത്ത ആളാണ് ഓണ്‍ലൈന്‍ ജുമുഅ മുഫ്തി എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മക്കയിലെ എല്ലാ ഹോട്ടല്‍ മുറികളിലും ഹറമിലെ നിസ്‌കാരത്തിന്റെ ലൈവ് ഉണ്ടല്ലോ അതിനെ തുടര്‍ന്ന് കൊണ്ട് നിസ്‌കരിച്ചാല്‍ മതി എന്ന് എന്ത് കൊണ്ടാണാവോ പറയാത്തത്. അങ്ങനെ പറയുകയാണെങ്കില്‍ അതല്ലേ ഓണ്‍ലൈന്‍ ജുമുഅ മുഫ്തിക്ക് തെളിവാകുക.

അദ്ദേഹം തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഇമാമിന്റേയും മഅ്മൂമിന്റെയും ഇടയിലുള്ള അകലത്തെ സംബന്ധിച്ചുള്ള സ്വഹാബത്തിന്റെയും താബിഉകളുടെയും ചില വാക്യങ്ങള്‍ (അസറുകള്‍ ) ഉദ്ധരിച്ചിട്ടുണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് മദ്ഹബിന്റെ ഇമാമുകള്‍ ജമാഅത്തിലെ അകലം കണക്ക് നിശ്ചയിച്ചിട്ടുള്ളത്. ജമാഅത്തിലെ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ചിലപ്പോള്‍ പള്ളിയുടെ താഴെ കൊള്ളാതെ മുകളിലെ നിലയിലും നില്‍ക്കും. ചിലപ്പോള്‍ മുറ്റത്തേക്കും നീളും. ചിലപ്പോള്‍ അവിടെയും ഉള്‍ക്കൊള്ളാതെ തൊട്ടടുത്ത സ്ഥലത്തേക്കും വ്യാപിക്കും. അത് ചിലപ്പോള്‍ തൊട്ടടുത്ത ബില്‍ഡിംഗ് വരാന്തയിലും റൂമുകളിലും എല്ലാം എത്താം. എല്ലാവര്‍ക്കും വേഗം അത് മനസ്സിലാകുന്ന ഉദാഹരണം ഹറം ശരീഫ് തന്നെ. ഇതെല്ലാം ഇവിടെ ഉണ്ടല്ലോ. ചിലപ്പോള്‍ അതിനിടയില്‍ റോഡ് വന്നാല്‍ ഗതാഗതമാര്‍ഗം ഒഴിവാക്കിയാണ് സ്വഫ് നില്‍ക്കുക. അതിന് കുഴപ്പമില്ല. പള്ളികളുടെ മുകളിലും താഴെയും ആണെങ്കില്‍ കോണികള്‍പള്ളികളില്‍ ആവണം. രണ്ടാളും രണ്ട് ബില്‍ഡിങ്ങിലായാല്‍ തൊട്ടടുത്ത സ്വഫിലേക്ക് വന്നു ചേരാനും അതിനെ കാണാനും തടസ്സം ഉണ്ടാവരുത്. ഇതൊക്കെ ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ കവിഞ്ഞ ഒന്നും അദ്ദേഹം പ്രബോധനത്തില്‍ ഉദ്ധരിച്ച സ്വഹാബി വചനങ്ങളില്‍ ഇല്ല. പ്രബോധനം എഴുതുന്നു , ഒരിക്കല്‍ ഇബ്‌നുഅബ്ബാസ്(റ) പള്ളിക്ക് പുറത്തുള്ള നെടുമ്പുരയില്‍ നമസ്‌കാരകാര്‍ക്ക് പിറകിലായി നമസ്‌കരിച്ചു. അദ്ദേഹം പറഞ്ഞു : മസ്ജിദിന് പുറത്ത് ഇമാമിനെ പിന്തുടര്‍ന്ന് നമസ്‌കരിക്കുന്നതിന് ഒരു തകരാറും ഇല്ല. സ്വാലിഹ് ബിന് ഇബ്രാഹിം (റ) പറയുന്നു: ഹുമൈദ് ബിന്‍ അബ്ദുറഹ്മാന്റെ (റ) വീട്ടില്‍വെച്ച് അനസ് ബിന് മാലിക് (റ)പള്ളിയിലെ ഇമാമിനെ പിന്തുടര്‍ന്ന് ജുമുഅ നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടു. പള്ളിക്കും വീടിനും ഇടയില്‍ അവ രണ്ടിനെയും വേര്‍തിരിക്കുന്ന ഒരു തെരുവ് ഉണ്ടായിരുന്നു
( പ്രബോധനം 38, മെയ്-1 2020 ). തുടര്‍ന്ന് അദ്ദേഹം മൂന്ന് അസറുകള്‍ കൂടി ഉദ്ധരിക്കുന്നുണ്ട്. അവയിലെല്ലാം നേരത്തെ പറഞ്ഞ മദ്ഹബുകള്‍ വിവരിച്ച അകലത്തിനപ്പുറത്ത് ഒന്നുമില്ല. ഓണ്‍ലൈന്‍ ജുമുഅക്ക് ഇവയുമായി യാതൊരു താരതമ്യവും ഇല്ല.

സലീം ഫൈസി