ഓർമകൾ,തിരുത്തുകൾ

2712

പഴയ മദിരാശി സ്റ്റേറ്റിന്റെ ഭാഗമായ മലബാര്‍ ജില്ലയിലെ വള്ളുവനാട് താലൂക്കില്‍ പെരിന്തല്‍മണ്ണക്കടുത്ത കരിങ്കല്ലത്താണിയിലായിരുന്നു എന്റെ ബാല്യകാലം. നാട്ടുനടപ്പനുസരിച്ച് എന്റെ ജനനം, ഉമ്മയുടെ ആദ്യപ്രസവത്തിലായതിനാല്‍ പുഴക്കാട്ടിരിയിലാണ്. 1934-ല്‍ ജനിച്ച എന്റെ ഓര്‍മ്മകളും അനുഭവങ്ങളും എഴുതുന്നതിന്റെ വരും വരായ്കകളെ കുറിച്ച് എനിക്കിപ്പോഴും നിശ്ചയമില്ല. പലരും പല കാലങ്ങളിലും നിര്‍ബന്ധിച്ചകാര്യമാണെങ്കിലും ഞാനതത്ര ഗൗനിച്ചിട്ടില്ല. ആര്‍ക്കെങ്കിലും എന്റെ ജീവിതാനുഭവങ്ങളില്‍നിന്ന് വല്ല പാഠവും കിട്ടിയാല്‍ അതുപകാരമാവട്ടെ എന്ന നിയ്യത്തില്‍ നിന്നാണ് ഈ ഉദ്യമത്തിന് ഞാന്‍ സമ്മതിച്ചതുതന്നെ!
പിതാവ് മാനുപ്പ മുസ്‌ലിയാരെന്ന പുത്തനങ്ങാടി കിഴക്കെ തലക്കല്‍ സൂപ്പി മുസ്‌ലിയാര്‍ നാട്ടിലെ പാരമ്പര്യ ഖാളിയായിരുന്നു. ഞങ്ങളുടെ പ്രപിതാക്കളെല്ലാവരും ഖാളിമാരായിരുന്നതിനാല്‍ ബാപ്പയും ഖാളിയായി. പഴയ കാലത്തുതന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച പുത്തനങ്ങാടി ഖാളി പരമ്പരയിലേക്കാണ് ഞങ്ങളുടെ കുടുംബ വേരുകളെത്തുന്നത്. അതുകൊണ്ടുതന്നെ ഒരു മതപരവും ആത്മീയവുമായ അന്തരീക്ഷത്തിലേക്കാണ് ഞാന്‍ ജനിച്ചതുതന്നെ. ഉമ്മയാണെങ്കില്‍ പ്രസിദ്ധ ഖിലാഫത്ത് സമര പോരാളിയും പണ്ധിതനുമായ കളക്കണ്ടത്തില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ഏക മകള്‍ പാത്തുമ്മുണ്ണിയും.
മലബാറിലേക്കുള്ള പ്രധാന ചരക്കു ഗതാഗത പാതയായ കോഴിക്കോട്- മദിരാശി പാതയുടെ ഓരത്താണ് ഞങ്ങളുടെ ഗ്രാമദേശമായിരുന്ന കരിങ്കല്ലത്താണി. പഴയകാലത്ത് കാളവണ്ടികളും കുതിരവണ്ടികളും ചരക്കുനിറച്ചുപോയിരുന്ന കാഴ്ച പഴമക്കാര്‍ വലിയ ആവേശത്തോടെയാണ് പറഞ്ഞുതീര്‍ക്കുക. എന്റെ ചെറുപ്പകാലത്തും കാളവണ്ടികള്‍ ‘കോണ്‍വോയ്’ മാതൃകയില്‍ സജീവമായി ഉണ്ടായിരുന്നു. പാലക്കാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്കുവണ്ടികള്‍ക്കെല്ലാം വിശ്രമിക്കാനും ചരക്കിറക്കിവെക്കാനുമുള്ള ഇടമായിരുന്നു കരിങ്കല്ലത്താണി. ഒരാളുടെ തോളിന്റെ ഉയരത്തില്‍ നാട്ടിനിര്‍ത്തപ്പെട്ട കരിങ്കല്ലിന്റെ അത്താണി ഒരു കാലത്ത് ഈ ദേശത്തിന്റെ മുദ്രയായിരുന്നു. അങ്ങനെയാണത്രെ ഈ പ്രദേശം ‘കരിങ്കല്ലത്താണി’യായത്.
ഈ അത്താണിയില്‍ ചുമടേറ്റുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കിയ ഒരു പഴയകാലചരിത്രമുണ്ട് ഈ ദേശത്തിന്. പരസഹായമില്ലാതെ ചുമടുകള്‍ ഇറക്കിവെക്കാനും തലയിലേക്ക് ഏറ്റിവെക്കാനും ഉപയോഗിച്ചിരുന്ന ഈ അത്താണികള്‍ ഇന്ന് മണ്ണിനടിയില്‍പെട്ടു കാണും. അത്താണിക്കു പരിസരത്തുതന്നെ വഴിയാത്രക്കാര്‍ക്കും ചുമടേറ്റുന്ന വണ്ടിക്കാളകള്‍ക്കും ചരക്ക് കുതിരകള്‍ക്കും ദാഹമകറ്റാനുള്ള തണ്ണീര്‍പന്തലുമുണ്ടായിരുന്നു. ഒരു നാടിന്റെ എല്ലാ നന്മകളും പേറുന്ന ഇത്തരം ഓര്‍മകളാല്‍ സമ്പന്നമാണ് എന്റെ കരിങ്കല്ലത്താണി.
നാടിനെക്കുറിച്ച് സുകൃതങ്ങള്‍ നിറഞ്ഞ വലിയ ഓര്‍മകളാണെനിക്ക്. ഞങ്ങളുടെ ‘മോല്യേര്’ കുടുംബ പശ്ചാത്തലം ദീര്‍ഘമായി പറയാനുള്ളതിനാല്‍ ആദ്യം നാടിനെ പറയുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നുന്നു. കരിങ്കല്ലത്താണിയില്‍നിന്ന് പൂവത്താണിയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഞങ്ങളുടെ വീട്. എന്റെ ചെറുപ്പം അവിടെയാണ്. അക്കാലത്തെ പ്രധാന ഓര്‍മകളിലൊന്ന് പൂവത്താണിയിലെ ആഴ്ചച്ചന്തതന്നെയാണ്. ആഴ്ചയിലെ തിങ്കളാഴ്ചകളിലായിരുന്നു ചന്ത നടന്നിരുന്നത്. ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ആവേശമായിരുന്നു ഓരോ ചന്തകളും. മുതിര്‍ന്നവരുടെ വിരലില്‍ തൂങ്ങി വലിഞ്ഞൊരു നടത്തം. പൂവത്താണിയിലേക്ക് അല്‍പം നടക്കാനുണ്ട്. ചന്തയുടെ ബഹളത്തില്‍ അലിഞ്ഞു ചേരാനുള്ള ആകാംക്ഷയില്‍ ദൂരമോ ക്ഷീണമോ ശ്രദ്ധിക്കാത്ത കാലം. ഉപ്പ് മുതല്‍ കന്നുകാലികള്‍ വരെ വില്‍പനക്കെത്തിയിരുന്ന ആ പഴയ കാഴ്ചകള്‍ അപ്രത്യക്ഷമായപ്പോള്‍ ആളുകള്‍ക്കിടയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും സംഘബോധവും ഒക്കെ ഗണ്യമായി കുറഞ്ഞില്ലേ എന്ന് താരതമ്യം ചെയ്തു ചിന്തിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.
നാട്ടുചന്തകള്‍ ഒരു സംസ്‌കാരമായിരുന്നു. ഒരാഴ്ചത്തേക്കുവേണ്ട സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതോടൊപ്പം, ബന്ധങ്ങള്‍ പുതുക്കുന്നതിന്റെയും പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും രൂപപ്പെടുന്നതിന്റെയും രംഗവേദികൂടിയായിരുന്നു അക്കാലത്തെ നാട്ടുചന്തകള്‍. വിവാഹാലോചനകള്‍ക്കു വരെ ചന്തകള്‍ സാക്ഷിയായിരുന്ന കാലം.
അതുപോലെ അക്കാലത്തെ ചായമക്കാനിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ അത്ര പെട്ടെന്ന് മാഞ്ഞുപോവാതെ മനസ്സില്‍ കിടക്കുന്നുണ്ട്. നോമ്പിന്, തറാവീഹ് കഴിഞ്ഞാല്‍ ചായ മക്കാനിയില്‍ ഒരു കൂട്ടായ്മയുണ്ട്. ആളുകള്‍ രണ്ടു ചേരിയിലായി ഇരിക്കും. മുഖാമുഖമായി ഇരുന്ന് പരസ്പരം പടപ്പാട്ടുപാടും. ചിലപ്പോള്‍ അതൊരു വാശിയേറിയ മത്സരമായിമാറും. അധികവും, പാട്ടുപാടി ആരെങ്കിലും ഒരാള്‍ അത് വിശദീകരിക്കലായിരുന്നു പതിവ്. വിശദീകരിക്കാന്‍ അറിയുന്നവര്‍ പൊതുവെ കുറവായിരുന്നു. പിതാവ് മാനുപ്പ മുസ്‌ലിയാര്‍ അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു.

കരിങ്കല്ലത്താണിയില്‍ അന്നുണ്ടായിരുന്ന നിസ്‌കാരപള്ളിയുടെ ഹൗളില്‍ വെള്ളം കോരിനിറക്കല്‍ ഞങ്ങളില്‍ ചിലര്‍ക്ക് ഒരു ഹരമായിരുന്നു. അതൊക്കെ ആലോചിക്കുമ്പോഴാണ്, പുതിയ തലമുറയുടെ നിര്‍ഭാഗ്യം ഓര്‍മ്മയില്‍ വരുന്നത്. അക്കാലത്ത് ഇന്ന് കാണപ്പെടുന്ന പല രോഗങ്ങളും കേട്ടുകേള്‍വി പോലുമില്ല. സൗകര്യങ്ങളും സംവിധാനങ്ങളും കൂടിവന്നതിനനുസരിച്ച് ആളുകള്‍ നിത്യരോഗികളായിക്കൊണ്ടിരിക്കുകയാണ്.
ഇനിയല്‍പം കുടുംബകാര്യം പറയാം. വാപ്പ മാനുമുസ്‌ലിയാര്‍ പുത്തനങ്ങാടി ഖാളീ പരമ്പരയില്‍പെട്ട മഖ്ദൂമിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പുത്തനങ്ങാടി കിഴക്കേ തലക്കല്‍ കോയക്കുട്ടി മുസ്‌ലിയാര്‍ വലിയ പണ്ഡിതനും ഞങ്ങളുടെ നാട്ടിലെ നിരവധി മഹല്ലുകളിലെ ഖാളിയുമായിരുന്നു. താഴെക്കോട്, വട്ടപ്പറമ്പ്, മുതിരമണ്ണ, ആലിപറമ്പ്, തച്ചനാട്ടുകര എന്നിവിടങ്ങളില്‍ ഖാളിയായ അദ്ദേഹത്തെ നിയോഗിച്ചതായി 1882 മാര്‍ച്ചില്‍ പുറത്തിറക്കിയ മലബാര്‍ ഗസറ്റില്‍ കാണാവുന്നതാണ്.
പെരിന്തല്‍മണ്ണക്കടുത്ത പുത്തനങ്ങാടി ഒരു പുരാതന മുസ്‌ലിം കേന്ദ്രമാണ്. ചരിത്രമനുസരിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൊന്നാനിയില്‍നിന്ന് പത്ത് വ്യാപാരി കുടുംബങ്ങള്‍ പുത്തനങ്ങാടിയിലേക്ക് കുടിയേറി പാര്‍ത്തു. പത്ത് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലം ‘പത്തങ്ങാടി’യായി. പിന്നീട് അത് ലോപിച്ച് പുത്തനങ്ങാടിയായി എന്നാണ് പഴമക്കാരുടെ മൊഴി. അവിടെ ഖാളിയായി വന്നത് പൊന്നാനി മഖ്ദൂം കുടുംബത്തിലെ ഉസ്മാന്‍ മഖ്ദൂമിന്റെ മകന്‍ ജമാലുദ്ദീന്‍ മഖ്ദൂമാണ്. ജനസംഖ്യ വര്‍ദ്ധിച്ചപ്പോള്‍ പള്ളി വിപുലീകരിക്കണമെന്ന ആവശ്യം ഉയരുകയും അതിന് നാടുവാഴി വിസമ്മതിക്കുകയും, മുസ്‌ലിംകള്‍ പുനര്‍നിര്‍മിച്ച പള്ളി നാടുവാഴിയുടെ സംഘം തീവെക്കുകയും ചെയ്തപ്പോഴാണ് പ്രസിദ്ധമായ പുത്തനങ്ങാടി പടയുണ്ടായത്. മഖ്ദൂം ജമാലുദ്ദീന്‍ എന്നവര്‍ പള്ളിയില്‍വെച്ച് കൊല്ലപ്പെട്ടതോടെ മാപ്പിളമാര്‍ കൂടുതല്‍ രോഷാകുലരായി. പിന്നീട് അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ തന്നെ അവിടെ ഖാളിമാരായി വന്നു. ഈ പരമ്പരയിലെ ഏഴാമത്തെ ഖാളിയായ മഖ്ദൂം ചെറിയ അബ്ദുല്ല മുസ്‌ലിയാര്‍ ഹിജറ 1226 ല്‍ സ്വന്തം കൈപ്പടയില്‍ എഴുതിവെച്ച ഖാളിമാരുടെ ലിസ്റ്റ് ഇപ്പോഴും അവിടെ സൂക്ഷിച്ചിരിപ്പുണ്ട്.
പുത്തനങ്ങാടിയില്‍നിന്ന് പില്‍ക്കാലത്ത് വള്ളുവനാടിന്റെ വിവിധ മുസ്‌ലിം കേന്ദ്രങ്ങളിലേക്ക് ഖാളിമാര്‍ നിശ്ചയിക്കപ്പെട്ടു. ചെര്‍പ്പുളശ്ശേരിക്കടുത്ത മോളൂരിലേക്ക് ഖാളിയായി അയക്കപ്പെട്ടത് ഖാളി കമ്മു മുസ്‌ലിയാരുടെ മകന്‍ സൂപ്പി മുസ്‌ലിയാരെയായിരുന്നു. ഇദ്ദേഹം മോളൂരില്‍ ഖാളിയായിരിക്കെ ഞങ്ങളുടെ സമീപ പ്രദശത്തെ പഴയ പള്ളികളിലൊന്നായ വട്ടപ്പറമ്പില്‍ നിന്ന് നാട്ടുകാരുടെ ഒരു സംഘം ഒരു ഖാളിയെ ആവശ്യപ്പെട്ട് പുത്തനങ്ങാടിയിലെത്തി. ഈ വിവരം മോളൂരിലെ സൂപ്പി മുസ്‌ലിയാര്‍ അറിയുകയും അദ്ദേഹം വട്ടപ്പറമ്പിലേക്ക് ഖാളിയായി വരാന്‍ താല്‍പര്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം വട്ടപ്പറമ്പ് ഖാളിയായത്.
വട്ടപ്പറമ്പിലെത്തിയ സൂപ്പി മുസ്‌ലിയാര്‍ പൗരപ്രമുഖനായ കൊടലപ്പറ്റ മൂപ്പന്റെ മകളെ വിവാഹം ചെയ്ത് ഇവിടെ സ്ഥിരതാമസമാക്കി. മോളൂരില്‍നിന്ന് സ്ഥാനം ഒഴിയുകയും ചെയ്തു. ആ ദാമ്പത്യത്തില്‍ പിറന്ന ഏക ആണ്‍തരിയാണ് എന്റെ പിതാമഹന്‍ കോയക്കുട്ടി മുസ്‌ലിയാര്‍.
രണ്ടിലധികം വിവാഹങ്ങള്‍ നടത്തിയ കോയക്കുട്ടി മുസ്‌ലിയാര്‍ക്ക് ചെളപറമ്പില്‍ മൊയ്തുവിന്റെ മകള്‍ ഉമ്മേരുവില്‍ പിറന്ന മകനാണ് എന്റെ പിതാവ് സൂപ്പി എന്ന മാനുപ്പ മുസ്‌ലിയാര്‍. ഉമ്മേരുവിന്റെ സഹോദരനാണ് 1921-ലെ ഖിലാഫത്ത് സമരകാലത്ത് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്ന ചെളപറമ്പില്‍ കുഞ്ഞിക്കമ്മ. അദ്ദേഹത്തെ മറവ് ചെയ്തത് വട്ടപറമ്പ് പള്ളി ഖബര്‍സ്ഥാനിലാണ്.
ഞങ്ങള്‍ മക്കളൊക്കെ പിതാവിനെ ‘ആപ്പ’ എന്നാണ് വിളിച്ചിരുന്നത്. ആപ്പ വിവാഹം ചെയ്തത് പുഴക്കാട്ടിരിയിലെ പ്രമുഖ പണ്ഡിതനും ഖിലാഫത്ത് സമര നേതാവുമായിരുന്ന കളക്കണ്ടത്തില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ മകള്‍ പാത്തുമ്മുണ്ണിയെയാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എം.പി നാരായണ മേനോന്‍ പുഴക്കാട്ടിരിക്കാരനായിരുന്നു. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചു നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. പുഴക്കാട്ടിരിക്കാരുടെ ‘മോല്യാര്‍പാപ്പ’യായിരുന്ന അദ്ദേഹം പ്രസിദ്ധനായ കര്‍ഷകനും നാട്ടുപ്രമാണിയുമായിരുന്നു. എം.പി നാരായണ മേനോനും അദ്ദേഹവും ആത്മസുഹൃത്തുക്കളും സഹകാരികളുമായിരുന്നു.
മാതാമഹന്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ പിതാവ് കളക്കണ്ടത്തില്‍ സൈതാലി മുസ്‌ലിയാര്‍ മുള്ള്യാകുര്‍ശി മഹല്ലിന്റെ ഖാളിയായിരുന്നു. മഖ്ദൂം പരമ്പരയില്‍പെട്ട അവര്‍ ദീര്‍ഘകാലം മുള്ള്യാകുര്‍ശി ഖാളിയായിരുന്നു. മുള്ള്യാകുര്‍ശി പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ ആധിപത്യത്തില്‍ ‘ശാന്തപുരം’ ആകുന്നതുവരെയും ഖാളി സ്ഥാനം കളക്കണ്ടത്തില്‍ കുടുംബത്തില്‍ തന്നെയായിരുന്നു.
കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ മൂത്ത സഹോദരന്‍ കളക്കണ്ടത്തില്‍ അഹമ്മദ് മുസ്‌ലിയാര്‍ കരുവാരകുണ്ടിലെ പുല്‍വെട്ട പണത്തുമ്മല്‍ മഹല്ല് ഖാളിയായിരുന്നു. അദ്ദേഹം ഖിലാഫത്ത് സമരത്തിന് ആ ഭാഗത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ തട്ടകമായ കരുവാരകുണ്ടില്‍ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ലഹളയില്‍ പങ്കെടുത്തതിന്റെ പേരില്‍ കളക്കണ്ടത്തില്‍ അഹ്മദ് മുസ്‌ലിയാരെ ബ്രിട്ടീഷ് പട്ടാളം അന്തമാനിലേക്ക് നാടുകടത്തി. അതുപോലെ മാതാമഹന്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരെ പെരിന്തല്‍മണ്ണ ഖജാന കൊള്ളയടിച്ചവര്‍ക്ക് ഭക്ഷണം വിളമ്പിയെന്ന ഇല്ലാത്ത കുറ്റം ചാര്‍ത്തി ജയിലിലടച്ചു. 1972-ല്‍ വിടപറഞ്ഞ എന്റെ വല്ല്യുപ്പ താന്‍ 19 വര്‍ഷം കോയമ്പത്തൂര്‍, ബെല്ലാരി ജയിലുകളിലായി കഴിഞ്ഞുകൂടിയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ജയില്‍ മോചിതനായ അദ്ദേഹം മദിരാശിയില്‍നിന്ന് ബര്‍മയിലേക്ക് പോയി. അവിടെ ഹോട്ടല്‍ ആരംഭിച്ചു. പിന്നീട് കുഞ്ഞുമുഹമ്മദ്, സെയ്ദ്, മമ്മുണ്ണി എന്നീ മൂന്ന് ആണ്‍മക്കളെയും അങ്ങോട്ടുകൊണ്ടുപോയി. ബിസിനസ് പച്ച പിടിച്ചു വന്നപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുവന്നു. പാടങ്ങളും പറമ്പുകളുമായി ധാരാളം സ്ഥലങ്ങള്‍ വിലക്കെടുത്ത് വല്ല്യപ്പ കര്‍ഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. മരണംവരെ ഒരു കര്‍ഷക പ്രമാണിയും നാട്ടിന്റെ നായകനുമായി അദ്ദേഹം ജീവിച്ചു. അരിപ്ര വേളൂരിലെ ഖബര്‍സ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.