കമ്പോളവത്കൃത ഹലാല്‍: മൂല്യവും ച്യുതിയും

2107

വര്‍ധിച്ചു വരുന്ന വിവാദ സംസ്‌കാരം ആഗോളവത്കൃത ലോകത്തിലെ അതിസുതാര്യതയുടെയും വൈവിധ്യാത്മകതയുടെയും ഉല്‍പന്നമാണെന്നു മനസ്സിലാക്കാം. അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഇസ്‌ലാമിന്റെ ആശയസംഹിതകള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതിലപ്പുറം ശക്തമായ നിരീക്ഷണ വലയത്തില്‍ ഇടംപിടിക്കുന്നു എന്നതാകണം വസ്ത്രധാരണവും ഭക്ഷണസംസ്‌കാരവും പോലും വിഷയീഭവിക്കുന്നതിനു കാരണം. പ്രഥമ വീക്ഷണത്തില്‍ തന്നെ ജീവിതഗന്ധിയായ എല്ലാ രംഗങ്ങളിലും കൃത്യമായ നിബന്ധനകള്‍ നിശ്ചയിച്ചിട്ടുള്ള ഇസ്‌ലാമിന്റെ സമഗ്രതയെ പരോക്ഷമായെങ്കിലും ഇത്തരം വിവാദങ്ങള്‍ വകവക്കുന്നുണ്ട് എന്നതാണ് വസ്തുത.
അനേകം ഉപജാപങ്ങള്‍ക്കും പ്രചണ്ഡവാദഗതികള്‍ക്കുമൊടുവില്‍ നാടകീയമായ വിവാദതലം സൃഷ്ടിച്ച ഒന്നാണ് ഹലാല്‍ ഉപഭോഗം എന്നത്. കമ്പോളത്തിലിറങ്ങുന്ന എന്തിനും ഇസ്‌ലാമില്‍ അനുവദനീയമാണെന്ന തരത്തിലുള്ള അംഗീകാരം നല്‍കുന്ന ഒന്നാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കാന്‍ താത്പര്യപ്പെടുന്ന വിശ്വാസി സമൂഹത്തെ ലക്ഷ്യംവച്ചു കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് മുസ്‌ലിംകള്‍ മാത്രം അതിന്റെ ഉപഭോക്താക്കളാകുന്നതു കൊണ്ടല്ല എന്നനേകം സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു. മറിച്ച്, ഇസ്‌ലാം അനുവദിച്ചത് ശാസ്ത്രീയമായും ആരോഗ്യപരമാണെന്നു കരുതുകയും ഗുണമേന്മയുള്ള ഉല്‍പന്നമായി അതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളാണ് ഇതിന്റെ സിംഹഭാഗവും. ഹലാല്‍ ഭക്ഷണം എന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായ പദസന്ധിയാണെന്നതിനാല്‍ അതിനെക്കുറിക്കുന്ന ഒരു അവലോകനം പ്രസക്തമാണ്.

ഹലാല്‍ ഭക്ഷണം- സംസ്‌കാരം
ഹലാല്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം അനുവദനീയം എന്നാണ്. നിഷിദ്ധമാകാത്തതെല്ലാം ഹലാലാണ് എന്നു വിശദീകരിക്കാം. സസ്യമാംസാദികള്‍ ഭക്ഷിക്കുന്നതിന് അനുമതി നല്‍കുന്ന ഇസ്‌ലാമിന്റെ ഭക്ഷണ സംസ്‌കാരം തികച്ചും ആരോഗ്യപരം കൂടിയാണ്. പന്നി മാംസം നിഷിദ്ധമാക്കിയ ഇസ്‌ലാമിന്റെ നിയമം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍, പന്നിമാംസം അനേകം അപകടകാരികളായ ബാക്ടീരിയകളും പാരസൈറ്റുകളും അളവില്‍ കവിഞ്ഞ യൂറിയ ഉള്‍ക്കെള്ളുന്നതുമാണെന്നതിനാല്‍ അത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പില്‍ക്കാലത്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഇസ്‌ലാമില്‍ ഹലാലാക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങളാണ് നിര്‍ണയിക്കപ്പെട്ട രീതിയില്‍ അറുക്കപ്പെട്ട നായ, പന്നി അല്ലാത്ത കുളമ്പുള്ളതും തേറ്റയില്ലാത്തതുമായവയുടെ മാംസം. അതില്‍ തന്നെ അബൂ ഹനീഫ ഇമാമിന്റെ വീക്ഷണപ്രകാരം ഒഴിവാക്കല്‍ നന്നാകുന്ന ഞണ്ട്, കക്ക പോലുള്ളതും പെടുന്നു. നിര്‍ണയിക്കപ്പെട്ട രീതിയില്‍ അറുക്കപ്പെടുക എന്നതിന്റെ വിവക്ഷ ബിംബങ്ങള്‍ക്കു വേണ്ടി അറുക്കപ്പെട്ടതാവാതിരിക്കുക എന്നതും അറുക്കാന്‍ യോഗ്യതയുള്ള വിശ്വാസിയോ വേദക്കാരോ അറുത്തതാവുക എന്നതാണ്. മറ്റു വൃത്തിയുള്ള പച്ചയും ഉണങ്ങിയതുമായ ഭക്ഷ്യപദാര്‍ഥങ്ങളും ധാന്യങ്ങളും വേദക്കാര്‍ തയ്യാറാക്കിയ ഭക്ഷണവും കടലില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങളും അനുവദനീയമാണ്. മാലിന്യങ്ങളോ നിഷിദ്ധമാകാത്തതോ കലരാത്തതും കലര്‍ന്നുവെന്നുറപ്പില്ലാത്തതുമായ ഭക്ഷണ പദാര്‍ഥങ്ങളും അനുവദനീയമായവയില്‍ പെടും. പ്രവാചകന്‍ (സ്വ) യുടെ കാലത്ത് പന്നി മാംസം കലരുന്നുണ്ടെന്ന് പറയപ്പെട്ടിരുന്ന ഭക്ഷണം സമ്മാനിക്കപ്പെട്ടപ്പോള്‍ അത് കലര്‍ന്നുവെന്ന് ഉറപ്പില്ലാത്തതിനാലും അത് പ്രധാനമായും നിര്‍മിക്കപ്പെടുന്നത് പന്നിമാംസം ഉപയോഗിച്ചല്ലാത്തതിനാലും അത് അനുവദനീയമാണെന്ന് പഠിപ്പിക്കുകയുണ്ടായി. ഇത്തരത്തില്‍ വൃത്തിയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഇസ്‌ലാമില്‍ ഹലാലാണ്.

ഇതര മതങ്ങളിലെ രീതി
ഇസ്‌ലാം അല്ലാത്ത മതങ്ങളിലും പ്രത്യേക ഭക്ഷണ പരിധികളും അറവു രീതികളും നിലവിലുണ്ടായിരിക്കെ അതിന്റെ പ്രയോക്താക്കള്‍ തന്നെ ഇസ്‌ലാമിനെ പ്രതിക്കൂട്ടിലാക്കി കല്ലെറിയുകയും സ്വയം ഒഴിഞ്ഞു മാറുകയും ചെയ്യുന്ന രംഗമാണ് ഇന്നു കാണുന്നത്. ഇസ്‌ലാമിലുള്ളതു പോലെ ഭക്ഷണരീതിയിലും അറവിലുമെല്ലാം നിബന്ധനകളും പരിധികളും നിശ്ചയിക്കുന്ന മതങ്ങളുടെ വക്താക്കള്‍ കൂടി ഹലാല്‍ എന്ന പദം ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം നിയമസംഹിതകളെ താഴ്ത്തിക്കെട്ടാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നു കാണാം. ഇസ്‌ലാം പോലെത്തന്നെ അറവ് പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു സെമിറ്റിക് മതമാണ് ജൂതമതം. ഹലാല്‍ എന്ന പദത്തിനു പകരം കോഷര്‍ എന്നാണ് അവര്‍ ഉപയോഗിക്കുന്നത്. കുളമ്പുള്ളതും തേറ്റയില്ലാത്തതുമായ എന്തിനെയും അറുത്തു ഭക്ഷിക്കുന്നതിന് തോറയും തല്‍മൂദും അനുമതി നല്‍കുന്നു. പൊതുധാരയിലുള്ള ക്രൈസ്തവര്‍ക്കിടയിലെല്ലാം ഭക്ഷ്യയോഗ്യമാണെങ്കിലും ക്രിസ്തീയ വിശ്വാസപ്രകാരം പുതിയ നിയമത്തില്‍ മാംസാഹാരം കഴിക്കുന്നതിന് വ്യവസ്ഥ പറയുന്നുണ്ട്. മാത്രമല്ല അറുക്കുമ്പോള്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം പറഞ്ഞ് ആമേന്‍ മൊഴിഞ്ഞാണ് പൊതുവെ അറുക്കുന്നത് എന്ന് ശലമോന്‍ ഹഗര്‍ എത്യോപ്യന്‍ ക്രൈസ്തവതയെ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ കാണാം. അര്‍മീനിയന്‍ ചര്‍ച്ച് അപ്പോസ്തലരുടെ അറവിന് ജൂതരുടെ കോഷറിനോട് ചെറുതല്ലാത്ത ബാന്ധവമുണ്ടെന്ന് കാണാം. പുതിയ നിയമത്തില്‍ തര്‍സൂസിലെ പോള്‍ പറയുന്നത് ബിംബങ്ങള്‍ക്കു വേണ്ടി അറുത്തതും കഴുത്തു ഞെരിച്ച് കൊന്നതുമായ മാംസത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ്. നോര്‍മാന്‍ ഗീസ്ലര്‍ പറയുന്നതായി ബൈബിള്‍ വ്യക്തമാക്കുന്നത് ബിംബങ്ങളുടെ പേരില്‍ അറുത്തതില്‍ നിന്നും അതിന്റെ ചോരയില്‍ നിന്നും കഴുത്തു ഞെരിച്ച് കൊന്നതില്‍ നിന്നും അകന്നു നില്‍ക്കാനാണ്.
ജൂത മതത്തിലുള്ള കോഷര്‍ എന്ന പദം തികച്ചും ഹലാല്‍ എന്നതിന്റെ പര്യായമാണെന്നു കാണാം. അറവിലും അറുക്കപ്പെടുന്ന മൃഗത്തിലും അറവുരീതിയിലുമെല്ലാം പ്രകടമായ സാദൃശ്യം കാണാവുന്നതാണ്. ക്രൈസ്തവര്‍ക്കിടയിലെ അര്‍മീനിയന്‍ വിഭാഗത്തിലുള്ള അറവ് കോഷറുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നതാണെന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍, സെമിറ്റിക് മതങ്ങളിലെല്ലാം തന്നെ പ്രത്യേക അറവു രീതിയും നിബന്ധനകളുമുണ്ടെന്ന് സാരം. ബിംബങ്ങള്‍ക്കു വേണ്ടി അറുക്കപ്പെട്ടതാകരുതെന്ന് നിബന്ധനയുണ്ട് എന്നു സൂചിപ്പിച്ചല്ലോ… ബലിയര്‍പ്പിക്കാന്‍ വേണ്ടി ആചാര അറവുകള്‍ക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്ന പതിവ് ഇതരമതവിശ്വാസികള്‍ക്കിടയിലും കാണാം. കൃത്യമായ നിയമ സംഹിതകളോടൊപ്പം പ്രയാഗവത്കരിക്കുന്ന വിശ്വാസികളും അതോടൊപ്പം പുതുതായി ഇസ്‌ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം കൂടി വരുന്നതുമെല്ലാം ഹലാല്‍ എന്ന സാങ്കേതിക പദത്തിന്റെ പ്രചാരത്തിന് കാരണമായി എന്നു കൂടി ചേര്‍ത്തു വായിക്കാം. ഇത്തരത്തില്‍ അനുവദിക്കപ്പെടുന്നതും അനുവദിക്കപ്പെടാത്തതുമായ ഭക്ഷണക്രമങ്ങള്‍ ഇതരമതങ്ങളിലും ഉണ്ടായിരിക്കെ അതു ചര്‍ച്ച ചെയ്യാപ്പെടാത്തത് പ്രയോഗത്തില്‍ അതില്ലാത്തതു കൊണ്ടായിരിക്കാം. ഇസ്‌ലാമിക നിയമസംഹിത പിന്തുടരുന്ന വിശ്വാസി സമൂഹമാണ് മറ്റൊരു മതത്തിനുമില്ലാത്ത വണ്ണം ഹലാല്‍ ഭക്ഷണരീതിയുടെ പ്രചാരത്തിനു കാരണമായതെന്ന് നിഗമിക്കാം.

സാംസ്‌കാരിക രംഗത്തെ ഹലാല്‍
ഫിലിമുകളും അഭിനയവും നൃത്തവും അരങ്ങുവാഴുന്നിടത്ത് ഹലാല്‍ എന്ന വ്യവഹാരം സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുന്നതു കാണാം. ഹലാല്‍ ലൗസ്റ്റോറിയടക്കമുള്ള നിര്‍മാണങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇതേ സാംസ്‌കാരിക പരിസരത്തെയാണ്. ഹലാല്‍ എന്നത് ഒരു സമുദായത്തിന്റെ ജീവിത പദ്ധതിയെത്തന്നെ അടയാളപ്പെടുത്തുന്ന സമസ്യയായി അവതരിപ്പിക്കപ്പെടുമ്പോള്‍, ലിബറലിസത്തിന്റെ വിമോചനത്തിനായി കാത്തുകിടക്കുന്ന ഒരു സമൂഹത്തെയാണ് പൊതുബോധത്തില്‍ പ്രതിഷ്ഠിക്കാന്‍ പ്രയോക്താക്കള്‍ ശ്രമിക്കുന്നത്.
കലാരംഗത്തെ ഹലാലും പ്രശ്‌നവത്കരിക്കപ്പെടുന്നത് ഇതേ വീക്ഷണത്തിലാണ്. ഹലാല്‍ മ്യൂസിക്ക്,ഹലാല്‍ ഗാനങ്ങള്‍ തുടങ്ങിയവ വ്യത്യസ്ഥ തലങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. മ്യൂസിക്കലായ സ്രഷ്ടാവിനെ തിരയുന്നവര്‍ക്കിടയില്‍ ഹലാല്‍ സംഗീതത്തിന് കമ്പോളം തിരയുന്ന പ്രായോജകരും സൂഫീ ഡാന്‍സും സൂഫീ മ്യൂസിക്കും സൃഷ്ടിക്കുന്ന ഉത്തരാധുനിക സ്വൂഫികളും ചേര്‍ന്ന് ഇത്തരം ഒരു പൊതുധാര സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം.
നരവംശശാസ്ത്രത്തിന് നിര്‍വചിക്കാനാവാത്ത വിധം ഒഴുകിപ്പരന്ന ഇസ്‌ലാമിനെ വിശാലതയുടെ സംഗമമായി വീക്ഷിക്കാന്‍ ‘വാട്ട് ഇസ് ഇസ്‌ലാമി’ല്‍ ഷഹാബ് അഹ്മദ് ശ്രമിക്കുന്നത്. ഇത്തരം ഒരു ബൗദ്ധിക പ്രശ്‌നത്തെക്കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമായി തോന്നുന്നു.
കലയിലും സംസ്‌കാരത്തിലും ഹലാല്‍ എന്ന പ്രയോഗത്തെ ബോധപൂര്‍വം ആവര്‍ത്തിക്കുന്നവര്‍ മറ്റൊരു കമ്പോളസാധ്യത സൃഷ്ടിച്ചെടുക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. പൊതുസമൂഹത്തെ ഉള്‍ക്കൊള്ളാനോ ബഹുസ്വരസമൂഹത്തില്‍ സഹിഷ്ണുവാകാനോ കഴിയാത്ത വിധം ചുരുങ്ങിപ്പോവുകയും ആത്മോല്‍ക്കര്‍ഷുവാകുകയും ചെയ്യുന്ന മുസ്‌ലിം പ്രതിരൂപത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഹലാല്‍ എന്ന പദത്തെ മുഖ്യധാരയില്‍ ആവര്‍ത്തിക്കുന്നവരുടെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, മതം നോക്കാതെ മനുഷ്യനെ മാനിക്കാനും നീതിയുക്തമായി മാത്രം സമൂഹത്തിലിടപെടാനും അപരന്റെ ജീവനെയും വിശ്വാസത്തെയും ആരാധനയെയും മാനിക്കാനും ആദരിക്കാനും നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങള്‍ക്കു നേരെ കണ്ണടച്ചിരുട്ടാക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഭക്ഷണത്തിലും വസ്ത്രത്തിലും കലയിലും സാഹിത്യത്തിലും ഹലാല്‍ പ്രയോഗം കൂട്ടിക്കെട്ടുന്നത് നിയമങ്ങളുടെ മതില്‍ക്കെട്ടിലൂടെ പൊതുസമൂഹത്തെ ഉള്‍ക്കൊള്ളാനാകാത്ത വിധം ചുരുങ്ങിപ്പോകുന്ന മുസ്‌ലിം എന്ന ചിന്ത സൃഷ്ടിക്കുകയും അതിലൂടെ ബോധപൂര്‍വം മുഖ്യധാരയില്‍ നിന്നും മുസ്‌ലിം ചിഹ്നങ്ങളെയും ചിന്തകളെയും നിഷ്‌കാസനം ചെയ്യുന്നതിനുള്ള അജണ്ടയാണിന്ന് അരങ്ങു വാഴുന്നത്.

ഹലാല്‍ മാര്‍ക്കറ്റ്- വിശകലനം
1980 മുതല്‍ ഹലാല്‍ മാര്‍ക്കറ്റിനുള്ള നിയമനിര്‍മാണം ആരംഭിച്ച രാജ്യമാണ് മലേഷ്യ. 2000-ത്തോടെ ആഗോള മാര്‍ക്കറ്റിലേക്ക് ഹലാല്‍ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യാന്‍ തുടങ്ങിയ മലേഷ്യയുടെ 2017-ലെ അന്താരാഷ്ട്ര കയറ്റുമതി 43 ബില്യണ്‍ റിങ്കിറ്റായി ഉയര്‍ന്നു എന്നത് ഈ രംഗത്തെ വലിയ കുതിച്ചു ചാട്ടമായി മനസ്സിലാക്കപ്പെടുന്നു. മലേഷ്യയിലും മറ്റും കണ്ടു വരുന്ന ഹലാല്‍ നിര്‍ണയം കമ്പോളത്തിലേക്കുള്ള ഉത്പന്നത്തിന്റെ പ്രവേശനോപാധിയായി മാറുകയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ എത്തിക്കാന്‍ ഇത് അനിവാര്യമായി മാറുകയും ചെയ്തപ്പോളാണ് എല്ലാ തരം നിര്‍മിതികള്‍ക്കും മീതെ ഹലാല്‍ എന്ന പദം കെട്ടിവക്കാന്‍ തുടങ്ങിയത്. ആദ്യമൊക്കെ മുസ്‌ലിം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഹലാല്‍ ഉത്പന്നങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുന്നതിനുള്ള ഉപാധിയായിരുന്നത് പിന്നീട് കൂടുതല്‍ പരിഗണന നേടുകയും വിശ്വാസികളല്ലാത്ത ഉപഭോക്താക്കളും അത് നോക്കി ഗുണമേന്മ നിശ്ചയിക്കാന്‍ തുടങ്ങിയപ്പോള്‍ അത് കൂടുതല്‍ പ്രചാരം നേടുകയായിരുന്നു. ഹറാം ആണെന്നുറപ്പില്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ നിഷിദ്ധമാണെന്ന് ഒരിക്കലും ഇസ്‌ലാം പറയുന്നില്ല. അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയത് നൂറു ശതമാനം ഹലാലുമായി കടന്നു വരികയും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എന്ന കുമിള സൃഷ്ടിക്കുകയും ചെയ്ത കമ്പോള സംസ്‌കാരമാണ് എന്നതാണ് വാസ്തവം.


കമ്പോള ഹലാല്‍
ഹലാല്‍ എന്ന പദം ഇസ്‌ലാം വിവക്ഷിക്കുന്ന പരിധികള്‍ക്കപ്പുറം കമ്പോള നിലവാരത്തിന്റെഗുണമേന്മ വിളിച്ചോതുന്ന പദമായിട്ടാണ് ഇന്ന് കൂടുതലും പ്രയോഗത്തിലുള്ളത്. അടിസ്ഥാനപരമായി മതത്തില്‍ നിഷിദ്ധമായ ഉത്പന്നങ്ങള്‍ പോലും ഹലാല്‍ യോഗ്യതയുടെ പട്ടില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെടുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെ. ഭക്ഷണപദാര്‍ഥങ്ങള്‍ മുതല്‍ ലൈംഗിക ഉപകരണങ്ങള്‍ വരെ ഹലാല്‍ എന്ന പേരില്‍ ഇന്ന് കമ്പോളം വാഴുന്നു. ഹലാല്‍ കോണ്ടവും പന്നിമാംസവുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരം ഒരു നീക്കത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച രാഷ്ട്രമാണ് മലേഷ്യ. ദേശീയ തലത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഹലാല്‍ എന്ന പ്രയോഗം പ്രചാരത്തില്‍ കൊണ്ടുവരുന്നതിലും അത്ഗുണമേന്മയുടെ തികവായി അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ഫോറിന്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ബോഡിയുടെ പങ്ക് ഒട്ടും ചെറുതല്ല.

പ്രവചനം നിജമാകുമ്പോള്‍
അന്ത്യനാളിന്റെ ലക്ഷണങ്ങള്‍ പറയുന്നയിടത്ത് തിരുനബി (സ്വ) വരാനിരിക്കുന്ന ഒരു സമുദായത്തെക്കുറിച്ച് പ്രതിപാതിക്കുന്നുണ്ട്. അവര്‍ അല്ലാഹുവിന്റെ ഹലാലുകളെ ഹറാമാക്കുകയും ഹറാമുകളെ ഹലാലാക്കുകയും ചെയ്യുന്നവരാണ്. കമ്പോളത്തില്‍ ഹലാല്‍ എന്ന ലേബലില്‍ പന്നിമാംസം പോലും ലഭ്യമാവുകയും നിഖില രംഗങ്ങളിലും ഹലാല്‍ പ്രയോഗം വ്യാപകമാവുകയും ചെയ്യുന്ന ഇക്കാലം അതു നിജപ്പെടുത്തുന്നുണ്ടോ എന്ന ആശങ്ക ശക്തമാകുന്നു. ഹലാല്‍ എന്ന പദത്തെ രാഷ്ട്രീയ തലത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇന്ന് വ്യാപകമാകുന്നത് എന്നിരിക്കിലും ഇത്തരം ഒരു സാങ്കേതികതയുടെദുരുപയോഗം ഒരിക്കലും ന്യായീകരണമര്‍ഹിക്കുന്നതല്ല.
കച്ചവടവത്കരിക്കപ്പെട്ട ഹലാല്‍ എന്ന പദം ഇസ്‌ലാമില്‍ അംഗീകരിക്കുന്നത് എന്ന അടിസ്ഥാന ഉദ്യേശ്യത്തില്‍ നിന്നും കാതങ്ങള്‍ക്കകലെയാണ് എന്നത് മനസ്സിലാക്കാന്‍ ഹലാല്‍ എന്ന പേരില്‍ നിര്‍മിക്കപ്പെടുന്ന ഉത്പന്നങ്ങള്‍ വിലയിരുത്തിയാല്‍ മാത്രംമതി. ഹലാല്‍സിനിമയും ഹലാല്‍ ഗാനവുമൊക്കെ അനായാസം വിറ്റഴിക്കപ്പെടുന്ന അങ്ങാടി നിലവാരത്തിലേക്കുയരുന്നതും ഇതിന്റെ അനുബന്ധമായി വായിക്കാം. ഇത്തരം ഒരു നിരീക്ഷണത്തില്‍ ഹലാല്‍ എന്ന വ്യവഹാരത്തിനും മറ്റുവിവാദങ്ങള്‍ക്കും അനേകം തലങ്ങള്‍ രൂപാന്തരപ്പെടുന്നു. പ്രശ്‌ന വത്കരിക്കപ്പെടുന്ന ഹലാല്‍ സങ്കല്‍പ്പത്തില്‍ നിന്നും പ്രയോഗത്തിലുള്ള ഹലാല്‍ യാഥാര്‍ഥ്യത്തിലേക്കുള്ള ദൂരം ഒട്ടും ചെറുതല്ല. അരികുവത്കരണത്തിന്റെ പൊതുബോധവും ഇസ്‌ലാംഭീതിയുടെ മാധ്യമ ധര്‍മവും സമ്മാനിച്ച പുതിയൊരു നിര്‍മിതയാണ് ഹലാല്‍ വിവാദം. കമ്പോള വത്കരിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന മൂല്യവും ഗുണവും നിലവിലെ ഹലാല്‍ പ്രയോഗം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഹാശിര്‍ യാഹുദ്ദീന്‍