കവാടങ്ങളടക്കും മുമ്പ് നിങ്ങളിതൊന്ന് വായിക്കണം

2705


നിയാസ്.പി മുന്നിയൂര്

സി.എ.എ, എന്‍.ആര്‍.സി എന്നീ ഭരണഘടനാ വിരുദ്ധ നടപടിക്രമങ്ങളിലൂടെയും ഗുജറാത്ത്,ഡല്‍ഹി മോഡല്‍ കലാപങ്ങളിലൂടെയും ഇന്ത്യയിലെ മുസ്ലിംകളെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ അവര്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ കവാടങ്ങടങ്ങളടക്കും മുമ്പ് ഇതൊന്ന് വായിക്കണം. എ.കെ. അബ്ദുല്‍ മജീദ് എഴുതിയ ഇന്ത്യ: മുസ്ലിം സ്വാധീനവും സംഭാവനകളുമെന്ന ചരിത്രകൃതി. ഇന്ത്യയുടെ ചരിത്രവും ഇന്ത്യയിലെ ഇസ്ലാമിന്റെ ചരിത്രവും സമഗ്രമായി അവതരിപ്പിക്കുന്ന കൃതി ഇന്ത്യയുടെ ആത്മാവില്‍ മുസ്ലിംകള്‍ ചാര്‍ത്തിക്കൊടുത്ത കൈയ്യൊപ്പുകളെയും കൃത്യമായി ചരിത്ര ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ചേര്‍ത്ത് വെക്കുന്നതാണ് കൃതി.

ഇന്ത്യയില്‍ ഇസ്ലാം വ്യാപിച്ചത് സൂഫികളിലൂടെ


പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് മുമ്പ് തന്നെ അറേബ്യന്‍ ജനതക്ക് കേരള ദേശവുമായും ഗുജറാത്തുകയും വ്യാപാര ബന്ധമുണ്ടായിരുന്നു. കേരളം കഴിഞ്ഞാല്‍ അറബികള്‍ ഏറ്റവും അടുത്തിടപഴകിയ നഗരം കൂടിയാണ് ഗുജറാത്ത്. പ്രധാനമായും രണ്ട് വഴികളിലൂടെയാണ് ഇസ്ലാം ഇന്ത്യയില്‍ എത്തുന്നത്: തെന്നിന്ത്യയുമായി വ്യാപാര ബന്ധമുണ്ടായിരുന്ന അറബികള്‍ വഴിയും സിന്ധ് അക്രമിച്ച ഉമവീ സൈന്യം വഴിയുമാണവ. ഇസ്ലാം ലോകത്ത് പ്രചരിച്ചത് യുദ്ധങ്ങളിലൂടെയും മുസ്ലിംകള്‍ അക്രമപ്രിയരുമാണെന്ന ഇസ്ലാമോഫോബിക് വാദങ്ങളെ കൃതി കൃത്യമായി തെളിവുകള്‍ നിരത്തി തള്ളിക്കളയുന്നുണ്ട്. ചരിത്രകാരനായ എം.എന്‍. റോയ് മുഹമ്മദ് ബിന്‍ ഖാസിമിന്റെ സിന്ധ് അക്രമണത്തെ കുറിച്ച് തന്റെ ‘ഹി സ്‌റ്റോറികല്‍ റോള്‍ ഓഫ് ഇസ്ലാം’ എന്ന കൃതിയില്‍ പറയുന്നത് ഇങ്ങനെ: ബ്രാഹ്മണ ഭരണാധികാരികളെ എതിര്‍ത്തിരുന്ന ജാട്ട് വിഭാഗത്തിന്റെയും മറ്റു കാര്‍ഷിക സമൂഹങ്ങളുടെയും സഹായത്തോടെയാണ് മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് കീഴടക്കിയത്.

മാത്രമല്ല, സര്‍ തോമസ് ആര്‍നള്‍ഡ് തന്റെ ‘ദി പ്രീച്ചിംഗ് ഓഫ് ഇസ്ലാം: എ ഹിസ്റ്ററി ഓഫ് ദി പ്രൊപഗേഷന്‍ ഓഫ് ദി മുസ്ലിം ഫൈത്ത്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇസ്ലാം ലോകത്ത് പ്രചരിച്ചത് സാത്വികരും ആത്മജ്ഞാനികളുമായ പ്രബോധകര്‍ വഴിയാണ് എന്നാണ്. ദക്ഷിണേന്ത്യയിലെ റാവുത്തര്‍മാര്‍ ഇസ്ലാമിലേക്ക് വന്നത് സയ്യിദ് നാദിര്‍ഷാ എന്ന സൂഫി വഴിയാണ്.തമിഴ്‌നാട്ടില്‍ ഇസ്ലാം പ്രചരിച്ചത് ഏര്‍വാടി സയ്യിദ് ഇബ്‌റാഹീം ശഹീദ്, നാഗൂരിലെ അബ്ദുല്‍ ഹമീദ് നാഗൂരി എന്നീ സാത്വിക വഴിയും. ഡക്കാനിലും ബീജാപൂരിലും സൂഫീ വര്യനായ പീര്‍ മഹാബിര്‍ ഖംദായ് മുഖേനയും പൂനെയില്‍ സയ്യിദ് മഖ്ദൂം, സിന്ധിലും പരിസരങ്ങളിലും സയ്യിദ് യൂസുഫുദ്ദീന്‍, പഞ്ചാബില്‍ ബാബാ ഫരീദുദ്ദീന്‍ വഴിയും ഇന്ത്യയിലാകമാനം ഇസ്ലാമിക വ്യാപനത്തിന് വഴിവെച്ച ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങള്‍ വഴിയുമാണ് ഇസ്ലാം ഇന്ത്യയിലങ്ങോളമിങ്ങോളം വ്യാപിച്ചത്.

ഇന്ത്യ മുസ്ലിം ഭരണത്തില്‍


712ല്‍ മുഹമ്മദ് ബിന്‍ ഖാസിം സിന്ധ് കീഴടക്കുന്നതോടെയാണ് ഇന്ത്യയില്‍ മുസ്ലിം ഭരണം ആരംഭിക്കുന്നത്. 870ല്‍ പ്രാദേശിക അമീറുമാര്‍ അബ്ബാസി ഖിലാഫത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെയാണ് ഈ ഭരണം അവസാനിക്കുന്നത്. പിന്നീട്, ഗസ്‌നയിലെ സുല്‍ത്താന്‍ സബൂക് തിഗിനെ പെഷവാറിലെ ജയ്പാല്‍ രാജാവ് അക്രമിക്കുന്നതോടെയാണ് ഇന്ത്യയില്‍ വീണ്ടും മുസ്ലിം ഭരണമാരംഭിക്കുന്നത്. സുല്‍ത്താന് കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ യുദ്ധം ജയ്പാലിനെതിരായ യുദ്ധം അവസാനിപ്പിച്ചെങ്കിലും അദ്ദേഹത്തിന് ശേഷം വന്നവര്‍ ഉടമ്പടി പാലിച്ചില്ല. അതോടെ സബൂക് തിഗിനെ ശേഷം വന്ന മഹ്മൂദ് ഗസ്‌നി ലാഹോര്‍, പഞ്ചാബ്, കാശ്മീര്‍, സിന്ധ്, ഗ്വാളിയോര്‍ മേഖല പിടിച്ചെടുത്തു. ഗസ്‌നിക്ക് ശേഷം മുഹമ്മദ് ഗോറിയും ഒട്ടേറെ സ്ഥലങ്ങള്‍ കീഴടക്കി, പിടിച്ചെടുത്ത നഗരങ്ങളുടെ അധികാരം ഖുത്ബുദീന്‍ ഐബക്കിനെ ഏല്‍പിച്ചു. അദ്ദേഹത്തിലൂടെയാണ് ഇന്ത്യയുടെ സമഗ്ര വികസനങ്ങള്‍ക്ക് വഴി തുറന്ന 320 വര്‍ഷത്തെ ഡല്‍ഹി സുല്‍ത്താന്മാരുടെയും അവര്‍ക്ക് ശേഷം 316 വര്‍ഷത്തെ മുഗള്‍ ഭരണവും തുടങ്ങുന്നത്. ഖുത്ബുദ്ദീന്‍ ഐബക്കിന്റെ മംലൂക്ക് രാജവംശം (12061290), ജലാലുദ്ദീന്‍ ഫിറോസ് ഖില്‍ജിയുടെ ഖില്‍ജി രാജവംശം(12901320), ഗാസിമുല്‍ക്ക് ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ തുഗ്ലക് രാജവംശം(13201414), ഖിദ്ര്‍ ഖാന്‍ തുടക്കം കുറിച്ച സയ്യിദ് വംശം(14141451), ബഹ് ലുല്‍ ലോദിയുടെ സയ്യിദ് വംശം(14511526) അടങ്ങുന്നതാണ് ഡല്‍ഹി സല്‍ത്തനറ്റ്. പാനിപ്പത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് തുടക്കമിട്ടു. ബ്രിട്ടീഷ് കടന്നുകയറ്റത്തോടെയാണ് ഇന്ത്യയിലെ മുസ്ലിം ഭരണമവസാനിക്കുന്നത്. 1857ല്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫറിനെ ബ്രിട്ടീഷുകാര്‍ ബന്ദിയാക്കി റങ്കൂണിലേക്ക് നാടുകടത്തുകയായിരുന്നു.

ഇന്ത്യ: ഇസ്ലാമിന്റെ സ്വാധീനവും സംഭാവനകളും


ആറ് നൂറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികള്‍ ബ്രിട്ടീഷുകാരെപ്പോലെ ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിച്ച് അവരുടെ നാടുകളിലേക്ക് കയറ്റിക്കൊണ്ടുപോയില്ല. അവര്‍ ഇന്ത്യയുടെ ഭരണനിര്‍വ്വഹണ, സാമ്പത്തിക, കാര്‍ഷിക, വൈജ്ഞാനിക, കല, വാസ്തുവിദ്യ തുടങ്ങിയ മേഖലകള്‍ക്കെല്ലാം ശക്തമായ അടിത്തറ പാകി. ഡല്‍ഹി കേന്ദ്രമായി ഭരണമാരംഭിച്ച ഇല്‍ത്തുമിഷാണ് ഇന്ത്യയില്‍ ശമ്പള വ്യവസ്ഥ കൊണ്ടുവന്നത്. ഇന്ത്യയില്‍ ഫ്യൂഡല്‍ ഭരണവ്യവസ്ഥക്ക് അന്ത്യം കുറിച്ചതും ഖുത്ബുദ്ദീന്‍ ഐബക് തുടങ്ങി വെച്ച ഖുതബ്മിനാറിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും അദ്ദേഹം തന്നെ. ആഗ്രനഗരം പണികഴിപ്പിച്ചത് സിക്കന്ദര്‍ ലോദിയായിരുന്നു. ശീറാസെ ഹിന്ദ്( ഇന്ത്യയിലെ ശീറാസ്) എന്നറിയപ്പെടുന്ന ജോന്‍പൂര്‍ നിര്‍മ്മിച്ചത് ഫിറോസ് ഷാ തുഗ്ലക്ക്. ദീവാനെ കോഹി എന്ന പേരില്‍ മുഹമ്മദ് തുഗ്ലക്ക് കാര്‍ഷിക വകുപ്പ് കൊണ്ടുവന്നു. മുഗളന്മാര്‍ക്ക് സാമ്രാജ്യത്തെ പതിനഞ്ചും ഇരുപതും പ്രവിശ്യകളാക്കി തിരിച്ചു സമഗ്ര വികസനം സാധ്യമാക്കി. ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഉദ്പന്നങ്ങള്‍ വന്‍തോതില്‍ വിറ്റയിക്കപ്പെട്ടു. മുഗളന്മാര്‍ക്ക് കീഴില്‍ ഇന്ത്യ നേടിയെടുത്ത സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ഡോ. ഇര്‍ഫാന്‍ ഹബീബിന്റെ ‘ദി അഗ്രേറിയന്‍ സിസ്റ്റം ഓഫ് മുഗള്‍ ഇന്ത്യ 15561707’ എന്ന ഗ്രന്ഥത്തില്‍ സമഗ്രമായി പറയുന്നുണ്ട്.

ഇന്ത്യയിലേക്ക് ഇന്നും ഒഴുകിയെത്തുന്ന വിദേശ സഞ്ചാരികളും ടൂറിസ്റ്റുകളും തേടിയെത്തുന്ന സ്‌നേഹക്കൊട്ടാരം താജ് മഹല്‍, ഖുതബ്മിനാര്‍, ചാര്‍മിനാര്‍, ചെങ്കോട്ട, ഗോല്‍കുംഭസ് എന്നിവയെല്ലാം മുസ്ലിംകളുടെ സാംസ്‌കാരിക ഈടുവെപ്പുകളാണ്. ഇവയെ മാറ്റി നിര്‍ത്തി ഇന്ത്യയെ സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമല്ല. ഭാഷാ സാഹിത്യ രംഗത്തും മുസ്ലിംകളുടെ ഇടപെടലുകള്‍ കുറവല്ല. പേര്‍ഷ്യന്‍ ഭാഷയും പ്രാദേശിക ഭാഷയായ ഖഡീബോലിയും സംയോജിച്ചപ്പോഴാണ് ദില്‍ കി സബാന്‍(ഹൃദയത്തിന്റെ ഭാഷ) എന്ന ഉറുദു ജനിക്കുന്നത്. ഇന്ത്യയില്‍ പിറവിയെടുത്ത സങ്കരഭാഷകളില്‍ അറബിയോട് ചേര്‍ത്ത് വെച്ചത് ഒത്തിരിയാണ്. ഗുജറാത്തിയും അറബിയും ചേര്‍ന്ന ലിസാനുദ്ദഅവ, കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും റവായത്ത്, ആര്‍വി എന്ന അറബിത്തമിഴ്, അറബി മലയാളവും ഇതില്‍ പെടുന്നു. ഇന്ത്യയില്‍ യൂനാനി വൈദ്യം കൊണ്ടുവന്നതും മുസ്ലിംകളാണ്. സംഗീത രംഗത്ത് നോക്കൂ, പ്രശസ്തമായ ഖവ്വാലിയുടെ ഉപഞ്ജാതാവ് നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യനായ അമീര്‍ ഖുസ്രുവാണ്. ഖയാന, തറാന എന്നീ സംഗീത ശാഖകളും അദ്ദേഹത്തിന്റെ സംഭാവന തന്നെ. സുല്‍ത്താന്‍ ഹുസൈന്‍ ഷായുടെ ജോന്‍പൂരി രാഗം, ടാന്‍സണിന്റെ ദര്‍ബാരി, മിയാന്‍ കി തോഡി, മിയാന്‍ കി മല്‍ഹര്‍ എല്ലാം ഇതില്‍ പെടുന്നു. തലത് മഹ്മൂദ്, മുഹമ്മദ് റഫി, എ.ആര്‍. റഹ്മാന്‍ അങ്ങനെ നീളുന്നതാണ് ഈ നിര.

സ്വാതന്ത്ര്യ സമരവും മുസ്ലിംകളും


ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ ഇന്ത്യയെ നയിച്ചത് മൂന്ന് പ്രധാന ചിന്താധാരകളാണ്. ഭാരത മാതാവിനെ കുറിച്ചുള്ള കാല്‍പനിക സ്വപ്നങ്ങളെ താലോലിച്ച ടാഗോറിനെപ്പോലുള്ളവരുടെ നിയോ ഹിന്ദൂയ്സ്റ്റുകളാണ് ഒന്ന്. ഗാന്ധിയും നെഹ്‌റുവുമടങ്ങുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ദേശീയ വാദികളാണ് രണ്ടാമത്തേത്. മതപരവും ദേശസ്‌നേഹപരവുമായ പ്രചോദനങ്ങള്‍ കൊണ്ട് സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച മുസ്ലിംകളാണ് മൂന്നാമത്തെ വിഭാഗം. മുസ്ലിംകളില്‍ നിന്ന് പിടിച്ചെടുത്താണ് ഇന്ത്യയില്‍ ബ്രിട്ടീഷുകാരം അധികാരം തുടങ്ങിയത് എന്നതിനാല്‍ അവര്‍ ഏറ്റവും ഭയപ്പെട്ടിരുന്നതും മുസ്ലിംകളെ തന്നെയായിരുന്നു. ഹൈദറലിയും ടിപ്പു സുല്‍ത്താനും ഇന്ത്യക്കായി ജീവന്‍ നല്‍കി. മുള കൊണ്ട് കോട്ട കെട്ടി പോരാടിയ മീര്‍ നിസാര്‍ അലി തിതുമീര്‍, ഫറാഇദീ മൂവ്‌മെന്റിന് തുടക്കം കുറിച്ച മൗലവി ശരീഅത്തുള്ള, മകന്‍ ദാതൂമിയാന്‍, മൗലാനാ ഫള് ലുല്‍ ഹഖ് ഖൈറാബാദി തുടങ്ങിയവരും ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മുന്നോട്ടു വന്ന അലി സഹോദരന്മാര്‍, അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, മൗലാനാ അബുല്‍ കലാം ആസാദ്. മലബാറിലെ മാപ്പിള ലഹളയിലൂടെയു മലബാര്‍ കലാപത്തിലൂടെയും ചെറുത്ത് നിന്നവര്‍, മമ്പുറം തങ്ങള്‍, ഉമര്‍ ഖാദി, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ദേശീയ മുസ്ലിംകളും മുസ്ലിം ലീഗിലുമായുണ്ടായിരുന്ന ഒട്ടേറെ മുസ്ലിംകള്‍ രാജ്യത്തിനായി രക്തവും ശരീരവും ധാനം ചെയ്തവരായുണ്ട്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരുടെ പേരുകള്‍ കൊത്തിവെച്ച ഇന്ത്യാ ഗേറ്റില്‍ ബഹുഭൂരിഭാഗവും മുസ്ലിം പേരുകളാണ്. ഇന്ന് ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയവര്‍ മുസ് ലിംകളെ പുറത്താക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ഗേറ്റിലേക്കൊന്ന് സൂക്ഷിച്ച് നോക്കണം. കതകക്കും മുമ്പ് അതിലെ പേരുകള്‍ ഒരാവര്‍ത്തി കൂടി വായിക്കണം. വക്കം മൗലവി അവസാന നിമിഷം തന്റെ പിതാവിനെഴുതിയ കത്തോടെയാണ് കൃതി അവസാനിക്കുന്നത്.

ഇന്ത്യയുടെ പ്രാചീന ചരിത്രം, വേദകാലം, ഇതിഹാസ കാലം, നിയോ ഹിന്ദൂയിസം, തിയോസഫിക്കല്‍ സൊസൈറ്റി എന്നിവയെക്കുറിച്ചെല്ലാം വിശദമായി വിവരിക്കുന്ന ഗ്രന്ഥം ഇന്ത്യയിലെ ഓരോ മുസ്ലിമും കൂടെ വായിച്ചിരിക്കേണ്ട അമൂല്യ ഗ്രന്ഥമാണിത്.