കീറാനവി; മക്കാമണ്ണില്‍ വിപ്ലവം തീര്‍ത്ത ഭാരതീയന്‍

2434

ലക്നൗ എന്ന നഗരത്തിന് മുഗള്‍ കാലഘട്ടത്തില്‍ ഇന്ത്യയിലെ കൊര്‍ദോവ എന്ന അപരനാമമുണ്ടായിരുന്നു. കൊര്‍ദോവയെ അറിവിന്റെ സമവാക്യമായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ലോകം അംഗീകരിച്ച നിരവധി മുസ്ലിം പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയും, ക്രിയാത്മകമായ വിദ്യഭ്യാസ രീതികള്‍ വികസിപ്പിച്ചെടുത്തുമാണ് ഭാരതവും കൊര്‍ദോവയോട് സമം ചേര്‍ക്കപ്പെട്ടത്. റഹ്മത്തുള്ളാഹ് കീറാനവി ഈ പണ്ഡിത നിരയിലെ അപൂര്‍വ സാന്നിധ്യമായിരുന്നു.
ഇന്ത്യയില്‍ മുഗള്‍ ഭരണം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന 1818 ല്‍ ആന്ധ്രപേദേശിലെ കീറാന എന്ന പ്രദേശത്തായിരുന്നു റഹ്മത്തുള്ള കീറാനവിയുടെ ജനനം. മുഗള്‍ ഭരണ കാലത്ത് വലിയ രാഷ്ട്രീയ പദവികള്‍ വഹിച്ചിരുന്ന പണ്ഡിതരും ഉദ്യോഗസ്ഥരുമായ കുടുംബത്തില്‍ നിന്നും ചരിത്രത്താളുകള്‍ കാത്തിരുന്ന തിരുപ്പിറവിയായിരുന്നു കീറാനവിയുടേത്. മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാന്‍(റ)വിലേക്ക് എത്തിച്ചേരുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബ പരമ്പര. ആറാമത്തെ പിതാമഹനായ അബ്ദുല്‍ അലീം മുഗള്‍ ഭരണാധികാരിയായിരുന്ന അക്ബറിന്റെ കാലത്തെ കൊട്ടാര വൈദികനായിരുന്നു.
ആറാം ക്ലാസു മുതല്‍ കുടുംബാധ്യപകന്മാരില്‍ നിന്നും മത വിദ്യാഭ്യാസം അഭ്യസിച്ചു തുടങ്ങിയ കീറാനവി 12ാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി. തന്റെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, പേര്‍ഷ്യന്‍ ഭാഷകളും സ്വായത്തമാക്കി. ശേഷം തുടര്‍പഠനത്തിനായി ഡല്‍ഹിയിലും ലക്നൗവിലും വിവിധ പഠന ശാഖകളില്‍ അഗ്രഗണ്യരായിരുന്ന ഇമാം ബക്ശ് സ്വഹ്ബാനി, ഉസ്താദ് മുഹമ്മദ് ഹയാത്ത്, മുഫ്തി സഅ്ദുള്ള തുടങ്ങിയ ഉസ്താദുമാരില്‍ നിന്നും അറിവിന്റെ വിശാല ലോകത്തേക്ക് കടന്നുചെന്നു. പഠനം കഴിഞ്ഞ് ജന്മനാട്ടില്‍ തന്നെ തിരിച്ചെത്തിയ അദ്ദേഹം കീറാനയില്‍ ഒരു മദ്രസ സ്ഥാപിക്കുകയും ചെയ്തു. മുഹദ്ദിസും ഫഖീഹും വലിയ ചരിത്ര പണ്ഡിതനുമായി മാറിയ കീറാനവി മുദരിസും മുഫ്തിയുമായി തന്റെ പ്രബോധന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചിശ്തി സരണിയിലൂടെ തന്റെ ആത്മീയ വഴിയും കീറാനവി കണ്ടെത്തിയിരുന്നു.
ബ്രിട്ടീഷ് ആധിപത്യം ശക്തമായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു മുഗള്‍ ഭരണത്തിന്റെ അവസാന കാലഘട്ടം. ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് തുടങ്ങി സിവില്‍ നിയമങ്ങളിലേക്കുള്ള ശക്തമായ ചേക്കേറലിന്റെ ആരംഭ ഘട്ടമായിരുന്നു ഇത്. ക്രിസ്തു മത വിശ്വാസികളായ ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചടക്കുന്നതിനുള്ള കോപ്പു കൂട്ടലുകള്‍ക്കൊപ്പം തങ്ങളുടെ മതം പ്രചരിപ്പിക്കാനുള്ള വഴികള്‍ കൂടി തേടി. ബ്രിട്ടനില്‍ നിന്നും പുരോഹിതന്മാരെ പ്രത്യേകം ഇന്ത്യയിലെത്തിച്ച് മതപ്രചരണ പരിപാടികള്‍ സജീവമാക്കുകയും ചെയ്തിരുന്നു. മുഗള്‍ ഭരണാധികാരികള്‍ മുസ്ലിംകളായിരുന്നെങ്കിലും തങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭൂരിപക്ഷം ഹിന്ദുക്കളായി നിലനിന്നത് ആ ഭരണകര്‍ത്താക്കളുടെ വലിയ മനസ്സിന്റെ അടയാളമായി എണ്ണപ്പെടാറുണ്ട്. വര്‍ഗ-വര്‍ണ വൈജാത്യത്തില്‍ മനം മടുത്തവര്‍ കുബേര-കുചേല വ്യത്യസമില്ലാതെ മനുഷ്യനൊന്നായി തോള്‍ചേര്‍ന്നു നില്‍ക്കുന്ന ഇസ്ലാമിന്റെ സുന്ദരമായ സമസ്യയിലേക്ക് ആകര്‍ഷിക്കപ്പെട്ട് വളര്‍ന്നതിനപ്പുറം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കല്‍പന പുറപ്പെടുവിച്ച ഒരു മുസ്ലിം ഭരണാധികാരിക്കും ഭാരത മണ്ണ് ഇടം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രിസ്ത്യാനികള്‍ വളരെ ന്യൂനപക്ഷമായിരുന്ന ഇന്ത്യയിലേക്ക് കൊളോണിയല്‍ ക്രിസ്തു മതം പുതിയ പ്രചരണ ദൗത്യവുമായി കടന്നുവരുന്നത്. വ്യത്യസ്ത രീതിയില്‍ മതം പ്രചരിപ്പിച്ചും മറ്റു മതങ്ങളിലെ പുരോഹിതന്മാരുമായി വാദപ്രതിവാദങ്ങള്‍ സംഘടിപ്പിച്ചും സജീവമാകാന്‍ കണക്കു കൂട്ടലുകള്‍ നടത്തിയ ക്രിസ്തീയ പുരോഹിതര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് മുസ്ലിം പണ്ഡിതന്മാര്‍ തന്നെയായിരുന്നു. റഹ്മത്തുള്ളാ കീറാനവി ശ്രദ്ധാ കേന്ദ്രമാകുന്നതും ക്രിസ്ത്യന്‍ പുരോഹിതന്മാരുമായുള്ള സംവാദത്തിലൂടെയാണ്.
1854 ല്‍ നടന്ന ക്രിസ്ത്യന്‍ പുരോഹിതന്മാരുമായുള്ള കീറാനവിയുടെ സംവാദം ഏറെ പ്രശസ്തമാണ്. ബര്‍ണബാസ് ബൈബിള്‍ മുന്നില്‍ വച്ചായിരുന്നു അദ്ധേഹം ക്രിസ്ത്യന്‍ മിഷണറിമാരെ നേരിട്ടിരുന്നത്. ഇത്തരം സംവാദ വേദികളില്‍ നിറഞ്ഞു നിന്നിരുന്ന ജര്‍മന്‍ ക്രിസ്തു പുരോഹിതനായിരുന്നു പെഫന്‍ഡര്‍. മീസാനുല്‍ ഹഖ് എന്ന പേരില്‍ ഒരു ഗ്രന്ഥം തന്നെ അദ്ധേഹം രചിച്ചിരുന്നു. ഇസ്ലാമികാശയങ്ങളെ വിമര്‍ശനാത്മകമാക്കി രചിച്ച ഈ ഗ്രന്ഥം തന്നെയായിരുന്നു സംവാദ വേദികളിലെ ക്രിസ്ത്യന്‍ മത പുരോഹിതരുടെ മൂല ഗ്രന്ഥം. വിശ്വാസികളിലെ ആഴത്തിലുള്ള അറിവില്ലായ്മയും വിശ്വാസത്തിലെ ദൗര്‍ബല്യവും മുതലെടുക്കാന്‍ പ്രസ്തുത ഗ്രന്ഥം നന്നായി ഉപയോഗപ്പെടുത്തിയതിന്റെ പ്രതിഫലനങ്ങള്‍ ചെറിയ രീതിയിലാണെങ്കിലും പ്രകടമായിരുന്നു.
ദുര്‍ബല വിശ്വാസികളില്‍ സ്വാധീനമുണ്ടാക്കാന്‍ എക്കാലത്തും ക്രിസ്തീയ പുരോഹിതര്‍ പരീക്ഷിച്ചിരുന്ന നയമാണ് സഹതാപ തരംഗവും സഹകരണ മനോഭാവവും. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മറപിടിച്ച് കടന്നു വന്ന മത പ്രചരണം ഈ സഹതാപ തരംഗവുമായി താദാത്മ്യപ്പെടാതിരുന്നതായിരിക്കണം ശക്തിയുപയോഗിച്ച് വിശ്വാസം അടിച്ചേല്‍പ്പിക്കുന്ന മുറകളാണ് കൊളോണിയല്‍ ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും ക്രിസ്തു മതത്തെയും അതിന്റെ നിയമങ്ങളെയും ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശ്രമങ്ങളെ പ്രതിരോധിക്കലായിരുന്നു ലഹളയില്‍ പങ്കെടുത്തവരുടെ പ്രേരക ശക്തി എന്നതാണ് വിലയിരുത്തല്‍. കമ്പനിയുടെ സൈന്യത്തിലുണ്ടായിരുന്ന ഇന്ത്യക്കാരായ മുസ്ലിംകളും ഹിന്ദുക്കളും ഒരു വേള നിര്‍ബന്ധിതമായി ക്രിസ്തു മതം സ്വീകരിക്കേണ്ടി വരുമോ എന്ന ചിന്തയില്‍ നിന്നാണ് ശിപായി ലഹള തന്നെ ഉരിതിരിയുന്നതും പിന്നീട് വലിയ കലാപമായി അത് പരിണമിക്കുന്നതും. ഈ മതപ്രചരണങ്ങളെ ആശയപരമായും ആരോഗ്യപരമായും ശക്തമായി പ്രതിരോധിക്കാന്‍ മുസ്ലിം പണ്ഡിതര്‍ മുന്നോട്ടു വന്നിരുന്നതിന്റെ ഉത്തരങ്ങളായിരുന്നു കലാപ ശേഷം കൊല്ലപ്പെടുകയും മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്ത മുസ്ലിം പണ്ഡിതരുടെ വലിയ നിര.
റഹ്മത്തുള്ളാ കീറാനവി ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായി ശബ്ദിക്കുകയും പോരാടുകയും ചെയ്യുകയും അതിനു വേണ്ടി വിശ്വാസികളെ സജ്ജരാക്കുകയും ചെയ്തിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ധര്‍മയുദ്ധമാണെന്നും അതില്‍ മരണപ്പെടുന്നവരെ ശഹീദ് പദവികള്‍ ലഭിക്കുന്നവരായും ചിത്രീകരിച്ചതിലൂടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അണി ചേര്‍ന്നിരുന്നു. കലാപ ശേഷം ഇത്തരം നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പണ്ഡിതരെ തേടി ബ്രിട്ടീഷ് പട്ടാളമെത്തി. പലരും കൊല്ലപ്പെട്ടു, പലരും ജയിലിലടക്കപ്പെട്ടു, ഒരുപാടാളുകള്‍ നാടുകടത്തപ്പെട്ടു. നിരവധി പേര്‍ സ്വയം കപ്പല്‍ കയറി നാടു വിട്ടു. റഹ്മത്തുള്ള കീറാനവിയും ബ്രിട്ടീഷുകാരുടെ പിടികിട്ടാ പുള്ളികളുടെ ലിസ്റ്റിലുണ്ടായിരുന്നു. അദ്ധേഹം തന്ത്രപരമായി അവിടെ നിന്നും ബോംബെയിലേക്ക് കടക്കുകയും പിന്നീട് കപ്പല്‍ കയറി അറേബ്യയിലെത്തുകയും ചെയ്തു. യമനിലായിരുന്നു അദ്ധേഹം കപ്പലിറങ്ങിയത്.
യമനില്‍ നിന്നും സൗദി അറേബ്യയിലെത്തിയതോടെയാണ് കീറാനവിയെ ചരിത്രം ശ്രദ്ധിച്ചു തുടങ്ങിയത്. ഉസ്മാനി ഖിലാഫത്തിന് കീഴിലായിരുന്നു അന്ന് അറേബ്യയും മക്കയും മദീനയുമെല്ലാം. അന്നത്തെ മസ്ജിദുല്‍ ഹറം ഇമാമും ഖത്വീബൂം മുദരിസും ശാഫി മദ്ഹബിലെ മുഫ്തിയുമായിരുന്ന അല്ലാമാ അഹ്മദ് ബ്നു സൈനീ ദഹ്‌ലാനു കീഴില്‍ ധാരാളം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന ദര്‍സുകള്‍ അന്നും മസ്ജിദുല്‍ ഹറമില്‍ നടന്നു വന്നിരുന്നു. കീറാനവിയുടെ പാണ്ഡിത്യവും കഴിവും തികവുമെല്ലാം അധികം വൈകാതെ തന്നെ അല്ലാമാ സൈനീ ദഹ്ലാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹത്തിനും അത്തരം ദര്‍സുകള്‍ നടത്താനുള്ള അനുവാദം നല്‍കുകയും ചെയ്തു. കീറാനവിയെ സംബന്ധിച്ചിടത്തോളം അദ്ധേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് ലോകം നല്‍കിയ വലിയ അംഗീകാരമായിരുന്നു മസ്ജിദുല്‍ ഹറമിലെ ഈ അധ്യാപക വൃത്തി. ലോക മുസ്ലിം പണ്ഡിതരുടെ കൂട്ടത്തിലേക്ക് ഒരിന്ത്യക്കാരന്‍ തന്റെ അറിവിന്റെ ആഴവും കഴിവും, തികവും കൊണ്ട് തെരഞ്ഞെടുക്കപ്പെട്ടുവെന്നത് തന്നെ ഏറെ അഭിമാനകരമാണ്. അധ്യാപക വൃത്തിയോടൊപ്പം അറിവിന്റെ പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലാനും വലിയ ഗ്രന്ഥങ്ങള്‍ രചിക്കാനുമായി ശിഷ്ടകാലം നീക്കിവച്ച കീറാനവിയിലൂടെ മക്കയും അതിന്റെ പ്രാന്തങ്ങളും വിദ്യഭ്യാസത്തിന്റെ പുതിയ വിപ്ലവങ്ങള്‍ക്ക് നാന്ദി കുറിക്കുകയായിരുന്നു.
കീറാനവിയുടെ മാസ്റ്റര്‍ പീസാണ് ഇള്ഹാറുല്‍ ഹഖ് എന്ന വിഖ്യാത ഗ്രന്ഥം. ക്രിസ്ത്യന്‍ പുരോഹിതനായ പെഫന്‍ഡറിന്റെ മീസാനുല്‍ ഹഖ് എന്ന ഗ്രന്ഥത്തിനു മറുപടിയായി അതിലെ പൊള്ളയായ വാദങ്ങളെ തുറന്നുകാട്ടി കീറാനവി എഴുതിയ ഗ്രന്ഥമാണിത്. മസ്ജിദുല്‍ ഹറാമിലെ അധ്യാപകനായിരുന്ന അവസരത്തിലാണ് ഇള്ഹാറുല്‍ ഹഖ് പുറത്തു വരുന്നത്. ഉറുദുവില്‍ തയ്യാറാക്കിയ എഴുത്തുരേഖകള്‍ പിന്നീട് അല്ലാമാ സൈനീ ദഹ്‌ലാന്റെ നിര്‍ദേശപ്രകാരമാണ് അറബിയില്‍ വിപുലമായ രീതിയില്‍ തയ്യാറാക്കപ്പെട്ടത്. 1864 ല്‍ പുറത്തിറങ്ങിയ ആറു വാള്യങ്ങളിലുള്ള ഈ ഗ്രന്ഥം തുര്‍ക്കി, ഉറുദു, ഇംഗ്ലീഷ്. ഗുജറാത്തി ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുകയും ചെയ്തു. ക്രിസ്തു മതത്തിലെ തെറ്റായ വാദങ്ങള്‍ക്കെതിരെയുള്ള ശക്തമായ തെളിവുകള്‍ സവിസ്തരം പ്രതിപാധിക്കുന്ന ഈ ഗ്രന്ഥം ലോക പ്രശസ്തമാകുന്നത് ക്രിസ്ത്യാനികളുമായി നടന്ന വ്യത്യസ്ത സംവാദങ്ങളിലൂടെയാണ്. ക്രിസ്ത്യാനികളുമായുള്ള സംവാദങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ് ഈ മഹത് ഗ്രന്ഥമെന്നത് തന്നെ അതിന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നു. സമീപ കാലത്ത് വിട പറഞ്ഞ് പോയ ലോക പ്രശസ്ത പ്രബോധകനും ക്രിസ്ത്യന്‍ പുരോഹിതന്മാരുമായുള്ള സംവാദ വേദികളിലെ സ്ഥിരം സാന്നിധ്യവുമായ അഹ്മദ് ദീദാത്ത് പ്രസ്തുത ഗ്രന്ഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നു വരുന്നത്. ക്രിസ്ത്യാനികളുമായി സംവാദം നടത്താന്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദും ഈ ഗ്രന്ഥത്തെ ആശ്രയിച്ചിരുന്നു.
ഭുവന പ്രശസ്തമായ നിളാമിയ്യ പാഠ്യപദ്ധതിയിലൂടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത റഹ്മത്തുള്ളാ കീറാനവിയെ സംബന്ധിച്ചിടത്തോളം മക്കയില്‍ തുടര്‍ന്നു വരുന്ന അധ്യാപന രീതിയിലും പാഠ്യരീതിയിലും വ്യവസ്ഥാപിതത്വം ആഗ്രഹിച്ചിരുന്നത് സ്വാഭാവികമാണ്. ഈ ചിന്തയുടെ ഫലമായിരുന്നു ഒന്നര നൂറ്റാണ്ടോളമായി ലോകത്തിന്റെ പല ഭാഗത്തുമുള്ള ആയിരക്കണക്കിന് പണ്ഡിതന്മാരെ വാര്‍ത്തെടുത്ത മക്കയില്‍ ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്ന മദ്റസ അസ്സൗലത്തിയ്യ. ഈ മഹത് സംരംഭത്തിന്റെ സ്ഥാപകന്‍ കഥാപുരുഷനായിരുന്നു. മസ്ജിദുല്‍ ഹറമിലും അംഗീകരിക്കപ്പെട്ട ചുരുക്കം ചില വ്യക്തി കേന്ദ്രീകൃത മതപഠന കേന്ദ്രങ്ങളിലും മാത്രമായിരുന്നു ഈ കാലയളവില്‍ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടന്നു വന്നിരുന്നത്. കൃത്യമായി ഏകീകരിക്കപ്പെട്ട സിലബസ് അനുസരിച്ചോ കരിക്കുല സമ്പ്രദായത്തിലോ ആയിരുന്നില്ല ഈ പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന രീതി തന്നെയായിരുന്നു പിന്തുടര്‍ന്നിരുന്നത്. മറ്റു പല മുസ്ലിം രാജഭരണ പ്രദേശങ്ങളിലും വ്യവസ്ഥാപിതമായ രീതിയില്‍ മദ്രസകളും മതപഠന കേന്ദ്രങ്ങളും നടന്നു വന്നിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് മക്കയില്‍ ഇങ്ങനെ നടന്നു വന്നിരുന്നത് എന്നതാണ് ശ്രദ്ധേയം.
1868ലാണ് ഈ മദ്റസ സ്ഥാപിക്കപ്പെടുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ മതപഠനം നല്‍കുന്നതിനായി ഹറമിന്റെ ആശീര്‍വാദത്തോടെ തന്നെ തുടങ്ങിയ സ്ഥാപനമായിരുന്നു മദ്റസ അസ്സൗലത്തിയ്യ. ഇന്ത്യയില്‍ വ്യപകമായിരുന്ന ദര്‍സെ നിളാമിയ്യ മാതൃകയില്‍ തന്നെയായിരുന്നു ഈ മദ്റസയും ആരംഭിച്ചത്. റഹ്മത്തുള്ളാ കീറാനവി മക്കയിലെത്തുന്ന പ്രധാനമായും തന്റെ രാജ്യക്കാര്‍ക്കും മറ്റു രാജ്യങ്ങളിലുള്ളവര്‍ക്കും മതപരമായ വിദ്യഭ്യാസം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ചെറിയ രീതിയില്‍ ആരംഭിച്ച മദറസയാണ് പിന്നീട് മികച്ച രീതിയിലേക്ക് മാറുന്നതും സൗലത്തിയ്യ മദ്റസ എന്ന നാമത്തില്‍ അറിയപ്പെടുന്നതും. പൂര്‍ണമായും വ്യവസ്ഥാപിത രീതിയില്‍ സിലബസ് അടിസ്ഥാനത്തില്‍ മദറസയുടെ അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ മദ്റസ ഇന്ത്യന്‍ മദ്റസ, ശൈഖ് റഹ്മത്തുള്ളയുടെ മദ്റസ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ഓരോ പഠന വിഭാഗങ്ങളെയും വേര്‍തിരിച്ച് ഉന്നത പഠനം ആവശ്യമായവര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നടക്കുന്ന ദര്‍സുകളിലേക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ പാഠ്യപദ്ധതിയെ ശൈഖ് കീറാനവി പുനരാവിഷ്‌കരിച്ചിരുന്നു.
മദ്റസക്ക് സൗലത്തിയ്യ മദ്റസ എന്ന നാമം വന്നതിനു പിന്നില്‍ ഒരു സംഭവമുണ്ടായിരുന്നു. 1873 ലാണ് പ്രസ്തുത സംഭവം നടന്നത്. കൊല്‍ക്കത്ത സ്വദേശിനിയായ സമ്പന്നയായ സൗലത്തുന്നിസാഅ് എന്ന സ്ത്രീ ഹജ്ജിനു വേണ്ടി മക്കയിലെത്തിയപ്പോള്‍ ഇന്ത്യക്കാരായ ഹാജിമാര്‍ക്ക് താമസിക്കാന്‍ ഒരു കെട്ടിടം സ്വന്തം ചിലവില്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുകയുണ്ടായി. ഈ ആഗ്രഹവുമായി അവര്‍ റഹ്മത്തുള്ള കീറാനവിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ ദര്‍സില്‍ പഠിച്ചു വന്നിരുന്ന ബന്ധുവിലൂടെയായിരുന്നു കീറാനവിയിലേക്ക് ആ സ്ത്രീ എത്തിയത്. അവര്‍ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ കീറാനവി പറഞ്ഞു, ‘നമുക്ക് ഹാജിമാരെ താമസിപ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിനേക്കാള്‍ പ്രധാനം ഒരു മദ്റസക്കുള്ള കെട്ടിടം നിര്‍മിക്കലാണ്. ഈ പണം നമുക്ക് മദ്റസക്ക് വേണ്ടി ചെലവഴിക്കാം’. അവര്‍ അതിനു സമ്മതിക്കുകയും ചെയ്തു. ആ മഹതി നല്‍കിയ പണമുപയോഗിച്ച് ഹറമിന്റെ പരിസരത്ത് തന്നെ ഭൂമി വാങ്ങുകയും ആ ഭൂമിയില്‍ മദ്റസക്ക് വേണ്ടി പുതിയ കെട്ടിടം പണിയുകയും ചെയ്തു. ഒരു വര്‍ഷം കൊണ്ട് പണി തീര്‍ത്ത ശേഷം മക്കയിലെ പ്രമുഖരായ നേതാക്കന്മാരെയും പണ്ഡിതന്മാരെയും വിളിച്ച് ആഘോഷ പൂര്‍വം തന്നെ അതിന്റെ ഉദ്ഘാടനവും നടത്തി. മദ്റസയില്‍ പഠിച്ചു വന്നിരുന്ന വിദ്യാര്‍ഥികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. ആ സ്ത്രീയോടുള്ള ആദരസൂചകമായി മദ്റസ അസ്സൗലത്തിയ്യ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
നാലു ഘട്ടങ്ങളായി തിരിച്ചായിരുന്നു സൗലത്തിയ്യ മദ്റസയില്‍ സിലബസ്സ് ക്രമീകരിച്ചിരുന്നത്. ഖുര്‍ആന്‍, ഖത്മ്, ഖിറാഅ, ഫിഖ്ഹ്, ഇമ്ലാഅ്, നഹവ്, സ്വര്‍ഫ് എന്നിവയായിരുന്നു ആദ്യ ഘട്ടത്തില്‍ പഠിക്കാനുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തില്‍ ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്വ്, സ്വര്‍ഫ്, ബലാഗ, മബാദിഉല്‍ മന്‍ത്വിഖ്, ഹിസാബ്, ഖത്മ് തുടങ്ങിയവയായിരുന്നു, മൂന്നാം ഘട്ടത്തില്‍ തഫ്സീര്‍, ഫിഖ്ഹ്, ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ്, നഹ്വ്, ബലാഗ, മന്‍ത്വിഖ്, ഫല്‍സഫ, അദബ്, ഉസൂലുല്‍ ഹദീസ്, താരീഖ്, ഇല്‍മുല്‍ മവാരീസ് തുടങ്ങിയ വിഭാഗങ്ങളും നാലാം ഘട്ടത്തില്‍ തഫ്സീര്‍, ഉസൂലുല്‍ ഫിഖ്ഹ്, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, ഫല്‍സഫ, ഫലഖ്,താരീഖ് തുടങ്ങിയവയുമായിരുന്നു. പഠിതാക്കള്‍ വര്‍ദ്ധിക്കുകയും കാലം മാറ്റം ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ പാഠ്യക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് പിന്നീട് സൗലത്തിയ്യ മദ്റസ മുന്നോട്ടു പോയത്. മൂന്നു വര്‍ഷത്തെ പ്രീ പ്രൈമറി, നാല് വര്‍ഷത്തെ ഇബ്തിദാഇയ്യ, സാനവിയ്യ നാലു വര്‍ഷം, ആലിയ നാലു വര്‍ഷം എന്നിങ്ങനെയായിരുന്നു കരിക്കുലം തയ്യാറാക്കിയിരുന്നത്.
ഇന്ത്യക്കു പുറമേ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പഠിതാക്കള്‍ മദ്റസ അസ്സൗലത്തിയ്യയുടെ സന്തതികളായി സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട്. ലോകം ആദരിച്ച വലിയ പണ്ഡിതന്‍മാരും മറ്റു മേഖലകളില്‍ കഴിവു തെളിയിച്ചവരും ഈ മദ്റസയുടെ സന്തതികളാണ്. ഹിജാസില്‍ ഭരണകൂടം സ്ഥാപിച്ച ഹുസൈന്‍ ബിന്‍ അലി, ലോകപ്രശസ്ത മാലികി പണ്ഡിതനായ ഹസന്‍ ബിന്‍ മുഹമ്മദ് അല്‍ മുശാത്വ്, കവിയായിരുന്ന ഉസ്താദ് അഹ്മദ് ബ്നു ഇബ്റാഹീം തുടങ്ങിയവര്‍ പ്രമുഖരില്‍ ചിലരാണ്. റഹ്മത്തുള്ള കീറാനവിയുടെ ശിഷ്യനായിരുന്നു വെല്ലൂര്‍ ബാഖിയാത് സ്വാലിഹാത്തിന്റെ സ്ഥാപകനായ അബ്ദുല്‍ വഹാബ് ഹസ്രത്ത്. ദര്‍സെ നിളാമിയ്യ മാതൃകയില്‍ തന്നെയാണ് വെല്ലൂര്‍ ബാഖിയാത് സ്വാലിഹാത്ത് ഇന്നും നടന്നു വരുന്നത്.
ആധുനിക സൗദി അറേബ്യ നിലവില്‍ വന്നപ്പോഴും ഈ മദ്റസ അതേപടി നിലനിന്നുവെന്നത് ഏറെ ആശാവഹമാണ്. ആശയപ്പൊരുത്തമില്ലാത്തതെല്ലാം ഇല്ലാതെയായപ്പോഴും തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കാന്‍ പ്രാപ്തിയുണ്ടാകുക എന്നത് തന്നെ ഏറെ അഭിമാനകരമാണ്. മാത്രമല്ല, ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യത്തെ ഭരണാധികാരിയുമായിരുന്ന അബ്ദുല്‍ അസീസ് രാജാവ് ഈ മദ്റസ സന്ദര്‍ശിച്ച അവസരത്തില്‍ വ്യവസ്ഥാപിതത്വവും ക്രമീകരണവും സിലബസ് ഏകീകരണവുമെല്ലാം മനസ്സിലാക്കിയ ശേഷം പറഞ്ഞത് ‘സൗലത്തിയ്യ മദ്റസ എന്റെ രാജ്യത്തെ അസ്ഹര്‍ സര്‍വകലാശാലയാണെന്നായിരുന്നു’. ഒരു കരിക്കുലം വികസിപ്പിച്ചെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ മതമോ ഭൗതികമോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറേബ്യയില്‍ വ്യാപകമാകുന്നതും ആധുനിക സൗദി രൂപംകൊണ്ട ശേഷമാണ്. സൗലത്തിയ്യ മദ്റസ പോലുള്ള വളരെ കുറച്ച് സ്ഥാപനങ്ങള്‍ മാത്രമാണ് അതുവരെ നിലനിന്നിരുന്നത്. മാത്രമല്ല ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും തനിമയൊട്ടും ചോരാതെ ഇന്നും പ്രവര്‍ത്തിച്ചു വരുന്നു എന്ന ഖ്യാതി ഒരുപക്ഷേ, സൗലത്തിയ്യ മദ്റസക്ക് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതായിരിക്കും. അറേബ്യന്‍ രാഷ്ട്രത്തില്‍ ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പു തുടങ്ങിയ ശ്രദ്ധേയമായ വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് പിറകില്‍ റഹ്മത്തുള്ള കീറാനവി എന്ന ഒരു ഇന്ത്യന്‍ പണ്ഡിതന്‍ ഉണ്ടായിരുന്നു എന്നതില്‍. 1891ലെ റമളാനില്‍ പവിത്രമായ വെള്ളിയാഴ്ച്ച രാവിലാണ് റഹ്മത്തുള്ള കീറാനവി ഈ ലോകത്തോടു വിടപറഞ്ഞത്. 73 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്. മക്കയില്‍ വച്ചുതന്നെ വിടപറഞ്ഞ അദ്ദേഹത്തെ ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ ബീവി(റ)യുടെ ചാരത്താണ് ഖബറടക്കം ചെയ്തിട്ടുള്ളത്.

ഹാഫിസ് സി.പി സഈദ് വാഫി