കുത്തു റാത്തീബും തത്ബീറും: വേദന ആത്മീയ ലഹരിയാവുന്നതെങ്ങനെ?

3273

മുഹമ്മദ് ഇര്‍ഷാദ് വല്ലപ്പുഴ

ചരിത്രത്തില്‍, വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മത സമൂഹങ്ങളുടെ വളര്‍ച്ചയില്‍ ഒഴിച്ചുകൂടാനാവാത്തതും സുപ്രധാനമായതുമായ പങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. സാമൂഹിക ഘടനകളെയും ബന്ധങ്ങളെയും വിശുദ്ധവല്‍ക്കരിക്കുന്നതിനും സാമുദായിക ഏകതകളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി ആവിഷ്‌കരിക്കപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിവിനെയും പ്രവര്‍ത്തിയെയും വിശ്വാസത്തിലേക്കും അംഗീകാരത്തിലേക്കും നയിക്കുന്നുവെന്ന് സൈദ്ധാന്തികര്‍ അഭിപ്രായപ്പെടുന്നു. മതസമൂഹങ്ങളിലെ ആചാരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ഒരു വിശ്വാസി തന്റെ വിശ്വാസനവും സാമുദായിക അംഗത്വവും ഉറപ്പിക്കുകയും സമൂഹത്തെ ഏകീകരിക്കുകയും ചെയ്യുന്നു.
പാരമ്പര്യ വിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നതിനും ആത്മീയോന്നതി കരസ്ഥമാക്കുന്നതിനും മതപ്രാധാന്യമുള്ള ചരിത്രസംഭവങ്ങളെയും മഹത് വ്യക്തികളെയും അനുസ്മരിക്കുന്നതിനുമാണ് സാധാരണ രീതിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിവരാറുള്ളത്. ഇത്തരത്തിലുള്ള ആചാരങ്ങളില്‍ പലതും അന്ധവിശ്വാസത്തിന്റെ പുറത്ത് ഉത്ഭവിച്ചതാണെന്നാണ് മാനവസമൂഹത്തിന്റെ വിശ്വാസം. എന്നാല്‍, വിശ്വാസപ്രേരിതമായി നിര്‍വഹിക്കുന്ന മതകീയ ആചാരങ്ങള്‍ അന്ധവിശ്വാസപരമായി ധരിക്കുന്നത് ഒരുപക്ഷെ യുക്തിസഹമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ അന്ധവിശ്വാസം കൊണ്ട് പരീക്ഷിക്കപ്പെടുന്ന ഒരു പ്രധാന മതസമൂഹമാണ് വിശുദ്ധ ഇസ്്‌ലാമിക മതസമൂഹം. എന്നാല്‍, ഇത്തരത്തിലുള്ള മതകീയ ആചാരങ്ങള്‍ സമൂഹങ്ങള്‍ക്കിടയില്‍ ചെലുത്തിയ സ്വാധീനവും ചെറുതല്ല.
മതവിശ്വാസങ്ങളുടെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും രീതിയും രൂപവും വ്യത്യസ്തമാവുന്നു.
ആധുനിക സാഹചര്യത്തില്‍ ഇത്തരത്തില്‍ അന്ധവിശ്വസിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമായ ആചാരങ്ങളില്‍ കൂടുതലും ആത്മപീഡനവുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്. പ്രധാനമായും സെമിറ്റിക് മതങ്ങളിലും ഇതരമതവിഭാഗങ്ങളിലും ദേഹോപദ്രവവും ആത്മപീഡകവുമായ ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മതകീയവും സാമൂഹികവുമായ വിവിധ പ്രേരകങ്ങളാണ് ആചാരാനുഷ്ടാനങ്ങള്‍ക്ക് പിന്നില്‍ പരിവര്‍ത്തിക്കുന്നത്. പല മതസമൂഹങ്ങളിലും ആത്മപീഡനപരമായ ആചാരങ്ങള്‍ക്ക് പ്രത്യേകമായ മൂല്യങ്ങള്‍ നല്‍കുന്നുണ്ട്. സ്വശരീരത്തെ അതിതീവ്രമായി മുറിവേല്‍പ്പിക്കുന്ന ഇത്തരം ആചാരങ്ങളിലൂടെ ആത്മീയ ലഹരി ആസ്വദിക്കാന്‍ എങ്ങനെ സാധിക്കുമെന്നുള്ള ചോദ്യം സ്വാഭാവികമാണ്. നേരത്തെ സൂചിപ്പിച്ചതു പോലെ ആത്മപീഡനപരമായ അനുഷ്ടാനങ്ങളില്‍ കൂടുതല്‍ ക്രൂശിക്കപ്പെടുന്ന മതമായ ഇസ്്‌ലാമില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന രണ്ടാചാരങ്ങളാണ് കുത്തുറാത്തീബും ശിയഈ വിഭാഗക്കാരുടെ തത്ബീറും. ഇവിടെയാണ് കുത്തുറാത്തീബിനെതിരെയും തത്ബീറിനെതിരെയുമുള്ള ചോദ്യം ഉയര്‍ന്നുവരുന്നത്. എന്തെന്നാല്‍ സ്വശരീരത്തിലുണ്ടാകുന്ന വേദന എങ്ങനെ ഒരു ആത്മീയലഹരിയായി പരിണമിക്കുന്നുവെന്ന പ്രശ്‌നമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്.
ഇസ്്‌ലാമിക സംസ്‌കാരങ്ങള്‍ മുഖവിലക്കെടുക്കുമ്പോള്‍ റാത്തീബുകളുടെ സ്വാധീനം ചെറുതൊന്നുമല്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ ജീവിച്ചിരുന്ന ശൈഖ് അഹ്്മദ് കബീര്‍ അല്‍ രിഫാഈ എന്ന സൂഫീവര്യന്റെ നാമത്തില്‍ നടത്തപ്പെടുന്ന രിഫാഈ റാത്തീബും മറ്റു റാത്തീബുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മുസ്്‌ലിം സമൂഹത്തിലെ ഓരോ ത്വരീഖത്തുകള്‍ക്കും സൂഫീസരണികള്‍ക്കും ഉള്ളതുപോലെ രിഫാഈ സരണിയുടെ പ്രത്യേകമായ ഒരു സൂഫീറാത്തീബാണ് രിഫാഈ റാത്തീബ്. പ്രത്യേകമായ ദിക്‌റുകള്‍ക്കും ദുആകള്‍ക്കും പുറമെയുള്ള ആയുധകലാ സംസ്‌കാരമാണ് രിഫാഈ റാത്തീബിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ആദ്യകാലങ്ങളിലെ ജനങ്ങളില്‍ രിഫാഈ റാത്തീബ് ചൊലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. പണ്ടുകാലങ്ങളില്‍ മാസത്തിലൊരിക്കലോ വര്‍ഷത്തിലൊരിക്കലോ നടന്നുവരുന്ന റാത്തീബിന്റെ സദസ്സുകളെ ജനങ്ങള്‍ സഹൃദയത്തോടെയും അതിലേറെ സാംസ്‌കാരികമായും അംഗീകരിച്ചിരുന്നു എന്നതിലുപരി അവര്‍ അതിനെ ഒരാഘോഷമായിട്ടായിരുന്നു കണ്ടിരുന്നത്. മാത്രമല്ല, അന്നവിടെ നിന്നും ലഭിക്കുന്ന വ്യത്യസ്തമായ ഭക്ഷണ പലഹാരങ്ങളും അവരെ അതിലേക്കാകര്‍ഷിപ്പിച്ചു
ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ ഇസ്്്‌ലാമിന്റെ നിലനില്‍പ്പില്‍ സൂഫീസരണികളുടെയും റാത്തീബ്, മൗലിദ് പോലെയുള്ള ആചാരങ്ങളുടെയും സ്വാധീനം ചെറുതൊന്നുമല്ല. റാത്തീബിന്റെ രണ്ടാം പകുതിയില്‍ കത്തി, ഗദ, ശൂലം പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആത്മപീഡന പരമായ ആയോധന പ്രകടനവും അടങ്ങിയതാണ് ഇതിന് കുത്തു റാത്തീബ് എന്ന നാമകരണത്തിന്റെ പ്രധാന ഹേതു.
പതിനാറാം നൂറ്റാണ്ടില്‍ തന്നെ രിഫാഈ സൂഫി സരണി ദ്വീബുകളിലും കേരളക്കരയിലും എത്തിയിട്ടുണ്ട്. അക്കാലങ്ങളില്‍ കേരളക്കരയിലും ദ്വീപുകളിലും റാത്തീബുകളുടെ തിരുശേഷിപ്പുകളാണ് ഇന്ന് നാം കാണുന്ന കിത്താബുകളും റാത്തീബുകളും. പ്രധാനമായും ദ്വീബുകളില്‍ നിന്നാണ് റാത്തീബുകള്‍ കേരളക്കരയിലെത്തുന്നത്. തൊട്ടടുത്ത നൂറ്റാണ്ടില്‍ തന്നെ ലക്ഷദ്വീബില്‍ നിന്നും കേരളക്കരയിലെത്തിയ ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ കടന്നുവരവാണ് കേരളത്തില്‍ കുത്തു റാത്തീബിന്റെ സ്വാധീനം വാനിലേക്കുയര്‍ത്തിയത്. നിശ്ചിതമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഇദ്ദേഹം അന്ന് നിലനിന്നിരുന്ന പല സദസ്സുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ പിന്മുറക്കാരായ പല സാദാത്തീങ്ങളും റാത്തീബുകളുടെ ആവശ്യാര്‍ത്ഥം കേരളക്കരയിലെത്തി. റാത്തീബുകള്‍ നടത്താന്‍ വേണ്ടി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ആലയങ്ങളാണ് റാത്തീബ് പുരകള്‍. ആപത്തുകളില്‍ നിന്ന് കരകയറുന്നതിനും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും വേണ്ടി നടന്ന് വന്നിരുന്ന റാത്തീബുകള്‍ ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ തക്കതായ തെളിവുകളാണ് ഈ റാത്തീബു പുരകള്‍.
രിഫാഈ ശൈഖിന്റെ കാലഘട്ടത്തില്‍ തന്നെ ഇശാ നമസ്‌കാരത്തിനു ശേഷം മജ്‌ലിസുകളില്‍ അവിടുത്തെ മുരീദുമാര്‍ സ്വശരീരത്തെ മുറിവേല്‍പിക്കുന്ന രീതിയില്‍ പല വിധത്തിലുള്ള പ്രകടനങ്ങളും നടത്തിയിരുന്നു എന്നതാണ് ഇതിന്റെ പ്രധാന അവലംബം. ആളിക്കത്തുന്ന അഗ്നിയില്‍ നൃത്തം ചവിട്ടുന്നതും ജീവനോടെ പാമ്പുകളെ ഭക്ഷിക്കുന്ന സിംഹപ്പുറത്ത് സവാരി നടത്തുന്നതും അവരുടെ ദൈനംദിന കര്‍മ്മങ്ങളായിരുന്നുവെന്ന് ഇബ്‌നു ബതൂത തന്റെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നു. ഇന്ത്യക്കു പുറമെ ഇറാഖ്, ഇന്തോനേഷ്യ, ഫിജി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ഇന്നും കുത്ത് റാത്തീബ് അനുബന്ധ ആയോധന പ്രകടനങ്ങളും നടന്നുപോരുന്നു.
രിഫാഈ റാത്തീബില്‍ ആയുധങ്ങളുടെ പ്രാധാന്യം ചെറുതൊന്നുമല്ല. ശൈഖില്‍ നിന്നും നേരിട്ട് ആയുധങ്ങള്‍ ഏറ്റുവാങ്ങി അനുമതി നല്‍കിയതിന് ശേഷമാണ് അഭ്യാസികള്‍ പ്രകടനം തുടങ്ങുന്നത്. കത്തിയും ഗദയും ശൂലവും ഉപയോഗിച്ച് സ്വശരീരത്തിലെ പല ഭാഗങ്ങളിലേക്കും കുത്തുന്നതു മുതല്‍ നാവ് പോലോത്ത അവയവങ്ങള്‍ മുറിച്ച് കഷ്ണം കഷ്ണമാക്കി അവതാരകന്‍ സദസ്സ്യര്‍ക്ക് കാണിച്ചുകൊടുക്കുക വരെ ചെയ്യുന്നു. പ്രധാനമായും ശൈഖ് രിഫാഈയുടെ കറാമത്തുകള്‍ സദസ്സ്യരെ ബോധ്യപ്പെടുത്തുക എന്നതാണ് ആയുധ പ്രയോഗത്തിന്റെ സുപ്രധാന ലക്ഷ്യം.എന്നാല്‍, ഇത്തരത്തിലുള്ള ആയുധോപയോഗം കൊണ്ട് ശരീരത്തില്‍ തെല്ലുവേദന പോലും അനുഭവിക്കുന്നില്ല എന്നതിലാണ് അത്ഭുതം.
ഇത്തരത്തില്‍ ആത്മീയ പരമായ രിഫാഈ റാത്തീബ് ഇന്ന് വ്യത്യസ്ത രീതികളിലായി ആചരിക്കപ്പെടുന്നു. ശൈഖും തന്റെ അനുയായികളും അടങ്ങുന്ന ഒരു സംഘം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രാമുകളായി നടത്തുന്നതാണ് കുത്തു റാത്തീബിന്റെ ആധുനിക രീതി. മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന സാംസ്‌കാരിക തനിമ സൂക്ഷിച്ച് കൊണ്ടുള്ള റാത്തീബുകള്‍ ഇന്ന് കുറഞ്ഞു കൊണ്ടിരിക്കുന്നു. വര്‍ഷാവര്‍ഷം നടത്തിവരുന്ന റാത്തീബ് പ്രമാണിച്ച് അതു നടക്കുന്ന ദിവസങ്ങള്‍ നേര്‍ച്ചയായിത്തന്നെ പല ദേശക്കാരും ആഘോഷിക്കുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള പുലാക്കാട് ഗ്രാമത്തില്‍ വര്‍ഷാവര്‍ഷം നടന്ന് വരുന്ന രിഫാഈ നേര്‍ച്ച ഇതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നു മാത്രം.
ആദ്യകാലങ്ങളില്‍ നടന്നുവന്നരുന്ന റാത്തീബിന്റെ രൂപത്തില്‍ നിന്ന് നേരിയ വ്യത്യാസമുണ്ടെങ്കിലും ആധുനിക രൂപത്തിലും ആശയത്തിനും സ്വാധീനത്തിനും ഒട്ടും കുറവില്ലെന്നതാണ് വാസ്തവം.ഒരു ശൈഖിന്റെയോ വലിയ്യിന്റെയോ നേതൃത്വത്തില്‍ ഒരു സംഘത്തിന്റെ സാന്നിധ്യത്തിലാണ് സാധാരണ രീതിയില്‍ കുത്തുറാത്തീബ് എന്ന ആയോധന കല നടക്കുന്നത്.താളാത്മകമായ രീതിയില്‍ ബൈത്തുകള്‍ ചെല്ലുന്നതിനിടയില്‍ ആഭാസികളിലൊരാള്‍ സദസിന്റെ മധ്യത്തിലേക്ക് വന്ന് യാ ശൈഖെ… റളിയള്ളാ…. എന്ന വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് ശൈഖിന്റെ കയ്യില്‍ നിന്ന് ആയുധങ്ങള്‍ സ്വീകരിച്ച് ആഭാസ്യത്തിന് തുടക്കം കുറിക്കുന്നു.അതിനു ശേഷം പ്രത്യേകമായ ഉപകരണങ്ങളെടുത്ത് തന്റെ ശരീരങ്ങളില്‍ കുത്തുകയും നോവിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനാല്‍ ആഭാസിക്ക് ശരീരത്തില്‍ വേദനയോ അസ്വസ്ഥതയോ അനുഭനപ്പെടുന്നില്ല എന്നതിലുപരി അവന്‍ ആത്മീയ ലഹരിയില്‍ മുഴുകുന്നു എന്നതാണ് വസ്തുത.
ദഫ് മുട്ടുന്നതിന്റെ താളത്തിനനുസരിച്ച് ആഭാസി കുത്തുന്നതിന്റെയും വെട്ടുന്നതിന്റെയും വേഗത കൂട്ടുകയും കുറക്കുകയും ചെയ്യുന്നു.ആഭാസി ആയുധ പ്രയോഗത്തിന്റെ വേഗതക്കനുസരിച്ച് യാ ശൈഖ് വിളിയും ഉച്ചത്തിലാക്കുന്നു. പ്രവാചകന്‍ തിരുനബിയെയും ശൈഖ് രിഫാഈയെയും പ്രകീര്‍ത്തിച്ച് കൊണ്ടുള്ള കാവ്യങ്ങള്‍ ഉള്‍ക്കൊണ്ട ബൈത്തുകള്‍ സദസ്സിലെ ശൈഖ് ചൊല്ലിക്കൊടുക്കുകയും കൂടെയുള്ളവര്‍ ഏറ്റുചൊല്ലുകയും ചെയ്യുന്നു. ആയുധ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ദഫ് മുട്ടലും ദഫുകാരുടെ ഒത്തിണക്കത്തോടെയുള്ള ആട്ടവും ആംഗ്യങ്ങളും തിങ്ങിക്കൂടിയ സദസ്സിനെ ഭക്തിനിര്‍ഭരമാക്കുന്നു. ആയുധ പ്രയോഗത്തിനൊടുവില്‍ ആഭാസി സദസ്സിന്റെ മധ്യത്തില്‍ കുഴഞ്ഞ് വീഴുന്നു. പ്രകടന ശേഷം മുറിപ്പാടുകളുള്ള ഭാഗത്ത് സദസ്സിലെ ശൈഖ് തടവുന്നതോട് കൂടെ ശൈഖ് രിഫാഈയുടെ കറാമത്തെന്നോണം ശരീരത്തിലെ മുറിപ്പാടുകളെല്ലാം ഭേദമാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആയുധ പ്രയോഗത്തിനിടയിലും എല്ലാവിധ വേദനയില്‍ നിന്നും ആഭാസി മുക്തനാണ്.
ഇത്തരത്തില്‍ കത്തിയാലും മറ്റു ഉപകപണങ്ങളാലും ശരീരഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന അപ്രിയങ്കരമായ അനുഭൂതിയായിട്ടാണ് വേദന വിശധീകരിക്കപ്പെടുന്നത്. ശരീരം നോവുന്ന അവസ്ഥയില്‍ നിന്ന് കൂടുതല്‍ ശക്തിയും ആത്മസ്ഥൈര്യവും ആര്‍ജിച്ചെടുക്കുമ്പോഴാണ് വിശുദ്ധ വേദനയായി പരിണമിക്കുന്നത്. ആഭാസി പ്രത്യക്ഷലോകത്തോട് തീരെ ബന്ധമില്ലാത്തത് കാരണത്താല്‍ അവന്റെ അബോധമനസ്സിന് വേദന അനുഭവിക്കാനും കഴിയുന്നില്ല. അതുകൊണ്ടു തന്നെ മനസ് അബോധാവസ്ഥയിലാവുമ്പോള്‍ ആ ശരീരത്തിലേല്‍ക്കുന്ന പ്രഹരങ്ങള്‍ക്ക് അര്‍ത്ഥമില്ലാതെ പോവുന്നു എന്നതാണ് വാസ്തവം.
മുഹറം ഒന്ന് മുതല്‍ പത്തു വരെ നടക്കുന്ന ആശൂറാ ആഘോഷം ശിയഈ പ്രസ്ഥാനത്തിന്റെ അസ്തിത്വസ്ഥാപനത്തില്‍ മൂല്യമേറിയ പങ്ക് വഹിച്ചിട്ടുണ്ട്. നാടുനീളെ കറുപ്പ് വസ്ത്രം മാത്രം ധരിച്ച് ആശൂറാ ആചാരണവുമായി ബന്ധപ്പെട്ട പ്രകടനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതിനിടയില്‍ വരുന്ന ആത്മപീഡനപരമായ ഒരു ആചാരമാണ് തത്ബീര്‍. ഉമവി ഭരണാധികാരിയായിരുന്ന യസീദു ബ്‌നു മുആവിയക്കെതിരെ മുസ്്‌ലിംകള്‍ നയിച്ച കര്‍ബല യുദ്ധത്തില്‍ വധിക്കപ്പെട്ട ഹുസൈന്‍ (റ) വിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടത്തുന്ന ആശൂറാ ആഘോഷത്തിന്റെ ഭാഗമായ തത്ബീര്‍ കുത്തു റാത്തീബില്‍ നിന്നും തീര്‍ത്തും വ്യതിരക്തമാണ്. ആചാരപരവും സാംസ്‌കാരികവുമായ പരിസരങ്ങള്‍ വ്യത്യസ്തമാണ്. ഇമാം ഹുസൈന്‍ (റ) വിന്റെ വിയോഗത്തില്‍ ദുഖാര്‍ത്ഥരായി അവരോടൊപ്പം യുദ്ധം ചെയ്യാന്‍ സാധിക്കാത്തതിലുള്ള ഖേദം പ്രകടപ്പിച്ചുകൊണ്ട് മൂര്‍ച്ചയേറിയ കത്തിയും വാളും ചങ്ങലയുമുപയോഗിച്ച് സ്വശരീരത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയെന്നുള്ളതാണ് ചുരുക്കത്തില്‍ തത്ബീറുകൊണ്ടുദ്ധേശിക്കുന്നത്. ഹുസൈന്‍ (റ) വിന്റെ വിയോഗം സംഭവിച്ച കര്‍ഭല യുദ്ധത്തിലെ രക്തസാക്ഷികളെ ഓര്‍മ്മിച്ച് മുഹറം പത്തിന് ശിയഈ വിഭാഗക്കാര്‍ നടത്തുന്ന കൂറ്റന്‍ റാലിയിലാണ് തത്ബീറിന്റെ സ്ഥാനം. ശിയഈ വിഭാഗത്തിലെ മുതിര്‍ന്നവരും യുവാക്കളും കുട്ടികളും കറുത്ത വസ്ത്രം ധരിച്ചാണ് ഈ റാലിയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയപരമായും സാംസ്‌കാരികപരമായും സാമൂഹ്യപരമായും ഏറെ സ്വീധീനം ചെലുത്താന്‍ ഇത്തരം റാലികള്‍ക്കായിട്ടുണ്ട്. 1978-1979 കാലഘട്ടത്തില്‍ നടന്ന ഇറാന്‍ വിപ്ലവത്തിന് ആയത്തുള്ളാ ഖുമൈനി തിരി തെളിച്ചത് ഇത്തരത്തിലുള്ള ഒരു റാലുയുടെ അകമ്പടിയോടെയായിരിന്നുവെന്നത് ഒരു ഉദാഹരണം മാത്രം.
നാടുനീളെ നടക്കുന്ന ഈ റാലിയില്‍ സ്വന്തം താല്‍പര്യപ്രകാരം മുന്നോട്ടു വരുന്ന ഒന്നോ അതിലധികമോ വിശ്വാസികള്‍ വാള്‍, കത്തി, ചങ്ങല പോലോത്ത മുര്‍ച്ചയേറിയ ആയുധങ്ങളെടുത്ത് ദേഹോപദ്രവം നടത്തുന്നു. ഈ സമയം കണ്ടു നില്‍ക്കുന്നവരായ വിശ്വാസികള്‍ യാ… ഹുസൈന്‍… എന്ന് വിളിച്ച് നെഞ്ചത്തടിച്ച ഉച്ചത്തില്‍ കരയുന്നു. പ്രവാചകന്‍ നബി മുഹമ്മദ് (സ) യുടെ കുടുംബത്തോടും പ്രത്യേകിച്ച് ഹുസൈന്‍ (റ) വിനോടുമുള്ള അതിതീവ്രമായ പ്രേമവും ആരാധനയുമാണ് അനിയന്ത്രിതമായ ഈ ദേഹോപദ്രവത്തിലൂടെ അവര്‍ താത്പര്യപ്പെടുന്നതും ഉദ്ധേശിക്കുന്നതും. ഇതിലേക്ക് പിഞ്ചു കുഞ്ഞുങ്ങളെ വരെ വലിച്ചിഴക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു അത്ഭുതം. സ്വശരീരത്തിലം ദേഹോപദ്രവങ്ങളിലൂടെ താനൊരു യഥാര്‍ത്ഥ മതവിശ്വാസിയാണെന്ന് അറിയിക്കുന്നതോടൊപ്പം കണ്ടു നില്‍ക്കുന്നവരായ വിശ്വാസികള്‍ക്ക് ആത്മീയ ലഹരിയുടെ സന്ദേശം നല്‍കുന്നു എന്നതാണ് അവരുടെ മനസ്സിലിരുപ്പ്. ദേഹോപദ്രവമായ തത്ബീര്‍ അടക്കമുള്ള ആ പത്തു ദിവസത്തെ ആചാരങ്ങള്‍ ചെയ്യുന്നതോടെ അവര്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയാവുന്നു എന്നാണ് അവരുടെ വിശ്വാസം.
വിശ്വാസപരമായി കുത്തു റാത്തീബും തത്ബീറും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നതാണ് അടുത്ത സംശയം. കുത്തു റാത്തീബിന്റെ ആയുധപ്രകടനത്തിന് ശേഷം രിഫാഈ ശൈഖിന്റെ കറാമത്തെന്നോണം ആഭാസിയുടെ ശരീരത്തില്‍ സദസ്സിലെ വലിയ്യിന്റെ തടവലോട് കൂടെ മുറിവുകളും പാടുകളും സുഖപ്പെടുന്നു. എന്നാല്‍ വളരെ വിപരീതമായി, തത്ബീറിന്റെ ആയുധ പ്രയോഗത്തിനു ശേഷം ആഭാസി തന്റെ മുറിവുണക്കാന്‍ പാടുപെടുന്നു എന്നതാണ് വസ്തുത. ഒരുപക്ഷേ, ചിലപ്പോള്‍ ഈ ആയുധ പ്രകടനത്തിലൂടെ പലരും അന്ത്യ ശ്വാസം വരെ വലിക്കുന്നു. മറ്റു ചിലര്‍ തന്റെ മുറിവുണക്കാന്‍ ഹോസ്പിറ്റലിന്റെ സഹായം വരെ തേടുന്നു. ചുരുക്കത്തില്‍ തത്ബീറിലൂടെയുണ്ടാവുന്ന വേദനയും അസ്വസ്ഥതകളും സുഖപ്പെടാന്‍ കുറച്ച് സമയമെടുക്കുന്നു എന്നര്‍ത്ഥം.
അല്ലാഹു സുബ്ഹാനഹു വതആലാ ഖുര്‍ആനിലൂടെ പറയുന്നു: ‘നിങ്ങള്‍ സ്വയം നാശത്തിലേക്ക് അടുക്കരുത്’. ഈയൊരു ദൃഷ്ടാന്തത്തില്‍ നിന്നും കുത്തുറാത്തീബ് എങ്ങനെ ദൈവികമാകുന്നുവെന്നും തത്ബീര്‍ എന്തുകൊണ്ട് നിശിദ്ധമാവുന്നുവെന്നും മനസ്സിലാക്കാവുന്നതാണ്. കുത്തു റാത്തീബിലൂടെ ഇല്ലാത്ത ഒരു ശാരീരികമായ ബുദ്ധിമുട്ടും വേദനയും തത്ബീറിലൂടെ ഉണ്ടെന്നും ശേഷിക്കുന്ന ജീവിതത്തില്‍ ആഭാസി അനുഭവിക്കുന്നു എന്നുള്ളതുമാണ് ഇവകള്‍ക്കിടയിലെ പ്രധാന വ്യത്യാസം.