‘കോട്ടക്കല്‍ കഷായം’ തേടുന്ന സമുദായം

1491

റഫീഖ് അബ്ദുല്ല

ചര്‍ച്ചകള്‍ക്കും ഇഫ്താറുകള്‍ക്കുമായി മുസ്‌ലിം സമുദായത്തിന്റെ പൊതുവേദികളിലേക്ക് ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളായി ഒന്നോ രണ്ടോ പേര്‍ മാത്രമല്ല വരുന്നത്, അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ അരയും തലയും മുറുക്കി തയ്യാറായി നില്‍ക്കുന്ന വലിയ ഒരു ജമാഅത്ത് സംഘം തന്നെയാണ് യോഗങ്ങളിലേക്കെല്ലാം ഇരച്ചുകയറി വരുന്നത്. ഈ ഇരച്ചുകയറ്റം യോഗങ്ങളിലേക്കു മാത്രമല്ല, സമുദായ അജണ്ടകളിലേക്കും നിലപാടുതറകളിലേക്കും എത്തിനില്‍ക്കുന്നുവെന്നതാണ് പുതിയകാല ചിത്രം. സമുദായത്തിന്റെ മൊത്തം അമീറാവാര്‍ ജമാഅത്ത് കുതന്ത്രം പയറ്റുമ്പോള്‍, സമുദായത്തിന്റെ അജണ്ട നിര്‍ണയിക്കുന്ന പൊതു പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിയ നിര്‍ത്തിയ ‘കോട്ടക്കല്‍ കഷായം’ കാച്ചിയ കലം വീണ്ടും സമുദായം തരിച്ചെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ മാധ്യമ സ്വാധീനവും ഇടപെടലുകളും തന്ത്രപൂര്‍വം ഉപയോഗിച്ച് സാമുദായിക സംഘടനകളുടെ ഒന്നാം സ്വഫില്‍ ജമാഅത്തെ ഇസ്‌ലാമി കയറിപ്പറ്റിക്കഴിഞ്ഞു. ഇതുവരേ മസ്ബൂഖായ ജമാഅത്തെ ഇസ്‌ലാമി ഇനി സമുദായത്തിന്റെ ഇമാമാവനാണ് ഒരുങ്ങുന്നത്.
ഇസ്‌ലാമിസ്റ്റുകളുടെ പുതിയകാല ഇടപെടല്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിനുണ്ടാക്കിയ പ്രതിസന്ധിയും ഡാമേജും ചെറുതല്ല. കേരളത്തിലെ പരമ്പാരഗത മുസ്‌ലിം സമൂഹത്തിന്റെ സമീപനങ്ങള്‍ക്കും മുസ്‌ലിം ലീഗുള്‍പ്പെടെയുള്ള സാമുദായിക രാഷട്രീയ സംഘടനകളുടെ നിലപാടുകള്‍ക്കും വിരുദ്ധമായി ഹിന്ദുത്വത്തിനെതിരെ, ഹിന്ദ്വുത്വത്തിനു സമാനമായ ഹിംസാത്മക പ്രതിരോധവും വിപ്ലവാത്മകമായ പ്രതികരണവുമാണ് ഇവര്‍ ഉയര്‍ത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട്-ജമാഅത്ത് ഇസ്‌ലാമി മുന്നണി സമുദായത്തിനുണ്ടാക്കിയ പ്രതിസന്ധിയും, ഇവരുടെ ഇടപെടലുകളുണ്ടാക്കിയ പ്രത്യാഘാതങ്ങളും സമുദായം ഇഴകീറി പരിശോധിക്കുകയും വിലിയിരുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
രാഷ്ട്രീയ പ്രവേശം
താഗൂത്ത് എന്ന ദൈവേതര ഭരണകൂടങ്ങളുമായി സഹകരിക്കരുതെന്നാണ് മൗദൂദിയന്‍ ഫിലോസഫി. എന്നാല്‍, മൗദൂദിയന്‍ സാഹിത്യം ഉപ്പ് പോലെ ആവശ്യാനുസരണം ഉപയോഗിക്കാവുന്ന സാഹിത്യമാണിപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്ക്. ഒരു കാലത്ത് ഹറാമായ രാഷ്ട്രീയം ഇന്ന് റുകുനും മിന്‍ അര്‍കാനായി മാറിയിട്ടുണ്ട്. രാഷട്രീയമായി വെല്‍ഫെയര്‍ പാര്‍ട്ടിയായി ജമാഅത്ത് മാറിയപ്പോള്‍ ഇരുമുന്നണികളിലും ഇടംകിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു ജമാഅത്ത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷവും അതിനു മുമ്പും ഇപ്പോള്‍ ഹയാത്തുള്ള വി.എസ് അച്യുതാനന്ദന്‍ ഒഴികെയുള്ള മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ജമാഅത്തെ ഇസ്‌ലാമി രാഷട്രീയ ചര്‍ച്ചകള്‍ നടത്തുകയും, പ്രാദേശികാടിസ്ഥാനത്തില്‍ ധാരണകളുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ യു.ഡി.എഫ് മുന്നണിയിലേക്ക് പ്രവേശനം ലഭിച്ചതു പോലെയാണ് ജമാഅത്ത് ഇടപെടലുകള്‍. നിലവില്‍ യു.ഡി.എഫിന്റെ ഭാഗമായാണ് പലയിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം. ജമാഅത്തിനു നല്‍കാന്‍ കഴിയുന്ന മാധ്യമ ദൃശ്യതയാണ് പലരെയും പ്രധാനമായും ജമാഅത്ത് ബാന്ധവത്തിലേക്കു നയിച്ചത്. ദൃശ്യ മാധ്യമ പിന്തുണയില്ലാതെ നട്ടം തിരിയുകയായിരുന്ന പലര്‍ക്കും ജമാഅത്തിന്റെ സഹായം വലിയ സഹായമായി മാറി.
നാളിതുവരെ മുസ്‌ലിം മുഖ്യധാര നേതാക്കന്മാരൊന്നും ജമാഅത്ത് പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. എന്നാല്‍, സമീപകാലത്ത് പതിവില്ലാത്ത പലരും പങ്കെടുത്തു. ഇസ്‌ലാമിസ്റ്റുകളെ അകറ്റിനിര്‍ത്തി സമുദായം സ്വീകരിച്ച പാരമ്പര്യ നിലപാടുകളെ പൂര്‍ണമായും റദ്ദു ചെയ്യുന്നതായി ഈ ചുവടുമാറ്റം. ഈ മാറ്റത്തെ സി.പി.എമ്മും ബി.ജെ.പിയുമെല്ലാം തങ്ങളുടെ വര്‍ഗീയ കാര്‍ഡ് കളിക്കും നേട്ടത്തിനമായി രാഷട്രീയമായി ഉപയോഗിക്കുകയും കൂടി ചെയ്തതോടെ പൊതു സമൂഹവും ഇതര സമുദായവും ഇത് ശ്രദ്ധിക്കുകയും ചെയ്തു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി ശിഹാബ് തങ്ങളും ജമാഅത്ത് നേതാക്കളുമായി വ്യക്തിപരമായ ബന്ധങ്ങള്‍ സൂക്ഷിച്ചപ്പോഴും, പ്രാസ്ഥാനികമായ വിയോജിപ്പുകള്‍ കാരണം സംഘടനാപരമായ കൂടിച്ചേരലുകള്‍ ഒഴിവാക്കിയിരുന്നു. അതൊരു നിലപാടിന്റെ ഭാഗമായിരുന്നു.
ബൗദ്ധിക അധിപത്യം
വലിയ ബൗദ്ധിക അടിത്തറയില്‍ രൂപപ്പെട്ടതല്ല കേരളത്തിലെ മിക്ക മത-രാഷ്ട്രീയ സംഘടനകളുടെയും ജനകീയത. മതപരമായ സ്വാധീനവും നേതാക്കളുടെ ആത്മീയ നേതൃശേഷിയുമായിരുന്നു അവരെ കേരളത്തില്‍ ജനകീയമാക്കിയത്. രാഷ്ട്രീയ ധാരണകളുണ്ടെങ്കിലും ബുദ്ധിപരവും ധൈഷണികവുമായ വലിയ ചര്‍ച്ചകളോ സംവാദങ്ങളോ പൊതുവെ ഇത്തരം സംഘടനകള്‍ അണികളില്‍ വ്യാപകമായി നടത്താറില്ല. നേതാക്കളുടെ നിലപാടുകളുടെ ശരിയും തെറ്റും ചികയാതെ അനുസരിക്കുകയാണ് പതിവുരീതി. എന്നാല്‍, ജമാഅത്തിന്റെ പരകായപ്രവേശം നടന്നതോടെ സമുദായത്തെ തന്നെ അവര്‍ ബൗദ്ധികമായി വിഴുങ്ങുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളില്‍ ഇസ്‌ലാമിസ്റ്റുകള്‍ സ്വീകരിച്ചു വരുന്ന വിപ്ലവാത്മകമായ നിലപാടുകളുടെ വൈകാരികതയില്‍ സമുദായ സംഘടനകളും അണികളും അകപ്പെട്ടു. രാജ്യത്ത് നടക്കുന്ന വിവിധ രാഷട്രീയ-സാമുദായിക വിഷയങ്ങളില്‍ കേരളത്തിലെ മുസ്‌ലിം മുഖ്യധാര പ്രസ്ഥാനങ്ങള്‍ വളരെ ആലോചനയോടെയായിരുന്നു നിലപാടുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, സമുദായ നേതൃത്വത്തിന്റെ ഈ ആലോചനാപരമായ നിലപാടുകള്‍ക്ക് കാത്തിരിക്കാതെ, സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ ഇസ്‌ലാമിസ്റ്റുകളുടെ പ്രതിരോധാത്മകവും പ്രതിലോമപരവുമായ നിലപാടുകള്‍ ഏറ്റെടുക്കുന്നവരായി പലപ്പോഴും സമുദായ അംഗങ്ങളില്‍ നല്ലൊരു ഭാഗവും. പത്തോളം വരുന്ന ഇസ്‌ലാമിസ്റ്റ് ഫെയ്‌സ്ബുക്ക് ഹാന്റിലുകളുടെ ദിനേന വരുന്ന കുറിപ്പിനനുസരിച്ച് സമുദായാംഗങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ പറയാന്‍ തുടങ്ങി. ഇസ്‌ലാമിസ്റ്റുകളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ ഭാഗികമായെങ്കിലും സമുദായ നേതൃത്വത്തിന്റെ നിലപാടുകളെ വരെ സ്വാധീനിച്ചു എന്നു പറഞ്ഞാല്‍ തെറ്റാവില്ല.
കേരളത്തിലെ മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകള്‍ക്കെല്ലാം അജണ്ടകളില്‍ എപ്പോഴും മുന്‍ഗണനാ ക്രമം നിര്‍ബന്ധമാണ്. സമുദായത്തിന്റെ എല്ലാ ആവശ്യങ്ങളും രാഷ്ട്രീയമായി നേടിയെടുക്കാന്‍ സമുദായ പാര്‍ട്ടിക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. ചില കാര്യങ്ങള്‍ക്ക് മത സംഘടനങ്ങള്‍ ഇറങ്ങേണ്ടി വന്നേക്കാം. ഇക്കാര്യം ഇരു വിഭാഗങ്ങളും തിരിച്ചറിയണം. തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളും മുന്‍ഗണനാക്രമം പാലിച്ചു തന്നെ വേണം ഉന്നയിക്കാന്‍. എന്‍.സി.സി കാഡറ്റിലെ പെണ്‍കുട്ടികള്‍ക്ക് തലമറക്കാനുള്ള അവസരം വേണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമ പോരാട്ടം സാമുദായിക പരിസരത്ത് വലിയ ചര്‍ച്ചയായിരുന്നുവല്ലോ?, സമുദായത്തിനകത്തു നിന്ന് പലരും വലിയ രീതിയില്‍ ഈ പ്രശനം ഉന്നയിച്ചിരുന്നു. എവിടെ നിന്നാണ് ഇതിന്റെ ഉത്ഭവം? കുറ്റ്യാടിയിലെ ഒരു ജമാഅത്ത് കുടുംബത്തിലെ പെണ്‍കുട്ടിക്കു വേണ്ടി ഒരു ജമാഅത്ത് അഭിഭാഷകന്‍ നടത്തിയ നിയമയുദ്ധം സമുദായത്തിന്റെ പ്രധാന അജണ്ടയായി മാറുകായിരുന്നു. സമുദായ സ്വാധീനം കൂടുതല്‍ ഉള്ള ഏതെങ്കിലും ഒരു മുന്നണിക്ക് അധികാരം ലഭിച്ചാല്‍ ഈ കാഡറ്റുകള്‍ക്ക് തലമറക്കാന്‍ കഴിയുമോ?. നിലവിലെ സാഹചര്യത്തില്‍ പറ്റില്ല, അപ്പോള്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങളും ആരോപണങ്ങളും സമുദായത്തിനു നേരെതന്നെ തിരിയും. സമുദായ സംഘടനകള്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സമുദായ സംഘടനകളും രാഷ്ട്രീയ കക്ഷികള്‍ ഉന്നയിക്കേണ്ടത് അവരും ഏറ്റെടുക്കണം. വൈകാരികത ലഭിക്കുമെന്ന കാരണത്താല്‍ വിഷയങ്ങളെ പരസ്പരം കൂട്ടികലര്‍ത്തി സങ്കീര്‍ണമാക്കുന്നത് ആര്‍ക്കും ഗുണകരമല്ല.
വഖ്ഫ് വിവാദത്തിലെ ജമാഅത്ത് കൈയ്യൊപ്പ്
തങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കുക എന്നതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നാളിതുവരെയുള്ള രീതി. സമുദായത്തിനകത്തു നിന്ന് എതിര്‍ക്കുന്നവരെ രഹസ്യമായും തന്ത്രപൂര്‍വവും ഒറ്റപ്പെടുത്തിയും എതിര്‍ത്തു തരിപ്പണമാക്കും. കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ മീഡിയാവണ്‍ എത്ര രാത്രി ചര്‍ച്ചകളാണ് നടത്തിയതെന്നു നോക്കിയാല്‍ ഇത് മനസ്സിലാവും. സമസ്ത നേതാവ് ഉമര്‍ ഫൈസിക്കെതിരെ മാധ്യമം പത്രം നല്‍കുന്ന റിപ്പോര്‍ട്ടുകളും നോക്കിയാല്‍ ഇതു കൂറച്ചുകൂടി ബോധ്യമാവും. എന്നാല്‍, ജമാഅത്തിനെ എതിര്‍ക്കുന്ന രാഷട്രീയ സംഘടനകളെ അവര്‍ പരസ്യമായി നേരിട്ടു തന്നെ എതിര്‍ക്കുന്നതു കാണാം. ഇതു മനസ്സിലാവാന്‍ ഇപ്പോള്‍ നടത്തുന്ന ഇടതുപക്ഷവിരുദ്ധ പോരാട്ടം നോക്കിയാല്‍ മതിയാവും. എന്നാല്‍, ഇടതുപക്ഷത്തിന്റെ ജമാഅത്ത് വിരുദ്ധ വിമര്‍ശനത്തെ നേരിടാന്‍ സമുദായത്തിന്റെ മറയാണ് അവര്‍ എപ്പോഴും ഉപയോഗിക്കുക. ആരെങ്കിലും മൗദൂദിയന്‍ വിമര്‍ശനം നടത്തിയാല്‍ സമുദായത്തെ അക്രമിക്കുന്നേ എന്ന വിലാപകാവ്യമിറക്കി സമുദായ നേതാക്കള്‍ക്ക് പ്രതികരിക്കാനുള്ള പത്രകുറിപ്പുകള്‍ എത്തിക്കുക ഇവരുടെ പ്രധാന ഹോബിയാണ്. നേരത്തെ സി.പി.എമുമായി സഹകരിച്ച സംഘടനയാണ് ജമാഅത്ത്. എന്നാല്‍, രാഷട്രീയമായി വിരുദ്ധ പക്ഷത്തവുമ്പോള്‍ ഇവര്‍ക്ക് സി.പി.എം മതനിരാസത്തിന്റെ പാര്‍ട്ടിയാണ്. നേരത്തെ സഹകരിച്ചപ്പോഴുണ്ടാവാത്ത എന്തു മതനിരാസമാണ് ഇപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായത്. ഇസ്‌ലാമുമായി ബന്ധപ്പെടുത്തിയല്ലാതെ ഇടതുപക്ഷത്തെ രാഷട്രീയമായി എതിര്‍ക്കാനുള്ള ശേഷി ജമാഅത്തിനില്ലേ?
വഖ്ഫ് ബോര്‍ഡ് ജീവനക്കാരെ നിയമിക്കുന്നത് പി.എസ്.സിക്കു വിടുന്ന വിഷയം മതപരവും രാഷട്രീയവുമായ വിഷയമാണ്. ലീഗ് ഈ വിഷയത്തെ രാഷ്ട്രീയമായി ഉന്നയിച്ചു നടത്തിയ കോഴിക്കോട് കടപ്പുടം റാലിയും മറ്റു സമരങ്ങളും ചരിത്ര വിജയം നേടിയിരുന്നു. എന്നാല്‍, സംഘടനകളെ വിളിച്ചു ചേര്‍ത്തി വിഷയം നേരിട്ടു പള്ളിയില്‍ പറയാന്‍ തീരുമാനിച്ചതില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പള്ളികളില്‍ പറയാമെന്ന അഭിപ്രായം യോഗതീരുമാനമായി പുറത്തുവന്നതില്‍ ജമാഅത്തിന്റെ ഇടപെടലുണ്ടെന്നാണ് അറിവ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ഭരണാധികാരികളോട് സംസാരിക്കാം എന്ന നിലപാട് സമസ്ത സ്വീകരിച്ചപ്പോള്‍ വിഷയം മാധ്യമ ശ്രദ്ധയിലേക്കു കൊണ്ടുവന്ന് സമസ്തയുടെ നിലപാട് മുസ്‌ലിം സംഘടനകളില്‍ ഒറ്റപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മീഡിയാവണ്‍ പാടുപെടുകയായിരുന്നു. ഹുസൈന്‍ മടവൂരിന്റെയും അസിസ്റ്റന്റ് അമീറിന്റെയും ബൈറ്റുകള്‍ ചാനലില്‍ നിരനിരയായി വന്നു. ആ യോഗത്തില്‍ പങ്കെടുത്ത മറ്റു മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ അഭിമുഖങ്ങള്‍ നേരം വെളുത്ത് ഇരുട്ടാകുന്നതിനു മുമ്പ് ബ്രോഡ്കാസ്റ്റ് ചെയ്യാന്‍ തുടങ്ങി. സമസ്തയില്‍ ഭിന്നതയെന്ന വ്യാജ വാര്‍ത്ത മാധ്യമത്തിലും വന്നു. സമസ്തയോടുള്ള ഈ അമര്‍ഷം എം.ടി അബ്ദുല്ല മുസ്‌ലിയാരുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും മീഡിയാവണ്‍ കണിച്ചു. സമുദായത്തിനകത്തുള്ള വിഷയങ്ങള്‍ ഫാസിസ്റ്റ് കാലത്ത് ഉറക്കെ പറയരുതെന്ന് സുന്നികളെ ഉപദേശിക്കുന്ന ജമാഅത്തുകാരുടെ ചാനല്‍, സമസ്തക്കെതിരെയുള്ള മുജാഹിദ് യുവജന സംഘടനാ നേതാവിന്റെ പത്രസമ്മേളനം നാട്ടുകാരെ ആവേശത്തോടെ കാണിച്ചു. അനിസ്‌ലാമികമാണെന്ന കാരണത്താല്‍ ‘എം 80’ കോമഡി പരിപാടി നിര്‍ത്തിയ ചാനല്‍, ‘ലജ്ജ’ എന്ന പേരില്‍ സമസ്തയുടെ സ്ത്രീ നിലപാടില്‍ രാത്രി ചര്‍ച്ചയും സംഘടിപ്പിച്ചു. പത്തോളം വാര്‍ത്തകള്‍ വേറേയും നല്‍കി.
ഇരവാദത്തിന്റെ രാഷ്ട്രീയം
ഫാസിസം രാജ്യത്തിനു വലിയ ഭീഷണിയാണ്. അതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാനും മതേതര സമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തു തോല്‍പ്പിക്കാനും കെല്‍പ്പുള്ളവരാണ് കേരളീയ സമൂഹം. കേരള നിയമസഭയില്‍ ബി.ജെ.പിയുടെ ഒരു പ്രതിനിധി പോലുമില്ലാതായത് ഇതിന്റെ തെളിവാണ്. സമുദായം ഈയടുത്ത കാലത്ത് നേരിട്ട പൗരത്വ പ്രശ്‌നത്തില്‍ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിട്ടത് ഇന്ത്യയിലെ മതേതര സമൂഹം ഒറ്റക്കെട്ടായിട്ടാണ്. എന്നാല്‍, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മൊത്തമായും ചില്ലറായായുമുള്ള കുത്തവകാശം നേരിട്ട് സ്വയം ഏറ്റെടുത്ത സംഘടനയാണ് എസ്.ഡി.പി.ഐയും പി.എഫ്.ഐയും ജമാഅത്തെ ഇസ്‌ലാമിയും. ഇവര്‍ വരുന്നതിനു മുമ്പ് കേരളത്തിലെ മുസ്‌ലിം സമൂഹം മുഴുവന്‍ ഫാസിസ്റ്റ് നുകത്തില്‍ കിടന്നു പുളയുകയായിരുന്നു എന്നുതോന്നും ഇവരുടെ വിശദീകരണം കേട്ടാല്‍. സമുദായം വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും അഭിവൃദ്ധി നേടിയതിലും സ്വന്തം കാലില്‍ നില്‍കാനുള്ള കെല്‍പ്പ് നേടിയതിലും ഇസ്‌ലാമിസ്റ്റുകളുടെയും പി.എഫ്.എയുടെയും പങ്ക് സംപൂജ്യമാണ്. സമുദായങ്ങള്‍ക്കിടയിലെ സൗഹാര്‍ദ്ദം തകര്‍ക്കുകയും പരസ്പരം സംശയവും തെറ്റിദ്ധാരണയും ഉണ്ടാക്കുകയും ചെയ്യുകയല്ലാതെ നിര്‍മാണാത്മകമായ ഒരു സഹായവും ഇവര്‍ സമുദായത്തിനു നല്‍കിയിട്ടില്ല. കര്‍ണാടകയിലെ ഒരു വിദ്യാലയിത്തില്‍ മാത്രം നിലനിന്ന ഹിജാബ് പ്രശ്‌നത്തെ ഏറ്റെടുത്ത് രാജ്യവ്യാപക സമരമാക്കി മാറ്റിയത് ഇക്കൂട്ടരായിരുന്നു. ഈ സമരത്തിന്റെ ഫലമോ? ഹിജാബ് ധരിച്ച് വിദ്യാര്‍ഥികളെത്തിയിരുന്ന എത്രയോ വിദ്യാലയങ്ങളില്‍ ഇപ്പോള്‍ ഹിജാബ് നിരോധിക്കപ്പെട്ടു. ഹിജാബ് ധരിച്ച് ഇതുവരെ വിദ്യാലയത്തില്‍ പോയിരുന്നു നിരവധി വിദ്യാര്‍ഥികള്‍ പഠനം മുടങ്ങി വീടുകളിലാണ്. ഇവരുണ്ടാക്കിയ വൈകാരിക ഇടപെടലിനു സമൂഹം അനുഭവിക്കുന്ന ഫലമാണിത്. സമുദായം എന്ന അജണ്ട വൈകാരികമായി ഉപയോഗപ്പെടുത്തി സംഘടന വളര്‍ത്തുകയാണിവര്‍ ചെയ്യുന്നത്. രാഷട്രീയമായി യു.ഡി.എഫിന്റെ കൂടെ നില്‍ക്കുന്ന ജമാഅത്ത് പി.എഫ്.ഐയെ പോലെ പ്രതികരിക്കില്ലെങ്കിലും അവര്‍ക്ക് തങ്ങളുടെ മാധ്യമങ്ങള്‍ വഴി വലിയ ദൃശ്യത നല്‍കുന്നുണ്ട്.
വലിയ കേഡര്‍ സ്വഭാവം ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കേഡറിസവുമില്ലാത്ത ഫാസിസ്റ്റ് ആള്‍കൂട്ടത്തിനു സമാനമായ ഒരു വിഭാഗത്തെ തന്നെയാണ് ഇവരും സൃഷ്ടിക്കുന്നത്. കേഡറിസമുണ്ടെങ്കില്‍ ആസൂത്രിതമായി നടത്തിയ ആലപ്പുഴയിലെ റാലിയില്‍ എങ്ങനെ ഇത്ര വിദ്വേഷം പരത്തുന്ന മുദ്രാവാക്യം സംഘടിതമായി വിളിച്ചു. ആ കുട്ടി വിളിച്ച മുദ്രാവാക്യം ആര്‍.എസ്.എസിനെതിരാണെങ്കില്‍ പിന്നെ എന്തിനാണ് സംഘടന ആ മുദ്രാവാക്യത്തെ തള്ളിപറഞ്ഞത്. ആ മുദ്ര്യാവാക്യത്തെ കുറിച്ച് അറിയില്ലെന്നും പി.എഫ്.ഐയുമായി യാതൊരു ബന്ധവുമില്ലെന്നും എസ്.ഡി.പി.എക്കു പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? സമുദായത്തിന് ധൈര്യവും സുരക്ഷിതത്വവും നല്‍കുമെന്നു പറയുന്ന പി.എഫ്.ഐ എന്തുകൊണ്ടാണ് കൊലപാതകം നടത്തി പൊലീസില്‍ കീഴടങ്ങാതെ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും രക്ഷപ്പെടുന്നത്. അതിവൈകാരികത ഉണര്‍ത്തി സംഘടന വളര്‍ത്തുകയെന്ന സങ്കുചിതമായ താല്‍പര്യം മാത്രമാണ് ഇവര്‍ക്കുള്ളത്.
തങ്ങള്‍ നിയമപരമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്നു. അതേസമയം, നേതാക്കളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുമ്പോള്‍ കോടതിയില്‍ പോയി നിയമപോരാട്ടം നടത്തുന്നതിനു മുമ്പ് പൊലീസ് വാഹനം തടഞ്ഞും കൃത്യ നിര്‍വഹണം തടസ്സപ്പെടുതിയും വൈകാരിക രംഗങ്ങള്‍ സൃഷ്ടിക്കുന്നു. ജഡ്ജിമാരെ അസഭ്യം പറയുന്നു. ആള്‍കൂട്ട മന:ശാസ്ത്രം ഉപയോഗപ്പെടുത്തി ഫാസിസം സൃഷ്ടിക്കുന്ന അക്രമാസക്തമായ മോബില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈരാട്ടുപേട്ടയിലെ മോബും. പി.എഫ്.ഐ നേതൃത്വത്തിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു ആള്‍കൂട്ടമായി ഇത് വളരുമെന്ന കാര്യം തീര്‍ച്ചയാണ്. ഇവരുടെ എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഒ. അബ്ദുല്ലക്ക് പി.എഫ്.ഐ വാക്കിലും പ്രവൃത്തിയിലും സംയമനം പാലിക്കണമെന്നു പറയേണ്ടിവരുന്നത് ഇതുകൊണ്ടാണ്. സമുദായം ഈ രാജ്യത്ത് വികസിച്ചതും വളര്‍ന്നതും വലിയൊരു പരിധിവരെ മുഖ്യധാരയോടു സഹകരിച്ചും ചേര്‍ന്നുമാണ്. എന്നാല്‍, സമുദായത്തെ മുഖ്യധാരയില്‍ നിന്ന് പൂര്‍ണായും അകറ്റി, തൊട്ടതിലെല്ലാം ഇരവാദം ഉന്നയിക്കുന്ന ഒരു നിഷ്‌ക്രിയ സമുദായമാണ് ഇവരിലൂടെ സംഭവിക്കുന്നത്.
താരതമ്യം എന്ന മാപിനി
ജമാഅത്ത്-പി.എഫ്.ഐ പ്രൊഫൈലുകളുന്നയിക്കുന്ന താരതമ്യം എന്ന മാപിനിയുണ്ടാക്കുന്ന അപകടത്തില്‍ സമുദായം അറിയാതെ തലവക്കുന്നുണ്ട്. ഇവര്‍ ചെയ്യുന്ന അപകത്വകളും അതിക്രമങ്ങളും ഹിസാത്മക പ്രവര്‍ത്തനങ്ങളും ചോദ്യം ചെയ്യുമ്പോള്‍ ഹിന്ദ്വുതയുടെ സമാനമായ നടപടികള്‍ ഉയര്‍ത്തിക്കാട്ടി താരതമ്യം ചെയ്ത്, സ്വന്തം ചെയ്തികളെ ന്യായീകരിക്കുന്ന രീതിയാണ് ഇവര്‍ അവലംബിക്കുന്നത്. ആര്‍.എസ്.എസിനെതിരെയാണെങ്കിലും അന്യ മതസ്ഥര്‍ക്കിടയില്‍ വിദ്വേഷം പരത്തുന്ന മുദ്രാവാക്യം വിളിച്ചത് മത സൗഹാര്‍ദ്ദം തകര്‍ക്കുമെന്നു പറഞ്ഞാല്‍, സമാനമായി വാളുകളുയര്‍ത്തി നടത്തിയ ദുര്‍ഗാവാഹിനി മര്‍ച്ച് നിങ്ങള്‍ കണ്ടില്ലേ എന്ന മറുചോദ്യം വരും. ദുര്‍ഗാവാഹിനി മാര്‍ച്ച് അപരമത വിദ്വേഷം വളര്‍ത്തുന്നതു പോലെ ഈ മുദ്യാവാക്യവും വിദ്വേഷം വളര്‍ത്തുമെന്ന കാര്യം ഇവര്‍ അംഗീകരിക്കില്ല. ജനാധിപത്യവും നിയമ വ്യവസ്ഥയും നിലനില്‍ക്കുന്ന നാട്ടില്‍ ആര്‍.എസ്.എസുകാരനെ അതും കൊലപാതകത്തില്‍ പങ്കിലാത്ത, വെട്ടിക്കൊല്ലുമ്പോള്‍ അവര്‍ നമ്മുടെ പ്രവര്‍ത്തകനെ വെട്ടിയില്ലേ എന്ന മറു ചോദ്യമായിരിക്കും ഇവരുടെ ഉത്തരം.
സമുദായം വളരുകയും വികസിക്കുകയും ചെയ്യുന്നത് സൗഹാര്‍ദ്ദവും സുരക്ഷിതത്വവും നിലനില്‍ക്കുന്ന സാഹചര്യമുണ്ടാവുമ്പോഴാണ്. കര്‍ണാടകയില്‍ പി.എഫ്.ഐ ഇടപെടല്‍ കാരണം മുസ്‌ലിംകളുടെ കടകള്‍ക്കു നേരെ ബഹിഷ്‌കരണം വന്നപ്പോള്‍ ഇവര്‍ക്കു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കേരളത്തിലെ സമുദായിക സൗഹാര്‍ദ്ദം തകര്‍ന്നാലും ഇവര്‍ക്കൊന്നും നഷ്ടപ്പെടാനില്ല. വ്യാപാര സ്ഥാപനങ്ങളും മത-ഭൗതിക കലായങ്ങലും മദ്‌റസകളും പള്ളികളും നടത്തുന്നത് ഇവിടെ സമാധാനം ആഗ്രഹിക്കുന്ന വലിയ സമൂഹമാണ്. കോഴിക്കോട് മാവൂര്‍ റോഡിലെ യൂത്ത് സെന്ററും മഞ്ചേരിയിലെ സത്യസരണിയുമല്ലാതെ കാര്യമായ സ്ഥാപനങ്ങളൊന്നും ഇവര്‍ക്കില്ല.
കുടപിടിക്കുന്നവര്‍
സമുദായത്തിലെ ചിലരെങ്കിലും ഇസ്‌ലാമിസ്റ്റുകളുടെ ഇടപെടലും പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടും ശരിയാണെന്നു വിശ്വസിക്കന്നുവരാണ്. പുറത്ത് തള്ളിപറഞ്ഞാലും അകത്ത് പിന്തുണ നല്‍കുന്നവരാണിവര്‍. പരസ്യമായി പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപറയാന്‍ തയ്യാറാകാത്ത സംഘടനകളുമുണ്ട്. ഇവരുടെ പ്രവൃത്തികള്‍ക്ക് മൗനസമ്മതം നല്‍കുന്ന സംഘടനകളിലൊന്നാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനയുടെ അണികളില്‍ വലിയൊരു ശതമാനവും പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകളോട് യോജിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. സമസ്തയും ലീഗും അത്ര സജീവമല്ലാത്ത ദക്ഷിണ ജില്ലകളിലാണ് ഇവരുടെ സാന്നിധ്യം ശക്തമായുള്ളത്. സമുദായത്തെ അപകടപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിക്കുകയും മതം അംഗീകരിക്കാത്ത പ്രതിലോമകരമായ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍, അത് തടയേണ്ടിയിരുന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തങ്ങളുടെ പണ്ഡിത ദൗത്യം നിര്‍വഹിക്കാതെ ഇവരെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമുദായത്തിനു വലിയ വിലനല്‍കേണ്ടിവരികയും സമുദായത്തെ പിന്തുണക്കുന്ന ഹൈന്ദവ സുഹൃത്തുക്കളില്‍ പോലും അകല്‍ച്ച സൃഷ്ടിക്കുകയും ചെയ്ത ആലപ്പുഴയിലെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ദക്ഷിണയുടെ മദ്‌റസകള്‍ സജീവമായ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി,കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്.
മലബാറിലെ പ്രഭാഷണ വേദികളില്‍ മതപ്രഭാഷണവുമായി വരുന്ന പല പ്രഭാഷകരും തെക്കന്‍ കേരളത്തില്‍ ഈ വൈകാരിക ആള്‍ക്കുട്ടത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നവരാണ്. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ കേരള ഘടകം നേതാവായി പറയപ്പെടുന്ന അലിയാര്‍ ഖാസിമി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിത ഭാഷ്യം ചമക്കുകയും ഇവരെ പിന്തുണക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. പണ്ഡിതരെ ഇമാം കൗണ്‍സില്‍ വഴിയാണ് ദക്ഷിണ ജില്ലകളില്‍ സംഘടനയിലേക്ക് അടുപ്പിക്കുന്നത്. ഈ രീതിയില്‍ ഒരു നിയന്ത്രണവുമില്ലാതെ ഇത്തരക്കാരുമായി സമന്വയത്തിലെത്തിയാല്‍ സമീപ ഭാവിയില്‍ വലിയ മഹാന്‍മാര്‍ പടുത്തുയര്‍ത്തിയ ദക്ഷിണയെയും ഇത്തരം തീവ്രസ്വഭാവക്കാര്‍ വിഴുങ്ങുമെന്ന കാര്യം തീര്‍ച്ചയാണ്. ദക്ഷിണയുടെ ദീര്‍ഘ കാലത്തെ അധ്യക്ഷനായിരുന്ന വടുതല മൂസ മൗലവി തന്റെ അവസാന കാലത്ത് ദക്ഷിണയിലെ ഇമാം കൗണ്‍സില്‍ സ്വാധീനത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ സമുദായത്തിനകത്ത് നിന്നുതന്നെ കൂട്ടമായ പ്രതികരണങ്ങള്‍ ഉണര്‍ന്നുവരേണ്ടണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.