ജെന്‍ഡര്‍ രാഷ്ട്രീയം: സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന പുരോഗമന അന്ധവിശ്വാസങ്ങള്‍

970

‘സാമ്പ്രദായിക ബൈനറികളിലുറച്ച പൊതുബോധത്തില്‍ അട്ടിമറി സൃഷ്ടിച്ചു കൊണ്ട് ഈ ഭൂമിയില്‍ പിറന്നുവീണ ആ കുഞ്ഞ് തുറന്നിടുന്നത് ഒരു നവലോകത്തിലേക്കുള്ള വാതിലാവട്ടെ’. സ്ത്രീയെന്ന് അവകാശപ്പെട്ട ഒരു പുരുഷന്‍ പുരുഷനെന്ന് അവകാശപ്പെട്ട ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കുകയും അവള്‍ പ്രസവിക്കുകയും ചെയ്തപ്പോള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രതികരണമാണ് മുകളില്‍ വായിച്ചത്. പ്രസവിച്ചത് സ്ത്രീയാണ്. യോനിയും അണ്ഡാശയും ഗര്‍ഭാത്രവും ഉള്ളവള്‍. എന്നാല്‍, ഈ സ്ത്രീക്ക് താന്‍ പുരുഷനാണെന്ന തോന്നലുണ്ടാവുകയും മാറിടം മുറിച്ചു കളയുകയും സഹദ് എന്ന ആണുങ്ങളുടെ പേര് സ്വീകരിക്കുകയും ചെയ്തു. സഹദിനെ ഗര്‍ഭിണിയാക്കിയത് യഥാര്‍ഥത്തില്‍ പുരുഷനാണ്. പക്ഷേ, അയാള്‍ക്ക് താന്‍ പെണ്ണാണെന്ന് തോന്നലുണ്ടായപ്പോള്‍ അയാള്‍ മുടി നീട്ടി വളര്‍ത്തുകയും സ്ത്രീകളുടെ വസ്ത്രത്തിലേക്ക് മാറുകയും, സിയ എന്ന പേര് സ്വീകരിക്കുകയും ചെയ്തെന്നു മാത്രം.


ബയോളജിയാണ് ജെന്‍ഡര്‍
മുഴുവനായും ‘പെണ്ണായി മാറാന്‍’ വേണ്ടി സിയ തന്റെ ലിംഗം സര്‍ജറി ചെയ്ത് മാറ്റുകയോ ഹോര്‍മോണുകള്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ സിയക്ക് സഹദിനെ ഗര്‍ഭിണിയാക്കാന്‍ സാധിക്കില്ലായിരുന്നു. അതേ പോലെ തന്നെ, പൂര്‍ണമായും ‘ആണാകാന്‍’ വേണ്ടി സഹദ് തന്റെ ഗര്‍ഭാശയവും അണ്ഡായശയവും സര്‍ജറി ചെയ്ത് ഒഴിവാക്കിയിരുന്നെങ്കില്‍ സഹദിന് ഒരിക്കലും ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ലായിരുന്നു. അതായത് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഗര്‍ഭിണിയാക്കാന്‍ ഒരു പ്രത്യേക ബയോളജി ആവശ്യമാണ്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനില്‍ നിന്നും ഗര്‍ഭം സ്വീകരിക്കാനും ഒരു പ്രത്യേകതരം ബയോളജി ആവശ്യമാണ്. അങ്ങനെയാണെങ്കില്‍ ഈ ബയോളജിയെ അടിസ്ഥാനമാക്കി ജെന്‍ഡര്‍ നിശ്ചയിക്കുന്നതല്ലേ കൂടുതല്‍ വ്യക്തവും നീതിയുക്തവും? തീര്‍ച്ചയായും അതെ. അതായത്, ജനിക്കുന്ന സമയത്ത് നിര്‍ണയിക്കപ്പെടുന്ന ലിംഗം (SEX) തന്നെയാണ് ജെന്‍ഡറിനെ (GENDER) നിര്‍ണയിക്കേണ്ടത്. ലിംഗം വേറെയും ലിംഗബോധം (ജെന്‍ഡര്‍) വേറെയുമാണെന്നത് തികഞ്ഞ അന്ധവിശ്വാസമാണ്. അതുകൊണ്ടുതന്നെ നിലവിലെ ജെന്‍ഡര്‍ രാഷ്ട്രീയം ശാസ്ത്രവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് നിരവധി പാശ്ചാത്യന്‍ ഡോക്ടര്‍മാരും വിദഗ്ധരും പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് സെക്സോളജിസ്റ്റ് ഡെബ്രാ സോ, പീഡിയാട്രീഷനും അമേരിക്കന്‍ കോളേജ് ഓഫ് പീഡിയാട്രീഷന്റെ പ്രസിഡന്റുമായ മിച്ചല്‍ ക്രറ്റെല്ല തുടങ്ങി ഈ വിഷയത്തില്‍ രംഗത്തുവന്നവരുടെ നിര നീളുന്നു. അവയവം ഏതുമായിക്കൊള്ളട്ടെ, സ്വന്തം ജെന്‍ഡര്‍ അവനവനു തീരുമാനിക്കാം എന്ന വാദം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് പ്രസ്തുത നയം നടപ്പാക്കിയ നാടുകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. അവയവം ഏതാണെങ്കിലും ശരി, മെഡിക്കല്‍ പരിശോധനയോ അവയവ പരിശോധനയോ ഒന്നും ഇല്ലാതെ SELF IDENTIFICATION നടത്തുന്നതിലൂടെ ആര്‍ക്കും ആണും പെണ്ണുമായി മാറിമാറിപ്പോകാമെന്നും അതവരുടെ സ്വാതന്ത്ര്യം ആണെന്നുമുള്ള തീര്‍ത്തും അന്ധവിശ്വാസപരമായ പ്രോപഗണ്ടയാണ് ഈ നയത്തിനു പിന്നില്‍. പെണ്ണാണെന്നു വാദിച്ച പുരുഷ ജയില്‍ പുള്ളിയെ സ്ത്രീകളുടെ സെല്ലില്‍ പാര്‍പ്പിച്ചപ്പോള്‍ അയാള്‍ (ഡെമി മൈനര്‍, ന്യൂജഴ്സി ജയില്‍) കൂടെയുണ്ടായിരുന്ന പെണ്‍ ജയില്‍ പുള്ളികളെ ഗര്‍ഭിണിയാക്കിയതും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ആണുങ്ങളുടെ കൂടെ നീന്തല്‍ മത്സരം നടത്തിയപ്പോള്‍ ഏറെ പിന്നിലായ വില്യം തോമസ് പിന്നീട് പെണ്ണാണെന്ന് വാദിച്ച്, ലിയാ തോമസ് എന്ന് പേരുമാറ്റി സ്ത്രീകളുടെ കൂടെ മത്സരിച്ച് വനിതാ നീന്തല്‍ മത്സരത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തതുമൊക്കെ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടന്ന സംഭവവികാസങ്ങളാണ്. ഇത്രകാലം അതെല്ലാം വിദേശരാജ്യങ്ങളില്‍ നടക്കുന്നു എന്നു പറഞ്ഞിരുന്ന നമുക്കു മുമ്പില്‍, ഇപ്പോള്‍ മലയാളക്കരയില്‍ നിന്നും ഉദാഹരണങ്ങള്‍ വന്നു തുടങ്ങി. അതിലെ ഒരു പ്രധാന ഉദാഹരണമാണ് അച്ഛന്‍ പ്രസവിച്ചു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സഹദ് എന്ന സ്ത്രീയുടെ പ്രസവം. യഥാര്‍ഥത്തില്‍ സഹദിന്റെയും സിയയുടെയും കാര്യത്തില്‍ സംഭവിച്ചത് എന്താണ്? ഒരു പിടക്കോഴിയെ വാലും പൂവും വെച്ച് പിടിപ്പിച്ച് മുട്ടയും ചേര്‍ത്ത് ചിത്രമെടുക്കുകയും, പൂവന്‍ കോഴി മുട്ടയിട്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന പോലെയൊരു പ്രക്രിയയാണ് ഇവരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇതിനെയാണ് മന്ത്രി ആര്‍ ബിന്ദു ഒരു വിപ്ലവമായി അവതരിപ്പിക്കുന്നത്.
മറ്റൊരു ഉദാഹരണമാണ് ഈയിടെ തിരുവനന്തപുരത്തെ തമ്പാനൂരില്‍ പതിനാറുകാരനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സച്ചു സാംസണ്‍ എന്നു പേരുള്ള ഒരു യുവാവിനെ പോക്സോ ചുമത്തി ശിക്ഷ വിധിച്ചത്. സംഭവസ്ഥലത്ത് പ്രതി പുരുഷനായിരുന്നു. എന്നാല്‍, വിചാരണവേളയില്‍, പീഡിപ്പിച്ച സമയത്ത് താനൊരു ട്രാന്‍സ്വുമണ്‍ ആയിരുന്നു എന്ന് ഇയാള്‍ വാദിച്ചെങ്കിലും ലൈംഗികശേഷീ പരിശോധന നടത്തി ഇയാളൊരു ആണാണെന്ന് പോലീസ് തീര്‍പ്പാക്കുകയായിരുന്നു. കേവലം പ്രഖ്യാപനമോ സെല്‍ഫ് ഐഡന്റിഫിക്കേഷനോ നോക്കി ആണാണെന്ന് നോക്കാതെ, ശാരീരികാവസ്ഥ നോക്കി മാത്രമേ ജെന്‍ഡര്‍ തീരുമാനിക്കാവൂ എന്നത് തന്നെയാണ് പ്രായോഗികം എന്ന് നിയമപാലകര്‍ മനസ്സിലാക്കിയതിന്റെ ഫലമാണിത്, ഇതു തന്നെയാണ് പ്രായോഗികവും. ഇയാളുടെ വാദം കേട്ടിരുന്നെങ്കില്‍ കേസിലെ ഇരക്ക് നീതി ലഭിക്കുമായിരുന്നില്ല.
സ്ത്രീ,പുരുഷന്‍ എന്നിവ നിര്‍ണയിക്കുന്നത് മനുഷ്യന്റെ ബയോളജി (Sex) ആണ്, അല്ലാതെ, സെല്‍ഫ് ഐഡന്റിഫിക്കേഷന്‍ (Gender) അല്ല. അങ്ങനെ ആണ് എന്നുള്ളത് നവ ലിബറല്‍ ജെന്‍ഡര്‍ രാഷ്ടീയം പഠിപ്പിക്കുന്ന അന്ധവിശ്വാസം മാത്രമാണ്. പിണറായി സര്‍ക്കാര്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നതും ഈ അന്ധവിശ്വാസമാണ്. ഇതിനെ രാഷ്ട്രീയമായിത്തന്നെ നേരിടേണ്ടതുണ്ട്.


ജെന്‍ഡര്‍ ഡിസ്ഫോറിയ ഉണ്ടോ?
ശരീരത്തിന് യോജിക്കാത്ത മനസ്സുള്ള ഒരു ന്യൂനപക്ഷം നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. സ്ത്രീകളുടെ വസ്ത്രം ധരിച്ചാല്‍ ലൈംഗികാനന്ദമുണ്ടാവുകയോ മന:സംതൃപ്തി കൈവരികയോ ചെയ്യുന്നവരും, ആണുങ്ങളെപ്പോലെ ആകാന്‍ വെമ്പുന്നവരും അങ്ങനെയാകാന്‍ സാധിക്കാതെ വേദനിക്കുന്നവരും ഉണ്ടെന്നത് സത്യമാണ്. എന്നാല്‍, അവര്‍ക്ക് ആണിന്റെയോ പെണ്ണിന്റെയോ ആരോഗ്യമുള്ള ശരീരം ഉണ്ടായിരിക്കും. മാനസികമായുള്ള തോന്നല്‍ മാത്രമാണ് അവരുടെ പ്രശ്നം. അപ്പോള്‍ പരിഹാരം വേണ്ടതും മനസ്സിനു തന്നെയാണ്. എന്നാല്‍, മാനസികമായി യാതൊരു ഇടപെടലും നടത്തരുതെന്നും, തോന്നുന്ന മുറക്ക് തോന്നലിനനുസരിച്ച് ആര്‍ക്കും ശരീരത്തില്‍ ഇടപെടാമെന്നുമാണ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും. ഈ പ്രചാരണം കാരണം, യഥാര്‍ഥത്തില്‍ പ്രശ്നം അനുഭവിക്കുന്നവരുടെ വിഷയം കൂടി പരിഗണിക്കപ്പെടാതെ പോവുകയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ജെന്‍ഡര്‍ കണ്‍ഫൂഷ്യന്‍ ആസൂത്രിതമായി ഉണ്ടാക്കുന്നു എന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൗമാരക്കാര്‍ക്ക് ജെന്‍ഡര്‍ ഡിസ്ഫോറിയ ഉണ്ടാകുന്നതിനു പിന്നില്‍ സോഷ്യല്‍മീഡിയ പ്രചാരണവും, ജെന്‍ഡര്‍ ക്ലബുകളിലൂടെയും മറ്റും പഠിപ്പിക്കുന്ന ആര്‍ക്കും തോന്നിയ പോലെ ജെന്‍ഡര്‍ തീരുമാനിക്കാം എന്ന അധ്യാപനവുമാണെന്ന് ജെന്‍ഡര്‍ ഡിസ്ഫോറിയ വിദഗ്ധയും, അമേരിക്കയിലെ Institute for Comprehensive Gender Dysphoria Research (ICGDR) യിലെ പ്രസിഡന്റുമായ ലിസ ലിറ്റ്മാന്‍ നടത്തിയ പഠനം പറയുന്നുണ്ട്. ആളുകളില്‍ ആണാണോ പെണ്ണാണോ എന്ന ശങ്ക (GENDER CONFUSION) കൂടിക്കൂടി വരുന്നുണ്ടെന്നും ഇതിനു പിന്നില്‍ ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുടെ അധ്യാപനങ്ങളാണെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കാനുള്ള അവകാശം വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളില്‍ അടിസ്ഥാനപ്പെടുത്താതെ അവനവന് തോന്നുന്നത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും നല്‍കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ ആകുന്നത് ഇന്‍ഫ്ളുവന്‍സര്‍ ആകാനുള്ള വഴിയായി പെണ്‍കുട്ടികള്‍ കാണുന്നുവെന്നും അതൊരു ഫാഷന്‍ ജ്വരമായി മാറിയിരിക്കുകയാണെന്നും കൗമാരക്കാരില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്ന ജെന്‍ഡര്‍ ഡിസ്ഫോറിയയെപ്പറ്റി വിശദമായി പഠിച്ച വാള്‍സ്ട്രീറ്റ് ജേണലിലെ എഴുത്തുകാരി എബിഗൈല്‍ ശ്രിയര്‍ തന്റെ Irreversible Damage എന്ന പുസ്തകത്തില്‍ പറയുന്നു.


ട്രാന്‍സ് റിഗ്രട്ട്
ശരീരം തോന്നലിനനുസരിച്ച് കീറിമുറിച്ചവരില്‍ ഭൂരിഭാഗം പേരും അക്കാര്യത്തില്‍ ഖേദിക്കുന്നതായി കാണാം. Trans regret എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുടെ വാക്കു കേട്ട്, തന്നെ താനാക്കുന്ന അവയവങ്ങള്‍ മുറിച്ചു മാറിയവര്‍ പിന്നീട് തിരിച്ചു മാറാന്‍ (Det-ransition) ശ്രമിക്കുന്നതും ഒരു പതിവ് സംഭവമാണ്. അത്തരക്കാരുടെ അനുഭവം Sexchangeregret.com, Valtheyer.com തുടങ്ങിയ സൈറ്റുകളില്‍ ലഭ്യമാണ്. ലിസ ലിറ്റ്മാന്‍ ഡീട്രാന്‍സിഷനു വേണ്ടിയുള്ള ഈ ശ്രമത്തെ DESISTANCE എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത അനന്യകുമാരി അലക്സ് ജെന്‍ഡര്‍ ആക്ടിവിസത്തിന്റെ പ്രചാരണത്തില്‍ പെട്ടുപോയവര്‍ക്കിടയിലെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. ഈയ്യിടെ പ്രസവിച്ച സഹദ് പോലും ‘മാറിടം മുറിച്ചു കളഞ്ഞില്ലായിരുന്നെങ്കില്‍ കുഞ്ഞിന് മുല കൊടുക്കാമായിരുന്നു’ എന്ന് തന്റെ ഖേദം മാധ്യമപ്രവര്‍ത്തകരോട് തുറന്നുപറഞ്ഞത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടത്.
ചുരുക്കത്തില്‍, ട്രാന്‍സ്ജെന്‍ഡറുമായി ബന്ധപ്പെട്ട രാഷ്ട്രീയം സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രധാനപ്പെട്ട മൂന്നു പ്രശ്നങ്ങളാണുള്ളത്. ഒന്ന് ജെന്‍ഡര്‍ ഫ്ലൂയിഡിറ്റി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തുടങ്ങിയവ ഉയര്‍ത്തിക്കാണിച്ചു കൊണ്ട് യാതൊരു ശാരീരിക മാനസിക പ്രശ്നവും ഇല്ലാത്ത കൗമാരക്കാരെ ജെന്‍ഡര്‍ കണ്‍ഫ്യൂഷനിലേക്ക് നയിക്കുന്നു എന്നതാണ്. വല്ല വിധേനയും ജെന്‍ഡര്‍ ഡിസ്ഫോറിയ വന്നു കഴിഞ്ഞാല്‍ പിന്നെ ശരീരം സര്‍ജറിക്ക് വിധേയമാക്കുക മാത്രമേ വഴിയുള്ളൂ, മറ്റു മാനസികമായ യാതൊരു പരിഹാരവുമില്ല എന്ന ആക്ടിവിസ്റ്റുകളുടെ പ്രചാരണമാണ് രണ്ടാമത്തെ പ്രശ്നം. മൂന്നാമത്തെ പ്രശ്നം, ഏതെങ്കിലും ഡോക്ടര്‍മാര്‍ മാനസികമായി ഇതിനെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ അവരെ കയ്യേറ്റം ചെയ്യുകയും, ട്രാന്‍സുകളുടെ ശരീരത്തില്‍ ഇടപെടാനുള്ള മനുഷ്യാവകാശത്തെ ഹനിച്ചു എന്ന പേരില്‍ അവര്‍ക്കെതിരെ നിയമം കൊണ്ടുവരികയും ചെയ്യുന്നു എന്നതാണ്. യഥാര്‍ഥത്തില്‍ മനസ്സിനനുസരിച്ച് ശരീരത്തില്‍ ഇടപെടുന്നത് മാത്രമാണ് ട്രാന്‍സുകളുടെ അവകാശം എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്.? അവര്‍ക്ക് അവരുടെ ശരീരത്തിനനുസരിച്ച് ആവാനുള്ള സാധ്യതയും അത് സംബന്ധമായ ഗവേഷണങ്ങളും ലഭ്യമായ സ്ഥിതിക്ക് അതും അവരുടെ അവകാശമായിക്കൂടേ? അതിനുവേണ്ടി നിലകൊള്ളുന്നതും രാഷ്ട്രീയമായ ശരിയല്ലേ? മുകളില്‍ പരാമര്‍ശിച്ച മുഴുവന്‍ അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനും സ്‌കൂളുകളില്‍ പഠിപ്പിക്കാനും, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് സമൂഹത്തിലേക്ക് എത്തിക്കാനുമാണ് നിലവില്‍ പിണറായി ഗവര്‍മെന്റ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതു തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നതും. കഴിഞ്ഞ ഏതാനും ദശകങ്ങളായി പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നടപ്പിലാക്കി പരാജയപ്പെട്ട അപക്വമായ നയങ്ങള്‍ പുരോഗമനം എന്ന പേരില്‍ കേരളത്തിലും നടപ്പാക്കുന്നു എന്ന് മാത്രം. അതിനാല്‍, കേരളത്തിലെ ജെന്‍ഡര്‍ രാഷ്ട്രീയത്തെ അക്കാദമികമായും സാംസ്‌കാരികമായും മാത്രമല്ല, രാഷ്ട്രീയമായിത്തന്നെ നേരിടേണ്ടതുണ്ട്.

റശീദ് ഹുദവി ഏലംകുളം