ഡല്‍ഹി: പൊലീസ് വാഴുന്ന നഗരവീഥികള്‍

2678

തന്‍സീര്‍ ദാരിമി കാവുന്തറ

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ ആളിക്കത്തിയ സംഘ്പരിവാര്‍ താണ്ഡവങ്ങള്‍ക്ക് ശേഷവും വംശഹത്യാ ഇരകളുടെ ദൈനംദിന ജീവിതം നരകതുല്യമായി തുടരുകയാണ്. കൊവിഡ്- 19 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇവരുടെ ദീനരോദനങ്ങള്‍ പുറംലോകം ശ്രദ്ധിക്കാതെ പോവുകയാണ്. 53 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു ആളുകള്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും അനേകം പേര്‍ക്കു ഒരു ആയുസ്സിന്റെ സര്‍വ സമ്പാദ്യവും ചാമ്പലാവുകയും ചെയ്തതായിരുന്നു ഡല്‍ഹി വംശഹത്യയുടെ ബാക്കിപത്രം.

വംശഹത്യാനന്തരവും ശിവ് വിഹാര്‍, ചാന്ദ് ബാഗ്, ചമന്‍ പാര്‍ക്ക്, കര്‍ദംപുരി, ഗോകുല്‍പുരി ,ജാഫറാബാദ്, മുസ്തഫാബാദ് എന്നിവിടങ്ങളില്‍ ഡല്‍ഹി പോലീസ് മുസ് ലിം വേട്ട അനവരതം തുടരുകയാണ്. നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതും കള്ളക്കേസില്‍ പ്രതികളാക്കുന്നതും അന്യായമായി പോലീസ് കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നതും ദിനചര്യയായിരിക്കുന്നു. ഡല്‍ഹി പോലീസിന്റെ ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ നിയമ പോരാട്ടം അനിവാര്യമാണ്.
അല്ലാത്ത പക്ഷം മുസഫര്‍ നഗര്‍ വംശഹത്യയിലെ പ്രതികളെല്ലാം രക്ഷപെട്ടതിന് സമാനമായ സാഹചര്യമാണ് ഡല്‍ഹിയിലും സംജാതമാവാനിരിക്കുന്നത്. അതിലുപരി വംശ്യഹത്യയില്‍ ബാക്കിയായവര്‍ ജയിലറകളിലും കോടതികളിലുമായി ശിഷ്ടജീവിതം നയിക്കേണ്ടുന്ന സാഹചര്യമുണ്ടാകും. ഡല്‍ഹി പോലീസ് അന്വേഷണ ചുമതലയില്‍ തുടര്‍ന്നാല്‍ ഒരു യഥാര്‍ത്ഥ പ്രതിയും ശിക്ഷിക്കപെടുകയില്ലെന്നു മാത്രമല്ല, ആസൂത്രിത വംശഹത്യയുടെ ഇരകള്‍ കുറ്റവാളിക്കപെടുകയും വേട്ടക്കാര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഡല്‍ഹി പോലീസിനെ മാറ്റി നിര്‍ത്തി കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്രമായി പ്രവര്‍ത്തിക്കാവുന്ന ഒരു അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഇരകളില്‍ നിന്ന് പുതിയ പരാതികള്‍ സ്വീകരിക്കുകയും അവരുടെ മൊഴികള്‍ രേഖപപ്പെടുത്തിയും തെളിവുകള്‍ ശേഖരിച്ചും കൃത്യവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പു വരുത്തുകയും വേണം.

ബന്ധുക്കളെയോ അയല്‍വാസികളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാനോ, പൊലിസ് നോക്കിനില്‍ക്കെ സംഘ് പരിവാര്‍ പ്രഭൃതികള്‍ തകര്‍ത്തു തരിപ്പണമാക്കിയ തങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും കാണാനോ അനുവദിക്കാതെ പൊലിസ് നിര്‍ദയം പീഡിപ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന പൊലിസുകാര്‍ മുസ് ലിം പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊണ്ടു പോവുകയാണ്. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന തെരുവുകളില്‍ നിന്ന് ചിലരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വാഹനത്തില്‍ കയറ്റി കൊണ്ടു പോവുന്ന രംഗങ്ങളും ഇവിടുത്തെ നിത്യകാഴ്ചകളാണ്. മറ്റു ചിലരെ പാതിരാത്രിയില്‍ വീട്ടില്‍ നിന്നും അടിച്ചിറക്കി കൊണ്ടു പോവുന്നു. വളരെ കുറച്ചുപേര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസയച്ചിട്ടുമുണ്ട്. കലാപാനന്തരം സര്‍വതും വിനഷ്ടമായി തിരിച്ചെത്തിയ പലരും സ്റ്റേഷനില്‍ ഹാജറാവാന്‍ ആവശ്യപ്പെട്ട് വീടിനു മുമ്പില്‍ പതിച്ച ‘ പൊലിസ് നോട്ടീസ് ‘ ആണ് കാണുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലും പൊലിസിന്റെ നിര്‍ദാക്ഷിണ്യ വേട്ട ഡല്‍ഹിയില്‍ അവസാനിച്ചിട്ടില്ല. ‘ പൊലിസ് കാക്കി ‘ കാണുമ്പോള്‍ തന്നെ ഭയചകിതരായി ഓടിയൊളിക്കുകയാണ് വംശഹത്യയുടെ ഇരകള്‍. എവിടെയും ഭയവും സംശയവും നിരാശയുമാണ് തളംകെട്ടി നില്‍ക്കുന്നത്. ആരെയും എവിടെ വെച്ചും എപ്പോഴും പിടിച്ചുകൊണ്ടു പോയി എത്രകാലം വേണമെങ്കിലും അഴികള്‍ക്കുള്ളിലാക്കാമെന്നതാണ് ഡല്‍ഹി പൊലിസിന്റെ ഇപ്പോഴത്തെ രീതിശാസ്ത്രം. നിയമത്തിലും നിയമപാലകരിലുമുള്ള വിശ്വാസം പാടേ നഷ്ടമായെന്നാണ് പൊലിസിന്റെ കരാളഹസ്തങ്ങളില്‍ നിന്നും ഒരുവിധം ജീവനും കൊണ്ട് രക്ഷപ്പെട്ടവര്‍ പറയുന്നത്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിപ്പിച്ച പലരെയും ഒഴിഞ്ഞ വെള്ള പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷമാണ് പൊലിസ് വിട്ടയച്ചത്. ആവശ്യമുള്ള ഏതുകുറ്റവും പൊലിസിനു എഴുതിച്ചേര്‍ക്കാമല്ലോ ! പൊലിസിനെ പേടിച്ച് പലരും വീടുകളിലേക്ക് വരുന്നില്ല.

വര്‍ഗീയകലാപം നൂറുകണക്കിനു മുസ്ലിം കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയത്. ഒരിക്കലും തിരിച്ചുപോവാന്‍ സാധിക്കാത്തവിധം ഇവരുടെ കുടിലുകളും ഉപജീവന മാര്‍ഗമായ ചായ മക്കാനികളും പെട്ടിക്കടകളും കത്തിച്ചാമ്പലായിട്ടുണ്ട്. താല്‍ക്കാലികമായി ഇവരെ പാര്‍പ്പിച്ച റിലീഫ് കാമ്പുകള്‍ പോലും അടച്ചുപൂട്ടി എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് മോദി, കെജ്രിവാള്‍ സര്‍ക്കാരുകള്‍സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ഇരകള്‍ക്കായി ഓള്‍ഡ് മുസ്തഫാബാദ് മേഖലയില്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ റിലീഫ് കാമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ചുരുങ്ങിയത് ആയിരത്തോളം പേര്‍ ഇവിടെ അഭയംതേടി. ഭക്ഷണവും വസ്ത്രവും അവശ്യ മരുന്നുകളും നല്‍കാന്‍ സംവിധാനമുണ്ടാക്കിയിരുന്നു.രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, റിലീഫ് കാമ്പുകള്‍ കാലിയാക്കാക്കാന്‍ നിര്‍ദേശം വന്നു. രോഗികളായ മാതാപിതാക്കളും കൈക്കുഞ്ഞുങ്ങളുമായി തെരുവിലിറങ്ങേണ്ടി വന്ന എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍വാര്‍ക്കുകയാണ്. ജീവനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഈ ഹതഭാഗ്യര്‍.

സംഘ്പരിവാര്‍ വര്‍ഗീയതയുടെ ബീഭത്സരൂപം തുറന്നുകാട്ടപ്പെട്ട ശിവ് വിഹാര്‍ ഭാഗത്തേക്ക് പോയാല്‍ ജീവന്‍ തന്നെ ബാക്കിയാവില്ല എന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. കെജ്രിവാള്‍ സര്‍ക്കാര്‍ വംശഹത്യാ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സഹായധനം ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. കര്‍ഫ്യൂവിന്റെ മറവില്‍ പൊലിസ് ഗുണ്ടാരാജാണ് നടമാടുന്നത്.

ചമന്‍പാര്‍ക്ക് നിവാസിയായ നിസാമുദ്ധീന്റെ അനുഭവം ഇങ്ങനെ : ” ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള ഒരു കൂട്ടം പൊലിസുകാര്‍ എന്റെ വീട് വളഞ്ഞു. വീടിനു ചുറ്റും ഒരു കൊടുംഭീകരവാദിയെ പിടികൂടുന്ന പ്രതീതി സൃഷ്ടിച്ചു. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ആളെയയച്ചപ്പോള്‍ ഞാന്‍ ഓടിയെത്തി. എന്താണ് അറിയേണ്ടതെന്ന് ഞാന്‍ ചോദിച്ചു. കലാപത്തില്‍ എനിക്ക് പങ്കുണ്ടെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമം. ആരൊക്കെയോ കല്ലെറിയുന്ന ഒരു വീഡിയോ അവര്‍ എന്നെ കാണിച്ചു. ഈ സമയത്ത് ഞാന്‍ എവിടെയായിരുന്നുവെന്നു ചോദിച്ചു. ബാങ്കിലായിരുന്നുവെന്നും തിരിച്ചുവന്നപ്പോള്‍ കലാപകാരികള്‍ അഴിഞ്ഞാടുന്നതാണ് കണ്ടതെന്നും ഞാന്‍ എന്റെ കുട്ടികളെയും കൂട്ടി ഓടി രക്ഷപ്പെട്ടെന്നും മറുപടി പറഞ്ഞു. എവിടേക്കാണ് പോയതെന്നും എവിടെയാണ് ഇതുവരെ താമസിച്ചതെന്നുമായിരുന്നു അടുത്ത ചോദ്യം. ശിവ് വിഹാറിലെ ഈദ് ഗാഹ് റിലീഫ് കാമ്പിലാണ് അഭയം തേടിയതെന്നു പറഞ്ഞു. ഒരു ബ്ലാങ്ക് പേപ്പര്‍ എന്നെ കൊണ്ട് ഒപ്പുവെപ്പിച്ചു. ‘

പുതിയ ആഖ്യാനങ്ങള്‍ രചിച്ച് മുസ് ലിംകള്‍ നടത്തിയ കലാപമാണ് എന്ന പ്രചാരണം നടത്താന്‍ ഡല്‍ഹി പോലീസ് ബോധപൂര്‍വം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനു ബലംപകരുന്ന സ്വഭാവത്തിലാണ് ഡല്‍ഹി പോലീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അക്രമത്തിന്റെ ഭാഗമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത നൂറു കണക്കിന് എഫ്. ഐ.ആറുകളില്‍ മുസ് ലിം ചെറുപ്പക്കാരെ പ്രതി ചേര്‍ക്കുകയാണ് പോലീസ്. അക്രമങ്ങളെ കുറിച്ചു പരാതി പറയാനെത്തുന്ന ഇരകളാക്കപ്പെട്ട മുസ് ലിംകളെ കലാപത്തിനും കടകളും വീടുകളും കത്തിച്ചതിനും വധശ്രമത്തിനും ആയുധം നിയമപ്രകാരവുമൊക്കെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതികളായി ചേര്‍ത്ത് അറസ്റ്റ് ചെയ്തു ജയിലടക്കുന്ന പദ്ധതിയാണ് ഡല്‍ഹി പോലീസ് നടപ്പാക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ചെറുപ്പക്കാരെയും മറ്റും ബോധപൂര്‍വം ഇത്തരം കേസുകളില്‍ പ്രതികളാക്കുന്നുണ്ട്. വംശഹത്യക്ക് ഇരയായ ആളുകളെ മാത്രമേ ഇതുവരെ പ്രതികളായി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിട്ടുള്ളൂ എന്ന് അഭിഭാഷകര്‍ പറയുന്നു. ഇരകള്‍ നല്‍കുന്ന പരാതികളില്‍ പ്രതികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട് എങ്കില്‍, ആ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. നഷ്ടപരിഹാരത്തിന് ഉപകാരപെടുന്ന വിധത്തില്‍ അന്വേഷണത്തിന് സാധ്യമല്ലാത്ത രീതിയില്‍ ലഭിക്കുന്ന പരാതികളാണ് മിക്കവരുമിപ്പോള്‍ പോലീസിന് നല്‍കുന്നത്. അതിലും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നുമില്ല. ഇരകളുടെ മൊഴി രേഖപ്പെടുത്താനോ തെളിവു ശേഖരിക്കാനോ പോലീസ് ഒരു ശ്രമവും നടത്തുന്നില്ല. ദുരിതാശ്വാസ സംഘങ്ങള്‍ക്ക് പോലും പരമാവാധി തടസ്സം നില്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. അറസ്റ്റ് രേഖപെടുത്താതെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ആളുകളെക്കുറിച്ച് ഒരു വിവരവും പുറത്തുവിടാന്‍ പോലീസ് തയ്യാറല്ല.

നിയമ സഹായവുമായി രംഗത്തെത്തുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറ്റൊരു പ്രതിസന്ധിയായി നില്‍ക്കുന്നത് ഇരകളുടെ രേഖകളാണ്. രേഖകളെല്ലാം കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചു. കൈയില്‍ ഒന്നുമില്ലാതെയാണ് പലരും ക്യാമ്പുകളിലെത്തിയത്. ആധാര്‍, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ്, സര്‍വകലാശാല റെക്കോര്‍ഡുകള്‍ തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. നിയമ മാര്‍ഗം ഇത് തിരിച്ചെടുത്ത് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോഴേക്കും സമയം ഏറെ വൈകുമെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു. ഇരകളില്‍ ഭൂരിപക്ഷവും അടിയന്ത സഹായം ആവശ്യമുള്ളവരാണ്. ചിലര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള രേഖയിലെ വിലാസം മറ്റൊരു സ്ഥലത്തേതാണ്. നേരത്തേ വാടക്ക് താമസിച്ചിരുന്ന സ്ഥാലത്തെ വിലാസത്തിലാണ് ആധാര്‍. ഇവര്‍ പിന്നീടാണ് ആക്രമണമുണ്ടായ സ്ഥാലത്തേക്ക് താമസം മാറിയത്. അതുകൊണ്ട് രേഖകള്‍ വഴി ഇവിടുത്തെ വിലാസം തെളിയിക്കാന്‍ കഴിയില്ല. ഇതിന് തങ്ങള്‍ വാടകക്ക് നില്‍ക്കുന്നുവെന്ന് തെളിയിക്കുന്ന വാടകച്ചീട്ടോ സത്യവാങ്മൂലമോ ആവശ്യമായി വരും. ഇരകളില്‍ വലിയ വിഭാഗത്തിനും എങ്ങനെയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടതെന്ന് പോലും അറിയില്ല. കൃത്യമായ നിയമ സഹായം ലഭ്യമായില്ലെങ്കില്‍ ഇവര്‍ ഇരകളുടെ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പൊലിസ് ഗുണ്ടാ രാജിന്റെ ഉരുകുന്ന വേദനയും വേപഥുവും പേറി നടക്കുന്ന പരായിരങ്ങളുടെ പ്രേതഭൂമികയാണിന്ന് ഡല്‍ഹി.

അവലംബം: newslaundry.com

https://www.newslaundry.com/2020/03/30/how-delhi-police-continue-to-tormet-muslim-survivors-of-the-communal-carnage