ഡോ. തൈക്ക ശുഐബ് ആലിം അറബിത്തമിഴിന്‍റെ സാഹിത്യചരിത്രകാരന്‍

2860

അറബിമലയാളത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് തമിഴുദേശത്തെ സമാനഭാഷാപ്രതിഭാസമായ അറബിത്തമിഴ് അഥവാ അര്‍വി എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. മുഹ്യിദ്ദീന്‍മാലയും പടപ്പാട്ടുകളും വിരുത്തങ്ങളും സൂക്ഷ്മപഠനത്തിനെടുത്തപ്പോഴാണ് സമാനകാലത്ത് അര്‍വിയില്‍ സംഭവിച്ചതെന്ത് എന്നറിയാനുള്ള കൗതുകം തോന്നിയത്. അറബിമലയാത്തിലെ തമിഴു സ്വാധീനത്തെ കുറിച്ച് പഠിക്കാനും അര്‍വിയെ കുറിച്ചുള്ള പഠനം സഹായിക്കുമെന്നു തോന്നി. ഇന്നലെകളിലെ അറബിമലയാളംപോലെ അര്‍വിയും പഠിക്കപ്പെടാതെ കിടക്കുകയായിരിക്കുമെന്നു തന്നെയാണു കരുതിയിരുന്നത്. അര്‍വിയെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് അറബിക്, അര്‍വി ആന്‍റ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീബ് ആന്‍റ് തമിള്‍നാടു എന്ന അമൂല്യമായ ഗ്രന്ഥം കണ്ണില്‍പെടുന്നത്. ആവശ്യത്തിനനുസരിച്ചു പലപ്പോഴായി പലഭാഗങ്ങളിലൂടെ കടന്നുപോയപ്പോഴാണു എണ്ണൂറ്റി അമ്പതിലധികം പേജുകളുള്ള പ്രസ്തുതപുസ്തകം എത്രമേല്‍ മഹത്തരമാണെന്നു മനസ്സിലായത്. അറബിമലയാളത്തിന് ഇന്നും സാധ്യമായിട്ടില്ലാത്ത ഒരു സുന്ദരസ്വപ്നമാണ് ഒരു സമഗ്രപഠനം. എന്നാല്‍ അതിശയിപ്പിക്കുന്ന സമഗ്രതയോടെയും അതിലേറെ സൂക്ഷ്മതയോടെയും തയ്യാറാക്കപ്പെട്ട പ്രസ്തുതപഠനം 1993ല്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങി എന്നത് എന്‍റെ അതിശയം പെരുപ്പിച്ചു. സമാനകാലത്ത് അര്‍വി ദേശത്ത് അറബിയിലും പേര്‍ഷ്യനിലും എന്തു സംഭവിച്ചു എന്നതുകൂടി അതേഗ്രന്ഥത്തിന്‍റെ പഠനവിഷയമാണെന്നത് എത്ര പ്രയോജനകരമാണെന്ന് ആലോചിച്ചുനോക്കുക. അങ്ങനെ അര്‍വി പഠിതാക്കളെ കൊതിപ്പിക്കുന്ന ഒരു സമഗ്രപഠനം നടത്തിയ ഗവേഷകന്‍ എന്ന നിലയിലാണു ഞാന്‍ ഡോ. തൈക്കാ ശുഐബ് ആലിമിനെ ശ്രദ്ധിക്കുന്നത്. പഠിച്ചുവന്നപ്പോഴാണ് ആ പണ്ഡിതന്‍ പല രീതിയില്‍ മലബാറുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നത്.
തമിള്‍നാടിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള കീളക്കരയില്‍ 1930ലാണു ശുഐബ് ജനിച്ചത്. പ്രമുഖപണ്ഡിതന്‍ ശൈഖ് അഹ്മദ് അബ്ദുല്‍ ഖാദിറിന്‍റെ (മരണം 14 ഫെബ്രുവരി 1976) മൂന്നു മക്കളില്‍ രണ്ടാമന്‍. ആത്മീയസംസ്കരണവും മതപ്രബോധനവും കര്‍മരംഗമായി സ്വീകരിച്ച വലിയ പണ്ഡിതന്മാരെയും സൂഫികളെയും ധാരാളമായി സംഭാവനചെയ്ത ഒരു കുടുംബത്തിലാണ് അദ്ദേഹത്തിന്‍റെ പിറവി. വെള്ളെയ് അഹ്മദ് വലി, (ഇമാമുല്‍ അറൂസ്, മാപ്പിളൈ ലബ്ബൈ ആലിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന) സയ്യിദ് മുഹമ്മദ്, ജല്‍വത് നായഗം ഉള്‍പ്പെടെ അനേകം ആത്മീയപ്രതിഭകളുടെ പാരമ്പര്യമുള്ള കുടുംബം. അര്‍വിദേശത്തു നൂറ്റാണ്ടുകളോളം മതം പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതന്മാരുടെ കുടുംബം. അറൂസിയ്യ മതപാഠശാലയുടെ സ്ഥാപകനായ സദഖതുല്ലാഹില്‍ ഖാഹിരിയും അദ്ദേഹത്തിന്‍റെ മുന്‍ഗാമികളില്‍ പെടുന്നു.
സ്വാഭാവികമായും അറബിഭാഷയും ഇസ്ലാംമതപാഠങ്ങളുമായിരുന്നു അദ്ദേഹത്തിന്‍റെ പാരമ്പര്യപഠനമേഖല. തലമുറകളായി കുടുംബച്ചുമതലയില്‍ നടന്നുവന്നിരുന്ന മതപാഠശാലയാണു കീളക്കരൈയിലെ അറൂസിയ്യ. തമിള്‍നാട്ടിലെ ഏറ്റവും പഴയ ഇസ്ലാംമതപഠനകേന്ദ്രമാണു കീളക്കരയിലെ മദ്രസതുല്‍ അറൂസിയ്യ. ക്രി.വ. 1671-ല്‍ മാദിഹുര്‍റസൂല്‍ എന്നറിയപ്പെടുന്ന ശൈഖ് സദഖത്തുല്ലാഹ് സുലൈമാന്‍ അല്‍ ഖാഹിരി അസ്സ്വിദ്ദീഖി സ്ഥാപിച്ചതാണിത്. അതുവരെ പള്ളികളില്‍വെച്ചു നല്‍കപ്പെടുന്ന സൗജന്യമതപഠനത്തിനു ചേരുന്ന കുട്ടികള്‍ സൗകര്യമുണ്ടെങ്കില്‍ പള്ളിയില്‍ താമസിക്കുകയും ഭക്ഷണത്തിനുള്ള സംവിധാനം സ്വന്തമായി കണ്ടെത്തുകയും ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇതുണ്ടാക്കുന്ന പ്രയാസം മനസ്സിലാക്കി ഭക്ഷണവും താമസവും ഉള്‍പ്പെടെ പഠിതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുന്ന ഒരു മതപഠനസംവിധാനം ഒരുക്കുകയായിരുന്നു സദഖത്തുല്ലാഹ് അപ്പ ചെയ്തത്. ഇതിന്‍റെ വിജയം കണ്ട് മദ്രാസ് ഭരണാധികാരിയായിരുന്ന നവാബ് ഗുലാം ഗൗസ് ഖാന്‍ മദ്രാസില്‍ തുടങ്ങിയ മദ്രസയെ അസം അറബിക് കോളേജില്‍ ആ സംവിധാനം നടപ്പിലാക്കുകയും ചെയ്തു.
അറൂസിയ്യയില്‍ വെച്ച് ആത്മീയഗുരു കൂടിയായ പിതാവിന്‍റെ കീഴിലാണു ശുഐബ് പഠനം തുടങ്ങിയത്. അതു പൂര്‍ത്തിയായതിനു ശേഷം ഉപരിപഠനത്തിനായി വെല്ലൂരിലെ ബാഖിയാത്തുസ്സാലിഹാത്തിലേക്കും ജമാലിയ അറബികോളേജിലേക്കും പോയി. അതു കഴിഞ്ഞു ദയൂബന്ദിലെ ദാറുല്‍ ഉലൂമിലും ജാമിഅ മില്ലിയ്യ ഇസ്ലാമിയയിലും പഠനം തുടര്‍ന്നു. പിന്നീടാണ് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലും മദീന യൂനിവേഴ്സിറ്റിയിലും പഠിക്കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ സവിശേഷപഠനം നടത്തിക്കൊണ്ട് മൗലവി ഫാദില്‍ കോഴ്സ് പൂര്‍ത്തിയാക്കി. ചൈനയില്‍ പോയെങ്കിലും വിദ്യനേടുക എന്ന ആശയത്തിന്‍റെ പ്രയോക്താവായിരുന്നു അദ്ദേഹം. വ്യത്യസ്തങ്ങളായ രീതിശാസ്ത്രം സ്വീകരിക്കുന്ന പണ്ഡിതരെ നേരില്‍ ചെന്നുകണ്ട് അവരുടെ നിലപാടു മനസ്സിലാക്കുക എന്നുള്ളതായിരുന്നു തന്‍റെ രീതി.
കീളക്കര ഹമീദിയ ഹൈസ്കൂളിലെ എട്ടാം ഫോറത്തില്‍ തുടങ്ങുന്നു അദ്ദേഹത്തിന്‍റെ ഭൗതികപഠനം. അവിടെ പഠിച്ച നാലു വര്‍ഷവും 100ശതമാനമായിരുന്നു അദ്ദേഹത്തിന്‍റെ ഹാജര്‍നില. ഹമീദിയയിലെ വിദ്യാര്‍ത്ഥി നേതാവും പട്ടണത്തിലെ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സെക്രട്ടറിയുമായിരുന്നു. മാതൃഭാഷയായ തമിഴും ഇതിഹാസങ്ങളും നന്നായി പഠിച്ചു. തിരുവാടുതുറൈ അതീനം നടത്തുന്ന തമിഴു പരീക്ഷ എഴുതുകയും അതില്‍ ഒന്നാമനാവുകയും ചെയ്തു. ഇത് പൊതുസമൂഹവുമായി കൂടുതല്‍ ഫലപ്രദമായി സംവദിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. സിലോണ്‍ സര്‍വകലാശാല (പരദീനിയ)യില്‍ നിന്ന് അറബിയും പേര്‍ഷ്യനും പ്രധാനവിഷയങ്ങളായി തെരഞ്ഞെടുത്ത് ബിഎ ഓണേഴ്സിനു പഠിച്ചു. ശുഐബ് ആലിമിന്‍റെ ഗവേഷണം പ്രധാനമായും അര്‍വി ദേശത്തെ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചാണ്. കൊളമ്പിയ പെസഫിക് യൂനിവേഴ്സിറ്റിയിലാണ് അദ്ദേഹത്തിന്‍റെ രണ്ടു ഗവേഷണപ്രബന്ധങ്ങളും സമര്‍പ്പിച്ചത്. ഒന്ന് എംഎയ്ക്കും മറ്റൊന്നു പിഎച്ഡിക്കും. അങ്ങനെ മതപരവും മതേതരവുമായ കഠിനപഠനപരമ്പരയിലൂടെ അഫ്ദലുല്‍ ഉലമാ, ഡോ. തൈക്കാ ശുഐബ് ആലിമായി മാറി അദ്ദേഹം.
അദ്ദേഹത്തിന്‍റെ ഗവേഷണപഠനങ്ങളെ മൗലികമാക്കുന്നതിന് സഹായകമായി മാറിയ ചില ഘടകങ്ങളുണ്ട്. ഭാഷാപഠനത്തിലുള്ള താത്പര്യവും അതുവഴി സ്വായത്തമാക്കിയ പല ഭാഷകളിലുള്ള പ്രാവീണ്യവുമാണ് പ്രധാനപ്പെട്ട ഒരു ഘടകം. മാതൃഭാഷയായ തമിഴിനു പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, ഉര്‍ദു, മലയാളം എന്നീ ഭാഷകളില്‍ നല്ല വഴക്കമുള്ള പണ്ഡിതനാണ് അദ്ദേഹം. ഇവയില്‍ മിക്കവയിലും നന്നായി എഴുതാനും പ്രഭാഷണം നടത്താനും അദ്ദേഹത്തിനു കഴിയും വിധം വ്യുത്പത്തിയുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട എട്ടു പുസ്തകങ്ങളുണ്ട്. ആദ്യകൃതി നിത്തിയ കദന്‍ പ്രസിദ്ധീകിക്കുമ്പോള്‍ പ്രായം പതിനേഴ്. ഇസ്ലാമികനിയമങ്ങളുടെ സംക്ഷിപ്താഖ്യാനമാണത്. അതടക്കം മിക്കകൃതികളും അറബിയിലും തമിഴിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അര്‍വി മുസ്ലിംകളുടെ വിശ്വാസാചാരങ്ങളെ വിശകലനം ചെയ്തുകൊണ്ട് ധാരാളം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ശുഐബ് ആലിമിന്‍റെ പഠനത്തിനു സഹായകമായ രണ്ടാമത്തെ ഘടകം തൊഴിലാണ്. പരമ്പരാഗതമായി രത്നവ്യാപാരികളാണു അദ്ദേഹത്തിന്‍റെ കുടുംബം. അതിനാല്‍ നിരന്തരം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതനായിരുന്നു. ഇത്തരം യാത്രകളത്രയും പഠനയാത്രകള്‍കൂടിയാക്കി പരിവര്‍ത്തിപ്പിക്കുകയായിരുന്നു ശുഐബ് ആലിം. ഫലം സെമിനാറുകളിലും വൈജ്ഞാനികസമ്മേളനങ്ങളിലും പങ്കെടുക്കാനായും പില്‍ക്കാലത്തു ധാരാളം യാത്രകള്‍ ചെയ്യേണ്ടിവന്നുവെന്നതാണ്. ഇന്ത്യയ്ക്കകത്തു മാത്രമല്ല, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്‍റ്, തായ്വാന്‍, ചൈന, ജപ്പാന്‍, യുകെ, യുഎസ്എ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെല്ലാം സെമിനാറുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
വൈജ്ഞാനികാഭിനിവേശം മറ്റൊരു രീതിയിലും പ്രകടമാണ്. ഒരിക്കല്‍പോലും അച്ചടിക്കപ്പെടാത്തതോ അച്ചടിച്ച കോപ്പികള്‍ കാലങ്ങളായി ലഭ്യമല്ലാത്തതോ ആയ 250 കൈയെഴുത്തു കൃതികള്‍ കണ്ടെത്തിയെന്നതാണ് അത്. കേവലം കൗതുകത്തിനുവേണ്ടിയുള്ള ഒരു പ്രവര്‍ത്തനമായിരുന്നില്ല അത്. അവ കാറ്റ്ലോഗ് ചെയ്യുകയും സ്വന്തം ലൈബ്രറിയില്‍ സംരക്ഷിക്കുകയും ചെയ്തു.
ശ്രീലങ്കയും തമിള്‍നാടും അറബി, അര്‍വി, പേര്‍ഷ്യന്‍, ഉര്‍ദു എന്നീ ഭാഷകള്‍ക്കും സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ കുറിച്ചുള്ള പഠനമാണു ശുഐബ് ആലിം നടത്തിയത്. കൊളമ്പിയ പസിഫിക് യൂനിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ച രണ്ടു പഠനങ്ങളും കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയ പുസ്തകമാണു 880 പേജുകളിലായി പരന്നുകിടക്കുന്ന അറബിക്, അര്‍വി ആന്‍റ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീപ് ആന്‍റ് തമിള്‍നാടു എന്ന കൃതി. മുപ്പതു വര്‍ഷം നീണ്ടുനിന്ന കഠിനാധ്വാനത്തിന്‍റെ മധുരഫലം. അക്കാലം വരെ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന അര്‍വി മുസ്ലിംകള്‍ അറബി, അര്‍വി, പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലൂടെ ഇസ്ലാമികസാഹിത്യത്തിനും വിദ്യാഭ്യാസത്തിനും ആത്മീയതക്കും നല്‍കിയ സംഭാവനകള്‍ അക്കാദമികസമൂഹത്തിന്‍റെ സജീവപരിഗണയ്ക്കെത്തിയത് ആ കൃതിയുടെ പ്രസിദ്ധീകരണത്തോടെയാണ്. ആത്മീയവ്യക്തിത്വങ്ങള്‍ ആര്‍വി മേഖലയില്‍ വഹിച്ച ദൗത്യം ലോകശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ആദ്യത്തെ ശ്രമമാണിത്. തലക്കെട്ടു സൂചിപ്പിക്കുന്നതിനുമപ്പുറം അര്‍വി ജനതയുടെ സംസ്കാരം തന്നെയാണു പ്രസ്തുത കൃതിയില്‍ പഠനവിധേയമാകുന്നത്. അതിന്‍റെ അടിത്തറയായി വര്‍ത്തിക്കുന്ന ആത്മീയത ഒരുപക്ഷേ സൂഫിലോകവുമായി ആത്മബന്ധമില്ലാത്ത ഒരാളെ സംബന്ധിച്ച് അപ്രാപ്യമായിരിക്കാം. എന്നാല്‍ ആലിം അതിന്‍റെ മര്‍മമറിഞ്ഞ പ്രയോക്താവാണ്. സ്വന്തം പിതാവില്‍ നിന്നു തന്നെയാണു ശുഐബ് ആലിം മതവിദ്യാഭ്യാസംപോലെതന്നെ ആത്മീയശിക്ഷണവും രുചിച്ചുതുടങ്ങിയത്. അത് അനേകരാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറൂസിയ്യ ആത്മീയധാരയുടെ അമരക്കാരനാവുന്നതുവരെ വളര്‍ന്നു.
തെക്കു തെക്കുകിഴക്ക് ഏഷ്യന്‍ നാടുകളില്‍ വളരെ വിപുലമായി പ്രചാരത്തിലുള്ള ഖാദിരി ത്വരീഖത്തിന്‍റെ ഒരു ശാഖയാണു അറൂസിയ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അര്‍വിമേഖലയിലെ ഖാദിരി ത്വരീഖത്തുകാരായ ശൈഖുമാരുടെ ഇടയില്‍നിന്നു രൂപപ്പെട്ടുവന്നതാണ്. മാപ്പിള ലബ്ബൈ ആലിം എന്നു വിളിക്കപ്പെടുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനനായകന്‍ സയ്യിദ് മുഹമ്മദ് അല്‍ അറൂസുല്‍ ഖാഹിരിയുടെ നേതൃത്വത്തിലാണതിനു വ്യതിരിക്തമായ ഘടനയുണ്ടാകുന്നത്.
കണ്ണൂര്‍ സിറ്റിയില്‍ ഖബറടക്കപ്പെട്ടു കിടക്കുന്ന, ബുഖാരി ഖബീലക്കാരനായ സൂഫീശൈഖാണു മൗലാ മുഹമ്മദ് ബുഖാരി തങ്ങള്‍ (ക്രി.വ. 1731 – 1792). ആന്ത്രോത്തു ദ്വീപിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. മലാക്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന, ബുഖാരിതങ്ങളാല്‍ നിയുക്തനായിരുന്ന അബ്ദുല്‍ ഖാദിര്‍ വലിയുല്ലാഹ്, ഇമാമുല്‍ അറൂസ് മാപ്പിളൈ ലബ്ബൈ ആലിമിന്‍റെ മാതാമഹനാണ്. അറൂസിയ്യതുല്‍ ഖാദിരിയ്യ സൂഫി സംഘത്തിന്‍റെ സ്ഥാപകന്‍ എന്ന പരിഗണനയിലാണ് മാപ്പിളൈ ലബ്ബൈ ആലിമിനെ (ക്രി.വ. 1816 – 1898) ഇമാമുല്‍ അറൂസ് എന്നു വിളിക്കുന്നത്. ശ്രീലങ്കയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട സേവനം കേന്ദ്രം. അവിടെയുള്ള മുന്നൂറ്റമ്പത്തഞ്ചോളം തക്ക്യകളില്‍ പലതിന്‍റെയും നിര്‍മാണവും നവീകരണവുമൊക്കെ നടക്കുന്നത് അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തിലാണ്. മതപാഠങ്ങള്‍ പകര്‍ന്നു നല്‍കാനായി പുതുമയുള്ള ഒരു വഴി അദ്ദേഹം സ്വീകരിച്ചു. ദീര്‍ഘകാലപഠിതാക്കള്‍ക്കായി അറബിയില്‍ വിശദമായ ഗ്രന്ഥങ്ങള്‍ തയ്യാറാക്കി. അതോടൊപ്പം തുടക്കക്കാരെ ഉദ്ദേശിച്ച് ഹ്രസ്വകാലംകൊണ്ട് അവസാനിക്കുന്ന രീതിയില്‍ അറബിയില്‍ തയ്യാറാക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അര്‍വിയിലേക്കു സംക്ഷേപിച്ചു. അത് അര്‍വിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഒരു നടപടിയായിരുന്നു. അതുപോലെ അറബിക്കോളേജുകള്‍ ആരംഭിച്ചതും അദ്ദേഹമാണത്രെ. പോര്‍ച്ചുഗീസുകാരുടെ അതിക്രമങ്ങള്‍ അവസാനിച്ചതിനുശേഷം സ്ഥാപിക്കപ്പെടുന്ന ശ്രീലങ്കയിലെ ആദ്യത്തെ അറബിക്കോളേജാണ് ഗാല്‍ബൊക്കെ വെലിഗമയില്‍ 1884-ല്‍ അദ്ദേഹം സ്ഥാപിച്ച മദ്രസതുല്‍ ബാരി. അദ്ദേഹത്തിന്‍റെ പരമ്പരയിലാണല്ലോ ശുഐബ് ആലിമിന്‍റെ ജനനം.
പേരും പെരുമയും കൊതിക്കാതെ സാഹിത്യസേവനം ചെയ്ത അര്‍വി ദേശത്തെ എളിയവരായ ആത്മീയ വ്യക്തിത്വങ്ങള്‍ക്കാണ് ഈ കൃതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മറ്റെങ്ങും ലഭിക്കാനിടയില്ലാത്തവിധം നഷ്ടപ്പെട്ടുപോയ പല രചനകളും ശുഐബ് ആലിം ശേഖരിക്കുകയും സംശോധിച്ച് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഈ കൃതിയില്‍. അവയുടെ മൂല്യം വരുംതലമുറയ്ക്കു മാത്രമേ നിശ്ചയിക്കാനാവുകയുള്ളൂ. അതുപോലെ പരാമര്‍ശാര്‍ഹമാണു പുസ്തകത്തില്‍ നല്‍കിയിരിക്കുന്ന അനുബന്ധങ്ങള്‍. സ്വന്തം നിലയില്‍ അനേകം പുസ്തകങ്ങളായി മാറാന്‍ മാത്രം പ്രാധാന്യമുള്ളതും അനന്യലഭ്യവുമായ വസ്തുതകളുടെയും വിശകലനങ്ങളുടെയും ഒരു സമാഹാരമാണത്. സമാനമായ സാംസ്കാരികപൈതൃകമുള്ള മലബാര്‍ മാപ്പിളമാരെ കുറിച്ച് ഇതേ രീതിയിലുള്ള ഒരു പഠനം ഉണ്ടായിവരേണ്ടതിന്‍റെ അനിവാര്യതയാണു ഈ പുസ്തകം നമ്മിലുണര്‍ത്തുന്ന വലിയ ആഗ്രഹം.
ശുഐബ് ആലിം സ്വന്തം ജനതയോടും സംസ്കാരത്തോടും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആഭിമുഖ്യമാണ് ഈ പുസ്തകത്തെ സാധ്യമാക്കിയത്. അതോടൊപ്പം അത്തരമൊരു രചന ഏറ്റെടുത്തു വിജയിപ്പിക്കാന്‍ അനിവാര്യമായ കഴിവും സാഹചര്യവും അദ്ദേഹത്തില്‍ സമ്മേളിക്കുകയും ചെയ്തിട്ടുണ്ട്. മതപാണ്ഡിത്യവും ആത്മീയരംഗത്തെ അനുഭവങ്ങളും രചനാശേഷിയും വിശകലനപാടവവുമൊക്കെ പ്രധാനമാണ്.
ജോര്‍ജ്ജ് ടൗണ്‍ യൂനിവേഴ്സിറ്റിയുടെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്‍റര്‍ ഫോര്‍ മുസ്ലിം ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍റിംഗും ജോര്‍ദാനിലെ റോയല്‍ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസും ഓരോ വര്‍ഷവും ഒരു പട്ടിക തയ്യാറാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന 500 മുസ്ലിംകളെ അടയാളപ്പെടുത്തുന്ന പട്ടിക. 2013 മുതല്‍ ആ പട്ടികയിലുണ്ട്, 1994 മെയ് 7നു രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയില്‍നിന്നു മികച്ച അറബി പണ്ഡിതന്നുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യത്തെ തമിള്‍ പണ്ഡിതനായ ശുഐബ് ആലിം.

കെ അബൂബകര്‍