തോപ്പില്‍ മുഹമ്മദ് മീരാന്‍ തേങ്കാ പട്ടണത്തിന്‍റെ അതൃപ്പങ്ങളും വറ്റല്‍ മുളകിന്‍റെ എരിവുള്ള അക്ഷരങ്ങളും

2377

വായനയുടെ ഊക്ക് ഒന്നുകൊണ്ടു മാത്രം എഴുത്തുകാരനായി തീര്‍ന്ന വ്യക്തിയാണ് അടുത്തിടെ വിടപറഞ്ഞ തോപ്പില്‍ മുഹമ്മദ് മീരാന്‍. അതിലപ്പുറമുള്ള കുടുംബ പശ്ചാത്തലങ്ങളോ മറ്റു സൗകാര്യങ്ങളോ ഒരെഴുത്തുകാരനായി തീരാന്‍ അദ്ദേഹത്തെ സഹായിക്കുകയുണ്ടായിട്ടില്ല. ഒരു മത്സ്യ കച്ചവടക്കാരന്‍റെ മകനായി ജനിച്ച ഒരു കുട്ടിക്ക് ചെറുപ്പത്തില്‍ തന്നെ ജീവിതം പൊറുപ്പിക്കാനുള്ള പെടാപാടുകളായിരുന്നു നിറയെ. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പിതാവിന്‍റെ മരണം സംഭവിച്ചത്. അതോടെ കുടുംബത്തിന്‍റെ മുന്നോട്ടുപോക്കു തന്നെ പ്രയാസമായി. പിന്നെയൊന്നും നോക്കാനുണ്ടായിരുന്നില്ല. പഠനത്തെ സൈഡാക്കി ഒരു എണ്ണകബനിയില്‍ എടുത്തു കൊടുപ്പുകാരനായി ചോലിക്ക് നിന്നു. എന്നാലും വായനക്ക് മുടക്കം വെറുത്തിയില്ല. കോളേജിലെയും നാട്ടിലെയും ലൈബ്രറികളും സൗഹൃദവലയങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. മലയാള പുസ്തകങ്ങള്‍ തന്നെയായിരുന്നു വായനകളിലെ മുഖ്യ വിഭവം. ബഷീറും എം.ടിയും കേശവദേവും മുട്ടത്ത് വര്‍ക്കിയും തകഴിയുമെല്ലാം ആ വായനകളില്‍ നിറഞ്ഞു തന്നെ നിന്നു. എന്നാല്‍, എം മുകുന്ദനാണ് എന്‍റെ ഇഷ്ട എഴുത്തുകാരന്‍ എന്നു പറയാന്‍ മടിയൊന്നും മീരാനുണ്ടായിരുന്നില്ല. അതിനിടെ കഷ്ടിച്ചാണെങ്കിലും ബിരുദം നേടി. പക്ഷേ, ജീവിതം മുന്നില്‍ വന്ന് മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോള്‍ അറിവ് നേടാനുള്ള എല്ലാ മോഹങ്ങളും വായനയിലേക്ക് ചുരുട്ടിവെച്ച് പരാതികളൊന്നുമില്ലാതെ ഒരു മുഴുസമയ ജോലിക്കാരനും കച്ചവടക്കകാരനുമൊക്കെയായി മാറി. വറ്റല്‍ മുളകിന്‍റെ കച്ചവടമായിരുന്നു. തേങ്കാ പട്ടണത്ത് നിന്ന് വറ്റല്‍ മുളക് ശേഖരിച്ച് തിരുവനന്തപുരത്തെ ചാല കമ്പോളത്തില്‍ മൊത്തക്കച്ചവടം ചെയ്തു പൊന്നു. ഏതാണ്ട് ജീവിതത്തിന്‍റെ അവസാന കാലം വരെ ഇത് തുടര്‍ന്നു.
1944 ല്‍ തേങ്ങാപട്ടണത്ത് ജനിച്ച അദ്ദേഹത്തിന്‍റെ പ്രാഥമിക വിദ്യാഭ്യാസം പ്രസിദ്ധ മലയാള കവി അംശി നാരായണപിള്ളയുടെ നേതൃത്വത്തിലുണ്ടായിരുന്ന അംശി സ്കൂളിലായിരുന്നു. ശേഷം നാഗര്‍കോവിലെ എസ്.ടി ഹിന്ദു കോളേജില്‍ ബിരുദ പഠനത്തിന് ചേരുകയും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുകയും ചെയ്തു. അതിനിടെ കേരള പിറവി ഉണ്ടാവുകയും തെക്കന്‍ തിരുവിതാംകൂറിലെ വിളവങ്കോട്, കാല്‍കുളം, അഗസ്തീശ്വരം, തോവള താലൂക്കുകള്‍ ഉള്‍ക്കൊള്ളിച്ച് കന്യാകുമാരി ജില്ല രൂപീകരിച്ച് തമിഴ്നാട്ടില്‍ ചേര്‍ത്തതോടെ ഒരു പിടിമലായാളികളുടെ ഒപ്പം മീരാനും അകാരണമായി തമിഴനാക്കപ്പെട്ടു. പില്‍കാലത്ത് എഴുത്തുകാരനായി അറിയപ്പെട്ടതോടെ കേരളത്തില്‍ ജനിച്ച് പിന്നീട് തമിഴരാക്കപ്പെട്ടവരുടെ പ്രധിനിധിതന്നെയായി മാറി അദ്ദേഹം. ഒരു പ്രഭാതത്തില്‍ മലയാളികളല്ലാതെയാകേണ്ടി വന്ന തെക്കന്‍ തിരുവിതാം കൂറുകാരുടെ കണ്ണീരും വിഭജനത്തിന്‍റെ വേദനകളും പില്‍കാലത്ത് ചോരയുടെ ഗന്ധമുള്ള വാക്കുകള്‍ കൊണ്ടാണ് മീരാന്‍ കുറിക്കുകയുണ്ടായത്.
എല്ലാ ജീവിത പ്രതിസന്ധികള്‍ക്കിടയിലും വായന വിടാതെ പിന്തുടര്‍ന്നപ്പോള്‍ ആശയങ്ങള്‍ അദ്ദേഹത്തെ വല്ലാതെ വേട്ടയാടി തുടങ്ങുകയായിരുന്നു. അനുഭവങ്ങളുടെ ധാരാളിത്തം കൂടിയായപ്പോള്‍ അത് ഇറക്കിവെക്കാതെ മുന്നോട്ടു പോവാനാകാത്ത അവസ്ഥ വന്നു. പേന കയ്യിലെടുക്കല്‍ മാത്രമായിരുന്നു പരിഹാരം. മുളക് ചാക്കുകളുടെ പുറത്ത് പത്രക്കടലാസ് വിരിച്ച് മുകളില്‍ പേപ്പര്‍ വെച്ച് എഴുത്താരംഭിച്ചു. പിന്നെയത് വീട്ടിലേക്കും റൂമിലേക്കും തിരുനല്‍വേലിയിലെ താമ്രപര്‍ണി നദിക്കരയിലേക്കുമൊക്കെ മാറി. മലയാളത്തിലെഴുതി പിന്നെയത് തമിഴിലേക്ക് മാറ്റുന്നുകയാണ് പതിവ്. ആറു നോവലുകളും അഞ്ച് കഥാസമാഹാരങ്ങളും അദ്ദേഹത്തിന്‍റെതായിട്ടുണ്ട്. തന്‍റെ ജന്മദേശവും മുസ്ലിംകള്‍ തിങ്ങി പാര്‍ക്കുന്നതിനാല്‍ തമിഴ്നാട്ടിലെ മലബാര്‍ എന്ന് വിളിക്കപ്പെടുകയും ചെയ്ത തേങ്കാ പട്ടണത്തെ സാമൂഹിക ജീവിതം തന്നെയാണ് മിക്ക രചനകളിലെയും പരിസരം. തമിഴ് മുസ്ലിംകള്‍ക്കിടയിലെ വളരെ താഴെതട്ടിലുള്ളവരുടെ ജീവിതം തനിമയും വികാരവും ചോരാതെ വായനക്കാരിലേക്ക് നിരന്തരം എത്തിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. അവരുടെ പ്രാക്തന ചരിത്രവും കാലാന്തരങ്ങളില്‍ സാമൂഹിക പരിസരങ്ങളില്‍ വന്ന മാറ്റങ്ങളും ആ എഴുത്തുകളില്‍ നിറഞ്ഞു നിന്നു. അങ്ങനെ തമിഴ് മുസ്ലിം ജീവിതത്തെ കുറിച്ചറിയാനുള്ള റഫറന്‍സ് പുസ്തകങ്ങളായി പോലും അന്വേഷകര്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും മാറി. ചായ്വ് നാര്‍ക്കലി, ഒരു കടലോരത്തിന്‍റെ കഥൈ, കൂനന്‍ തോപ്പ്, തുരൈമുഖം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ രചനകള്‍. ഇതില്‍ ചായ്വ് നാര്‍ക്കലി എന്ന നോവുവലിന് 1977ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയുണ്ടായി. തിരുവിതാംകൂറാണ് ഈ നോവലിന്‍റെ പശ്ചാത്തലം . അഞ്ചു തലമുറകളിലെ കഥയാണ് ഇതില്‍ വിവരിക്കുന്നത്. പൂര്‍വികര്‍ സമ്പാദിച്ചതു മുഴുവന്‍ ഇളമുറ തമ്പുരാന്‍ വിറ്റു മുടിക്കുന്നതും സ്ത്രീകളെ ചൂഷണം ചെയ്യുന്നതുമാണു പ്രമേയം. ചാരു കസേര എന്ന പേരില്‍ ഡി.സി ബുക്സ് ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേല ീൃ്യെേ ീള മ ലെമ ശെറല ്ശഹഹമഴല എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തപെട്ട ഒരു കടലോരത്തിന്‍റെ കഥ ക്രോയ്സ് വേഡ് അവാര്‍ഡിന്‍റെ ചുരുക്കപ്പട്ടികയില്‍ വരികയുണ്ടായി. മലയാളം, കന്നഡ, തെലുങ്ക് എന്നീഭാഷകളിലേക്കും പിന്നീട് ഇത് ഭാഷാന്തരം ചെയ്യപ്പെട്ടു.

മലയാളത്തെ ഒരുപാട് ഇഷ്ട്ടപ്പെടുകയും മലയാള എഴുത്തുകാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത മീരാന്‍ മോയിന്‍ കുട്ടി വൈദ്യര്‍, എന്‍.പി മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍, യു.എ ഖാദര്‍, പി.കെ പാറക്കടവ് തുടങ്ങിയ വിവിധ കാലക്കാരായ ഒരു പിടി മലയാളികളുടെ രചനകള്‍ തമിഴ് വായനക്കാര്‍ക്ക് മൊഴിമാറ്റി നല്‍കിയിട്ടുണ്ട്.
മലയാളം,തമിഴ് ഭാഷകള്‍ക്ക് പുറമേ, കേരളത്തിലെയും തമിഴ്നാട്ടിലെയും മുസ്ലിം സമൂഹത്തിന്‍റെ സാംസ്കാരികവും പ്രതോരോധപരവുമായ ഭാഷാ ഭേധങ്ങളായ അറബി-മലയാളം അറബി-തമിഴ് എന്നിവയിലും വലിയ അറിവും ആഴവും മീരാനുണ്ടായിരുന്നു. പണ്ഡിതമതമനുസരിച്ച് ഏഴാം നൂറ്റാണ്ടിനു മുമ്പുതന്നെ അറബിത്തമിഴ് ലിപി നിലവിലുണ്ടായിരുന്നു. അറബിയിലെ ഇരുപത്തെട്ടക്ഷരങ്ങളുടെ മുകളിലും താഴെയും എട്ട് സിംബലുകള്‍ ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് അറബിത്തമിഴ്. മുപ്പത്തിയാറ് അക്ഷരങ്ങളുണ്ടായിരുന്ന ഈ മിശ്രലിപിയില്‍ ഇരുനൂറ്റി നാല്‍പത്തിയേഴ് അക്ഷരങ്ങളുള്ള തമിഴ് ഭാഷ ലഘുവായി എഴുതാനും വായിക്കാനും സാധിച്ചിരുന്നു. തമിഴിന്‍റെ അതേ വ്യാകരണ ശൈലിയിലാണ് ഈ ഭാഷയും പിന്തുടരുന്നത്. തമിഴകത്തുനിന്ന് ഉല്‍ഭവിച്ച് ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങലിലേക്ക് ഈ മിശ്രഭാഷ വ്യാപരിച്ചു. തമിഴ് മാപ്പിളമാരുടെ ഗ്രന്ഥഭാഷയായിരുന്ന അറബിത്തമിഴിലാണ് പ്രാചീന സാഹിത്യത്തിലെ മൗലികമായ കൃതികളിലേറെയും പിറവികൊണ്ടത്. ഈ വഴിയില്‍ തമിഴ് സൂഫി വഴികളെ കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും വലിയ അന്വേഷണം തന്നെ മീരാന്‍ നടത്തിയിട്ടുണ്ട്. അതിന്‍റെ ഫലമായി ഈ വിഷയത്തിലുള്ള ശ്രദ്ധേയമായ കുറിച്ചധികം കുറിപ്പുകളും പ്രസംഗങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്ത് വന്നിട്ടുണ്ട്. ധാരാളമായി എഴുതുമ്പോഴും വലിയ എഴുത്തുകാരനായി തമിഴകം ആദരിക്കുമ്പോഴും ഒരു വറ്റല്‍ മുളക് കച്ചവടക്കാരന്‍റെ ശരീരഭാഷയായിരുന്നു അദ്ദേഹത്തിന്. അതിനെ പറ്റിപറയുമ്പോള്‍ കച്ചവടം എനിക്ക് ജീവിതത്തെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള വഴിയാണ് എന്നായിരുന്നു മറുപടി. ഏതായാലും തമിഴ് ഗ്രാമീണ ജീവിതങ്ങളെ അക്ഷരങ്ങളിലാക്കി വായനാ സമൂഹത്തിന് നിരന്തരം എത്തിച്ച് തന്ന ജാടകളില്ലാത്ത ഈ മനുഷ്യന്‍ ഓര്‍മയുടെ ജാലകങ്ങള്‍ക്കപ്പുറം മറയുമ്പോള്‍ ഇല്ലാതാവുന്നത് എഴുത്തുകാര്‍ക്കിടയിലെ തലക്കനമില്ലാത്ത, ചിലപ്പോഴെങ്കിലും ആര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം സാധാരണക്കാരനായി ജീവിച്ച ഒരു കുലീന സാന്നിധ്യം കൂടിയാണ്.

ഫൈസല്‍ വാഫി കാടാമ്പുഴ