ദക്ഷിണേന്ത്യൻ സൂഫിസവും തമിഴ്-മലബാർ സ്വാധീനവും

2907

സൂഫീ ജീവിതരീതിക്ക് പ്രവാചക ജീവിതത്തോളം പഴക്കമുണ്ട്. പ്രവാചകന്റെ സാമൂഹിക വ്യവഹാരങ്ങളിൽ വരെ ആത്മീയത എന്നു വിവർത്തനം ചെയ്യപ്പെടുന്ന സൂഫീ ആശയങ്ങളും പ്രകടനങ്ങളും കൃത്യമായി വായിച്ചെടുക്കാൻ നമുക്ക് കഴിയുന്നു. ആധ്യാത്മികതയുടെ പ്രവർത്തന മണ്ഡലത്തിലെ സാധ്യതയും അനിവാര്യതയും പ്രസിദ്ധമായ, ജിബ്രീൽ-റസൂൽ കൂടിക്കാഴ്ചയെപ്പറ്റിയും അവരുടെ ഇസ്്ലാമിനെയും ഇൗമാനിനെയും ഇഹ്സാനിനെയും ചേർത്തു പറയുന്ന ഹദീസ് വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്നു.
ഇത്തരം ഒരു പശ്ചാത്തല യാഥാർത്ഥ്യത്തിൽനിന്ന് സൂഫിസത്തെ പറ്റി ഇൗ കുറിപ്പ് പറയാൻ ശ്രമിക്കുന്നത് ബാഹ്യമെന്ന് തോന്നുന്ന പ്രവർത്തനങ്ങളിലെ ആന്തരിക സത്തയായാണ്. കൃത്യമായ ആന്തരിക പ്രവർത്തനങ്ങളോടു കൂടെ, കൃത്യമായ ദൈവിക ബോധത്തോടു കൂടെ ബാഹ്യമായ കർമങ്ങൾ നടത്തുന്നതിനെയാണ് ഇൗ അർത്ഥത്തിൽ സൂഫിസം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കാരണം, ബാഹ്യമായ പ്രവർത്തനങ്ങൾ ഒരു സൂഫിയെ സൃഷ്ടിക്കുന്നില്ല. എന്നാൽ, ബോധ്യത്തോടു കൂടെയുള്ള പ്രവർത്തനം ആന്തരികമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഇത് നിയന്ത്രിക്കുന്നതിന് വേണ്ടി, കൃത്യവും സൂക്ഷ്മവുമാക്കുന്നതിനു വേണ്ടി പൊതുവെ സൂഫി മാർഗത്തിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നവർ ഗുരുവിനെ അല്ലെങ്കിൽ ശൈഖിനെ കണ്ടെത്താറുണ്ട്. ആ ഗുരുക്കൾ കൃത്യമായ പരിശീലനത്തിലൂടെ ആത്മീയതയുടെ ഉയർച്ചയിലേക്ക് വളർത്താറുമുണ്ട്.
ഏതായാലും ഏതു അർത്ഥത്തിലാണ് അല്ലെങ്കിൽ ഏതു മാനദണ്ഡം വെച്ചാണ് നാം സൂഫിസത്തെ വർഗീകരിക്കുക എന്നത് രീതിശാസ്ത്ര വിചാരത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യൻ സൂഫിസം എന്നു പറയുന്നതിന്റെ സാംഗത്യമെന്താണ് എന്നുള്ളത് വളരെ പ്രാധാന്യമേറിയ ഒരു ചോദ്യമാണ്. യഥാർത്ഥത്തിൽ സൂഫിസം അതിന്റെ സത്താപരമായ വിശകലനത്തിൽ ദക്ഷിണേന്ത്യൻ അതല്ലെങ്കിൽ ഉത്തരേന്ത്യൻ, ഇന്ത്യൻ, അന്തർദേശീയ തുടങ്ങിയവ ഉപയോഗിച്ചുള്ള ഭൂമിശാസ്ത്രപരമായ വർഗീകരണത്തിന് ഒരു പ്രാധാന്യവുമില്ല. എന്നാൽ, സാമൂഹിക ശാസ്ത്ര വിശകലനത്തിൽ വലിയ പ്രാധാന്യമുണ്ടുതാനും. കാരണം, ഒാരോ സമൂഹവും തുടങ്ങുന്നതും വളരുന്നതും നിലനിൽക്കുന്നതും അതിന്റെ ചുറ്റുപാടുകളുടെ സ്വഭാവമനുസരിച്ചാണ്. മനുഷ്യരുടെ സാമൂഹിക യാഥാർത്ഥ്യങ്ങളോടുള്ള പ്രതികരണങ്ങളും നേരത്തെ തന്നെ അവർ നിലനിൽക്കുന്ന പ്രദേശത്തിന്റെ സ്വഭാവമനുസരിച്ചും അതിനോട് കൂടെ വളർന്നുവരുന്ന ചിന്താമണ്ഡലങ്ങളെ ഉൾക്കൊള്ളാനുള്ള വ്യാപ്തിക്കും ശക്തിക്കും അനുസരിച്ചാണ്.
ഉദാഹരണത്തിന് മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലുമുള്ള മുസ്്ലിം സംസ്കാരം സൂഫീ ജീവിത ശൈലിയുമായി കെട്ടി പിണഞ്ഞതാണ്. ഏതൊരു വ്യക്തിയും ജനനത്തോട് കൂടെ തന്നെ ‘തീജാനി’യോ ‘ഖാദിരി’യോ മറ്റോ ആയിരിക്കും. മറ്റൊരു ഉദാഹരണം, ഉത്തരേന്ത്യയിൽ 12, 13 നൂറ്റാണ്ടുകളിലെ യോഗീ (ഹിന്ദുഭക്ത രീതി) പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുസ്്ലിം വളർച്ചയും സൂഫീ ചിന്തകളും വളരെ ശക്തമായി വളർന്നുവന്നു. ഇന്ത്യൻ സൂഫിസത്തിന്റെ ഇൗറ്റില്ലമായി ഇപ്പോഴും അറിയപ്പെടുന്നതും പഠിക്കപ്പെടുന്നതും പരിചയപ്പെടുത്തുന്നതും ഉത്തരേന്ത്യയാണ്. ഉത്തരേന്ത്യ. സൂഫീ ഇസ്്ലാമിനേയും ദക്ഷിണേന്ത്യ ശരീഅ ഇസ്്ലാമിനേയുമാണത്രെ പ്രതിനിധാനം ചെയ്യുന്നത്. ഇൗ രണ്ടു ഉദാഹരണങ്ങളിലുള്ള വിശകലനം തിയോളജിക്കലായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. കാരണം, യഥാർത്ഥത്തിൽ ശരീഅത്ത് എന്നതും സൂഫിസം എന്നതും ബന്ധങ്ങളില്ലാത്ത രണ്ടു യാഥാർത്ഥ്യങ്ങളല്ല. യഥാർത്ഥത്തിൽ രണ്ടും പരസ്പരം ബന്ധമുള്ളതോ ഒന്ന് മറ്റൊന്നിന്റെ തുടർച്ചയോ ആണ്. ഒരു വ്യക്തി അനിസ്്ലാമികമാവുകയും ആത്മീയമാവുകയും ചെയ്യുന്നത് ഒറ്റനോട്ടത്തിൽ സംഭവിക്കാൻ പാടില്ലാത്തതായാണ് തിയോളജി വിശകലനം ചെയ്യുന്നത്. എന്നാൽ, സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പഠനം എന്ന നിലക്ക് സമൂഹശാസ്ത്രം ഇൗ രണ്ട് ഉദാഹരണങ്ങളെയും ശരിവെക്കുന്നു.

ദക്ഷിണേന്ത്യൻ സൂഫിസം

ദക്ഷിണേന്ത്യൻ സൂഫിസത്തെ സൂക്ഷമായി പരിശോദിച്ചാൽ, അത് മതാത്മക (ശരീഅത്ത്) ജീവിതരീതിയിൽ നിന്നുകൊണ്ടു വളർന്നു പന്തലിച്ചതാണ് എന്നതാണ്. ഉത്തരേന്ത്യയിൽ ആത്മീയതയിലൂടെയാണ് പലപ്പോഴും സമൂഹം മതാത്മകമായ ജീവിതം കണ്ടെത്തുന്നത്. ഉദാഹരണത്തിന് മമ്പുറം സയ്യിദ് അലവി തങ്ങൾ അലവി ത്വരീഖത്തെന്ന ഖാദിരി സൂഫീ ത്വരീഖത്തിന്റെ ഒരു ധാരയിൽ ജീവിച്ചിരുന്നെങ്കിലും അവരുടെ രാഷ്ട്രീയവും സാമൂഹികവുമായി ബന്ധപ്പെട്ട മതാത്മക ജീവിത രീതിയായിരുന്നു ജനങ്ങളെ ഇസ്്ലാമിലേക്കടുപ്പിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ദർഗയുമായി ബന്ധപ്പെട്ടുള്ള ആത്മീയതയെ ബന്ധപ്പെടുത്തുന്നതും അദ്ദേഹത്തെ വിവക്ഷിക്കുന്നതും അനുഭവിക്കുന്നതും. ഇത്തരം ഒരു സാഹചര്യം നമുക്ക് തമിഴ്നാട്ടിൽ 12 നൂറ്റാണ്ടിൽ ജീവിച്ച് 17-ാം നൂറ്റാണ്ട് മുതൽ പ്രശസ്തനായ ഏർവാടിയിലൂടെ ഇബ്രാഹീം ബാദുഷ തങ്ങളിലും കാണാൻ കഴിയും. ഇസ്്ലാമിക പ്രബോധനവും രാഷ്ട്രീയമായ യുദ്ധമുന്നേറ്റവും നടത്തി ശഹീദായ ഒരു അറബ് വംശജൻ, ആത്മീയതയുടെ എെക്കൺ (ബിംബം) ആയി മാറുന്നത് മരണ ശേഷമാണ്. എന്നാൽ, ചിശ്തി ത്വരീഖയുടെ ഇന്ത്യൻ ഉറവിടമായ അജ്മീരിലെ മുഇൗനുദ്ദീൻ ചിശ്തിയും ഡൽഹിയിലെ ബഖ്തിയാർ കഅ്കിയും നിസാമുദ്ദീൻ ഒൗലിയയുമാണ്. അവർ ആത്മീയതയും ആത്മീയ ധാരകളും അത്ഭുത പ്രവർത്തികളും ഉപയോഗിച്ച് മതത്തെ പരിചയപ്പെടുത്തിയതാണ്.
രണ്ടാമതായി ദക്ഷിണേന്ത്യൻ സൂഫിസം വന്നത് യുദ്ധകാല അറബ് സൂഫികളുടെ കടൽമാർഗമുള്ള യാത്രകൾ വഴിയാണ്. ഉത്തരേന്ത്യയിൽ ഇറാനിലും ഖുറാസാനിലൂടെ റഷ്യയിലെ ചില ഭാഗങ്ങളിലൂടെയും അഫ്ഗാനിസ്ഥാനിലൂടെയും കടന്ന് കരമാർഗമാണ് സൂഫികളെത്തുന്നത്. മൂന്നാമതായി ദക്ഷിണേന്ത്യൻ സൂഫികൾ മതകീയതയിലൂടെ സൂഫിസത്തെ സമൂഹത്തിന് പരിചയപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ടു തന്നെ, പലപ്പോഴും ഉത്തരേന്ത്യയിൽ മതങ്ങളില്ലാത്ത പൊതുജന വ്യവഹാരമായി സൂഫിസം മാറുകയോ വായിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇത്തരം പ്രവണതകളെ പ്രതിരോധിക്കാൻ അഹ്്മദ് സർഹിന്ദിയെപ്പോലെ നിരവധി സൂഫീ പരിഷ്കർത്താക്കൾ ഉത്തരേന്ത്യയിൽ കടന്നു വന്നിട്ടുണ്ട്. എന്നാൽ, ദക്ഷിണേന്ത്യൻ സൂഫിസം, സൂഫിസത്തെ മതാത്മകമാക്കുന്നതിനുള്ള ശ്രമം തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഒരു വ്യത്യസ്തതക്കും സൂഫിസത്തിന്റെ സാമൂഹിക പശ്ചാത്തലമാണ് കാരണമെന്ന് പറയേണ്ടിവരും. ഉത്തരേന്ത്യ പലപ്പോഴും മുസ്ലിം രാഷ്ട്രീയത്തിന്റെ ഗുണങ്ങൾ അനുഭവിച്ചതുകൊണ്ട് സൂഫികൾക്ക് കാര്യമായി സ്വതന്ത്ര്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തേണ്ടി വന്നിട്ടില്ല. ഉലമാക്കൾ എന്ന (മതാത്മക നേതൃത്വം) എപ്പോഴും രാഷ്ട്രീയവുമായി അടുത്ത് നിൽക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. എന്നാൽ, ദക്ഷിണേന്ത്യൻ മുസ്്ലിംകൾ അമുസ്്ലിം രാഷ്ട്രീയത്തിനകത്തായിരുന്നു വളർന്നു വന്നതും വികസിച്ചതും. അതുകൊണ്ടു തന്നെ സാമൂഹിക, രാഷ്ട്രീയ നേതൃപരമായ ദൗത്യവും സൂഫികൾക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സൂഫീ സരണികൾ

മുമ്പ് സൂചിപ്പിച്ച പല കാരണങ്ങൾകൊണ്ടും ദക്ഷിണേന്ത്യൻ സൂഫീ സിൽസിലകൾ വളരെ വ്യാപകമായ സ്വാധീനം ജനങ്ങളിൽ ചെലുത്തിയിടില്ല. എന്നാൽ, ലോകത്തുള്ള ഒട്ടുമുക്കാൽ സൂഫീധാരകളും കേരളത്തിലായാലും തമിഴ്നാട്ടിലായാലും കാണാൻ കഴിയുകയും ചെയ്യുന്നു. അവയിൽ മിക്കവാറും എണ്ണം അറബ്- കടൽ മാർഗങ്ങളിൽ വന്നവയുമല്ല. നേരെമറിച്ച്, ഉത്തരേന്ത്യൻ സൈനിക, രാഷ്ട്രീയ, ആത്മീയ ബന്ധങ്ങളുടെ തുടർച്ചയായി ഉണ്ടായതാണ്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലൂടെ ബീജാപൂർ വഴി ഉത്തരേന്ത്യയിലെത്തുന്ന ഒരുപാട് സൂഫീധാരകൾ നമുക്കിവിടെ കാണാൻ കഴിയുന്നു.
തമിഴ്നാട്ടിൽ വളരെ വ്യാപകമായി ഖാദിരി, ചിശ്തി, സുഹ്റവർദി ധാരകൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആലിം സഞ്ചാനവേദി (2002) പറയുന്നുത്, ഗിസുദരാസ് ദക്ഷിണേന്ത്യയിലേക്ക് വന്നതോടെ ചിശ്തി, സുഹ്റവർദി ധാരകൾ തമിഴ്നാട്ടിൽ വരെ സ്വാധീനം ചെലുത്തി എന്നാണ് തമിഴ്നാട്ടിൽ ശത്താരി ധാരയുടെ തുടക്കം ഹസ്റത്ത് ഷാഹ് റഹ്്മത്തുല്ല ശത്താരി (1770)യിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ ദർഗ തിരുച്ചിറപ്പിള്ളിയിലെ സ്വാമിവരം എന്ന പ്രദേശത്താണ്. ഖാദിരി-ശത്താരി ത്വരീഖയിലെ പ്രസിദ്ധ സൂഫിയായ മുഹമ്മദ് ഗൗസ് ഗ്വാളിയോറിയുടെ ശിഷ്യനായിരുന്നു ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഷാഹുൽ ഹമീദ് അബ്ദുൽ ഖാദർ എന്ന ശാഹുൽ ഹമീദ് നാഗൂരി.
കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. എന്നാൽ, സൂഫീ സിൽസിലകൾ ജനകീയമാക്കുന്നതിന് പകരം തമിഴ്നാട്ടിലെന്നപോലെ കേരളത്തിലും സൂഫീ മൂല്യങ്ങളും സൂഫീ പ്രകടനങ്ങളും ആത്മീയ മൂലധനങ്ങളും, ആത്മീയ വിഭവങ്ങളും ജനങ്ങളിലെത്തിച്ച് മതാധിഷ്ഠിത ജീവിതവും ആത്മീയ ജീവിതവും പരസ്പരം തിരിച്ചറിയാനാവാത്ത തരത്തിൽ ജീവിതരീതി രൂപപ്പെട്ടു. ഖാദിരി, നഖ്ഷബന്തി, ചിശ്തി, സുഹ്റവർദി തുടങ്ങി നൂറ്റാണ്ടുകൾക്ക് മുമ്പേ കേരളത്തിലെത്തിയ ധാരകൾക്ക് പുറമേ, ശത്താരി, ദനൂഖി തുടങ്ങിയവയും ഇന്ന് കേരളത്തിൽ കാണാൻ കഴിയുന്നു. 12-ാം നൂറ്റാണ്ടിലെ ശൈഖ് ഫരീദ് ഒൗലിയെയും ശിഹാബുദ്ദീൻ അത്തൗരിയും നഖ്ശബന്തി ത്വരീഖയുടെ അബൂ ഇല്യാസ് ഗാസൗരിയും സുഹ്റവർദി ത്വരീഖയുടെ ജമാലുദ്ദീൻ ബുഖാരിയും ഖാദിരി, ചിശ്തി ധാരകൾ വ്യാപകമാക്കിയ മഖ്ദൂമികളും കോഴിക്കോട് ഖാള്വി കുടുംബങ്ങളും കേരളത്തിലെ ധാരാബന്ധിതമായ സൂഫിസത്തിന്റെ ആദ്യകാല അതികായന്മാരാണ്.

ഉത്തര-ദക്ഷിണ സൂഫികൾ കണ്ടുമുട്ടുന്നു

എന്തുകൊണ്ടാണ് ഉത്തരേന്ത്യൻ സൂഫിസത്തിന്റെ അതേ ഉൗടും പാവും ദക്ഷിണേന്ത്യൻ സൂഫിസത്തിന് ഉണ്ടാകാതെ പോയി എന്നതൊരു ചോദ്യമാണ്. നിൽഗ്രീൻ നടത്തിയ പഠനത്തിൽ ഉത്തരേന്ത്യൻ സൂഫികൾ സൗത്ത് ഇന്ത്യയിലെ ഒൗറംഗാബാദുമായുള്ള ബന്ധങ്ങൾ വിശദീകരിക്കുന്നുണ്ട്. ഏറെക്കുറെ രാഷ്ട്രീയവും സൈനികവുമായ നിക്കങ്ങളിലൂടെ വന്ന സൂഫികളാണ് ഒൗറംഗാബാദിൽ ഉത്തരേന്ത്യൻ സൂഫിസം ഉറപ്പിക്കുന്നത്. മുഹമ്മദ് ബിൻ യൂസുഫ് അൽ ഹുസൈനി (1422) ഗിസുദറാസ് എന്ന പണ്ഡിത സൂഫി ഇത്തരത്തിൽ ഒരാളായിരുന്നു. ഡൽഹി സുൽത്താന്മാരുടെ ദക്ഷിണേന്ത്യൻ രാഷ്ട്രീയ താൽപര്യം 14ാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ ശക്തമായെന്നും ഡക്കാൻ ഭാഗത്തേക്ക് സൈനിക നീക്കം തുടങ്ങിയെന്നും ഇൗറ്റൺ (1978) വിശദീകരിക്കുന്നുണ്ട്. 14-ാം നൂറ്റാണ്ടിനു മുമ്പു മരിച്ചുപോയ സൂഫി സർമസ്ത് (1281) എന്ന ബീജാപൂരിലെ സാഗർ പ്രദേശത്ത് മഖ്ബറയുള്ള സൂഫി ഇത്തരം സൈനിക നീക്കത്തിന്റെ ഭാഗമായി ഇവിടെ എത്തിയ ആദ്യ കണ്ണിയാണ്.
പീർ മഅ്ബരി കണ്ടായത്ത് തമിഴ്നാട്ടിൽനിന്നും ബീജാപൂരിലേക്ക് പോയി അവിടെ മരണപ്പെട്ട സൂഫിയാണ്. കൂടാതെ ശൈഖ് ഷാഹുൽ ഹമീദ് നാഗൂരി തമിഴ്നാട്ടിൽനിന്ന് ഗ്വാളിയോറിലെത്തി ശൈഖ് മുഹമ്മദ് ഗ്വാളിയോറിയെ കണ്ടുമുട്ടുകയും ഖാദിരി, ചിശ്തി, ശത്താരി ധാരകളുടെ വാഹകനാവുകയും ചെയ്തു എന്ന് ജാവേദ് ഹബീബ് (2002) വിശദീകരിക്കുന്നു.
പിന്നീട് ഷാഹുൽ ഹമീദ് നാഗൂരി എന്ന നാഗൂർ ആണ്ടവർ കേരളത്തിലെ പൊന്നാനിയിലുമെത്തി. ഏതായിരുന്നാലും, ഉത്തര-ദക്ഷിണ സമ്പർക്കങ്ങൾ കേരളത്തിലേക്കും ദക്ഷിണ തമിഴ്നാട്ടിലേക്കും വളരെ തുടർച്ചയായും ശക്തമായും വരികയും അഭിമുഖീകരിക്കുകയും ചെയ്യാതിരുന്നത് കൊണ്ടുമാണ് ദക്ഷിണ-ഉത്തര സൂഫിധാരകൾക്ക് സാമൂഹികമായി രണ്ടുതരം ജനകീയത ഉണ്ടായിട്ടുള്ളത്. കാലക്രമേണ പല ഉത്തരേന്ത്യൻ ആചാരങ്ങളും ദക്ഷിണേന്ത്യൻ സൂഫീ ചുറ്റുപാടുകളിൽ സ്ഥാനം പിടിച്ചെങ്കിലും ഇപ്പോഴും സൗത്ത് ഇന്ത്യൻ സൂഫീപരിസരം പല നിലയിലും വ്യത്യസ്തപ്പെട്ടു കിടക്കുന്നു. ഉദാഹരണമായി, ദക്ഷിണേന്ത്യയിലെ തമിഴ്നാട്ടിൽ വളരെ ജനകീയമായ ഖവ്വാലികളും (തമിഴ് ഖവ്വാലികൾ) ദർഗയിലധിഷ്ഠിതമായ സൂഫീ സാംസ്കാരിക വിനിമയങ്ങളും ആചാരസത്യധാര (2019 ജൂൺ 15-30 )

ഡോ. മുഹമ്മദ് മാടപ്പള്ളി