ദൈവനിന്ദ; മതേതര നിര്‍ണയങ്ങളുടെ വായനാ പിഴവുകള്‍

1254

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രായോഗിക മണ്ഡലം ഇന്നുവരെ നിലനിന്നു പോന്നിട്ടുള്ളത് പാര്‍ശ്വവത്കൃത യുക്തിയിലധിഷ്ഠിതമായാണ്. അതിന്റെ പ്രകടനങ്ങള്‍ക്കും പ്രകടിത ഭാവങ്ങള്‍ക്കും ഏകപക്ഷീയതയുടെ സ്വഭാവമാണ് നിലവിലുള്ളത്. അത്തരക്കാരുടെ സ്വതന്ത്രബോധം മതേതര പക്ഷത്തിന്റെ വിമര്‍ശന പരിപാടികളില്‍ പരിമിതവും, അവര്‍ക്ക് മതപക്ഷ വിമര്‍ശനത്തിന്റെ സര്‍വമാനങ്ങളും സഹിഷ്ണുതാ വിരുദ്ധവുമാണ്. സല്‍മാന്‍ റുഷ്ദിയും ഡാനിഷ് കാര്‍ട്ടൂണുമെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതീകാത്മtകത നല്‍കപ്പെടുമ്പോള്‍, ഹിംസാത്മകമല്ലാത്ത മതപക്ഷ വിമര്‍ശനം അതില്‍ നിന്നെല്ലാം പുറത്താണ്. ഐമന്‍ സവാഹിരിയും ബിന്‍ ലാദനും വരുത്തിവെച്ച അനിശ്ചിതത്വങ്ങള്‍, പൊതുസംവാദ ബോധങ്ങളെ ഇതിനെ രണ്ട് സംസ്‌കാരങ്ങള്‍ക്കിടയിലെ(ഇസ്ലാമും പടിഞ്ഞാറും) സ്വാഭാവിക ശത്രുത എന്ന വീക്ഷണത്തിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. അതില്‍ ഇരു വിഭാഗങ്ങളും രണ്ടു വ്യത്യസ്ത മൂല്യങ്ങളുടെ വക്താക്കളാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും യുക്തിബോധവുമെല്ലാം പടിഞ്ഞാറിന്റെ ബൗദ്ധിക മണ്ഡലത്തിന്റെ മാത്രം പ്രത്യേകതയാകുമ്പോള്‍, ഹിംസയും മതവും മതാധികാരവുമെല്ലാം ഇസ്ലാമിക സംസ്‌കാരത്തിന്റെ മര്‍മമായി മാറുന്നു. എന്നാല്‍, പ്രസ്തുത ധ്രുവീകരണത്തിലൂടെ നോക്കുമ്പോള്‍, ദൈവനിന്ദയും മതനിന്ദയുമെല്ലാം തീര്‍ത്തും രണ്ടാമത്തെ വിഭാഗത്തിന്റെ ആശയമണ്ഡലത്തില്‍ മാത്രം പരിമിതമാണെന്നും അത്തരം സങ്കല്‍പങ്ങള്‍ക്ക് മതേതര ലിബറല്‍ സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഗ്രഹിക്കാന്‍ സാധിക്കും.


ദൈവനിന്ദയും മതേതര സങ്കല്‍പവും
ദൈവനിന്ദ എന്ന മതകീയ സങ്കല്‍പം മതേതര യുക്തിയുടെ പ്രതിപാദ്യ വിഷയമോ പ്രകടനമോ അല്ല. അഥവാ മതാഹ്വാനങ്ങളുടെ ആവിഷ്‌കാര മണ്ഡലത്തെ സ്വകാര്യതയുടെ വകഭേദം നല്‍കുകയും സാമൂഹിക,രാഷ്ട്രീയ മേഖലകളിലെ അതിന്റെ സാന്നിധ്യ ഉന്മൂലനത്തെ ലക്ഷീകരിക്കുകയും ചെയ്യുന്ന ആധുനിക മതേതര ആഖ്യാനങ്ങളുടെയും അതിന്റെ ആശയവൃത്തത്തിന്റെയും പുറത്താണ് ദൈവനിന്ദയുടെ സ്ഥാനം എന്ന് തലാല്‍ അസദ് തന്റെ മതേതര വിമര്‍ശനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നാല്‍, മതത്തെ പൊതുമണ്ഡലത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നതിനു പകരം മതത്തെ നിരന്തരം നിര്‍വചിക്കുകയും, മതത്തെക്കുറിച്ച വ്യവഹാരങ്ങള്‍ നിര്‍മിക്കുകയും, മതസങ്കല്‍പങ്ങളില്‍ പുതിയതായ പരികല്‍പനകള്‍ നടത്തുകയുമാണ് യഥാര്‍ഥത്തില്‍ മതേതരത്വം ചെയ്യുന്നത്. മതരാഷ്ട്ര വിഭജനത്തിലൂടെ മതേതരത്വത്തിന്റെ ആശയവൃത്തത്തില്‍ നിന്ന് പുറത്തുപോയ മതത്തില്‍ അത് ഇടപെടുന്നതിന് കാരണം, അതിന്റെ സ്ഥാപനവത്കൃത സാഹചര്യത്തിലും ഒരു അധീശ മതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട് എന്നതാണ്. എന്നാല്‍, അത്തരമൊരു മത സ്വധീനം പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. മതേതരത്വത്തിന്റെ തത്വാധിഷ്ഠിത യുക്തിയിലൂടെ നോക്കുമ്പോള്‍ മതം അതില്‍ നിന്ന് പുറത്താണെങ്കില്‍ ദൈവനിന്ദ എന്ന മതസങ്കല്‍പത്തിലെ മതേതര ഇടപാടുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
അതീന്ദ്രിയ സാന്നിധ്യത്തോടുള്ള സമര്‍പണമാണ് ഇസ്ലാമെങ്കില്‍, ഇന്ദ്രിയ ഗോചരതയുടെ വ്യക്തമായ ആവിഷ്‌കാരമാണ് മതേതരത്വം. അതു കൊണ്ടാണ് ആധുനിക ദേശരാഷ്ട്രീയമെന്ന ഭൗതികതയുടെ പ്രതീകത്തില്‍ നിന്ന് മതമെന്ന ഭൗതികാതീത സംവര്‍ഗത്തിന്റെ ഇടപാടുകളെ അകറ്റുകയെന്നത് അതിന്റെ തത്വമായി മാറിയത്. എന്നാല്‍, മതേതരത്വത്തിന് കൃത്യമായ പ്രയോഗവത്കരണം നടന്നു എന്ന് പറയപ്പെടുന്ന സാഹചര്യത്തിലോ ചരിത്രത്തിലോ അതിന് ഉപര്യുക്ത തത്വത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഫ്രാന്‍സിലെ ഹിജാബ് നിരോധനം അതിന്റെ മതേതര സ്വഭാവം മതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നതിന്റെയും, അമേരിക്കയുടെ ‘ഭീകരതക്കെതിരെ’ നടന്ന യുദ്ധത്തിന്റെ പിന്നിലെ ക്രൈസ്തവ സ്വാധീനം അതിന്റെ ഒരു പ്രത്യേക മതത്തോടുള്ള ആഭിമുഖ്യത്തേയും സൂചിപ്പിക്കുന്നുണ്ട്.
മതരാഷ്ട്രീയ വിഭജന സാധ്യതയെ തേടുന്ന മതേതര യുക്തിയിലെ, സല്‍മാന്‍ റുഷ്ദിയും ഡാനിഷ് കാര്‍ട്ടൂണുമെല്ലാം പ്രതിനിധീകരിക്കുന്ന മത നിന്ദയോടും ദൈവ നിന്ദയോടുമുള്ള അനുകൂല സ്വഭാവത്തില്‍ വിരോധാഭാസമാണുള്ളത്. മതേതര മാതൃകയുടെ ഇത്തരം വൈകല്യങ്ങളെ തിരിച്ചറിയുകയോ അതിന്റെ സത്യത്തെ കുറിച്ച നിര്‍വചനങ്ങളിലെ അയുക്തികതയെ മനസ്സിലാക്കുകയോ ചെയ്യാതെയുള്ള സമീപനങ്ങളും അന്ധമായ അനുകരണങ്ങളും പൊതു സംവാദങ്ങളില്‍ കാണാന്‍ സാധിക്കും. ഇസ്ലാമിന്റെ പേരില്‍ ഭീകരത നടമാടുകയും ജൂതരാഷ്ട്രത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ പേരില്‍ കലാപങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഒരു ലോകസാഹചര്യത്തില്‍ മതേതരനാവുക എന്നത് പ്രാധാന്യം തന്നെയാണ്. അതിനാല്‍, ഞാനൊരു മതേതരനാണെന്ന അകീല്‍ ബില്‍ഗ്രാമിയുടെ പ്രസ്താവന അതിന് ഉദാഹരണമാണ്. എന്നാല്‍, മതേതരത്വത്തിന്റെ ധാര്‍മികമായ മേലാധികാരത്തെയും നിര്‍വചനാപരമായ അധീശസ്വഭാവത്തെയും പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നാണ് സബാ മഹ്മൂദിന്റെ പക്ഷം. നിഷ്‌കളങ്കവും നിരാപേക്ഷവുമായ മതേതര വായനകള്‍ക്ക് വലതുപക്ഷ രാഷ്ട്രീയത്തിലെയും അക്രമങ്ങളിലെയും മതരഹിത മുഖത്തെ കാണാന്‍ കഴിയാറില്ല. ഇസ്രയേല്‍ അധിനിവേശ പ്രവര്‍ത്തനങ്ങളിലെ അതിന്റെ സയണിസ്റ്റ് മതരഹിത മുഖത്തെ മനസ്സിലാക്കാതെ ജൂതമതവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കുന്നത് അത്തരം വായനകളില്‍ ഒന്നാണ്.
മതാധീന ജനതയിലെ പൗരബോധം അതിസങ്കീര്‍ണമാണെന്ന വായനകളാണ് സകലമാന അക്രമങ്ങള്‍ക്കും മതത്തിന്റെ വകഭേദം നല്‍കുന്നത്. എന്നാല്‍, ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രം നടന്ന ആസൂത്രിത കലാപങ്ങള്‍ പരിശോധിക്കുമ്പോള്‍ നെഹ്റുവിയന്‍ മതേതരത്വത്തിന്റെ ആധിപത്യ കാലത്തും മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന് മനസ്സിലാവും. അതായത്, മതേതരത്വത്തിന്റെ പേരിലും അക്രമങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. മാത്രമല്ല, നിലവിലെ ലോക സാഹചര്യത്തില്‍ വലിയ തോതിലുള്ള ഐക്യ ശ്രമങ്ങള്‍ക്കൊന്നും മതേതരത്വം മുന്‍ഗണന കൊടുക്കുന്നില്ല എന്നും നിരന്തരമായ അക്രമങ്ങളില്‍ നിര്‍മിതമായ ഒരു ആശയമാണതെന്നും സബാ മഹ്മൂദ് നിരീക്ഷിക്കുന്നുണ്ട്.
മത വിശ്വാസത്തിന്റെ അരാഷ്ട്രീയവത്കരണത്തിലൂടെ മാത്രം പൗര സമാധാനത്തിന്റെ സാധ്യതയെ കാണുന്ന മതേതര വാദികളുടെ മത നിന്ദയോടും ദൈവ നിന്ദയോടുമുള്ള നിലപാട് അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിലാണ്. അത് തീര്‍ത്തും പാശ്ചാത്യപരതയുടെ നിര്‍മിതിയാണ്. അഥവാ ‘സവിശേഷ സംസ്‌കാര’ത്തിന്റെ മാത്രം പ്രത്യേകത.


അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രൂപം
വ്യക്തിസ്വാതന്ത്ര്യത്തെ ക്രമപ്പെടുത്തുന്ന ലിബറലിസം സെക്കുലറിസത്തോട് ബന്ധപ്പെടുന്നത് അതിന്റെ മതരാഷ്ട്ര വിവേചന സ്വാതന്ത്ര്യത്തിന്റെ തത്വത്തിലാണ്. ആധുനിക സ്വാതന്ത്ര്യ സങ്കല്‍പത്തിലെ അനിവാര്യതയാണ് അഭിപ്രായസ്വാതന്ത്ര്യം എന്ന പാശ്ചാത്യപരതയുടെ നിര്‍മിതി. മതേതരവത്കൃത പാശ്ചാത്യ സമൂഹ
ത്തില്‍ ദൈവനിന്ദയുടെ സാങ്കല്‍പികത യുക്തിരഹിതമാണെന്നിരിക്കെ, അതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്ളടക്കത്തില്‍ കൊണ്ടുവരികയും ഹിംസാത്മകമല്ലാത്ത പ്രതിസ്വരങ്ങളെ, അഥവാ, മതപക്ഷ വിമര്‍ശനങ്ങളെ സഹിഷ്ണുതാ വിരുദ്ധമായി കാണുകയും ചെയ്യുന്നു എന്നിടത്താണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്യ പരികല്‍പനയിലെ യുക്തിരാഹിത്യം വെളിവാകുന്നത്. മതപക്ഷ വിമര്‍ശനത്തെ അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണുന്നില്ല എന്നത് അതിലടങ്ങിയ സഹിഷ്ണുതാ വിരുദ്ധതയുടെ അടയാളമാണ്. മതമെന്ന സംവിധാനത്തിലെ ദൈവനിന്ദയും മതേതര നിയമങ്ങളിലെ പല നിരോധങ്ങളും പരസ്പര വ്യത്യാസമില്ലെന്നാണ് കാണാന്‍ കഴിയുക. അഥവാ, ഇരു സംവര്‍ഗങ്ങളും അനന്തമായ അഭിപ്രായ സ്വാതന്ത്ര്യത്തെ അവഗണിക്കുന്നുണ്ട്. ആധുനിക സമൂഹത്തിന്റെ ആശയവിനിമയ മേഖലയിലെ സ്വത്തവകാശപരവും അല്ലാത്തതുമായ കാര്യങ്ങളില്‍ നിയമപരമായ ചില നിയന്ത്രണങ്ങള്‍ കാണാന്‍ സാധിക്കും. പകര്‍പ്പവകാശം, പറ്റെന്റ്, ട്രേഡ് മാര്‍ക്ക് എന്നിവയെ സംബന്ധിക്കുന്ന നിയമങ്ങളും വാണിജ്യ രഹസ്യങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങളും എല്ലാം അവകളിലെ സ്വതന്ത്രമായ വിനിമയ സാധ്യതയെ നിരാകരിക്കുന്നുണ്ട് എന്ന് അസദ് സൂചിപ്പിക്കുന്നുണ്ട്. ഒരു കലാസൃഷ്ടിയെ കുറിച്ച് രചയിതവല്ലാത്ത മറ്റൊരാള്‍ അഭിപ്രായം പറയുന്നതിനു വേണ്ടി അതിനെ വികലമാക്കി പരസ്യമായി പുനര്‍സൃഷ്ടിക്കുന്നത് സ്വത്തവകാശത്തിലുള്ള കടന്നു കയറ്റമാണെങ്കില്‍, ദൈവനിന്ദയെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ ആ അതിലംഘനത്തില്‍ നിന്നും വ്യത്യസ്തമല്ല എന്നാണ് അസദ് പറയാന്‍ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ലിബറല്‍ ജനാധിപത്യ സമൂഹത്തില്‍ സ്വാതന്ത്ര്യം നിര്‍ണിതമാവുന്നതും, പരസ്യമായ പ്രകടനങ്ങള്‍ക്ക് രൂപ മാതൃകയുണ്ടാവുന്നതും അത്തരം കാര്യങ്ങളെ നിശ്ചയിക്കുന്ന നിയമപരമായ ഉപാധികള്‍ക്കനുസരിച്ചാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
അശ്ലീലവുമായി ബന്ധപ്പെട്ട നിയമങ്ങളാണ് സ്വത്തവകാശപരമല്ലാത്തവയായി അസദ് എണ്ണുന്നത്. നൈതികതയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വസ്തുത എന്ന നിലയിലാണ് അതിനെതിരെ നിരോധന നിയമങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍, അത്തരം നിയമങ്ങള്‍ സ്വതന്ത്രമായ വിനിമയത്തെയാണ് യഥാര്‍ഥത്തില്‍ നിരോധിക്കുന്നത്. അതുകൊണ്ട്, ലിബറല്‍ സമൂഹങ്ങളിലെ പരസ്യമായ പ്രകടന സ്വാതന്ത്ര്യവും ചില മൂല്യങ്ങളില്‍ അധിഷ്ടിതമാണ്. എന്നാല്‍, ബലാല്‍കാരം എന്നത് ലിബറല്‍ സമൂഹത്തില്‍ കുറ്റകരമാവുമ്പോള്‍, പ്രാചീന ഗ്രീസില്‍ പോലും വന്‍കുറ്റമായി കണ്ടിരുന്ന വശീകരണത്തെ അതിലംഘനങ്ങളില്‍ പെടുത്തുന്നില്ല എന്നതും ലിബറല്‍ യുക്തിയിലെ ഒരു പരിമിതിയാണ്.
ചുരുക്കത്തില്‍, യുക്തി ബോധവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം പടിഞ്ഞാറിന്റെ ‘സവിശേഷ സംസ്‌കാരത്തിന്റെ’ മാത്രം പ്രത്യേകതയും, സ്വേഛാധിപത്യവും ഹിംസയുമെല്ലാം ഇസ്ലാമിന്റെ സ്വഭാവവുമാണെന്ന് പറയുമ്പോള്‍, അവര്‍ കൊണ്ടുനടക്കുന്ന സ്വതന്ത്ര ബോധത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ദൈവനിന്ദയെ അഭിപ്രായ സ്വാതന്ത്ര്യമായി കാണുമ്പോള്‍ അതിനെതിരെയുള്ള മതപക്ഷ വിമര്‍ശനങ്ങളെ അവര്‍ക്ക് സഹിഷ്ണുതയോടെ സമീപിക്കാന്‍ കഴിയുന്നില്ല എന്നതും ‘സവിശേഷ സംസ്‌കാരത്തിന്റെ’ അനീതിയുടെ നിരവധി അധ്യായങ്ങളില്‍ ഒന്ന് മാത്രമാണ്.

അലി ജൗഹര്‍ ചങ്ങരത്ത്