ദ ഇമ്പോസിബ്ള്‍ സ്റ്റേറ്റ്; വാഇല്‍ ഹല്ലാഖിന്റെ മതരാഷ്ട്ര വായന

1716

രാഷ്ട്രീയ ഇസ്‌ലാമിന്റെ വ്യവസ്ഥാപനവും പരിണിതിയും അനന്തരഫലവും വിശകലന വിധേയമാക്കുന്ന നിരവധി പഠനങ്ങള്‍ അക്കാദമിക തലങ്ങളില്‍ നടന്നു വരുന്നുണ്ട്. വൈകാരികമായി സൃഷ്ടിക്കപ്പെടുന്ന മതരാഷ്ട്ര സാധ്യതകളുടെ ആലോചനകള്‍ പക്ഷേ പലപ്പോഴും സമഗ്രമായി പ്രതിരോധിക്കപ്പെടാറില്ല. എന്നാല്‍, അടിസ്ഥാനപരമായ അസാധ്യതകളെ വസ്തുതാപരമായി വിശകലനം ചെയ്യുകയാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് പ്രൊഫസറും ചിന്തകനുമായ വാഇല്‍ ബി ഹല്ലാഖ്. അദ്ദേഹത്തിന്റെ The impossible State; Islam, politics and modernity’s moral predicament എന്ന പുസ്തകം ആധുനിക ദേശരാഷ്ട്ര മാതൃകയില്‍ ഒരു ഇസ്ലാമിക രാഷ്ട്ര നിര്‍മാണം എന്ന തീമിനെ വിമര്‍ശനാത്മകമായി ചര്‍ച്ചക്കെടുക്കുന്നുണ്ട്.മുസ്‌ലിം പൊളിറ്റിക്കല്‍ സബജക്റ്റിവിറ്റിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ധീരമായ ഒരു രാഷ്ട്രീയാലോചനയാണിത്. എപ്പിസ്റ്റ മോളജിക്കലോ പൊളിറ്റിക്കലോ ആയ മുഴുവന്‍ ഇടങ്ങളും മുസ്‌ലിംകള്‍ക്ക് നിഷേധിക്കപ്പെടുന്ന അങ്ങേയറ്റം വരേണ്യമായ ഒരു ലോകസാഹചര്യത്തില്‍ നിന്നുകൊണ്ട് ഖിലാഫത്തിനെ ഓര്‍ക്കുക എന്നത് തന്നെ ധീരമായ ഒരു രാഷ്ട്രീയ ഇടപാടാണെന്നാണ് സല്‍മാന്‍ സയ്യിദ് അദ്ദേഹത്തിന്റെ Recalling The Caliphate: Decolonisation And World Order എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
പാശ്ചാത്യ അക്കാദമിക്കുകള്‍ക്കും ചിന്തകര്‍ക്കും ഇസ്ലാമിക ചിന്തയെ ഒരു മാതൃക ((heuristic resource)) എന്ന നിലയിലാണ് ഹല്ലാഖ് പരിചയപ്പെടുത്തുന്നത്. ഈ വിമര്‍ശന പദ്ധതിയുടെ ലക്ഷ്യം ഇസ്ലാമിനെ വെറുമൊരു പഠന വസ്തുവായി മാത്രം കാണാതെ, ആര്‍ക്കും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു സംവാദകനായി അതിനെ അവതരിപ്പിക്കുക എന്നതാണ്. പാശ്ചാത്യ-പൗരസ്ത്യ ദ്വന്ദ യുദ്ധവും കോളണിയലിസത്തിന്റെ അപരവത്കരണവും ആലോചനക്ക് വിധേയമാക്കുന്നതടൊപ്പം തന്നെ ഇസ്‌ലാമിക രാഷ്ട്രരാഷ്ട്രീയ രൂപരേഖയുടെ വ്യത്യസ്ത മാനങ്ങളാണ് ഹല്ലാഖ് അനുവാചകര്‍ക്ക് സമ്മാനിക്കുന്നത്. ഹല്ലാഖിന്റെ ‑”Can the Sharia Be Restored?‑” എന്ന പഠനത്തിന്റെ തുടര്‍ച്ചയായാണ് The impossible State; Islam, politics and modernity’s moral predicament രചിക്കപ്പെടുന്നത്. ശരീഅയിലെ ബൃഹത്തായ പഠനത്തിലൂടെ തുടങ്ങിവച്ച വിമര്‍ശന പദ്ധതിയുടെ തുടര്‍ച്ച തന്നെയാണ് ഈ പുസ്തകം. ഹാുീശൈയഹല ടമേലേ ല്‍ തുടങ്ങിയ വിമര്‍ശന പദ്ധതിക്ക് അടിത്തറ ഒരുക്കിയതും ശരീഅഃ എന്ന കൃതിയാണ്. ഈ വിമര്‍ശനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഹല്ലാഖ് Restating orientalism: A Critique of Modern knowledge എഴുതിയത്. ആധുനിക വിജ്ഞാന രൂപങ്ങളുടെ അടിത്തറയെ തന്നെ വിമര്‍ശിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എഡ്വേഡ് സെയ്ദിന്റെ ഓറിയന്റലിസത്തിന്റെ കേവലമൊരു വിമര്‍ശനം മാത്രമായി ഈ കൃതിയെ പല നിരൂപകരും വിലയിരുത്തിയെങ്കിലും ഹല്ലാഖ് അത് നിഷേധിച്ചിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് സാധ്യമാണോ എന്ന ചോദ്യത്തിന് അല്ല എന്ന ഉത്തരം ആദ്യമേ പറഞ്ഞുകൊണ്ടാണ് പുസ്തകം മുന്നോട്ട് പോകുന്നത്. ‘ഈ പുസ്തകം മുന്നോട്ടുവക്കുന്ന വാദം വളരെ ലളിതമാണ്. ആധുനിക ദേശരാഷ്ട്രത്തിന്റെ ലഭ്യമായ ഏതു നിര്‍വചനം വച്ചുനോക്കിയാലും ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അസാധ്യവും വൈരുധ്യാത്മകവുമാണ് (contradictory)’. പുസ്തകത്തിന്റെ ആമുഖത്തില്‍ ഈ വാചകങ്ങള്‍ കൊണ്ടാണ് പ്രൊഫെസര്‍ വാഇല്‍ സംസാരിച്ചുതുടങ്ങുന്നത്.
കൃതിയുടെ മറ്റൊരു ഭാഗത്ത് ഹല്ലാഖ് പറഞ്ഞു വക്കുന്നതിങ്ങനെയാണ്: ‘ആധുനിക ഭരണകൂടത്തെ കുറിച്ചുള്ള ഒരു നൈതിക വിമര്‍ശനമാണ് ഈ രചന. ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിര്‍മിതിയാണ്. അതുകൊണ്ടു തന്നെ, ഇസ്ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാധ്യതയാണ് എന്ന വാദമാണ് ഞാന്‍ മുന്നോട്ടുവച്ചത്. ഇതിനുള്ള കാരണം ഒരു സ്റ്റേറ്റിനെ സ്റ്റേറ്റാക്കുന്ന ഒരു സവിശേഷതയും ഇസ്ലാമികമായി സ്വീകാര്യമല്ല എന്നതാണ്. സ്വീകാര്യതയുടെ അളവ് കേവലമൊരു സിദ്ധാന്തമോ ആശയ ഘടനയോ അല്ല. മറിച്ച്, ഒരു സഹസ്രാബ്ദം നീളുന്ന ഇസ്ലാമിക ചരിത്രത്തിലൂന്നിയ വിവിധങ്ങളായ ഭരണ രൂപങ്ങളിലാണ്’.
ദൈവത്തിന്റെ പരമാധികാരം ഇസ്ലാമിക രാഷ്ട്രീയ ചിന്തയുടെയും അടിസ്ഥാനമാണെങ്കിലും ഇസ്ലാമിക രാഷ്ട്രീയത്തില്‍ ചരിത്രപരമായി അത് നടപ്പിലായത് ആധുനിക ദേശരാഷ്ട്രങ്ങളെ പോലെ സ്റ്റേറ്റിന്റെ പരമാധികാരമായിട്ടല്ലെന്ന് വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നുണ്ട്. അതായത് ആധുനിക ദേശരാഷ്ട്രത്തില്‍ നിയമം ഉണ്ടാക്കുന്നതും അത് നടപ്പിലാക്കുന്നതും സ്റ്റേറ്റ് തന്നെയാണ്. എന്നാല്‍, ഇസ്ലാമിക രാഷ്ട്രീയത്തില്‍ നിയമം നിര്‍മിക്കുന്നതിലും അത് നടപ്പിലാക്കേണ്ട കര്‍മ പദ്ധതി രൂപപ്പെടുത്തുന്നതിലും സ്റ്റേറ്റിന് ഒരു പങ്കുമില്ല. മറിച്ച് ഇസ്ലാമിക ഭരണത്തില്‍ പരമാധികാരമുള്ളത് ഇസ്ലാമിക ശരീഅത്തിനാണ്. രാഷ്ട്രീയത്തിലടക്കം ദൈവത്തിന്റെ പരമാധികാരം ആവിഷ്‌കരിക്കാന്‍ ആദ്യ നൂറ്റാണ്ടുകളിലെ ഫുഖഹാക്കള്‍ ഖുര്‍ആനും നബിചര്യയും മുന്നില്‍വച്ച് മനന ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഒരു ചട്ടക്കൂടാണ് ഇസ്ലാമിക ശരീഅത്ത്. ആ ചട്ടക്കൂടില്‍ നിയമം മാത്രമല്ല അത് നടപ്പാക്കാനുള്ള രീതിയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ദേശരാഷ്ട്രങ്ങള്‍ ഭരണഘടനയും നിയമവും ഉണ്ടാക്കാന്‍ വ്യക്തികളെയോ സമിതികളെയോ ചുമതലപ്പെടുത്തുന്നതുപോലെ ഏതെങ്കിലും ഖലീഫയോ സുല്‍ത്താനോ രാജാവോ ചുമതലപ്പെടുത്തിയവരായിരുന്നില്ല. ഇങ്ങനെ ഗവേഷണം നടത്തിയാണ് ഇസ്ലാമിക ശരീഅത്ത് ഫുഖഹാക്കള്‍ ക്രോഡീകരിച്ചത്. എന്നാല്‍, ഭരണകൂടത്തിന്റെ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ തീര്‍ത്തും സ്വതന്ത്രമായാണ് അവര്‍ ശരീഅത്ത് ക്രോഡീകരിച്ചത്. ആ ശരീഅത്ത് ഉണ്ടാക്കുന്നതിലോ അത് നടപ്പാക്കുന്ന കര്‍മപദ്ധതി രൂപപ്പെടുത്തുന്നതിലോ ഖലീഫക്കോ സുല്‍ത്താനോ രാജാവിനോ യാതൊരു പങ്കുമുണ്ടായിരുന്നില്ല. ഭരണാധികാരി ശരീഅത്ത് അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇപ്രകാരം രൂപം കൊണ്ട ദൈവത്തിന്റെ പരമാധികാരത്തില്‍ അധിഷ്ഠിതമായ ഇസ്ലാമിക ശരീഅത്ത് വ്യത്യസ്ത സ്ഥല കാലങ്ങളില്‍ നടപ്പിലാക്കുന്ന ഏജന്‍സി മാത്രമാണ് ഭരണകൂടം. അതിനാല്‍ ദേശരാഷ്ട്രങ്ങളെ പോലെ ഭരണകൂടത്തിന്റെയോ സ്റ്റേറ്റിന്റെയോ പരമാധികാരം എന്ന സങ്കല്‍പം തന്നെ ഇസ്ലാമിലില്ല എന്നാണ് വാഇല്‍ ഹല്ലാഖ് ചൂണ്ടിക്കാട്ടുന്നത്.
ഇസ്ലാമിക് സ്റ്റേറ്റും ആധുനിക സ്റ്റേറ്റും തമ്മിലുള്ള അടിസ്ഥാന വ്യത്യാസമായി ഹല്ലാഖ് എണ്ണുന്നത് രണ്ടും പരസ്പര വിരുദ്ധങ്ങളായ സ്രോതസുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞുവരുന്നത് എന്നതാണ്. ആധുനിക ദേശരാഷ്ട്രം പാശ്ചാത്യ ചിന്തയില്‍ നിന്ന് വരുമ്പോള്‍ ഇസ്ലാമിക ഭരണ ക്രമം ശരീഅ: എന്ന നിയമ വ്യവസ്ഥയില്‍ നിന്നാണ് ആശയോര്‍ജം സ്വീകരിക്കുന്നത്. മോഡേണ്‍ സ്റ്റേറ്റിന്റെ അകക്കാമ്പായ യൂറോപ്യന്‍ ചിന്തയുടെ കേന്ദ്ര മണ്ഡലം (central domain) സാങ്കേതിക വിദ്യയാണെന്നും (technology) ഇസ്ലാമിന്റേത് ധാര്‍മിക ചിന്ത(morality) ആണ് എന്നതും രണ്ടും തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്നു എന്നതിന് പ്രത്യക്ഷ തെളിവായി ഹല്ലാഖ് എണ്ണുന്നുണ്ട്. ഹല്ലാഖ് മുന്നോട്ടു വക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അസാധ്യതാ കണ്‍സെപ്റ്റ് ബലപ്പെടുത്താന്‍ നിരവധി കാഴ്ചപ്പാടുകളാണ് കൃതിയിലുടനീളം പ്രതിപാദിക്കുന്നത്. ആധുനിക ദേശരാഷ്ട്രവും ഇസ്‌ലാമിക് സ്റ്റേറ്റും താരതമ്യം ചെയ്തു കൊണ്ട് ഹല്ലാഖ് വിശകലന വിധേയമാക്കുന്നുണ്ട്.
പൂര്‍വ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്നും തന്റെ വാദങ്ങള്‍ക്ക് ചരിത്രപരമായ പിന്തുണയും ഹല്ലാഖ് തേടുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ അന്ന് വ്യക്തിയെ രൂപപ്പെടുത്തിയത് ഇസ്ലാമിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കനുസൃതമായാണ് എന്നും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചത് പണ്ഡിതരും വിദ്യാഭ്യാസ സംവിധാനങ്ങളുമാണെന്നതും വസ്തുതാപരമായി ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നുണ്ട്. എന്നാല്‍, ഈ സിസ്റ്റത്തെ കൊളോണിയലിസം നശിപ്പിക്കുകയും തല്‍സ്ഥാനത്ത് ഇന്നു കാണുന്ന വിധത്തിലുള്ള രാഷ്ട്ര സങ്കല്‍പം സ്ഥാപിക്കുകയും ചെയ്തതോടെയാണ് അത്തരം ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥകള്‍ക്ക് അന്ത്യംകുറിക്കുന്നത്. കൊളോണിയലിസത്തിന്റെ വരവിനു ശേഷം ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ശരീഅത്ത് ഭരണം പോയെന്നും ശരീഅതും ശറഈ പണ്ഡിതരും സ്റ്റേറ്റിന് നിയമങ്ങളും ഫത്‌വകളും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രമായി മാറിയെന്നും അദ്ദേഹം പറയുന്നുണ്ട്. പോസ്റ്റ് കൊളോണിയല്‍ ദേശരാഷ്ട്രങ്ങളെ മുന്നോട്ടു നയിക്കുന്ന, തീര്‍ത്തും കണ്‍വെന്‍ഷണലായ, അധീശമായ ഒരു സോഷ്യല്‍ ഹൈറാര്‍ക്കിയിലൂടെ സാധ്യമാകുന്ന വയലന്‍സിലൂടെ മാത്രം താങ്ങിനിര്‍ത്തപ്പെടുന്ന സെക്കുലര്‍-ലിബറല്‍ ഭാവനകളോടുള്ള ശക്തമായ കലഹമാണ് ഖിലാഫത്തിനെക്കുറിച്ച ആലോചനകള്‍ സാധ്യമാക്കേണ്ടത് എന്നാണ് സല്‍മാന്‍ സയ്യിദിനെ പോലുള്ളവരുടെ കാഴ്ച്ചപ്പാട്. ആ അര്‍ഥത്തില്‍ ഒരു പൊളിറ്റിക്കല്‍ മെറ്റഫര്‍ എന്ന നിലക്കാണ് അദ്ദേഹം ഖിലാഫത്തിനെക്കുറിച്ച് സംസാരിക്കുന്നത്. കൊളോണിയല്‍ ആധുനികതയുടെ സംഭാവനകളായഡെമോക്രസി, ലിബറലിസം, സെക്കുലറിസം, റിലേറ്റിവിസം തുടങ്ങിയ രാഷ്ട്രീയ സംവര്‍ഗങ്ങള്‍ എങ്ങനെയാണ് ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ സാധ്യതകളെ തടഞ്ഞു നിര്‍ത്തുന്നത് എന്നദ്ദേഹം ഉദാഹരണസഹിതം വിശദീകരിക്കുന്നുമുണ്ട്.
ഇസ്ലാമിക രാഷ്ട്രനിര്‍മാണത്തിനായി ഉയര്‍ത്തിപ്പിടിക്കുന്ന വാദമുഖങ്ങള്‍ തന്നെ തെറ്റാണെന്നും അതിനാല്‍ ഒരു ശരിയായ പരിഹാരത്തിലേക്കെത്താന്‍ സാധിക്കുകയില്ലെന്നും പറഞ്ഞുവെക്കുകയാണ് പുസ്തകത്തിലെ ഒന്നാം അധ്യായം. മോഡേണ്‍ സ്റ്റേറ്റ് എന്ന രണ്ടാം അധ്യായം ചര്‍ച്ച ചെയ്യുന്നത് ആധുനിക ദേശരാഷ്ട്രത്തിന്റെ നിര്‍വചനങ്ങളും മറ്റുമൊക്കെയാണ്. പുസ്തകത്തിന്റെ പ്രധാന ആശയങ്ങളിലൊന്നായ ആധുനിക രാഷ്ട്ര വ്യവസ്ഥയുടെ അഞ്ചു വ്യതിരിക്തതകള്‍ വിവരിക്കുന്നത് ഈ അധ്യായത്തിലാണ്.
മൂന്നാം അധ്യായം അധികാര വികേന്ദ്രീകരണത്തെക്കുറിച്ചാണ്. ആധുനിക രാഷ്ട്രത്തിലെ അധികാര വിഭജനരീതി, ഇസ്ലാമിക ഭരണ വ്യവസ്ഥയിലെ മാതൃക, രണ്ടിനുമിടയിലെ താരതമ്യങ്ങള്‍ എന്നിവയും ഇവക്കൊരു ഉപസംഹാരവുമാണ് ഈ അധ്യായത്തില്‍ ഉള്ളത്.
നാലാം അധ്യായം ധാര്‍മികത, രാഷ്ട്രീയം, നിയമ വ്യവസ്ഥ എന്നിവയെക്കുറിച്ചാണ്. ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ ചില സാങ്കേതിക പദാവലികള്‍, എന്താണ് ധാര്‍മികതയുടെ അളവുകോല്‍ എന്നിവകൂടി ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയ കര്‍തൃത്വം, സ്വത്വം എന്നിവ അഞ്ചാം അധ്യായത്തിലും ആഗോളീകരണം, ധാര്‍മിക സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങള്‍ പുസ്തകത്തിന്റെ ആറാം ഭാഗത്തും ധാര്‍മികതയുടെ കേന്ദ്ര മണ്ഡലം (Central domain) എന്നത് അവസാന ശീര്‍ഷകത്തിന് കീഴിലും വിവരിക്കപ്പെടുന്നു. ISIL (Islamic State of Iraq and Levant) എന്ന സംഘടന ഇറാഖിന്റെ ചില ഭാഗങ്ങളില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചതാണ് ഈ പുസ്തകത്തിന്റെ രചനാ പശ്ചാത്തലമെങ്കിലും ഇസ്ലാമിക ഭരണ വ്യവസ്ഥ, ആധുനിക ദേശരാഷ്ട്രം എന്നിവയെ സംബന്ധിചുള്ള മിക്ക സഹചര്യങ്ങളിലേക്കും വച്ചുകൊടുക്കാന്‍ പറ്റിയ വാദമുഖങ്ങളാണ് പുസ്തകം മുന്നോട്ടുവക്കുന്നത്.
ഹല്ലാഖ് രാഷ്ട്രീയത്തെ മനസ്സിലാക്കുന്നത് കേവലമായ ഒരു രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ നിന്നോ, കര്‍ശനമായ രാഷ്ട്രീയ വീക്ഷണകോണില്‍ നിന്നോ അല്ലന്ന് പുസ്തകത്തില്‍ വ്യക്തമാണ്. മറിച്ച്, രാഷ്ട്രീയവും, രാഷ്ട്രീയ രൂപങ്ങളും, ആഴത്തിലുള്ള വൈയക്തിക നിര്‍മിതികളുടെ ബാഹ്യ പ്രകടനങ്ങളായാണ് അദ്ദേഹം കാണുന്നത്. അതിനാല്‍ തന്നെ ഹല്ലാഖിന്റെ താല്‍പര്യം ഇസ്ലാമിക കാലഘട്ടത്തിലുടനീളം നിലനിന്നിരുന്ന വ്യക്തി രൂപീകരണത്തിന്റെ (subject formation) പ്രക്രിയയിലാണ്. ഈ പ്രക്രിയയാണ് ”രാഷ്ട്രീയപരവും”, ”ഭരണഘടനാപരവുമായ” വിശദീകരണത്തിന്റെ അടിസ്ഥാനമായി നില കൊള്ളുന്നത്. സ്വാഭാവികമായും പ്രപഞ്ച വീക്ഷണം, മെറ്റാഫിസിക്‌സ്, ധാര്‍മികത, സൂഫിസം, ശരീഅ: തുടങ്ങി പ്രധാനപ്പെട്ട എല്ലാ വ്യവഹാര മേഖലകളും ഈ പഠനത്തിന്റെ പരിശോധനയില്‍ വരും. ഹല്ലാഖിന്റെ പ്രധാന അജണ്ട തന്നെ ഇസ്ലാമിക ഭരണത്തെ ഒരു പ്രത്യേക ഇനമായി എങ്ങിനെ വിവരിക്കാം എന്നതിലാണ്. സങ്കീര്‍ണമായ എല്ലാ പൂര്‍വാധുനിക രാഷ്ട്രീയ വ്യവസ്ഥകളുമായും ചില പ്രത്യേകതകള്‍ പങ്കിടുമ്പോഴും, തനതായ ഒട്ടനവധി പ്രത്യേകതകള്‍ ഇതിനാല്‍ സ്വയം നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ടെന്നത് മറ്റൊരു വസ്തുതയാണ്.
ഇസ്‌ലാമിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഈ പഠനം വളരെയധികം ശ്ലാഘനീയവും ആധുനികതയുടെ മേച്ചില്‍പുറങ്ങളോട് ഇസ്‌ലാമിക നൈതികതയും ധാര്‍മികതയും കൂടിച്ചേരുകയോ ഇണങ്ങുകയോ ചെയ്യില്ലെന്ന് അവകാശപ്പെടുന്ന ചിന്താശേഷിയുടെ തിളച്ചുമറിയുന്നതുമാണ്. അക്കാദമിക ലോകത്ത് നിന്ന് നിരവധി വിമര്‍ശനങ്ങള്‍ ഹല്ലാഖിന്റെ കൃതിയെ സംബന്ധിച്ചുണ്ടായിട്ടുണ്ട്. ശരീഅത്ത് പുനഃസ്ഥാപിക്കാന്‍ പറ്റാത്ത വിധം അതിന് മരണം സംഭവിച്ചു എന്ന് പറഞ്ഞാല്‍ നമ്മള്‍ മുസ്ലിമായി ജീവിക്കുന്നു എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്നാണ് നരവംശ ശാസ്ത്രജ്ഞനായ തലാല്‍ അസദ് ചോദിക്കുന്നത്.
സാര്‍വലൗകികമായ കൃത്യമായ മെത്തഡോളജി പ്രകാരമാണ് ഹല്ലാഖ് തന്റെ വാദഗതികളെ കോര്‍ത്തിണക്കിയതെങ്കിലും ഇര്‍ഫാന്‍ അഹ്മദ് പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അക്കാദമിക ലോകത്തും മീഡിയ ചര്‍ച്ചകളിലും സജീവമായ ഇസ്‌ലാമും ജനാധിപത്യവും ഇസ്‌ലാമും ഫെമിനിസവും ഇസ്‌ലാമും സയന്‍സും തുടങ്ങി ചേര്‍ച്ചയില്ലാ സിദ്ധാന്തങ്ങളായി അവതരിപ്പിക്കുന്നതിലേക്ക് ഇസ്‌ലാമും ദേശരാഷ്ട്രവും ചേരില്ല എന്ന അസംബന്ധം കൂട്ടിച്ചേര്‍ക്കുകയാണ് ഹല്ലാഖ് ചെയ്തത് എന്നാണ് ഇര്‍ഫാന്‍ അഹ്മദിന്റെ വിമര്‍ശനം. എല്ലാത്തിനുമപ്പുറം സമഗ്രമായ ഒരു അക്കാദമിക വായനയാണ് ഹല്ലാഖിന്റെ ദ ഇംബോസിബ്ള്‍ സ്റ്റേറ്റ്.

സഈദ് പി.കെ പൂനൂര്‍