നവോത്ഥാനം തീര്‍ത്ത അപരവല്‍ക്കരണത്തിന്റെ ആഫ്രിക്കകള്‍

2322

അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം തെറ്റുധരിക്കപ്പെട്ട ഒരു പദം നവോത്ഥാനം തന്നെയാണ്. എന്താണ് നവോത്ഥാനം എന്നതിനെക്കാളും, എന്തല്ല നവോത്ഥാനം എന്ന നിലയിലേക്ക് പോയി പലപ്പോഴും ആ ചര്‍ച്ചകള്‍. അതിനിടെയില്‍ സൗകര്യപൂര്‍വം വിസ്മരിക്കപ്പെട്ട ഒരു വസ്തുത, നവോത്ഥാനം എന്ന ആശയം തന്നെ പലതവണ അതിന്റെ അടിത്തട്ടില്‍ ചോദ്യം ചെയ്യപ്പെട്ട ഒന്നാണ് എന്നുള്ളതാണ്. നമ്മള്‍ ഇന്ന് ആഘോഷിക്കുന്ന നവോത്ഥാനത്തിന്റെ പച്ചമലയാളം ഞങ്ങള്‍ നിങ്ങളെ പരിഷ്‌കരിച്ചെടുക്കാം എന്നുള്ളതു തന്നെയാണ്. അതിന്റെ അര്‍ഥം അപരിഷ്‌കൃതരാണ് നിങ്ങളെന്നും, നിങ്ങള്‍ പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും, അതിനു നിങ്ങള്‍ക്ക് പരിഷ്‌കൃതമായ ഒരു മാതൃക ആവശ്യമാണ് എന്നുമാണ്. പലപ്പോഴും ഇത്തരം നവോത്ഥാന സംരംഭങ്ങളില്‍ പരിഷ്‌കരണത്തിന്റെ മാതൃകയായി അവതരിക്കപ്പെട്ടത് ആഗോളതലത്തില്‍ വെളുത്ത യൂറോപ്യന്‍ മനുഷ്യനും, ഇന്ത്യന്‍ സാഹചര്യത്തില്‍ അത് സവര്‍ണ പുരുഷനുമാണ്. ആഫ്രിക്കയില്‍ നിന്നൊക്കെ അത്തരം വെളുത്ത മാതൃകകള്‍ക്കെതിരേ പ്രതിരോധപരമായ വിമര്‍ശനങ്ങള്‍ നവോത്ഥാനത്തിന്റെ സത്തയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവന്നിട്ടുണ്ട്.

മലയാളത്തിലെ പവിത്രന്‍ തീക്കുനി എന്ന കവിയുടെ ‘പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്’ എന്ന വരികള്‍ മതേതരബോധത്തില്‍ ഒരുപാട് ആഘോഷിക്കപ്പെട്ട ഒന്നാണ്. അത് ഒരേസമയം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് നവോത്ഥാനം ആവര്‍ത്തിച്ച് അപരവല്‍ക്കരിച്ച രണ്ട് ബിംബങ്ങളെ തന്നെയാണ്, ആഫ്രിക്കയും പര്‍ദ്ദയും. കറുത്തവനും മുസ്‌ലിംകളും എങ്ങനെയാണ് നവോത്ഥാനത്തിന്റെ നാലമ്പലത്തില്‍നിന്ന് പുറത്താവുകയും, വെറുപ്പിന്റെ പ്രതിബിംബങ്ങളാവുകയും ചെയ്യുന്നത് എന്നത് ഏറ്റവും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ഒരു സാധാരണ ഉദാഹരണം മാത്രമാണത്. നമ്മുടെ നാട്ടില്‍ നവോത്ഥാനം അവതരിക്കപ്പെട്ട ഒരു രീതി, ഹിന്ദു പുനരുദ്ധാരണ പദ്ധതിയായിട്ടാണ്. നവോത്ഥാനത്തിന്റെ ആദ്യഗഡു ഹിന്ദു പരിഷ്‌കരണ പ്രസ്ഥാനങ്ങളായി തുടരുകയും, അതിന്റെ അനുരണനങ്ങള്‍ ഘട്ടംഘട്ടമായി മറ്റു സെമിറ്റിക് മതങ്ങളിലേക്ക് വരികയും ചെയ്തു എന്നുള്ളതാണ് നവോത്ഥാനത്തെ കുറിച്ച് ഉണ്ടാക്കിയെടുക്കപ്പെട്ട ഏറ്റവും പ്രബലമായ ആഖ്യാനം. എന്നാല്‍, അതിന്റെ നേര്‍വിപരീതമാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ചുരുങ്ങിയത് കേരളീയ സാഹചര്യത്തില്‍ തെളിവുകള്‍ നിരത്തി പറയാന്‍ കഴിയും. സെമിറ്റിക് മതങ്ങള്‍ പ്രത്യേകിച്ചും, ഇസ്‌ലാം ജാതിയെ ചോദ്യം ചെയ്തതും അത് സൃഷ്ടിച്ച ആഘാതവും ഉണ്ടാക്കിയ ഫലങ്ങള്‍ ഒരേസമയം വളരെ പെട്ടെന്നുള്ളതും അതേസമയം ദൂരവ്യാപകവുമായിരുന്നു. കേരളീയ സ്ത്രീയുടെ പൊതുമണ്ഡല പ്രവേശനവുമായി വി.ടി ഭട്ടതിരിപ്പാടിന്റെ പേര് പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ടിപ്പു സുല്‍ത്താനാണ് ആദ്യമായി അവര്‍ണ സ്ത്രീക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കിയതെന്ന യാഥാര്‍ഥ്യത്തെ ഇത്തരം വ്യവഹാര ഭൂമികകളില്‍ കാണാന്‍ കഴിയില്ല. ആദ്യമായി പൊതുനിരത്തുകളും അങ്ങനെ കേരളത്തില്‍ പൊതുസമൂഹം തന്നെ സൃഷ്ടിച്ചത് ടിപ്പു തന്നെയാണ്. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ക്ഷേത്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് വന്നാല്‍, ക്ഷേത്രപ്രവേശ വിളംബരത്തിന്റെ തന്നെ മൂലകാരണം മതംമാറ്റത്തെ കുറിച്ചുള്ള ഭീതിതന്നെയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയായിരിക്കെ, നവോത്ഥാനത്തെ ഒരു ഹിന്ദു പരിഷ്‌കരണ പദ്ധതിയായി കാണുന്ന അക്കാദമിക് ആധിപത്യ പ്രവണതയുടെ അതേ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ നവോത്ഥാന സംഘടനകളുടെ യോഗം എന്നു പറഞ്ഞ് ഹിന്ദു സമുദായ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. അത്തരം ഒരു യോഗത്തിലും അതിനെ തുടര്‍ന്നുണ്ടായ സംഘാടക സമിതി രൂപീകരത്തിലും മുസ്‌ലിം വിരുദ്ധരായ ആളുകളെ തിരഞ്ഞുപിടിച്ച് നേതൃസ്ഥാനങ്ങളില്‍ അവരോധിച്ചത് അവരുടെയൊന്നും പശ്ചാത്തലം അറിയാതെയല്ല. ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള ചരിത്രത്തെ തീര്‍ത്തും സങ്കുചിതവല്‍ക്കരിക്കാനും അതിനു സിംഹപക്ഷ സംഭാവനകള്‍ നല്‍കിയ സമുദായങ്ങളെതന്നെ തിരസ്‌കരിക്കാനുമുള്ള ആസൂത്രിതമായ ശ്രമം തന്നെയാണ് അതിനുപിന്നില്‍. അതേസമയം, അതിനു പറഞ്ഞ ന്യായീകരണമാകട്ടെ അതിവിചിത്രവുമാണ്. ആര്‍.എസ്.എസിനെ പ്രകോപിപ്പിക്കാന്‍ എന്നുപറഞ്ഞ് സമ്മേളനത്തില്‍ നിന്ന് മുസ്‌ലിം-ക്രിസ്ത്യന്‍ സംഘടനകളെ ഒഴിവാക്കിയവര്‍ തന്നെയാണ് നവോത്ഥാന മതിലിനു ശേഷം അതിലെ മുസ്‌ലിം സ്ത്രീകളുടെ വന്‍ പങ്കാളിത്തം എന്നവകാശവാദവുമായി രംഗത്തുവരുന്നത്. അതിനവര്‍ ഉപയോഗിക്കുന്നതാകട്ടെ പര്‍ദ്ദയുടുത്ത മുസ്‌ലിം സ്ത്രീകളുടേതെന്ന് പറയുന്ന ചിത്രങ്ങളും. ആദ്യം മുതല്‍ പര്‍ദ്ദയെ പുരോഗമനത്തിന്റെ വിപരീതപദമായി അവതരിപ്പിച്ചവര്‍ അതിനെതിരേ ഫ്‌ളാഷ്‌മോബ് കളിച്ചവര്‍ ഒക്കെത്തന്നെയാണ് ഇതിന്റെ പിന്നില്‍ എന്നതാണ് ഏറ്റവും പരിഹാസ്യം. അതിന്റെ കൂട്ടത്തില്‍ തന്നെ വിലയിരുത്തപ്പെടേണ്ടതാണ്, നൂതന നവോത്ഥാനത്തിനോടുള്ള സമീപനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍.

നായര്‍ സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ നവോത്ഥാന – വനിതാമതിലിനെതിരേ വിമര്‍ശനങ്ങളുയര്‍ത്തുമ്പോള്‍, അതിനെ വിമര്‍ശനങ്ങളായി പരിഗണിക്കപ്പെടുമ്പോള്‍, വനിതാ മതിലിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ച സമസ്തയുടെ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി തങ്ങളടക്കമുള്ളവര്‍ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു. ഒരര്‍ഥത്തില്‍ ഇപ്പോഴത്തെ പുതിയ നവോത്ഥാനം ചെയ്തത് ചരിത്രത്തെ സ്വന്തമാക്കുകയും അതിനെ അധികാര ശക്തിയാക്കി അപരവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളെ കൂടുതല്‍ അപരവല്‍ക്കരിക്കുക എന്ന ഭഗീരഥപ്രയത്‌നം തന്നെയാണ്. അതിനെ നേരിടേണ്ടത് ആഴത്തിലുള്ള ചരിത്രാപഗ്രഥനങ്ങളിലൂടെയും, അതേസമയം വര്‍ത്തമാനത്തില്‍ ഊന്നിനിന്നുള്ള നിരന്തര പ്രതിരോധ പ്രയോഗങ്ങളിലൂടെയും തന്നെയാണ്.