1989-ല്‍ എസ്.കെ.എസ്.എസ്.എഫ് രൂപീകരിക്കപ്പെട്ടു. സംഘടന ദ്രുതഗതിയില്‍ വളര്‍ന്നു വന്നു. ഊര്‍ജസ്വലരായ നിരവധി പ്രവര്‍ത്തകര്‍ കര്‍മരംഗത്ത് സജീവമായി. ആദര്‍ശബോധമുള്ള പുതിയ പ്രവര്‍ത്തകര്‍. ചിലരുടെ കഴിവും കര്‍മകുശലതയും കാണുമ്പോള്‍ അവരെ ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയുമെന്ന് പ്രത്യാശിച്ചു. പക്ഷേ, ചില സജീവ പ്രവര്‍ത്തകര്‍ ക്രമേണ സംഘടനാ രംഗത്ത് നിന്ന് പതുക്കെ പതുക്കെ പിന്‍വാങ്ങുന്നതായി അനുഭവപ്പെട്ടു. സംഘടനയില്‍ നിന്ന് രാജിവെച്ചിട്ടൊന്നുമില്ല. എന്തോ ഒരു നിസ്സംഗത. അന്വേഷിച്ചാല്‍ ഒന്നുമില്ലെന്ന് പറയും. പിന്നീട് മനസ്സിലായി, അവരൊക്കെ ഏതോ രഹസ്യ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്. പിന്നീട് അതേകുറിച്ച് സമഗ്രമായി അന്വേഷിച്ചു. പില്‍കാലത്ത് എന്‍.ഡി.എഫും പോപ്പുലര്‍ ഫ്രണ്ടുമായി പ്രത്യക്ഷപ്പെട്ട സംഘടനയുടെ ആദ്യരൂപരമായ രഹസ്യ സംഘടനയായിരുന്നു അതെന്ന് മനസ്സിലായി.
അന്വേഷണം തുടര്‍ന്നു. ജിഹാദിന്റെ പ്രാധാന്യം രഹസ്യ ക്ലാസുകളിലൂടെ പഠിപ്പിച്ച് മുസ്ലിം ചെറുപ്പക്കാരെ സംഘടനാ വിഭാഗീയതകള്‍ക്കതീതമായി സംഘടിക്കുന്ന ഒരു സംഘടനയാണതെന്ന് ബോധ്യപ്പെട്ടു. ഇന്നും അന്നും ആ സംഘടനയുടെ പേര് എന്താണെന്നറിയില്ല. സുന്നി സംഘടനാ പ്രവര്‍ത്തകരെ നിര്‍വീര്യമാക്കുന്ന, സുന്നീ ആദര്‍ശബോധം ചോര്‍ത്തികളയുന്ന ഈ സംഘടന ദോഷകരമാണെന്ന് വിലയിരുത്തപ്പെട്ടു. വിശദമായി പഠിച്ചപ്പോള്‍ ഇസ്ലാമിലെ വിശുദ്ധമായ ജിഹാദ് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും മനസ്സിലായി. സംഘടനക്ക് നേതൃത്വം നല്‍കുന്നവരാവട്ടെ, പലരും ജമാഅത്തെ ഇസ്ലാമി ആശയമുളള്ള മുന്‍ സിമി നേതാക്കളാണെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ ഭാവിശോഭനമാക്കാനുള്ള പ്രവര്‍ത്തനമാണെന്നാണ് നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നത്.
എസ്.കെ.എസ്.എസ്.എഫ് നിര്‍ണായകമായ ഒരു തീരുമാനമെടുത്തു. ഇന്ത്യന്‍ മുസ്ലിംകളുടെ ഇസ്സത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനമാണെങ്കില്‍ നാം അതിന് പാരവെക്കുന്നത് ശരിയല്ലല്ലോ… അതുകൊണ്ട് അവരുടെ നേതൃത്വത്തിന്റെ മുമ്പില്‍ ഒരു നിര്‍ദേശം വെക്കുക: കേരള മുസ്ലിംകളുടെ അനിഷേധ്യരായ നേതാക്കളാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശംസുല്‍ ഉലമ ഇ.കെ അബൂബക്ര്‍ മുസ്ലിയാരും, രണ്ടുപേരും തികഞ്ഞ പണ്ഡിതന്മാരാണ്. ഇസ്ലാമിലെ ജിഹാദ് എന്താണെന്ന് കൃത്യമായി തിരിച്ചറിയുന്നവരുമാണ്. ഈ സംഘടനയുടെ പ്രവര്‍ത്തന രീതിയും ഉദ്ദേശ്യവും ഇവരില്‍ ഒരാളെ അറിയിച്ച് അംഗീകാരം വാങ്ങുക. ഇല്ലെങ്കില്‍ സംഘടനക്കെതിരെ പരസ്യമായി രംഗത്ത് വരേണ്ടിവരുമെന്ന് രഹസ്യസംഘടനയുടെ നേതാക്കളെ അറിയിക്കുക.
എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിലും ആ സംഘടനയിലും ഒരുപോലെ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ മധ്യവര്‍ത്തികളായി രംഗത്തുവന്നു. കാരണം, രഹസ്യസംഘടനയുടെ നേതാക്കള്‍ അരാണെന്ന് നമുക്കറിയില്ലല്ലോ… മധ്യസ്ഥന്റെ മുമ്പില്‍ നമ്മുടെ ആവശ്യം അറിയിച്ചു. അദ്ദേഹം അവരുടെ ചീഫിനെ കണ്ട് കാര്യം അറിയിച്ചു. ചീഫ് എന്നാണ് നേതാവിനെ കുറിച്ച് നേതാക്കള്‍ സംസാരത്തില്‍ വിശേഷിപ്പിച്ചിരുന്നത്. ചീഫിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഇതൊരു ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സുന്നികളും മുജാഹിദുകളും ജമാഅത്തുകാരും എല്ലാം ഇതിലുണ്ട്. ഒരു വിഭാഗത്തിന്റെ നേതാക്കളോട് പ്രത്യേകം ആലോചിക്കാന്‍ പറ്റില്ല. കാരണം, മറുവിഭാഗങ്ങളുടെ നേതാക്കളോടും ആലോചിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരും. അത് പ്രയാസം സൃഷ്ടിക്കും. ഇപ്പോള്‍ ഭൂരിപക്ഷം ഇതില്‍ സുന്നികളാണ്. നിങ്ങള്‍ പറയുന്ന നേതാക്കള്‍ക്കും വേണമെങ്കില്‍ ഇതില്‍ അംഗങ്ങളാകാം. സ്വഭാവികമായും നേതൃത്വം അവരുടെ കൈയ്യില്‍ വരും. അത് മാത്രമേ വഴിയുള്ളൂ.
ശിഹാബ് തങ്ങളും ശംസുല്‍ ഉലമയും ഇവരുടെ രഹസ്യ ക്ലാസുകളില്‍ പോയി പങ്കെടുത്ത് അവരോട് ബൈഅത്ത് ചെയ്യണമെന്ന്. മസ്ലിം കേരളം ഏറെ ആദരവോടെ കാണുന്ന ആ നേതാക്കളോട് വളരെ പ്രധാനമായ ഈ വിഷയത്തെകുറിച്ച് ആലോചിക്കാന്‍ പറ്റില്ലെന്ന്. ധിക്കാരസ്വരത്തിലുള്ള ഈ മറുപടി സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി വിലയിരുത്തി. നേതൃത്വത്തോട് കൂടിയാലോചിച്ചു. മുസ്ലിം ചെറുപ്പക്കാരെ ഈ കെണിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് തീരുമാനം വന്നു. ആ രഹസ്യ സംഘടനക്കെതിരെ പരസ്യ പ്രസ്താവന പുറപ്പെടുവിക്കാന്‍ ധാരണയായി. വിശദമായ ഒരു പ്രസ്താവന മാധ്യമങ്ങള്‍ക്ക് നല്‍കി. പൊതുജന സമക്ഷം ഇവരുടെ നിജസ്ഥിതി കൃത്യമായി വിവരിച്ചു കൊടുത്തു. തുടര്‍ന്ന്, ജിഹാദ്, തെറ്റും ശരിയും എന്ന പേരില്‍ കാമ്പയിന്‍ നടത്തി. എന്‍.ഡി.എഫ് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യമൊക്കെ പലരും എതിര്‍പ്പുമായി വന്നെങ്കിലും സമസ്തയുടെ നിലപാട് പിന്നീട് എല്ലാവരും അംഗീകരിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദരണീയനായിരുന്ന ജനറല്‍ സെക്രട്ടറി ഉസ്താദ് ശംസുല്‍ ഉലമ ഇ.കെ അബൂബക്ര്‍ മുസ്ലിയാര്‍ അന്ന് ഈ വിശയത്തില്‍ ഇടപെട്ട് നിരവധി വേദികളില്‍ പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരായ ഞങ്ങള്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടു വന്നപ്പോള്‍ അതിനെ ആദ്യമായി പിന്തുണച്ചതും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും ശംസുല്‍ ഉലമയായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഇസ്ലാമിക പ്രബോധകര്‍ സ്ഥലകാല സാഹചര്യം മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍’.
പുതുതായി രൂപംകൊണ്ട എന്‍.ഡി.എഫ് എന്ന സംഘടന സുന്നത്ത് ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അവരുമായി ബന്ധപ്പെടരുതെന്നും സമസ്ത സെക്രട്ടറി മൗലാനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കെ.ടി മാനു മുസ്ലിയാര്‍ സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. എന്‍.ഡി.എഫ് വളര്‍ത്തുന്നത് സങ്കര സംസ്‌കാരമാണെന്നും വിദ്യാര്‍ഥി യുവജനങ്ങള്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
പില്‍കാലത്ത് വിവിധ പേരുകളില്‍ അറിയപ്പെട്ട് സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഈ സംഘത്തിന്റെ പ്രവര്‍ത്തനം
കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഈ നിരോധനനത്തിന്റെ ശരിതെറ്റുകള്‍ക്കപ്പുറം, ഈ സംഘം ക്രിയാത്മകമായി എന്താണ് നാടിനും സമുദായത്തിനും ചെയ്തതെന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്