ലഹരിയില്‍ ആറാടുന്ന പെണ്‍ജന്മങ്ങള്‍

1198

പുകയുന്നൊരിലയുടെ ഉന്മാദ ഗന്ധത്തില്‍
കാലിടറിത്തെറിക്കുന്നു മധുരമാം യൗവനം.
കെട്ടിയ പെണ്ണിന്റെ താലിയെ ഷാപ്പിലെ
നാണയത്തുട്ടാക്കി മാറ്റുന്നു ലഹരി.
ഒന്നിച്ചിരുന്നിട്ടൊരു പിടി വറ്റുണ്ണാന്‍
പാതിരാ നേരത്തും
കാത്തൊരു പെണ്ണിന്റെ മോന്തയിലേറായ്
പതിക്കുന്നു ലഹരി.
(ജിഷ വേണുഗോപാല്‍, കവിത: ലഹരി)
ഇപ്പോള്‍ ഇല പുകയുകയല്ല, മരമൊന്നാകെ കത്തുകയാണ്. കാലിടറുന്നത് യൗവ്വനത്തിനു മാത്രമല്ല, എല്ലാ പ്രായക്കാര്‍ക്കുമാണ്. താലി വിറ്റാലും പെണ്ണിനെത്തന്നെ പണയപ്പെടുത്തിയാലും തീരാത്ത ആസക്തിയാണിപ്പോള്‍ നമ്മള്‍ കാണുന്നത്. പുരുഷന്‍ മാത്രമല്ല, സ്ത്രീകളും ലഹരിയുടെ പിടിയിലാണ്. കുതറിപ്പോരുക അത്ര എളുപ്പമല്ല. അത്ര ബലമുള്ള വലയാണ് ചുറ്റിലും നെയ്തുവെച്ചിരിക്കുന്നത്. ലഹരിയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളും കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. നഗരങ്ങളെ ഭരിച്ചിരുന്ന ഡ്രഗ് മാഫിയ ഇപ്പോള്‍ ഗ്രാമങ്ങളെയും വരിഞ്ഞിരിക്കുന്നു.
പുരുഷന്‍മാരിലെന്ന പോലെ സ്ത്രീകളിലും ലഹരി ഉപയോഗം വ്യാപകമായതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. ഇന്ത്യയില്‍ ഗര്‍ഭാവസ്ഥയ്ക്കു മുമ്പ് 50% ലേറെ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍, മദ്യപാനത്തോടൊപ്പം തന്നെ മറ്റു ലഹരികള്‍ ഉപയോഗിക്കുന്നതിലും സ്ത്രീകള്‍ പിറകിലല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ലഹരി ഉയോഗിക്കുന്നുവെന്ന് തുറന്നുപറഞ്ഞ ഒരു പെണ്‍കുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എത്ര കൂളായാണ് ആ പെണ്‍കുട്ടി പറയുന്നത്. അതൊരു തെറ്റായോ കുറ്റമായോ അവള്‍ കരുതുന്നതേയില്ല. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കഥയല്ല. ഒരു ദൃശ്യങ്ങളിലും പ്രത്യക്ഷപ്പെടാത്ത അനേകമനേകം കുട്ടികള്‍ ഇത്തരത്തിലുണ്ട്.
ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ പഠിയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ ഒരു രാത്രി ക്ലിനിക്കല്‍ കൊണ്ടുവരുന്നു. കുട്ടിയ്ക്ക് എന്തു സംഭവിച്ചുവെന്ന് മാതാപിതാക്കള്‍ക്ക് അറിയാത്ത അവസ്ഥ. ഭക്ഷണം കഴിക്കുന്നില്ല. വെള്ളം കുടിക്കുന്നില്ല, ആകെ ഡിസ്റ്റര്‍ബ്ഡായ മനോനില. ചെന്നൈയിലെ പഠനകാലത്ത് പെണ്‍കുട്ടി പല രീതിയിലുള്ള സൗഹൃദങ്ങളില്‍ അകപ്പെടുന്നു. അവിടെ ഒരു പാര്‍ട്ടിക്ക് പോയ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ട് ഹോട്ടല്‍ ജീവനക്കാരാണ് വീട്ടില്‍ വിളിച്ചറിയിക്കുന്നത്. അങ്ങനെയാണ് മാതാപിതാക്കള്‍ ചെന്നൈയില്‍ പോയി പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി മെത്ത്, എം.ഡി.എം.എ എന്നീ മയക്കുമരുന്നുകളെല്ലാം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈയടുത്ത് ക്ലിനിക്കല്‍ വന്നൊരു കേസാണിതെന്ന് പറയുകയാണ് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ പി.എന്‍ സുരേഷ് കുമാര്‍. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളിലായി പെണ്‍കുട്ടികളും ലഹരിക്ക് അടിമപ്പെട്ട് ആശുപത്രികളില്‍ അഡ്മിറ്റാകുന്ന കേസുകള്‍ വ്യാപകമാവുന്നതായി ഡോക്ടര്‍ പറയുന്നു.
മുമ്പ് വളരെ അപൂര്‍വമായി മാത്രമാണ് പെണ്‍കുട്ടികളില്‍ ഡ്രഗ് അഡിക്ഷന്‍ കണ്ടുവന്നത്. ഇപ്പോള്‍ മാസത്തില്‍ രണ്ടോ മൂന്നോ കേസുകള്‍ പെണ്‍കുട്ടികളുടേതായി വരാറുണ്ട്. എണ്ണത്തില്‍ പെണ്‍കുട്ടികളേക്കാള്‍ ഇരട്ടിയിലധികമാണ് ഡ്രഗ്സ് ഉപയോഗിക്കുന്ന ആണ്‍കുട്ടികള്‍. മെട്രോ പൊളിറ്റന്‍ സിറ്റികളില്‍ താമസിക്കുന്ന പെണ്‍കുട്ടികളിലാണ് ലഹരി അഡിക്ഷന്‍ കാണുന്നത്. ആണ്‍സുഹൃത്തുക്കളില്‍ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് കിട്ടുന്നതെന്ന് പെണ്‍കുട്ടികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. യാത്രകളിലും മറ്റും രസത്തിനു തുടങ്ങുന്ന ലഹരി പിന്നീട് അവരുടെ ജീവിതത്തെ വിട്ടൊഴിയാതാകുന്നു.
കുറച്ചു കാലങ്ങളായി ലഹരി ഉപയോഗം മൂലമുള്ള മാനസിക പ്രശ്നങ്ങളും വര്‍ധിച്ചുവരുന്നുണ്ടെന്ന് കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ സാജിദ് യാക്കൂബ് പറയുന്നു. ലഹരി അഡിക്ഷന്‍ കേസുകളെക്കാള്‍ ബന്ധങ്ങളിലെ താളപ്പിഴയും വിശ്വസിച്ചവരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളും സഹിക്കാതെയാണ് പെണ്‍കുട്ടികള്‍ ചികിത്സക്കായി വരുന്നത്. ഇത് മെന്റല്‍ ട്രോമയായാണ് കാണുന്നത്. പെണ്‍കുട്ടികളില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് ലഹരി ഉപയോഗം കുറവാണ്. എന്നാല്‍, പെണ്‍കുട്ടികളിലെ ലഹരി ഉപയോഗം ക്രമാതീതമായി കൂടിയിട്ടുണ്ട്. ലഹരിയുല്‍പ്പന്നങ്ങളുടെ ലഭ്യത കൂടുതലാണിപ്പോള്‍. പെണ്‍കുട്ടികളുടെ മെന്റല്‍ ഹെല്‍ത്തില്‍ ലഹരിയല്ല പ്രധാന വില്ലനാവുന്നത്. അത് ലഹരി ഉപയോഗമുള്ള കാമുകനില്‍ നിന്നോ സുഹൃത്തില്‍ നിന്നോ ഉണ്ടായിട്ടുള്ള ലൈംഗിക ചൂഷണം മൂലമുള്ള ട്രോമകളാണെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
ലഹരി ഉപയോഗം അത്രയൊന്നും പ്രശ്നമല്ല എന്ന നിലയിലേക്ക് പലരുടെയും മനസ് മാറിയിട്ടുണ്ട്. പ്ലസ്ടു മുതല്‍ ഡിഗ്രി, പി.ജി വരെ പഠിക്കുന്ന കുട്ടികളില്‍ ഇതിന്റെ ഉപയോഗം സാധാരണ കാര്യം പോലെ ആയിരിക്കുകയാണ്. എം.ഡി.എം.എ, കഞ്ചാവ് പോലെയുള്ള ലഹരി ഉപയോഗിച്ച് സെക്ഷ്വല്‍ ഹരാസ്മെന്റും അബ്യൂസും സാധാരണയായി കണ്ടുവരുന്നുണ്ട്. ലഹരി നല്‍കി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കേസുകള്‍ വേറെയും. ഇത് സര്‍വസാധാരണമായി വരികയാണിപ്പോള്‍. ലഹരി കഴിച്ച് ഡിപ്രഷനിലേക്ക് പോകുന്നവരും ഒറ്റപ്പെടലിലേക്ക് പോകുന്ന കേസുകളും ഉണ്ടാവാറുണ്ട്. ഏറ്റവും ദുര്‍ബലമായ മാനസികാവസ്ഥ സ്ത്രീകളിലാണ് കണ്ടുവരുന്നത്. ഡ്രഗ്സ് ഉപയോഗം ഉണ്ടാവുന്നതോടെ അത് വലിയ രീതിയില്‍ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കും. കോവിഡിന്റെ സമയത്ത് ലഹരി ഉപയോഗം വര്‍ധിച്ചിരുന്നു. ആ സമയത്ത് ഒരുപാട് കേസുകളാണ് വന്നിരുന്നതെന്നും സാജിദ് യാക്കൂബ് പറയുന്നു.
ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ശാരീരികമാനസിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ നിരവധിയാണ്. വ്യക്തികളുടെ ലഹരി ഉപയോഗം സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ട്. കുട്ടികളെ കേരളത്തിന്റെ പുറത്ത് പഠിക്കാന്‍ വിടുമ്പോള്‍ സൂക്ഷിക്കണം. കേരളത്തില്‍ ലഹരിക്കുള്ള സാധ്യത ഇല്ലെന്നല്ല, ഇവിടെയാകുമ്പോള്‍ അവരുടെ പെരുമാറ്റം നമുക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് പി.എന്‍ സുരേഷ്‌കുമാര്‍ പറയുന്നു.
ലഹരിയുടെ കയത്തില്‍ വീണുപോയവര്‍ക്ക് സമൂഹത്തിന്റെ കരുതല്‍ ആവശ്യമുണ്ട്. അങ്ങനെയേ അവരെ കരകയറ്റാനാകൂ. ആട്ടിയകറ്റിയും വെറുത്തും ഇവരെ മോചിപ്പിക്കാനാകില്ല. കുട്ടികളില്‍ വരുന്ന മാറ്റങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കണം. വീട്ടില്‍ രക്ഷിതാക്കളും സ്‌കൂളില്‍ അധ്യാപകരും കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളാകണം. റൂമില്‍ അടച്ചിരിക്കുക, ആരോടും മിണ്ടാന്‍ താല്‍പര്യം കാണിക്കാതിരിക്കുക, അനാവശ്യ പേടി, അമിതമായ ഉത്കണ്ഠ എന്നിങ്ങനെ വിവിധ ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കും. സാധ്യമാകുന്ന വേഗത്തില്‍ കൗണ്‍സിലിംഗ് നല്‍കിയും മതിയായ ചികിത്സയും പരിചരണവും നല്‍കിക്കൊണ്ട് അവരെ തിരിച്ചുവരാന്‍ സഹായിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒരു നാട്ടില്‍ ഒരു ലഹരി അഡിക്ഷന്‍ കേസ് ഉണ്ടായാല്‍ അത് അയാളുടെ വൈയക്തിക കാര്യമായി കാണരുത്. ലക്ക് കെട്ട് പോയവന്‍/ പോയവള്‍ എന്നാക്ഷേപിച്ച് അകറ്റി നിര്‍ത്തുകയുമരുത്. സാമൂഹികവിപത്തിന്റെ ഒരു ഇര എന്ന നിലക്ക് അനുഭാവപൂര്‍ണമായ സമീപനം ആണ് അവര്‍ക്ക് വേണ്ടത്. കല്ലെറിയാന്‍ ആളുകള്‍ ഏറെയുണ്ടാകും, കൈപിടിക്കാനാണ് ആളുവേണ്ടത്. അങ്ങനെ കുറച്ചുപേര്‍ ഓരോ നാട്ടിലുമുണ്ടായാല്‍ അതാകും ഈ സാമൂഹികവിപത്തിനെ വേരോടെ പിഴുതെറിയാനുള്ള മികച്ച വഴി.

ഫസീല മൊയ്തു