പ്രതിസന്ധികളെ വിശ്വാസി അഭിമുഖീകരിക്കേണ്ട വിധം

2655

പടര്‍ന്നുപിടിച്ച ഒരു മഹാമാരിയെ പ്രതിരോധിച്ചുനിര്‍ത്താനുള്ള അതിശക്തമായ പോരാട്ടത്തിലാണ് ലോകം. കോവിഡ്’19 ലോകത്തിന്റെ മുന്‍ഗണനാക്രമങ്ങളെയെല്ലാം തകിടംമറിച്ചിരിക്കുന്നു. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിഭയാനകമായ സ്ഥിതിവിശേങ്ങള്‍ക്കിടയിലും വിശ്വാസി സ്വീകരിക്കേണ്ട ആലോചനകളെക്കുറിച്ചും ഇത്തരം പ്രതിസന്ധികളെ വിശ്വാസി അഭിമുഖീകരിക്കേണ്ട രീതിശാസ്ത്രത്തെക്കുറിച്ചുമാണീ കുറിപ്പ്

ഭൗതിക ജീവിതം നശ്വരമാണെന്നും അത് സുഖദുഃഖങ്ങളുടെ സമ്മിശ്രമാണെന്നുമുള്ള അടിസ്ഥാന ബോധത്തില്‍ നിന്നാണ് വിശ്വാസി ഇഹലോകത്തെ നോക്കിക്കാണേണ്ടത്. ഐഹിക ജീവിതം തന്നെ വലിയൊരു പരീക്ഷണാലയമാണ്. ”നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണ് ജീവിതവും മരണവും അവന്‍ സൃഷ്ടിച്ചതെന്ന് ”അല്ലാഹു സുവ്യക്തമായി ഖുര്‍ആനിലൂടെ ഓര്‍മപ്പെടുത്തുന്നു. മാരകമായ രോഗങ്ങള്‍, ഉറ്റവരുടെ പെട്ടെന്നുള്ള മരണങ്ങള്‍, അപകടങ്ങള്‍, കച്ചവടത്തിലെ അപ്രതീക്ഷിതമായ നഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം നശ്വരമായ ഈ ലോകത്ത് നാം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളില്‍ പെട്ടവയാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ പടച്ചവനിലുള്ള നിരാശയും നിഷ്‌ക്രിയത്വവും പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയേ ചെയ്യുകയുള്ളൂ.

ഭൗതിക ജീവിതവും ഇവിടെയുള്ള സമ്പാദ്യങ്ങളും സുഖാഢംബരങ്ങളുമെല്ലാം ശാശ്വതമാണെന്ന് കരുതുന്നുവര്‍ക്കുള്ള വലിയൊരു തിരുത്താണ് നാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി. ഭൗതിക ജീവിതത്തിന് വലിയ പ്രാധാന്യമൊന്നും നല്‍കാതെ പാരത്രിക ജീവിതത്തിലെ ശാശ്വതമായ സുഖവും അല്ലാഹുവിന്റെ തൃപ്തിയും നേടാനുള്ള ശ്രമങ്ങള്‍ വിശ്വാസിയുടെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവണമെന്നാണ് ഒരോ പ്രതിസന്ധിയും വിശ്വാസിയോട് ഉദ്‌ബോധിപ്പിക്കുന്നത്.
ഭൗതിക ജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ ക്ഷമയവലംബിക്കാനാണ് വിശ്വാസിയോട് അല്ലാഹു കല്‍പ്പിക്കുന്നത്. ”വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമയിലൂടെയും നമസ്‌ക്കാരത്തിലൂടെയും ദൈവിക സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു”. (ബഖറ: 153).

ഓരോ രാത്രിക്ക് ശേഷവും പകലും ഓരോ പ്രയാസത്തിന് ശേഷവും എളുപ്പവുമുണ്ടെന്ന ശുഭാപ്തിവിശ്വാസമായിരിക്കണം വിശ്വാസി വച്ചുപുലര്‍ത്തേണ്ടത്.
ഇസ് ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിതരായ പ്രവാചകന്മാര്‍ പോലും പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവായിട്ടില്ല. സത്യനിഷേധികളുടെ ഭാഗത്ത് നിന്നും സത്യവിശ്വാസികള്‍ വളരെയേറെ മര്‍ദ്ദനങ്ങളും അക്രമണങ്ങളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഖുര്‍ആനിലൂടെ അല്ലാഹു ചോദിക്കുന്നു: ‘അതല്ല, പൂര്‍വികന്മാരുടെ ദുരനുഭവങ്ങള്‍ വന്നെത്താതെത്തന്നെ സ്വര്‍ഗത്തില്‍ കടന്നുകളയാമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രയാസങ്ങളും വിപത്തുകളും അവരെ പിടികൂടുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴാണുണ്ടാവുക എന്ന് ദൈവദൂതനും സഹവിശ്വാസികളും ചോദിക്കത്തക്കവണ്ണം അവര്‍ വിറകൊണ്ടു. അറിയുക, അല്ലാഹുവിന്റെ സഹായം സമീപസ്ഥാമകുന്നു. (സൂറ അല്‍ ബഖറ: 214).

പ്രതിസന്ധികളുടെയും വെല്ലുവിളികളുടേയും നടുക്കയത്തിലേക്കായിരുന്നു മൂസാ നബി(അ) പിറന്നുവീഴുന്നത്. പ്രസവിച്ചയുടനെ കുഞ്ഞിനെ നദിയിലൊഴുക്കാന്‍ അല്ലാഹു മാതാവിന് നിര്‍ദ്ദേശം നല്‍കുന്നു. ബനൂ ഇസ്‌റാഈലിലെ ആണ്‍കുട്ടികളെ മുഴുവന്‍ കൊന്നൊടുക്കിയിരുന്ന ഫിര്‍ഔനിന്റെ കയ്യില്‍ തന്നെ മൂസാ (അ) എത്തുന്നു. ഒഴുകിവന്ന പെട്ടിയില്‍ നിന്നും ലഭിച്ച മൂസാ നബി (അ) കൊല്ലാന്‍ ഫിര്‍ഔന്‍ തീരുമാനിക്കുമ്പോഴും ഭാര്യ ആസിയ ബീവി ഫിര്‍ഔനിനെ അതില്‍ നിന്നും തടയുന്നു. അങ്ങനെ മൂസാ നബി (അ) ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ തന്നെ വളരുന്നു. ഭയമോ ദുഃഖമോ നിരാശയോ വേണ്ടതില്ലെന്ന് മൂസ (അ)ന്റെ ഉമ്മാക്ക് നേരത്തെ തന്നെ അല്ലാഹു ബോധനം നല്‍കിയിരുന്നു.

യൂസുഫ് നബിയുടെ ചരിത്രം പരിശോധിക്കുമ്പോഴും സമാനമായ പ്രതിസന്ധികളെക്കുറിച്ച് നാം വായിക്കുന്നു. ചെറുപ്പകാലം തൊട്ട് വലിയ പ്രതിസന്ധികളാണ് യൂസുഫ് നബി നേരിട്ടത്. അസൂയ വച്ചുപുലര്‍ത്തിയ സഹോദരങ്ങള്‍ തന്നെ അദ്ദേഹത്തെ കൊന്നുകളയാന്‍ തീരുമാനിക്കുന്നു. അവര്‍ യൂസുഫ് നബിയെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുന്നു. പൊട്ടക്കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയവര്‍ അദ്ദേഹത്തെ അടിമച്ചന്തയില്‍ പോയി വില്‍ക്കുന്നു. വ്യഭിചാരാരോപണത്തിന് വിധേയനാവുന്നു. എല്ലാത്തിനും ശേഷം അല്ലാഹു യൂസുഫ് നബിക്ക് ആധിപത്യം നല്‍കുന്നു. പിന്നീടദ്ദേഹം ഈജിപ്തിന്റെ രാജാവായി മാറുന്നു. ”ആര് സൂക്ഷ്മത പുലര്‍ത്തുകയും ക്ഷമ പാലിക്കുകയും ചെയ്യുന്നുവോ അത്തരം സദ്‌വൃത്തരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല, തീര്‍ച്ച. (യൂസുഫ് 90)

കൊറോണാനന്തര ലോകക്രമം എങ്ങനെയായിരിക്കുമെന്ന ആലോചനയാണ് എല്ലാവര്‍ക്കും. ലോകത്തിനുണ്ടായ നഷ്ടങ്ങള്‍ എങ്ങനെ മറികടക്കും? ജീവിതശൈലി, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയവയിലെ മാറ്റങ്ങള്‍ എങ്ങനെയൊക്കെയായിരിക്കും എന്നിത്യാദി ചിന്തകളാണ് ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്ക്‌വക്കുന്നത്. എന്നാല്‍, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ അല്ലാഹു, കൃത്യമായ സന്തുലിതാവസ്ഥയില്‍ പ്രപഞ്ചത്തെ നിലനിര്‍ത്തുമെന്നതിനെക്കുറിച്ച് നാം നിരാശരാവേണ്ടതില്ല.

എല്ലാ പ്രതിസന്ധികള്‍ വരുമ്പോഴും പടച്ചവനിലുള്ള അചഞ്ചലമായ വിശ്വാസം തന്നെയാവണം സത്യവിശ്വാസിയുടെ കരുത്ത്. ” അല്ലാഹുവേ, നീ തരുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല, നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല ” എന്ന വിശ്വാസം നമ്മുടെ ഹൃദയത്തില്‍ രൂഢമൂലമാകണം. ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെട്ട് മൂസാനബിയും അനുയായികളും ചെങ്കടലിന് മുമ്പില്‍ എത്തുന്നുണ്ട്. മുന്നില്‍ ആര്‍ത്തലക്കുന്ന സമുദ്രവും പിന്നില്‍ ഫിര്‍ഔനിന്റെ സംഘവുമുണ്ട്. ഉറപ്പായും തങ്ങള്‍ പിടികൂടുമെന്ന് മുസാനബിയുടെ അനുയായികള്‍ക്ക് തോന്നിയ സന്ദര്‍ഭത്തില്‍, അല്ലാഹു നമ്മെ കൈവിടില്ലെന്നും, അല്ലാഹു സഹായിക്കുമെന്നും പറഞ്ഞ് മൂസാ നബി അവരെ സമാധാനിപ്പിക്കുന്നുണ്ട്. ” എന്നിട്ട് ഫറോവയും സംഘവും സൂര്യോദയവേളയില്‍ ഇസ്രായേല്യരുടെ തൊട്ടുപിറകെയെത്തി. ഇരുകൂട്ടരും അന്യോന്യം കണ്ടപ്പോള്‍ നാം ശത്രവിന്റെ പിടിയിലകപ്പെട്ടു പോയതു തന്നെ എന്നു മൂസാ നബിയുടെയാളുകള്‍ പരിതപിച്ചു. അദ്ദേഹം പ്രതികരിച്ചു. ഇല്ല, ഒരിക്കലുമുണ്ടാവില്ല! എന്റെ നാഥന്‍ എന്നോടൊപ്പം തന്നെയുണ്ട്. എനിക്കവന്‍ സന്മാര്‍ഗദര്‍ശനം ചെയ്യുന്നതാണ് ” (സൂറ ശുഅറാഅ് 60).

പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അല്ലാഹു കൂടെയുണ്ടെന്ന കരുത്ത് വിശ്വാസിക്ക് സ്വാന്തനും ഊര്‍ജ്ജവും നല്‍കേണ്ടതുണ്ട്. അബൂബക്കര്‍ (റ) തന്നോട് ഇപ്രകാരം പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുന്നുണ്ട്. ഞങ്ങള്‍ ഗുഹയിലായിരുന്നപ്പോള്‍ ഞാന്‍ നബി(സ്വ)യോട് പറഞ്ഞു: ശത്രുക്കളില്‍ ആരെങ്കിലും അവരുടെ കാലടിക്ക് താഴോട്ടു നോക്കിയാല്‍ നമ്മെ കാണുമല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അബൂബക്കറേ, നമ്മള്‍ രണ്ടു പേര്‍ മാത്രമല്ല, അല്ലാഹു മൂന്നാമനായി നമ്മുടെ കൂടെയുണ്ടെന്നതിനെപ്പറ്റി താങ്കളുടെ വിചാരമെന്താണ്?
അല്ലാഹു ഒരാളെ കൂടുതല്‍ ഇഷ്ടപ്പെടുമ്പോഴാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ അവന്‍ നേരിടേണ്ടിവരുന്നത്. നബി (സ്വ) പറയുന്നു: അല്ലാഹു ഒരു വിഭാഗത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കുന്നതാണ്. ആരെങ്കിലും അതില്‍ തൃപ്തിയടഞ്ഞാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. വല്ലവനും അതില്‍ കോപാകുലനായാല്‍ അവന് അല്ലാഹുവിന്റെ കോപം ഉണ്ടായിരിക്കുന്നതാണ്. മിസ്അബ് (റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ്? നബി(സ്വ) പറഞ്ഞു: പ്രവാചകന്മാര്‍, ശേഷം അവരോട് അടുത്തവര്‍, ശേഷം അവരോട് അടുത്തവര്‍. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസരിച്ച് പരീക്ഷിക്കപ്പെടും. (തിര്‍മുദി).

മനുഷ്യന്‍ എത്രമേല്‍ ദുര്‍ബലനും നിസ്സാരനുമാണെന്നാണ് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്ന വലിയ പാഠം. ഏറ്റവും കൂടുതല്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ച അമേരിക്കയില്‍ തന്നെയാണ് ഈ മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. കാണാന്‍ കഴിയാത്തതിലൊന്നും തങ്ങള്‍ വിശ്വസിക്കില്ല എന്നു പറഞ്ഞവരെല്ലാം കൊറോണ വൈറസ് കാരണം ക്വാറന്റൈനില്‍ നില്‍ക്കുകയാണ്. അദൃശ്യമായ വൈറസ് കൊണ്ട് തന്നെ പടച്ചവന്‍ നമ്മുടെ ദുര്‍ബലത നമ്മെ ബോധ്യപ്പെടുത്തുകയാണ്. അരലക്ഷത്തിലേറെപ്പേര്‍ നഷ്ടപ്പെട്ട് അമേരിക്ക എന്തു ചെയ്യും എന്ന് നിസ്സഹായരായി കൈമലര്‍ത്തി ചോദിച്ചുകൊണ്ടിരിക്കുകയാണ്.
ഇഹലോകത്ത് നാം കേവലം യാത്രക്കാരേപ്പോലെ മാത്രമാണെന്നും നമ്മുടെ ലക്ഷ്യസ്ഥാനം പരലോകമാണെന്നും പ്രവാചകര്‍ വളരെ സുന്ദരമായി ഭൗതികജീവിതത്തെക്കുറിച്ച് ആവിഷ്‌കരിച്ചുതരുന്നുണ്ട്. സുകൃതങ്ങള്‍ വര്‍ധിപ്പിച്ച് ആഖിറത്തിലേക്കുള്ള പാഥേയം ഒരുക്കുന്നതില്‍ നമുക്ക് ജാഗ്രതാ കാട്ടാനുള്ള സന്ദേശമാണ് ഈ മഹാമാരിയെന്ന് തിരിച്ചറിയുന്നിടത്താണ് വിശ്വാസിയുടെ വിജയം.

അബ്ദുല്ലത്തീഫ് പാലത്തുങ്കര