പ്രഭാഷകന്‍ വിമര്‍ശിക്കപ്പെടുന്നു

2520
Close of man hand pointing with finger

ഹൈസം ഇരിങ്ങാട്ടിരി

പ്രസംഗങ്ങളും പ്രഭാഷണങ്ങളും വഅളുകളുമെല്ലാം അവതരിപ്പിക്കുന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിജയിക്കുന്നതും പരാജയപ്പെടുന്നതും. അത് കൊണ്ട് തന്നെ സംഘാടകര്‍ എപ്പോഴും പ്രഭാഷകന്‍ ആര് എന്ന കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ആരെയെങ്കിലും ക്ഷണിച്ച് വരുത്തരുത്. അങ്ങനെ ചെയ്താല്‍ അയാള്‍ എന്തെങ്കിലും പറഞ്ഞ് തിരിച്ച് പോകും. സാമൂഹികമാധ്യമങ്ങളൊക്കെ സജീവമായ ഇക്കാലത്ത് അതൊക്കെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. പ്രഭാഷകര്‍ നേരിടുന്ന പ്രധാന വിമര്‍ശനങ്ങളെ ഒന്ന് വിലയിരുത്താം.

പെരുമാറ്റം:
മിക്കവാറും പ്രഭാഷകന്മാരെ തലക്കനമോ താന്‍പോരിമയോ ഉള്ളവരായിട്ടാണ് സമൂഹം വിലയിരുത്തുക. സത്യത്തില്‍ അവരങ്ങനെ ആവണമെില്ല. എന്നാല്‍ നാലാളറിയുന്ന അവസ്ഥയിലേക്ക് മാറുന്നതോടെ പ്രഭാഷകന്‍ പൊതുവ്യക്തിത്വമാണ്. അഥവാ സെലിബ്രിറ്റി ആണ്. അങ്ങനെ ഉള്ള ഒരാള്‍ തന്റെ സഹജമായ രീതിയില്‍ പെരുമാറിയാല്‍ പോലും അത് അഹങ്കാരമോ ധിക്കാരമോ ആയി വിലയിരുത്തുന്ന പ്രവണത കൂടുതലാണ്. ആര് എപ്പോള്‍ വിളിച്ചാലും ഫോണെടുത്തിരിക്കണം. വേദിയിലോ മറ്റോ വെച്ച് കാണുമ്പോള്‍ ചിരിക്കണം. മുമ്പ് വഴിയരികില്‍ വെച്ച് കണ്ട ബന്ധം വെച്ച് സൗഹൃദത്തോടെ പെരുമാറണം എന്നിങ്ങനെ പ്രഭാഷകന് അസാധ്യമായ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നവരുണ്ട്. വിനയം വേണ്ട എന്നല്ല. എന്നാല്‍ ജനങ്ങളെ തൃപ്തിപ്പെടുത്താനായി അമിത വിനയം കാണിക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. അത് അഭിനയമാണ്. ഇസ്‌ലാമിന് നിരക്കുന്നതല്ല. എന്നാല്‍ പല പ്രഭാഷകര്‍ക്കും ഈ പറയപ്പെടുന്ന തലക്കനം ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. അവരത് പ്രകടിപ്പിക്കുകയും ചെയ്യും. നിബന്ധനകള്‍ കൊണ്ട് സംഘാടകരെ വീര്‍പ്പ് മുട്ടിക്കും. അവര്‍ പ്രാപ്തരും മിടുക്കുള്ളവരുമാണെങ്കില്‍ സംഘാടകര്‍ സഹിക്കും. ഇല്ലെങ്കില്‍ പതുക്കെ അവരെ ആരും ക്ഷണിക്കാതാകും. എന്നാല്‍ ഈ ചെറിയ വിഭാഗം ആളുകള്‍ കാരണം എല്ലാ പ്രഭാഷകരും വിലയിരുത്തപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ശുഭകരമല്ല.

ബന്ധങ്ങള്‍:
പല പ്രഭാഷകരും ബിസിനസ് മനസ്സുള്ളവരാണ് എന്ന് വിമര്‍ശിക്കപ്പെടാറുണ്ട്. അവരുടെ ബന്ധങ്ങളും അടുപ്പങ്ങളും തങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം കിട്ടും എങ്കില്‍ നിലനിര്‍ത്തുന്നവ ആയിരിക്കും. പലരും പ്രസംഗങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലാ തലങ്ങളില്‍ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട് എന്നൊക്കെ വിമര്‍ശനങ്ങളുയരാറുണ്ട്. അതൊക്കെ എത്രത്തോളം സാധ്യമാണ്, സത്യമാണ് എന്നൊന്നും വിമര്‍ശകര്‍ ആലോചിക്കാറില്ല. സത്യമറിയാതെ തന്നെ വിളിച്ച് കൂവും നാവില്‍ വന്നതെല്ലാം. ഇനി അഥവാ ഇങ്ങനെ ഒരു പ്രഭാഷകന്‍ ചെയ്യുന്നു എങ്കില്‍ അത് മതപ്രഭാഷകരെ സംബന്ധിച്ച് വിലകുറഞ്ഞ ഏര്‍പ്പാടാണ്.

ആഹാരം, വെള്ളം, താമസം:
പല മതപ്രഭാഷകരെയും സംഘാടകര്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഭക്ഷണം എങ്ങനെയുള്ളതാവണം എന്നതാണ്. വിദൂരസ്ഥലത്താണ് പരിപാടി എങ്കില്‍ താമസസൗകര്യം, യാത്ര എന്നിവയെല്ലാം തലവേദനകളാണ്. കാരണം പ്രഭാഷകന് വലിയ നിബന്ധനകളുണ്ട്. പലപ്പോഴും ഇത് സത്യമാണ്. ആഹാരകാര്യത്തിലും വെള്ളത്തിന്റെ കാര്യത്തിലും പ്രഭാഷകന്‍ നിബന്ധന വെക്കുന്നതില്‍ അത്ഭുതമില്ല. മിക്കവരും ആവശ്യപ്പെടുന്നത് സാധാരണ ഭക്ഷണമാണ്. കാരണം പ്രഭാഷകന്‍ എല്ലാ ദിവസവും ഒരു നേരമെങ്കിലും സംഘാടകരുടെ ഭക്ഷണം കഴിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ അത് നെയ്‌ച്ചോറും ബിരിയാണിയും അസംഖ്യം പേരില്‍ പാത്രത്തിലെത്തുന്ന ന്യുജനറേഷന്‍ ഭക്ഷണ ഇനങ്ങളുമാണ് എങ്കില്‍ ഇത് നിത്യേന കഴിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും? അതിനാലാണ് ഭക്ഷണകാര്യത്തില്‍ അവര്‍ നിബന്ധന വെക്കുന്നത്. ഞാന്‍ ഒരു ട്രെയിനറാണ്. പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. എന്നാല്‍ കഴിഞ്ഞ കുറേ കാലമായി ചൂടുള്ള വെള്ളമാണ് കുടിക്കുക. ശബ്ദമാണ് പ്രഭാഷകന്റെ ആയുധം. അതിന് തകരാറ് പറ്റുന്നവ കുടിക്കുന്നത് ആത്മഹത്യാപരമാണ്. വിമര്‍ശകന് ഇത് വല്ലതും അറിയണോ? എന്നാല്‍ അണ്ടിപ്പരിപ്പും ബദാമും അജ്‌വയും നിബന്ധനവെക്കുന്നവരുണ്ട്. ശരിയാണോ എന്ന് അത്തരക്കാര്‍ ആലോചിച്ചാല്‍ നല്ലത്. അത് പോലെ താമസക്കാര്യവും ശ്രദ്ധിക്കണം. എത്ര നല്ല വീടാണെങ്കിലും അന്യവീട്ടില്‍ രാത്രി താമസിക്കുന്നത് പലപ്പോഴും പ്രയാസമുണ്ടാക്കും. എന്നാല്‍ നിലവാരമുള്ള ഹോട്ടല്‍ മുറിയോ മറ്റോ ആണെങ്കില്‍ നല്ലതാണ്. എന്നാല്‍ അത് പഞ്ചനക്ഷത്രനിലവാരമുള്ളതാവണം എന്നൊക്കെ ആവശ്യപ്പെടുമ്പോഴാണ് കുഴപ്പം.

അവതരണത്തിലെ വിരസത:
പല പ്രഭാഷകരും കിട്ടിയ വിഷയങ്ങള്‍ പഠിക്കാനും പുതിയ വിഷയങ്ങള്‍ പഠിക്കാനും വലിയ മടി കാണിക്കുന്നവരാണ്. സംഘാടകരാകെട്ട ഉസ്താദ് തന്നെ വിഷയം പറഞ്ഞാല്‍ നന്നായിരിക്കും എന്ന് പറഞ്ഞ് തോളൊഴിയുകയും ചെയ്യും. അത് കൊണ്ട് തന്നെ പലരുടേയും പ്രസംഗങ്ങള്‍ ഒരിക്കല്‍ കേട്ടാല്‍ മതി. ട്രെയിനിങ് മേഖല വ്യത്യസ്തമാണ്. എനിയഗ്രാം, എന്‍ എല്‍ പി തുടങ്ങിയ സങ്കേതങ്ങള്‍ വെച്ച് നടത്തു പരിശീലനക്ലാസ്സുകള്‍ക്ക് ഒരു നിയതമായ ഘടന ഉണ്ട്. അതില്‍ മാറ്റം കൊണ്ട് വരുന്നത് വലിയ ശ്രമകരമാണ്. മാത്രമല്ല ശ്രോതാക്കള്‍ മാറി കൊണ്ടിരിക്കുന്നു, വിഷയം റെക്കോഡ് ചെയ്ത് യൂട്യൂബിലും മറ്റും വരുന്നില്ല. എന്നാല്‍ പ്രഭാഷകന്‍ നന്നായി ഒരുങ്ങി വരണം. വിഷയം പഠിക്കണം.
ഇക്കാര്യത്തില്‍ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ ഏറെ കുറേ ശരിയാണ്. പലരും മികച്ച പ്രഭാഷകരുടെ യൂട്യൂബ് ചാനലുകളിലെ അവതരണങ്ങള്‍ കേട്ട് അത് അപ്പടി കോപ്പിയടിച്ച് തന്റേതായ മാറ്റങ്ങള്‍ നടത്തി അവതരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അത് അരോചകവും മതിപ്പ് കളയുന്നതുമാണ്. പ്രഭാഷകന്റെ ഭാഷയെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അതിന്റെ തുടര്‍ച്ചയില്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇംപര്‍ഫക്ട് മാനറിസം എന്ന് പറയും. അതായത് ഒരാളുടെ സംസാരത്തില്‍ ഒരു പോലെ ആവര്‍ത്തിക്കപ്പെടുന്ന ശരീരഭാഷയോ വാക്കുകളോ ശൈലികളോ ആണ് ഇത്. പ്രഭാഷകന്‍ തന്റെ വേദിയിലെ അവതരണം റെക്കോഡ് ചെയ്ത് കേട്ട ഇത്തരം പാകപ്പിഴവുകള്‍ ഉണ്ടോ എന്ന് ഇടക്കിടക്ക് ഉറപ്പു വരുത്തണം. സ്വയം വിമര്‍ശനം നടത്തണം. അഭ്യുദയകാംഷികളോട് ചോദിച്ച് തന്റെ ഗുണങ്ങളും കുറവുകളും മനസ്സിലാക്കുന്നതും നല്ലതാണ്. എന്നാല്‍ ചോദിച്ച് പരിഹാസ്യനാവേണ്ടതുമില്ല.

പ്രഭാഷകന്റെ സാമൂഹികതലം:
പലപ്പോഴും പ്രഭാഷകന്‍ പറയുന്ന കാര്യങ്ങള്‍ കാലികമായി മനസ്സിലാക്കാന്‍ പറ്റുന്നതാവണം. അഥവാ വേദിയെ നന്നായി മനസ്സിലാക്കണം. പണ്ഠിതന്മാരുടെ ഒരു സദസ്സില്‍ പറയുന്ന കറാമത്തുകളോ, അത്ഭുതകാര്യങ്ങളോ പൊതുവേദിയില്‍ അതേ പോലെ അവതരിപ്പിക്കപ്പെടുന്നത് പ്രയാസങ്ങളുണ്ടാക്കും. പലപ്പോഴും അല്ലാഹുവിന്റെ കലാമും ദീന്‍ തന്നയെും പരിഹസിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പ്രഭാഷകരെ കുറിച്ച് ഇക്കാര്യത്തില്‍ വലിയ കുറ്റപ്പെടുത്തലുകള്‍ ഉയരാറുണ്ട്. ഉദാഹരണത്തിന് അല്ലാഹുവിനെ പ്രസംഗിച്ച് പ്രസംഗിച്ച് ഒരു ഭീകരജിവിയാക്കി മാറ്റിയിട്ടുണ്ട്. എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കി മനുഷ്യനെ നരകത്തിലേക്ക് വലിച്ചെറിയലാണ് റബ്ബിന്റെ പണി എന്ന് തോന്നും ചില പ്രഭാഷണങ്ങള്‍ കേട്ടാല്‍. നരകം മാത്രമേയുള്ളൂ എന്നും സ്വര്‍ഗ്ഗം ഇല്ല എന്നും തോന്നും. ഖബറില്‍ ശിക്ഷ മാത്രമേയുള്ളൂ എന്നും ഒരിക്കലും സ്വര്‍ഗ്ഗീയത ഇല്ല എന്നും തോന്നും. ദീനിനെ ആണ് താന്‍ അവതരിപ്പിക്കുന്നത് എന്ന നല്ല ബോധം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ദീപസ്തംഭം മഹാശ്ചര്യം…
പലപ്പോഴും പ്രഭാഷണങ്ങളുടെ പ്രചോദനം പണമാണല്ലോ. സംഘാടകര്‍ക്ക് മാത്രമല്ല പ്രഭാഷകര്‍ക്കും പണം ഒരു ചോദനയാണ്. അത് കൊണ്ട് തന്നെ സംഘാടകരോ അവരോട് അടുപ്പമുള്ളവരോ പ്രഭാഷകര്‍ക്ക് നല്‍കുന്ന പണത്തെ കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. ചിലതൊക്കെ സത്യമാണ്. ചിലത് അര്‍ധസത്യമോ അസത്യമോ ആണ്. ഒരു സത്കര്‍മ്മമാണ് പ്രഭാഷണം. അപ്പോള്‍ അത് നടത്തുന്നവര്‍ക്ക് ഹദിയ ആയി പണം നല്‍കുന്നത് സ്വദഖ തന്നെയാണ്. എന്നാല്‍ പ്രഭാഷണത്തിന്റെ നിയ്യത്ത് പണമാകുന്നത് പ്രോത്സാഹിപ്പിക്കപ്പെടരുത്. സംഘാടകര്‍ക്കും പ്രഭാഷകനും അങ്ങനെയാവരുത്. അത് പോലെ ആരും കാണാതെ ഒളിച്ചും പാത്തും കവറിലിട് കൈമടക്ക് എന്ന് ഓമനപ്പേരിട്ട്്്് നടത്തുന്ന ഒരു ചടങ്ങാണ് ഈ പണം നല്‍കല്‍. പലപ്പോഴും അത് ഇരുകൂട്ടര്‍ക്കും അരോചകമാണല്ലോ. പരിപാടി കഴിയുമ്പോള്‍ ഇത് താങ്കള്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണ് / ഹദിയ എന്ന് പറഞ്ഞ് വേദിയില്‍ വെച്ച് തന്നെ കവറിലിട്ട്്് പണം നല്‍കുന്ന രീതി നടപ്പാക്കണം എന്ന് തോന്നിയിട്ടുണ്ട്. എന്തായാലും പല പ്രഭാഷകരും ജനറേഷന്‍ വ്യത്യാസമില്ലാതെ വലിയ അളവില്‍ പണം നിബന്ധന ആയി ആവശ്യപ്പെടുുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
ഇന്ന് സമസ്തയുടെ പൊതുവേദികളിലെ പല പ്രഭാഷകരമായും പരിചയമുള്ള ഒരാള്‍ എന്ന നിലയില്‍ പറയട്ടെ, നമ്മുടെ പല പ്രഭാഷകരും വലിയ ആലിമീങ്ങളും മാന്യന്മാരുമാണ്. ആ നന്മ സമസ്ത ശീലിപ്പിച്ചതുമാണ്. അപവാദങ്ങളുണ്ടാകാം. അതിനാലാണ് ഈ പംക്തിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതും.