ഫ്രം ബൈറൂത് ടു ജറുസലേം: മേല്‍വിലാസം നഷ്ടപ്പെടുന്ന ജനത

1672

ജനതയില്ലാത്ത ഭൂമിക്ക് ഭൂമിയില്ലാത്ത ജനത എന്ന കാപ്ഷനുയര്‍ത്തി സെന്റിമെന്‍സില്‍ മൈലേജുണ്ടാക്കിയ ഇസ്രയേല്‍ ക്രൂരതയുടെ പര്യായമായിക്കഴിഞ്ഞു.
വസ്തുനിഷ്ട ചരിത്രത്തിന്റെ പേറ്റന്റ് പോലും ജൂതലോബി അവകാശപ്പെടുന്ന സാഹചര്യത്തില്‍ കാലം ആവശ്യപ്പെടുന്ന വായനകള്‍ അനിവാര്യതയാണ്. ഡോ.ആങ് സ്വീ ചായ് എഴുതിയ ‘ഫ്രം ബൈറൂത് ടു ജറൂസലേം’ എന്ന രചനയാണ് ഫലസ്ഥീന്‍ വായനകളില്‍ ശ്രദ്ധേയമായ ഗ്രന്ഥം. രാഷ്ട്രീയ സയണിസം വംശീയത കൊണ്ട് മലിനമാക്കിയ ഒരു നാടിനെയും ജനതയെയും സ്വാനുഭവങ്ങളുടെ പച്ചയായ വെളിച്ചത്തില്‍ നിന്നുകൊണ്ട് ഡോ.ആങ് സ്വീ ചായ് സ്പഷ്ടമായി വരച്ചുവച്ച കൃതി.
മലേഷ്യക്കാരിയായ ആങ് സ്വീ ചായ് ബ്രിട്ടീഷുകാരനായ ഭര്‍ത്താവുമായി ചേര്‍ന്ന് രൂപീകരിച്ച മെഡിക്കല്‍ എയ്ഡ് പാലസ്തീന്‍ എന്ന സംരംഭത്തിന്റെ ഭാഗമായി ഫലസ്ഥീനിലെ അഭയാര്‍ഥിക്യാമ്പുകളില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ച സമയത്ത് കണ്ണു കൊണ്ട് കണ്ടതും പഞ്ചേന്ത്രിയങ്ങള്‍ കൊണ്ടനുഭവിച്ചതും ഹൃദയം കൊണ്ടെഴുതുകയായിരുന്നു. ആ എഴുത്തിന് ചോരയുടെ ഗന്ധമുണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അപരവത്കരിക്കപ്പെട്ട ഒരു ജനത അനുഭവിക്കുന്ന മുറിവുകളുടെ മധ്യേ നടത്തിയ ദുരിതാശ്വാസ യത്‌നങ്ങള്‍ക്കിടയില്‍ സാക്ഷിയായ നേര്‍ക്കാഴ്ചകള്‍ ലോകത്തോടു വിളിച്ചു പറഞ്ഞ ഗ്രന്ഥത്തിലെ ഓരോ വരികളിലും ഫലസ്തീന്‍ എന്ന അനുഭവം എത്ര തീവ്രവും വേദനാജനകമാണെന്ന് വായനക്കാര്‍ക്കു ബോധ്യമാവും.
1982 ല്‍ ലണ്ടനില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുമ്പോഴാണ്, നിരന്തരം യുദ്ധം നടക്കുന്ന ലബനാനിലേക്ക് സേവനത്തിനായി വിദഗ്ധ ഡോക്ടര്‍മാരെ ആവശ്യമുണ്ടെന്ന പരസ്യം ആങ് സ്വീ ചായ് കാണുന്നതും ലണ്ടനിലെ ഉയര്‍ന്ന ഹോസ്പിറ്റല്‍ ജോലി അവസാനിപ്പിച്ച് ബൈറൂത്തിലേക്കു പുറപ്പെടുന്നതും. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സമാനമനസ്‌കരായ നൂറോളം ഡോക്ടര്‍മാരുമുണ്ടായിരുന്നു കൂടെ. കുട്ടിക്കാലത്തെ ജീവകാരുണ്യ സേവനത്തോളുള്ള വലിയ താല്‍പര്യം തന്നെയാണ് അവരെ അതിനു പ്രേരിപ്പിച്ചത്. ലബനാനിലെ ബെയ്റൂത്തില്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാനാണെന്നും യുദ്ധങ്ങള്‍ക്കിടയിലെ ആതുര സേവനം സാഹിസകമാണെന്നും ആങ് സ്വീ ചായ്ക്ക് അറിയാമായിരുന്നു.
ബൈറൂത്തില്‍ വച്ച് അവര്‍ സബ്‌റ-ഷത്തീല കൂട്ടകൊലക്ക് ദൃക്സാക്ഷിയായി. പടിഞ്ഞാറെ ബൈറൂത്തിലാണ് ഷത്തീലയെങ്കില്‍ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിന്റെ അടുത്തു കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു സബ്‌റ. ആങ് സ്വീ ചായ് ജോലി ചെയ്തിരുന്ന ബെയ്റൂത്തിലെ ഗാസ ആശുപത്രി സബ്‌റ-ഷത്തീല അഭയാര്‍ഥി കാമ്പിനകത്തായിരുന്നു. സബ്‌റ-ഷത്തീല കൂട്ടകൊലക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്ക് ആങ് സ്വീ രൂപം നല്‍കി. എന്നാല്‍, നാലു ലക്ഷം ഇസ്രയേലികള്‍ പങ്കെടുത്ത പ്രകടനം കൂസാതെ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷി പറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേക്കു പോയി. ആ യാത്രയെ പിന്‍പറ്റിയാണ് പുസ്തകത്തിന് ‘ഫ്രം ബെയ്റൂട്ട് റ്റു ജെറൂസലേം’എന്ന പേരു വന്നത്.
‘ഫലസ്തീനികള്‍ക്ക്, ഫലസ്തീനികളെ സ്‌നേഹിക്കുന്നവര്‍ക്ക്’ എന്ന സമര്‍പ്പണത്തോടെയാണ് തുടക്കം.
ഫലസ്തീനികളുടെ പ്രതീക്ഷ പങ്കുവച്ചാണ് ആങ് സ്വീ ചായ് പുസ്തകത്തിലേക്കു പ്രവേശിക്കുന്നത്. ‘ജറുസലേമിലേക്ക്.. പ്രവാസിയായ ഓരോ ഫലസ്തീനിയുടെയും ഒരിക്കലും മരിക്കാത്ത മോഹവും സ്വപ്‌നവുമാണത്. 1948 ല്‍ സ്വന്തം ജന്മഗൃഹങ്ങളില്‍ നിന്നു പറിച്ചെറിയപ്പെടുകയും ലബനാനിലും സിറിയയിലും ജോര്‍ദാനിലും അങ്ങോളമിങ്ങോളം ലോകത്തെവിടെയും അലഞ്ഞുതിരിയുകയും ചെയ്യുന്ന ഓരോ ഫലസ്തീനിയുടെയും ഹൃദയത്തില്‍ അതുണ്ട്. ഇസ്രയേല്‍ എന്നു പിന്നീട് മാറ്റിവിളിക്കപ്പെട്ട സ്വന്തം ദേശത്തേക്കു മടങ്ങാനുള്ള ആഗ്രഹം. സ്വന്തം ഭൂമിക്കു മേലുള്ള അവകാശ ബോധം. ഇന്നല്ലെങ്കില്‍ നാളെ ജറൂസലേമില്‍ മടങ്ങിയെത്തുമെന്ന വിശ്വാസം.’
മരണം വെടിയുണ്ടയായി നെഞ്ചിലോ ബോംബുകളായി തലക്കു മുകളിലോ ഏതു നിമിഷവും വന്നു പതിച്ചേക്കാമെന്ന നിമിഷങ്ങളില്‍ ആത്മധൈര്യം കൈവിടാതെ പൊരുതി നില്‍ക്കാനുള്ള ഫലസ്തീനിയുടെ ഇച്ഛാശക്തിയെ കൃത്യമായി വരച്ചിടുന്നുണ്ട് ഈ കൃതി. കണ്ണീരും ചോരയും ഇടകലര്‍ന്നൊഴുകുന്ന വിവരണം. ‘തിയേറ്ററില്‍ ഏതാനും ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് ക്യാമ്പില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൊല ചെയ്യപ്പെടും മുമ്പ് അവര്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ടു. കഠിനമായി മര്‍ദിക്കപ്പെട്ടവര്‍, വൈദ്യുത കമ്പികള്‍ ചുറ്റി ഷോക്കേല്‍പിക്കപ്പെട്ടവര്‍, കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടവര്‍, ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍, ജീവനോടെ ഡയനാമിറ്റ് വച്ച് തകര്‍ക്കപ്പെട്ട കുഞ്ഞുങ്ങള്‍… പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശരീരങ്ങള്‍. നോക്കിയിരിക്കെ ഞാനോര്‍ത്തു, മരിച്ചവര്‍ മഹാഭാഗ്യവാന്മാര്‍..!’
ചികിത്സ തടയാന്‍ ആശുപത്രികള്‍ പോലും ഇസ്രയേല്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ന്നടിയുന്നത് നിര്‍വികാരത്തോടെയാണ് ആങ് സ്വീ അനുഭവിച്ചത്. മരുന്നും അത്യാവശ്യ വസ്തുക്കളും ഇല്ലാത്ത ആശുപത്രികളിലേക്കാണ് പലതരത്തില്‍ മാരകമായി പരിക്കേറ്റ കൊച്ചുകുഞ്ഞുങ്ങളെയടക്കം വേദനകളില്‍ നിന്ന് പുറത്തേക്കു കൊണ്ടുവരേണ്ടത്. തകര്‍ച്ചയുടെ മധ്യത്തില്‍ നില്‍ക്കുമ്പോഴും പ്രതീക്ഷയുടെ അസ്തമിക്കാത്ത കിരണങ്ങള്‍ അവരുടെ മുഖത്ത് കാണുന്നത് വിവരിക്കുന്നു ആങ്. അതോടൊപ്പം മനുഷ്യത്വത്തിന്റെ സര്‍വ സീമകളെയും അതിലംഘിച്ചു ഇസ്രയേല്‍ നടത്തുന്ന നരനായാട്ടുകളെയും കൃത്യമായി വിവരിക്കുന്നുണ്ട് ഓരോ അധ്യായങ്ങളിലും. സബ്‌റയെയും ഷത്തീലയെയും മനുഷ്യപറ്റില്ലാത്ത കൂട്ടക്കൊലകള്‍ പലസ്തീന്‍ പോരാട്ടത്തിന്റെ കൊടിയടയാളമായി എഴുതിവച്ച ഈ കൃതി മിഴിനനവോടെയല്ലാതെ വായിക്കാനാവില്ല.
അത്രയേറെ ദാരുണവും ഭീകരവുമായിരുന്നു ആ കൂട്ടക്കുരുതി. പക്ഷേ, സബ്‌റയും ഷത്തീലയും പലസ്തീന്റെ പുതു തലമുറക്ക് പകര്‍ന്നു കൊടുത്തത് ചെറുത്തു നില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു. 1982 ലെ സബ്‌റ ഷത്തീല കൂട്ടക്കുരുതിക്കു ശേഷം 1985 ല്‍ വീണ്ടും അവിടേക്കു കടന്നുവന്ന ജൂതപ്പടക്ക് പലസ്തീന്‍ പ്രതിരോധത്തിന്റെ അചഞ്ചലതക്ക് മുന്നില്‍ പിന്‍വലിയേണ്ടി വന്നു എന്നത് സബ്‌റയിലും ഷത്തീലയിലും പിടഞ്ഞുവീണ രക്തസാക്ഷികളുടെ ചോരയില്‍ നിന്ന് ഊറ്റം കൊണ്ട പ്രതിരോധത്തിന്റെ ആത്മ ചൈതന്യം തന്നെയാണ്. കിരാതങ്ങള്‍ക്കു മധ്യേ ജീവിക്കുന്ന ഫലസ്തീനിലെ കുട്ടികളില്‍ പോലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാനുള്ള ആവേശം, എത്ര തീവ്രമാണെന്ന് ആങ് സ്വീ വിവരിക്കുന്നത് ഈസയെന്ന ബാലനെ ചികില്‍സിച്ച അനുഭവത്തിലൂടെയാണ്. ഇസ്രയേലിന്റെ അധിനിവേശം ഈസയുടെ അമ്മയുടെ ജീവനെടുത്തിട്ടുണ്ട്. കാലുകള്‍ തകര്‍ന്നു ജീവിതത്തോടു പൊരുതുമ്പോള്‍ ഉറക്കെ അവന്‍ പറയുന്നത് ഫലസ്തീന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. എന്നാല്‍, ഏഴു വയസ്സുകാരനായ ഈസക്ക്, ഇനി നടക്കാന്‍ പോലും കഴിയുമോ എന്ന ആധിയോടെ ആങ് ഹോപിറ്റലില്‍ നിന്ന് ഉള്ളു വിറച്ചു നടക്കുകയാണ്. കുഞ്ഞുങ്ങളെപ്പോലും എന്തു ഭീകരത ആരോപിച്ചാണ് ഇസ്രയേല്‍ കൂട്ടക്കൊല നടത്തുന്നത് എന്ന് ആങ് നെഞ്ചില്‍ കൈവച്ച് പല തവണ ചോദിക്കുന്നുണ്ട്. ഒരു ജനതയെ നിരന്തരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്രയേലിന്റെ ഭീകരതക്കെതിരെ ലോകം തിമിരം ബാധിച്ച കണ്ണുകളോടെയാണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ തോക്കുകൊണ്ടും ടാങ്കുകൊണ്ടും നേരിടുന്ന ഇസ്രയേലിന്റെ കിരാതനടപടിക്കെതിരെ മൗനം പാലിക്കുന്നവര്‍ അതിജീവനത്തിനായി കല്ലുകൊണ്ട് ഇസ്രയേല്‍ പട്ടാളത്തെ നേരിടുന്നത് തീവ്രവാദമായാണ് കാണുന്നത്. ‘തിമിരമാണ്, നമുക്കൊക്കെ തിമിരമാണ്’ എന്ന ഷൂസെ സരമാഗുവിന്റെ വാക്കുകള്‍ അര്‍ഥവത്താകുകയാണ്. ലോകത്തിന്റെ നിസ്സംഗതതയില്‍ മടുത്ത ഫലസ്തീന്‍ ജനതക്ക് ഇനിയും സമാധാന കരാറുകളില്‍ വിശ്വാസമുണ്ടാകാനിടയില്ല. അതുകൊണ്ടാണ് തന്നെ മുസ്തഫല്‍ കുര്‍ദിന്റെ വാക്കുകള്‍ അവര്‍ക്ക് ആവേശമായി മാറുന്നത്, ”ഭയമെന്ന വാക്കിന്റെ അര്‍ഥം അവര്‍ക്ക് ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍”.
ആങ് സ്വീ ചായ് ചോദിക്കുന്ന ചില ചോദ്യങ്ങളും സയണിസത്തിനെതിരെ അവരുന്നയിക്കുന്ന ആരോപണങ്ങളും പ്രസക്തമാണ്.
ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ജൂതവാശിയെ പിന്താങ്ങുന്ന അമേരിക്കയാണ് ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍. ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കി, ജനതയുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കി ജന്മദേശത്തു നിന്നും ആട്ടിപ്പായിക്കുന്ന ധിക്കാരം എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടാതെ പോകുന്നത്?. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന യഹൂദ ഭീകരതയുടെ അരുംകൊലകള്‍ക്ക് ഡോക്ടര്‍ ആങ് സാക്ഷിയാക്കേണ്ടി വന്നത് ഹൃദയസ്പൃക്കായി വിവരിക്കുന്ന ഈ കൃതിയില്‍ കണ്ണ് നിറയിച്ചൊരു ഭാഗമുണ്ട്….പലസ്തീനെ കുറിച്ചോര്‍ക്കുമ്പോള്‍ നിങ്ങള്‍ കരയാറുണ്ടോ എന്ന സൗദി പത്ര പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആങ് സ്വി നല്‍കിയ മറുപടിയാണത് ‘എനിക്ക് കരയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാനൊരു മൃഗമാവണം’. ആങ് സ്വീ പറയും പോലെ പലസ്തീന്‍ വെറുമൊരു വാക്കല്ല, പലതിന്റെയും പ്രതീകമാണ്. നട്ടെല്ല് പണയംവച്ച് ജീവിക്കുന്നതിനേക്കാള്‍ അഭിമാനത്തോടെ എഴുന്നേറ്റു നിന്ന് മരിക്കാന്‍ ലോകത്തെ മര്‍ദ്ദിതനെ പഠിപ്പിച്ച പാഠശാലയുടെ കൂടി പേരാണ് പലസ്തീന്‍. ആങ് സ്വീ ചായ് തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ”അവര്‍ക്കൊരു സ്വപ്‌നമുണ്ട്; അവരോടൊപ്പം ഞാനും ആ സ്വപ്‌നം കാണുന്നു. കാമ്പിന്റെ എരിയുന്ന ശിഷ്ടങ്ങളിലൂടെ, കണ്ണീര്‍വാതകങ്ങളിലൂടെ, തീഷ്ണതയിലൂടെ മങ്ങിക്കാണുന്ന ഒരു പുതിയ ലോകം. സമാധാനത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തിന്റേതുമായ ഒരു നവലോകം. അത്തരമൊരു ലോകമാണ് നമ്മുടെ സ്വപ്‌നം. നമ്മുടെ ജറുസലേം.”
ഫലസ്തീന്‍ കവി മഹ്മൂദ് ദര്‍വേശിന്റെ വിഖ്യാതമായ കവിത ഇങ്ങനെയാണ് :
‘ആകാശം മുഴുവനും നിങ്ങളെടുത്തോളൂ
രണ്ട് നക്ഷത്രങ്ങളെങ്കിലും ബാക്കിവക്കൂ
കടല്‍ മുഴുവനും നിങ്ങളെടുത്തോളൂ
രണ്ട് തിരകളെങ്കിലും ബാക്കിയാക്കൂ
മണ്ണിലെ പൊന്ന് മുഴുവനും നിങ്ങളെടുത്തോളൂ
പൂര്‍വപിതാക്കളുടെ രണ്ട് പിടി മണ്ണെങ്കിലും ഞങ്ങള്‍ക്ക് നല്‍കൂ’.
രണ്ട് പുസ്തകങ്ങളുണ്ട് ‘ഫ്രം ബൈറൂത് ടു ജെറുസലം’ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും ഇസ്രയേല്‍ പക്ഷപാതിയായ തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷവും 1989 തന്നെയാണ്.

സഈദ് പി.കെ പൂനൂര്‍