ഭക്തിയാണ് നാരായവേര്

2384

ഇസ്ലാമിലെ ഏതു ആരാധന പരിശോധിച്ചാലും അവക്കു പിന്നില്‍ ആധ്യാത്മികമായ ചില ഉദ്ധേശ്യങ്ങളും പൊരുളുകളും അടങ്ങിയതായി കാണാം. നോമ്പിന്റെ പിന്നിലുള്ള ഉദ്ധേശ്യം ഖുര്‍ആന്‍ പ്രഖ്യാപിച്ചതു പോലെ (ബഖറ 183) തഖ്വയാണ്. തഖ്വ എന്നത് നമ്മുടെ പ്രമാണങ്ങള്‍ അടിക്കടിയും ആവര്‍ത്തിച്ചും പരാമര്‍ശിക്കുന്ന ഒന്നാണ്. ഇമാം ഗസാലി(റ) പറയുന്നു: ‘ഏറ്റവും ഉന്നതമായ നിധിയാണ് തഖ്വ. അത് കിട്ടിയാല്‍ വലിയ രത്‌നം തന്നെ നിനക്ക് കിട്ടി. അതുപോലെ ഉയര്‍ന്ന നേട്ടവും ഉത്തമ ദാനവും മഹത്തായ വിജയവും പരന്ന അധികാരവും നിനക്ക് കൈവന്നു. ഇഹത്തിലെയും പരത്തിലെയും സര്‍വ നേട്ടങ്ങളും ഈയൊരു കൊച്ചു വാക്യത്തിനകത്ത് ഒളിപ്പിച്ചുവച്ചതു പോലെ!’ (മിന്‍ഹാജുല്‍ ആബിദീന്‍). ഒരു കവി പറഞ്ഞത് എത്ര നഗ്‌നമായ സത്യം:
‘ഇദല്‍ മര്‍ഉ ലം യല്‍ബസ് സിയാബന്‍ മിനത്തുഖാ,
തഖല്ലബ ഉര്‍യാനന്‍ വ ഇന്‍
കാന കാസിയാ’
(തഖ്വയുടെ വസ്ത്രം അണിഞ്ഞില്ലെങ്കില്‍ എത്ര ഉടുത്തിട്ടുണ്ടെങ്കിലും മനുഷ്യന്മാര്‍ നഗ്‌നരാണ്)
നോക്കൂ, ഓരോ വെള്ളിയാഴ്ചയും പള്ളികളിലെ ഇമാമുമാര്‍ ഖുത്ബയിലൂടെ നമ്മെ കേള്‍പ്പിക്കുന്നത് തഖ്വ കൊണ്ടുള്ള വസിയ്യത്താണ്. പ്രവാചകന്റെ വിശ്രുതവും ശ്രദ്ധേയവുമായ പ്രഭാഷണങ്ങളിലെല്ലാം ഇതിനെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. നിര്യാണവേളയില്‍ അബൂബക്ര്‍(റ) ഉമറി(റ)ന് കൊടുത്ത ഉപദേശത്തിന്റെ ആരംഭം ഇങ്ങനെയായിരുന്നു: ‘ഉമറേ, താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കണം കേട്ടോ.’
ഖുര്‍ആനിക വീക്ഷണപ്രകാരം ഒരാളെ മാന്യനും നിന്ദ്യനുമാക്കുന്നത് നമ്മള്‍ പറഞ്ഞു വരുന്ന തഖ്വയാണ് (ഹുജ്‌റാത്ത് 13). ഒരിക്കല്‍ പ്രവാചകന്‍(സ്വ) ചോദിക്കപ്പെട്ടു: ‘ആരാണ് ജനങ്ങളുടെ കൂട്ടത്തില്‍പ്പെട്ട വലിയ മാന്യന്‍?’ അവിടന്നു പറഞ്ഞു: ‘തഖ്വയുള്ളവന്‍’ (ബുഖാരി). സാധാരണ ഗതിയില്‍ അല്ലാഹുവിന്റെ ഏത് അനുശാസനവും കഴിവിന്റെ പരമാവധി ചെയ്താല്‍ മതിയല്ലോ. ‘ഒരു മനുഷ്യനും കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ കീര്‍ത്തിക്കപ്പെടുകയില്ല’ (ബഖറ 233). എന്നാല്‍, തഖ്വയുടെ കാര്യം അങ്ങനെയല്ല. അത് അതിന്റെ പരമമായ അളവില്‍ തന്നെ നിര്‍വഹിച്ചിരിക്കണം. ഖുര്‍ആന്‍ വിളംബരം ചെയ്യുന്നു: ‘സത്യവിശ്വാസികളേ, നിങ്ങള്‍ വേണ്ടവിധം തഖ്വ സമ്പാദിക്കുക. വിശ്വാസികളാകാതെ നിങ്ങള്‍ മരിക്കരുത്’ (ആലു ഇംറാന്‍ 102). ഇത് അവതരിച്ചപ്പോള്‍ സ്വഹാബത്ത് ചോദിച്ചത്രേ: ‘നബിയേ, ആര്‍ക്കാണ് അങ്ങനെയെല്ലാം കഴിയുക?’ ചിലര്‍ ഇതു പ്രാവര്‍ത്തികമാക്കാന്‍ വളരെ പ്രയാസപ്പെട്ട് നിസ്‌കരിക്കാനും മറ്റു ഇബാദത്തുകള്‍ ചെയ്യാനും തുടങ്ങി എന്നും ചരിത്രത്തില്‍ കാണാം (തഫ്‌സീര്‍ റൂഹുല്‍ മആനി). അപ്പോള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് വീണ്ടും ആയത്തിറങ്ങി: ‘കഴിയും പോലെ നിങ്ങള്‍ തഖ്വയുള്ളവരാകുക’ (തഗാബുന്‍ 16). മൊത്തത്തില്‍, തഖ്വ ദീനിന്റെ നാരായ വേരുകളില്‍ ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി തഖ്വ എന്നാല്‍ എന്താണെന്ന് നോക്കാം. ഇബ്‌നു റജബ്(റ) പറയുന്നു: ‘ഒരാള്‍ തന്റെയും താന്‍ ഭയക്കുന്ന കാര്യങ്ങളുടെയും (ദൈവശിക്ഷ ഉദാഹരണം) ഇടയില്‍ ഒരു സംരക്ഷണ കവചം തീര്‍ക്കുക.’ അഥവാ, ശിക്ഷ കിട്ടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കുക. ഈ മുന്‍കരുതലിന്റെ തീവ്രത അബൂഹുറൈറ(റ) ഇപ്രകാരം വിശദീകരിക്കുന്നു: ‘ഒരു വഴി നിറയെ മുള്ളുകളാണെങ്കില്‍ അതിലൂടെ നടക്കുമ്പോള്‍ എത്ര ശ്രദ്ധിച്ചാണ് നാം ഓരോ കാലടിയും വക്കുക! അതുതന്നെയാണ് തഖ്വ.’
നോമ്പിലൂടെ എങ്ങനെയാണ് തഖ്വ കരഗതമാവുക എന്നതാണ് ഇനി മനസ്സിലാക്കാനുള്ളത്. ഒറ്റവാക്കില്‍ ഇങ്ങനെ പറയാം; എങ്ങനെയാണോ ഒരാള്‍ തെറ്റിലേക്ക് വഴുതി നീങ്ങുന്നത് അതിനെയെല്ലാം പ്രതിരോധിക്കാനുള്ള സിദ്ധി നോമ്പ് പ്രദാനം ചെയ്യുന്നു. തെറ്റു വന്നുപോവാനുള്ള ഒരു പ്രധാന കാരണം ശരീരേച്ഛയുടെ പ്രേരണയാണല്ലോ. അതുകൊണ്ടാണ് നിങ്ങളുടെ ഏറ്റവും വലിയ ശത്രു സ്വന്തം ശരീരമാണെന്ന് പ്രവാചകന്‍(സ്വ) പറഞ്ഞത്. ഉമറി(റ)ന് അബൂബക്ര്‍(റ) കൊടുത്ത ഉപദേശങ്ങളില്‍ കാണാം, ആദ്യം താങ്കള്‍ ഭയപ്പെടേണ്ടത് താങ്കളുടെ ശരീരത്തെയാണ്. ഹസന്‍ ബസ്വരി(റ) പറയുന്നു: ‘ഒരാള്‍ പെട്ടെന്ന് പിടിച്ചു കെട്ടേണ്ട ജീവി സ്വന്തം ശരീരമാണ്.’ ശരീരം ഒരുദാഹരണം മാത്രം.
ഇപ്പറഞ്ഞ പ്രകാരത്തിലെല്ലാമുള്ള ശരീരത്തെ വരുതിയിലാക്കാന്‍ ഉപവാസത്തെപ്പോലെ മറ്റൊന്നില്ല. കാരണം, ശരീരത്തിന്റെ താല്‍പര്യങ്ങളെ നിഷേധിക്കലാണല്ലോ നോമ്പ്. തിന്നണം എന്ന് ശരീരം പറയുമ്പോള്‍ തിന്നാതിരിക്കലിലൂടെ, കുടിക്കണം എന്ന് പറയുമ്പോള്‍ കുടിക്കാതിരിക്കലിലൂടെ നാം ശരീരത്തെ കീഴ്‌പെടുത്താന്‍ പഠിക്കുന്നു. അനന്തരഫലമെന്നോണം നമ്മുടെ മനക്കരുത്തും മനോബലവും വര്‍ധിക്കുന്നു. എങ്ങനെയാണ് ദുര്‍ബലകായനായ മഹാത്മാഗാന്ധിക്ക് ഇന്നത്തേതിനെക്കാള്‍ മൂന്നിരട്ടി വലുപ്പമുണ്ടായിരുന്ന അഖണ്ഡ ഭാരതത്തെ പാരതന്ത്ര്യത്തിന്റെ തമസ്സില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്? ഉപവാസം കൊണ്ടായിരുന്നെന്ന് അദ്ദേഹം പലവുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ചുരുക്കത്തില്‍ തഖ്വ കൈവരിക്കാനുള്ള പരിശീലന കാലയളവാണ് വിശുദ്ധ റമളാന്‍ എന്നു നമുക്ക് സംഗ്രഹിക്കാം. ഇക്കാലയളവില്‍ കൈവരിച്ച പ്രസ്തുത തഖ്വ കൊണ്ടാവണം ശിഷ്ടകാലം നാം കഴിച്ചുകൂട്ടേണ്ടത്.

മുനീര്‍ ഹുദവി