ഭരണകൂടത്താല്‍ തോല്‍പിക്കപ്പെടുന്നവര്‍

1615

സ്വന്തത്തിന് ഒരനുഭവമുണ്ടാകുമ്പോഴാണ് നമ്മളൊക്കെ നാട്ടുകാരില്‍ ഒരാളാവുന്നത്. അതുവരെ നമ്മള്‍ കാഴ്ചക്കാരാണ്. കണ്ടും കേട്ടുമറിഞ്ഞ കാര്യങ്ങള്‍ അവനവനില്‍ സംഭവിക്കുന്നതാണ് അനുഭവങ്ങള്‍. കണ്ണുകൊണ്ടുള്ള വായന മാത്രമാണ് കാഴ്ച. കേട്ടുകേട്ട് ഞെട്ടിയ കൊറോണക്കഥകള്‍ നമ്മള്‍ പലരുടെയും അനുഭവ കഥയായി മാറി എന്നതാണ് കഥയുടെ ചുരുക്കം. വൈറല്‍ എന്ന വാക്കിനെ എത്ര രസകരമായിട്ടായിരുന്നു നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. വൈറല്‍ എന്നാല്‍ സ്വീകാര്യനാവുക എന്നായിരുന്നു പൊതുവിലുള്ള അര്‍ഥം. ഇന്നിപ്പോള്‍ ആ വാക്കില്‍ നിറയെ ഭയമാണ്. അടുപ്പവും അകല്‍ച്ചയും അവനവനില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന കാലത്ത് സ്പര്‍ശന സന്തോഷങ്ങള്‍ മൊത്തത്തില്‍ റദ്ദു ചെയ്യപ്പെട്ടിരിക്കുകയാണ്. വൈറലായിക്കൊണ്ടിരിക്കുന്ന വൈറസാണിപ്പോള്‍ വില്ലന്‍.
അസ്വസ്ഥപ്പെടുത്തുന്നതാണ് ഓരോ ബ്രെക്കിംഗ് വാര്‍ത്തയും. വലിയൊരു ഭീതിക്കയത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അതിനേക്കാള്‍ ഭീതിതമായ ഒന്ന് സംഭവിക്കാനിരിക്കുന്നു എന്നുകൂടി ചുറ്റുപാടുകള്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് നാടും നഗരവും കടന്ന് കൊറോണക്കഥ അവനവന്റെ അടുക്കളയില്‍വരെ എത്തി. സന്ദര്‍ശകരെയെല്ലാം ദൂരെ നിര്‍ത്തി ആളൊഴിഞ്ഞ ഉമ്മറം പോലെ നമ്മുടെയൊക്കെ ജീവിതം. മനുഷ്യന്റെ പ്രതിസന്ധികള്‍, നിസ്സഹായതകള്‍. കാലവും ദൂരവും ചരിത്രത്തിന്റെ ഇടനാഴികയില്‍ ഒന്നായി വന്ന ദാരുണ ഭാവങ്ങള്‍.
ചിലതല്ല, പലതും കൊറോണ മാറ്റി. നാളെ എന്ന് കരുതിയ പദ്ധതികള്‍ ഇല്ലാതെയി. അങ്ങനെത്തന്നെ, അവിടെത്തന്നെ, അപ്പോള്‍ത്തന്നെ, അയാള്‍തന്നെ ആവണം എന്നായി ജീവിതം. പെറ്റുപെരുകുന്ന കൊറോണ ഒരുതരം യുദ്ധമനോഭാവത്തിലാണ് പെരുമാറുന്നത്. അതതിന്റെ ഭൂപടം അതിനുവേണ്ട വിധം അളന്നെടുത്തു കൊണ്ടിരിക്കുന്നു. ആര്‍ക്ക് ജീവിതം കൊടുക്കണം ആരെയൊക്കെ മരിപ്പിക്കണമെന്ന് അതുതന്നെ തീരുമാനിച്ച മട്ടാണ്. ഒട്ടും ധര്‍മസങ്കടമില്ലതിന്. ഭാഗ്യമില്ലാത്ത രോഗികള്‍ എന്നൊരു പ്രയോഗം തന്നെ അത് നിര്‍മിച്ചു കഴിഞ്ഞു.
2019 ഡിസംബറില്‍ വുഹാനില്‍ നിന്നായിരുന്നു അതിന്റെ പുറപ്പാട്. വൈറസിനെ പ്രതിരോധിക്കാന്‍ ചൈന ശ്രമപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ നമ്മുടെ രാജ്യത്തെ ഭരണാധികാരികള്‍ ജനതയെ ‘കുളംകര’ കളിപ്പിക്കുകയായിരുന്നു. തങ്ങളല്ലാത്തവരൊക്കെയും തോല്‍ക്കണമെന്ന ഏകപക്ഷീയ മനോഭാവത്തെ വിത്തിട്ട് വിളയിപ്പിക്കുന്ന മോഡി സര്‍ക്കാര്‍, പാര്‍ലമെന്റില്‍ പാസാക്കിയ മുസ്‌ലിം വിരുദ്ധ ബില്ലിനെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളെ ലാത്തികൊണ്ട് തെരുവില്‍ തല്ലിച്ചതക്കുന്ന തിരക്കിലായിരുന്നപ്പോള്‍. കോവിഡ്-19 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 2020 ജനുവരി 30നും ഭരണകൂടം വിദേശ നേതാക്കളെ സത്കരിക്കാനുള്ള തളിക കഴുകുകയായിരുന്നു. മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന കോവിഡ്-19 മഹാമാരിയാണെന്ന് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യാന്‍ വന്നു. സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചായിരുന്നു അതില്‍ ഊന്നി പറഞ്ഞത്. മനുഷ്യരെ മതങ്ങളുടെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു നിര്‍ത്തുന്നതിന് ബില്ല് പാസാക്കിയതിന്റെ പേരില്‍ തെരുവിലിറങ്ങേണ്ടി വന്നവര്‍ക്ക് അക്കാര്യം വളരെ വേഗത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. വേണ്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ വേറെച്ചിലത് പറഞ്ഞു പോവുകയായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി.
മാര്‍ച്ച് 24 എട്ടുമണിക്ക് പ്രധാനമന്ത്രി നമ്മുടെ വാര്‍ത്തമുറികളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പ്രധാനമന്ത്രി ടിവിയില്‍ വരുന്നു എന്നൊരു മുന്നറിയിപ്പ് ആദ്യം വരുന്നതോടെ തന്നെ ആളുകളുടെ പരിഭ്രാന്തി തുടങ്ങുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു തന്നെ നോക്കൂ. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് വന്ന നില്‍പ്പില്‍ ശ്വാസം വിടാതെ പറയുന്നു. സംസ്ഥാന സര്‍ക്കാറുകളോട് പോലും കൂടിയാലോചിക്കാതെ വേണ്ടത്ര മുന്‍ കരുതലൊന്നുമില്ലാതെ വെറും നാല് മണിക്കൂര്‍ സമയം തരുന്നു. 138 കോടി വരുന്ന ജനതയുടെ നീക്കുപോക്കുകള്‍ക്ക് പൂട്ടിടുന്നു. രാജ്യത്തെ 80 ശതമാനം വരുന്ന കറന്‍സി ഒറ്റ രാത്രി കൊണ്ട് നിയമസാധുത ഇല്ലാതാക്കി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ അട്ടിമറിച്ച ഒരാളുടെ മറ്റൊരു പ്രകടനം.
മുംബൈയില്‍ ദിവസക്കൂലിക്ക് വന്ന് തെരുവില്‍ പാര്‍ക്കുന്ന മനുഷ്യര്‍ ഇരുപത്തൊന്നു ദിവസം എങ്ങനെ വേലയും വേതനവുമില്ലാതെ കഴിയുമെന്നു കണ്ട് ഗത്യന്തരമില്ലാതെ മുന്നൂറും അറുനൂറുമൊക്കെ കിലോമീറ്ററുകള്‍ അപ്പുറമുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്കു പദയാത്ര നടത്തുന്നു. മരണത്തിനും മോഹത്തിനും മദ്ധ്യേ നടന്നു തളര്‍ന്ന പാദങ്ങളെ വേച്ചുവേച്ചവര്‍ നടന്നു. ഒന്നുകില്‍ ഈ സാഹസം കുടുംബങ്ങങ്ങള്‍ക്ക് വൈറസിനെ കൊണ്ടുകൊടുക്കലാണ്, അല്ലെങ്കില്‍ അവരില്‍ നിന്ന് അണുബാധയെ ഇങ്ങോട്ട് സ്വീകരിക്കലാണ് എന്നവര്‍ക്കറിയാമായിരുന്നു. എന്നിട്ടും ഏത്തമിടീക്കലും തവളച്ചാട്ടവും കഴിഞ്ഞ് മടങ്ങിപ്പോയവര്‍ വാതിലുകളില്‍ തെളിയുന്നത് കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്കവര്‍ യാത്ര തുടര്‍ന്നു. അവരുടെ കാലുതേഞ്ഞു തീര്‍ന്നാലും കണ്ണ് തുറക്കാത്ത ഭരണകൂടങ്ങള്‍ നിയമപാലകരാല്‍ അവരെ പീഢിപ്പിച്ചു നിര്‍വൃതി നേടി.
എല്ലാം കഴിഞ്ഞെന്ന് ആശ്വാസിച്ചതാണ്. ചാനലുകളില്‍ കണ്ടും വാര്‍ത്തകളില്‍ വായിച്ചുമറിഞ്ഞ ദുരിത പര്‍വകാലം അവനവന്‍ അനുഭവിച്ചതിന്റെ തീക്ഷ്ണതയില്‍ ജീവിതത്തിന്റെ പുതുപാതയിലേക്ക് ഇറങ്ങി നടക്കുമ്പോഴാണ് മടക്കംവച്ച കൊറോണ കൂടുതല്‍ കരുത്തില്‍ തിരിച്ചു വരുന്നത്. ഇതതിന്റെ രണ്ടാം കാലമാണ്. പുഴയായൊഴുകുന്ന തീരത്ത് ഇനിയെത്ര കാലമെന്ന ചോദ്യത്തിന് മുമ്പില്‍ മനുഷ്യന് ശ്വാസം മുട്ടുന്നു. ഒട്ടും ബുദ്ധിമുട്ടില്ലാതെ കിട്ടിക്കൊണ്ടിരുന്ന ഒന്നിനെ നമ്മളിപ്പോള്‍ ക്യൂ നിന്ന് കുറ്റിയിലാക്കി വാങ്ങിവക്കുന്നു.
ജീവിക്കാനുള്ള ആഗ്രഹങ്ങളാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍. നഗരങ്ങളിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറിന് ക്ഷാമം നേരിടുന്നുവെന്ന് വാര്‍ത്ത കേള്‍ക്കുമ്പോള്‍, അതുമൂലം മനുഷ്യ ജീവനുകള്‍ മരിച്ചു വീഴുന്നത് സ്‌ക്രീനില്‍ കാണുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹളാണല്ലോ അവിടെ കിട്ടാകനിയാവുന്നത് എന്ന് വേദനയോടെ മനസ്സിലാക്കുന്നു. അറിയുന്നവരും അല്ലാത്തവരുമായ എത്രപേരാണ് ശ്വാസംനിലച്ച് തീര്‍ന്നുപോയിക്കൊണ്ടിരിക്കുന്നത്. എവിടെയോ കുരുങ്ങി പ്രാണന്‍ ഉള്ളില്‍ കിടന്നു പിടയുമ്പോള്‍ ജീവിക്കാനുള്ള പൂതിയാണ് ഒരു സിലിണ്ടറിലേക്ക് മനുഷ്യന്റെ അവസാനത്തെ ആഗ്രഹത്തെ എത്തിക്കുന്നത്. ആഗ്രഹങ്ങളറിഞ്ഞ്; അതിലേക്ക് ആഞ്ഞുവലിച്ചിട്ടും അതുകിട്ടാതെ ശ്വാസമറ്റു പോകുന്ന മനുഷ്യരുടെ എണ്ണക്കണക്ക് സങ്കടപ്പെടുത്തുന്നു.
കിതയ്ക്കുന്ന ശ്വാസങ്ങള്‍, നിലവിളിക്കുന്ന നിസ്സഹായര്‍, ചിതകള്‍ കൊണ്ട് നിറഞ്ഞ ശ്മശാനങ്ങള്‍, പ്രാണനു വേണ്ടി പിടയുന്ന രോഗികള്‍, അവരുടെ തിരിച്ചു വരവിനു വേണ്ടി ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടറുമായി നെട്ടോട്ടമോടുന്ന ബന്ധുക്കള്‍. ഭയാനകമായ നിരാശകള്‍ക്കിടയിലാണ് രാജ്യം. നമ്മള്‍ അനുഭവിക്കുന്ന മഹാമാരിജീവിതം പറഞ്ഞറിയിക്കാനാവാത്ത വിധത്തില്‍ സങ്കടം നിറഞ്ഞതാണ്. ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ നിറമുള്ള ഇന്ത്യയെ മാത്രം വരച്ചു കാട്ടിയിരുന്ന പ്രധാനമന്ത്രിയുടെ ശ്രമങ്ങള്‍ പാളിയതും ഈ കോവിഡ് കാലത്താണ്. കൊറോണക്കാലം ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പ സാമ്രാജ്യത്വത്തെ പൊളിച്ചുമാറ്റിയപ്പോള്‍ നിറമില്ലാത്ത ഇന്ത്യയെ ലോകം കണ്ടു. മാന്‍കീ ബാത്തിലൂടെ വച്ചുപിടിപ്പിച്ച നിറങ്ങള്‍ അങ്ങനെ കെട്ടുപോയി.
റോയിട്ടോസ് ഫോട്ടോ ഗ്രാഫറായ ഡാനിഷ് സിദ്ദീഖി പകര്‍ത്തിയ ചിത്രങ്ങള്‍ ശ്വാസക്കിതപ്പില്‍ കണ്ണ് തള്ളുന്ന ഇന്ത്യയെ ലോകത്തിന് മുമ്പില്‍ വരച്ചിട്ടു. ആയിരത്തില്‍ അരമാത്രമാണ് വാര്‍ത്തയാവുന്നത്. സിദ്ധീഖിയുടെ ക്യാമറയില്‍ പതിയാത്ത അതിനേക്കാള്‍ ദയനീയമായ ചിത്രങ്ങള്‍ അതിന് ചുറ്റുമുണ്ടാകും. എരിയുന്ന ചിതയുടെ തൊട്ടപ്പുറത്ത് അതേ സമയം ആരാലും കാണാതെ കിടക്കുന്ന മരിച്ച മനുഷ്യരുമുണ്ടാവും, ഡല്‍ഹിയിലെ ആശുപത്രിയില്‍ ജീവവായു കിട്ടാതെ രോഗി മരിക്കുമ്പോള്‍ വാര്‍ത്തയും ചിത്രവുമാവാതെ വച്ചുപിടിപ്പിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറില്ലാതെ വീട്ടില്‍ കിടന്നു മരിക്കുന്നവരുണ്ട്. പക്ഷേ, കൂട്ടത്തില്‍ ചിലത് മാത്രമാണ് വാര്‍ത്തയാവുന്നത്.
കാരവന്‍ മാഗസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ നാം കാണേണ്ട കാഴ്ചകളാണ്. പ്രതിസന്ധികളുടെ യഥാര്‍ഥ ചിത്രം അതു നമുക്ക് കാണിച്ചു തരുന്നു. ആകാശം കാണാതാവുകയും ചിറകുകള്‍ നഷ്ടപ്പെടുകയും ചെയ്ത പക്ഷിക്കുഞ്ഞിന്റെ നിസ്സഹായത പോലെ കുറേ മനുഷ്യര്‍. പ്രിയപ്പെട്ടവരുടെ വെന്തുരുകുന്ന ചിതയുടെ വെളിച്ചത്തിലിരുന്ന് തിരികെ കിട്ടാന്‍ ഒന്നുമില്ലാതായതിന്റെ സങ്കടം പറയുന്നവര്‍. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരാളായിട്ടും ജനതയുടെ സങ്കടങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത പ്രധാനമന്ത്രിക്കെതിരെ അതിലെ ഒരു സ്ത്രീ കരഞ്ഞാക്രോശിക്കുന്നുണ്ട്.
തന്റെ സഹോദരന്റെ ചിതക്കരികെ ഇരുന്ന് ആങ്ങളയെ നഷ്ട്ടപ്പെട്ട ആ പെങ്ങള്‍ വിലാപം ഭരണകൂടത്താല്‍ തോല്‍പിക്കപ്പെട്ട ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിലെ ചോദ്യങ്ങളാണ്. ‘എന്തിനാണ് മോദി വോട്ടു വാങ്ങുന്നത്? എന്തിനാണ്? മനുഷ്യരെ കൊല്ലാനാണോ വോട്ട്?. രാജ്യം നശിപ്പിച്ചു. എല്ലാ വീടുകളിലും ചിതകള്‍ കത്തിച്ചു ഇവര്‍. എന്തുകൊണ്ടാണ് ഓക്്‌സിജന്‍ ലഭിക്കാത്തത്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ബെഡ് ലഭിക്കാത്തത്? എന്റെ സഹോദരനെ എന്നില്‍ നിന്ന് പറിച്ചെടുത്തു. ഞാനെന്തിന് മിണ്ടാതിരിക്കണം. അവനെന്റെ ഇളയ സഹോദരനായിരുന്നു. അവനെയും കൊണ്ട് ദല്‍ഹി മുഴുവന്‍ ഞങ്ങള്‍ അലഞ്ഞു. പക്ഷേ, ബെഡോ ഓക്‌സിജനോ കിട്ടിയില്ല. ആരാണ് ഉത്തരവാദി? മോദി? ദല്‍ഹി ഭരണകൂടം? ആരാണ് ഉത്തരവാദി? ഈ ചോദ്യങ്ങള്‍ ആരാണ് ഉന്നയിക്കേണ്ടത്?’ അവര്‍ ചോദ്യങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ആര് മറുപടി നല്‍കും. ഉത്തരമാവേണ്ട ഭരണകൂടം ഉറക്കത്തിലാണ്. ഉണ്ടാക്കിവച്ച ഉത്തരങ്ങളുമായി അവര്‍ ചാനല്‍ ക്യാമറകളെ കാത്തിരിക്കുകയാണ്. നിലച്ചു പോകുന്ന ശ്വാസങ്ങളുടെ കിതപ്പുകളില്‍ തോറ്റ് മരിച്ചു വീണ മനുഷ്യരുടെ ജീവനറ്റ ജഡങ്ങള്‍ നദികളിലും പൊതുയിടങ്ങളും അജ്ഞാനതരായി നിറയുമ്പോള്‍ അവരടച്ച നികുതി പണത്തില്‍ നിന്ന് സെന്‍ട്രല്‍ വിസ്റ്റ പണിയാന്‍ കല്ലും മണ്ണും ശേഖരിക്കുന്ന പ്രധാനമന്ത്രിയെ ലോകം തോറ്റ മനുഷ്യനായി നോക്കിക്കാണുകായിണിപ്പോഴും. ഉറങ്ങുന്ന ഭരണകൂടത്തിന് തലയിണ വച്ചു കൊടുക്കുക എന്ന കുറ്റം നമ്മള്‍ ചെയ്യാതിരിക്കുക.

റഹീം വാവൂര്‍