ഭീതിദിനം; അണിയറക്കു പിന്നിലെ ഒളിയജണ്ടകള്‍

1470

നയതന്ത്ര ഉപചാരങ്ങളുടെ ഭാഗമായി എല്ലാ രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ സുപ്രധാന ദേശീയ ദിനങ്ങളില്‍ ആശംസ അറിയിച്ചുകൊണ്ട് രാഷ്ട്രത്തലവന്‍മാര്‍ക്ക് കത്തെഴുതുന്നത് പതിവാണ്. അങ്ങനെയുള്ള കത്തുകളിലൊന്ന് മാര്‍ച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എഴുതിയിരുന്നു. പാക്കിസ്താന്റെ ദേശീയ ദിനത്തിന് ആശംസയറിയിച്ചാണ് മോദി ആ സന്ദേശമയച്ചത്. എന്തുകൊണ്ടാണ് പാകിസ്താന്‍ മാര്‍ച്ച് 22 തന്നെ ദേശീയ ദിനാചരണത്തിന് തെരഞ്ഞെടുത്തതന്നറിയുമ്പോഴാണ് പുതുതായി പ്രഖ്യാപിച്ച ആഗസ്റ്റ് 14 ലെ വിഭജന ദീതിദിനത്തിലെ കാപട്യം തിരിച്ചറിയുക. 1940 മാര്‍ച്ച് 22 നാണ് സര്‍വേന്ത്യാ മുസ്‌ലിംലീഗ് ഇന്ത്യാ വിഭജന പ്രമേയം പാസാക്കിയത്. അത്തരമൊരു ദിനമാണ് മോദിയാല്‍ ആശംസിക്കപ്പെട്ടതെന്നോര്‍ക്കണം. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 നും സമാനമായ ഉപചാര സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കുകയും വേണം.
നയതന്ത്ര ഭാഷയില്‍ പറഞ്ഞാല്‍ ഇത്തരം ആശംസാ കൈമാറ്റത്തില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഒരു വശത്ത് പാകിസ്താന്റെ ദിനാചരണങ്ങളില്‍ സര്‍വാത്മനാ പങ്കെടുക്കുകയും മറുവശത്ത് പാക്കിസ്താന്റെ പിറവിയുടെ പശ്ചാത്തലം വൈരത്തിന്റെ ആഴം കൂട്ടാന്‍ പ്രചാരണായുധമാക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേട് രാഷട്രാന്തരീയ രാഷ്ട്രീയം നിരീക്ഷിക്കുന്നവരില്‍ കൗതുകമുണര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക്, പക്ഷേ, ഇത് സംഘപരിവാരത്തിന്റ പതിവ് രാഷ്ട്രീയ കലാപരിപാടികളുടെ മറ്റൊരദ്ധ്യായം മാത്രം. ഇന്ത്യയില്‍ പൊടുന്നനെ ഒരു വിഭജന ഭീതിദിനം പ്രഖ്യാപിച്ചതിനു പിന്നിലുള്ള അജണ്ടകള്‍ എന്തൊക്കെയായിരിക്കുമെന്നുള്ള പരിശോധന തീര്‍ച്ചയായും പ്രസക്തമായിരിക്കും.
നോട്ട് നിരോധനമെന്ന മണ്ടത്തരഞ്ഞെതുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ വന്ന കോവിഡ് മഹാമാരി സമ്പദ് രംഗത്തിന്റെ നടുവൊടിച്ചിരിക്കുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. പെട്രോള്‍-ഡീസല്‍ വിലയും പാചകവാതക വിലയും കുടുംബ സദസുകളില്‍ മോദി വിരുദ്ധത കൂട്ടിക്കൊണ്ടിരിക്കുന്നു. മോദിയും അമിത്ഷായും ‘കവലകള്‍ തോറും’ പ്രസംഗിച്ചിട്ടും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി തകര്‍പ്പന്‍ വിജയം നേടുന്നു. യു.പി ഇലക്ഷനു മുമ്പായി പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടുന്നു. മമത ഫാക്ടര്‍ ദേശീയ തലത്തിലും സ്വാധീനമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നു. തെറ്റായ നയതന്ത്രജ്ഞതയുടെ ഫലമായി ചിരകാല സുഹൃദ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം മോശമാകുന്നു.
ഇങ്ങനെയുള്ള നെഗറ്റീവ് മുഖഛായ ഉണ്ടാവുമ്പോഴൊക്കെ ആര്‍.എസ്.എസ് ബുദ്ധികേന്ദ്രങ്ങള്‍ പയറ്റാറുള്ള തന്ത്രമാണ് പാക്കിസ്താന്‍ ചാരന്‍മാര്‍, മുസ്‌ലിംകളുടെ പെറ്റുപെരുകല്‍, മുസ്‌ലിം തീവ്രവാദം, ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം, പൗരത്വ പ്രശ്‌നം തുടങ്ങിയവയൊക്കെ. ബാബരി മസ്ജിദ് പോലുള്ള ഇഷ്യൂകള്‍ ഇല്ലാതായി. അതിനാല്‍ വിദ്വേഷത്തിന്റെ പുതിയ കനലുകള്‍ ഊതിക്കത്തിക്കേണ്ടതുണ്ട്. വിഭജന ഭീതി ഓര്‍മദിനം പൊടുന്നനെ പൊട്ടി മുളക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.
ഇങ്ങനെയൊരു ദിനം ആചരിക്കാന്‍ ആഗസ്റ്റ് 14 തന്നെ തെരഞ്ഞെടുക്കുന്നത് ഒരു ഡിപ്ലൊമാറ്റിക് ബ്ലണ്ടര്‍ ആണെന്ന് പിന്നീടെങ്കിലും നാം തിരിച്ചറിയും. കാരണം, അന്നാണ് പാകിസ്താന്റെ സ്വാതന്ത്ര്യ ദിനം. പതിവു പോലെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ ഭരണാധികാരിക്ക് ആശംസാ സന്ദേശമയക്കും. ഇന്ത്യാ-പാക് അതിര്‍ത്തിയായ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ പാക് ഭടന്‍മാര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് മധുര പലഹാരം കൈമാറും. നമ്മുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യന്‍ ഭടന്‍മാര്‍ പാക് സൈനികര്‍ക്കും മധുരം നല്‍കും. പാക് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ആശംസാ സന്ദേശമയക്കും. ഇങ്ങനെയൊരു ദിനം ആചരിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതിനായി തെരഞ്ഞെടുക്കാമായിരുന്ന ദിവസം ജൂണ്‍ 3 ആണ്. അന്നാണ് മൗണ്ട് ബാറ്റണ്‍ പ്രഭു ഇന്ത്യാ വിഭജനം പ്രഖ്യാപിക്കുന്നതും രാജ്യമെങ്ങും ഭീതിയുടേയും കലാപത്തിന്റേയും രക്തച്ചൊരിച്ചിലിന്റേയും കരിമേഘങ്ങള്‍ ഉരുണ്ടു കൂടിയതും. എന്നാല്‍, എന്തുകൊണ്ട് ജൂണ്‍ 3 തെരഞ്ഞെടുത്തില്ല. ബ്രിട്ടീഷുകാര്‍ക്ക് അപ്രിയമുണ്ടാക്കുന്ന ഒന്നും സംഘപരിവാരം ചെയ്തു ശീലിച്ചിട്ടില്ല എന്നതു തന്നെ കാരണം.
വിഭജനത്തിന്റെ മഹാദുരന്തങ്ങള്‍ അനുഭവിച്ചവരുടെ തലമുറകളാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളിലും കഴിയുന്നത്. വിഭജനകാലത്ത് കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമായ ലക്ഷക്കണക്കിനാളുകള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യയിലും പാക്കിസ്താനിലും കൊല്ലപ്പെട്ടവരെകുറിച്ച് വ്യത്യസ്ത കണക്കുകള്‍ പറയുന്നുണ്ട്. ഉദാഹരണത്തിന് ആര്‍.എസ്.എസ് പ്രചാരക് ബി.എല്‍ സന്തോഷ് പറഞ്ഞത് രണ്ടു കോടിയോളമാളുള്‍ കൊല്ലപ്പെട്ടെന്നാണ്. ഒരു കാലത്ത് മുസ്‌ലിം ഭൂരിപക്ഷമായിരുന്ന ജമ്മുവില്‍ മഹാരാജ ഹരിസിംഗിന്റെ പിന്തുണയോടെ അഞ്ച് ലക്ഷം പേരെ കൊന്നൊടുക്കിയ ശേഷമാണ് അവിടെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായതെന്ന് പത്രപ്രവര്‍ത്തകന്‍ വേദ്ഭാസിനേയും ഗവേഷകനായ ഇല്യാസ്ഛദ്ദയേയും ഉദ്ധരിച്ച് സ്റ്റേറ്റ്‌സ് മാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരള്‍ പിളര്‍ക്കുന്ന കണക്കുകളാണ് ഇവയെല്ലാം, നടുക്കുന്ന ഓര്‍മകളും
തീര്‍ച്ചയായും ഇത്തരം കുരുതികളും ദുരന്തങ്ങളും ലോകമെങ്ങും ഓര്‍മിക്കപ്പെടുന്നുണ്ട്. ആ ഓര്‍മകള്‍ പക്ഷേ, വൈരം ആളിക്കത്തിക്കാനല്ല. ചിതറിക്കിടക്കുന്ന പതിനായിരക്കണക്കിന് കബന്ധങ്ങളില്‍ നിന്നും വാര്‍ന്നൊലിക്കുന്ന ചോരയില്‍നിന്നും അട്ടഹാസങ്ങളുടെ ഭയപ്പാടില്‍നിന്നും ചാലിട്ടൊഴുകുന്ന കണ്ണീരില്‍നിന്നും പാഠമുള്‍ക്കൊണ്ട് സൗഹാര്‍ദത്തിന്റേയും സമഭാവനയുടേയും സഹവര്‍ത്തിത്തത്തിന്റേയും ശാദ്വലതീരങ്ങള്‍ കണ്ടെത്തുകയും അതിന്റെ ആവര്‍ത്തനങ്ങള്‍ തടയുകയുമാണ് ഇത്തരം ഓര്‍മദിനങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജൂതന്‍മാര്‍ക്കെതിരെ നടന്ന ഹോളോകോസ്റ്റ് അത് നടന്ന ജര്‍മനിയിലും ഇരകളുടെ തലമുറകളില്‍ ചിലര്‍ വസിക്കുന്ന ഇസ്രയേലിലും ലോകത്തിന്റെ മറ്റിടങ്ങളിലും ആചരിക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തില്‍ 1918 നവംബര്‍ 11 ന് ജര്‍മനിയും സഖ്യകക്ഷികളും വെടിനിര്‍ത്തിയതിന്റെ ഓര്‍മക്കായി ബ്രിട്ടന്‍ ആര്‍മിസ്റ്റിക് ഡേ ആചരിക്കുന്നുണ്ടെങ്കിലും ജര്‍മനി അത് ഓര്‍ക്കാറില്ല. 18, 19 നൂറ്റാണ്ടുകളില്‍ അമേരിക്കയില്‍ നടന്ന തദ്ദേശീയ ജനതയുടെ വംശഹത്യ അവിടെ ഓര്‍മിക്കപ്പെടുന്നു. പാകിസ്താന്‍ സൈനികരുടെ അതിക്രമങ്ങളെ ഓര്‍ക്കാന്‍ മാര്‍ച്ച് 25 ന് ബംഗ്ലാദേശ് ജിനോസൈഡ് ദിനം ആചരിക്കാറുണ്ട്. ഇന്ത്യയില്‍തന്നെ ക്വിറ്റ് ഇന്ത്യാ ദിനവും ജാലിയന്‍വാലാബാഗ് ദിനവും മറ്റും ആചരിക്കുന്നു.
എന്നാല്‍, ആര്‍.എസ്.എസ് പോലെ സമഭാവന തങ്ങളുടെ ആദര്‍ശമല്ലെന്ന് ഉറക്കെ വിളിച്ചുപറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരുസംഘം നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ വിഭജന ഭീതി ഓര്‍മദിനം ആചരിക്കുമ്പോള്‍ അതില്‍ ഒരേ സമയം കോമഡിയും വൈരുധ്യവുമുണ്ട്. സി.എ.എ, എന്‍.ആര്‍.സിയിലൂടെ തങ്ങള്‍ രാജ്യത്തെ എല്ലാ വിഭാഗം മതവിശ്വാസികളേയും ഒരേ പോലെയല്ല കാണുന്നതെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയാണത്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയില്‍ ഒരു മുസ്‌ലിം പോലുമില്ലാത്തതില്‍ ആ പാര്‍ട്ടിക്ക് ഒരു സങ്കോചവുമില്ല. രാജ്യത്ത് നടന്ന നിരവധി വര്‍ഗീയ കലാപങ്ങള്‍ അന്വേഷിച്ച കമ്മീഷനുകള്‍ കുറ്റക്കാരായി കണ്ടെത്തിയ ആള്‍ക്കൂട്ടമാണ് അതിന്റെ ചാലകശക്തി. ആള്‍ക്കൂട്ടക്കൊലകളെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമായി ലഘൂകരിക്കുന്ന നേതൃ കൂടാരമാണതിന്റേത്. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ മുസ്‌ലിം വിരുദ്ധതയാണ് നല്ല ഉപാധിയെന്ന് പരീക്ഷിച്ച് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു ലീഡര്‍ഷിപ്പാണ് അതിനുള്ളത്. ആയിരക്കണക്കിന് കലാപങ്ങളാണ് വിഭജനാനന്തര ഇന്ത്യയിലുണ്ടായിട്ടുള്ളത്. ജബല്‍പൂര്‍ (1961), അഹമദാബാദ് (1969), ജാംഷഡ്പൂര്‍ (1979), മൊറാദബാദ്(1980), ഭീവണ്ടി (1984), രഥയാത്രാനന്തര കലാപം(1989), ഭഗല്‍പൂര്‍ (1989) ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷമുണ്ടായത് (1992-93), ബോംബെ (1993) ഗുജറാത്ത് (2002), മുസഫര്‍ നഗര്‍(2013), ഡല്‍ഹി (2020) എന്നിവയൊക്കെ അവയില്‍ ചിലതു മാത്രം. ആരായിരുന്നു വേട്ടക്കാര്‍, ആരായിരുന്നു ഇരകള്‍ എന്ന ചോദ്യത്തിന് ആരും മിനക്കെടാറില്ല. ഓര്‍മദിനാചരണം തുടങ്ങിയാല്‍ കലണ്ടറില്‍ ഒഴിവുണ്ടാവുകയില്ല.
ഇതിലുമൊക്കെ അപ്പുറത്ത് സ്വാതന്ത്ര്യ സമരത്തെ ഓര്‍ക്കാന്‍ സംഘപരിവാരത്തിന് ധാര്‍മികാവകാശം എത്രത്തോളമുണ്ടെന്ന കോമഡി വേറെയും കിടക്കുന്നു. “Hindus, don’t waste your energy fighting the British. Save your energy to fight your internal enemies that are Muslims, Christians and Communists’ എന്ന് പച്ചക്ക് പറഞ്ഞത് സാക്ഷാല്‍ എം.എസ് ഗോള്‍വാള്‍ക്കറാണ്. രാജ്യത്തെമ്പാടും സ്വാതന്ത്ര്യ സമര ഭടന്‍മാര്‍ ലാത്തിയും വെടിയുണ്ടകളുമേറ്റ് പിടയുമ്പോള്‍’ ബ്രിട്ടീഷുകാരുടെ അനുസരണമുള്ള സേവകരായി കഴിഞ്ഞു കൊള്ളാമേ’ യെന്ന് മാപ്പെഴുതിക്കൊണ്ടിരിക്കയായിരുന്നു സവര്‍ക്കറെ പോലുള്ള അവരുടെ ധീരവീര ദേശാഭിമാനികള്‍. ഈ ആശയങ്ങള്‍ തലയില്‍ കുത്തിനിറച്ച് ആവേശഭരിതനായാണ് നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മജിയെ കൊന്നുകളഞ്ഞത്. ഗാന്ധിജിക്കുണ്ടായിരുന്ന പ്രധാന ദൂഷ്യമായി ആരോപിക്കപ്പെട്ടതാവട്ടെ സമഭാവനയുമായിരുന്നു!
വിഭജന ഭീതി ഓര്‍മ ദിനാചരണത്തിലൂടെ ആര്‍.എസ്.എസും മോദിയും പരിവാരങ്ങളും ഉദ്ദേശിക്കുന്നത് സെലക്റ്റീവ് ഓര്‍മയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നിരീക്ഷിക്കുകയുണ്ടായി. അഥവാ, വിഭജനത്തിന്റെ ദുരന്തമേറ്റുവാങ്ങിയ ഒരു വിഭാഗത്തിന്റെ മാത്രം ഓര്‍മകള്‍. കൃത്യമായി പറഞ്ഞാല്‍ ഹിന്ദുക്കളുടെ ഓര്‍മകള്‍. ഏറിവന്നാല്‍ സിഖുകാരുടെകൂടി ദുരന്ത സ്മൃതികള്‍.
ഇരു രാജ്യങ്ങളിലുമായി ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമടങ്ങുന്ന ലക്ഷക്കണക്കിനാളുകളും അവരുടെ പിന്‍മുറക്കാരും എല്ലാവരോടും സമഭാവനയുള്ള ഇന്ത്യയിലേയും പാക്കിസ്താനിലേയും ലോകത്തെല്ലായിടത്തുമുള്ള കോടിക്കണക്കിനു മനുഷ്യസ്‌നേഹികളുമാണ് യഥാര്‍ഥത്തില്‍ വിഭജന ഭീതിയുടെ ഓര്‍മ പേറുന്നത്. ആര്‍.എസ്.എസും സമഭാവനയും തമ്മില്‍ പക്ഷേ, കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളൂവെന്നറിയാത്തവരായി ആരുണ്ട്.
വിഭജനാനന്തരം 1951 ലാണ് ഇന്ത്യയിലും പാകിസ്താനിലും സെന്‍സസ് നടന്നത്. പറിച്ചുനടപ്പെട്ട 72,26,600 പേരെയാണ് ഈ സെന്‍സസില്‍ പാക്കിസ്താനില്‍ കണ്ടെത്തിയത്. ഇവരെല്ലാവരും മുസ്‌ലിംകളായിരുന്നു. ഇന്ത്യയിലേക്കു പറിച്ചുനടപ്പെട്ടവരാവട്ടെ 72,95,870 പേരും. ഇവരെല്ലാം ഹിന്ദുക്കളോ സിഖുകാരോ ആയിരുന്നു. ഈ കണക്കുകള്‍ പൂര്‍ണമായി ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും മൂന്ന് സമുദായങ്ങളും വിഭജനത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണെന്നുറപ്പാണ്. ഇന്ത്യാ മഹാരാജ്യത്തെ പിളര്‍ത്തുന്നതില്‍ ഏതെങ്കിലും നിലയില്‍ പങ്കുവഹിച്ചവരായിരുന്നില്ല ഏറെയും പട്ടിണിപ്പാവങ്ങളായ ഈ ഹതഭാഗ്യര്‍. ഇരു രാജ്യങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷമായിരുന്നു. മുന്‍തലമുറകള്‍ വിട്ടേച്ചുപോയ സ്ഥാവരജംഗമ സ്വത്തുക്കളെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പിറന്നനാട് വിട്ടോടിയത് ജീവനില്‍ കൊതിയുള്ളത് കൊണ്ട് മാത്രമായിരുന്നു. പലായനം ചെയ്തവരില്‍ നന്നേ കുറഞ്ഞയാളുകള്‍ എത്തിപ്പെടാനുള്ള ഭൂമി മരുപ്പച്ചയാണെന്ന് തെറ്റിധരിച്ചും പോയിട്ടുണ്ടാവുമെന്നുറപ്പാണ്.
നമുക്ക് വിഭജന ഭീതി ഓര്‍മ ദിനത്തിലേക്ക് തന്നെ വരാം. ഇതിന് പകരമായി ലോക സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ചില മനോഹരമായ സര്‍ഗാത്മക സ്വപ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് അവതരിപ്പിക്കാമായിരുന്നു. അഖണ്ഡ ഭാരത സ്വപ്‌നമാണത്. ഇന്ത്യാ വിഭജനത്തെതുടര്‍ന്ന് രണ്ട് രാജ്യങ്ങളാണ് അധികമായുണ്ടായത്. പാക്കിസ്താനും പിന്നെ ബംഗ്ലാദേശും. അഖണ്ഡ ഭാരതം അവിടെയും നില്‍ക്കുന്നില്ല. അഫ്ഗാനിസ്ഥാനും നേപ്പാളും ഭൂട്ടാനമൊക്കെ ഉള്‍പ്പെടുന്ന മഹാഭാരതമാണത്. രാജ്യം നേടിയെടുക്കേണ്ട ഒരു വിദൂര സ്വപ്‌നമെന്ന നിലയില്‍ ആഗസ്റ്റ് 14 ന് സത്യവും നീതിയും വിളയാടുന്ന, മതസൗഹാര്‍ദത്തിന്റെ വര്‍ണസുരഭില ഗേഹമായ അഖണ്ഡ ഭാരത സ്വപ്‌ന ദിനമായി ആചരിക്കാമായിരുന്നു. അങ്ങനെയുള്ള ഒരു രാജ്യത്തെ വെല്ലാന്‍ വിഭവശക്തി കൊണ്ടും ജനശക്തി കൊണ്ടും ലോകത്താര്‍ക്കും സാധ്യമാവില്ല. എത്ര സുന്ദരമായ സ്വപ്‌നമാണത്.
പക്ഷേ, അത്തരമൊരാശയം ആര്‍.എസ്.എസിനെങ്കിലും സ്വീകാര്യമാവുമോ. ഇല്ലേയില്ല. മുഹമ്മദലി ജിന്ന 1940 ലാണ് മുസ്‌ലിംകള്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു പ്രദേശം ആവശ്യപ്പെട്ടത്. എന്നാല്‍, ജിന്നക്ക് 14 വയസ് മാത്രം പ്രായമുള്ളപ്പോള്‍ തന്നെ ഇന്ത്യാ വിഭജനം ആവശ്യപ്പെട്ടവരാണ് ആര്‍.എസ്.എസിന്റെ മുന്‍ഗാമികള്‍. 1890 ല്‍ ഖോരക്പൂരില്‍ നടന്ന യോഗത്തില്‍ വെച്ച് ആര്യസമാജ നേതാവായ ലാലാ ലജ്പത് റായിയാണ് ആവശ്യം ആദ്യമുന്നയിക്കുന്നത്. പിന്നീട് ഈ ആശയം ഏറ്റെടുക്കുന്നത് വി.ഡി സവര്‍ക്കറാണ്. 1924 നവംബറില്‍ ദ ട്രിബ്യൂണ്‍ പത്രത്തില്‍ സവര്‍ക്കര്‍ എഴുതിയ ലേഖന പരമ്പരയുടെ വിഷയം തന്നെ ഇന്ത്യാ വിഭജനമായിരുന്നു. 1925ല്‍ ആര്‍.എസ്.എസ് രൂപീകൃതമാവുന്നു. 1930ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന ഹിന്ദുമഹാസഭ സമ്മേളനത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഒഴിവാക്കി ഇന്ത്യ ഹിന്ദു രാഷ്ട്രമാവണമെന്ന പ്രമേയം പാസാക്കി. 1937ല്‍ അഹമദാബാദില്‍ നടന്ന ഹിന്ദുമഹാസഭ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന സവര്‍ക്കര്‍ ഇന്ത്യ സാംസ്‌കാരികമായി രണ്ട് രാഷ്ട്രങ്ങളാണെന്ന് നിരീക്ഷിക്കുകയുണ്ടായി. എക്കാലവും ഇന്ത്യാ വിഭജനത്തിന് വേണ്ടി വാദിച്ചവര്‍ വിഭജന ഭീതി ഓര്‍മ ദിനം ആചരിക്കുന്നതിലെ ഗൂഢോദ്ദേശ്യം വ്യക്തമാക്കുന്നതാണ് സുവ്യക്തമായ ചരിത്ര രേഖകള്‍. ആ രേഖകള്‍ എത്രത്തോളം തുറന്നു കാട്ടപ്പെടാന്‍ കഴിയുമോ, അത്രത്തോളം തുറന്നു കാട്ടപ്പെടും. വിഭജന ഭീതി ഓര്‍മദിനത്തിനു പിന്നിലെ ഒളിയജണ്ടയും.

ഖാദര്‍ പാലാഴി