മങ്കരത്തൊടി പാറമ്മല്‍ മുഹമ്മദ് മുസ്‌ലിയാര്‍: ‘മജ്‌ലിസുന്നൂറി’ന്റെ രചയിതാവ്

3180

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന ആത്മീയ സദസാണ്. ‘മജ്‌ലിസുന്നൂര്‍’. കേരളീയ മുസ്‌ലിം സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ ആത്മീയ മജ്‌ലിസ്, കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും മലയാളി മുസ്‌ലിംകള്‍ താമസിക്കുന്ന മറ്റെല്ലായിടങ്ങളിലും വിപുലമായി തന്നെ നടന്നു വരുന്നുണ്ട്. ഒരു നൂറ്റാണ്ടിലധികമായി പൂര്‍വികര്‍ സ്ഥിരമായി പാരായണം ചെയ്തു വന്നിരുന്ന ബദ്‌രിയ്യത്തുല്‍ മങ്കൂസിയ്യയാണ് ബദ്ര്‍ ബൈത്ത് പ്രസ്തുത മജ്‌ലിസില്‍ പാരായണം ചെയ്യുന്നത്. 110 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പാറമ്മല്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന പേരില്‍ പ്രശസ്തനായ മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാരാണ് പ്രസ്തുത ബദ്ര്‍ ബൈത്തിന്റെ രചയിതാവ്. മമ്മു മൗലവിയെന്നും മമ്മു മൊല്ല എന്നുമൊക്കെ ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ വലിയ അവഗാഹമുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. വിശിഷ്യ, ലക്ഷക്കണക്കിനു വരുന്ന പ്രവാചകാനുചരന്മാരെ കുറിച്ച് ഗഹനമായ പഠനം നടത്തിയ പണ്ഡിതനായാണ് ഇവര്‍ അറിയപ്പെടുന്നത്. സാദാരണക്കാര്‍ക്കിടയിലും അക്കാലത്തെ മഹാ പണ്ഡിതന്മാര്‍ക്കിടയിലും വലിയ സ്വീകാര്യതയും ആദരവും നേടിയെടുത്ത മഹാനാണ് മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാര്‍.
രോഗികളും മറ്റു പ്രയാസങ്ങളനുഭവിക്കുന്നവരും സാന്ത്വനം തേടി ഇദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. വസൂരിയും മറ്റു പലതരം മാരക രോഗങ്ങളും പടര്‍ന്നുപിടിച്ചിരുന്ന കാലത്ത് അത്തരം വിപത്തുകളില്‍ നിന്ന് നാടിനും സമുഹത്തിനും രക്ഷ ലഭിക്കാനായി അദ്ദേഹം നേര്‍ച്ചയാക്കി രചിച്ചതാണ് ബദ്‌രിയ്യത്തുല്‍ മങ്കൂസിയ്യ എന്ന ബദര്‍ ബൈത്ത്. ബദ്ര്‍ യുദ്ധത്തില്‍ മുന്നൂറ്റി പതിമൂന്ന് സ്വഹാബിമാര്‍ പങ്കെടുത്തു എന്നാണ് മഹാ ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം. എന്നാല്‍, മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച ബദ്‌രിയ്യത്തുല്‍ മങ്കൂസിയ്യയില്‍ മുന്നൂറ്റി തൊണ്ണൂറ്റി എട്ട് സ്വഹാബികളെ പരാമര്‍ശിക്കുന്നുണ്ട്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തു എന്ന് ചരിത്രത്തില്‍ പ്രബലമല്ലാത്ത പരാമര്‍ശങ്ങളുള്ള സ്വഹാബിമാരെ പോലും ബദ്‌രിയ്യത്തുല്‍ മങ്കൂസിയ്യ ബൈത്തില്‍ അദ്ദേഹം ഉള്‍കൊള്ളിച്ചിട്ടുണ്ട്. അങ്ങനെയാണ് മുന്നൂറ്റി തൊണ്ണൂറ്റി എട്ട് പേരുവന്നത്. അത് അദ്ദേഹത്തിന്റെ സൂക്ഷ്മതയുടെ ഭാഗമായി പണ്ഡിതന്മാര്‍ അടയാളപ്പെടുത്തുന്നു. ഓരോ സ്വഹാബികളെ പരാമര്‍ശിക്കുന്ന ഭാഗങ്ങളിലും അവരുടെ പ്രത്യേക വിശേഷണങ്ങള്‍ ഉള്‍പ്പെടുത്തി കാവ്യ നിബന്ധന ശാസ്ത്രത്തിലെ മജ്‌സുവുല്‍ കാമില്‍ വസ്‌നിനോട് യോജിപ്പിച്ച് അതിസുന്ദരവും ആകര്‍ഷണീയവുമായ രൂപത്തിലാണ് ഈ ബൈത്ത് അദ്ദേഹം രചിച്ചിട്ടുള്ളത്.
അയിലക്കാട് ശൈഖ് സിറാജുദ്ദീന്‍ ഖാദിരി അടക്കമുള്ള മശാഇഖന്‍മാരും പഴയകാല പണ്ഡിതരും ഇതു പതിവാക്കാന്‍ ഇജാസത്തു നല്‍കിയിരുന്നു. ഹിജ്‌റ 1269 ല്‍ മലപ്പുറത്തിനടുത്ത കോഡൂരില്‍ മങ്കരത്തൊടി കുടുംബത്തില്‍ പണ്ഡിതനും സൂഫിവര്യനുമായ ഹസന്‍ മുസ്‌ലിയാരുടെ മകനായി മുഹമ്മദ് മുസ്‌ലിയാര്‍ ജനിച്ചു. മലപ്പുറത്തെ പുരാതന മുസ്‌ലിം കുടുംബമാണ് മങ്കരത്തൊടി. നാടുവാഴിയായിരുന്ന പാറനമ്പിയുമായി നടന്ന മലപ്പുറംപടയില്‍ നേതൃപരമായ പങ്കുവഹിച്ചവരാണ് ഈ കുടുംബം. ഇവര്‍ ഒന്നടങ്കം ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നാണ് പറഞ്ഞുവരുന്നത്.
പില്‍ക്കാലത്ത് പല പ്രമുഖ പണ്ഡിതന്മാരും ഈ കുടുംബവുമായി വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കളായിരുന്ന കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാരും മകന്‍ കെ.കെ.സ്വദഖത്തുള്ള മുസ്‌ലിയാരുമൊക്കെ ഈ കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തവരാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാളികള്‍ക്ക് ഏലസ് മന്ത്രിച്ച് നല്‍കിയതിന്റെ പേരില്‍ പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങളെ വെല്ലൂരിലേക്ക് നാടുകടത്തിയതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് അധികാരി സ്ഥാനം രാജിവച്ചൊഴിഞ്ഞ മമ്മു അധികാരി മങ്കരത്തൊടി കുടുംബാംഗമാണ്. ഇവരുടെ പുത്രിയാണ് കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാരുടെ ഭാര്യ. ബദ്‌രിയ്യത്തുല്‍ മങ്കൂസിയ്യ കൂടാതെ ബദ്‌റുല്‍ കുബ്‌റാ നജ്മു സുഗ്‌റ എന്നീ പേരുകളില്‍ ബദ്ര്‍ യുദ്ധത്തെ കുറിച്ചും ബദറില്‍ പങ്കെടുത്ത പോരാളികളെ കുറിച്ചും ‘ബദ്ര്‍ ചീന്ത് ‘ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കോഡൂരില്‍ കരിമ്പനക്കല്‍ കുഞ്ഞി പോക്കു മുസ്‌ലിയാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തലശ്ശേരി സ്വദേശിയായ അരയാല്‍ പുറത്ത് പക്കി നടത്തിവന്നിരുന്ന മമ്പഉല്‍ ഉലൂം പ്രസ്സില്‍ നിന്ന് ഹിജ്‌റ 1310 ലാണ് ഈ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പല ഭാഷകളിലെ പദങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇതിന്റെ രചന അദ്ദേഹം നിര്‍വഹിച്ചിട്ടുള്ളത്.
അതിലെ ചില വരികള്‍
ഇങ്ങനെയാണ്

‘കരിമടം ജനര്‍വിടുത്തെയ്
കരുണമത്തരുള്‍ ഇടത്തെയ്
ഇരിന്തടല്‍ മറപ്പുടിത്തെയ്
ഇരണമപ്പഴം പറിത്തെയ്
തേടിയ കനി കിടത്തെയ്
തിന്നിടും മദ്യത്തെ
പോട ബൂജഹല്‍മത്തെ
പേര്‍കളും അവര്‍ക്കൊത്തെ’

ഈ രചനകള്‍ക്കു പുറമേ, അറബിയിലും അറബി-മലയാളത്തിലും ധാരാളം കവിതകള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പിതാവ് ഹസന്‍ മുസ്‌ലിയാരില്‍ നിന്നാണ് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാഥമിക പഠനം നടത്തിയത്. തുടര്‍ന്ന് വെളിയങ്കോട് ഉമര്‍ ഖാള്വിയുടെയും പരപ്പനങ്ങാടി ഔകോയ മുസ്‌ലിയാരുടെയും പ്രധാന ശിഷ്യനും പ്രമുഖ പണ്ഡിതനുമായ മറ്റത്തൂര്‍ മഠത്തില്‍ അവറാന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. മര്‍ഹൂം യൂസുല്‍ ഫള്ഫരിയുടെ ഭാര്യാപിതാവാണ് അവറാന്‍ മുസ്‌ലിയാര്‍. ശേഷം പണ്ഡിതന്‍ കരിമ്പനക്കല്‍ കുഞ്ഞിപോക്കു മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. പിന്നീട് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെത്തി വിളക്കത്തിരുന്നു,മുസ്‌ലിയാരായി. ഹിജ്‌റ 1305 മുതല്‍ 1887 വരെ പൊന്നാനി മഖ്ദൂം പദവി അലങ്കരിച്ച പ്രമുഖ പണ്ഡിതന്‍ മര്‍ഹൂം ചെറിയ ബാവ മുസ്‌ലിയാരായിരുന്നു പൊന്നാനിയിലെ പ്രധാന ഉസ്താദ്. വര്‍ഷങ്ങള്‍ നീണ്ട പഠന ശേഷം കോഡൂര്‍ വരിക്കോട് പള്ളിയില്‍ ഖതീബും മുദരിസുമായി സേവനം ആരംഭിച്ചു. പിന്നീട് വരിക്കോട് മഹല്ലിന്റെ ഖാള്വിസ്ഥാനവും അലങ്കരിച്ചു. മരണംവരെ തല്‍സ്ഥാനത്ത് സേവനം ചെയ്തു. അവരുടെ മരണ ശേഷം കോഡൂര്‍ വരിക്കോട് മഹല്ലിന്റെ ഖാള്വിയും ഖതീബും മുദരിസുമായി സേവനം ചെയ്തത് കൈതക്കാട്ടില്‍ മുഹമ്മദ് മുസ്‌ലിയാരാണ്. അവര്‍ മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു. അക്കാലത്ത് മലപ്പുറത്ത് ഏറെ പ്രശസ്തനായിരുന്ന തോരപ്പ മൊയ്തീന്‍ മുസ്‌ലിയാരും മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രമുഖരാണന്ന് നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെ തുഹ്ഫതുല്‍ അഖ്‌യാറില്‍ വ്യക്തമാക്കുന്നുണ്ട്.
മുഹമ്മദ് മുസ്‌ലിയാരുടെ ഉസ്താദും പ്രമുഖ പണ്ഡിതനുമായ കരിമ്പനക്കല്‍ കുഞ്ഞിപോക്കു മുസ്‌ലിയാര്‍ രചിച്ച ഇര്‍ഷാദുല്‍ ആമ്മ എന്ന ഗ്രന്ഥം അക്കാലത്ത് പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. മരണാനന്തരം നടത്തപ്പെടുന്ന ചടങ്ങുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പ്രത്യേകം പരാമര്‍ശിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. പിന്നീട് കുഞ്ഞി പോക്കു മുസ്‌ലിയാരുടെ സഹോദരനും മര്‍ഹൂം സ്വദഖത്തുള്ള മുസ്‌ലിയാരുടെ പിതാവും ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍ മര്‍ഹൂം തറക്കണ്ടി ഓര്‍ അടക്കമുള്ളവരുടെ ഉസ്താദുമായ കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാരാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. കര്‍മപരമായ ഒരാചാരത്തിന്റെ വിഷയത്തിലുള്ള ഭിന്നാഭിപ്രായത്തിന്റെ മറപിടിച്ച് കുഞ്ഞി പോക്കു മുസ്‌ലിയാരെ ബിദ്അത്തുകാരനും പുരോഗമന ചിന്താഗതിക്കാരനുമാക്കി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നു. അത്തരം ശ്രമങ്ങള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടതാണ്.
കര്‍മ വിധികളുടെ വിഷയത്തിലുള്ള ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ മുമ്പേ നടപ്പുള്ളതാണല്ലോ ?. മാത്രവുമല്ല അക്കാലത്ത് ഖാദിരിയ്യ ത്വരീഖത്തിന്റെ മശാഇഖന്മാരില്‍ പ്രധാനിയുമായിരുന്നു കുഞ്ഞി പോക്കു മുസ്‌ലിയാര്‍ എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത ഇര്‍ഷാദുല്‍ ആമ്മ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് ആശംസ എഴുതി ഒപ്പു വച്ചവരില്‍ പ്രധാനിയായിരുന്നു മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാര്‍. തിരൂരങ്ങാടി ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാര്‍, മുന്നൂര് പടിഞ്ഞാറേ പീടിയേക്കല്‍ കുഞ്ഞിമ്മു മുസ്‌ലിയാര്‍, കാരാറ്റില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍ തുടങ്ങിയവരും ആശംസ നേര്‍ന്ന് ഒപ്പു വച്ച പണ്ഡിതന്മാരാണ്.
ഇസ്‌ലാമികജ്ഞാനത്തിന്റെ സര്‍വ മേഖലകളിലും അഗാഥ പാണ്ഡിത്യമുണ്ടായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ ബഹുഭാഷാ പരിജ്ഞാനി കൂടിയായിരുന്നു. ജീവിതത്തില്‍ ഒരു തെറ്റും സംഭവിക്കാതെ അതീവ സൂക്ഷ്മത പുലര്‍ത്തി ജീവിച്ച മുഹമ്മദ് മുസ്‌ലിയാര്‍, ഹിജ്‌റ 1329 ലാണ് വഫാത്തായത്. അദ്ദേഹം ഖാള്വിയും മുദരിസുമായി സേവനം ചെയ്ത കോഡൂര്‍ വരിക്കോട് പള്ളി ഖബര്‍സ്ഥാനില്‍ തന്നെയാണ് അവര്‍ അന്ത്യവിശ്രമം കൊള്ളുന്നതും. അക്കാലത്ത് ഒരു ജന്മിയുടെ ഭൂമി പാട്ടത്തിനെടുത്ത് അവിടെ വീടുവച്ചായിരുന്നു അവര്‍ താമസിച്ചിരുന്നത.് കരാര്‍ കലാവധി പൂര്‍ത്തിയായി പുതുക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുടിയൊഴിപ്പിക്കുന്ന ഘട്ടമെത്തി. എന്നാല്‍, ഒരു അവധിവച്ച് അന്ന് ഞാന്‍ ഒഴിഞ്ഞു തരാമെന്ന് മുഹമ്മദ് മുസ്‌ലിയാര്‍ വാക്കുനല്‍കി. ആ പറഞ്ഞദിവസമാണ് മഹാനവറുകള്‍ വഫാത്തായത്. അവരുടെ ഖബറിനടുത്ത് ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള ഖത്തപ്പുര നിര്‍മിക്കാനുള്ള ഓലകള്‍ അദ്ദേഹം തന്നെ മുടഞ്ഞുവച്ചിരുന്നതായും കോഡൂരിലെ പഴമക്കാര്‍ അനുസ്മരിക്കുന്നു.

എം.എ റഊഫ് കണ്ണന്തളി