മതേതര കേരളം സങ്കുചിതത്വം ഉപേക്ഷിച്ച് ജാഗ്രത പാലിക്കുക

1934

ഈ തലക്കെട്ട് മതേതര മലയാളത്തിന്റെ പ്രഖ്യാപനമാണ്. കേരളത്തില്‍ ആധിപത്യം പുലര്‍ത്താന്‍ വര്‍ഗീയതയെ ഇവിടത്തെ മതേതര, ജനാധിപത്യ സമൂഹം ഒരുനാളും അനുവദിക്കില്ലെന്ന പ്രഖ്യാപനം. ഉത്തരേന്ത്യയെ അത്ഭുതവേഗത്തില്‍ കാല്‍ച്ചുവട്ടിലാക്കിയ അതേ തന്ത്രവുമായി സംഘ്പരിവാര്‍ കേരളത്തിലേക്കും പദമൂന്നിക്കഴിഞ്ഞു എന്നും അവരുടെ കരുനീക്കങ്ങള്‍ അത്യധികം ആസൂത്രിതമാണെന്നുമുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ഒരു കാര്യം സത്യമാണ്. ഭാരതീയ ജനതാ പാര്‍ട്ടി ഗുജറാത്ത് മുതല്‍ വിവിധ സംസ്ഥാനങ്ങളിലും ഒടുവില്‍ കേന്ദ്രത്തിലും അധികാരം പിടിച്ചെടുത്തതും അധികാരം നിലനിര്‍ത്തുന്നതും വര്‍ഗീയതയെന്ന വജ്രായുധം ഉപയോഗിച്ചാണ്. ബി.ജെ.പിയുടെ പ്രാഗ്രൂപമായ ഭാരതീയ ജനസംഘത്തിനോ അതിന്റെയും പൂര്‍വരൂപമായ ഹിന്ദുമഹാസഭക്കോ കഴിയാത്ത നേട്ടമാണ് അക്കാര്യത്തില്‍ ബി.ജെ.പിക്കു കൈവരിക്കാനായത്. അതിനുത്തരവാദികള്‍ ഇന്ത്യയിലെ ജനാധിപത്യ/മതേതര പാര്‍ട്ടികളും അവയുടെ നേതാക്കളും തന്നെയാണ് എന്നതും യാഥാര്‍ഥ്യം. ഹിന്ദുമഹാസഭയുടെ ഭീഷണി നേരിടാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനും ഭാരതീയജനസംഘത്തെ തളയ്ക്കാന്‍ ഇന്ദിരാഗാന്ധിക്കും ഫലപ്രദമായി കഴിഞ്ഞു. എന്നാല്‍, ഇന്ദിരാഗാന്ധിയുടെ ഭരണം അതിരുകവിഞ്ഞ ഏകാധിപത്യത്തിലേക്കും അടിയന്തരാവസ്ഥയിലേക്കും വഴിമാറിയപ്പോള്‍ ആ പഴുതിലൂടെ പിടിച്ചുകയറാന്‍ വര്‍ഗീയ ഫാസിസത്തിനായി. ബിഹാറിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ എ.ബി.വി.പി പങ്കുചേര്‍ന്നതോടെയായിരുന്നു തുടക്കം. വിദ്യാര്‍ഥി പ്രക്ഷോഭം ഇന്ദിരാവിരുദ്ധ ദേശീയ പ്രക്ഷോഭമായി മാറുകയും സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണ്‍ ആ പ്രക്ഷോഭത്തിന്റെ നായകസ്ഥാനത്തെത്തുകയും ചെയ്തതോടെ മുന്നില്‍ കിടക്കുന്ന സുവര്‍ണാവസരം സംഘ്പരിവാര്‍ കണ്ടെത്തി. കോണ്‍ഗ്രസ് വിരുദ്ധ കക്ഷികളെല്ലാം ഒത്തൊരുമിച്ച പ്രക്ഷോഭത്തില്‍ ആര്‍.എസ്.എസ്സും ജനസംഘവും പങ്കാളികളായി. ഇന്ദിരാഭരണം അവസാനിപ്പിച്ച 1977 ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയില്‍ ലയിച്ചു ചേര്‍ന്നു ഇന്ത്യന്‍ ഭരണത്തില്‍ സ്ഥാനം പിടിക്കാന്‍ സംഘ്പരിവാറിനു കഴിഞ്ഞു.
സംഘ്പരിവാറിന്റെ ഈ ദുഷ്ടലാക്ക് മുന്‍കൂട്ടി കണ്ടറിയാന്‍ ജെ.പിക്കോ മറ്റ് സോഷ്യലിസ്റ്റ് നേതാക്കള്‍ക്കോ കഴിഞ്ഞില്ല. തിരിച്ചറിയുമ്പോഴേക്കും അധികാരത്തിലൂടെ പരമാവധി രാഷ്ട്രീയശക്തി സംഭരിക്കാനും അണികള്‍ക്കിടയില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനും സംഘ്പരിവാറിനു കഴിഞ്ഞിരുന്നു. അതോടെ അവര്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്ന പുതിയ ലേബല്‍ സ്വീകരിച്ച് രാഷ്ട്രീയഗോദയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. അതോടെ അവരുടെ വര്‍ഗീയ അജണ്ടയും പുറത്തെടുത്തു. ബ്രിട്ടീഷുകാര്‍ പയറ്റിയ, ഹിന്ദു-മുസ്‌ലിം ഭിന്നിപ്പിച്ചു ഭരിക്കല്‍. ദീര്‍ഘകാലമായി ചാരം മൂടിക്കിടന്ന ബാബരി മസ്ജിദ് പ്രശ്‌നത്തെയാണ് സംഘ് പരിവാര്‍ ആയുധമാക്കിയത്. അതു ഫലം കണ്ടു. ബി.ജെ.പി രണ്ടു തവണ അധികാരത്തിലെത്തി. ഗുജറാത്തില്‍ നരേന്ദ്രമോദി അധികാരം പിടിച്ചടക്കിയും നിലനിര്‍ത്തിയതും ഏറ്റവും ഹീനമായ വംശഹത്യയിലൂടെയായിരുന്നു. പച്ചയ്ക്കു പറഞ്ഞാല്‍ ഗോധ്ര സംഭവം മറയാക്കി മുസ്‌ലിംകളെ മുച്ചൂടും കൊന്നൊടുക്കിക്കൊണ്ട്.
ലോകം മുഴുവന്‍ ആ വംശഹത്യക്കെതിരേ പ്രതികരിച്ചിട്ടും മോദിയും അമിത്ഷായും കുലുങ്ങിയില്ല. ഗുജറാത്തിലെ ഹിന്ദുക്കളുടെ തലച്ചോറില്‍ പരമാവധി വര്‍ഗീയവിഷം കുത്തിവച്ചു കഴിഞ്ഞതിനാല്‍ അതു തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് മോദിക്കും ഷായ്ക്കും ഉറപ്പുണ്ടായിരുന്നു. അതു സത്യവുമായിരുന്നു. അതേ അജണ്ട തന്നെയാണ് ഇന്ത്യയുടെ പരമാധികാരം പിടിച്ചെടുക്കാനും മോദി പയറ്റിയത്. 2014ലും 2019 ലും അതു വിജയിക്കുകയും ചെയ്തു.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ത്രിപുര, ഗോവ, കര്‍ണാടക, ബിഹാര്‍… ഇങ്ങനെ വര്‍ഗീയ അജണ്ടയിലൂടെ സംസ്ഥാനങ്ങളെ ഒന്നൊന്നായി സംഘ്പരിവാര്‍ വിഴുങ്ങി.
ഇനി മുന്നിലുള്ള ലക്ഷ്യം ബംഗാളും കേരളവുമാണ്. ബംഗാളില്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ദയനീയാവസ്ഥയിലാണ്. പണമുള്‍പ്പെടെയുള്ള മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ബംഗാളിലെ തൃണമൂല്‍, കോണ്‍ഗ്രസ്, നേതാക്കള്‍ ബി.ജെ.പിയുടെ വലയില്‍ കുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ബി.ജെ.പിയുടെ അധികാരം പിടിച്ചെടുക്കലിന് പച്ചപരവതാനി വിരിക്കും മട്ടില്‍ ബംഗാളിലെ ജനസ്വാധീനമുള്ള മുസ്‌ലിം മതപുരോഹിതനായ അബ്ബാസ് സിദ്ദീഖി പുതിയൊരു പാര്‍ട്ടി രൂപീകരിക്കുകയും ഉവൈസിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
സി.പി.എം, കോണ്‍ഗ്രസ്, ടി.എം.സി പാര്‍ട്ടികളുടെ പതനവും ബംഗാളിലെ 30 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകളുടെ ചിന്നിച്ചിതറലും കൂടിയാകുമ്പോള്‍ ബി.ജെ.പിയുടെ കിനാവ് യാഥാര്‍ഥ്യമാക്കി അവരുടെ കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പാണ്.
ഇപ്പോള്‍ ബി.ജെ.പി കണ്ണുനട്ടിരിക്കുന്നത് കേരളത്തിലാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പിടിമുറുക്കിയിട്ടും കേരളത്തില്‍ കാലൂന്നാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഓര്‍മത്തെറ്റു പോലെ സംഭവിച്ച ഒരു നേമം മാത്രമാണ് അപവാദം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ പല മണ്ഡലങ്ങളിലും അവര്‍ക്കു നല്ല തോതില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞുവെന്നതും സമ്മതിക്കേണ്ടതു തന്നെ.
എങ്കിലും കേരളത്തിന്റെ മഹത്തായ മതേതര, ജനാധിപത്യ പാരമ്പര്യം മലയാളി കൈവിടില്ല എന്നു സംശയരഹിതമായി തെളിയിച്ച 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ശുക്രനക്ഷത്രം പോലെ രാഷ്ട്രീയ നഭസ്സില്‍ തെളിഞ്ഞു നില്‍പ്പുണ്ട്. ശബരിമല പ്രശ്‌നം പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചിട്ടും ബി.ജെ.പിക്കു ദയനീയമായ തോല്‍വിയാണുണ്ടായത്. കാരണം, 2019 ല്‍ കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വിജയപ്പെട്ടിയില്‍ വീണ വോട്ടുകളോരോന്നും മതേതരകേരളം ഫാസിസത്തിനെതിരേ ആഞ്ഞു പതിപ്പിച്ചതാണ്. കേരളത്തില്‍ വര്‍ഗീയതയ്ക്കു വാഴാനാകില്ലെന്ന ശക്തമായ പ്രഖ്യാപനം.
അതേസമയം, ഒരു അപകടമുന്നറിയിപ്പു നല്‍കാതിരിക്കാനാകില്ല. അത് ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നു തിരികൊളുത്തിയതും ചില കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുപിടിച്ചുമായ കാര്യമാണ്-യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം. അത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നോ ഉണ്ടായിരുന്നെങ്കില്‍ അതു ശരിയോ തെറ്റോ എന്ന കീറിമുറിച്ചുള്ള പരിശോധനയിലേയ്ക്കല്ല ഇവിടെ ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പു കാലത്തെ ആ പ്രചാരണം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കി മാറ്റാന്‍ സംഘ്പരിവാര്‍ പരമാവധി ശ്രമിച്ചു. കുറേ നേട്ടം കൊയ്യുകയും ചെയ്തു. എങ്കിലും കേരളത്തിലെരു കൊയ്ത്തുത്സവം നടത്താന്‍ അവര്‍ക്കായില്ല. കാരണം, കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അവരുടെ മനസ്സില്‍ വര്‍ഗീയചിന്തകള്‍ക്കു വേരോട്ടം കിട്ടില്ല.
ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തങ്ങളുടെ വര്‍ഗീയ ആവനാഴിയിലെ എല്ലാ അമ്പുകളും മലയാളി മന:സാക്ഷിക്കു നേരേ തൊടുക്കുമെന്നുറപ്പാണ്. അവയ്‌ക്കൊന്നും പക്ഷേ, ലക്ഷ്യം ഭേദിക്കാനാകില്ലെന്നും ഉറപ്പാണ്. കാരണം, കേരളത്തിന്റെ മതേതര മണ്ണില്‍ വര്‍ഗീയത വളരില്ല. ഒരു കാര്യം മാത്രം, ഇടത്തും വലത്തും നില്‍ക്കുന്ന മതേതരപാര്‍ട്ടികള്‍ ശ്രദ്ധിച്ചാല്‍ മതി. പരസ്പരം വര്‍ഗീയാരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിക്കേല്‍പ്പിക്കാതിരിക്കുക. അതു വഴി സംഘ്പരിവാറിന് ആയുധം നല്‍കാതിരിക്കുക.

എ. സജീവന്‍