ഇടതുപക്ഷം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു

1730

മുമ്പൊന്നും ഇല്ലാത്ത വിധം കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടക്കുന്നു. മുസ്ലിംകള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുന്നു എന്ന പ്രചരണം ശക്തമാകുന്നു. എന്താണ് ഇതിനു പിന്നിലെ കാരണങ്ങള്‍?

ഇടതുപക്ഷമാണ് ഈ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംവരണമടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും അധികം വര്‍ഗീയ പ്രചാരണം നടത്തുന്നത് എല്‍.ഡി.എഫാണ്. ന്യൂനപക്ഷ വിരുദ്ധമായി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാണ്. പിന്നൊന്ന് കോടിയേരി ബാലകൃഷ്ണനാണ്. ഭൂരിപക്ഷ സമൂഹത്തിന് സംവരണം കിട്ടുമ്പോള്‍ പ്രതികരിക്കുന്നത് കണ്ടില്ലേ എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാല്‍, ഭൂരിപക്ഷ സമൂഹത്തിന് എന്തെങ്കിലും കിട്ടുന്നതിന് നമ്മളാരും എതിരല്ല. അവര്‍ക്ക് എന്തെങ്കിലും കിട്ടുന്നതില്‍ നമുക്ക് താല്‍പര്യക്കുറവുമില്ല. ഒരു മുസ്ലിം സംഘടനകളും അവര്‍ക്ക് ഒന്നും കിട്ടരുത് എന്ന രീതിയില്‍ എതിര്‍ത്തിട്ടില്ല. അതേസമയം, ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കാലാകാലങ്ങളിലായി കിട്ടിക്കൊണ്ടിരിക്കുന്ന സംവരണ ആനുകൂല്യങ്ങളെ അത് ബാധിക്കരുത് എന്നു മാത്രമാണ് നമ്മള്‍ പറയുന്നത്. പക്ഷേ, അതിനെ വളച്ചൊടിച്ച് പ്രചരണം നടത്തി മറ്റു സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതു തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ ഉദ്ദേശവും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതിനുമപ്പുറമാണ് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. ന്യൂനപക്ഷത്തിന് കിട്ടുന്ന ആനുകൂല്യങ്ങള്‍ അപഹരിക്കുന്ന രീതിയിലാണ് എല്‍.ഡി.എഫ് സാമ്പത്തിക സംവരണം നടപ്പാക്കിയത്. അതിലുള്ള അപാകതകള്‍ ചൂണ്ടിക്കാണിക്കുകയാണ് നമ്മള്‍ ചെയ്തത്. അതിനെ എല്‍.ഡി.എഫ് തെറ്റിദ്ധരിപ്പിച്ചു.

കേരളത്തില്‍ മുസ്ലിം-ക്രൈസ്തവ ബന്ധങ്ങള്‍ ഊഷ്മളമായിരുന്നു ഇതുവരെ. എന്നാല്‍, ആ ബന്ധവും വഷളായി തുടങ്ങിയിരിക്കുന്നു. ലൗ ജിഹാദ്, ഹാഗിയ സോഫിയ, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എന്നിവ ഉയര്‍ത്തി അവരും പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. എന്താണ് ഇതിനു പിന്നിലെ വസ്തുതകള്‍?

തെറ്റിദ്ധാരണയാണ്. ഇസ്ലാമിക ലോകത്തെയും അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെയും അന്തര്‍ ദേശീയമായ പല ചലനങ്ങളും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ലൗ ജിഹാദ് ഒരു സങ്കല്‍പ്പം മാത്രമാണ്. ഇന്ത്യയില്‍ തന്നെ അത് പഠന വിധേയമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദിലൂടെ ഐ.എസ്.ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്നുള്ള പ്രചാരണങ്ങള്‍ ലോക്സഭയിലടക്കം ചര്‍ച്ചയ്ക്ക് വന്നിട്ടുള്ളതാണ്. ഐ.എസ്.ഐ.എസിനെ ഏറ്റവുമധികം എതിര്‍ക്കുന്നത് ഇവിടുത്തെ മുസ്ലിം സംഘടനകളാണ്. നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തലിനെ ഇവിടുത്തെ മുസ്ലിം സംഘടനകള്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല.

അധികാരം പിടിക്കാന്‍ ഇടതുപക്ഷം ഭൂരിപക്ഷ വര്‍ഗീയ അഴിച്ചുവിടുന്നു എന്ന് ലീഗിന് അഭിപ്രായമുണ്ടോ? എന്തുകൊണ്ടാണ് അങ്ങനെ അഭിപ്രായപ്പെടുന്നത്?

ഇടതുപക്ഷം അധികാരത്തിനായി ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ലീഗ് മുഖ്യമന്ത്രിയായാല്‍ കേരളം അപകടപ്പെടും, അവര്‍ കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടും തുടങ്ങിയ പ്രചാരണങ്ങള്‍ ഇതിനു വേണ്ടി തന്നെയാണ്. ഇതൊന്നും ഇടതുപക്ഷത്തിന്റെ പ്രശ്നമല്ലല്ലോ? എന്തിനാണ് അവര്‍ ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞു പറയുന്നത്. കൂടുതല്‍ സീറ്റ് എല്ലാവര്‍ക്കും ആവശ്യപ്പെടാമല്ലോ? അതിനെ വര്‍ഗീയമായി വ്യാഖ്യാനിക്കുന്നതെന്തിനാണ്?

എം.എം ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് എന്ന് യു.ഡി.എഫിനെ അധിക്ഷേപിച്ചാല്‍ അത് മുസ്ലിം വിമര്‍ശമാണെന്ന് ലീഗ് നേതാക്കളും സമുദായ സംഘടനകളും പറയുന്നു. രാഷ്ട്രീയ വിമര്‍ശമായ അതെങ്ങനെ മുസ്ലിം വിമര്‍ശമാകുമെന്ന് കെ.ടി ജലീലിനെ പോലുള്ളവര്‍ ചോദിക്കുന്നു. എന്തു പറയുന്നു?

രാഷ്ട്രീയ വിമര്‍ശനമാണെങ്കില്‍ ഈ ഒരു അച്ചുതണ്ടിനെക്കുറിച്ച് പറയുമോ? മുസ്ലിം സമുദായമാണ് കേരളം ഭരിക്കാന്‍ പോകുന്നത്. അവരുടെ അച്ചുതണ്ടാണ് ഇനി കേരളത്തെ നിയന്ത്രിക്കുക തുടങ്ങിയ പ്രചാരണങ്ങള്‍ മറ്റു പലര്‍ക്കും വേണ്ടിയാണ്. ഈ പ്രചാരണങ്ങള്‍ കോണ്‍ഗ്രസിനോടോ മുസ്ലിം ലീഗിനോടോ യു.ഡി.എഫിനോടോ അല്ല. ഈ ധ്രുവീകരണ സന്ദേശം ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കൊക്കെ വലിയ ആശയക്കുഴപ്പമുണ്ടാക്കും. സത്യത്തില്‍ കുഞ്ഞാലിക്കുട്ടിയും എം.എം ഹസനും കൂടി അമീറിനെ കണ്ടിട്ടില്ലല്ലോ? കൃത്യമായി സമുദായത്തെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങള്‍ നടക്കുന്നത്.

ശരിക്കും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫിന് ധാരണയുണ്ടായിരുന്നോ?

ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫ് ഒരു സ്ഥലത്തും യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ല. യു.ഡി.എഫ് നിര്‍ത്തിയ സ്വതന്ത്ര്യരെ അവരും പിന്തുണച്ചിട്ടുണ്ട്. അതുവേണ്ട എന്ന് പറയാനാവില്ലല്ലോ? പൊതുസമ്മതരായ പലരെയും യു.ഡി.എഫ് പിന്തുണച്ചിട്ടുണ്ട്. മലപ്പുറത്ത് വെല്‍ഫെയര്‍പാര്‍ട്ടിയും മുസ്ലിം ലീഗും നേരിട്ട് പരസ്പരം മത്സരിച്ച സ്ഥലങ്ങളുണ്ടല്ലോ, അവിടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണച്ചത്. തെരഞ്ഞെടുപ്പില്‍ എല്ലാ സാമുദായിക സമവാക്യങ്ങളെയും ഉപയോഗപ്പെടുത്തിയത് ഇടതുപക്ഷമാണ്. എസ്.ഡി.പി.ഐക്ക് 100 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അവര്‍ക്ക് വോട്ട് വര്‍ധിച്ച സ്ഥലങ്ങളിലെല്ലാം അഞ്ചും പത്തും ഇരുപതും വോട്ടുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചിട്ടുള്ളത്. എസ്.ഡി.പി.ഐക്ക് വളരെ കുറച്ച് വോട്ടുകള്‍ മാത്രം വീണ പലയിടങ്ങളിലും അവരുടെ വോട്ടുകള്‍ എല്‍.ഡി.എഫിനാണ് പോയത്. പാലക്കാട് ബി.ജെ.പി ജയിച്ച സ്ഥലങ്ങളിലെല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് 35ഉം 36ഉം വോട്ടുകള്‍ മാത്രമാണ് കിട്ടിയിട്ടുള്ളത്. അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കി കൃത്രിമമായി ഉണ്ടാക്കിയെടുത്ത വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. പ്രതിരോധത്തിന് വേണ്ടി എല്‍.ഡി.എഫ് യു.ഡി.എഫിനു നേരെ അമ്പെയ്തു കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയോടും വെല്‍ഫെയര്‍ പാര്‍ട്ടിയോടും ഏറ്റവുമധികം ബന്ധമുണ്ടാക്കിയത് ഇടതുപക്ഷമല്ലേ? കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് മലപ്പുറത്ത് തന്നെ പന്ത്രണ്ടോളം പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സി.പി.എം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. യു.ഡി.എഫ്-വെല്‍ഫെയര്‍പാര്‍ട്ടി ബന്ധമെന്നാരോപിച്ച് തെരുവിലിറങ്ങുമ്പോള്‍ അവരൊന്നിച്ചുറങ്ങുകയായിരുന്നു. ആലപ്പുഴ അരൂക്കുറ്റി മുതല്‍ കണ്ണൂര്‍ മാട്ടൂല്‍ വരെ ഇവര്‍ ഇക്കാലത്ത് ഒന്നിച്ച് ഭരിക്കുകയായിരുന്നു. പാലോളി മുഹമ്മദ്കുട്ടി സഭാ ടി.വിക്ക് നല്‍കിയ കെ.എന്‍.എ ഖാദറും എന്‍.പി രാജേന്ദ്രനുമായുള്ള അഭിമുഖത്തില്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. പൊതു ശത്രുവിനെ നേരിടാന്‍ വേണ്ടി ഒന്നിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസാണ് പൊതുശത്രു. അക്കാലത്ത് മതരാഷ്ട്ര വാദികളുമായി ചേരുന്നതിന് ഇവര്‍ക്ക് കുഴപ്പമില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര പ്രതിഛായയെ പ്രതികൂലമായി ബാധിച്ചു എന്ന് നിരീക്ഷിക്കുന്നവരുണ്ട്. എന്തു പറയുന്നു?

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കിയെന്ന് പ്രചാരണം മാത്രമാണ് ഉണ്ടായത്. പക്ഷേ, അത് മുസ്ലിം ലീഗിനെ ഒരിക്കലും ബാധിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ കാലങ്ങളുടെ ചരിത്രമെടുത്ത് നോക്കിയാല്‍ പരസ്യമായി വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഇടതുപക്ഷത്തെ പിന്തുണച്ചു. ഒരിക്കല്‍ മൂല്യാധിഷ്ടിതമായി വോട്ട് കൊടുത്ത സമയത്ത് ഇ.ടി മുഹമ്മദ് ബഷീറിനും എം.ഐ ഷാനവാസിനും വോട്ട് കിട്ടിയതൊഴികെ ഒരിക്കല്‍ പോലും യു.ഡി.എഫിന് അവരുടെ വോട്ട് കിട്ടിയിട്ടില്ല. അന്ന് തൊട്ടടുത്ത് മത്സരിച്ച ഇ. അഹമ്മദിന് വെല്‍ഫെയര്‍ പാര്‍ട്ടി വോട്ട് ചെയ്തിട്ടില്ല. അതു കഴിഞ്ഞുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും അവര്‍ ഇടതുപക്ഷത്തെ പിന്തുണച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ആരുടെ കൂടെയാണ് നിന്നത്? വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വാങ്ങിയല്ലേ കെ.ടി ജലീലടക്കമുള്ളവര്‍ ഇവിടെ മന്ത്രിമാരായി ഇരിക്കുന്നത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ യു.ഡി.എഫിന് ഒപ്പം നിന്നതോടെയാണ് ഇടതുപക്ഷത്തിന് അവര്‍ മതരാഷ്ട്ര വാദികളായി മാറിയത്. മതരാഷ്ട്ര വാദം മൗദൂദിയന്‍ കാലത്ത് തൊട്ടുള്ളതാണല്ലോ. മൗദൂദി മുന്നോട്ടുവച്ച പുസ്തകങ്ങളും ആശയങ്ങളും പിന്‍വലിച്ചിട്ടുമില്ല. ആ കാലത്തും ഇവരുടെ വോട്ട് എല്‍.ഡി.എഫ് വാങ്ങിയിട്ടുണ്ട്. മാത്രമല്ല, അവരുടെ നേതാക്കന്മാരെ അവരുടെ സ്ഥലങ്ങളില്‍ ചെന്നു കാണുകയും മന്ത്രിമന്ദിരങ്ങളിലേക്ക് വിളിച്ചു വരുത്തുകയും ആ സമയത്തെ എല്ലാ സല്‍ക്കാരങ്ങളിലും നിരന്തരം അവരെ പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാരിന്റെ ആദ്യത്തെ ഇഫ്താറിലടക്കം ജമാഅത്തേ ഇസ്ലാമിയുടെ നേതാക്കന്മാരെ ക്ഷണിച്ച് വരുത്തിയിരുന്നു. ഇപ്പോ ഞങ്ങള്‍ അവരെ കാണുന്നില്ല, നിങ്ങള്‍ കാണുന്നു എന്ന് പറയുന്നതില്‍ എന്താണ് അര്‍ഥം. ഒരാളുടെ തോളില്‍ കയ്യിട്ടാല്‍ ഒലിച്ചു പോകുന്നതാണോ ആദര്‍ശം. സമൂഹത്തില്‍ വ്യക്തികള്‍ കാണും, സംസാരിക്കും. നിയമസഭയില്‍ ഒ.രാജഗോപാലിനോട് സംസാരിക്കുന്നതിനര്‍ഥം ഞാന്‍ ബി.ജെ.പിയായി എന്നാണോ? സ്പീക്കര്‍ക്ക് ഒ. രാജഗോപാലിന്റെ വോട്ട് കിട്ടിയിട്ടുണ്ട്. അപ്പോള്‍ സ്പീക്കര്‍ക്ക് അതു വേണ്ട എന്ന് പറയാമായിരുന്നില്ലേ? സ്പീക്കര്‍ക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ പോലും ബി.ജെ.പിയുമായി ഒത്തു ചേര്‍ന്നു നടത്തുന്ന പോരാട്ടമാണെന്ന പ്രചാരണമാണ് നടക്കുന്നത്.

കോണ്‍ഗ്രസ് മുക്ത കേരളത്തിനായി, ഇടതു ഭരണ തുടര്‍ച്ചക്കായി പ്രയത്നിക്കണമെന്ന് ബി.ജെ.പി പഠന ശിബിരങ്ങളില്‍ നിര്‍ദേശം വന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. ഇതിനെ എങ്ങനെയാണ് യു.ഡി.എഫ് കൈകാര്യം ചെയ്യുക?

സി.പി.എം ജയിച്ചാല്‍ അതിന്റെ ഗുണഫലം കിട്ടുന്നത് ബി.ജെ.പിക്കാണ്. അതിനാല്‍ ബി.ജെ.പി, സി.പി.എമ്മിനൊപ്പമേ നില്‍ക്കൂ. അതോടുകൂടി കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന ധാരണയാണ് ഇരുകൂട്ടര്‍ക്കുമുള്ളത്. സംസ്ഥാനത്തെ സി.പി.എമ്മിന്റെ മുദ്രാവാക്യം കോണ്‍ഗ്രസ് മുക്ത കേരളമെന്നതാണ്. ഇതേ മുദ്രാവാക്യം മുന്നോട്ടുവക്കുന്നത് ബി.ജെ.പിയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണ്. ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ എന്തു വഴിയും തേടുമെന്നാണ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനര്‍ഥം ഹരിപ്പാട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പിന്തുണയ്ക്കും എന്നതാണ്. ഇടതു പക്ഷത്തിന് വേണ്ടിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. ഈ വാര്‍ത്തകളെ യു.ഡി.എഫ് മാത്രമല്ല നേരിടേണ്ടത്. ഈ പ്രചാരണങ്ങളുടെ അപകടം എന്താണെന്ന് പൊതു സമൂഹം തിരിച്ചറിയണം. മാധ്യമങ്ങളടക്കം ഈ അപകടത്തെ ചെറുക്കാന്‍ രംഗത്തു വരണം. മത-സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ ഇതിനെ പ്രതിരോധിക്കാന്‍ രംഗത്തു വരണം.

സൈബറിടങ്ങളില്‍ സ്വന്തം വാദങ്ങളും ന്യായങ്ങളും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും എല്‍.ഡി.എഫിന് പെട്ടെന്നു സാധിക്കുന്നു. അതിലൂടെ പൊതുബോധം മാറ്റിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നു. യു.ഡി.എഫ് ഇവിടെ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത്?

എല്‍.ഡി.എഫിനായി പണിയെടുക്കാന്‍ ധാരാളം പി.ആര്‍ ഏജന്‍സികളുണ്ട്. ഭരണത്തിലിരിക്കുന്നതിനാല്‍ അവര്‍ക്ക് ധാരാളം സാമ്പത്തിക പിന്തുണയുമുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ അവര്‍ ഇറക്കിയ പത്ര പരസ്യങ്ങളുടെ കണക്കുകള്‍ മാത്രമെടുത്താല്‍ ഇക്കാര്യം വ്യക്തമാകും. സംസ്ഥാനത്ത് ഏറ്റവുമധികം പത്രപരസ്യം നല്‍കിയത് പിണറായി സര്‍ക്കാരാണ്. കോടി കണക്കിന് രൂപയാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. ഔദ്യോഗികമായി ചെലവഴിക്കുന്നതിന് പുറമേ വിവിധ അഴിമതികള്‍ നടത്തി ഉണ്ടാക്കിയെടുത്ത തുക മുഴുവന്‍ അവര്‍ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. ക്യാപ്സ്യൂളുകള്‍ കൊടുക്കാനുള്ള കേന്ദ്രങ്ങളും ട്രോളന്മാരും സൈബര്‍ പോരാളികളും യു.ഡി.എഫ് നേതാക്കളുടെ പ്രൊഫൈലുകള്‍ നോക്കിയിരിപ്പാണ്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാണുന്നതിന് മുമ്പുതന്നെ ഇവര്‍ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ തെറിയഭിഷേകം നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. ആദ്യത്തെ കമന്റുകള്‍ ഇത്തരത്തിലാക്കിമാറ്റാന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് അവര്‍. ഇതൊരു ഗീബല്‍സിയന്‍ തന്ത്രമാണ്. ഹിറ്റ്ലറിന് വേണ്ടി ഗീബല്‍സ് പ്രചാരണം നടത്തിയ രീതിയില്‍ എതിരാളികളെ ധാര്‍മികമായും മാനുഷികമായും ദുഷ് പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. മനുഷ്യനല്ല, മൃഗത്തിന് തുല്യമാണ് എന്ന രീതിയില്‍ ആക്ഷേപിക്കുകയാണ് ഇടത് സൈബര്‍ പോരാളികള്‍. മോദിയുടെയും ട്രംപിന്റെയും രീതിയും ഇതു തന്നെയാണ്. മെക്സിക്കന്‍സിനെതിരേ ട്രംപ് നടത്തിയതും ഗുജറാത്ത് കലാപത്തിലെ ഇരകളോട് മോദി നടത്തിയതും സമാനമായ പരാമര്‍ശങ്ങളാണ്. മനുഷ്യത്വമില്ലാത്ത രീതിയിലാണ് ഇടതുപക്ഷം എതിരാളികളെ ആക്ഷേപിക്കുന്നത്. ബി.ജെ.പിക്കാര്‍ രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നത് പോലെ രമേശ് ചെന്നിത്തലയെ ഇടതുപക്ഷം ആക്ഷേപിക്കുന്നു. എന്നാല്‍, വസ്തുതകള്‍ വിലയിരുത്തുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. ചെന്നിത്തലയുടെയും പിണറായിയുടെയും പ്രസംഗങ്ങള്‍ മാത്രം എടുത്ത് പരിശോധിച്ചാല്‍ മാത്രം കാര്യങ്ങള്‍ മനസിലാകും. ഉള്ളടക്കമുള്ള സംസാരം ആരുടേതാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഉളുപ്പില്ലാത്തവന്‍, ചെരുപ്പുകൊണ്ട് മുഖത്തടിക്കേണ്ടവന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ പിണറായി നടത്തുമ്പോള്‍ പ്രതിപക്ഷത്ത് നിന്ന് അങ്ങനെ ഒരു വാക്കുപോലും വരുന്നില്ലെന്നത് ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. സഭ്യമല്ലാത്ത രീതിയിലുള്ള പ്രതികരണം യു.ഡി.എഫിന്റെ രീതിയല്ല. ഇങ്ങനെ സംസാരിച്ചവരൊന്നും അധികകാലം നിലനിന്നിട്ടില്ലെന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ക്രിസ്ത്യന്‍ രൂപതകളെയും എന്‍.കെ പ്രേമചന്ദ്രനെയുമൊക്കെ ആക്ഷേപിച്ചിട്ട് അതിന്റെ ഫലം അധികം വൈകാതെ തന്നെ അവര്‍ക്ക് തിരിച്ചു കിട്ടിയില്ലേ? പൊതു സമൂഹം എല്ലാം കാണുന്നുണ്ട്. അവര്‍ മാന്യതക്കൊപ്പമേ എന്നും നില്‍ക്കാറുള്ളൂ.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പോരായ്മകളല്ലേ ശരിക്കും ബി.ജെ.പിയുടെ കരുത്ത്? ഇടതുപക്ഷവും ബി.ജെ.പിയും കോണ്‍ഗ്രസിനെതിരേ നടത്തുന്ന പ്രചാരണങ്ങളെ അതിജീവിക്കാന്‍ യു.പി.എയ്ക്കാകുമോ?

ദേശീയ രാഷ്ട്രീയത്തില്‍ എന്തു പോരായ്മകളുണ്ടെങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കണ്ടേ? ഇല്ലെങ്കില്‍ എന്താണ് ഒരു ബദല്‍. ഇടതുപക്ഷത്തിന് രാജ്യം ഭരിക്കാനുള്ള ശക്തിയുണ്ടോ? പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഒരു കാലത്ത് അവരുണ്ടായിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് എ.കെ.ജിയായിരുന്ന കാലത്തു നിന്ന് അവര്‍ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലെത്തി. ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെ കൊണ്ടുവരുക എന്നത് ഇന്ത്യ നിലനില്‍ക്കേണ്ടതിന്റെ ആവശ്യമാണ്. അതിലൂടെ മാത്രമേ സംഘ്പരിവാറിനെ നേരിടാനാകൂ. അതിന് ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. പശ്ചിമബംഗാളില്‍ ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുന്നത് ഈ തിരിച്ചറിവ് കൊണ്ടാണ്. ഇതേ അവസ്ഥ കേരളത്തിലെ സി.പി.എമ്മിനും ഉണ്ടാകും.

ഹൈദരാബാദില്‍ മാത്രം ഒതുങ്ങിയിരുന്ന ഉവൈസിയുടെ മജ്ലിസ് ദേശീയ രംഗത്ത് ശക്തമായ ചുവടുവക്കുമ്പോള്‍ മുസ്ലിം ലീഗ് മലപ്പുറത്തേക്ക് ഒതുങ്ങുന്നു എന്ന വിമര്‍ശം ശക്തമാണ്. എങ്ങനെ കാണുന്നു?

ലീഗ് രാഷ്ട്രീയം എന്നത് കൃത്യമായ തത്വത്തില്‍ അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുന്നത്. അതുവിട്ട് എവിടെയും നിലപാടെടുക്കാന്‍ പറ്റില്ല. കേരളത്തിലെ അതേ രീതിയില്‍ തമിഴ്നാട്ടില്‍ ലീഗിന് കൃത്യമായ വളര്‍ച്ചയുണ്ടല്ലോ? അവിടെയും തത്വാധിഷ്ടിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഉത്തരേന്ത്യയിലും ഈ രീതി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ക്ഷേമ പ്രവര്‍ത്തനങ്ങളും സാമൂഹിക പുരോഗമന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി അവിടങ്ങളില്‍ നടപ്പാക്കാനാകുന്നുണ്ട്. വീടുകള്‍ നിര്‍മിച്ച് നല്‍കിയും റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെയും ഇസ്ലാം കാട്ടിത്തന്ന മിതത്വത്തിന്റെ പാതയിലൂടെയാണ് ലീഗ് സഞ്ചരിക്കുന്നത്. സാവധാനം ഉത്തരേന്ത്യന്‍ ജനതയെ ഇത് ബോധ്യപ്പെടുത്താനാകും. ഉത്തരേന്ത്യയിലെ സമസ്തയുടെ മദ്റസകളും പള്ളികളും ദാറുല്‍ഹുദയുടെ സ്ഥാപനങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങളും ഈ മാതൃകയാണ് നമുക്ക് കാട്ടിത്തരുന്നത്. ഉവൈസിയുടെ ഭാഷയില്‍ സമസ്ത സംസാരിക്കാത്തത് വിദ്യാഭ്യാസത്തിലൂടെയുള്ള സമുദ്ധാരണമാണ് ശരിയായ മാര്‍ഗമെന്ന തിരിച്ചറിവിലൂടെയാണ്. അതു തന്നെയാണ് നമുക്ക് മാതൃക. വാളല്ല, സ്‌കൂളാണ് കൊടുക്കേണ്ടതെന്ന നമ്മുടെ സന്ദേശം പൊതു സമൂഹത്തില്‍ നിന്ന്കൊണ്ട് മറ്റുള്ളവരില്‍ സ്പര്‍ധയുണ്ടാക്കുന്ന ഒന്നും ചെയ്യരുത് എന്ന് അവരെ പഠിപ്പിക്കാനായി. സഹിഷ്ണുതയുടെ ഭാഗത്ത് നില്‍ക്കുന്ന മതം എന്ന നിലയില്‍ നാം സമാധാന കാംക്ഷികളാണ്. ഉത്തരേന്ത്യന്‍ ജനത വിഭജനത്തിന്റെ വലിയ ആഘാതം അനുഭവിച്ചവരാണ്. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കൂടെ നിന്ന് അവരെ ശരിയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. അതുതന്നെയാണ് നടത്തുന്നത്.

ഇന്ത്യാവിഷന്‍ ചാനല്‍ മലയാള വാര്‍ത്ത രംഗത്ത് ഒരു വിപ്ലവമായിരുന്നു. പക്ഷേ, പാതി വഴിയില്‍ പരാജയപ്പെട്ടു. കാരണങ്ങള്‍?

നിഷ്പക്ഷ ചാനലായിരുന്നു ഇന്ത്യാവിഷന്‍. ആദ്യമായി 24 മണിക്കൂര്‍ ന്യൂസ് ചാനലെന്ന സംസ്‌കാരം കേരളത്തില്‍ കൊണ്ടുവന്നത് ഇന്ത്യാവിഷനായിരുന്നു. ഒ.ബി വാന്‍, സാറ്റലൈറ്റ് ന്യൂസ് ഗാതറിങ് സിസ്റ്റം (എസ്.എന്‍.ജി) തുടങ്ങിയവ ആദ്യമായി കേരളത്തില്‍ നടപ്പാക്കിയത് ഇന്ത്യാവിഷനായിരുന്നു. പക്ഷേ, ചില കാരണങ്ങളാല്‍ അത് പരാജയപ്പെട്ടു. എല്ലാ പ്രവര്‍ത്തനങ്ങളും ലാഭകരമായി നടക്കില്ലല്ലോ? ഇന്നത്തെ പ്രമുഖ മാധ്യമങ്ങളെ നയിക്കുന്നത് ഇന്ത്യാവിഷനിലുണ്ടായിരുന്നവരാണെന്നത് അഭിമാനവും സംതൃപ്തിയുമുണ്ടാക്കുന്നു.

ലീഗിന് പുതിയ വാര്‍ത്ത ചാനലായി ഇന്ത്യാവിഷന്‍ വീണ്ടും വരുമെന്ന് കേള്‍ക്കുന്നു?

ഇന്ത്യ വിഷന്‍ തിരിച്ചു വരവിന്റെ പാതയിലാണ്. പക്ഷേ, ലീഗിന്റെ ചാനലായി വരില്ല. ലീഗ് അങ്ങനൊരു ചാനലിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ലീഗിന്റെ കുറേ ആളുകള്‍ അതില്‍ ഷെയര്‍ എടുത്തിട്ടുണ്ട്. പുറത്തു നിന്നുള്ള ഷെയറുകളാണത്. കൂടുതലും മറ്റ് വലിയ ഡയറക്ടര്‍മാരായിരുന്നു. മുന്നില്‍ നമ്മളുണ്ടായിക്കോളണമെന്നില്ല, എങ്കിലും ആദ്യം 24 മണിക്കൂര്‍ ഓണ്‍ലൈന്‍ ചാനലായി വന്ന് സാറ്റ്ലൈറ്റ് ചാനലായി ഇന്ത്യാവിഷന്‍ തിരികെ വരും. അതിന്റെ സ്പെയിസ് ഇപ്പോഴും ഇവിടെയുണ്ട്.

താങ്കളുടെ ഒരു സ്വപ്‌ന പദ്ധതിയായിരുന്നല്ലോ എക്സ്പ്രസ് വേ. അതു പരാജയപ്പെടുന്നുണ്ടായ കാരണങ്ങള്‍? ഇപ്പോള്‍ എങ്ങനെ കാണുന്നു?


എക്സ്പ്രസ് വേ ഒരു സദുദ്ദേശ പദ്ധതിയായിരുന്നു. കെ.റെയില്‍ പോലുള്ള പദ്ധതികളുമായി പലരും ഇന്ന് വരുന്നുണ്ട്. പക്ഷേ, അന്ന് എക്സ്പ്രസ് വേ നടപ്പാക്കാന്‍ പറ്റിയിരുന്നെങ്കില്‍ ചുരുങ്ങിയ ചെലവില്‍ കുറച്ചാളുകളെ മാത്രം മാറ്റിപ്പാര്‍പ്പിച്ചുകൊണ്ട് നല്ല നഷ്ടപരിഹാരം കൊടുത്ത് പ്രശ്നങ്ങളില്ലാതെ നല്ല സഞ്ചാര മാര്‍ഗം ഒരുക്കാമായിരുന്നു. എന്നാല്‍, എന്തോ മതിലു കെട്ടി കേരളത്തെ രണ്ടാക്കുന്നു എന്ന രീതിയിലുള്ള പ്രചാരണമാണ് അന്ന് ഉണ്ടായത്. മാതൃഭൂമിയും മാധ്യമവുമൊക്കെയാണ് പ്രധാനമായും കാര്യങ്ങള്‍ മനസിലാക്കാതെ അതിനെതിരേ പ്രചാരണം നടത്തിയത്. വെബ്‌സൈറ്റില്‍ എക്സ്പ്രസ് വേയുടെ അഭിപ്രായം ജനങ്ങളോട് ചോദിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. പക്ഷേ, അപ്പോള്‍ തന്നെ തെറ്റായ പ്രചാരണങ്ങളുണ്ടായി.

കേരളത്തില്‍ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ നീതി വകുപ്പിന് വീഴ്ചയുണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ? വകുപ്പു മന്ത്രി എന്ന നിലയില്‍ അന്നുണ്ടായ ആക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

കാര്യമറിയാതെയാണ് അന്ന് ആക്ഷേപങ്ങളുണ്ടായത്. സാമൂഹ്യ ക്ഷേമ വകുപ്പ് ആ കുട്ടികളുടെ കൂടെ നില്‍ക്കുകയാണ് ചെയ്തത്. സാമൂഹ്യ ക്ഷേമ വകുപ്പ് ആ കുട്ടികള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോയി അവിടുത്തെ ഉദ്യോഗസ്ഥരെ ഇവിടേക്ക് വിളിച്ചു വരുത്തി. ഇവിടെ അവര്‍ പഠിക്കാനാണ് വന്നത് എന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. പഠനത്തിന് കേരളത്തിലേക്ക് വരുന്നതില്‍ കുഴപ്പമില്ല എന്ന ഗവ. ഓര്‍ഡര്‍ ഇറക്കി. സി.ബി.ഐ കോടതിയില്‍ നടന്നുവന്ന കേസുകളിലെല്ലാം ജയിക്കാന്‍ വഴിയുണ്ടാക്കിയത് ഞാനാണ്. എല്ലാ കേസുകളിലും എടുത്തു പറഞ്ഞത് ഞാന്‍ ഇറക്കിയ ആ ഓര്‍ഡറാണ്. അന്ന് വകുപ്പിന് പ്രശ്നം നിയന്ത്രിക്കാനാവാഞ്ഞതിന് കാരണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ (സി.ഡബ്യു.സി) സ്വതന്ത്ര ബോഡികളായിരുന്നതിനാല്‍ സി.ഡബ്യു.സികളെ നീക്കാന്‍ കഴിയില്ല എന്നതായിരുന്നു അന്നത്തെ നിയമം. റിട്ടയേര്‍ഡ് ജഡ്ജാണ് അതിനെ നിയന്ത്രിച്ചിരുന്നത്. പിന്നീട് മേനകാ ഗാന്ധിക്ക് കത്തെഴുതിയതിന് ശേഷമാണ് സി.ഡബ്യു.സികള്‍ക്കുമേല്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട് എന്ന ഉത്തരവ് വരുന്നത്. മേലില്‍ സി.ഡബ്യു.സികള്‍ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് അങ്ങനൊരു ഇടപെടല്‍ നടത്തി ഗവ. ഓര്‍ഡര്‍ ഇറക്കിയത്. യതീംഖാന ബോര്‍ഡ് ഇവിടെ ആവശ്യമില്ലെന്ന് ജുവനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേന്ദ്രം ഉത്തരവിറക്കിയപ്പോള്‍ സബ് കമ്മിറ്റി ഉണ്ടാക്കി അതിന്റെ റൂള്‍ മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. ഈ സര്‍ക്കാര്‍ അതും അട്ടിമറിച്ചു. അന്നു ചെയ്ത പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരുന്നു. പക്ഷേ, എല്ലാവര്‍ക്കും ആക്ഷേപിക്കാന്‍ മാത്രമായിരുന്നു താല്‍പര്യം. ഒന്നിച്ചിറങ്ങി പ്രതിരോധിച്ചാല്‍ അതിനാണല്ലോ വാര്‍ത്താ പ്രാധാന്യമുണ്ടാകുക. ഞാന്‍ സ്വന്തമായി യതീംഖാന നടത്തുന്നയാളാണ്. എന്റെ പിതാവ് യതീംഖാന വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹമാണ് യതീംഖാനയിലുള്ള കുട്ടികള്‍ക്ക് ആദ്യമായി ഗ്രാന്റ് അനുവദിച്ചത്. മന്ത്രിയായ ശേഷം ഞാന്‍ ആദ്യം ഒപ്പിട്ടത് ആ ഗ്രാന്റ് വര്‍ധിപ്പിക്കാനുള്ള ഉത്തരവാണ്. അതിന് ശേഷം റേഷന്‍, പഞ്ചസാര തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിച്ചു. അത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി.

ഉമ്മന്‍ചാണ്ടി യു.ഡി.എഫ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത് ശരിക്കും യു.ഡി.എഫിന് ഗുണം ചെയ്യുമോ?

ഉമ്മന്‍ചാണ്ടി മാത്രമല്ലല്ലോ, മുഴുവന്‍ നേതാക്കളും ഒന്നിച്ച് നേതൃനിരയിലേക്ക് കടന്നുവരികയല്ലേ? ഇത് യു.ഡി.എഫിന് പുതിയ ഊര്‍ജം നല്‍കും. എന്നും എല്ലാവരും ആഗ്രഹിച്ച കാര്യമാണ് ഇത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരടങ്ങിയ പത്തംഗ സംഘം ഒന്നിച്ച് നിന്നതോടെ കോണ്‍ഗ്രസിന്റെ അത്ര നേതാക്കള്‍ വേറെ എവിടെയാണ് ഉള്ളത്. യുവാക്കളുടെ നല്ല നിരയാണ് അവര്‍ക്ക് പിന്നില്‍ അണി നിരക്കുന്നത്. ഇതൊരു ശുഭ സൂചനയാണ്. ഈ പ്രഖ്യാപനം തന്നെ യു.ഡി.എഫിന് ഒരു മേധാവിത്വം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് വേണമെന്നത് തെരഞ്ഞെടുപ്പിന് ശേഷം എ.ഐ.സി.സി പ്രഖ്യാപിക്കുന്നതാണ് സ്ഥിരമായിട്ടുള്ള ശൈലി. എന്നാല്‍, അപ്പുറത്താകട്ടെ പിണറായി എന്ന ഒറ്റ വ്യക്തിയെ കേന്ദ്രീകരിച്ചാണ് സി.പി.എമ്മിന്റെ ക്യാംപയിന്‍. രണ്ടാം നിരയെ വളര്‍ത്താന്‍ പിണറായി തയ്യാറായിട്ടില്ല. കോടിയേരി പോലും പ്രസക്തനല്ലാതായി. വിജയരാഘവനെ ആരാണ് കേള്‍ക്കുന്നത്. ഇ.പി ജയരാജനും എം.വി ജയരാജനും പി. ജയരാജനുമെല്ലാം അപ്രസക്തരാണ്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്‍.ഡി.എഫില്‍ ഇനിയും പ്രശ്നങ്ങളുണ്ടാകും.

ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമോ?

സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. പാര്‍ട്ടികള്‍ക്കെല്ലാം സീറ്റുകള്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പക്ഷേ, അന്തിമ ലക്ഷ്യം ആര്‍ക്കും വിഷമമില്ലാതെ കാര്യങ്ങള്‍ അവസാനിപ്പിക്കലാണ്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ലീഗിലെ യുവനിരയടക്കം വിമര്‍ശിക്കുന്നുണ്ട്? തിരിച്ചടിയാകുമോ?

അങ്ങനെയൊരു വിമര്‍ശനമുണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടി ഇപ്പോഴെടുത്ത തീരുമാനം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കണമെന്നതാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് മുന്നണിക്ക് ഗുണം ചെയ്യും. മുന്നണിക്കകത്ത് സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ടായാല്‍ അത് തീര്‍ക്കാന്‍ അദ്ദേഹത്തിന് പ്രത്യേകമായ നേതൃപാടവമുണ്ട്. അതിനാല്‍ അദ്ദേഹം കേരളത്തിലേക്ക് വരണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. ബാക്കിയുള്ള കാര്യങ്ങളിലൊന്നും തീരുമാനമെടുത്തിട്ടില്ല. മത്സരിക്കുന്നതടക്കമുള്ള എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞ് തങ്ങള്‍ തീരുമാനിക്കും.

എത്ര സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്?

നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇപ്പോള്‍ പുറത്തു വരുന്ന സര്‍വേകള്‍ തന്നെ യു.ഡി.എഫിന് 60 സീറ്റുകള്‍ എന്ന രീതിയിലാണ്. അത് നൂറിലെത്തിക്കും. വളരെയധികം ശുഭ പ്രതീക്ഷയിലാണ്.

ഡോ. എം.കെ മുനീര്‍/
ആദില്‍ ആറാട്ടുപുഴ