മലബാര്‍- തിരുകൊച്ചി ചരിത്രത്തിന്റെ മുറിവുണക്കണം

3199

ശരീരത്തില്‍ മുറിവുണ്ടാകുമ്പോള്‍ മുറിവിനെ പരിശോധിക്കാതെ ബാന്‍ഡേജ് ചുറ്റി വെറുതെ കൊണ്ടുനടന്നാല്‍ മുറിവുണങ്ങില്ല. രക്തം കിനിഞ്ഞുകൊണ്ടിരിക്കും. മുറിവ് തുറന്നു പരിശോധിച്ച് മുറിവിന്റെ ആഴവും പരപ്പും അളക്കാന്‍ നാം ആദ്യം തയാറാകണം. പരിശോധനയിലൂടെ കുത്തികെട്ടലുകളോ ശസ്ത്രക്രിയയോ എന്തുവേണം എന്നു കണ്ടെത്തണം. വേണ്ട ക്രിയകള്‍ ചെയ്തതിനുശേഷം മരുന്നുവച്ച് ബാന്‍ഡേജ് കെട്ടിയാല്‍ മാത്രമേ മുറിവ് ഉണങ്ങൂ. മലബാറും തിരുകൊച്ചിയും തമ്മില്‍ അപ്രകാരം ചരിത്രപരമായ വിടവുകളും മുറിവുകളുമുണ്ട്. അത് പരിശോധിക്കാനുള്ള ധൈര്യം ഉണ്ടാകണം. വേണ്ട പ്രതിക്രിയകളും ചെയ്യണം. അല്ലാതെ വര്‍ഷാവര്‍ഷം ചെയ്യുന്ന മേമ്പൊടികള്‍കൊണ്ട് മുറിവ് ഉണങ്ങില്ല. രക്തം കിനിഞ്ഞുകൊണ്ടേയിരിക്കും.
എഡി 1200 മുതല്‍ കോഴിക്കോട് തുറമുഖവും മലബാര്‍ ഭൂരിഭാഗവും സമ്പദ്സമൃദ്ധമായിരുന്നു. ഡല്‍ഹിയിലെ സുല്‍ത്താന്‍ ഭരണ കാലഘട്ടത്തിലും മുഗള്‍ ഭരണകാലഘട്ടത്തിലും മലബാര്‍ അതിന്റെ പ്രൗഢിയുടെ ഉന്നതങ്ങളിലായിരുന്നു. അക്കാലത്ത് ഇന്ത്യാ ഉപഭൂഖണ്ഡത്തിലേയും ലോകത്തെയും പ്രമുഖമായ തുറമുഖമായിരുന്നു കോഴിക്കോട്. സാമൂതിരി അവരുടെ സുവര്‍ണ കാലഘട്ടത്തില്‍ തെക്കന്‍ കൊല്ലം മുതല്‍ വടക്കന്‍ കൊല്ലം (കൊയിലാണ്ടി) വരെ പടര്‍ന്നു കിടക്കുന്ന വിശാല സാമ്രാജ്യമാണ് ഭരിച്ചിരുന്നത്. എ.ഡി 1342-47 നും ഇടക്ക് മലബാര്‍ സന്ദര്‍ശിച്ച ഇബ്നു ബത്തൂത്ത കോഴിക്കോടനെ ലോകത്തെ ഏറ്റവും വലുതും മനോഹരമായ തുറമുഖമായാണ് വിവരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും കച്ചവടക്കാരെ കോഴിക്കോട് കാണാന്‍ സാധിച്ചെന്ന് അദ്ദേഹം രേഖപ്പെടുത്തി. കോഴിക്കോട്ടെ ചില മുസ്ലിം വ്യാപാരികളെപറ്റി അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: അവരില്‍ ചിലര്‍ ചരക്കുമായി വന്ന കപ്പലുകളെ കപ്പലും ചരക്കും അടക്കം ഒരുമിച്ചുവാങ്ങാന്‍ തക്ക സാമ്പത്തിക ശക്തിയുണ്ടായിരുന്നു. 1403 എ.ഡിയില്‍ മലബാര്‍ സന്ദര്‍ശിച്ച ചൈനീസ് നാവികന്റെ മാഹുവാന്‍ പറഞ്ഞത്, ലോകത്തിലെ മുഴുവന്‍ വ്യാപാരികളെയും വാണിജ്യ സാധനങ്ങളും കാണാന്‍ കഴിയുന്ന ഒരു ഭൂവിഭാഗം ആണ് മലബാര്‍ എന്നും 20 മുതല്‍ 30 വരെ മസ്ജിദുകള്‍ വ്യാപാരികളുടെ മതപരമായ ആവിശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു അവിടെ ഉണ്ടെന്നും അദ്ദേഹം എഴുതി. മരുമക്കത്തായ സമ്പ്രദായത്തെ പറ്റിയും കൈവിരലും കാല്‍വിരലും ഉപയോഗിച്ചുള്ള കണക്ക് കൂട്ടല്‍ രീതിയെ പറ്റിയും അദ്ദേഹം വിവരിച്ചിട്ടുണ്ട്.
1498 ല്‍ കാപ്പാട് വന്ന പോര്‍ച്ചുഗീസുകാര്‍ക്ക് സാമൂതിരി വ്യാപാരത്തിനുള്ള അനുമതി കൊടുത്തു. പക്ഷേ, അറബികളെ ആക്രമിക്കുകയും സാമൂതിരിയുടെ സംരക്ഷണയിലുള്ള അവരുടെ വസ്തുവകകള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സാമൂതിരിയും പോര്‍ച്ചുഗീസുകാരം തമ്മില്‍ നൂറ്റാണ്ടുകള്‍ നീണ്ട യുദ്ധമുണ്ടായി. കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികസേന പറങ്കി നാവികവ്യൂഹത്തിന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. 1571 ല്‍ ചാലിയം കോട്ടയില്‍ നടന്ന യുദ്ധത്തില്‍ സാമൂതിരി പറങ്കികളെ പൂര്‍ണമായും തുരത്തി. മലബാര്‍ വഴി ഇന്ത്യ മുഴുവന്‍ കീഴടക്കാനും ഭരിക്കാനും കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്ന പോര്‍ച്ചുഗീസുകാര്‍, അവര്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്ത് തന്നെ ഒരു തുറമുഖം ആവശ്യമാണെന്ന് തോന്നി. പക്ഷേ, ശക്തമായ ചെറുത്തുനില്‍പ്പ് അവരുടെ സാമ്രാജ്യത്വ സ്വപ്നങ്ങളുടെ മുകളില്‍ കരിനിഴല്‍ വീഴ്ത്തി. നൂറ്റാണ്ട് നീണ്ട ശക്തമായ നാവികയുദ്ധ പരാജയങ്ങള്‍ക്കുശേഷം മലബാറില്‍ നിന്ന് ഗോവയില്‍ പോവുകയും അവിടെ കീഴടക്കി ഭരണം നടത്തുകയും ചെയ്തു.
1757 ല്‍ സാമൂതിരിയുടെ ആക്രമണത്തെ ചെറുക്കാന്‍ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം തേടി. 1766 ഹൈദരാലി ബ്രിട്ടീഷ് സമാന്തനായ സാമൂതിരിയെ കീഴടക്കുകയും മലബാറിനെ മൈസൂരിനോട് ചേര്‍ക്കുകയും ചെയ്തു. മൂന്നാം മൈസൂര്‍ യുദ്ധം (1790 1792) മലബാര്‍ ഏരിയ കമ്പനി ഭരണകൂടത്തിലായി. 1806 നു ശേഷം സാമൂതിരി കമ്പനിയുടെ പെന്‍ഷന്‍കാരന്‍ മാത്രമായി ചുരുങ്ങി.
മലബാറുകാരുടെ നൂറ്റാണ്ട് നീണ്ട പറങ്കിപ്പടയുമായിട്ടുള്ള പോരാട്ടവും ടിപ്പുസുല്‍ത്താന്റെ കൂടെ ചേര്‍ന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ തന്നെയുള്ള പോരാട്ടവും ബ്രിട്ടീഷുകാരുടെ മനസ്സില്‍ ഉണ്ടായിരുന്നു. ഇന്ത്യ ഭരിക്കാന്‍ വന്ന പറങ്കികളെ അറബിക്കടലില്‍ തന്നെ പ്രതിരോധിച്ച മലബാറികളെ യുക്തിസഹമായി നേരിട്ടല്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ബ്രിട്ടീഷുകാര്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു. 1792 മുതല്‍ 1947 വരെ 150 വര്‍ഷം കൊണ്ട് മലബാറിനെ ബ്രിട്ടീഷുകാര്‍ അവരുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് പരമാവധി ചണ്ടിയാക്കി. 1921 ല്‍ പ്രമാദമായ മലബാര്‍ സമരം മലബാറില്‍ ആളിക്കത്തി. ഇന്ത്യയിലെ വൈസ്രോയിമാര്‍ ബ്രിട്ടണിലേക്ക് അയച്ചു കത്തുകളിലും മറ്റു സന്ദേശങ്ങളിലും മലബാറിന്റെ പോരാട്ട വീര്യത്തിന്റെ ആഴത്തിലുള്ള മുദ്രകള്‍ കാണാന്‍ സാധിക്കുന്നു. 1792 ല്‍ തന്നെ ബ്രിട്ടീഷുകാര്‍ മലബാറിനെ മദ്രാസിന്റെ കൂടെ ചേര്‍ത്തിരുന്നു.
1947 ല്‍ ഇന്ത്യ സ്വതന്ത്ര്യമായപ്പോള്‍ മലബാര്‍ മദ്രാസിന്റെ ഭാഗമായി തുടര്‍ന്നു. നവംബര്‍ 1956 ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ മലബാറിനെ തിരു-കൊച്ചിയുടെ കൂടെ കൂട്ടിച്ചേര്‍ത്തു. ഐക്യകേരള രൂപീകരണത്തിനുശേഷം 65 വര്‍ഷമായി, 1792 മുതല്‍ 1956 വരെ മദ്രാസിന്റെ ഭാഗമായിരുന്നപ്പോള്‍ എങ്ങനെ പരിഗണിച്ചുപോന്നു അതേപോലെ തന്നെയാണ് 1956 മുതല്‍ 2021 വരെ തിരുകൊച്ചിയുടെ ഭാഗമായ 65 വര്‍ഷവും മലബാറിനെ പരിഗണിച്ചത്. ഈ പരിഗണനയുടെ ഫലം അറിയണമെങ്കില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തുടങ്ങിയ ജില്ലകളെ തിരുകൊച്ചി ആയും കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളെ മലബാര്‍ ആയും പരിഗണിച്ചുകൊണ്ട് താരതമ്യപ്പെടുത്തിയാല്‍ മതിയാകും.
1956-ല്‍ ഐക്യകേരളം രൂപീകരിച്ചിട്ടുണ്ടെങ്കിലും തിരു-കൊച്ചി സംസ്ഥാനത്തിന്റെ പാരമ്പര്യത്തിനപ്പുറം കടക്കാന്‍ ഐക്യകേരളത്തിനായിട്ടില്ല. തിരു-കൊച്ചി കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സെക്രട്ടറിയേറ്റ്, നിയമസഭ, ഹൈക്കോടതി തുടങ്ങി മുഴുവന്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, നിയമസ്ഥാപനങ്ങളും നിലകൊള്ളുന്നത്. ഇത് മലബാറിനോടുള്ള ചിറ്റമ്മ നയത്തിന്റെ മകുടോദാഹരണമാണ്. ആരോഗ്യം, കെ.എസ്.ആര്‍.ടി.സി, വിദ്യാഭ്യാസം, പൊതുമേഖലാ സ്ഥാപനങ്ങള്‍, റവന്യൂ ഡിവിഷനുകള്‍ തുടങ്ങി എല്ലാ മേഖലകളിലും ഈ വിവേചനത്തിന്റെ മുറിപ്പാടുകള്‍ കാണും. പോലീസ് സ്റ്റേഷനുകളും ജയിലുകളും മാത്രമാണ് ജനസംഖ്യാ അനുപാതമായി മലബാറില്‍ ഉള്ളത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലാണ് 1884 ല്‍ ആണ് മലബാര്‍ സ്പെഷ്യല്‍ പോലീസ് മലപ്പുറം കേന്ദ്രീകരിച്ച് ഉണ്ടാക്കിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്ന ഗോത്രവര്‍ഗക്കാരെ ഡി ക്ലാസിഫൈഡ് ട്രൈബ്സ് അഥവാ ക്രിമിനല്‍ ട്രൈബ്സ് എന്നാണ് ബ്രിട്ടീഷുകാര്‍ രേഖപ്പെടുത്താറുള്ളത്. മലബാറുകാരെയും ചരിത്രപരമായ കാരണങ്ങളാല്‍ അങ്ങനെതന്നെയാണ് പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകാലത്തെ ഏറ്റവും വലിയ വികസന പ്രവര്‍ത്തിയില്‍ മലപ്പുറം കേന്ദ്രീകരിച്ച് സ്ഥാപിച്ച മലബാര്‍ സ്പെഷ്യല്‍ പോലീസ് ആയി മാറിയത്. 65 വര്‍ഷത്തെ ഐക്യ കേരളത്തിന്റെ ചരിത്രം പരിഗണിക്കുമ്പോള്‍ ബ്രിട്ടീഷ് കാലഘട്ടത്തെ ആ നിലപാടുകളില്‍നിന്നും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലന്നു കാണാന്‍ സാധിക്കും.
2011 ലെ സെന്‍സസ് പ്രകാരം തിരു-കൊച്ചിയില്‍ 7 ജില്ലകളിലായി 41 താലൂക്കുകളും 669 വില്ലേജുകളുമായി മൊത്തം ജനസംഖ്യ 156,27,916 ആണ്. മലബാറില്‍ ഏഴ് ജില്ലകളിലായി 36 താലൂക്കുകളും 891 വില്ലേജുകളുമായി 1,77,78,145 ആണുള്ളത്. തിരു-കൊച്ചിയും മലബാറിനെയും പ്രത്യേകമായി പരിഗണിച്ചാല്‍ മലബാര്‍ മൊത്തം വേണ്ടത് 55 താലൂക്കുകളും 10 ജില്ലകളുമാണ്. പുതുതായി 19 താലൂക്കുകളും 3 ജില്ലകളും തിരു-കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലബാര്‍ പുതുതായിരൂപീകരിക്കേണ്ടതുണ്ട്.
ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം മലബാറില്‍ 3486 ഹോസ്പിറ്റലുകളും തിരുകൊച്ചിയില്‍ 3202 ഹോസ്പിറ്റലുകളുമാണുള്ളത്. ജനസംഖ്യാ അനുപാതമായി മലബാറിനെയും തിരുവിതാംകൂറിനെയും താരതമ്യപ്പെടുത്തിയാല്‍ മലബാറില്‍ 3967 ഹോസ്പിറ്റലുകളുടെ ആവശ്യമാണുള്ളത്. പുതുതായി 481 ഹോസ്പിറ്റലുകള്‍ മലബാര്‍ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. തിരു-കൊച്ചിയിലെ ഹോസ്പിറ്റലുകളുടെ ബെഡ്ഡുകളുടെ എണ്ണം 21096 മലബാറിലും ബഡ്ഡുകളുടെ എണ്ണം 16908 ആണുള്ളത്. അതായത്, തിരു-കൊച്ചിയെ താരതമ്യപ്പെടുത്തുമ്പോള്‍ 7091 പുതിയ ബെഡ്ഡുകള്‍ മലബാറില്‍ ആവശ്യമായിട്ടുണ്ട്. ഗവ. ഡോക്ടര്‍മാരുടെ എണ്ണം തിരു-കൊച്ചിയില്‍ 2582 ഉം മലബാറില്‍ 2385 ഉം ആണ്. 2938 ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്താണ് ഇത്. 553 ഡോക്ടര്‍മാരുടെ കുറവ്. തിരു-കൊച്ചിയിലെയും മലബാറിലെയും ഡോക്ടര്‍, ബെഡ് അനുപാതം യഥാക്രം 8.17 ഉം 7.1 ഉം ആണ്. മലബാറിലെ കുറഞ്ഞ ഡോക്ടര്‍, ബെഡ് അനുപാതത്തിന് അവിടത്തെ ബെഡുകളുടെ എണ്ണക്കുറവിന് നന്ദി പറയാം. ബെഡുകളും ജനസംഖ്യാ അനുപാതം പരിശോധിച്ചാല്‍ തിരു-കൊച്ചിയില്‍ 741 രോഗികള്‍ക്ക് ഒരു ബെഡും മലബാറില്‍ 1052 രോഗികള്‍ക്ക് ഒരു ബെഡുമാണുള്ളത്. ഈ അനുപാദത്തില്‍ എല്ലാം മലബാര്‍ തിരു-കൊച്ചിയേക്കാള്‍ പിറകിലാണെങ്കിലും രണ്ട് അനുബന്ധ കണക്കില്‍ മലബാര്‍ മുന്നിലാണ്. 2016-17 മാതൃമരണ നിരക്കില്‍ തിരുകൊച്ചി 48 ആണെങ്കില്‍ മലബാറില്‍ ഇരട്ടിയോളം വരുന്ന 83 ആണ്. നവജാത ശിശുക്കളുടെ മരണം തിരുകൊച്ചിയില്‍ 857 ആണെങ്കില്‍ മലബാറില്‍ 1648 ആണ്.
വിദ്യാഭ്യാസ മേഖലയിലെ കണക്കുകള്‍ പരിശോധിച്ചാലും ഇതുപോലുള്ള വിവേചനങ്ങള്‍ കാണാം. മലബാറില്‍ 59575 കുട്ടികള്‍ക്ക് പത്താം ക്ലാസിനുശേഷം ഉപരിപഠനത്തിന് സീറ്റുകള്‍ ലഭ്യാമാകാതിരിക്കുമ്പോള്‍ തിരു-കൊച്ചിയില്‍ 7000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും 54 ബാച്ചുകള്‍ പത്തനംതിട്ട (11), ആലപ്പുഴ (12), കോട്ടയം (8), ഇടുക്കി (10), എറണാകുളം (12) കുട്ടികളില്ലാത്തിനാല്‍ പൂര്‍ണമായും നിര്‍ത്തലാക്കേണ്ടി വരികയും ചെയ്തു. കേരളത്തില്‍ 2005 ല്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യപ്പെട്ട 58895 കുട്ടികളില്‍ 20180 കുട്ടികള്‍ മലപ്പുറം ജില്ലയില്‍ മാത്രമാണുള്ളത്. 90 ശതമാനവും മലബാറില്‍ നിന്നാണ് കുട്ടികള്‍ പ്രൈവറ്റായി പഠിക്കുന്നത്.
മലപ്പുറം ജില്ലയില്‍ മാത്രം 61,805 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസാകുമ്പോള്‍ 43,495 മാത്രമാണ് എല്ലാ മേഖലകളിലും കൂടിയുള്ള ഉപരിപഠനത്തിന്റെ സീറ്റ്. എല്ലാ വര്‍ഷവും തുടക്കത്തില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ വരാറുണ്ട്. സീറ്റുകളുടെ എണ്ണം മാത്രമാണ് വര്‍ദ്ധിപ്പിക്കുന്നത്. തിരുകൊച്ചിയില്‍ ഒരു ക്ലാസില്‍ 40 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുമ്പോള്‍ മലബാറില്‍ ഒരു ക്ലാസില്‍ ഇരട്ടിയില്‍ കൂടുതല്‍, 90 ഓളം കുട്ടികള്‍ പഠിക്കുന്നു. ഇത് പഠനത്തിന്റെ നിലവാരത്തിനെയും കാര്യക്ഷമതയെയും സാരമായി ബാധിക്കുന്നു. എല്ലാ അധ്യയന വര്‍ഷത്തിന്റെ ആരംഭങ്ങളിലും മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്ക അവസ്ഥയെപറ്റിയുള്ള നിരവധി ലേഖനങ്ങളും പഠനങ്ങളും സമരങ്ങളും നടക്കാറുണ്ട്.
ചരിത്രത്തെ തിരുത്തുക സാധ്യമല്ല. ഇനി മുന്നോട്ട് എന്ത് എന്നുള്ളതാണ് ചിന്തിക്കേണ്ട വിഷയം. കേരളത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ ആണ് ഉള്ളത്. എക്സിക്യുട്ടീവ്, ലെജിസ്ലേറ്റീവും തലസ്ഥാനം തിരുവനന്തപുരത്തും ജുഡീഷ്യന്‍ തലസ്ഥാനം കൊച്ചിയിലുമാണുള്ളത്. എക്സിക്യുട്ടീവ് തലസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റേണ്ടതും പ്രാഥമിക ഘട്ടത്തില്‍ കോഴിക്കോട്ടെ മേഖലാ ഓഫീസുകള്‍ തിരുവനന്തപുരത്തും തിരുവനന്തപുരത്തെ മുഖ്യ ഓഫീസുകള്‍ കോഴിക്കോട്ടേക്കും മാറ്റിയാല്‍ 2000 കോടി മാത്രമായിരിക്കും ചെലവ്. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങള്‍ക്കും ഭരണ സുതാര്യതക്കും കാരണമായി വരും. മലബാറിലേക്ക് ആസ്ഥാനം മാറ്റുക എന്നു ആലോചിക്കുമ്പോഴേക്കും ഇവിടെ മലബാര്‍ സംസ്ഥാനത്തിനായി മുറവിളി കൂട്ടുന്നു എന്ന് അലറുന്നവര്‍ സാമൂഹ്യ നീതിയെക്കുറിച്ച് നിശബ്ധരാകുന്നു.
ഈ വിവേചനവും അപര്യപ്തതയും എങ്ങനെ മറികടക്കാമെന്ന് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മീഷന്‍ രൂപീകരിക്കണം. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം, റവന്യൂ തുടങ്ങി മുഴുവന്‍ വിഷയങ്ങളും പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. അവരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് പുതിയ താലൂക്കുകള്‍, ജില്ലകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, തുടങ്ങിയ സംവിധാനങ്ങള്‍ സ്ഥാപിക്കാനും അതിലൂടെ പുതിയൊരു ഉണര്‍വുള്ള കേരളം രൂപീകരിക്കാനും നടപടികള്‍ കൈകൊള്ളണം.


റഫറന്‍സ്:

  1. ഇന്ത്യയുടെ സെന്‍സസ് റിപ്പോര്‍ട്ട്, 2011
  2. ഹെല്‍ത്ത് അറ്റ് എ ഗ്ലാന്‍സ്, ഡി.എച്.എസ്.ഗവണ്മെന്റ് ഓഫ് കേരള, 2018
  3. ദേശീയ കുടുംബാരോഗ്യ സര്‍വേ 2015-16
  4. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സാമൂഹിക സാമ്പത്തിക സര്‍വേകളുടെ റിപ്പോര്‍ട്ട് 20022017

(സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്
തമിഴ്‌നാട് സൗത്ത് റീജിയണ്‍, തിരുനല്‍വേലി
മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം
ഇംപ്ലിമെന്റേഷന്‍ ഗവ. ഓഫ് ഇന്ത്യ
നാഷണല്‍ പ്രസിഡന്റ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വിസ് ഓഫീസേഴ്സ് അസോസിയേഷന്‍)

ഡോ. ഷിഹാബുദ്ദീന്‍ റാവുത്തര്‍