മഹല്ലുകള്‍ക്ക് ചരിത്രസാക്ഷരത ആവശ്യമാണ്

2715

ഏതൊരു സമൂഹത്തിനും, ജനവിഭാഗങ്ങള്‍ക്കും താന്താങ്ങളുടെ ഭൂതകാലത്തെകുറിച്ചുള്ള അറിവും കൃത്യമായ ധാരണയും അത്യന്താപേക്ഷിതമായ കാര്യമാണ്. എഴുതപ്പെട്ട ചരിത്രത്തിന് ഏറെ സ്വീകാര്യതയും ആധികാരികതയും കല്‍പിക്കപ്പെടുന്നതിനാല്‍, ചരിത്രരചനയേയും ചരിത്ര രേഖകളുടെ സംരക്ഷണത്തേയും ഒരു സാമൂഹ്യമായ ഉത്തരവാദിത്വമായി പലപ്പോഴും കണക്കാക്കപ്പെടുന്നു. ഇത്തരം ധാരണയും അറിവും ആധുനിക സമൂഹം ഉള്‍ക്കൊള്ളുന്നതുകൊണ്ടു തന്നെ, ഔദ്യോഗിക തലത്തില്‍ ചരിത്രരചനക്കും ഗവേഷണങ്ങള്‍ക്കും ഏറെ പ്രാധാന്യവും പ്രോത്സാഹനവും നല്‍കുന്നതായി കാണാം. ആകര്‍ഷകമായ ഒരു തൊഴില്‍ മേഖലയായി ചരിത്രരചനയും ഗവേഷണവും പുതിയ കാലത്ത് വളര്‍ന്നു വന്നിട്ടുണ്ട്. പുരാവസ്തു മേഖലയില്‍ ലിഖിതശാസ്ത്രമേഖല, നാണയ പഠനമേഖല, ഭൂമിശാസ്ത്രമേഖല തുടങ്ങി നിരവധി പഠന മേഖലകള്‍ ചരിത്ര രചനയുടെ അനുപേക്ഷണീയമായ ചില ഘടകങ്ങളാണ്. ഇത്തരം മേഖലകളിലുള്ള പ്രാവീണ്യവും ഗഹനമായ അറിവും ചരിത്രകാരന് ഒഴിച്ചുകാടാന്‍ പറ്റാത്ത കാര്യമാണ്.
ചരിത്ര രചനാശാസ്ത്രവും ശാസ്ത്രീയമായ ചരിത്ര രചനയും ഏറെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും, ചരിത്രരചനയുടെയും ചരിത്ര രേഖകളുടെയും സംരക്ഷണത്തെക്കുറിച്ച് പൊതുസമൂഹം അത്രമേല്‍ ബോധവാന്മാരല്ല. തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ഓരോ വ്യക്തിക്കും സമൂഹത്തിനും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട ബോധവും ധാരണയും എന്തൊക്കെയാണെന്ന് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചരിത്രകാരന് ആവശ്യമായി ലഭ്യമായിരിക്കേണ്ട ഉല്‍പാദന സ്രോതസുകള്‍ സമൂഹത്തില്‍ സംരക്ഷിപ്പെടുകയുള്ളൂ.
കേരളത്തില്‍ വിവിധ കാലഘട്ടങ്ങളില്‍ ഗവേഷണത്തിനും സന്ദര്‍ശനങ്ങള്‍ക്കുമായി വന്ന യൂറോപ്യന്‍ അക്കാദമിക പണ്ഡിതന്മാര്‍, കേരളത്തിലെ ജനങ്ങളുടെ ചരിത്ര ബോധത്തെക്കുറിച്ചും ബോധമില്ലായ്മയെക്കുറിച്ചും പലയിടത്തും രേഖപ്പെടുത്തിയതായി കാണാം. ചരിത്ര ബോധത്തിന്റെ അഭാവം പലപ്പോഴും, ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്ത വിനയായി ഭവിക്കാറുണ്ട്. അമൂല്യമായ പല ചരിത്രരേഖകളും സ്മാരകങ്ങളും ചരിത്ര ബോധത്തിന്റെ അഭാവംകൊണ്ട് എന്നെന്നേക്കുമായി നമുക്ക് നഷ്ടമായിപ്പോയിട്ടുണ്ട്. ആയതിനാല്‍ പൊതുസമൂഹം അത്തരം കാര്യങ്ങളില്‍ കൃത്യമായി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കേരളത്തിന്റെ ജനസംഖ്യയില്‍ വലിയ ശതമാനം വരുന്ന ജനവിഭാഗമാണ് മുസ്‌ലിംകള്‍. മലയാളിയുടെ സാമൂഹിക,സാമ്പത്തിക,സാംസ്‌കാരിക ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു മതവിഭാഗം എന്ന നിലയില്‍, മുസ്‌ലിം ജനതയുടെ ഭൂതകാലത്തെക്കുറിച്ചുള്ള പഠനത്തിന് ചരിത്രകാരന്മാര്‍/ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ഏറെ സമയവും വിഭവങ്ങളും ചെലവിടുന്നതായി കാണാം. വിദേശികളും സ്വദേശികളുമായ സാമൂഹ്യശാസ്ത്ര പണ്ഡിതരും ഗവേഷകരും കേരള മുസ്‌ലിംകളുമായി ബന്ധപ്പെട്ട വൈവിധ്യമായി നിരവധി വിഷയങ്ങളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങള്‍ക്ക് സഹായകമായേക്കാവുന്ന ചില സുപ്രധാന സംഭാവനകള്‍ കേരളത്തില്‍ അധിവസിക്കുന്ന മുസ്‌ലിം ജനവിഭാഗത്തിന് സംഘടിതമായി ചെയ്യുവാന്‍ സാധിക്കുന്നതാണ്. അത്തരം സംഘടിത ശ്രമങ്ങള്‍ ശാസ്ത്രീയമായി അനുവര്‍ത്തിക്കുകയും പിന്തുടരുകയും ചെയ്യുകയാണെങ്കില്‍, വരും തലമുറകള്‍ക്ക് ചരിത്രബോധവും ജ്ഞാനബോധവും തികച്ചും അനായാസമായി നല്‍കുവാനും സന്നിവേശിപ്പിക്കുവാനും കഴിയുമെന്നതില്‍ യാതൊരു സംശയവും ഇല്ല.
ശക്തമായ മത സമുദായം എന്ന നിലയില്‍ കേരള മുസ്‌ലിംകള്‍ വളര്‍ന്നു വന്നിട്ടുണ്ട്. മതപരവും സാമൂഹികമായി കാര്യങ്ങളുടെ ഏകീകരണത്തിനും കെട്ടുറപ്പിനും വേണ്ടി മഹല്ലുകള്‍ എന്ന സാമൂഹ്യ സ്ഥാപനം മുസ്‌ലിംകള്‍ അധിവസിക്കുന്ന കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇപ്പോള്‍ നിലവിലുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ വിവിധ രൂപങ്ങളില്‍ സക്രിയവും സജീവവുമായി നിലനില്‍ക്കുന്നുമുണ്ട്. മഹല്ലുകള്‍ക്ക് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുന്നതാണ്. കാരണം, ചരിത്രം ഒരിക്കലും വലിയ വലിയ ഭരണാധികാരികളുടെയോ യുദ്ധങ്ങളുടെയോ സ്വാതന്ത്ര്യ സമരങ്ങളുടെയോ മാത്രമല്ല, മറിച്ച് ചരിത്രം സാധാരണ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചു കൂടിയുള്ളത്രണ്. എങ്ങനെയാണവര്‍ ഇക്കാലയളവിനുള്ളില്‍ ഭൂമിയുടെ വിവിധ കോണുകളില്‍ തങ്ങളുടേതായ ജീവിതം കെട്ടിപ്പെടുത്തിട്ടുള്ളത്? എങ്ങനെയാണവര്‍ പരസ്പരം സന്തോഷവും സന്താപവും പങ്കുവെച്ചത്, എങ്ങനെ അവര്‍ തങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തിയത്. സവിശേഷമായ വിശ്വാസങ്ങളും ആചാരങ്ങളും തങ്ങള്‍ക്ക് ചുറ്റും എങ്ങനെയൊക്കെ സന്നിവേശിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്തു. കൃഷിയും കച്ചവടവും വിവാഹവും പാട്ടും നൃത്തവും തുടങ്ങി, തങ്ങളുടെ അധിവാസ മേഖലകളില്‍ അവര്‍ വളര്‍ത്തിയെടുത്ത പ്രക്രിയയാണ് ചരിത്ര രചന എന്നു പറയുന്നത്. ആയതിനാല്‍ ഒരോ വ്യക്തിക്കും ചരിത്ര താളുകളില്‍ കൃത്യമായ ഒരു ഇടമുണ്ട്. ആ സവിശേഷമായ ഇടത്തെ കൃത്യമായി അടയാളപ്പെടുവാന്‍ ആവശ്യമായ തെളിവ് സാമഗ്രികള്‍ അടുക്കും ചിട്ടയോടെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കേരളീയ സാഹചര്യത്തില്‍ മഹല്ലുകള്‍ക്ക് ചരിത്രരചനയടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അളവില്‍ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. സുചിന്തിതമായ ചില കര്‍മപരിപാടികളോടെയും ആസൂത്രണത്തോടെയും മുന്നോട്ടു പോകാന്‍ മഹല്ലുകള്‍ക്ക് കഴിഞ്ഞാല്‍, വലിയ നേട്ടങ്ങള്‍ കേരളീയ സാംസ്‌കാരിക രംഗത്ത് മഹല്ലുകള്‍ക്ക് നല്‍കുവാന്‍ കഴിയുന്നതാണ്. ഇതിനായി ഓരോ മഹല്ലുകളിലും ഒരു മഹല്ല് ആര്‍കേവ്‌സ്(പുരാരേഖാ ശേഖരം) സ്ഥാപിക്കപ്പെടേണ്ടതുണ്ട്. ഇതിനു വലിയ കെട്ടിടമോ മറ്റോ ആവശ്യമില്ല. മറിച്ച്, മഹല്ല് ഭാരവാഹികള്‍ക്ക് ഇത്തരം കാര്യങ്ങളോട് അനുകൂലവും ഗുണാത്മകവുമായ മനോഭാവം മാത്രം മതിയാവും. മഹല്ലുകളില്‍ നടക്കുന്ന കാര്യങ്ങളെ കൃത്യമായി രേഖപ്പെടുത്തിവെക്കുക എന്നത് തന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ജനന-മരണ രജിസ്റ്റര്‍ മിക്ക മഹല്ലുകളും സൂക്ഷികുന്നുണ്ടാവും. ഇത് കുറച്ചുകൂടി ശ്രദ്ധയോടെയും വിപുലമായും രേഖപ്പെടുത്തി വെക്കണം. പ്രത്യേകിച്ചും മരണ രജിസ്റ്ററുകള്‍. മരണപ്പെട്ട വ്യക്തിയുടെ പ്രായം,മരണകാരണം തുടങ്ങി എല്ലാ കാര്യങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കുകയാണെങ്കില്‍, അവ പില്‍ക്കാലത്ത് അമൂല്യമായ ഒരു രേഖയായിരിക്കും. വിവാഹ രജിസ്റ്ററുകള്‍ ഔദ്യോഗികമായി ഇന്ന് എല്ലാ മഹല്ലുകളും സൂക്ഷിക്കുന്നുണ്ട്. ഇതിനു പുറമേ ഓരോ മഹല്ലുകളിലും നടക്കുന്ന മുസ്‌ലിം ആചാരാനുഷ്ഠാനങ്ങളുടെ വിവരണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഓരോ മഹല്ലുകളിലും നടന്നുവരുന്ന നേര്‍ച്ചകള്‍, മതപ്രഭാഷണങ്ങള്‍, മഹല്ല് സംഗമങ്ങള്‍ തുടങ്ങിയവയുടെ നോട്ടീസുകള്‍ അടക്കം എല്ലാ വിവരങ്ങളും ആര്‍കേവ്‌സുകളില്‍ ഒരു കോപ്പിയെങ്കിലും സൂക്ഷിച്ചു വെക്കാവുന്നതാണ്.
മഹല്ലുകമ്മിറ്റികളുടെ മിനുട്‌സുകള്‍ കൃത്യമായും അടുക്കും ചിട്ടയോടെയും ഓരോ വര്‍ഷവും മഹല്ല് ആര്‍കേവ്‌സില്‍ ലഭ്യമാവണം. ഇവ കോണ്‍ഫിസന്‍ഷ്വല്‍ രേഖകളായി വെക്കാവുന്നതാണ്. യൂറോപ്പിലും മറ്റും ഉണ്ടായിരുന്ന പാരിഷ് രജിസ്റ്ററുകള്‍ പ്രാദേശിക ചരിത്ര രചനകള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ രേഖകളായിരുന്നു. ‘പള്ളി രേഖകള്‍’ എന്ന് വ്യാപകമായി അറിയപ്പെട്ടിരുന്ന ആ രേഖകള്‍ ഉപയോഗിച്ച് യൂറോപ്പിന്റെ സാമൂഹ്യ സാംസ്‌കാരിക ചരിത്ര രചന നടത്തിയ നിരവധി ചരിത്രകാരന്മാരുണ്ട്. അതുകൊണ്ടുതന്നെ, മഹല്ല് രേഖകള്‍ കേരളീയ സാമൂഹിക സാംസ്‌കാരിക ചരിത്രരചനക്ക് വലിയ യരീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.
കേരളത്തിലെ മിക്ക മഹല്ലുകളിലും പുരാതനമായ ശ്മശാനങ്ങളും ബഹുമാനപൂര്‍വം സംരക്ഷിക്കപ്പെടുന്ന ദര്‍ഗകളും കാണാവുന്നതാണ്. എന്നാല്‍, ഇവയെക്കുറിച്ച് രേഖപ്പെടുത്തപ്പെട്ട ഒന്നും പലപ്പോഴും ലഭ്യമാവാറില്ല. എന്നാല്‍, മഹല്ലു നിവാസികളുടെ സ്വകാര്യ ശേഖരങ്ങളില്‍ ചിലപ്പോള്‍ ചില രേഖകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അവ അന്വേഷിച്ചു കണ്ടെത്തി മഹല്ല് ആര്‍കേവ്‌സുകളില്‍ ലഭ്യമാക്കാവുന്നതാണ്. പ്രത്യേകിച്ചും ‘മനാഖിബ് രേഖകള്‍’, ‘മൗലിദ് രചനകള്‍’ തുടങ്ങിയ ചരിത്രരേഖകള്‍ എന്ന പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനു പുറമേ ഇത്തരം ദര്‍ഗകളുമായും ഖബറിടങ്ങളുമായും ബന്ധപ്പെട്ട ഓര്‍മകള്‍ മഹല്ലുകളിലെ പ്രായം കൂടിയ വ്യക്തികളില്‍നിന്ന് ചോദിച്ചറിഞ്ഞ് (ഇന്റര്‍വ്യൂ നടത്തിയ ശേഷം) അവ കൃത്യമായി രേഖപ്പെടുത്തി വെക്കേണ്ടതുണ്ട്. ഇവ രേഖപ്പെടുത്തി വെക്കുമ്പോള്‍, വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ പേര്, വയസ്സ്, മേല്‍വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖയോടൊപ്പം എഴുതി സൂക്ഷിക്കേണ്ടതാണ്. ഇത്തരം വിവരങ്ങള്‍ ശേഖരിക്കുവാന്‍ വേണ്ടി പ്രായംകൂടിയ ആളുകളുടെ സംഗമങ്ങള്‍ ‘കാരണവര്‍ കൂട്ടം’ എന്ന പേരില്‍ ചരിത്ര രചനയുമായി ബന്ധപ്പെട്ട ഗവേഷകര്‍, കോളേജ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മഹല്ലുകളില്‍ സംഘടിപ്പിച്ചാല്‍, ശാസ്ത്രീയമായി ആ വിവരങ്ങള്‍ ശേഖരിക്കുവാന്‍ സാധിക്കും. അവ വാമൊഴി ചരിത്ര രേഖകളായി ശബ്ദരേഖാ രൂപത്തിലും വീഡിയോ രൂപത്തിലും ഡിജിറ്റല്‍ രേഖകളായി സൂക്ഷിക്കാവുന്നതാണ്. അങ്ങനെ വാമൊഴി ചരിത്ര രേഖകള്‍ ലഭ്യമാവുന്ന കേന്ദ്രങ്ങളായി മഹല്ല് ആര്‍കേവ്‌സുകള്‍ വികസിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെറുതും വലുതുമായ എല്ലാ രേഖകളും (പ്രത്യേകിച്ചും മുസ്‌ലിം സാമൂഹ്യ, സാംസ്‌കാരിക, മത ജീവിതവുമായി ബന്ധപ്പെട്ട) സൂക്ഷിക്കുകയും സംരക്ഷിക്കുകയും, ആവശ്യക്കാര്‍ക്ക് യുക്തിപൂര്‍വം ലഭ്യാക്കുകയും ചെയ്യുവാന്‍ മഹല്ലുകള്‍ക്ക് സാധിക്കുകയാണെങ്കില്‍, അവ സാംസ്‌കാരിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കേരള മുസ്‌ലിംകള്‍ക്ക് സാധിക്കുന്നതാണ്.