മാധ്യമ നിയന്ത്രണവും മൂക്കുകയര്‍ രാഷ്ട്രീയവും

2596

സത്യം ധീരതയോടെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകള്‍ക്ക് സംപ്രേഷണം തടയാനുള്ള നടപടി വന്നപ്പോള്‍ മറ്റു ചാനലുകള്‍ ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പ്രമുഖ ന്യൂസ് ചാനല്‍ തങ്ങള്‍ക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പരിമിതിയുണ്ട് എന്ന് തീര്‍ത്തു പറഞ്ഞു. മറ്റു ചാനലുകള്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചു കേവലമൊരു വാര്‍ത്തയായി ഇതിനൊ ഒരുക്കുകയാണ് ചെയ്തത്.

ഫര്‍സീന്‍ അഹ്മദ്

ഏതാണ്ട് മൂന്നു നൂറ്റാണ്ടു മുമ്പാണ് ഡേവിഡ് ഹ്യൂം ‘മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ‘ (OF THE LIBERTY OF THE PRESS – David Hume) എന്ന ലേഖനം എഴുതുന്നത്. റോബര്‍ട്ട് വാല്‍പോള്‍ നടപ്പാക്കാന്‍ ശ്രമിച്ച പത്രമാരണ നയത്തിന്റെ പശ്ചാത്തലത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പത്ര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ദിശാമുഖം നല്‍കിയ പഠനമായിരുന്നു ഹ്യൂമിന്റേത്. അതില്‍ അദ്ദേഹം ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്- ‘സ്വേച്ഛാപരമായ അധികാരം, അതിന്റെ വളര്‍ച്ച തടയാന്‍ നാം ശ്രദ്ധാലുക്കളല്ലെങ്കില്‍, അതിന്റെ വരവിനെക്കുറിച്ച് നാട്ടിലെങ്ങും വിളിച്ചു പറയാന്‍ നമുക്ക് മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍, നമ്മുടെ ഇടയിലേക്ക് ഒളിച്ചുകടന്നു കൊണ്ടിരിക്കും. സ്വേച്ഛാധികാരത്തിന്റെ താല്‍പര്യങ്ങളെ തടയാന്‍ ജനങ്ങളുടെ ആത്മസ്ഥൈര്യം നിരന്തരം ഉണര്‍ത്തേണ്ടതുണ്ട്. ജനങ്ങളുടെ ആത്മസ്ഥൈര്യം ഉണരുന്നു എന്നതു മാത്രമാണ് സ്വേച്ഛാധികാരത്തെ തടയാനുള്ള ഒരേയൊരു മാര്‍ഗം. സ്വതന്ത്ര മാധ്യമങ്ങളേക്കാള്‍ ഈ ജോലി നന്നായി ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല. രാഷ്ട്രത്തിന്റെ തീക്ഷ്ണ ധൈഷണികത മുഴുവന്‍ അതിനാല്‍ മാധ്യമസ്വാതന്ത്ര്യത്തിനു പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് വേണ്ടത്.’ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും അതിന്റെ അനിവാര്യതയെയും കൃത്യമായി വരച്ചു കാട്ടുന്നു ഡേവിഡ് ഹ്യൂം.

ഏകപക്ഷീയവും നിയമ വിരുദ്ധമായും സ്വേച്ഛാപരവുമായ നിരോധനങ്ങളും ഭീഷണികളും രാഷ്ട്രത്തിലേക്ക് അനുദിനം കടന്നുവന്നു കൊണ്ടിരിക്കുകയാണ്. നേരം പുലരുമ്പോള്‍ എന്തുംസംഭവിക്കാം എന്ന നിലയില്‍ രാജ്യത്തെ പൗരാവകാശങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും നീതിയും അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു ഭീഷണമായ സാഹചര്യത്തിലാണ് സത്യം വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ‘മീഡിയവണ്‍’, ‘ഏഷ്യാനെറ്റ്’ എന്നീ മലയാളത്തിലെ രണ്ടു ചാനലുകളുടെ പ്രവര്‍ത്തനം 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നാം ഭീഷണമായ ദുരധികാരത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ് എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവു കൂടിയാണിത്. ഇത് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ, പത്ര സ്വാതന്ത്ര്യ നിയമങ്ങളെ സെന്‍സര്‍ഷിപ് നയ സമീപനങ്ങളെ, എന്തിനേറെ, സാര്‍വലൗകിക പൊതുനീതിയെത്തന്നെ ഉല്ലംഘിക്കുന്നതായിരുന്നു. അത് കേവലമായ നീതി നിഷേധമായിരുന്നില്ല, അതിലുപരി നീതിയുടെ മേലുള്ള ആക്രമണമായിരുന്നു.

വംശീയ കലാപത്തിന്റെ എരിതീയില്‍ ഡല്‍ഹി കത്തിയെരിഞ്ഞപ്പോള്‍, അതില്‍ ഏറ്റവും കൂടുതല്‍ ഇടപെടേണ്ടതും അറുതി വരുത്തേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ കടമയായിരുന്നു. ഡല്‍ഹി സംസ്ഥാന ഗവണ്‍മെന്റിന് അവിടുത്തെ പോലീസിനുമേല്‍ ഒരു അധികാരവുമില്ല. എന്നാല്‍, വേണ്ടത്ര ഗൗരവത്തോടെയോ വേഗത്തിലോ വിശ്വാസയോഗ്യമായ ഇടപെടലുകളോ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല എന്ന വ്യാപകമായ വിമര്‍ശനം നാലുപാടും ഉയര്‍ന്നുവന്നിരുന്നു. പൊലീസിനെ വിന്യസിക്കുന്നതില്‍ മാത്രമല്ല, വിന്യസിക്കപ്പെട്ട പരിമിതമായ പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും പക്ഷപാതിത്വങ്ങളും പോലും കഠിനമായി വിമര്‍ശിക്കപ്പെട്ടു. കലാപം പടരുന്നത് തടയുക എന്ന അടിയന്തരമായ കടമ വേണ്ടവിധത്തില്‍ നിര്‍വഹിക്കാതെ പോയി എന്നതാണ് പല കൊലപാതകങ്ങളുടെയും മൂലകാരണം. ആശുപത്രികളിലെ അവസ്ഥകളും ആശാവഹമായിരുന്നില്ലെന്നാണ് പലരും റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് മീഡിയ വണ്‍, ഏഷ്യാനെറ്റ് തുടങ്ങിയ മലയാള ചാനലുകള്‍ നടത്തിയ സത്യസന്ധമായ റിപ്പോര്‍ട്ടിംഗ് സര്‍ക്കാര്‍ വിരുദ്ധവും രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്നതുമായത്. വലിയ വിമര്‍ശനങ്ങളും തിരിച്ചടികളും നേരിടേണ്ടി വരുമെന്ന ഉറച്ച ബോധ്യത്തിലും നീതിപൂര്‍വമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാണിച്ച ധീരത പ്രശംസനീയമാണ്. പെയ്ഡ് ന്യൂസുകളും എംബഡഡ് ജേര്‍ണലിസവും അരങ്ങുവാഴുന്ന കാലത്ത് വിശേഷിച്ചും.
എന്നാല്‍, ഡല്‍ഹി വംശീയ കലാപത്തിന്റെ സത്യസന്ധമായ വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ച മീഡിയ വണ്ണിനോടും ഏഷ്യാനെറ്റിനോടും സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തികച്ചും ജനാധിപത്യ വിരുദ്ധവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനവുമായിരുന്നു. ഇത്തരത്തിലുള്ളള്ള അപ്രഖ്യാപിത സെന്‍സര്‍ഷിപ്പും മാധ്യമ മാരണ ഭീഷണികളും ബി.ജെ.പി സര്‍ക്കാറിന്റെ മാത്രം കുത്തകയല്ല. പക്ഷേ, തീര്‍ച്ചയായും അങ്ങേയറ്റത്തെ വിഭാഗീയതയോടെ, സങ്കുചിതമായ സ്വന്തം രാഷ്ട്രീയതാല്‍പര്യം മാത്രം മുന്‍നിര്‍ത്തി ഫോര്‍ത്ത് എസ്റ്റേറ്റിനെ വരുതിയിലാക്കുക എന്ന ഏകലക്ഷ്യത്തോടെ ഒരു സാമാന്യ നിയമവും തങ്ങള്‍ക്കു ബാധകമല്ലെന്ന മട്ടില്‍ ഒരു സര്‍ക്കാര്‍ മാധ്യമങ്ങളെ ഭയപ്പെടുത്തുക എന്ന ബി.ജെ.പി നയം ഒരു കാരണവശാലും നീതീകരിക്കാന്‍ കഴിയില്ല.

ഡല്‍ഹി കലാപവും മാധ്യമങ്ങളും

പോസ്റ്റ് ട്രൂത്ത് കാലമിണിന്ന്, ഏതു സത്യവും മിഥ്യയായും ഏതു മിഥ്യയും സത്യമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു കാലം. ഡല്‍ഹിയില്‍, മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യംവച്ച് നടന്ന കലാപം യഥാര്‍ത്ഥത്തില്‍ 2002-ലെ ഗുജറാത്ത് കലാപത്തിന് സമാനമായിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്ത കലാപത്തിന്റെ ഭീകരത പുറം ലോകത്തെ അറിയിച്ചത് നീതി ബോധമുള്ള മാധ്യമങ്ങളും ജേര്‍ണലിസ്റ്റുകളുമായിരുന്നു. ഇവിടെയാണ് ഡല്‍ഹി കലാപം വേറിട്ടു നില്‍ക്കുന്നത്. ഭരണകൂട പിമ്പുകളായ മാധ്യമങ്ങളും പല ലിബറല്‍ സെക്കുലര്‍ മാധ്യമസ്ഥാപനങ്ങളും ഡല്‍ഹി കൂട്ടക്കൊലയെ പ്രത്യക്ഷമായി വിശേഷിപ്പിച്ചിരുന്നതും വ്യാഖ്യാനിച്ചിരുന്നതും ‘വര്‍ഗീയ ലഹള’ എന്ന പരിപ്രേക്ഷ്യത്തില്‍ ഊന്നിയായിരുന്നു.

‘ഇന്ത്യ ടുഡേ’യില്‍ രാജ്ദീപ് സര്‍ദേശായി ചെയ്ത റിപ്പോര്‍ട്ടില്‍ തുല്യശക്തരായ ഇരുപക്ഷക്കാരും ചേര്‍ന്ന് പൊതുമുതലും വ്യക്തിപരമായ നഷ്ടങ്ങളും വരുത്തിവെക്കുകയായിരുന്നു എന്ന് ഊന്നിപ്പറയുകയും ഹിന്ദു കടയുടമകളുമായി സംസാരിച്ച് ‘പുറമേ’നിന്നുള്ള ആക്രമികളാണ് അവരുടെ കടകളും വാഹനങ്ങളും നശിപ്പിച്ചത് എന്ന് അവര്‍ പറയുന്നത് എടുത്തുകാണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് താഹിര്‍ ഹുസൈന്‍ എന്ന എ.എ.പി കൗണ്‍സിലര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച് താഹിറിനെ അറസ്റ്റു ചെയ്യുന്നതിനായി മുറവിളി ഉയര്‍ന്നത്. വെടിവെക്കാന്‍ ആക്രോശം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിനും ആക്രമണത്തിന് ആഹ്വാനംചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കും ഒപ്പം താഹിര്‍ ഹുസൈനും ഞൊടിയിടകൊണ്ട് ലിബറല്‍ വൃത്തങ്ങളില്‍ തുല്യത കൈവന്നത് ഈ റിപ്പോര്‍ട്ടിങ്ങുകളെ തുടര്‍ന്നായിരുന്നു.

രാജ്യത്തിന്റെ സെക്കുലര്‍ പരിവേഷം സംരക്ഷിക്കുന്നതിന് എന്ന വ്യാജേന വാര്‍ത്തകള്‍ വളച്ചൊടിച്ചും സത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചും ഹിന്ദുത്വ ഭീകരതക്ക് ചൂട്ടുകത്തിച്ചു വഴിയൊരുക്കുന്ന ഇത്തരം മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍, മീഡിയ വണ്ണിന്റെയും ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനിലിന്റെയും മറ്റും സത്യസന്ധമായ ഇടപെടലുകള്‍ ശ്രദ്ധേയമാവുന്നത്. അക്രമികള്‍ വെടിവെച്ചു റോഡില്‍ ഉപേക്ഷിച്ചു പോയ മുസ്ലിം ബാലന്റെ ജീവന്‍ രക്ഷിക്കാന്‍ വരെ തയാറായ പി.ആര്‍ സുനില്‍ ധീരതയുടെ പര്യായമാവുകയായിരുന്നു. തങ്ങള്‍ക്ക് നേരെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെ ഭയപ്പാടോടെ മാത്രം നോക്കിക്കണ്ട മുസ്ലിം ജനക്കൂട്ടത്തോട്, ബൈറ്റ് ചോദിച്ചു പോയ മീഡിയ വണ്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ എ.റശീദുദ്ദീനു നേരെ ജനക്കൂട്ടം പാഞ്ഞടുക്കുകയുണ്ടായി. എന്നാല്‍, നിങ്ങളെ കുറിച്ച് സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തെത്തിക്കാനാണെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമാണെന്നും ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹം അവിടെ നിന്നും രക്ഷപ്പെട്ടത്. ഭയ വിഹ്വലരായ ആള്‍ക്കൂട്ടത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നു അവിടെ നടന്നത്. എന്നാല്‍, ആ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു കലാപകാരികളായ മുസ്ലിംകള്‍ മീഡിയ വണ്‍ റിപ്പോര്‍ട്ടറെ ആക്രമിച്ചെന്നും ഇവരാണ് കലാപം നടത്തിയതെന്ന രീതിയിലായിരുന്നു ജനം ടി.വി പോലുള്ള സംഘപരിവാര്‍ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ ആദ്യമായി ശിക്ഷാനടപടി എന്ന നിലക്ക് പ്രക്ഷേപണത്തിനു വിലക്കേര്‍പ്പെടുത്തിയതിനെതിരെ വിവാദം ഉണ്ടാകുന്നത് 2016ല്‍ എന്‍.ഡി.ടി.വിക്കെതിരെയാണ്. പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് രാജ്യസുരക്ഷക്ക് ഭീഷണിയായേക്കാവുന്ന വിവരങ്ങള്‍ സംപ്രേഷണം ചെയ്തു എന്ന പേരില്‍ ഉണ്ടായ ഈ നടപടി എടുത്തത്, മാസങ്ങളോളം നീണ്ടു നിന്ന അന്വേഷണവും വാദങ്ങള്‍ കേള്‍ക്കലും നടന്നതിനു ശേഷമായിരുന്നു. എന്നാല്‍, മീഡിയ വണ്ണിന്റെയും ഏഷ്യാനെറ്റിന്റെയും നിരോധനമാകട്ടെ തിരക്കിട്ട് മറുപക്ഷത്തിനു വിശദീകരണത്തിനുള്ള അവസരം പോലും കൊടുക്കാതെയും. എന്‍.ഡി.ടി.വിയുടെ നിരോധനത്തിനു കാരണമായി അന്നു ചൂണ്ടിക്കാണിച്ചിരുന്നത് ‘രാജ്യസുരക്ഷ’ എന്ന തുറുപ്പുശീട്ടാണെങ്കില്‍, ഇന്ന് ഏഷ്യാനെറ്റിനും മീഡിയവണ്ണിനും എതിരെ ‘മതവികാരം’ ആണ് ഉയര്‍ത്തപ്പെട്ടത്. സ്റ്റേറ്റിനെയും പൊലീസിനെയും മാത്രമല്ല, ആര്‍.എസ്.എസിനെയും പ്രതിചേര്‍ത്ത് റിപ്പോര്‍ട്ടിങ് നടത്തി എന്ന് വളരെ പ്രത്യക്ഷമായി ‘മീഡിയവണി’ന് എതിരെയുള്ള നോട്ടീസില്‍ പറയുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയതിന്റെ പേരിലാണ് നടപടി. ആര്‍.എസ്.എസിനെതിരെ പറയുന്നത് മത വികാരത്തിനെതിരെ ആവുന്നു എന്ന് പച്ചയായി ഒരു കേന്ദ്രമന്ത്രാലയത്തിനു വ്യാഖ്യാനിക്കാന്‍ കഴിയുന്നിടത്ത് തെളിയുന്ന ഭീകരമായ പ്രത്യയശാസ്ത്ര ഹിംസയുണ്ട്. ഹിന്ദുത്വയുടെ ഏറ്റവും വലിയ രണ്ടു പ്രത്യയശാസ്ത്ര ഉപകരണങ്ങളായ ദേശീയതയും മതവും ആണ് ഈ സെന്‍സര്‍ഷിപ്പുകളുടെ മൂലകാരണങ്ങളായിട്ട് ഭവിച്ചത് എന്നത് ഒട്ടും യാദൃശ്ചികമല്ല.

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക് ആക്ടിന്റെ സംപ്രേഷണം തടയാനുള്ള കാരണങ്ങള്‍ നിരത്തുന്ന സെക്ഷന്‍ ആറ് കാലഹരണപ്പെട്ടതാണെന്നും വികലവും നിസാരവുമായ നിബന്ധനകള്‍കൊണ്ട് നിറഞ്ഞ ഈ ആക്ട് അധികാര ദുരുപയോഗത്തിന് ഏറ്റവും എളുപ്പം വഴങ്ങുന്നതാണെന്നും എന്‍.ഡി.ടി.വി വിവാദം ഉണ്ടായപ്പോള്‍ തന്നെ നിയമവിദഗ്ധര്‍ എടുത്തു പറഞ്ഞിട്ടുണ്ട്. നിലവില്‍ ഗവണ്‍മെന്റിന് തികച്ചും ഏകപക്ഷീയമായി നടപ്പാക്കാവുന്ന ഒന്നാണ് പ്രോഗ്രാം ആക്ടിലൂടെയുള്ള നിരോധനം. സത്യം തെളിയിക്കലിന്റെ ബാധ്യത മൊത്തമായും ശിക്ഷിക്കപ്പെട്ട മാധ്യമസ്ഥാപനത്തിന്റേതാകുന്നു എന്നതാണ് ഈ നിയമത്തിലെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധമായ ഘടകം. ഭരണഘടന അനുശാസിക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന ഈ സെക്ഷന്‍ വീണ്ടും പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെക്കുന്നുണ്ട് ഈ രണ്ടു മാധ്യമസ്ഥാപനങ്ങളും നേരിട്ട നിരോധനം. സത്യം ധീരതയോടെ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മലയാളത്തിലെ രണ്ടു പ്രമുഖ ചാനലുകള്‍ക്ക് സംപ്രേഷണം തടയാനുള്ള നടപടി വന്നപ്പോള്‍ മറ്റു ചാനലുകള്‍ ഇതിനോട് എങ്ങനെ പ്രതികരിച്ചു എന്ന് കൂടി വിശകലനം ചെയ്യേണ്ടതുണ്ട്. ഒരു പ്രമുഖ ന്യൂസ് ചാനല്‍ തങ്ങള്‍ക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പരിമിതിയുണ്ട് എന്ന് തീര്‍ത്തു പറഞ്ഞു. മറ്റു ചാനലുകള്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചു കേവലമൊരു വാര്‍ത്തയായി ഇതിനൊ ഒരുക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്തെ മാധ്യമങ്ങള്‍ ഭരണകൂട ദാസികളായി മാറിയ ഈ കെട്ട കാലത്തും മീഡിയ വണും ഏഷ്യാനെറ്റ് കാണിച്ച ധീരതയെ പിന്തുണക്കേണ്ടതുണ്ട്.