മാധ്യമ വിലക്ക്; ഏഷ്യാനെറ്റ് എന്തുകൊണ്ട് മാപ്പിരന്നു?

2323

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും വലിയ ബഹുജനാടിത്തറയുള്ള പ്രസ്ഥാനമായ മുസ്‌ലിം ലീഗില്‍ മിടുക്കരായ നേതാക്കള്‍ ഉണ്ടെങ്കിലും ന്യൂനപക്ഷവുമായി ബന്ധപ്പെട്ടതൊഴിച്ച് ഒരു പൊതുവിഷയത്തില്‍ എത്ര ചാനലുകള്‍ അവരുടെ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാറുണ്ട്? വളരെ അപൂര്‍വമായി മാത്രം എന്നതാണ് ഉത്തരം. പക്ഷേ, കോവിഡ് ആയാലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗമായാലും ‘ സംഘികള്‍ ഇല്ലാതെ എന്ത് പ്രൈം ടൈം ചര്‍ച്ച’ എന്ന നിലയ്ക്ക് ചാനലുകളെക്കൊണ്ട് ചിന്തിപ്പിച്ചത് ഏഷ്യാനെറ്റിന്റെ സ്വാധീനം ആണ്.

മുഹമ്മദ് മെഹ്ബിഷ്

ഇതെഴുതുന്ന സമയത്ത് (മാര്‍ച്ച് 11) ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ കോവിഡ്-19 ഭീതിയെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ക്കൊപ്പം വിഷയവുമായി ഏതെങ്കിലും ഒരു നിലയ്ക്ക് പോലും ഇടപെടല്‍ നടത്താത്ത സംഘ്പരിവാര്‍ എഴുത്തുകാരനും ആര്‍.എസ്.എസ് മുഖപത്രമായ ജന്‍മഭൂമി മുന്‍ പത്രാധിപരുമായ കെ.വി.എസ് ഹരിദാസും ഉണ്ട് ചര്‍ച്ചയില്‍. ഇങ്ങനെ പൊതുവിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ അതുമായി ബന്ധമില്ലാത്ത സംഘ്പരിവാര്‍ വക്താക്കളെ അതിഥിയായി ക്ഷണിച്ച് അവരുടെ ‘വിദഗ്ധ’ അഭിപ്രായങ്ങള്‍ക്ക് സ്ഥലം നല്‍കിയാണ് ഏഷ്യാനെറ്റ് കേരളത്തിലെ പൊതുസമൂഹത്തില്‍ സംഘ്പരിവാറിന് പൊതുസ്വീകാര്യത ഉണ്ടാക്കിക്കൊടുത്തതും ഇപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുന്നതും. ഒരു ശരാശരി സൈബര്‍ സംഘിയുടെ നിലവാരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയതയും വിഡ്ഡിത്തരവും സമാസമം പ്രചരിപ്പിച്ചുകൊണ്ടിരുന്ന സന്ദീപ് വാര്യര്‍ എന്ന വ്യക്തി ബി.ജെ.പിയുടെ സംസ്ഥാന വക്താവായി ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്നതിലേക്ക് വളരാനിടയായതും ഏഷ്യാനെറ്റിന്റെ തണലിലാണ്. പ്രൈംടൈം ചര്‍ച്ചകളിലേക്ക് പുതിയ പുതിയ സംഘ്പരിവാര്‍ മുഖങ്ങളെ ഏഷ്യാനെറ്റ് പരിചയപ്പെടുത്തി കൊണ്ടിരിക്കുമ്പോള്‍ മറ്റു മാധ്യമങ്ങളും അവ ഏറ്റുപിടിക്കുകയായി. ചെറുകിട, ഇടത്തരം നേതാക്കള്‍ പോലും ഏഷ്യാനെറ്റിന്റെ ബലത്തില്‍ വലിയവായില്‍ പ്രസ്താവനകള്‍ നടത്തി പൊതുസ്വീകാര്യത നേടുകയുമാണ്.
കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും വലിയ ബഹുജനാടിത്തറയുള്ള പ്രസ്ഥാനമായ മുസ്‌ലിം ലീഗില്‍ മിടുക്കരായ നേതാക്കള്‍ ഉണ്ടെങ്കിലും ന്യൂനപക്ഷവുമായി ബന്ധപ്പെട്ടതൊഴിച്ച് ഒരു പൊതുവിഷയത്തില്‍ എത്ര ചാനലുകള്‍ അവരുടെ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കാറുണ്ട്? വളരെ അപൂര്‍വമായി മാത്രം എന്നതാണ് ഉത്തരം. പക്ഷേ, കോവിഡ് ആയാലും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗമായാലും ‘സംഘികള്‍ ഇല്ലാതെ എന്ത് പ്രൈം ടൈം ചര്‍ച്ച’ എന്ന നിലയ്ക്ക് ചാനലുകളെക്കൊണ്ട് ചിന്തിപ്പിച്ചത് ഏഷ്യാനെറ്റിന്റെ സ്വാധീനം ആണ്.

സംഘ്പരിവാരിന്റെ അനൗദ്യോഗിക ജിഹ്വ

സംഘ്പരിവാര്‍ ഉടമസ്ഥതയിലുള്ള ജനം ടി.വിയെ മാറ്റിനിര്‍ത്തിയാല്‍ വാര്‍ത്തയില്‍ ആര്‍.എസ്.എസിനും സ്ഥലം അനുവദിക്കണമെന്ന് നയമുള്ള ഏക മലയാള ചാനലാണ് ഏഷ്യാനെറ്റ്. മുന്‍പ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് കൊല്ലത്ത് പങ്കെടുത്ത പഥ സഞ്ചലനം ഏഷ്യാനെറ്റ് ലൈവായി കാണിച്ചിരുന്നു. അതും കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരും മുന്‍പേ. ഒരു ഇന്ത്യന്‍ ചാനലില്‍ ആര്‍.എസ്.എസിന്റെ പഥസഞ്ചലനം ആദ്യമായി തല്‍സമയം സംപ്രേഷണം ചെയ്ത ചാനല്‍ എന്ന പ്രത്യേകതയും ഏഷ്യാനെറ്റിനാണ്. ആര്‍.എസ്.എസ് പരിപാടി അഞ്ചുകാമറമാന്‍മാരെ വച്ച് സംപ്രേഷണം ചെയ്ത് ഏഷ്യാനെറ്റ് റെക്കോര്‍ഡ് ഇടുകയും ചെയ്തു. കേരളത്തില്‍ ആണെങ്കിലും സംഘ്പരിവാരം പ്രതിസ്ഥാനത്തുള്ള ഏതുവിഷയത്തിലും അവരുടെ വാദങ്ങള്‍ക്ക് സ്ഥലം വേണം എന്ന നയവും ചാനലിനുണ്ട്. സംഘ്പരിവാര്‍ ജിഹ്വ ആയതുകൊണ്ട് തന്നെ, മാധ്യമപ്രവര്‍ത്തകര്‍ ഇരകളായ വിഷയത്തില്‍ പോലും ചാനല്‍ മേധാവി സംഘ്പരിവാരിനെ ന്യായീകരിച്ചിട്ടുമുണ്ട്. മംഗളൂരുവില്‍ കര്‍ണാടക പൊലിസ് മലയാളി മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും വ്യാജ മാധ്യമപ്രവര്‍ത്തകര്‍ എന്ന് ജനം ടി.വി അവരെ വിശേഷിപ്പിക്കുകയും ചെയതപ്പോഴും ന്യായീകരണമായി എത്തിയിരുന്നു ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖര്‍. പൊലീസ് അവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചെന്നും വളരെയധികം പ്രകോപനമുണ്ടായിട്ടും പൊലീസ് സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചെന്നും അഭിപ്രായപ്പെട്ട രാജീവ് ചന്ദ്രശേഖര്‍, മംഗളൂരു കമ്മീഷണറെ അഭിനന്ദിക്കുകയുമുണ്ടായി. അതിനൊപ്പം തന്നെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചാനല്‍ പ്രത്യേക താല്‍പ്പര്യത്തോടെ മാത്രം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. അഞ്ചാം മന്ത്രി വിഷയം, അറബിക്കല്യാണം, മതിയായ രേഖകള്‍ ഇല്ലെന്ന് ആരോപിച്ച് കേരളത്തില്‍ പഠിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മടക്കി അയച്ച സംഭവം, ലൗജിഹാദ് എന്നീ വിഷയങ്ങളിലെല്ലാം ഏഷ്യാനെറ്റ് പ്രത്യേകതാല്‍പര്യം എടുക്കുകയും ഉണ്ടായി.

വിലക്ക് വന്നപ്പോള്‍ മാപ്പ്

ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപം അതെത്രമാത്രം രൂക്ഷമാണെന്ന് മലയാളികളില്‍ പലരും മനസിലാക്കിയത് ഏഷ്യാനെറ്റിന്റെ ഡല്‍ഹി ലേഖകന്‍ പി.ആര്‍ സുനില്‍ കലാപ സ്ഥലത്തുവച്ചു നടത്തിയ 8-10 മിനിറ്റ് നീളമുള്ള തല്‍സ്ഥിതി വിവരണമാണ്. മതംചോദിച്ചും ജയ് ശ്രീറാം വിളിപ്പിച്ചും ആക്രമം നടത്തുന്നതും പള്ളി ആക്രമിച്ചതും പുകച്ചുരുളുകള്‍ക്കു മധ്യേ നിന്ന് സുനില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഏഷ്യാനെറ്റിനും പി.ആര്‍ സുനില്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ കരിയറിനും അപവാദമായിട്ടായിരുന്നു ആ റിപ്പോര്‍ട്ടിങ്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മീഡിയാവണിലും വന്നിരുന്നുവെങ്കിലും, ചാനല്‍ മുസ്‌ലിം മാനേജ്മെന്റിനു കീഴിലുള്ളതതായതിനാല്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ ലഭിച്ചില്ല. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഒരാഴ്ച തികയും മുന്‍പേ ചാനലുകള്‍ക്ക് നോട്ടീസ് ലഭിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി മീഡിയാവണിനും ഏഷ്യാനെറ്റിനും 48 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് വീഴുകയും ചെയ്തു. എന്നാല്‍, അരദിവസം കഴിയും മുന്‍പേ വിലക്ക് നീങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് മീഡിയാവണ്‍ മാത്രമാണ് ഔദ്യോഗികമായി പ്രതികരിച്ചത്. റിപ്പോര്‍ട്ടിന്റെ പേരില്‍ മാപ്പുപറയില്ലെന്ന് അറിയിച്ച മീഡിയാവണ്‍ മുഖ്യ പത്രാധിപര്‍, നിയമപരമായി നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഏഷ്യാനെറ്റ് മാപ്പു പറഞ്ഞത് കൊണ്ടാണ് അവരുടെ വിലക്ക് നീക്കിയതെന്നും ഒരേതെറ്റ് ആണ് രണ്ടുചാനലുകളും ചെയ്തതെങ്കിലും ഏഷ്യാനെറ്റിന്റെ മാപ്പ് പരിഗണിച്ച് മീഡിയാവണിന്റെ വിലക്കും നീക്കുന്നുവെന്നാണ് കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് മാപ്പു പറഞ്ഞതു സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന ചാനല്‍ അധികൃതര്‍ തള്ളുകയോ ശരിവയ്ക്കുകയും ചെയ്തിട്ടില്ലാത്തതിനാല്‍, അവര്‍ മാപ്പു പറഞ്ഞുവെന്ന് വിശ്വാസിക്കാം. ഒരു റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ ഒരു മാധ്യമം മാപ്പുപറഞ്ഞുവെന്നതിന് അര്‍ഥം, ആ ചാനല്‍ തങ്ങളുടെ റിപ്പോര്‍ട്ട് തെറ്റായിരുന്നുവെന്ന് സമ്മതിച്ചു, അല്ലെങ്കില്‍, അത്തരത്തിലൊരു റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യാനായതില്‍ ഖേദിക്കുന്നു എന്നാണ്. രണ്ടായാലും പി.ആര്‍ സുനിലിന്റെ തല്‍സമയ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് തള്ളിക്കളഞ്ഞു എന്നു തന്നെയാണ് അര്‍ത്ഥം.

വിലക്കിനു പിന്നിലെ രാഷ്ട്രീയം

ഏഷ്യാനെറ്റ് വൈസ്ചെയര്‍മാനും ബി.ജെ.പി എം.പിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ്ചന്ദ്രശേഖറും കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള അടിയുടെ ബാക്കിയാണ് വിലക്കെന്ന് ഡല്‍ഹിയില്‍ സംസാരമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയാതെ മുരളീധരന്‍ താഴെന്ന് നിന്നുള്ള തീരുമാനം നടപ്പാക്കുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിഞ്ഞതെന്നും കേള്‍ക്കുന്നു. രാജ്യതലസ്ഥാനത്തുണ്ടായ ഒരു വര്‍ഗീയ കലാപം, പ്രത്യേകിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവേളയിലുള്ള കലാപം ലോകം മൊത്തം അറിഞ്ഞതാണ്. അത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് പ്രാദേശിക ചാനലുകളെ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വിലക്കിയ വാര്‍ത്ത വിദേശരാജ്യങ്ങളില്‍ വരുന്നത് സര്‍ക്കാരിന് കൂടുതല്‍ ദോശം ചെയ്യും. ഇക്കാര്യങ്ങള്‍ കൊണ്ടാവാം 48 മണിക്കൂര്‍ തികയും മുന്‍പേ വിലക്ക് നീങ്ങിയത്. വിഷയം കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാവുന്ന വിധത്തിലുള്ളതായിരുന്നു വിലക്ക് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണവും നടപടിക്ക് ആധാരമായ നോട്ടീസിലെ വരികളും. ‘ഡല്‍ഹി പൊലിസിനെയും ആര്‍.എസ്.എസ്സിനെയും വിമര്‍ശിക്കുന്ന വിധത്തിലായിരുന്നു ചാനലുകളുടെ ഉള്ളടക്കം’ എന്നായിരുന്നു വിലക്കിന് കാരണമായി നോട്ടീസില്‍ പറഞ്ഞ ഒരു കാര്യം. ഒരു കലാപ റിപ്പോര്‍ട്ടില്‍ അതു കൈകാര്യം ചെയ്ത പോലീസിനെയും അതില്‍ പങ്കാളിയായ സംഘടനയെയും വിമര്‍ശിക്കുന്നത് മാധ്യമങ്ങളുടെ സംപ്രേഷണം വിലക്കാനുള്ള കാരണം ആവുന്നതെങ്ങിനെയാണ് എന്ന ചോദ്യം വിവിധ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും ഉന്നയിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ തെക്കേ അറ്റത്തെ മൂന്നരകോടി ജനങ്ങള്‍ക്കിടയില്‍ സംപ്രേഷണം ചെയ്യുന്ന രണ്ട് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് ഏതുവിധത്തിലാണ് 2,500 ലധികം കിലോമീറ്റര്‍ അപ്പുറത്തുള്ള ഡല്‍ഹിയില്‍ അസ്വസ്ഥതയുണ്ടാക്കുകയെന്ന ഡോ. ശശി തരൂരിന്റെ ചോദ്യം ഇവിടെ പ്രസക്തമാണ്.

കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞ മാധ്യമങ്ങള്‍

അടിയന്തരാവസ്ഥയുടെ കാലത്ത് ഇന്ത്യയിലെ ദേശീയമാധ്യമങ്ങള്‍ എന്ന വിശേഷണമുള്ള ചില ഇംഗ്ലീഷ്/ഹിന്ദി പത്രങ്ങള്‍ കാണിച്ച നിസ്സംഗതയെ കുറിച്ച് ബംഗാളി എഴുത്തുകാരന്‍ ദേബശിഷ് ചക്രവര്‍ത്തി ‘വൈ ദി ഡോഗ് ഡസ് നോട്ട് ബാര്‍ക്ക്’ (എന്തുകൊണ്ട് നായ കുരക്കുന്നില്ല) എന്ന പേരില്‍ ഒരു പുസ്തം തന്നെ എഴുതിയിട്ടുണ്ട്. ഇന്ന് മോദിക്കാലത്തെ മാധ്യമങ്ങള്‍ ഇന്ദിരാഗാന്ധിയുടെ കാലത്തെതിനേക്കാള്‍ ഫ്ളെക്സിബിളാണ്. സാമൂഹിക മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയുന്ന മാധ്യമങ്ങള്‍’.! ഏഷ്യാനെറ്റിനും മീഡിയാവണിനും വിലക്ക് ലഭിച്ചപ്പോള്‍ അത് വാര്‍ത്തയാക്കാന്‍ വരെ കേരളത്തില്‍ വായനക്കാരുടെ കാര്യത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള മാധ്യമങ്ങള്‍ ഭയന്നു.
ഡല്‍ഹിയിലേത് പോലെ ഇനി മുസ്‌ലിംകള്‍ക്കെതിരെ ഏകപക്ഷീയമായി രാജ്യത്തിന്റെ ഏതു ഭാഗത്ത് സംഘപരിവാരം അഴിഞ്ഞാടിയാലും കണ്ണില്‍ കണ്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇനി മലയാള മാധ്യമങ്ങള്‍ രണ്ടമത് ആലോചിക്കും എന്നതാണ് ഏഷ്യാനെറ്റും മീഡിയാവണും നേരിട്ട വിലക്കിന്റെ ബാക്കിപത്രം.

എം.ജി രാധാകൃഷ്ണന്‍ എന്ന മുഖംമൂടി

ഇടതുപക്ഷ സൈദ്ധാന്തികനും ‘സഞ്ചരിക്കുന്ന ലൈബ്രറിയും’ ആയിരുന്ന പി. ഗോവിന്ദപിള്ള എന്ന വലിയ മനുഷ്യന്റെ മകനെന്ന പ്രതിച്ഛായയോടെ ഏഷ്യാനെറ്റ് പത്രാധിപനായ എം.ജി രാധാകൃഷ്ണന്‍ ആണ് കേരളത്തില്‍ സംഘ്പരിവാര ആശയം തിരുകിക്കയറ്റുന്ന ഏഷ്യാനെറ്റിന്റെ മുഖംമൂടി. ഇടതുപക്ഷ ആശയങ്ങള്‍ക്ക് വിപണിയുള്ള കേരളത്തില്‍ ഏഷ്യാനെറ്റിന് എം.ജി രാധൃകൃഷ്ണനെ പോലെ ഒരു മുഖംമൂടി ആവശ്യവുമാണ്. ചാനലിന്റെ ചീഫ് ന്യൂസ് കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍ മുതല്‍ താഴേക്ക് ട്രെയിനി ജേണലിസ്റ്റ് വരെയുള്ള മാധ്യമധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ഇതിനൊരു അപവാദമാണ്. പ്രവാചകനെ അവഹേളിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെ മാതൃഭൂമി പത്രത്തില്‍ അന്തര്‍ലീനമായി കിടന്ന മുസ്‌ലിം വിരുദ്ധത ഏറെക്കുറേ പ്രകടമാവുകയും മുസ്‌ലിം സമുദായം പത്രം ബഹിഷ്‌കരിക്കുകയും ചെയ്തതാണ്. ചുരുക്കത്തില്‍ മാതൃഭൂമി എന്താണെന്ന് സമുദായവും സമുദായത്തിനു പുറത്തുള്ളവരും തിരിച്ചറിഞ്ഞെങ്കിലും ഇപ്പോഴും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ് ഏഷ്യാനെറ്റ്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലുള്ള മീഡിയാവണിനെ ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവര്‍ മുസ്‌ലിം ടാഗ് നല്‍കി മാത്രമെ വിശേഷിപ്പിക്കാറുള്ളൂ. എന്നാല്‍, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വരെ ആവിഷ്‌കരിച്ച രാജീവ് ചന്ദ്രശേഖര്‍ എന്ന സംഘ്പരിവാര്‍ നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ‘പൊതു/നിഷ്പക്ഷ ചാനല്‍’ എന്ന വിശേഷണത്തിന്റെ സുഖം അനുഭവിച്ചുവരികയുമാണ്. അതുവഴി മത/രാഷ്ട്രീയ വ്യത്യാസമില്ലാതെ മലയാളികളുടെ ഡൈനിങ് റൂമില്‍ ഏഷ്യാനെറ്റ് ചാനല്‍ വിരുന്നൊരുക്കപ്പെടുകയുമാണ്.