മാധ്യമ സ്വാതന്ത്ര്യം; ആധിയും പരിധിയും

2777

ജനാധിപത്യ സംവിധാനങ്ങളെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് നിലവില്‍ നമ്മുടെ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ജനാധിപത്യത്തിന്റെ സുഖമമായ നടപ്പുരീതിക്ക് വിപരീതമായി സര്‍ക്കാറില്‍ നിന്നു തന്നെ പിടിവീണാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഏകാധിപത്യത്തിലേക്കു നീളുമെന്നാനല്ലോ ചരിത്രത്തില്‍ ഇന്നേവരെയുള്ള അനുഭങ്ങളൊക്കെ. മാധ്യമ പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കാലത്താണ് ഈ ആശങ്ക പങ്കുവക്കുന്നത്. നിലവിലെ അവസ്ഥയില്‍ പൗരസ്വാതന്ത്രത്തെക്കാള്‍ താഴെയാണ് ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ സ്ഥാനം. ഇതുകൊണ്ടു തന്നെയാണ് ലോകത്ത് മാധ്യമ സ്വാതതന്ത്രത്തിന്റെ കാര്യത്തില്‍ ഇന്ത്യ 140ാം സ്ഥാനത്തേക്ക് തലകുത്തി വീണത്. സുസ്ഥിര ജനാധിപത്യ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് ഈ സര്‍ക്കാരെന്ന കാര്യം ഇനിയും എത്ര നാള്‍ നാം പറയേണ്ടിവരും. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ 55 ഓളം മാധ്യമപ്രവര്‍ത്തകരാണ് എഫ്.ഐആറില്‍ രേഖപ്പെടുത്തപ്പെടുകയോ ഭീഷണിക്കിരയാവുകയോ, അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തത്. പല അറസ്റ്റും കോവിഡ് കാലത്തെ രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥ പുറംലോകത്തിന് വെളിപ്പെടുത്തിയതിനായിരുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമില്ലാതെ മാര്‍ച്ച് 24ന് രാത്രി പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഇന്ത്യന്‍ ജനത കുറച്ചൊന്നുമല്ല വലഞ്ഞത്. അന്യസംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തവര്‍ തങ്ങളുടെ ജന്മനാടുകളിലേക്ക് കാല്‍നടയായും മറ്റും പലായനം ചെയ്യുന്ന ദയനീയ കാഴ്ച ഇന്ത്യന്‍ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തി. അന്തിയുറങ്ങാന്‍ ഇടമില്ലാതെ പാളത്തില്‍ തല ചാഴ്ച്ച കുടുംബങ്ങള്‍ പ്രഭാതമായപ്പോഴേക്കും തീവണ്ടികയറി ചിന്നിച്ചിതറിയത് നമ്മുടെ കണ്ണുകള്‍ നിറച്ചു.
2019ല്‍ ജമ്മു കശ്മീരിന്റെ സ്വയം ഭരണാവകാശ നിയമം ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ നടപടി രാജ്യം ഒരുപാടു ചര്‍ച്ച ചെയ്തിരുന്നു. സര്‍ക്കാര്‍ പിന്നീട് അവിടെ നടപ്പാക്കിയത് മനസാക്ഷിക്ക് വിരുദ്ധമായ കാര്യങ്ങളാണ്. മറ്റു സ്ഥലങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വര്‍ഷത്തോളമാണ് അവിടെയുള്ള ജനങ്ങളെ അടച്ചിട്ടത്. അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറത്തുള്ളവര്‍ അറിയാതിരിക്കാന്‍വേണ്ടി മാധ്യമപ്രവര്‍ത്തരെയൊന്നും അവിടേക്ക് പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചില്ല.. ബി.ബി.സി, റോയിട്ടേഴ്‌സ് തുടങ്ങിയ വിദേശ മാധ്യമങ്ങള്‍ നല്‍കിയ വിവരങ്ങളിലൂടെയാണ് അവിടെ നടന്ന പല കാര്യങ്ങളും പുറംലോകം അറിയുന്നതു തന്നെ. ഇന്റര്‍നെറ്റ് കണക്ഷന്‍ വേര്‍പെടുത്തി ആശയവിനിമയം തടഞ്ഞ കാശ്മീരില്‍ ഈ അടുത്താണ് ലഭ്യമായത്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരപ്രദേശത്തുള്ള നെറ്റ് കണക്ഷനും കട്ട് ചെയ്തത് ഈ ഉദ്ദേശ്യത്തോടെ തന്നെയാണ്.
കഴിഞ്ഞ വര്‍ഷം ഡല്‍ഹില്‍ അരങ്ങേറിയ കൂട്ട വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നിവര്‍ക്കും സര്‍ക്കാറിന്റെ നടപടി നേരിടേണ്ടിവന്നു. 48 മണിക്കൂര്‍ സമയത്തേക്ക് ചാനലുകള്‍ അടച്ചിടണമെന്നാണ് ഗവണ്‍മെന്റ് ഉത്തരവിട്ടത്. ഇങ്ങനെ തുടങ്ങി 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ മോദിസര്‍ക്കാറിന്റെ ധിക്കാരത്തിനിരയായ മാധ്യമസ്ഥാപനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണം നീണ്ടുപോവുകയാണ്. മാധ്യമ സ്വാതന്ത്രം എന്നത് മൗലിക അവകാശമല്ലെങ്കില്‍ കൂടി പൗരസ്വാതന്ത്രത്തിന് ലഭിക്കേണ്ട അവകാശങ്ങളെല്ലാം മാധ്യമങ്ങള്‍ക്കും ലഭിക്കേണ്ടതാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അറിയാനുള്ള സ്വാതന്ത്രത്തെ നടപ്പാക്കുന്നത് വാര്‍ത്താമാധ്യമങ്ങളാണ് എന്നതു തന്നെ.
ഇപ്പോള്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ കാര്യത്തിലും പലവിധ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ കല്‍പിച്ചിരുന്നു. തങ്ങളുടെ അനുമതിയുള്ള മാധ്യമങ്ങള്‍ക്ക് മാത്രമേ കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വാതന്ത്രമുള്ളൂ എന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ശിക്കുകയുണ്ടായി. ആയതിനാല്‍, പല മാധ്യമങ്ങളും കര്‍ഷക സമരത്തെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മടിച്ചു. ചില മാധ്യമങ്ങള്‍ അവിടെയും ഇവിടെയും കൊള്ളിക്കാതെ ഉപരിപ്ലവമായ വാര്‍ത്തകള്‍ മാത്രം നല്‍കി. വാര്‍ത്താമാധ്യമങ്ങള്‍ക്ക് പുറമേ, സമൂഹ മാധ്യമങ്ങള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാറിന്റെ മുഷ്ടി ഉയര്‍ന്നത് നാം കണ്ടു. കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി പ്രമുഖര്‍ ട്വിറ്ററില്‍ പ്രതിഷേധമറിയിച്ചതാണ് സര്‍ക്കാറിനെ പ്രകോപിപ്പിച്ചത്. ഈ വിഷയത്തില്‍ പ്രതികരിച്ച 1178 എക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്ററിനോട് ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഐ.ടി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അതിന്റെ തിക്തഫലം വലുതായിരിക്കുമെന്ന് ട്വിറ്ററിന് മുന്നറിയിപ്പും നല്‍കി. ഇവിടെയൊക്കെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്രം എന്ന ഭരണഘടനാ മൂല്യം പൂര്‍ണമായി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങള്‍ വ്യക്തിഗതമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടങ്ങളാണ്. അവിടെ തങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ ഏത് രീതിയിലും പിന്തുണക്കുന്ന പോസ്റ്റുകള്‍ പാടില്ല എന്ന സര്‍ക്കാറിന്റെ ദുര്‍വാശി നമ്മെ അത്ഭുതപ്പെടുത്തുന്നു. അതേ സമയം, രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ സത്യാവസ്ഥയോടെ റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ സ്വാധീനത്തിന് കാരണമായാല്‍ അത് പൊതുജനത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും. നിര്‍ഭാഗ്യവശാല്‍ രാജ്യത്തിന്റെ ദേശീയ മാധ്യമങ്ങളില്‍ പലതിന്റെയും ദുസ്വഭാവമാണ് ഈ ‘ചാരല്‍’ നയം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആദ്യമായി ഉണ്ടാവുന്ന ഒരു പ്രശ്‌നം മറ്റു പ്രധാന വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടില്ല എന്നതാണ്. രണ്ടാമത്തെ പ്രശ്‌നം പൊതുജനത്തിനിടയില്‍ വാര്‍ത്ത മാധ്യമങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെടും എന്നതുമാണ്. പ്രത്യേകിച്ച് വാര്‍ത്താ മാധ്യമങ്ങളെ സോഷ്യല്‍ മീഡിയ വ്യാപകമായി വിചാരണ ചെയ്യുന്ന ഈ കാലഘട്ടത്തില്‍.
2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ കോര്‍പറേറ്റ്-സര്‍ക്കാറിനിടയിലുള്ള വഴിവിട്ട ബന്ധം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മോദി സര്‍ക്കാറിന്റെ നോട്ട് നിരോധനവും, പൊതു മേഖലകളുടെ സ്വകാര്യവത്കരണവും, കര്‍ഷക സമര നിയമങ്ങളും എല്ലാംതന്നെ കോര്‍പറേറ്റ് കമ്പനികളെ പ്രീതിപ്പെടുത്താനുള്ള കേവലം നാടകങ്ങളാണെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. സമാനമായി വാര്‍ത്താമാധ്യമ രംഗത്തും ഈ ബന്ധം പലപ്പോഴായി മറ നീക്കി പുറത്തു വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ഇന്ത്യയില്‍ വളര്‍ന്നു വന്ന പല മാധ്യമസ്ഥാപനങ്ങളും അടുത്ത കാലങ്ങളിലായി ‘സ്ഥിരം’ കോര്‍പറേറ്റുകളുടെ കൈകളിലേക്ക് മാറിയിരിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല തീരുമാനങ്ങളും പലപ്പോഴും പാളിപ്പോവാതിരുന്നത് ഇത്തരം മാധ്യമങ്ങളുടെ വെള്ളപൂശല്‍ കാരണത്താലാണ്. ശരിക്കും പൊതുജനത്തെ കഴുതകളാക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിസര്‍ക്കാര്‍ പ്രധാന ആയുധമാക്കിയത് മാധ്യമ പ്രചാരണത്തെയാണ്. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെക്കാളും എത്രയോ അധികം ബി.ജെ.പി ക്ക് ഈ മേഖലയില്‍ പ്രചരണം ലഭിക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ 27 % വോട്ടും ലഭിച്ചത് ഇങ്ങനെയായിരുന്നെന്ന് യൂണിവേഴ്‌സിറ്റ് ഓഫ് കാലിഫോര്‍ണിയയിലെ പ്രൊഫ. രാഹുല്‍ വര്‍മ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പിന്നീട് കണ്ടെത്തിയിരുന്നു.
സര്‍ക്കാറിനെ അന്തമായി പിന്തുണക്കുക, തെറ്റായ നയങ്ങളില്‍ നിന്ന് നേതാക്കന്‍മാരുടെ മുഖം മിനുക്കുക എന്നതല്ല മാധ്യമധര്‍മം, നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാവേണ്ടത്. അതാണ് മാധ്യമങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം, അഥവാ മാധ്യമ സദാചാരം. ടൂള്‍ കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തപ്പോഴും ഈ സദാചാരനഷ്ടം നാം കണ്ടു. ഈ അറസ്റ്റിനെ പല ദേശീയ മാധ്യമങ്ങളും മുതലെടുത്തത് ദിശ-ഖലിസ്ഥാന്‍ ബന്ധം ആരോപിക്കുന്ന തലക്കെട്ടുകളിലൂടെയാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഇങ്ങനെയുള്ള തെറ്റായ വിശദാംശങ്ങള്‍ അതേപടി വിഴുങ്ങുന്ന മാധ്യമസ്ഥാപനങ്ങളെയും ന്യൂസ് ഏജന്‍സികളെയുമാണ് ആദ്യം പ്രതിക്കൂട്ടില്‍ കയറ്റേണ്ടത്. ഇവരാണ് ശരിക്കും രാജ്യദ്രേഹികള്‍.
സത്യത്തില്‍, കുറച്ച് കൂടി കാര്യക്ഷമമായി അന്വേഷിക്കുമ്പോള്‍ വ്യക്തമാവുക മാധ്യമസ്ഥാപനങ്ങളേക്കാളുപരി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ അവകാശലംഘനങ്ങള്‍ നേരിടേണ്ടി വന്നത് എന്നാണ്. തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന വല്ലതും ഉള്‍പ്പെട്ടാല്‍ ആ റിപ്പോര്‍ട്ട് പിന്നീട് പുറം ലോകം കാണില്ല എന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെ തങ്ങളുടെ അധ്വാനത്തെ അംഗീകരിക്കാത്ത സര്‍ക്കാര്‍ വിധേയത്വം പ്രകടിപ്പിക്കുന്ന മാധ്യമങ്ങളില്‍ നിന്ന് രാജിവച്ച് പോയവര്‍ അനവധിയാണ്. തീവ്രവലതുപക്ഷത്വം മുഖ്യ അജണ്ടയാക്കിയ മാധ്യമങ്ങളെ ചര്‍ച്ച ചെയ്യുമ്പോള്‍ അര്‍ണബ് ഗോസ്വാമി എന്ന മാധ്യമപ്രവര്‍ത്തകനെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ഹിന്ദുത്വ വര്‍ഗീയതക്കും മുസ്‌ലിം വിരുദ്ധതക്കും ഇത്രമേല്‍ പ്രചാരം നല്‍കിയ ഒരു മാധ്യമസ്ഥാപനത്തിന്റെ ഉടമ വേറെ ഉണ്ടാവില്ല. റിപ്പബ്ലിക്ക് ടി.വി എന്ന തന്റെ ചാനലിലൂടെ എന്തും വിളിച്ചു പറയാം എന്ന ദാര്‍ഷ്ട്യം അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനത്തിലും പ്രകടമായിരുന്നു. ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ശത്രുക്കളായി കണ്ട് അവരെ ഏതുരീതിയില്‍ തേജോവധം ചെയ്യാം എന്ന് ഗവേഷണം നടത്തുന്ന അര്‍ണബ് പലപ്പോഴും അതിരുവിട്ട് സംസാരിച്ചിട്ടുണ്ട്. 40 ജവാന്‍മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണം നമ്മുടെ വിജയമാണെന്ന അര്‍ണബിന്റെ രഹസ്യ വാട്‌സാപ്പ് സന്ദേശം ഈയടുത്ത് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ന് ഇന്ത്യയില്‍ ദേശീയ മാധ്യങ്ങളെ പ്രധാനമായും രണ്ട് വിഭാഗമായി തരം തിരിക്കാം. ഒന്ന് സര്‍ക്കാറിന്റെ തീരുമാനങ്ങളെ അന്തമായി പിന്തുടര്‍ന്ന് തെറ്റായ നയങ്ങളെ വരെ ന്യായീകരിക്കാന്‍ ആവേശം കാണിക്കുന്ന ഒരു വിഭാഗം. മാധ്യമ സദാചാരം ഒരു പരിധിവരെ പാലിച്ച് ജനങ്ങളിലേക്ക് സത്യസന്ധമായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന മറ്റൊരു വിഭാഗം. ഇതില്‍ ആദ്യ വിഭാഗമാണ് വാര്‍ത്താ മാധ്യമ ധര്‍മത്തെ കളങ്കപ്പെടുത്തുന്നത്. ഇവര്‍ രാജ്യത്ത് വലിയൊരു ശതമാനം വരുന്ന പിന്നോക്ക, മധ്യവര്‍ഗ വിഭാഗങ്ങളെ തെറ്റായ സന്ദേശങ്ങള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇങ്ങനെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ കാരണത്താലാണ് പലപ്പോഴും നമുക്ക് റോയിട്ടേഴ്‌സ്, ബി.ബി.സി, അല്‍ ജസീറ പോലെയുള്ള വിദേശ മാധ്യമങ്ങളെ രാജ്യത്തെ പ്രധാന വാര്‍ത്തകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി പലപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്. മാധ്യമപ്രവര്‍ത്തനം എന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ്. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ ഓരോ മാധ്യമപ്രവര്‍ത്തകനും ജനാധിപത്യത്തെ ബഹുമാനിക്കുന്ന ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയായി മാറുന്നു.

ബുജൈര്‍ തലപ്പെരുമണ്ണ